ഫൈസിന്റെ ചിത്രം എം എഫ് ഹുസ്സൈൻ വരച്ചത്
ഓർമ്മയുടെ ഉദ്യാനത്തിൽ ഇതളുകൾ തല്ലിക്കൊഴിക്കണമെന്നാണ്
ഇന്നത്തെ പുലർകാറ്റിനു മോഹമെങ്കിൽ,
ആയിക്കോട്ടെ;
പൊയ്പ്പോയ കാലത്തെ പഴുതുകളൊന്നിൽ തവിഞ്ഞുകിടന്ന
വേദനയുടെ ചെരാതിന്
ഇനിയുമൊന്നു തെളിഞ്ഞുകത്തണമെന്നാണു മോഹമെങ്കിൽ,
ആയിക്കോട്ടെ.
ഒരന്യനെക്കണ്ട മുഖഭാവമാണു നിന്റേതെങ്കിലും
വരൂ, അന്യോന്യം മുഖം നോക്കി ഒരല്പനേരം നമുക്കിരിക്കാം.
ഇങ്ങനെയൊരു കൂടിപ്പിരിയലിനു ശേഷം
നമ്മുടെ നഷ്ടബോധമേറുകയേയുള്ളു എന്നു വന്നാലും,
പറഞ്ഞ വാക്കുകൾക്കിടയിൽ പറയാത്ത വാക്കുകൾ
നേർത്തൊരു മൂടുപടം പോലെ വീണുകിടക്കുമെന്നു വന്നാലും,
പണ്ടത്തെ വാഗ്ദാനങ്ങളെക്കുറിച്ചു നാം ഓർമ്മിപ്പിക്കുകയേയില്ല,
പ്രതിജ്ഞകളെയും പ്രതിജ്ഞാലംഘനങ്ങളെയും കുറിച്ചും നാം മിണ്ടില്ല.
കാലം നിന്റെ മുഖത്തെഴുതിയ വരികൾ മായ്ച്ചുകളയാൻ
എന്റെ കണ്ണിമകളെന്തോ പറയാനുദ്യമിച്ചെന്നു വരാം;
അതു കേൾക്കുന്നതും കേൾക്കാതിരിക്കുന്നതും നിന്റെ ഇഷ്ടം;
നോട്ടം മാറ്റിയ നിന്റെ കണ്ണുകൾക്കെന്തോ കുമ്പസാരിക്കാനുണ്ടെന്നാവാം:
അതു പറയുന്നതും പറയാതിരിക്കുന്നതും നിന്റെ ഇഷ്ടം.
No comments:
Post a Comment