Friday, July 10, 2015

ലൂയിസ് ബുനുവേൽ - പ്രണയങ്ങളും പ്രണയബന്ധങ്ങളും



1920കളിൽ, ഞാൻ റസിഡെൻഷ്യയിൽ താമസിക്കുന്ന കാലത്ത്, മാഡ്രിഡിൽ നടന്ന അസാധാരണമായ ഒരാത്മഹത്യ വർഷങ്ങളോളം എന്റെ ഓർമ്മയിൽ നിന്നു മാറാതെ നിന്നിരുന്നു. അമേനിയെൽ എന്ന ഭാഗത്ത് ഒരു ഹോട്ടലിന്റെ പൂന്തോട്ടത്തിൽ വച്ച് ഒരു കോളേജ് വിദ്യാർത്ഥിയും കാമുകിയും ആത്മഹത്യ ചെയ്യുന്നു. അവർ തമ്മിൽ അത്ര തീവ്രമായ പ്രണയമാണെന്ന് എല്ലാവർക്കും അറിയാം; ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വളരെ അടുപ്പമാണ്‌; പോസ്റ്റ്മോർട്ടെം റിപ്പോർട്ടനുസരിച്ച് പെൺകുട്ടി കന്യകയുമായിരുന്നു.

അപ്പോൾ, പുറമേ ഒരു തടസ്സവും കാണാനില്ല; ശരിക്കു പറഞ്ഞാൽ, ഈ “അമേനിയെൽ കമിതാക്കൾ” മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ വിവാഹത്തെക്കുറിച്ച് പരസ്പരം സംസാരിക്കുകയും ചെയ്തിരിക്കുന്നു. എങ്കിൽ ഈ ഇരട്ട ആത്മഹത്യക്കു കാരണമെന്ത്? അതിനൊരുത്തരം എനിക്കിനിയും കിട്ടിയിട്ടില്ല; തികച്ചും അത്യുല്ക്കടമായ ഒരു പ്രണയം, തീവ്രതയുടെ മൂർദ്ധന്യമെത്തിയ ഒരുദാത്തപ്രണയം, ജിവിതവുമായി പൊരുത്തപ്പെട്ടുപോകില്ല എന്നതാവാം അതിനുള്ള ലളിതമായ ഉത്തരം. അതത്ര മഹത്തായതാവാം, അതത്ര പ്രബലമാവാം. മരണത്തിലേ അതിനു ജീവിതമുള്ളു എന്നുമാവാം.

കുട്ടിയായിരിക്കുമ്പോൾ ഞാൻ പലരെയും തീവ്രമായി പ്രേമിച്ചിരുന്നു; അവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടായിരുന്നു; ലൈംഗികാകർഷണത്തിൽ നിന്നതു തീർത്തും മുക്തവുമായിരുന്നു. “എന്റെ ആത്മാവൊരു ബാലനാണ്‌, ഒരു ബാലികയും” എന്ന് ലോർക്ക പറഞ്ഞ പോലെ എന്റെ ആത്മാവ് ഒരു ഉഭയലിംഗജീവിയായിരുന്നു. ശാരീരികാകർഷണം തൊട്ടുതീണ്ടാത്ത, പ്ളേറ്റോണിക് എന്നു പറയാവുന്ന ഒരു വികാരമായിരുന്നു അത്. പരമഭക്തനായ ഒരു ക്രിസ്തീയസന്ന്യാസിക്ക് കന്യാമറിയത്തോടു തോന്നുന്ന പ്രേമമായിരുന്നു എന്റെ പ്രേമം. ഒരു സ്ത്രീയുടെ മാറിലോ വയറിലോ സ്പർശിക്കുക, അല്ലെങ്കിൽ അവളുടെ നാവ് എന്റെ നാവിൽ തൊടുക എന്നതൊക്കെ ആലോചിക്കുമ്പോൾത്തന്നെ അറപ്പുളവാക്കുന്ന കാര്യങ്ങളായിരുന്നു എനിക്ക്.

എന്റെ ആ പ്ളറ്റോണിക് പ്രണയബന്ധങ്ങൾ സരാഗോസ്സയിലെ വേശ്യാലയങ്ങളിൽ മാമ്മോദീസ മുങ്ങിയതോടെ അവസാനിച്ചു; പക്ഷേ എന്നിലെ പ്ളറ്റോണിക് വികാരങ്ങൾ ലൈംഗികതൃഷ്ണയ്ക്ക് പൂർണ്ണമായും വഴി മാറിക്കൊടുത്തിരുന്നില്ല. പലപ്പോഴായി പല സ്ത്രീകളോടും ഞാൻ സ്നേഹത്തിലായിട്ടുണ്ട്; എന്നാൽ അവരുമായി ശാരീരികാകർഷണത്തിൽ നിന്നു തീർത്തും മുക്തമായ ഒരു ബന്ധം സൂക്ഷിക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്. നേരേ മറിച്ച്, എന്റെ പതിനാലാം വയസ്സു മുതൽ ചില വർഷങ്ങൾ മുമ്പു വരെ, എന്റെ ലൈംഗികതൃഷ്ണ പ്രബലമായിത്തന്നെ നില നിന്നിരുന്നു; അതു വിശപ്പിനെക്കാൾ ശക്തമായിരുന്നു, അതിന്റെ ദാഹം തീർക്കുക വിശപ്പു ശമിപ്പിക്കുമ്പോലെ എളിപ്പവുമായിരുന്നില്ല. ഒരുദാഹരണം പറഞ്ഞാൽ, ട്രെയിനിൽ കയറി ഇരിക്കേണ്ട താമസം, രതിയുമായി ബന്ധപ്പെട്ട ബിംബങ്ങൾ എന്റെ മനസ്സിൽ തിക്കിത്തിരക്കുകയായി. അവയ്ക്കു വഴങ്ങുകയല്ലാതെ എനിക്കു ഗതിയില്ല; പക്ഷേ അതുകൊണ്ടവ ഒഴിഞ്ഞുപോകുന്നുമില്ല; പണ്ടത്തേക്കാൾ ശക്തമായി അവ തിരിച്ചുവരികയും ചെയ്യും.

കൗമാരത്തിൽ സ്വഭാവേന തന്നെ ഞങ്ങൾക്ക് സ്വവർഗ്ഗപ്രേമത്തോടു വെറുപ്പായിരുന്നു; ലോർക്കയെ ഉന്നം വച്ച ഒളിയമ്പുകൾക്ക് ഞാൻ കൊടുത്ത പ്രതികരണങ്ങളിൽ   നിന്ന് അതൂഹിക്കുകയും ചെയ്യാമല്ലോ. ഒരിക്കൽ മാഡ്രിഡിലെ ഒരു പൊതുമൂത്രപ്പുരയിൽ വച്ച് ഞാനൊരു സദാചാരപ്പോലീസിന്റെ ഭാഗം അഭിനയിക്കുകയും ചെയ്തിരുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ എനിക്കതിൽ വല്ലായ്മ തോന്നുന്നു, അതസംബന്ധമായിരുന്നുവെന്നു തോന്നുന്നു. എന്റെ സിൽബന്തികൾ പുറത്തു കാത്തുനില്ക്കുമ്പോൾ ഞാൻ ഉള്ളിൽ കയറി ഉള്ളിൽ ആരെങ്കിലും ഉണ്ടെങ്കിൽ അയാളെ ചൂണ്ടയിടാൻ നോക്കും. ഒരു ദിവസം വൈകിട്ട് ഒരാൾ അതിൽ വീണു; ഞാൻ നേരേ പുറത്തേക്കോടി; അയാൾ വെളിയിൽ വരേണ്ട താമസം, ഞങ്ങൾ അയാളെ കണക്കിനു പ്രഹരിച്ചു വിടുകയും ചെയ്തു.

സ്വവർഗ്ഗപ്രേമമെന്നാൽ അക്കാലത്തെ സ്പെയിനിൽ ഇരുണ്ടതും ഗൂഢവുമായ ഒരു സംഗതിയായിരുന്നു. മാഡ്രിഡിൽ പോലും സ്വർഗ്ഗപ്രേമികൾ എന്നു പുറമേ അറിയപ്പെടുന്നവർ മൂന്നോ നാലോ മാത്രമേ ഉണ്ടായിരുന്നുള്ളു. അവരിൽ ഒരാളെ ട്രാം കാത്തുനില്ക്കുമ്പോൾ ഞാൻ പരിചയപ്പെട്ടു. അഞ്ചു മിനുട്ടു കൊണ്ട് ഇരുപത്തഞ്ചു പെസെറ്റ ഉണ്ടാക്കാമെന്ന് ഞാൻ ഒരു കൂട്ടുകാരനുമായി പന്തയം വച്ചിരുന്നു; അങ്ങനെ ഞാൻ അയാളുടെ അടുത്തു ചെന്നിട്ട് കൺപോളകൾ പിടപ്പിച്ചുകൊണ്ട് വർത്തമാനം തുടങ്ങി. പിറ്റേന്ന് തമ്മിൽ കാണാമെന്ന് ഞങ്ങൾ തീരുമാനമായി. ഞാൻ ചെറുപ്പമാണെന്നും പാഠപുസ്തകങ്ങൾക്കു വലിയ വിലയാണെന്നും ഞാനൊരു സൂചന കൊടുത്തപ്പോൾ അയാൾ എനിക്ക് ഇരുപത്തഞ്ചു പെസെറ്റ നല്കുകയും ചെയ്തു. ആ കൂടിക്കാഴ്ചയ്ക്കു ഞാൻ പോയില്ലെന്നു പറയേണ്ടതില്ലല്ലോ. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം അതേ ട്രാമിൽ വച്ച്  അയാളെ ഞാൻ പിന്നെയും കണ്ടു; ഞാൻ വായിൽ വിരലിട്ടു കാണിച്ചിട്ട് ഓടിക്കളഞ്ഞു.

പല കാരണങ്ങളാലും- ഒന്നാമതായി ധൈര്യക്കുറവ്- എനിക്കിഷ്ടം തോന്നിയ സ്ത്രീകൾ എന്നിൽ നിന്നകന്നു നിന്നതേയുള്ളു. തീർച്ചയായും പലരും എന്നിൽ അത്ര കേമത്തമൊന്നും കാണാത്തവരായിരുന്നു; നേരേ മറിച്ച്, ജീവിതത്തിലെ ഏറ്റവും അരോചകമായ സന്ദർഭങ്ങളിൽ ഒന്നാണ്‌, നിങ്ങൾക്കു യാതൊരു താല്പര്യവുമില്ലാത്ത ഒരാൾ നിങ്ങളെ വിടാതെ പിന്നാലെ വരിക എന്നത്. എന്റെ കാര്യത്തിൽ ഒന്നിലധികം തവണ അങ്ങനെ ഉണ്ടായിട്ടുണ്ട്; എനിക്കത് തീരെ അരോചകമായിരുന്നു. എനിക്കിഷ്ടം പ്രേമിക്കാനായിരുന്നു, പ്രേമിക്കപ്പെടാനായിരുന്നില്ല.

മാഡ്രിഡിൽ വച്ചുണ്ടായ ഒരു ബന്ധം എനിക്കോർമ്മ വരുന്നു; അന്നു ഞാൻ നിർമ്മാതാവാണ്‌. നായികാപദവി സ്വപ്നം കണ്ടു വരുന്ന പുതുമുഖങ്ങളെ വീഴ്ത്താൻ തങ്ങളുടെ പദവി പ്രയോജനപ്പെടുത്തുന്ന വമ്പൻ നിർമ്മാതാക്കളെ ഞാനെന്നും വെറുത്തിട്ടേയുള്ളു. പക്ഷേ അത്തരമൊരവസ്ഥയിൽ ഒരിക്കൽ ഞാനും ചെന്നുപെട്ടു. 1935ൽ കാണാൻ വളരെ ചന്തമുള്ള ഒരു യുവനടിയെ ഞാൻ പരിചയപ്പെട്ടു; നമുക്കവളെ പെപിത എന്നു വിളിക്കാം. കൂടി വന്നാൽ അവൾക്കന്ന് പതിനെട്ടു വയസ്സായിക്കാണും; എനിക്കവളോടു പ്രേമമായി. അമ്മയോടൊപ്പം ചെറിയൊരു വാടകവീട്ടിലാണ്‌ അവളുടെ താമസം. ഞങ്ങൾ ഇടയ്ക്കിടയ്ക്ക് തമ്മിൽ കാണാൻ തുടങ്ങി: മലകളിൽ ഒരു പിക്നിക്, മൻസനാരെസ്സിനടുത്തുള്ള ബോംബിയായിൽ ഒരു ഡാൻസ്; പക്ഷേ ഞങ്ങളുടെ ബന്ധം തീർത്തും കാമവിമുക്തമായിരുന്നു. എനിക്ക് അവളുടെ ഇരട്ടി പ്രായമുണ്ടായിരുന്നെങ്കിലും വെറി പിടിച്ച പ്രേമമാണ്‌ എനിക്കവളോടുണ്ടായിരുന്നതെങ്കിലും ഒരിക്കലും മര്യാദ വിട്ട് ഞാൻ അവളോടു പെരുമാറിയിട്ടില്ല. ഞാനവളുടെ കരം ഗ്രഹിക്കും, അവളെ കെട്ടിപ്പിടിക്കും, പലപ്പോഴും കവിളിൽ ചുംബിക്കുകയും ചെയ്യും; പക്ഷേ, എന്റെ തൃഷ്ണകളിരിക്കെത്തന്നെ, ഒരു വേനല്ക്കാലം മുഴുവൻ ഞങ്ങളുടെ ബന്ധം പ്ളറ്റോണിക് ആയിരുന്നു.

ഞങ്ങളൊരുമിച്ച് ഒരു യാത്രയ്ക്കു പോകുന്നതിന്റെ തലേ ദിവസം കാലത്ത് എന്റെയൊരു സിനിമാസ്നേഹിതൻ എന്നെ കാണാൻ വന്നു. ഉയരം കുറഞ്ഞ്, എടുത്തു പറയാൻ ഒന്നുമില്ലാത്ത ഒരു മനുഷ്യൻ; ആളെന്നാൽ ഒരു പെണ്ണുപിടിയൻ എന്ന പേരു നേടുകയും ചെയ്തിട്ടുണ്ട്.

“നാളെ നിങ്ങൾ പെപിതയുടെ കൂടെ എവിടെയോ പോകുന്നെന്നു കേട്ടല്ലോ?” സിനിമാക്കാര്യം സംസാരിക്കുന്നതിനിടയിൽ അയാൾ പെട്ടെന്നു ചോദിച്ചു.

“അതു താനെങ്ങനെ അറിഞ്ഞു?” എനിക്കത്ഭുതമായി.

“ഇന്നു രാവിലെ ഞങ്ങൾ ഒരുമിച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞതാണ്‌.“

”ഇന്നു രാവിലെ?“

”അതെ. അവളുടെ വീട്ടിൽ വച്ച്. ഒരൊമ്പതരയോടെ ഞാൻ പോന്നു; നിങ്ങളുമൊത്ത് എവിടെയോ പോകുന്നതിനാൽ നാളെ എന്നെ കാണാൻ പറ്റില്ലെന്നും അവൾ പറഞ്ഞു.“

എന്റെ നാവിറങ്ങിപ്പോയി. ഈ വിശേഷം പറയാൻ വേണ്ടിത്തന്നെയാവാം അയാൾ വന്നത്; പക്ഷേ എനിക്കതു വിശ്വാസമായില്ല.

”അതെങ്ങനെ നടക്കാൻ,“ ഞാൻ ഉറപ്പിച്ചു പറഞ്ഞു. ”അവൾ അമ്മയുടെ കൂടെയല്ലേ താമസിക്കുന്നത്!“

”അവരുറങ്ങുന്നത് വേറേ മുറിയിലും,“ അയാൾ അക്ഷോഭ്യനായി പറഞ്ഞു.

”അവൾ കന്യകയാണെന്നു ഞാൻ കരുതി!“ ഞാൻ ഞരങ്ങി.

”അതെ,“ സ്വരത്തിൽ ഒരു വ്യത്യാസവുമില്ലാതെ അയാൾ പറഞ്ഞു. ”എനിക്കറിയാം.“

അന്നു വൈകിട്ട് പോകുന്ന വഴി പെപിത എന്നെ കാണാൻ വന്നു. അന്നു കാലത്ത് അവളുടെ കാമുകനുമായി ഞാൻ കണ്ടതിനെക്കുറിച്ച് യാതൊന്നും മിണ്ടാതെ ഞാൻ ഇങ്ങനെ ഒരോഫർ മുന്നോട്ടു വച്ചു.

”നോക്കൂ, പെപിത,“ ഞാൻ പറഞ്ഞു, ”ഞാനൊരു നിർദ്ദേശം വയ്ക്കട്ടെ. എനിക്കു നിന്നെ വളരെ ഇഷ്ടമാണ്‌; നീ എന്റെ കാമുകിയാവണം. ഞാൻ നിനക്ക് മാസം രണ്ടായിരം പെസെറ്റ തരാം, നിനക്ക് നിന്റെ അമ്മയുടെ കൂടെത്തന്നെ താമസിക്കാം; പക്ഷേ നീ എന്റെ കൂടെ മാത്രമേ കിടക്കാവൂ. എന്താ, സമ്മതമാണോ?“

അവളൊന്ന് ആശ്ചര്യപ്പെട്ടപോലെ തോന്നി; എന്നാലും അവളത് ചാടിക്കയറി സമ്മതിക്കുകയും ചെയ്തു. ഞാൻ അവളുടെ വസ്ത്രങ്ങളുരിയാൻ സഹായിച്ചു; പൂർണ്ണനഗ്നയായി നില്ക്കുന്ന അവളെ ഞാൻ കെട്ടിപ്പിടിച്ചു; പക്ഷേ അധൈര്യം കൊണ്ടു ഞാൻ മരവിച്ചപോലെയാവുകയായിരുന്നു. നമുക്ക് ഡാൻസിനു പോകാമെന്നു ഞാൻ പറഞ്ഞു; അവൾ വീണ്ടും വേഷം ധരിച്ചു; ഞങ്ങൾ കാറിൽ കയറി പുറപ്പെട്ടു; പക്ഷേ ബോംബിയായിലേക്കു പോകുന്നതിനു പകരം മാഡ്രിഡിനു പുറത്തേക്കാണ്‌ ഞാൻ കാറോടിച്ചത്. പ്യൂർത്താ ദെ ഹീറോയിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരത്തെത്തിയപ്പോൾ ഞാൻ കാറു നിർത്തി അവളോടിറങ്ങാൻ പറഞ്ഞു.

“പെപിതാ,” ഞാൻ പറഞ്ഞു, “നീ മറ്റാണുങ്ങൾക്കൊപ്പം കിടക്കാറുണ്ടെന്ന് എനിക്കറിയാം. അങ്ങനെയല്ലെന്നു തർക്കിച്ചിട്ടിനി കാര്യമില്ല; അതിനാൽ ഇവിടെ വച്ച് നമുക്ക് പിരിയാം.”

പെപിതയെ അവളുടെ വിധിക്കു വിട്ടു കൊടുത്തിട്ട് ഞാൻ കാറു തിരിച്ച് നഗരത്തിലേക്കു പോന്നു. അതിനു ശേഷം പലപ്പോഴും ഞാനവളെ സ്റ്റുഡിയോയിൽ വച്ചു കാണാറുണ്ട്; പക്ഷേ ഞങ്ങൾ തമ്മിൽ മിണ്ടാറില്ല. അങ്ങനെയാണ്‌ എന്റെ പ്രണയബന്ധം ഭ്രൂണാവസ്ഥയിൽ തന്നെ മരണമടഞ്ഞത്. അന്നത്തെ എന്റെ പെരുമാറ്റത്തെക്കുറിച്ചോർക്കുമ്പോൾ എനിക്കിപ്പോഴും നാണക്കേടു തോന്നാറുണ്ടെന്നുകൂടി പറയട്ടെ.

നമ്മുടെ ജീവിതങ്ങളെ മാറ്റിത്തീർക്കാനും മാത്രം പ്രബലമാണു പ്രണയമെന്ന് ചെറുപ്പത്തിൽ നാം വിശ്വസിച്ചിരുന്നു. ഉടലിന്റെ തൃഷ്ണകൾ ഹൃദയങ്ങളുടെ അടുപ്പത്തിനും കീഴടക്കലിനും പങ്കു ചേരലിനുമൊപ്പം ചേർന്നുപോയിരുന്നു; ദൈനന്ദിനജീവിതത്തിലെ ക്ഷുദ്രതകൾക്കു മേലെ നമ്മെയതു കൊണ്ടുപോയിരുന്നു; മഹത്തായ ദൗത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തരാണു നാമെന്ന് നമ്മെയതു വിശ്വസിപ്പിച്ചിരുന്നു. ഇന്ന്, ആളുകൾ പറയുന്നതു വിശ്വസിക്കാമെങ്കിൽ, പ്രണയം മതവിശ്വാസം പോലെയായിരിക്കുന്നു. അതു മറഞ്ഞുപോകാനുള്ള പ്രവണതയാണു കാണിക്കുന്നത്. പലരും അതിനെ കാണുന്നത് ചരിത്രപരമായ ഒരു പ്രതിഭാസം പോലെയാണ്‌, ഒരുതരം സാംസ്കാരികമിഥ്യ. പഠിക്കാനും വിശകലനം ചെയ്യാനും കഴിയുമെങ്കിൽ ചികിത്സിച്ചു ഭേദപ്പെടുത്താനുമുള്ള  ഒന്ന്.

ഞാൻ വിയോജിക്കുന്നു. ഒരു മിഥ്യയുടെ ഇരകളായിരുന്നില്ല ഞങ്ങൾ. ഇക്കാലത്തുള്ളവർക്ക് വിചിത്രമായിട്ടാണതു തോന്നുക എങ്കിലും പറയട്ടെ, സത്യമായും ഞങ്ങൾ അന്നു പ്രേമിച്ചിരുന്നു.

പ്രശസ്തനായ സ്പാനിഷ് സംവിധായകൻ ലൂയിസ് ബുനുവേലിന്റെ “എന്റെ അന്ത്യശ്വാസം” എന്ന ആത്മകഥയുടെ പതിമൂന്നാം അദ്ധ്യായത്തിന്റെ പരിഭാഷ. ഇംഗ്ളീഷ് വിവർത്തനം Abigail Israel






No comments: