Friday, November 28, 2014

ഹാൻസ് ആൻഡേഴ്സൻ - രക്ഷ

prince-and-old-man

ഒരു രാജകുമാരനും രാജകുമാരിയും- അവരുടെ വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. അവരുടെ ആഹ്ളാദം ഇന്നതെന്നു പറയാനില്ല. എന്നാൽക്കൂടി ഒരു ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു; അതിതായിരുന്നു: എന്നും ഇതേപോലെ സന്തുഷ്ടരായിരിക്കുമോ തങ്ങൾ? അതിനാൽ തങ്ങളുടെ ദാമ്പത്യജീവിതത്തിൽ നിഴലു വീഴ്ത്തിയേക്കാവുന്നതെന്തിനെയും തടുക്കാനായി മന്ത്രശക്തിയുള്ള ഒരു രക്ഷ കണ്ടെത്താൻ അവർ തീരുമാനിച്ചു.

കാട്ടിൽ താമസിച്ചിരുന്ന ഒരു ജ്ഞാനിയെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് എല്ലാവർക്കും വലിയ അഭിപ്രായവുമായിരുന്നു. ഏതു ദുരിതമാകട്ടെ, ഏതു ദുഃഖമാവട്ടെ, ഉചിതമായ ഒരുപദേശം അദ്ദേഹത്തിനടുത്തു ചെന്നാൽ കിട്ടുമെന്നതിൽ സംശയിക്കാനില്ല. നവദമ്പതികൾ ആ ജ്ഞാനിയെ ചെന്നുകണ്ട് തങ്ങളുടെ മനസ്സു വിഷമിപ്പിക്കുന്ന സംഗതിയെക്കുറിച്ചു പറഞ്ഞു.

അദ്ദേഹം പറഞ്ഞു: ‘ലോകത്തെ സർവദേശങ്ങളിലും യാത്ര ചെയ്യൂ; തികച്ചും സംതൃപ്തരായ ഒരു ഭർത്താവിനേയും ഭാര്യയേയും കണ്ടാൽ അവരുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ചോദിച്ചുവാങ്ങൂ. ഒരു രക്ഷയായി അതെപ്പോഴും കൂടെ കൊണ്ടുനടക്കുക. നിങ്ങളുടെ വിഷമത്തിനു മതിയായൊരു പരിഹാരമാണത്.’

അങ്ങനെ അവർ ലോകയാത്രയ്ക്കിറങ്ങി; സന്തുഷ്ടരിൽ സന്തുഷ്ടരെന്നു പറയാവുന്ന ഒരു പ്രഭുവിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് അവർ കേട്ടു. അവർ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി, ഇക്കേൾക്കുന്ന പോലെ അവരുടെ ദാമ്പത്യജീവിതം അത്ര സന്തോഷം നിറഞ്ഞതാണോ എന്നന്വേഷിച്ചു.

‘തീർച്ചയായും!’ എന്നായിരുന്നു മറുപടി. ‘പക്ഷേ ഒരു കുറവേയുള്ളു: ഞങ്ങൾക്കു കുട്ടികളില്ല!’

തങ്ങളന്വേഷിക്കുന്ന പ്രതിവിധി ഇവിടെ കിട്ടില്ലെന്നു മനസ്സിലായ രാജകുമാരനും രാജകുമാരിയും ഏറ്റവും സംതൃപ്തരായ ദമ്പതിമാരെ തേടിയുള്ള യാത്ര തുടർന്നു.

പിന്നെ അവരെത്തിയത് ഒരു നഗരത്തിലാണ്‌: അവിടുത്തെ മേയറും ഭാര്യയും എത്രയും രഞ്ജിപ്പിലും സന്തോഷത്തിലുമാണത്രെ കഴിയുന്നത്.

‘അതെ, അതിൽ സംശയമൊന്നുമില്ല,’ മേയർ പറഞ്ഞു. ‘ഞാനും എന്റെ ഭാര്യയും ഒരുമിച്ചുള്ള ജീവിതം പകരം വയ്ക്കാനില്ലാത്തതു തന്നെ. ഇത്രയും കുട്ടികൾ ഇല്ലാതിരുന്നെങ്കിൽ എന്നൊരാലോചനയേ ഞങ്ങൾക്കുള്ളു! എന്തുമാത്രം മന:പ്രയാസവും ഉത്കണ്ഠയുമാണെന്നോ അവർ കാരണം ഞങ്ങൾ അനുഭവിക്കുന്നത്!’

അവിടെയും തങ്ങൾ തേടുന്ന മരുന്നു കിട്ടില്ലെന്നുറപ്പായതോടെ സന്തുഷ്ടദമ്പതികളെത്തേടിയുള്ള യാത്ര അവർ വീണ്ടും തുടങ്ങി. പക്ഷേ അങ്ങനെയൊരു വർഗ്ഗമേ ലോകത്തില്ലാത്ത പോലെയായിരുന്നു!

അങ്ങനെയിരിക്കെ ഒരു ദിവസം, പാടങ്ങളും പുൽത്തകിടികളും താണ്ടി അവർ യാത്ര ചെയ്യുമ്പോൾ വളരെ സന്തോഷത്തോടെ ഓടക്കുഴലും വായിച്ചിരിക്കുന്ന ഒരാട്ടിടയനെ അവർ കണ്ടു. ഈ സമയത്ത് ഒരു സ്ത്രീ ഒരു കുഞ്ഞിനെ ഒക്കത്തു വച്ചും മറ്റൊരു കുട്ടിയെ കൈ പിടിച്ചു നടത്തിയും അയാൾക്കടുത്തേക്കു ചെല്ലുന്നതും കണ്ടു. ആട്ടിടയൻ അവളോടു കുശലം ചോദിക്കുകയും കുഞ്ഞിനെ എടുത്ത് ഓമനിക്കുകയും ചെയ്യുകയാണ്‌. അയാളുടെ നായ കുട്ടിയുടെ കൈയിൽ നക്കുകയും കുരയ്ക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. ഭാര്യ താൻ കൊണ്ടുവന്ന കഞ്ഞിക്കലം തുറന്നുവച്ചിട്ട് ഭർത്താവിനെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.

അയാൾ ഒരു കരണ്ടിയെടുത്ത് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുന്നു. അടുത്ത കരണ്ടി കുട്ടിയ്ക്കും നായയ്ക്കുമുള്ളതാണ്‌. രാജകുമാരനും രാജകുമാരിയും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അവർ പതുക്കെ അടുത്തു ചെന്ന് വിശേഷം ചോദിക്കാൻ തുടങ്ങി, ‘തികച്ചും സന്തുഷ്ടരും സംതൃപ്തരുമെന്നു പറയാവുന്ന ഭാര്യാഭർത്താക്കന്മാരെന്നു നിങ്ങളെ പറയാമോ?’

‘എന്തുകൊണ്ടല്ല!’ ആട്ടിടയൻ പറഞ്ഞു. ‘ദൈവത്തിനു സ്തുതി! ഞങ്ങളെക്കാൾ സന്തുഷ്ടരായിരിക്കില്ല, ഒരു രാജാവും റാണിയും!’

‘എങ്കിൽ കേൾക്കൂ,’ രാജകുമാരൻ പറഞ്ഞു, ‘ഒരു സൌജന്യം ഞങ്ങൾക്കു ചെയ്തുതരാമോ? അതിൽ ഒരിക്കലും നിങ്ങൾക്കു ഖേദിക്കേണ്ടിവരില്ല. നിങ്ങളുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ഞങ്ങൾക്കു തരൂ.’

ഈ അപേക്ഷ കേട്ടപ്പോൾ ആട്ടിടയനും ഭാര്യയും തമ്മിൽത്തമ്മിൽ വിചിത്രമായ ഒരു നോട്ടം കൈമാറി. ഒടുവിൽ അയാൾ ഇങ്ങനെ പറഞ്ഞു: ‘അതു തരുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളുവെന്ന് ദൈവത്തിനറിയാം; ഒരിഴയല്ല, ഷർട്ടോ പെറ്റിക്കോട്ടോ അങ്ങനെതന്നെ ഞങ്ങൾ തരും; പക്ഷേ, ഈ മേലുടുപ്പല്ലാതൊന്നും ഞങ്ങൾക്കില്ല!‘

അങ്ങനെ രാജദമ്പതികളുടെ യാത്ര തുടർന്നു. ഒടുവിൽ ഒരു ഫലവും കാണാത്ത ഈ അലച്ചിൽ തന്നെ മടുത്ത് അവർ നാട്ടിലേക്കു മടങ്ങി. അവർ ആ ജ്ഞാനിയുടെ കുടിലിൽ ചെന്ന് ഇത്രയും മോശമായ ഒരുപദേശം കൊടുത്തതിന്‌ അദ്ദേഹത്തെ ശകാരിച്ചു. അവരുടെ യാത്രാവിവരണം മുഴുവൻ അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. പിന്നെ ഒരു പുഞ്ചിരിയോടെ ചോദിച്ചു: ’അത്രയും നിഷ്ഫലമായെന്നു പറയാമോ, നിങ്ങളുടെ യാത്ര? അനുഭവസമ്പത്തു നേടിയിട്ടല്ലേ നിങ്ങൾ മടങ്ങിയെത്തിയത്?‘

’അതെ,‘ രാജകുമാരൻ പറഞ്ഞു. ’ഭൂമിയിൽ വളരെ അപൂർവ്വമായ ഒരനുഗ്രഹമാണു സംതൃപ്തി എന്നൊരു പാഠം ഞാൻ പഠിച്ചു.‘

’ഞാനും പഠിച്ചു, ‘ രാജകുമാരി പറഞ്ഞു, ’സംതൃപ്തരാവാൻ മറ്റൊന്നും ചെയ്യേണ്ടെന്ന്- സംതൃപ്തരാവുകയല്ലാതെ.‘

പിന്നെ രാജകുമാരൻ രാജകുമാരിയുടെ കരം ഗ്രഹിച്ചു. അഗാധമായ ഒരു സ്നേഹത്തോടെ അവരിരുവരും പരസ്പരം കണ്ണുകളിൽ നോക്കി. ജ്ഞാനി അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു, ’യഥാർത്ഥരക്ഷ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ കണ്ടെത്തിക്കഴിഞ്ഞു. അതു കൈമോശം വരാതെ സൂക്ഷിക്കുക; എങ്കിൽ അസംതൃപ്തിയുടെ ദുഷ്ടപ്പിശാചിന്‌ നിങ്ങളെ ഒരിക്കലും കീഴടക്കാനാവില്ല.‘
(1836)

Wednesday, November 26, 2014

ഹാൻസ് ആൻഡേഴ്സൻ - ഫീനിക്സ്

Phoenix-Fabelwesen



പറുദീസയിലെ ഉദ്യാനത്തിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ഒരു പനിനീർച്ചെടി പൂവിട്ടുനിന്നിരുന്നു. അതിൽ ആദ്യം വിരിഞ്ഞ പൂവിൽ ഒരു പക്ഷി പിറവിയെടുത്തു.  അതിന്റെ തൂവലുകൾ വർണ്ണോജ്വലമായിരുന്നു, അതിന്റെ ഗാനം മോഹനമായിരുന്നു, അതിന്റെ പറക്കലാവട്ടെ, വെളിച്ചം മിന്നിമായുമ്പോലെയുമായിരുന്നു.
പക്ഷേ, അറിവിന്റെ വൃക്ഷത്തിൽ നിന്നു കനി പറിച്ച ഹവ്വയെ ആദാമിനൊപ്പം പറുദീസയിൽ നിന്നു നിഷ്കാസിതയാക്കാൻ  നിയുക്തനായ മാലാഖയുടെ എരിയുന്ന വാളിൽ നിന്നൊരു തീപ്പൊരി ഈ പക്ഷിയുടെ കൂട്ടിൽ വീഴാനിടയായി. അതു കത്തിയമർന്നു, പക്ഷി ദഹിച്ചുപോവുകയും ചെയ്തു. എന്നാൽ കൂട്ടിലുണ്ടായിരുന്ന ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയതൊന്ന് ചിറകടിച്ചുയർന്നു- ഒരേയൊരു ഫീനിക്സ് പക്ഷി. അതിന്റെ വാസസഥലം അറേബ്യ ആണെന്നും ഓരോ നൂറു കൊല്ലം കൂടുന്തോറും സ്വന്തം കൂട്ടിൽ അതു ദഹിച്ചുപോകുന്നുവെന്നും കഥ നമ്മോടു പറയുന്നു; പക്ഷേ ഓരോ വട്ടവും ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയൊരു ഫീനിക്സ് പക്ഷി, ലോകത്താകെയുള്ളതൊന്ന്, വിരിഞ്ഞുയരുകയും ചെയ്യുന്നു.
അതു നമുക്കു ചുറ്റും പറന്നുനടക്കുന്നു, വർണ്ണോജ്വലമായ തൂവലുകളുമായി, മോഹനമായ ഗാനവുമായി, വെളിച്ചം മിന്നിമായുമ്പോലെയും. അമ്മ കുഞ്ഞിനെ താരാട്ടു പാടിയുറക്കുമ്പോൾ അവൻ തലയിണ മേൽ കയറിനില്ക്കുന്നു, കുഞ്ഞിന്റെ ശിരസ്സിനു ചുറ്റുമായി ഒരു പ്രഭാവിശേഷം ചമയ്ക്കുകയും ചെയ്യുന്നു. സംതൃപ്തിയുടെ കുടിലിനുള്ളിലേക്കവൻ വെയിൽനാളവുമായി പറന്നുകേറുന്നു; എളിമയുടെ മേശ മേലപ്പോൾ വയലറ്റുകളുടെ സുഗന്ധം ഇരട്ടിക്കുകയും ചെയ്യുന്നു.
ഫീനിക്സ് പക്ഷേ, അറേബ്യയുടെ മാത്രം പക്ഷിയുമല്ല. ധ്രുവദീപ്തിയുടെ മിനുക്കത്തിൽ ലാപ്‌ലാന്റിലെ* സമതലങ്ങൾക്കു മേൽ അവൻ പറന്നുപോകുന്നതു കാണാം; ഗ്രീൻലാന്റിലെ ഹ്രസ്വമായ ഗ്രീഷ്മകാലത്ത് മഞ്ഞപ്പൂക്കൾക്കിടയിൽ അവൻ തത്തിക്കളിക്കുന്നതും കാണാം. ഫാലുണിലെ* ചെമ്പുമലകൾക്കുള്ളിലും ഇംഗ്ളണ്ടിലെ കല്ക്കരിഖനികളിലും അവൻ പറന്നുചെല്ലുന്നു, വിശ്വാസിയായ ഒരു ഖനിത്തൊഴിലാളിയുടെ കാൽമുട്ടുകളിൽ വച്ചിരിക്കുന്ന സങ്കീർത്തനപുസ്തകത്തിനു മേൽ ഒരു നിശാശലഭമായി. പാവനമായ ഗംഗാനദിയിലൂടെ ഒരു താമരയിലയിൽ അവൻ ഒഴുകിപ്പോകുന്നു; അതു കാണുമ്പോൾ ഒരു ഹിന്ദുയുവതിയുടെ കണ്ണുകൾ വിടരുകയും ചെയ്യുന്നു.
ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? പറുദീസയിലെ പക്ഷിയെ, സംഗീതത്തിന്റെ വിശുദ്ധഹംസത്തെ? തെസ്പിസിന്റെ* വണ്ടിയിൽ വീഞ്ഞിന്റെ അടിമട്ടു പറ്റിയ ചിറകുമടിച്ച് ചറപറ പറയുന്നൊരു മലങ്കാക്കയായി അവനിരുപ്പുണ്ടായിരുന്നു; ഐസ്‌ലന്റിലെ സംഗീതം പൊഴിക്കുന്ന കിന്നരത്തിന്റെ തന്ത്രികൾ തഴുകിയ ഹംസത്തിന്റെ ചുവന്ന കൊക്കുകൾ അവന്റേതായിരുന്നു; ഷേക്സ്പിയറുടെ ചുമലിൽ ഓഡിന്റെ കാക്കയായി* വന്നിരുന്ന് ‘നിത്യത!’ എന്ന് അദ്ദേഹത്തിന്റെ കാതുകളിൽ മന്ത്രിച്ചതവനായിരുന്നു; വാർട്ട്ബർഗിലെ രാജസഭകളിൽ* സഞ്ചാരികളായ ഗായകരുടെ വിരുന്നിൽ അവൻ ചിറകടിച്ചുപറന്നിരുന്നു.
ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? നിങ്ങളെ മഴ്സെയേൽ* പാടിക്കേൾപ്പിച്ചതവനായിരുന്നു; അവന്റെ ചിറകിൽ നിന്നുതിർന്നുവീണ തൂലികയെ നിങ്ങളന്നു ചുംബിക്കുകയും ചെയ്തിരുന്നു; പറുദീസയുടെ ദീപ്തിയുമായിട്ടാണവൻ വന്നത്; നിങ്ങളഥവാ, അവനിൽ നിന്നു മുഖം തിരിച്ച് ചിറകിൽ കാക്കപ്പൊന്നു തേച്ച കുരുവിയെ നോക്കി ഇരുന്നതാവാം.
പറുദീസയിലെ പക്ഷീ! ഓരോ നൂറ്റാണ്ടിലും അഗ്നിയിൽ പിറന്നഗ്നിയിലൊടുങ്ങുന്നവനേ! അതിധനികരുടെ ഭവനങ്ങളിൽ പൊൻചട്ടങ്ങൾക്കുള്ളിൽ നിന്റെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ടാവാം; നീയോ പക്ഷേ, ഒറ്റയായി, ആരും പരിഗണിക്കാതെ, ‘അറേബ്യയിലെ ഫീനിക്സ് പക്ഷി’ എന്ന മിത്തായി ചുറ്റിപ്പറക്കുകയും ചെയ്യുന്നു.
പറുദീസയിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ആദ്യം വിരിഞ്ഞ പനിനീർപ്പൂവിൽ നീ പിറവിയെടുത്തപ്പോൾ നമ്മുടെ നാഥൻ നിന്നെ ചുംബിച്ചു, നേരായ പേരു ചൊല്ലി നിന്നെ വിളിക്കുകയും ചെയ്തു- കവിത, അതാണു നിന്റെ പേര്‌!


* ഫീനിക്സ് (phoenix) - പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന കൂറ്റൻ അറബിപ്പക്ഷി. 500 കൊല്ലം കൂടുമ്പോൾ അതു സ്വയം ചിതയൊരുക്കി അതിൽ ദഹിക്കുമെന്നും ആ ചാരത്തിൽ നിന്ന് പുതിയൊരു ഫീനിക്സ് ഉയർന്നുവരുമെന്നും വിശ്വാസം. പുനർജ്ജന്മം, സൂര്യൻ, കാലം, ഉയിർത്തെഴുന്നേല്പ്, പറുദീസയിലെ ജീവിതം, ക്രിസ്തു, വിശുദ്ധമറിയം, കന്യകാത്വം ഇതിനൊക്കെ പ്രതീകമായി.
* ലാപ്‌ലാൻഡ് (Lapland)- ഫിൻലന്റിന്റെ വടക്കേയറ്റത്തുള്ള സമതലം
* ഫാലുന്‍(Falun)- ചെമ്പുഖനികൾക്കു പ്രസിദ്ധമായ ഫിൻലന്റിലെ മലമ്പ്രദേശം
*തെസ്പിസ് (Thespis) - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഗ്രീക്കുനടൻ. ഒരു നാടകത്തിലെ കഥാപാത്രമായി ആദ്യമായി അരങ്ങിലെത്തുന്നത് ഇദ്ദേഹമാണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. സഞ്ചരിക്കുന്ന നാടകവേദിയുടെ ഉപജ്ഞാതാവും തെസ്പിസ് തന്നെ; ചമയങ്ങളും മുഖാവരണങ്ങളും മറ്റു നാടകസാമഗ്രികളുമൊക്കെയായി ഒരു വണ്ടിയിൽ അദ്ദേഹം പഴയ ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ കടന്നുപോയി.
*ഓഡിന്റെ കാക്ക (Odin's raven)- നോഴ്സ് പുരാണങ്ങളിൽ പ്രധാനദേവനായ ഓഡിന്റെ ചുമലിൽ രണ്ടു മലങ്കാക്കകളെ കാണാം; ഷേക്സ്പിയറിന്റെ മാക്ബത്തിലും ഒഥല്ലോയിലും അശുഭസൂചകങ്ങളായി ഇവ കടന്നുവരുന്നുണ്ട്.
*വാർട്സ്ബർഗ് (Wartburg)- ജർമ്മനിയിലെ പുരാതനദുർഗ്ഗം; മദ്ധ്യകാലഘട്ടത്തിൽ നിർമ്മിച്ചത്. സഞ്ചാരികളായ ഗായകരുടെ മത്സരവേദി എന്ന നിലയിൽ പ്രസിദ്ധമായിരുന്നു.
*മഴ്സയേൽ (
Marseillaise)- ഫ്രാൻസിന്റെ ദേശീയഗാനം; ഫ്രഞ്ചുവിപ്ളവകാലത്ത് 1792ൽ രചിക്കപ്പെട്ടത്.

ഹാൻസ് ആൻഡേഴ്സൻ - ദുഷ്ടനായ രാജാവ്

 

evilpri



ഒരിക്കൽ ഒരിടത്ത് വളരെ ദുഷ്ടനും അഹംഭാവിയുമായ ഒരു രാജാവുണ്ടായിരുന്നു. ലോകം മുഴുവൻ തന്റെ വരുതിക്കാവണമെന്നും തന്റെ പേരു കേട്ടാൽ ആളുകൾ കിടുങ്ങിവിറയ്ക്കണമെന്നുമായിരുന്നു അയാളുടെ മനസ്സിൽ ആകെയുള്ള ചിന്ത. വാളും തീയും കൊണ്ടയാൾ പാഞ്ഞുനടന്നു. വിളഞ്ഞുനില്ക്കുന്ന പാടങ്ങൾ അയാളുടെ പടയാളികൾ ചവിട്ടി മെതിച്ചു; പാവം കൃഷിക്കാരുടെ കുടിലുകൾക്കവർ തീയിട്ടു; ചുവന്ന തീനാളങ്ങൾ മരങ്ങളുടെ ഇലകൾ ഒന്നു പോലും ബാക്കിവയ്ക്കാതെ നക്കിയെടുക്കുന്നതും കരിഞ്ഞിരുണ്ട ചില്ലകളിൽ നിന്നു കനികൾ തൂങ്ങിക്കിടക്കുന്നതും അവർ നോക്കിനിന്നു. പുകയുന്ന ചുമരുകൾക്കു പിന്നിൽ എത്ര അമ്മമാരാണ്‌ കൈക്കുഞ്ഞുങ്ങളുമായി ഒളിച്ചിരുന്നത്; പടയാളികൾ അവരെ തിരഞ്ഞുപിടിച്ച് തങ്ങളുടെ പൈശാചികാനന്ദങ്ങൾക്ക് അവരെ വിധേയരാക്കുകയായി. ദുഷ്ടപ്പിശാചുക്കൾ പോലും ഇത്ര ഹീനമായി പെരുമാറിയേക്കില്ല; പക്ഷേ രാജാവിന്റെ വിചാരം ഇതൊക്കെ ഇങ്ങനെ തന്നെയാണു വേണ്ടതെന്നായിരുന്നു. നാൾക്കു നാൾ അയാളുടെ ബലം വർദ്ധിക്കുകയായിരുന്നു; അയാളുടെ പേരു കേൾക്കുമ്പോൾ ആളുകൾ പേടിച്ചുചൂളുകയായിരുന്നു; അയാൾ ഏറ്റെടുത്ത ദൌത്യങ്ങളൊക്കെ വിജയം കാണുകയുമായിരുന്നു. കീഴടക്കിയ നഗരങ്ങളിൽ നിന്ന് അയാൾ പൊന്നും പണവും കുത്തിക്കവർന്നുകൊണ്ടുപോയി. അയാളുടെ രാജകൊട്ടാരത്തിൽ നിധികൾ കുന്നുകൂടി. പിന്നെ അയാൾ ഗംഭീരങ്ങളായ കോട്ടകളും പള്ളികളും കമാനങ്ങളും പടുത്തുയർത്തുകയായി. ആ കൂറ്റൻ എടുപ്പുകൾ കണ്ടവരെല്ലാം പറഞ്ഞു: ‘എത്ര മഹാനായ രാജാവ്!’ അന്യദേശങ്ങളിൽ അയാൾ വരുത്തിയ കെടുതികളെക്കുറിച്ച് അവർ ആലോചിച്ചില്ല; കത്തിച്ചാമ്പലായ നഗരങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകളും നിലവിളികളും അവർ കേട്ടില്ല.

തന്റെ സ്വർണ്ണക്കൂനകളിൽ, കൂറ്റൻ കെട്ടിടങ്ങളിൽ കണ്ണോടിച്ച രാജാവിനും ആ ആൾക്കൂട്ടത്തിന്റെ അതേ ചിന്ത തന്നെയായിരുന്നു: ‘എത്ര മഹാനായ രാജാവ്! പക്ഷേ എനിക്കിത്രയും കൊണ്ടു പോര! ഇനിയും വേണം! എന്നെക്കാൾ മേലെയെന്നല്ല, എന്നോടു തുല്യനായിപ്പോലും ഒരാളുമുണ്ടാകാൻ പാടില്ല!’ എന്നിട്ടയാൾ അയൽരാജാക്കന്മാരോടെല്ലാം യുദ്ധത്തിനു പോയി, അവരെയെല്ലാം ജയിച്ചടക്കി. പരാജിതരായ രാജാക്കന്മാരെ അയാൾ തന്റെ തേരിനു പിന്നിൽ സ്വർണ്ണത്തുടലുകൾ കൊണ്ടു കെട്ടിവലിച്ചിഴച്ചു; തീന്മേശയുടെ കാൽക്കൽ കെട്ടിയിട്ടു; അയാൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾ അവർ പെറുക്കിത്തിന്നണമായിരുന്നു.

പിന്നെ അയാൾ പട്ടണക്കവലകളിലും കൊട്ടാരമുറ്റത്തും തന്റെ പ്രതിമകൾ സ്ഥാപിക്കാൻ ഏർപ്പാടു ചെയ്തു. തന്നെയുമോ, പള്ളികളിലെ അൾത്താരകളിലും തന്റെ പ്രതിമയുണ്ടാവണമെന്ന് അയാൾ നിർബന്ധിച്ചു. പുരോഹിതന്മാർ പറഞ്ഞു, ‘മഹാരാജാവേ, അങ്ങു ശക്തൻ തന്നെ എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അങ്ങയിലും ശക്തനാണു ദൈവം. അങ്ങയുടെ ആഗ്രഹം നിവർത്തിക്കാൻ ഞങ്ങൾക്കു ധൈര്യം വരുന്നില്ല.’

‘അതെയോ,’ ദുഷ്ടനായ രാജാവു പറഞ്ഞു, ‘എങ്കിൽ ഞാൻ ദൈവത്തെയും ജയിച്ചടക്കാൻ പോവുകയാണ്‌!’ ബുദ്ധിശൂന്യതയും ദൈവഭയമില്ലാത്ത ധാർഷ്ട്യവും കൂടിച്ചേർന്നപ്പോൾ അയാളുടെ തല തിരിഞ്ഞുപോയി! ആകാശത്തിലൂടെ പറക്കാൻ കഴിയുന്ന ഒരു യാനം അയാൾ പറഞ്ഞുണ്ടാക്കിച്ചു. മയിലിന്റെ പീലിക്കെട്ടു പോലെ ഉജ്ജ്വലവർണ്ണങ്ങൾ ചേർന്നതായിരുന്നു അത്; ഒരായിരം കണ്ണുകൾ അതിൽ പതിച്ചുവച്ചിരുന്നു; പക്ഷേ ഓരോ കണ്ണും ഓരോ പീരങ്കിക്കുഴലായിരുന്നു! യാനത്തിന്റെ മദ്ധ്യത്തിരുന്നുകൊണ്ട് ഒരു ദണ്ഡു പിടിച്ചു വലിക്കുകയേ വേണ്ടു, ഒരായിരം പീരങ്കിയുണ്ടകൾ വർഷിക്കുകയായി. യാനത്തിനു മുന്നിൽ ചിറകു ബലത്ത നൂറു കണക്കിനു ഗരുഢന്മാരെ കൊളുത്തിയിട്ടിരുന്നു; ഒന്നു ചൂളമടിച്ചപ്പോൾ അമ്പു പായുമ്പോലെ യാനം മാനത്തേക്കുയർന്നു. ഭൂമി എത്ര താഴെയായിരിക്കുന്നു! ആദ്യമൊക്കെ, കാടുകളും മലകളും മറ്റുമായി, ഉഴുതുമറിച്ച പാടം പോലെയാണതു കാണപ്പെട്ടത്; പിന്നെയത് നിവർത്തി വച്ച ഭൂപടം പോലെയായി; വൈകിയില്ല, മേഘങ്ങൾക്കും മൂടൽമഞ്ഞിനും പിന്നിൽ അതു കണ്ണിൽ നിന്നു മറയുകയും ചെയ്തു. ഗരുഢന്മാർ ഉയർന്നുയർന്നു പോയി. കോടാനുകോടികളായ തന്റെ മാലാഖമാരിൽ നിന്ന് ദൈവം ഒരേയൊരു മാലാഖയെ രാജാവിനെ നേരിടാനയച്ചു. ദുഷ്ടനായ രാജാവ് ഒരായിരം വെടിയുണ്ടകൾ കൊണ്ട് മാലാഖയെ എതിരേറ്റു. അവ പക്ഷേ, മാലാഖയുടെ തിളങ്ങുന്ന ചിറകുകളിൽ തട്ടി ആലിപ്പഴം പോലെ പൊഴിയുകയാണുണ്ടായത്. ഒരു തുള്ളി രക്തം-വെറുമൊരു തുള്ളി- ഒരു തൂവലിൽ നിന്നിറ്റുവീണു; ആ ഒരു തുള്ളി രാജാവിന്റെ യാനത്തിൽ വന്നുവീണു. എത്രയോ മന്നു ഭാരമുള്ള ഈയക്കട്ട പോലെയാണതു വന്നുവീണത്! യാനം കുത്തനെ ഭൂമിയിലേക്കു പതിക്കാൻ തുടങ്ങി. ഗരുഢന്മാരുടെ കരുത്തുറ്റ ചിറകുകൾ തകർന്നു; കൊടുങ്കാറ്റുകൾ രാജാവിന്റെ ശിരസ്സിനു ചുറ്റും പാഞ്ഞുനടന്നു; മേഘങ്ങൾ-ശരിക്കുമവ അയാൾ ചുട്ടുകരിച്ച നഗരങ്ങളിൽ നിന്നുയർന്ന പുകപടലങ്ങളായിരുന്നു- ഭീഷണരൂപങ്ങൾ പൂണ്ടു, കൂറ്റൻ കടൽ ഞണ്ടുകളെപ്പോലെ, ഇടിഞ്ഞിറങ്ങുന്ന പാറക്കെട്ടുകൾ പോലെ, തീ തുപ്പുന്ന വ്യാളികൾ പോലെ. അയാൾ അർദ്ധപ്രാണനായി കിടക്കവെ യാനം കാട്ടിനുള്ളിൽ മരക്കൊമ്പുകളിൽ കുരുങ്ങി തങ്ങിക്കിടന്നു.

‘ദൈവത്തെ ഞാൻ കീഴടക്കുകതന്നെ ചെയ്യും!’ അയാൾ പ്രഖ്യാപിച്ചു. ‘ഞാൻ പ്രതിജ്ഞ ചെയ്തുകഴിഞ്ഞു; ഞാനതു നടപ്പാക്കുകയും ചെയ്യും!’ ഏഴു കൊല്ലമെടുത്ത് അയാൾ ആകാശത്തു പറക്കുന്ന യാനങ്ങളുണ്ടാക്കിച്ചു. എത്രയും കടുത്ത ഉരുക്കിൽ നിന്ന് അയാൾ വെള്ളിടികൾ വാർപ്പിച്ചു; അയാൾക്ക് സ്വർഗ്ഗത്തിന്റെ കോട്ടകൾ തകർക്കണമല്ലോ! തന്റെ അധീനതയിലുള്ള ദേശങ്ങളിൽ നിന്നായി അയാൾ ഒരു മഹാസൈന്യം സ്വരൂപിച്ചു; അവർ നിരന്നുനിന്നപ്പോൾ എത്ര മൈലുകളെടുത്തുവെന്നോ! എല്ലാവരും ആ വിചിത്രയാനങ്ങളിൽ ചെന്നുകയറി. രാജാവ് തന്റെ യാനത്തിൽ കയറാൻ ചെല്ലുമ്പോഴാണ്‌ ദൈവം ഒരു കടന്നല്പറ്റത്തെ അയാൾക്കു നേർക്കയക്കുന്നത്; അത്ര വലുതല്ലാത്ത ഒരു കടന്നല്പറ്റം. അവ രാജാവിനും ചുറ്റും പറന്നുനടന്നുകൊണ്ട് മുഖത്തും കൈകളിലും കുത്താൻ തുടങ്ങി. അയാൾ രോഷത്തോടെ വാളു വലിച്ചൂരി വെട്ടിയതൊക്കെ ശൂന്യമായ വായുവിലായിരുന്നു. ഒന്നിനെപ്പോലും തൊടാൻ അയാൾക്കായില്ല. പിന്നെ അയാൾ വില കൂടിയ കമ്പളങ്ങൾ വരുത്തിച്ചു. അവ കൊണ്ടു തന്നെ പൊതിയാൻ അയാൾ പരിചാരകന്മാരോടു കല്പിച്ചു. ഒരു കടന്നലും ഇനി തന്നെ കുത്തരുത്! പക്ഷേ ഒരേയൊരു കടന്നൽ കമ്പളങ്ങൾക്കുള്ളിൽ കയറിപ്പറ്റിയിരുന്നു. അത് രാജാവിന്റെ കാതിനരികിൽ ഇഴഞ്ഞെത്തി ഒരു കുത്തു കൊടുത്തു. കനൽ പൊള്ളിക്കുമ്പോലെയാണ്‌ അയാൾക്കു തോന്നിയത്; അയാളുടെ തലച്ചോറിലേക്ക് വിഷം ഇരച്ചുകയറി. അയാൾ കമ്പളങ്ങൾ പറിച്ചെറിഞ്ഞു, ഉടുത്തിരുന്നതു പിച്ചിച്ചീന്തി, ക്രൂരന്മാരും കിരാതന്മാരുമായ തന്റെ പടയാളികൾക്കു മുന്നിൽ ഭ്രാന്തനെപ്പോലെ അയാൾ നൃത്തം വച്ചു. ദൈവത്തെ കീഴടക്കാൻ പോയിട്ട് ഒരേയൊരു കടന്നലിനു മുന്നിൽ കീഴടങ്ങേണ്ടി വന്ന സ്വന്തം രാജാവിനെ കളിയാക്കിച്ചിരിക്കുകയായിരുന്നു ആ പടയാളികൾ ഇപ്പോൾ.


Tuesday, November 25, 2014

ഹാൻസ് ആൻഡേഴ്സൻ - മാന്ത്രികതീപ്പെട്ടി

The_Tinder_Box_1


ഒരു പട്ടാളക്കാരൻ രാജപാതയിലൂടെ കവാത്തു ചെയ്തു വരികയാണ്‌: ലെഫ്റ്റ്, റൈറ്റ്! ലെഫ്റ്റ്, റൈറ്റ്! അയാളുടെ തോളത്തൊരു മാറാപ്പുണ്ട്, അരപ്പട്ടയിലൊരു വാളും; പട കഴിഞ്ഞു മടങ്ങുകയാണയാൾ. വഴിയിൽ വച്ച് അയാളൊരു കിഴവിയെ കണ്ടുമുട്ടി: കണ്ടാൽ ആകെ വിരൂപ; കീഴ്ചുണ്ട് നെഞ്ചത്തേക്കു തൂങ്ങിക്കിടക്കുന്നു.  ഒരു ദുർമന്ത്രവാദിനിയായിരുന്നു, ആ കിഴവി.

‘എന്റമ്മേ, ആരായീ വരുന്നത്! എന്തു ചേലുള്ളൊരു വാളാണിത്! പെരുത്തൊരു മാറാപ്പും! അസ്സലൊരു പട്ടാളക്കാരനാണേ നീയ്! നിനക്കിഷ്ടമുള്ളത്ര പണം ഞാൻ തരാം!’

‘അതു കൊള്ളാമല്ലോ കിഴവീ!’ പട്ടാളക്കാരൻ പറഞ്ഞു.

‘നീയീ മരം കണ്ടോ?’ അവർക്കരികിലുണ്ടായിരുന്ന വലിയൊരു പടുമരം ചൂണ്ടിക്കൊണ്ട് കിഴവി പറഞ്ഞു. ‘ഇതിന്റെ ഉള്ളാകെ പൊള്ളയാണ്‌. നീ ഇതിന്റെ മുകളിൽ കയറിയാൽ അവിടെയൊരു പൊത്തു കാണാം. അതു വഴി നിനക്ക് ഉള്ളിലേക്കു കയറുകയുമാവാം. ഞാൻ നിന്റെ അരയിൽ ഒരു കയറു കെട്ടിത്തരാം; നീ വിളിച്ചാൽ മതി, നിന്നെ ഞാൻ വലിച്ചു പുറത്താക്കാം.’

‘അതൊക്കെ ശരി, ഉള്ളിൽ ചെന്നിട്ടു ഞാൻ എന്തു ചെയ്യണം?’ പട്ടാളക്കാരൻ ചോദിച്ചു.

‘പണം വാരെന്നേ!’ കിഴവി പറഞ്ഞു. ‘ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം. നീ മരത്തിനുള്ളിൽ ഇറങ്ങിച്ചെല്ലുമ്പോൾ വലിയൊരു ഹാളു കാണാം. അവിടെ വെളിച്ചമൊക്കെയുണ്ടാവും; കാരണം നൂറു കണക്കിനു വിളക്കുകളാണ്‌ അവിടെ എരിഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെ നീ മൂന്നു വാതിലുകൾ കാണും. താക്കോൽ അവയിൽ തന്നെയുള്ളതു കൊണ്ട് നിനക്കു ചെന്ന് അവ തുറന്നുകേറാം. ആദ്യത്തെ മുറിയുടെ നടുക്ക് വലിയൊരു പെട്ടി കാണും. പെട്ടിയുടെ മുകളിൽ കിണ്ണത്തിന്റത്രയും വലിപ്പത്തിൽ കണ്ണുകളുള്ള ഒരു നായ ഇരിക്കുന്നുണ്ടാവും നീയവനെ ഗൌനിക്കാനൊന്നും പോകേണ്ട. ദാ, ഞാൻ തരുന്ന ഈ നീലക്കുപ്പായം തറയിൽ വിരിച്ചിട്ട് പെട്ടെന്നു പോയി നായയെ എടുത്ത് അതിലിരുത്തുക. എന്നിട്ടു ചെന്ന് പെട്ടി തുറന്ന് നിനക്കാവശ്യമുള്ള പണമെടുത്തോ! അതു നിറയെ ചെമ്പിന്റെ തുട്ടുകളാണ്‌. അതല്ല, വെള്ളിയാണു നിനക്കു വേണ്ടതെങ്കിൽ പോയി രണ്ടാമത്തെ മുറി തുറക്കുക. അവിടെ ഇരിക്കുന്നത് തിരികല്ലു പോലത്തെ കണ്ണുകളുള്ള ഒരു നായയാണ്‌! പക്ഷേ അവനെയും നീ ഗൌനിക്കരുത്. അവനെ എന്റെ കുപ്പായത്തിലിരുത്തിയിട്ട് നിനക്കു വേണ്ടത്ര വെള്ളിപ്പണം വാരിക്കോ! ഇനി അതും പോര, സ്വർണ്ണം തന്നെയാണു നിനക്കു വേണ്ടതെങ്കിൽ അതും കിട്ടും. മൂന്നാമത്തെ മുറിയിൽ കയറിയാൽ നിനക്കു ചുമക്കാവുന്നത്ര സ്വർണ്ണമെടുക്കാം. പക്ഷേ അവിടെയുള്ളത് ഗോപുരം പോലത്തെ കണ്ണുകളുള്ള ഒരു നായയാണേ! അസ്സലൊരു നായ, ഞാൻ പറഞ്ഞില്ലെന്നു വേണ്ട! പക്ഷേ അവനെയും നീ കാര്യമാക്കേണ്ട. അവനെയെടുത്ത് എന്റെ കുപ്പായത്തിലുരുത്തിയാൽ മതി, അവൻ പിന്നെ ഉപദ്രവിക്കില്ല. എന്നിട്ടു നിനക്കാവശ്യമുള്ള സ്വർണ്ണം വാരിയെടുത്തോ.‘

’കാര്യമൊക്കെ കൊള്ളാം,‘ പട്ടാളക്കാരൻ പറഞ്ഞു. ’പക്ഷേ നിങ്ങൾക്കു ഞാൻ എന്താണു കൊണ്ടുവരേണ്ടത്? നിങ്ങൾക്കും എന്തോ ആവശ്യമുണ്ടെന്ന് എനിക്കറിയാം.‘

’എനിക്കൊരു ചില്ലിക്കാശും വേണ്ട.‘ കിഴവി പറഞ്ഞു. ’എന്റെ മുത്തശ്ശി കഴിഞ്ഞ തവണ അവിടെ പോയപ്പോൾ ഒരു തീപ്പെട്ടി അതിനുള്ളിൽ മറന്നുവച്ചു; നീ അതെടുത്തു കൊണ്ടുവന്നാൽ മാത്രം മതി.‘

’അപ്പോൾ ശരി, ആ കയർ എന്റെ അരയിൽ കെട്ടിയാട്ടെ,‘ പട്ടാളക്കാരൻ പറഞ്ഞു.

’ഇതാ പിടിച്ചോ,‘ കിഴവി പറഞ്ഞു, ’എന്റെ നീലപ്പുള്ളിയുള്ള കുപ്പായവും എടുത്തോ.‘

അങ്ങനെ പട്ടാളക്കാരൻ മരത്തിനു മുകളിൽ കയറി പൊത്തു വഴി താഴേക്കിറങ്ങി. കിഴവി പറഞ്ഞപോലെ തന്നെ നൂറു കണക്കിനു വിളക്കുകളെരിയുന്ന ഒരു ഹാളിലാണ്‌ അയാൾ നില്ക്കുന്നത്.

അയാൾ ചാവിയെടുത്ത് ആദ്യത്തെ മുറി തുറന്നു. ഹൊ! അതാ ഇരിക്കുന്നു, കിണ്ണം പോലത്തെ കണ്ണുകളുമായി ഒരു നായ! അവൻ അയാളെ നോക്കി കണ്ണുരുട്ടി.

Page_004_of_Fairy_tales_and_other_stories_(Andersen,_Craigie)

’നീയൊരു സുന്ദരക്കുട്ടൻ തന്നെ!‘ പട്ടാളക്കാരൻ പറഞ്ഞു; എന്നിട്ടയാൾ നായയെ എടുത്ത് കിഴവിയുടെ കുപ്പായത്തിലിരുത്തിയിട്ട് തന്റെ കീശ മുഴുവൻ ചെമ്പുതുട്ടുകൾ വാരി നിറച്ചു. പിന്നെ അയാൾ പെട്ടിയടച്ച്, നായയെ അതിന്മേലിരുത്തിയിട്ട് അടുത്ത മുറി തുറന്നു. എന്റമ്മേ! അവിടെ ഇരിക്കുന്നൊരു നായ, തിരികല്ലു പോലത്തെ കണ്ണുകളുമുരുട്ടി!

’നീയെന്നെ ഇങ്ങനെ കടുപ്പിച്ചു നോക്കാതെ!‘ പട്ടാളക്കാരൻ സ്നേഹത്തോടെ ശാസിച്ചു. ’നിന്റെ കണ്ണു കഴച്ചുപോകും!‘ എന്നിട്ടയാൾ നായയെ എടുത്ത് കിഴവിയുടെ കുപ്പായത്തിലിരുത്തി. പക്ഷേ പെട്ടിയിലുള്ള വെള്ളിനാണയങ്ങൾ കണ്ടപ്പോൾ അയാൾ ചെമ്പുനാണയങ്ങളെല്ലാം വാരിക്കളഞ്ഞിട്ട് കീശയും മാറാപ്പും വെള്ളിത്തുട്ടുകൾ വാരിനിറച്ചു. പിന്നെ അയാൾ ചെന്ന് മൂന്നാമത്തെ മുറിയും തുറന്നു. അമ്പമ്പോ! അവിടെക്കണ്ട കാഴ്ച! അവിടിരിക്കുന്ന നായയ്ക്ക് ശരിക്കും കൂറ്റൻ ഗോപുരങ്ങളുടെയത്രയും വലിപ്പമുള്ള കണ്ണുകളാണുണ്ടായിരുന്നത്; ചക്രങ്ങൾ പോലെ തിരിയുകയുമാണവ!

‘നമസ്കാരമുണ്ട്!’ പട്ടാളക്കാരൻ ഭവ്യതയോടെ പറഞ്ഞുപോയി; കാരണം ഇങ്ങനെയൊരു നായയെ അയാൾ ആദ്യമായിട്ടാണു കാണുന്നത്. കുറച്ചു നേരം അങ്ങനെ അന്തം വിട്ടു നോക്കിനിന്നിട്ട് അയാൾ തന്നെത്താൻ പറഞ്ഞു: ‘നോക്കിയതത്ര മതി.’ എന്നിട്ടയാൾ നായയെ എടുത്ത് തറയിൽ ഇരുത്തിയിട്ട് ചെന്നു പെട്ടി തുറന്നു. ദൈവമേ! അയാളുടെ കണ്ണു മഞ്ഞളിച്ചുപോയി. എന്തു മാത്രം സ്വർണ്ണമാണ്‌ അതിലുണ്ടായിരുന്നതെന്നോ! കോപ്പൻഹേഗൻ വിലയ്ക്കു വാങ്ങാൻ അതു മതി. ബാക്കിയുള്ളതിന്റെ ഒരംശം കൊണ്ട് ലോകത്തെ സകല പലഹാരക്കടകളും കളിപ്പാട്ടക്കടകളും ഒഴിച്ചെടുക്കുകയും ചെയ്യാം. അതെ, അത്രയധികം പണമാണ്‌ അയാളുടെ മുന്നിൽ കിടക്കുന്നത്! പട്ടാളക്കാരൻ എന്തു ചെയ്തു, കീശയിൽ നിന്നും മാറാപ്പിൽ നിന്നും വെള്ളിനാണയങ്ങളൊക്കെ വാരിക്കളഞ്ഞിട്ട് രണ്ടും നിറയെ സ്വർണ്ണം കുത്തിനിറച്ചു. എന്തിന്‌, തന്റെ തൊപ്പിയും ബൂട്ടും കൂടി അയാൾ സ്വർണ്ണം കൊണ്ടു നിറച്ചു! അയാൾക്കു നടക്കാൻ തന്നെ പ്രയാസമായി. പക്ഷേ ഇപ്പോൾ പണക്കാരനാണയാൾ. അയാൾ നായയെ പെട്ടിയുടെ മേൽ ഇരുത്തിയിട്ട് വാതിലുമടച്ച് പുറത്തു വന്നു; എന്നിട്ടയാൾ മുകളിലേക്കു നോക്കി വിളിച്ചുപറഞ്ഞു, ‘എന്നെ വലിച്ചുകേറ്റ്, കിഴവീ!’

‘നീയാ തീപ്പെട്ടിയെടുത്തോ?’ കിഴവി ചോദിച്ചു.

‘ഓ, ഞാൻ അതിന്റെ കാര്യമേ മറന്നുപോയി!’ പട്ടാളക്കാരൻ പോയി അതെടുത്തുകൊണ്ടു വന്നു. കിഴവി അയാളെ മരത്തിനുള്ളിൽ നിന്നു വലിച്ചുകേറ്റി. ഇപ്പോൾ അയാൾ രാജപാതയിൽ നില്ക്കുന്നത് കീശയും മാറാപ്പും തൊപ്പിയും ബൂട്ടും നിറയെ സ്വർണ്ണനാണയങ്ങളുമായിട്ടാണ്‌!.

‘ആ തീപ്പെട്ടി കൊണ്ട് എന്തു ചെയ്യാൻ പോകുന്നു?’ പട്ടാളക്കാരൻ ചോദിച്ചു.

‘അതൊന്നും നീ അറിയേണ്ട!’ കിഴവി ദേഷ്യപ്പെട്ടു. ‘നിനക്കാവശ്യമുള്ള പണം കിട്ടിയല്ലോ. ആ തീപ്പെട്ടി എനിക്കു തന്നേക്ക്!’

‘വേല കൈയിലിരിക്കട്ടെ!’ പട്ടാളക്കാരൻ പറഞ്ഞു. ‘അതു കൊണ്ടെന്തു ചെയ്യാൻ പോകുന്നുവെന്നു വേഗം പറഞ്ഞോ, ഇല്ലെങ്കിൽ ഈ വാളു കൊണ്ടു ഞാൻ നിന്റെ തല അരിഞ്ഞുകളയും!’

‘പറയില്ല!’ കിഴവി വാശി പിടിച്ചു. ഉടനേ പട്ടാളക്കാരൻ വാളു വലിച്ചൂരി അവളുടെ തല വെട്ടിക്കളയുകയും ചെയ്തു. കിഴവിയുടെ കാര്യം അങ്ങനെ കഴിഞ്ഞു! അയാൾ അവരുടെ കുപ്പായത്തിൽ പണമൊക്കെ വാരിയിട്ടുകെട്ടി തോളത്തേറ്റി, തീപ്പെട്ടിയും പോക്കറ്റിലിട്ട് നേരേ നഗരത്തിനു നേർക്കു നടന്നു.

നഗരത്തിന്റെ സൌന്ദര്യത്തെയും സമൃദ്ധിയെയും കുറിച്ചെന്തു പറയാൻ! അയാൾ അവിടത്തെ ഏറ്റവും നല്ല സത്രം തിരഞ്ഞുപിടിച്ച് അതിലെ ഏറ്റവും നല്ല മുറിയിൽ തന്നെ താമസമാക്കി. തനിക്കിഷ്ടപ്പെട്ട ഏറ്റവും മുന്തിയ ആഹാരത്തിനും അയാൾ ഏർപ്പാടു ചെയ്തു. കാരണം ഇത്രയധികം പണമുള്ള സ്ഥിതിയ്ക്ക് അയാൾ ആളൊരു ധനികൻ തന്നെയാണല്ലോ! അയാളുടെ ചെരുപ്പു തുടയ്ക്കാൻ വന്ന പയ്യനു പക്ഷേ അവയുടെ സ്ഥിതി അത്ര പിടിച്ചില്ല. ഇത്ര പണക്കാരനായ ഒരു മാന്യന്‌ കുറച്ചു കൂടി നല്ല ചെരുപ്പുകളാവാം. പട്ടാളക്കാരൻ അടുത്ത ദിവസം തന്നെ പോയി മുന്തിയ ചെരുപ്പുകളും വസ്ത്രങ്ങളും വാങ്ങി. ഇപ്പോൾ അയാൾ ശരിക്കുമൊരു മാന്യനായിരിക്കുന്നു. തങ്ങളുടെ നഗരത്തിലെ വിശേഷങ്ങളെക്കുറിച്ച് ആളുകൾ അയാളോടു വിസ്തരിച്ചു: തങ്ങളുടെ രാജാവിനെക്കുറിച്ച്, അതിസുന്ദരിയായ രാജകുമാരിയെക്കുറിച്ച്.


‘രാജകുമാരിയെ കാണാൻ പറ്റുമോ?’ പട്ടാളക്കാരൻ ചോദിച്ചു.

‘രാജകുമാരിയെ കാണാനേ പറ്റില്ല,’ ആളുകൾ പറഞ്ഞു. ‘ഒരുപാടു ചുറ്റുമതിലുകളും ഗോപുരങ്ങളും കിടങ്ങുകളുമുള്ള വലിയൊരു ചെമ്പുകൊട്ടാരത്തിലാണ്‌ രാജകുമാരി താമസിക്കുന്നത്. രാജാവു മാത്രമേ അതിനുള്ളിലേക്കു കടക്കാറുള്ളു. രാജകുമാരി വെറുമൊരു പട്ടാളക്കാരനെ വിവാഹം കഴിക്കുമെന്നാണ്‌ ജാതകത്തിൽ എഴുതിയിരിക്കുന്നത്; രാജാവിന്‌ അതിഷ്ടവുമല്ല.’

‘എന്തായാലും ആ രാജകുമാരിയെ എനിക്കൊന്നു കാണണം,’ പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു; പക്ഷേ അതിനൊരു വഴി വേണ്ടേ!

നാടകങ്ങൾ കണ്ടും നഗരോദ്യാനങ്ങളിൽ ഉലാത്തിയും പാവങ്ങൾക്കു കണ്ടമാനം ദാനധർമ്മങ്ങൾ ചെയ്തും പട്ടാളക്കാരന്റെ നാളുകൾ സോല്ലാസം കടന്നുപൊയ്ക്കൊണ്ടിരുന്നു. പാവങ്ങളെ അയാൾ കൈയയച്ചു സഹായിക്കാതിരിക്കുന്നതെങ്ങനെ? താൻ പട്ടിണി കിടന്നിരുന്ന ഒരു കാലത്തെക്കുറിച്ച് അയാൾക്കു നല്ല ഓർമ്മയുണ്ടായിരുന്നു! അയാൾ ഇപ്പോൾ പണക്കാരനാണ്‌! ധരിക്കാൻ പുതുപുതു വസ്ത്രങ്ങൾ, കൂടെ നടക്കാൻ എപ്പോഴും കൂട്ടുകാർ; എല്ലാവർക്കും ഒരേ അഭിപ്രായം തന്നെ: എത്ര നല്ല ഒരാളാണദ്ദേഹം! ശരിക്കും ഒരു കുതിരപ്പടയാളി! ആ പുകഴ്ത്തൽ കേൾക്കുന്നതിൽ പട്ടാളക്കാരനും വിരോധമേതുണ്ടായില്ല. പക്ഷേ ഓരോ ദിവസവും ഓണം കൈയിൽ നിന്നു പോകുന്നതല്ലാതെ ഒരു ചില്ലിക്കാശു പോലും തിരിച്ചുവരാതായപ്പോൾ പെട്ടെന്നൊരു ദിവസം അയാളുടെ കൈയിൽ ശേഷിച്ചത് രണ്ടു ചെമ്പുതുട്ടുകൾ മാത്രമായി. അങ്ങനെ അയാൾക്ക് താൻ അന്നേ വരെ താമസിച്ച സുഖമ്പൂർണ്ണമായ മുറി ഉപേക്ഷിച്ച് മച്ചുമ്പുറത്തെ കുടുസ്സുമുറിയിലേക്ക് താമസം മാറ്റേണ്ടിവന്നു; സ്വന്തം ചെരുപ്പ് താൻ തന്നെ തുന്നിക്കൂട്ടേണ്ടിയും വന്നു. ഒറ്റച്ചങ്ങാതി പോലും അയാളെ കാണാനെത്തിയില്ല; അതെങ്ങനെ, എത്ര പടി കയറിവേണം, അയാളുടെ മുറിയിലെത്താൻ!

അങ്ങനെയൊരു ദിവസം രാത്രിയിൽ ഒരു മെഴുകുതിരി പോലും വാങ്ങാൻ പാങ്ങില്ലാതെ കുറ്റിരുട്ടത്തിരിക്കുകയാണയാൾ. പെട്ടെന്നയാൾക്ക് താൻ മരത്തിന്റെ പൊത്തിനുള്ളിൽ നിന്നെടുത്ത തീപ്പെട്ടിയിൽ ചെറിയൊരു കഷണം മെഴുകുതിരി ബാക്കിയുള്ളതോർമ്മ വന്നു. അയാൾ മെഴുകുതിരി കത്തിക്കാനായി തീപ്പെട്ടി ഒന്നുരച്ചതും വാതിൽ മലർക്കെത്തള്ളിത്തുറന്ന് മരത്തിനുള്ളിൽ താനന്നു കണ്ട കിണ്ണം പോലത്തെ കണ്ണുകളുള്ള നായ മുന്നിൽ പ്രത്യക്ഷനായി. ‘ഞാൻ എന്തു വേണം, യജമാനനേ?’ നായ ചോദിച്ചു.

‘ഇതെന്തു സംഗതി!’ പട്ടാളക്കാരൻ അത്ഭുതം കൊണ്ടു. ‘ഇഷ്ടമുള്ളതൊക്കെ കിട്ടുമെങ്കിൽ ഈ തീപ്പെട്ടി കൊള്ളാമല്ലോ! എനിക്കു കുറച്ചു പണം വേണം!’ അയാൾ നായയോടു പറഞ്ഞു. അതാ, നായ പൊയ്ക്കഴിഞ്ഞു. അതാ, നായ വന്നും കഴിഞ്ഞു! ഒരു മടിശ്ശീല കടിച്ചെടുത്തുകൊണ്ടാണ്‌ അവന്റെ വരവ്!

ആ തീപ്പെട്ടിയുടെ അത്ഭുതശക്തി ഇപ്പോഴയാൾക്കു മനസ്സിലായി: തീപ്പെട്ടി ഒരു തവണ ഉരച്ചാൽ ചെമ്പുപണപ്പെട്ടിയുടെ മേലിരിക്കുന്ന നായ ഓടിയെത്തും; രണ്ടു തവണയാണുരക്കുന്നതെങ്കിൽ വെള്ളിപ്പണപ്പെട്ടിയുടെ നായയാണ്‌ ഓടിവരിക; മൂന്നു തവണ ഉരച്ചാലാകട്ടെ, സ്വർണ്ണനിധി കാക്കുന്ന നായ തന്നെ മുന്നിലെത്തും. പട്ടാളക്കാരൻ വീണ്ടും ആ പഴയ സുഖസുന്ദരമായ മുറിയിലേക്കു താമസം മാറ്റി; അയാൾ വീണ്ടും മോടിയുള്ള വേഷം ധരിച്ചു; അതോടെ കൂട്ടുകാർക്ക് അയാളെ വീണ്ടും കണ്ടാൽ മനസ്സിലാകുമെന്നുമായി. അവർക്കയാളെ എന്തു കാര്യമായിരുന്നെന്നോ!

അങ്ങനെ പോകെ ഒരു ദിവസം പട്ടാളക്കാരന്റെ ചിന്ത ഇങ്ങനെ പോയി: ‘ആരും രാജകുമാരിയെ കണ്ടുപോകരുതെന്നത് വല്ലാത്തൊരേർപ്പാടാണല്ലോ. ആ രാജകുമാരി വലിയ സുന്ദരിയാണെന്നാണു സംസാരവും. എന്നിട്ടു പക്ഷേ കെട്ടിപ്പൊക്കിയ ഒരു ചെമ്പുകൊട്ടാരത്തിൽ അവൾ ഒറ്റയ്ക്കിരിക്കണമെന്നു വന്നാലോ! എനിക്കവളെ ഒന്നു കാണാൻ കൂടി പറ്റില്ലേ? എവിടെ എന്റെ തീപ്പെട്ടി?‘ അയാൾ അതൊന്നുരച്ചു. അതാ, കിണ്ണം പോലത്തെ കണ്ണുകളുള്ള നായ മുന്നിൽ നില്ക്കുന്നു!

’നടുപ്പാതിരയാണെന്നറിയാം,‘ ക്ഷമാപണസ്വരത്തിൽ പട്ടാളക്കാരൻ പറഞ്ഞു, ’എന്നാലും എനിക്കാ രാജകുമാരിയെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു; ഒരു നിമിഷത്തേക്കു മതി.‘

നൊടിയിടയിൽ നായ മറഞ്ഞുകഴിഞ്ഞു. താൻ എന്താണു പറഞ്ഞതെന്ന് പട്ടാളക്കാരന്‌ ഓർമ്മ വരും മുമ്പേ അത് രാജകുമാരിയെ അയാളുടെ മുന്നിലെത്തിച്ചുകഴിഞ്ഞു! നായയുടെ പുറത്തു കിടന്ന് നല്ല ഉറക്കമായിരുന്നു രാജകുമാരി. ഇതൊരു യഥാർത്ഥരാജകുമാരി തന്നെ എന്ന് ആരും പറഞ്ഞുപോകുന്ന തരത്തിൽ അത്ര സുന്ദരിയുമായിരുന്നു അവൾ. പട്ടാളക്കാരനു സ്വയം നിയന്ത്രിക്കാനായില്ല. അയാൾ അവളുടെ മുഖത്തു ഒരുമ്മ കൊടുത്തു: അയാളും ഒരു യഥാർത്ഥപട്ടാളക്കാരനായിരുന്നല്ലൊ.

The_Tinder_Box_2

പിന്നെ നായ രാജകുമാരിയേയും കൊണ്ട് തിരിച്ചോടിപ്പോയി. പക്ഷേ പിറ്റേന്നു കാലത്ത് രാജാവും റാണിയുമൊത്ത് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രാജകുമാരി താൻ തലേ രാത്രി കണ്ട വിശേഷപ്പെട്ട സ്വപ്നത്തെക്കുറിച്ച് അവരോടു പറഞ്ഞു; ഒരു നായ തന്നെ എടുത്തുകൊണ്ടോടുന്നതും ഒരു പട്ടാളക്കാരൻ തന്നെ ചുംബിച്ചതുമായിരുന്നു ആ സ്വപ്നം.

’കഥ വിശേഷം തന്നെ!‘ റാണി പറഞ്ഞു.

രാജകുമാരിക്കു കൂട്ടിരിക്കാൻ അവർ വൃദ്ധയായ ഒരു ആയയെ ഏർപ്പാടാക്കി; ഇതു സ്വപ്നമാണോ മറ്റു വല്ലതുമാണോ എന്നൊന്നറിയണമല്ലൊ.

പിറ്റേന്നു രാത്രിയും പട്ടാളക്കാരന്‌ രാജകുമാരിയെ കാണണമെന്ന ആശയായി; അന്നും നായ പോയി അവളെയുമെടുത്തു പാഞ്ഞു. എന്നാൽ അവൾക്കു കൂട്ടിരുന്ന ആയയും വിട്ടില്ല; അവരും നായയുടെ പിന്നാലെ പോയി. നായ രാജകുമാരിയേയും കൊണ്ട് വലിയൊരു കെട്ടിടത്തിലേക്കു മറയുന്നതു കണ്ടപ്പോൾ അവർ ഒരു കഷണം ചോക്കെടുത്ത് വാതിന്മേൽ വലിയൊരു കുരിശു വരച്ചിട്ടു. എന്നിട്ടവർ കൊട്ടാരത്തിൽ പോയിക്കിടന്നുറങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ നായ രാജകുമാരിയെ തിരിയെ കൊണ്ടുകിടത്തുകയും ചെയ്തു. പക്ഷേ പട്ടാളക്കാരൻ താമസിക്കുന്ന കെട്ടിടത്തിന്റെ വാതില്ക്കൽ ഒരു കുരിശു വരച്ചിട്ടിരിക്കുന്നതു കണ്ടപ്പോൾ നായ എന്തു ചെയ്തു, അതും ഒരു ചോക്കെടുത്ത് സകല വീടുകളുടെയും വാതിലിന്മേൽ ഓരോ കുരിശു വരച്ചിട്ടു! ഇനിയെങ്ങനെ ആ സ്ത്രീ പട്ടാളക്കാരന്റെ വീടു കണ്ടുപിടിക്കുമെന്നറിയണമല്ലൊ!

അടുത്ത ദിവസം അതിരാവിലെ രാജാവും റാണിയും ആയയും പരിവാരങ്ങളും കൂടി രാജകുമാരി എവിടെയായിരുന്നു എന്നു കണ്ടുപിടിക്കാനിറങ്ങി.

‘അതാ, അവിടെ!’ കുരിശു വരച്ചിരുന്ന ആദ്യത്തെ വാതിൽ കണ്ടപ്പോൾ രാജാവു വിളിച്ചുപറഞ്ഞു.

‘അവിടെയല്ല, ഇവിടെ,’ രണ്ടാമത്തെ വാതിലിൽ കുരിശു കണ്ട രാജ്ഞി പറഞ്ഞു.

‘അല്ല, ഇവിടെയുണ്ട്, അവിടെയുണ്ട്!’ എല്ലാവരും കൂടി വിളിച്ചുപറഞ്ഞു. കാണുന്ന വാതിലിലൊക്കെ ഒരു കുരിശുണ്ടു വരച്ചിട്ടിരിക്കുന്നു! ഇനി എന്തു തിരച്ചിൽ നടത്തിയിട്ടും ഫലമില്ലെന്ന് എല്ലാവർക്കും മനസ്സിലായി.

രാജ്ഞി പക്ഷേ, ബുദ്ധിയുള്ള കൂട്ടത്തിലായിരുന്നു; രാജാവിനൊപ്പം തേരിൽ കയറി സഞ്ചരിക്കാൻ മാത്രമല്ല, അതിനപ്പുറമുള്ള ചില കാര്യങ്ങളും അവർക്കറിയാമായിരുന്നു. അവർ തന്റെ സ്വർണ്ണക്കത്രികയെടുത്ത് പട്ടുതുണിയിൽ ഒരു കുഞ്ഞുസഞ്ചി തുന്നിയുണ്ടാക്കി. എന്നിട്ട് അതിൽ ഗോതമ്പുമാവു നിറച്ച് അവരതു രാജകുമാരിയുടെ വസ്ത്രത്തിൽ തുന്നിച്ചേർത്തു; സഞ്ചിയിൽ ചെറിയൊരു ദ്വാരമിട്ടിരുന്നുവെന്നു പറയേണ്ടല്ലൊ. ഇനി രാജകുമാരി എവിടെപ്പോയാലും അവൾ പോയ വഴി കണ്ടുപിടിക്കാവുന്നതേയുള്ളു.

അന്നു രാത്രിയിലും നായ വന്ന് രാജകുമാരിയെ പൊക്കിയെടുത്ത് പട്ടാളക്കാരന്റെയടുക്കൽ കൊണ്ടാക്കി. അയാൾക്ക് അവളോടു പ്രേമമായിക്കഴിഞ്ഞിരുന്നു. അവളെ വിവാഹം കഴിക്കാൻ രാജകുമാരനാകണമെന്നുണ്ടെങ്കിൽ അതിനെന്തു ത്യാഗം സഹിക്കാനും അയാൾ തയാറായിരുന്നു.

കൊട്ടാരത്തിൽ നിന്ന് പട്ടാളക്കാരൻ താമസിക്കുന്ന മുറിയുടെ ജനാല വരെ ഗോതമ്പുമാവു വീണു കിടക്കുന്നത് നായയുടെ ശ്രദ്ധയിൽ പെടാതെപോയി. രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ രാജാവിനും രാജ്ഞിക്കും വ്യക്തമായി, തങ്ങളുടെ മകൾ രാത്രിയിൽ എവിടെയായിരുന്നുവെന്ന്. അവർ പട്ടാളക്കാരനെ പിടികൂടി തടവറയിലടച്ചു. ഹൊ, എന്തൊരു തണുപ്പും ഇരുട്ടുമായിരുന്നു അതിനുള്ളിൽ! ‘നാളെ തന്നെ തൂക്കിക്കൊല്ലാൻ പോവുകയാണ്‌!’ അവർ അയാളോടു പറഞ്ഞു. അതത്ര കേൾക്കാൻ സുഖമുള്ള കാര്യവുമല്ലല്ലൊ. അയാളാകട്ടെ, തീപ്പെട്ടിയെടുക്കാൻ മറന്നും പോയി. രാവിലെ തടവറയുടെ തറയോടു ചേർന്നുള്ള കൊച്ചുജനാലയുടെ കമ്പിയഴികൾക്കിടയിലൂടെ നോക്കുമ്പോൾ തന്നെ തൂക്കിക്കൊല്ലുന്നതു കാണാനുള്ള ഔത്സുക്യത്തോടെ ആളുകൾ കൂട്ടം കൂട്ടമായി തിരക്കിട്ടു നടന്നുപോകുന്നത്  അയാൾ കണ്ടു. പെരുമ്പറ മുഴങ്ങുന്നത് അയാൾ കേട്ടു; പട്ടാളക്കാർ മാർച്ചുചെയ്തു പോകുന്നതയാൾ കണ്ടു. എല്ലാവരും തിരക്കിലാണ്‌; അക്കൂട്ടത്തിൽ ഒരു ചെരുപ്പുകുത്തിയുടെ പണിക്കാരൻ പയ്യൻ വള്ളിച്ചെരുപ്പുമിട്ടോടിപ്പോകുന്നതും അയാൾ കണ്ടു. ഓട്ടത്തിനിടയിൽ അവന്റെ ചെരുപ്പിലൊന്ന് ഊരിപ്പോയി വന്നുവീണത് പട്ടാളക്കാരൻ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അതേ ജനാലയുടെ തൊട്ടടുത്ത്.

The_Tinder_Box_3

‘ഹേയ്, പയ്യൻ, ഇത്ര വേഗം പോയിട്ടു കാര്യമൊന്നുമില്ല!’ പട്ടാളക്കാരൻ അവനോടായി വിളിച്ചുപറഞ്ഞു. ‘ഞാൻ അവിടെയെത്താതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതിനു മുമ്പ് നീ എന്റെ മുറിയിൽ പോയി എന്റെ തീപ്പെട്ടിയെടുത്തുകൊണ്ടു വരാമെങ്കിൽ ഞാൻ നിനക്കു നാലു വെള്ളിക്കാശു തരാം. പക്ഷേ ഒന്നു വേഗം വേണം.’ നാലു വെള്ളിക്കാശു കിട്ടുന്നതിൽ പയ്യനു സന്തോഷമേ ഉണ്ടായിരുന്നുള്ളു. അവൻ ഒറ്റയോട്ടത്തിനു പട്ടാളക്കാരന്റെ മുറിയിൽ പോയി തീപ്പെട്ടിയെടുത്തുകൊണ്ടു വന്ന് അയാൾക്കു കൊടുത്തു. പിന്നീടു നടന്നതിതാണ്‌:

നഗരത്തിനു വെളിയിലായി വലിയൊരു തൂക്കുമരം പണിതുയർത്തിയിരുന്നു; അതിനു ചുറ്റുമായി പട്ടാളക്കാരും കാഴ്ച കാണാൻ വന്ന ജനക്കൂട്ടവും. മനോഹരമായ ഒരു സിംഹാസനത്തിൽ രാജാവും റാണിയും ഉപവിഷ്ടരായിരിക്കുന്നു; അവർക്കു തൊട്ടു താഴെയുള്ള ഇരിപ്പിടങ്ങളിൽ രാജസദസ്യരും ന്യായാധിപനും. പട്ടാളക്കാരനെ തൂക്കുമരത്തിൽ കയറ്റിനിർത്തിക്കഴിഞ്ഞിരിക്കുന്നു. കൊലക്കയർ കഴുത്തിലേക്കിടുന്നതിനു മുമ്പ് അയാൾ ഒരപേക്ഷ മുന്നോട്ടു വച്ചു- അതെ ഏതു ദുഷ്ടന്റെയും ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് അവന്റെ ചെറിയൊരാഗ്രഹം നിവർത്തിച്ചുകൊടുക്കുക എന്നൊരു കീഴ്വഴക്കമുള്ളതാണല്ലൊ- ഒന്നു പുകവലിക്കാൻ തന്നെ അനുവദിക്കണം. താൻ ഏതായാലും ഇനിമേൽ പുകവലിക്കാൻ പോകുന്നില്ലല്ലൊ!

ആ ചെറിയ ആഗ്രഹം സമ്മതിച്ചുകൊടുക്കാതിരിക്കാൻ രാജാവിനു മനസ്സു വന്നില്ല. പട്ടാളക്കാരൻ തീപ്പെട്ടിയെടുത്തുരച്ചു: ഒന്ന്! രണ്ട്! മൂന്ന്! അതാ വന്നുനില്ക്കുന്നു, മൂന്നും നായ്ക്കളുമൊരുമിച്ച്- കിണ്ണം പോലത്തെ കണ്ണുകളുള്ള ഒന്നാമത്തെ നായ, തിരികല്ലു പോലത്തെ കണ്ണൂകളുള്ള രണ്ടാമത്തെ നായ, ഗോപുരം പോലത്തെ കണ്ണുകളുള്ള മൂന്നാമത്തെ നായയും.

‘എന്നെ തൂക്കിലിടാതിരിക്കാൻ ഒന്നു സഹായിക്ക്!’ പട്ടാളക്കാരൻ നായ്ക്കളോടു പറഞ്ഞു. അതു കേട്ടതും, നായ്ക്കൾ ന്യായാധിപന്റെയും രാജസദസ്യരുടെയും മേൽ ചാടിവീണ്‌ ചിലരെ കാലിനും ചിലരെ മൂക്കിനും കടിച്ചെടുത്ത് തൂക്കീയെറിഞ്ഞു; അവർ മൈലുകൾ ദൂരെപ്പോയി താഴെ വീണു ചിതറി.

‘അരുത്!’ രാജാവു പറഞ്ഞു; അപ്പോഴേക്കും നായ്ക്കളിൽ വമ്പൻ രാജാവിനെയും രാജ്ഞിയെയും കടിച്ചെടുത്ത് തൂക്കിയെറിഞ്ഞിരുന്നു. പട്ടാളക്കാർ ആകെ പേടിച്ചു; നഗരവാസികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു: ‘പട്ടാളക്കാരാ, താങ്കൾ തന്നെ ഞങ്ങളുടെ രാജാവ്! സുന്ദരിയായ രാജകുമാരിയും താങ്കൾക്ക്!’

അവർ പട്ടാളക്കാരനെ രാജാവിന്റെ തേരിലിരുത്തി കൊട്ടാരത്തിലേക്കു യാത്രയായി. കുരച്ചും തുള്ളിക്കളിച്ചും കൊണ്ട് മൂന്നു നായ്ക്കളും മുന്നിൽത്തന്നെയുണ്ടായിരുന്നു. കുട്ടികൾ വിരൽ വായിൽ തിരുകി ചൂളമടിക്കുകയും പട്ടാളക്കാർ ആഘോഷമായി കവാത്തു നടത്തുകയും ചെയ്തു. രാജകുമാരി ചെമ്പുകൊട്ടാരത്തിൽ നിന്നു പുറത്തു വന്നു; പട്ടാളക്കാരൻ അവളെ തന്റെ റാണിയാക്കി; അവൾക്കത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. കല്യാണവിരുന്ന് എട്ടു ദിവസം നീണ്ടുനിന്നു; എല്ലാവരെയും നോക്കി കണ്ണുരുട്ടിക്കൊണ്ട് പന്തിയിൽ മുമ്പന്മാരായി ആ മൂന്നു നായ്ക്കളുമുണ്ടായിരുന്നു.
(1835)


Images from Wikimedia Commons

Sunday, November 23, 2014

ഹാൻസ് ആൻഡേഴ്സൻ - നില വിടാത്ത പടയാളി

tin_sold


ഒരിക്കൽ ഒരിടത്ത് ഇരുപത്തഞ്ചു തകരപ്പട്ടാളക്കാരുണ്ടായിരുന്നു; എല്ലാവരും സഹോദരങ്ങളുമായിരുന്നു. അതെങ്ങനെയെന്നാൽ പഴയൊരു തകരക്കരണ്ടിയിൽ നിന്നാണ്‌ എല്ലാവരും ഉണ്ടായത്. തോക്കും തോളത്തു വച്ച്, നേരേ മുന്നിലേക്കു നോക്കി അവർ നിന്നു. നീലയും ചുവപ്പും നിറമുള്ള അവരുടെ കുപ്പായമാവട്ടെ, അതിമനോഹരവുമായിരുന്നു. തങ്ങളെ ഇട്ടിരിക്കുന്ന പെട്ടിയുടെ മൂടി തുറന്നപ്പോൾ ഒരു കുട്ടി ആർത്തുവിളിക്കുന്നത് അവർ കേട്ടു. ‘തകരപ്പട്ടാളക്കാർ!’ ഈ ലോകത്തേക്കു വരുമ്പോൾ അവർ ആദ്യമായി കേൾക്കുന്ന വാക്കുകൾ അതായിരുന്നു. ഒരു കൊച്ചുകുട്ടിയാണ്‌ കൈ കൊട്ടിക്കൊണ്ട് അങ്ങനെ വിളിച്ചുപറഞ്ഞത്. അവനു പിറന്നാൾ സമ്മാനമായി കിട്ടിയതാണവരെ. അവൻ അവരെ മേശപ്പുറത്തു നിരത്തിനിർത്തി. എല്ലാവരും കാണാൻ ഒരുപോലിരുന്നു. ഒരാൾ മാത്രം അല്പം വ്യത്യസ്തനായിരുന്നു: അയാൾക്ക് ഒരു കാലേ ഉണ്ടായിരുന്നുള്ളു; കാരണം അയാളെ വാർത്തെടുക്കുമ്പോഴേക്കും തകരം തീർന്നുപോയിരുന്നു. എന്നാൽക്കൂടി മറ്റുള്ളവർ രണ്ടു കാലിൽ ഉറച്ചുനിൽക്കുന്നതു പോലെ ഈ പട്ടാളക്കാരൻ തന്റെ ഒറ്റക്കാലിൽ ഉറച്ചുനിൽക്കുകയായിരുന്നു; ഈ പട്ടാളക്കാരനത്രേ, നമ്മുടെ കഥയ്ക്കു കാരണമായതും.

അവർ നിരന്നുനിൽക്കുന്ന മേശപ്പുറത്ത് മറ്റനേകം കളിപ്പാട്ടങ്ങളുമുണ്ടായിരുന്നു. അവയിലൊക്കെ കേമം ഭംഗിയുള്ള ഒരു കടലാസ്സുകൊട്ടാരമായിരുന്നു. കുഞ്ഞുജനാലകൾക്കുള്ളിലൂടെ നോക്കിയാൽ അകത്തെ വിശാലമായ മുറികൾ കാണാം. കൊട്ടാരമുറ്റത്ത് ചില്ലുകഷണം കൊണ്ടുള്ള ഒരു തടാകം; അതിനു ചുറ്റും കുഞ്ഞുകുഞ്ഞുമരങ്ങൾ; മെഴുകു കൊണ്ടുള്ള അരയന്നങ്ങൾ തടാകത്തിൽ നീന്തിനടക്കുന്നുണ്ട്. എത്ര മനോഹരമാണെല്ലാം! പക്ഷേ അതിലൊക്കെ വച്ച് ഏറ്റവും മനോഹരം കൊട്ടാരത്തിന്റെ തുറന്ന വാതിൽക്കൽ നിൽക്കുന്ന ഒരു യുവതിയായിരുന്നു. അവളെയും കടലാസ്സിൽ വെട്ടിയുണ്ടാക്കിയതു തന്നെ; പക്ഷേ അവൾ ധരിച്ചിരിക്കുന്നത് എത്രയും നേർത്ത പട്ടുതുണിയാണ്‌; കഴുത്തിൽ ഒരു പട്ടുനാടയും ചുറ്റിയിരിക്കുന്നു; നാടയുടെ നടുക്ക് അവളുടെ മുഖത്തിന്റെയത്രയും വലിപ്പത്തിൽ, തിളക്കമുള്ള ഒരു പതക്കവും കാണാം. ഇരുകൈകളും നീട്ടിപ്പിടിച്ചു നിൽക്കുകയാണ്‌ ആ സുന്ദരി. ഒരു നർത്തകിയാണവൾ; പെരുവിരലൂന്നി, ഒരു കാൽ വായുവിലെറിഞ്ഞ് ഒരു നൃത്തച്ചുവടു വച്ചു നിൽക്കുകയാണവൾ. അവളുടെ നില കണ്ടിട്ട് അവൾക്കും തന്നെപ്പോലെ ഒരു കാലേയുള്ളുവെന്നാണ്‌ നമ്മുടെ പട്ടാളക്കാരനു തോന്നിയത്.

‘എനിക്കു ഭാര്യയാകേണ്ടവളാണവൾ!’  അയാൾ മനസ്സിൽ പറഞ്ഞു. ‘പക്ഷേ സമ്പന്നയും കുലീനകുലജാതയുമല്ലേ അവൾ. അവൾക്കു ജീവിക്കാൻ കൊട്ടാരമുള്ളപ്പോൾ എനിക്കൊരു പെട്ടിയേയുള്ളു; അതും ഇരുപത്തഞ്ചു പേർക്കു കൂടി ഒരു പെട്ടി- അവൾക്കു പറ്റിയ സ്ഥലമല്ലത്. എന്നാലും എങ്ങനെയെങ്കിലും അവളെയൊന്നു പരിചയപ്പെടണം.’ അയാൾ മേശപ്പുറത്തുണ്ടായിരുന്ന ഒരു പൊടിഡപ്പിയുടെ പിന്നിൽ നിന്ന് എത്തിവലിഞ്ഞുനോക്കി. അയാൾക്കിപ്പോൾ ആ പ്രഭുകുമാരിയെ നേർക്കുനേർ കാണാം; നില തെറ്റാതെ ഒറ്റക്കാലിൽ നിൽക്കുകയാണവൾ.

രാത്രിയായപ്പോൾ മറ്റു പട്ടാളക്കാർ പെട്ടിയിൽ പോയി കിടന്നു; വീട്ടുകാർ ഉറങ്ങാനും പോയി. അപ്പോഴാണ്‌ കളിപ്പാട്ടങ്ങൾ തങ്ങളുടെ വക കളി തുടങ്ങുനത്- അവർ വിരുന്നു പോകാനും തമ്മിൽ പോരടിക്കാനും നൃത്തം ചെയ്യാനുമൊക്കെ തുടങ്ങി. തകരപ്പട്ടാളക്കാർ പെട്ടിക്കുള്ളിൽ കിടന്ന് ഒച്ചയുണ്ടാക്കി; പക്ഷേ മൂടിയുള്ളതു കാരണം അവർക്ക് പുറത്തേക്കു വരാൻ പറ്റിയില്ല. അടയ്ക്കാവെട്ടി തലകുത്തി മറിഞ്ഞു; സ്ലേറ്റുപെൻസിൽ സ്ലേറ്റിൽ വികടത്തരങ്ങൾ എഴുതിനിറച്ചു; ഒച്ചപ്പാടു കേട്ടുറക്കം ഞെട്ടിയ ഒരു മൈന എഴുന്നേറ്റിരുന്ന് ചറപറാ സംസാരവും തുടങ്ങി- അതോ പദ്യത്തിലും! ഒരനക്കവുമില്ലാതെ നിന്നതു രണ്ടു പേർ മാത്രമായിരുന്നു, തകരപ്പട്ടാളക്കാരനും കൊച്ചുനർത്തകിയും. ഇരുകൈകകളും നീട്ടിപ്പിടിച്ച് പെരുവിരലൂന്നി നിൽക്കുകയാണവൾ; അതുപോലെ തന്നെ ഒറ്റക്കാലിൽ നില വിടാതെ നിൽക്കയാണയാൾ, അവളിൽ നിന്നു കണ്ണെടുക്കാതെ.

മണി പന്ത്രടിച്ചു. ഠപ്പേ! പൊടിഡപ്പിയുടെ മൂടി തുറന്നു; പക്ഷേ അതിനുള്ളിൽ നിന്നു പുറത്തു വന്നത് മൂക്കുപ്പൊടിയല്ല, ഒരു കരിംഭൂതമായിരുന്നു; അതു വല്ലാത്തൊരു സൂത്രം തന്നെ!

‘തകരപ്പട്ടാളക്കാരാ!’ ഭൂതം വിളിച്ചു. ‘താൻ കണ്ണെടുക്ക്!’

പട്ടാളക്കാരൻ പക്ഷേ, കേട്ട ഭാവം നടിച്ചില്ല.

‘ശരി, നാളെ കാണിച്ചു തരാം,’ ഭൂതം പറഞ്ഞു.

പിറ്റേന്നു രാവിലെ കുട്ടികൾ വന്ന് കളിപ്പാട്ടങ്ങളെടുത്തു കളി തുടങ്ങി. തകരപ്പട്ടാളക്കാരനെ ജനാലപ്പടിയിൽ വച്ചിരിക്കുകയായിരുന്നു. ഈ സമയത്ത് കാറ്റടിച്ചിട്ടോ, അതോ ആ കരിംഭൂതം തള്ളിത്തുറന്നിട്ടോ എന്നറിയില്ല, ജനാല പെട്ടെന്നു തുറന്നു; പട്ടാളക്കാരൻ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്കൊറ്റ വീഴ്ച! തലയും കുത്തി, കാലു മേലെയായി അയാൾ മുറ്റത്തു ചെന്നു വീണു. താഴെ പാകിയിരുന്ന കല്ലുകളിൽ തോക്കിന്റെ മുന കുത്തി അയാൾ അങ്ങനെ നിന്നു.

കുട്ടിയും വേലക്കാരിയും കൂടി താഴെ വന്നു നോക്കി; പക്ഷേ അവരുടെ കാലിനടുത്തു കിടന്നിട്ടും അയാൾ അവരുടെ കണ്ണിൽ പെട്ടില്ല. ‘ഞാൻ ഇവിടെയുണ്ട്!’ എന്ന് ഒന്നുറക്കെപ്പറഞ്ഞിരുന്നുവെങ്കിൽ അവർ അയാളെ കണ്ടുപിടിക്കുമായിരുന്നു; പക്ഷേ യൂണിഫോമിട്ടുകൊണ്ട് ഒച്ചയുണ്ടാക്കുന്നത് അയാൾക്കു ശരിയായി തോന്നിയില്ല.

ഈ സമയത്ത് മഴ പെയ്യാനും തുടങ്ങി; മഴ കനത്തു; അതു പെരുമഴയായി. മഴ തോർന്നപ്പോൾ രണ്ടു തെരുവുപിള്ളേർ അതു വഴി വന്നു.

‘ദേണ്ടെടാ!’ ഒരുത്തൻ പറഞ്ഞു, ‘ഒരു തകരപ്പട്ടാളക്കാരൻ. അയാൾ കപ്പൽ കേറാൻ വന്നതാണ്‌.’

അവർ കടലാസ്സു കൊണ്ട് ഒരു കപ്പലുണ്ടാക്കി, നടുക്ക് പട്ടാളക്കാരനെയും നിർത്തി അത് ഓടയിലൊഴുക്കി. ദൈവമേ! എന്തൊരോളവും ഒഴുക്കുമാണാ ഓടയിൽ! മഴ പെയ്തതുമല്ലേ. കടലാസ്സുകപ്പൽ പൊങ്ങിയും താണും വട്ടം കറങ്ങിയും മുന്നോട്ടു നീങ്ങി; പട്ടാളക്കാരൻ വിറച്ചുപോയി; പക്ഷേ അയാൾ തന്റെ നില വിട്ടില്ല, ഇമയൊന്നു വെട്ടിച്ചില്ല; തോക്കും തോളത്തു വച്ച്, നേരേ മുന്നിലേക്കു നോക്കി അയാൾ നിന്നു.

പെട്ടെന്നാണ്‌ കപ്പലൊഴുകി ഒരു പാലത്തിനടിയിലേക്കു കടന്നത്; അയാൾ മുമ്പു കിടന്നിരുന്ന പെട്ടിക്കുള്ളിലെന്നപോലെ കുറ്റിരുട്ടായിരുന്നു അതിനുള്ളിൽ.

‘എങ്ങോട്ടാണു ഞാനീ പോകുന്നത്?’ അയാൾ ആലോചിച്ചു. ‘ഇതൊക്കെ ആ ഭൂതത്തിന്റെ വേലത്തരമാണ്‌. ആ കൊച്ചുസുന്ദരി കൂടി ഈ കപ്പലിൽ ഉണ്ടായിരുന്നെകിൽ എന്തിരുട്ടായാൽ എനിക്കെന്താ!’

tin soldier

പാലത്തിനടിയിൽ പാർപ്പുകാരനായ വലിയൊരു നീറ്റെലി ഈ സമയത്ത് ആ വഴിക്കു വന്നു.

‘പാസ്പോർട്ടുണ്ടോ?’ എലി ചോദിച്ചു. ‘എവിടെ, പാസ്പോർട്ടു കാണട്ടെ!’

പട്ടാളക്കാരൻ പക്ഷേ, ഒന്നും മിണ്ടാതെ തോക്കൊന്നുകൂടി അടുക്കിപ്പിടിച്ചു നിന്നതേയുള്ളു. കപ്പൽ പാഞ്ഞുപോയപ്പോൾ എലി പിന്നാലെ പാഞ്ഞു. ചുള്ളിക്കമ്പുകളോടും വൈക്കോൽത്തുരുമ്പുകളോടും പല്ലിറുമ്മിക്കൊണ്ടു വിളിച്ചു പറയുകയാണവൻ: ‘പിടിക്കവനെ! പിടിക്കവനെ! അവൻ പാസ്പോർട്ടു കാണിച്ചിട്ടില്ല! ചുങ്കം തന്നിട്ടില്ല!’

പക്ഷേ ഒഴുക്കിന്റെ ശക്തി കൂടുകയായിരുന്നു. ഓട അവസാനിക്കുന്നിടത്ത് പകൽവെളിച്ചം കാണാമായിരുന്നു; ഒപ്പം ഏതു ധൈര്യശാലിയുടെയും ചങ്കിടിപ്പിക്കുന്ന ഒരിരമ്പവും കേട്ടു. ഒന്നോർത്തു നോക്കൂ, ഓട ചെന്നു ചേരുന്നത് വലിയൊരു കനാലിലേലാക്കാണ്‌! ഒരു വെള്ളച്ചാട്ടത്തിനു മുകളിൽ പെട്ടാൽ നമുക്കതെത്ര അപകടകരമാണോ, അങ്ങനെയൊരപകടത്തിലാണ്‌ അയാൾ ചെന്നുപെട്ടിരിക്കുന്നത്.

ഇനി പിന്തിരിയാനാവാത്ത വിധത്തിൽ അയാൾ അതിലേക്കടുത്തു കഴിഞ്ഞു. കപ്പൽ ഒറ്റക്കുതിപ്പ്! പാവം പട്ടാളക്കാരൻ ആവും വിധം പിടിച്ചുനിന്നു. അയാൾ കണ്ണു ചിമ്മിയെന്ന് ഒരാൾക്കും പറയാൻ പറ്റില്ല. കപ്പൽ മൂന്നുനാലു തവണ വട്ടം കറങ്ങി; അതിന്റെ വിളുമ്പു വരെ വെള്ളം കയറി; അതു മുങ്ങാൻ പോവുകയാണ്‌. പട്ടാളക്കാരൻ കഴുത്തൊപ്പം വെള്ളത്തിലായി. കപ്പൽ മുങ്ങിക്കൊണ്ടിരുന്നു; കടലാസ് നനഞ്ഞുകുതിർന്നു. വെള്ളമിപ്പോൾ പട്ടാളക്കാരന്റെ തലയ്ക്കു മേലെത്തിയിരിക്കുന്നു. അയാൾക്കപ്പോൾ സുന്ദരിയായ ആ കൊച്ചുനർത്തകിയെ ഓർമ്മ വന്നു. താനിനി ഒരിക്കലും അവളെ കാണാൻ പോകുന്നില്ല. അയാളുടെ കാതുകളിൽ ഒരു പഴയ ഗാനം മുഴങ്ങി:
പോക, പോക, സൈനികാ,
മരണമാണു നിൻ വരം!

കടലാസ് നനഞ്ഞുകുതിർന്നു കഷണങ്ങളായി; തകരപ്പട്ടാളക്കാരൻ വെള്ളത്തിലാണ്ടു; ആ നിമിഷം തന്നെ വലിയൊരു മീൻ അയാളെ വെട്ടിവിഴുങ്ങുകയും ചെയ്തു.

ഹൊ, അതിനുള്ളിൽ എന്തിരുട്ടായിരുന്നു! ആ പാലത്തിനടിയിലേക്കാൾ മോശമായിരുന്നു അതിനകം; അതോ, തീരെ ഇടവുമില്ല! പക്ഷേ പട്ടാളക്കാരൻ നില വിടാതെ തോക്കും തോളിലേന്തി നീണ്ടുനിവർന്നു കിടന്നു.

മീൻ ഒന്നു പിടഞ്ഞു; വെറി പിടിച്ചപോലെ കിടന്നു മറിഞ്ഞു; പിന്നെയത് അനക്കമറ്റു കിടന്നു. അല്പനേരം കഴിഞ്ഞപ്പോൾ മിന്നൽ പോലെ ഒരു വെളിച്ചം അതിനെ കീറിമുറിച്ചു. നല്ല പകൽവെട്ടത്തിലാണ്‌ പട്ടാളക്കാരനിപ്പോൾ. ആരോ ഉറക്കെ വിളിച്ചുപറഞ്ഞു: ‘ഒരു തകരപ്പട്ടാളക്കാരൻ!’

നടന്നതെന്തെന്നാൽ, ആരോ ആ മീനിനെ ചൂണ്ടയിട്ടു പിടിച്ച് ചന്തയിൽ കൊണ്ടുപോയി വിറ്റതാണ്‌; ഏതോ അടുക്കളയിൽ വച്ച് വേലക്കാരി നീണ്ടൊരു കത്തി കൊണ്ട് അതിനെ കീറിമുറിച്ചതുമാണ്‌. അവർ രണ്ടു വിരൽ കൊണ്ട് പട്ടാളക്കാരനെ ഇടുപ്പിനു പിടിച്ചെടുത്ത് പൂമുഖത്തേക്കു കൊണ്ടുചെന്നു. ഒരു മീനിന്റെ വയറ്റിൽ കിടന്നു യാത്ര ചെയ്തുവന്ന ആ വിശിഷ്ടവ്യക്തിയെ എല്ലാവർക്കും ഒന്നു കാണണമായിരുന്നു. പട്ടാളക്കാരനു പക്ഷേ, അതിൽ അഭിമാനിക്കാൻ എന്തെങ്കിലുമുള്ളതായി തോന്നിയില്ല. അവർ അയാളെ മേശ മേൽ എടുത്തു നിർത്തി- ഞാനെന്താ പറയേണ്ടത്! എന്തൊക്കെ അതിശയങ്ങളാണ്‌ ഈ ലോകത്തു നടക്കുന്നത്! ആ പഴയ മുറിയിലാണ്‌ അയാൾ ഇപ്പോൾ നില്ക്കുന്നത്! അതേ കുട്ടികൾ, മേശപ്പുറത്തു നിരത്തിയിട്ട അതേ കളിപ്പാട്ടങ്ങൾ, പിന്നെ സുന്ദരിയായ ആ കൊച്ചുനർത്തകിയും അവളുടെ ഭംഗിയുള്ള കൊട്ടാരവും. ഒരു കാൽ വായുവിലെറിഞ്ഞ്, മറ്റേക്കാലൂന്നി അതേ നില്പു നില്ക്കുകയാണവൾ- അതെ, അവളും സ്ഥിരചിത്തയാണ്‌. തകരപ്പട്ടാളക്കാരന്റെ ഹൃദയം വിങ്ങിപ്പോയി; അയാൾ തകരക്കണ്ണീരൊഴുക്കി കരഞ്ഞേനെ; പക്ഷേ പട്ടാളക്കാരൻ കരയാൻ പാടില്ലല്ലൊ! അയാൾ അവളെ നോക്കി; അവൾ അയാളെയും നോക്കി. പക്ഷേ രണ്ടുപേരും ഒന്നും മിണ്ടിയില്ല.

ആ സമയത്താണ്‌ ഒരു കുട്ടി തകരപ്പട്ടാളക്കാരനെയെടുത്ത് അടുപ്പിലേക്കെറിഞ്ഞത്. എന്തു കാരണം കൊണ്ടാണ്‌ അവനതു ചെയ്തതെന്നു മനസ്സിലായില്ല. സംശയം വേണ്ട, പൊടിഡപ്പിയിലെ ആ ഭൂതം തന്നെയാവണം ഇതിനും കാരണം.
തീനാളങ്ങളിൽ മുങ്ങി പട്ടാളക്കാരൻ നിന്നു; ആളിപ്പിടിക്കുന്നൊരു നീറ്റൽ അയാളറിഞ്ഞു; അതു  പക്ഷേ ആ തീയുടെ ചൂടാണോ അതോ തന്റെ പ്രേമത്തിന്റെ ചൂടാണോ എന്ന് അയാൾക്കു മനസ്സിലായില്ല. അയാളുടെ നിറമൊക്കെ പൊയ്പ്പോയിരുന്നു; ആ ദീർഘയാത്രയിലെ ദുരിതങ്ങൾ കൊണ്ടാണോ അതോ തീവ്രദുഃഖം കൊണ്ടാണോ അയാൾ നിറം കെട്ടുപോയതെന്നാരു കണ്ടു? അയാൾ ആ കൊച്ചുസുന്ദരിയെ നോക്കി; അവൾ അയാളെയും നോക്കി. താൻ ഉരുകിത്തീരുന്നത് അയാൾ അറിഞ്ഞു. പക്ഷേ തന്റെ തോക്കും തോളിലേന്തി നില വിടാതെ അയാൾ നിന്നു. ഈ സമയത്ത് വാതിൽ മലർക്കെത്തുറന്നു; അകത്തേക്കടിച്ചുകയറിയ കാറ്റിൽ നർത്തകി ഒരു ദേവതയെപ്പോലെ പറന്നുചെന്ന് അടുപ്പിൽ പട്ടാളക്കാരന്റെ അരികിൽ വീണു. ഒരു നിമിഷം കൊണ്ട് അവൾ എരിഞ്ഞുചാമ്പലായി. പട്ടാളക്കാരൻ ഉരുകി കട്ടപിടിച്ചു. പിറ്റേന്ന് വേലക്കാരി ചാരം വാരുമ്പോൾ അതിൽ ഒരു തകരക്കട്ട കണ്ടു; അതിന്‌ ഒരു കൊച്ചുഹൃദയത്തിന്റെ രൂപമായിരുന്നു. നർത്തകിയുടേതായി ശേഷിച്ചത് ആ പതക്കം മാത്രമായിരുന്നു; അതു കരിക്കട്ട പോലെ കരിഞ്ഞിരുന്നു.

(1838)tin_sold1


Wednesday, November 19, 2014

ഹാൻസ് ആൻഡേഴ്സൻ - ചക്രവർത്തിയുടെ പുതുവസ്ത്രങ്ങൾ

emperors-new-clothes-02


വളരെക്കാലം മുമ്പു ജീവിച്ചിരുന്ന ഒരു ചക്രവർത്തിയുടെ കഥയാണ്‌. മോടിയായി വസ്ത്രം ധരിക്കുന്നതിൽ ഇത്രമാത്രം കമ്പം കേറിയ മറ്റൊരാൾ ഉണ്ടായിരിക്കില്ല. ഏറ്റവും പുതിയ വസ്ത്രങ്ങൾ വാങ്ങാനായി മാത്രം സ്വന്തം സ്വത്തു മുഴുവൻ ചിലവഴിച്ചിരുന്നയാൾ എന്നു തന്നെ പറയണം. രാജ്യകാര്യങ്ങളിൽ തനിക്കു യാതൊരു ശ്രദ്ധയുമില്ല; മറ്റു രാജാക്കന്മാരെപ്പോലെ നാടകത്തിനോ നായാട്ടിനോ പോകണമെന്നുമില്ല. ഇനി പുറത്തേക്കിറങ്ങിയാലോ, അതു താൻ പുതുതായി വാങ്ങിയ വേഷം നാലാളെ കാണിക്കാനായി മാത്രം. മണിക്കൂറു വച്ച് ആൾ വേഷം മാറും; ‘അദ്ദേഹം മന്ത്രിമാരുമായി കൂടിയാലോചനയിലാണ്‌’ എന്നു മറ്റു രാജാക്കന്മാരെക്കുറിച്ചു പറയാറുള്ളപോലെ ഈ രാജാവിനെക്കുറിച്ചു പറയാവുന്നത് ‘അദ്ദേഹം വേഷം മാറുകയാണ്‌’ എന്നായിരിക്കും.

ഇദ്ദേഹം ഭരണം നടത്തിക്കൊണ്ടിരുന്ന നാട്ടിൽ ജീവിതം ബഹുരസമായിരുന്നു. നാടു കാണാൻ ദിവസവും പുതിയ പുതിയ ആളുകൾ എത്തിക്കൊണ്ടിരുന്നു. കൂട്ടത്തിൽ രണ്ടു തട്ടിപ്പുകാരുമെത്തി. തങ്ങൾ നെയ്ത്തുകാരാണെന്നും സങ്കല്പിക്കാൻ കഴിയുന്നതിൽ വച്ചേറ്റവും മനോഹരമായ വസ്ത്രം നെയ്യാനുള്ള കഴിവു തങ്ങൾക്കുണ്ടെന്നും അവർ പറഞ്ഞുനടന്നു. അതിന്റെ നിറവും തരവും അനന്യസുന്ദരമായിരിക്കുമെന്നു മാത്രമല്ല, ഇങ്ങനെയൊരു വിശേഷഗുണം കൂടി അതിനുണ്ടത്രെ: തങ്ങളിരിക്കുന്ന സ്ഥാനത്തിനയോഗ്യരോ, അല്ലെങ്കിൽ തീരെ മന്ദബുദ്ധികളോ ആയവർക്ക് അതു കണ്ണിൽപ്പെടുകയില്ല!

‘എങ്കിൽ വളരെ വിശേഷപ്പെട്ടൊരു വസ്ത്രമാണല്ലോ അത്,’ ചക്രവർത്തി മനസ്സിൽ പറഞ്ഞു. ‘അതു ധരിച്ചാൽ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന്മാരെ എനിക്കു കണ്ടുപിടിക്കാൻ കഴിയും. ബുദ്ധിയുള്ളവരെയും അല്ലാത്തവരെയും തിരിച്ചറിയാനും പറ്റും. ശരി, അങ്ങനെയൊരു വസ്ത്രം ഇപ്പോൾത്തന്നെ എനിക്കു വേണം!’ എന്നു മാത്രമല്ല, ഉടനേ തന്നെ പണി തുടങ്ങാനായി വലിയൊരു തുക മുൻകൂറായി ചക്രവർത്തി ആ തട്ടിപ്പുകാർക്കു നല്കുകയും ചെയ്തു.

അവർ രണ്ടു തറികൾ കൊണ്ടുവച്ച് നെയ്യുന്നതായി ഭാവിച്ചു. പക്ഷേ തറികളിൽ ഒരിഴ നൂലു പോലുമുണ്ടായിരുന്നില്ല. ചക്രവർത്തിയെക്കൊണ്ട് ഏറ്റവും നേർമ്മയായ പട്ടുനൂലുകളും തനിത്തങ്കത്തിന്റെ കസവുകളും വരുത്തിച്ച് അവർ തങ്ങളുടെ കീശയിലാക്കി; എന്നിട്ടോ, വെളുക്കും വരെ ഒഴിഞ്ഞ തറികളിൽ പണിയെടുക്കുകയും!

‘അവരുടെ നെയ്ത്ത് എവിടെ വരെ എത്തി എന്നൊന്നു കാണണമല്ലോ,’ ഒരു ദിവസം ചക്രവർത്തിക്കു തോന്നി. പക്ഷേ മന്ദബുദ്ധിയോ തന്റെ സ്ഥാനത്തിനയോഗ്യനോ ആയ ഒരാൾക്ക് അതു കണ്ണിൽപ്പെടുകയില്ല എന്നോർത്തപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ഒന്നു ചഞ്ചലപ്പെടുകയും ചെയ്തു. താൻ പേടിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിനു നല്ല വിശ്വാസമായിരുന്നു; എന്നാൽക്കൂടി സംഗതി എവിടെ വരെ എത്തി എന്നറിഞ്ഞു വരാൻ ആദ്യം മറ്റൊരാളെ അയക്കാമെന്നു തന്നെ ചക്രവർത്തി തീരുമാനിച്ചു. വസ്ത്രത്തിന്റെ അത്ഭുതസ്വഭാവത്തെക്കുറിച്ച് നാട്ടിലെങ്ങും പാട്ടായിരിക്കുന്നു; തന്റെ അയൽക്കാരൻ മോശക്കാരനാണോ അതോ ബുദ്ധിഹീനനാണോ എന്നറിയാനുള്ള കൌതുകം ഏവനുമുണ്ടുതാനും.

‘വിശ്വസ്ഥനായ നമ്മുടെ പ്രധാനമന്ത്രിയെത്തന്നെ അയച്ചേക്കാം,’ ചക്രവർത്തി തീരുമാനിച്ചു. ‘തുണിയുടെ തരം എങ്ങനെയുണ്ടെന്നറിയാൻ പറ്റിയ ആൾ അദ്ദേഹം തന്നെയാണ്‌; മിടുക്കനും ആ സ്ഥാനത്തിരിക്കാൻ ഏറ്റവും യോഗ്യനുമാണല്ലോ അദ്ദേഹം.’

അങ്ങനെ വൃദ്ധനും സാധുവുമായ പ്രധാനമന്ത്രി രണ്ടു തട്ടിപ്പുകാരും കൂടി ഒഴിഞ്ഞ തറിയിൽ നെയ്ത്തു നടത്തുന്ന മുറിയിലേക്കു ചെന്നു.

‘ഈശ്വരാ, ഒരു വസ്തുവും കാണാനില്ലല്ലോ!’ കണ്ണു മലർക്കെത്തുറന്നുകൊണ്ട് മന്ത്രി മനസ്സിൽ പറഞ്ഞു. പക്ഷേ ആൾ അതു പുറത്തു കാണിച്ചില്ല.

അടുത്തുവന്നു നോക്കാൻ തട്ടിപ്പുകാർ മന്ത്രിയെ ക്ഷണിച്ചു. ഇതു നല്ല നിറമല്ലേ, ആ ചിത്രത്തുന്നൽ കേമമല്ലേ എന്നൊക്കെപ്പറഞ്ഞ് അവർ ശൂന്യമായ തറിയിലേക്കു ചൂണ്ടിക്കാണിക്കുമ്പോൾ പാവം മന്ത്രി കണ്ണൊന്നുകൂടി തുറന്നുപിടിച്ചു നോക്കും. പക്ഷേ ഒന്നും കാണാനില്ലായിരുന്നു; കാരണം കാണാൻ ഒന്നുമില്ലല്ലോ!

‘ഈശ്വരാ!’ അദ്ദേഹം വിചാരിച്ചു. ‘എനിക്കു ബുദ്ധിയില്ലെന്നു വരുമോ? ഞാൻ അങ്ങനെയല്ലല്ലോ കരുതിയിരുന്നത്! ഏതായാലും ആരും ഇതറിയേണ്ട! മന്ത്രിയായിരിക്കാൻ ഞാൻ യോഗ്യനല്ലെന്നോ? തുണി കണ്ടില്ലെന്നു പറഞ്ഞാൽ എന്റെ പണിയും പോകും, മാനവും പോകും!’

‘അല്ലാ, അങ്ങെന്താണ്‌ ഒന്നും മിണ്ടാത്തത്?‘ തട്ടിപ്പുകാരിൽ ഒരുത്തൻ ചോദിച്ചു.

’എന്തു പറയാൻ! ഇത്ര മനോഹരമായ ഒരു തുണിത്തരം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല! കണ്ണടയ്ക്കുള്ളിലൂടെ സൂക്ഷിച്ചു നോക്കിക്കൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു; ‘ഹൊ, നിറവും ഇഴയടുപ്പവുമൊക്കെ എന്തു മാതിരി! എനിക്കിതു കണക്കറ്റു ബോധിച്ചുവെന്ന് ഞാൻ ചക്രവർത്തിയോടു ചെന്നു പറയാൻ പോവുകയാണ്‌!’

‘ഞങ്ങൾക്കു വളരെ സന്തോഷമായി!’ തട്ടിപ്പുകാർ പറഞ്ഞു. എന്നിട്ടവർ ഇന്ന നിറത്തിന്‌ ഇന്ന പേരാണെന്നു മന്ത്രിക്കു വിശദീകരിച്ചുകൊടുത്തു; ചിലേടത്ത് വിശേഷപ്പെട്ട ചില ചിത്രത്തുന്നലുകൾ നടത്തിയിരിക്കുന്നത് അവർ തൊട്ടുകാണിച്ചുകൊടുക്കുക കൂടിച്ചെയ്തു! മന്ത്രി അതെല്ലാം ചെവി കൂർപ്പിച്ചു കേട്ടു; എല്ലാം ചക്രവർത്തിയോടു ചെന്നു പറയണമല്ലോ. അതൊക്കെ അദ്ദേഹം അതേപടി ചെന്നു പറയുകയും ചെയ്തു.

തട്ടിപ്പുകാർ പിന്നെയും പൊന്നും പട്ടും ആവശ്യപ്പെട്ടു. കിട്ടിയതൊക്കെ അവർ സ്വന്തം കീശയിലാക്കുകയും ചെയ്തു. തറിയിൽ ഒറ്റ നൂലിഴയുമുണ്ടായിരുന്നില്ല; എന്നിട്ടും അവർ പാതിര വരെ പണിയുമായിരുന്നു!

അധികം വൈകാതെ ചക്രവർത്തി മറ്റൊരു സാധുവിനെ പറഞ്ഞയച്ചു; നെയ്ത്ത് എത്രത്തോളമെത്തി എന്നറിയാനും പണി എന്തു ബാക്കിയുണ്ടെന്നറിയാനും. മന്ത്രിയുടെ അനുഭവം തന്നെയായിരുന്നു ഇദ്ദേഹത്തിനും: നോക്കിയിട്ടും നോക്കിയിട്ടും ഒഴിഞ്ഞ തറിയല്ലാതെ ഒന്നും കണ്ണിൽപ്പെടുന്നില്ല.

‘ഇതെങ്ങനെയുണ്ട്?’ തട്ടിപ്പുകാർ ചോദിച്ചു. എന്നിട്ടവർ ഇല്ലാത്ത ഒന്നിനെക്കുറിച്ചു വിസ്തരിക്കാൻ തുടങ്ങി.

‘ഹും, ഞാനങ്ങനെ മണ്ടനൊന്നുമല്ല!’ ഉദ്യോഗസ്ഥൻ മനസ്സിൽ പറഞ്ഞു. ‘എന്നു പറഞ്ഞാൽ ഞാനെന്റെ ഉദ്യോഗത്തിനർഹനല്ലെന്നോ? അതു കുഴപ്പമാണല്ലോ! എന്തായാലും ഒന്നും വെളിയിൽ കാണിക്കരുത്!’ അങ്ങനെ അയാളും താൻ കാണാത്ത തുണിയുടെ മേൽ പ്രശംസ ചൊരിയുകയും തനിക്കതെന്തു മാത്രം ഇഷ്ടമായി എന്ന് അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ‘അതൊന്നു കാണേണ്ടതു തന്നെ!’ അയാൾ ചക്രവർത്തിയോടു ചെന്നുണർത്തിച്ചു.

ആ വിശേഷപ്പെട്ട വസ്ത്രത്തിന്റെ ഗുണഗണങ്ങളായിരുന്നു നഗരത്തിലെങ്ങും സംസാരവിഷയം.

അങ്ങനെയിരിക്കെ ചക്രവർത്തിക്കും ഒരു മോഹമുണ്ടായി, തറിയിൽ നിന്നെടുക്കുന്നതിനു മുമ്പ് ആ വസ്ത്രമൊന്നു കാണാൻ. ഒരു ദിവസം ചക്രവർത്തി തിരഞ്ഞെടുത്ത ചിലരോടൊപ്പം - കൂട്ടത്തിൽ നേരത്തേ പോയ ആ രണ്ടുപേരുമുണ്ടായിരുന്നു- നെയ്ത്തു നടക്കുന്ന മുറിയിലേക്കെഴുന്നെള്ളി. ഒരു നൂലിഴ പോലുമില്ലാതെ കൊണ്ടുപിടിച്ചു നെയ്ത്തു നടത്തുകയാണ്‌ ആ തട്ടിപ്പുവീരന്മാർ.

‘എന്തു പകിട്ടാണല്ലേ!’ മന്ത്രിയും ഉദ്യോഗസ്ഥനും ചക്രവർത്തിയോടു പറഞ്ഞു. ‘തിരുമനസ്സു കൊണ്ടൊന്നു നോക്കിയാട്ടെ: എന്തു നിറം! എന്തിഴയടുപ്പം!’ എന്നിട്ടവർ ഒഴിഞ്ഞ തറികൾ ചൂണ്ടിക്കാട്ടി; മറ്റുള്ളവർക്ക് തുണി കാണാൻ കഴിയുന്നുണ്ടെന്നു തന്നെയായിരുന്നു അവരുടെ വിശ്വാസം.

‘ഇതെന്തു പറ്റി?’ ചക്രവർത്തി വിചാരത്തിലാണ്ടു. ‘ഞാൻ നോക്കിയിട്ട് ഒരു വസ്തുവും കാണുന്നില്ല! ഇതു ഭയങ്കരമാണല്ലോ. എനിക്കു ബുദ്ധിയില്ലെന്നോ? എനിക്കു ചക്രവർത്തിയാകാനുള്ള യോഗ്യതയില്ലെന്നോ? അങ്ങനെ വന്നാൽ എന്തു ഭീകരമാണത്!‘

’ഹാ, എത്ര മനോഹരമായിരിക്കുന്നു!‘ ചക്രവർത്തി പറഞ്ഞു. ’നിങ്ങൾ കേമന്മാർ തന്നെ!‘ തൃപ്തിയോടെ തല കുലുക്കിക്കൊണ്ട് അദ്ദേഹം ആ ഒഴിഞ്ഞ തറികളിലേക്കു നോക്കിനിന്നു. താൻ യാതൊന്നും കാണുന്നില്ലെന്ന വസ്തുത പുറത്തു പറയാൻ അദ്ദേഹത്തിനു പേടിയായിരുന്നു. കൂടെ വന്നവർക്കും എങ്ങനെയൊക്കെ നോക്കിയിട്ടും യാതൊന്നും കാണാൻ കിട്ടിയില്ല. എന്നിട്ടും ചക്രവർത്തിയെ അനുകരിച്ച് അവരും പറഞ്ഞു, ’ഹാ, ഇതെത്ര മനോഹരമായിരിക്കുന്നു!‘ വരാൻ പോകുന്ന ഘോഷയാത്രയ്ക്കു ധരിക്കാൻ പാകത്തിന്‌ ആ തുണി കൊണ്ട് ഉടുപ്പു തുന്നിക്കാൻ അവർ ചക്രവർത്തിയെ ഉപദേശിക്കുക കൂടിച്ചെയ്തു.

’ആഹാ, എത്ര മനോഹരം! എത്ര വിശിഷ്ടം! എത്ര അപൂർവ്വം!‘ കണ്ടവർ കണ്ടവർ പറഞ്ഞു. അക്കാര്യത്തിൽ അവർ മത്സരിക്കുക തന്നെയായിരുന്നു. ചക്രവർത്തിയാകട്ടെ, ആ തട്ടിപ്പുകാർക്ക് പ്രഭുസ്ഥാനം കല്പിച്ചു നല്കുകയും ചെയ്തു.

ഘോഷയാത്രയുടെ തലേ രാത്രി പതിനാറു മെഴുകുതിരികളും കത്തിച്ചുവച്ച് വെളുക്കുവോളം പണിയെടുക്കുകയായിരുന്നു ആ തട്ടിപ്പുനെയ്ത്തുകാർ. ചക്രവർത്തിയുടെ പുതുവസ്ത്രങ്ങൾക്ക് അവസാനമിനുക്കുപണി നടത്തുകയാണ്‌ അവരെന്ന് ആളുകൾ കണ്ടു. അവർ തറിയിൽ നിന്ന് തുണി എടുത്തുമാറ്റുന്നതായി ഭാവിച്ചു; എന്നിട്ട് വലിയൊരു കത്രിക കൊണ്ട് ഇല്ലാത്ത തുണി വെട്ടുകയും നൂലു കോർക്കാത്ത സൂചി കൊണ്ട് തുന്നുതായി നടിക്കുകയും ചെയ്തു. എന്നിട്ടവർ പ്രഖ്യാപിച്ചു: ‘ഇതാ, ചക്രവർത്തിയുടെ വസ്ത്രങ്ങൾ തയ്യാർ!’

ചക്രവർത്തി രാവിലേ തന്നെ അടുത്ത അനുയായികൾക്കൊപ്പം തന്റെ പുതുവസ്ത്രം ധരിക്കാൻ എത്തിച്ചേർന്നു. തട്ടിപ്പുകാർ കൈകളിൽ എന്തോ ഉയർത്തിപ്പിടിക്കുന്നതായി കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഇതു കാലുറ! ഇതു കുപ്പായം! ഇതു മേൽക്കുപ്പായം!’

‘ചിലന്തിവല പോലെ എത്ര നേർത്തതാണിത്! ഒന്നുമുടുത്തിട്ടെല്ലെന്ന് നമുക്കു തോന്നിപ്പോകും! അതാണതിന്റെ വിശേഷവും!’

‘അതെയതെ,’ പരിവാരങ്ങൾ ഏറ്റുചൊല്ലി. അതേ സമയം അവർ ഒന്നും കാണുന്നുമുണ്ടായിരുന്നില്ല; കാരണം, കാണാൻ ഒന്നുമുണ്ടായിരുന്നില്ല എന്നതുതന്നെ.

‘ഇനി തിരുമനസ്സുകൊണ്ട് ഇട്ടിരിക്കുന്നതൊക്കെ ഒന്നഴിച്ചിരുന്നെങ്കിൽ,’ തട്ടിപ്പുകാർ വിനയത്തോടെ അഭ്യർത്ഥിച്ചു, ‘ഈ കണ്ണാടിയുടെ മുന്നിൽ വച്ച് നമുക്കിതൊന്നു ധരിച്ചുനോക്കാമായിരുന്നു!’

ചക്രവർത്തി താൻ ഉടുത്തിരുന്നതൊക്കെ അഴിച്ചുമാറ്റി; തട്ടിപ്പുകാർ പുതിയ വസ്ത്രങ്ങൾ ഓരോന്നോരോന്നായി എടുത്തുകൊടുക്കുന്നതായി ഭാവിച്ചു. അവസാനമായി അവർ ചക്രവർത്തിയുടെ അരയിൽ എന്തോ കെട്ടിക്കൊടുക്കുകയും ചെയ്തു; പിന്നാലെ നടക്കുന്നവർ എടുത്തുപിടിക്കാനുള്ള തൊങ്ങലാണത്രെ അത്! ചക്രവർത്തി കണ്ണാടിയുടെ മുന്നിൽ നിന്ന് ഞെളിഞ്ഞും പിരിഞ്ഞും നോക്കി.

‘ദൈവമേ, ഇതങ്ങേക്ക് എത്ര ഭംഗിയായി ചേരുന്നു!‘ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ’എന്തൊരു നിറം! എന്തൊരു തുന്നൽ! ഇതുപോലൊന്ന് എവിടുന്നു കിട്ടാൻ!‘

’ഘോഷയാത്രയിൽ തിരുമനസ്സിന്റെ തലയ്ക്കു മേൽ പിടിക്കാനുള്ള മേൽക്കെട്ടിയുമായി ആളുകൾ പുറത്തു കാത്തുനില്ക്കുകയാണ്‌,‘ ചടങ്ങുകൾക്കു ചുമതലക്കാരനായ ഒരുദ്യോഗസ്ഥൻ വന്നുണർത്തിച്ചു.

’ഞാനിതാ തയ്യാറായിക്കഴിഞ്ഞു!‘ ചക്രവർത്തി പറഞ്ഞു. ’എന്റെ വേഷം നന്നായിട്ടില്ലേ?‘ എന്നിട്ടദ്ദേഹം കണ്ണാടിക്കു മുന്നിൽ അവസാനമായി ഒരു വട്ടം കൂടി നിന്നു കറങ്ങി.

ചക്രവർത്തിയുടെ അരയിൽ കെട്ടിയ തൊങ്ങൽ ഉയർത്തിപ്പിടിക്കേണ്ട അനുചരർ തറയിൽ നിന്ന് എന്തോ വാരിയെടുക്കുന്നതായി ഭാവിച്ചു; അവർ തൊങ്ങൽ എടുത്തുപിടിക്കുകയാണ്‌! അവർ വായുവിൽ കൈകൾ ഉയർത്തിപ്പിടിച്ചു നടന്നു. തങ്ങൾ യാതൊന്നും കാണുന്നില്ലെന്നു വരുത്താൻ അവർക്കു ധൈര്യമുണ്ടായില്ല.

അങ്ങനെ, മനോഹരമായ ഒരു മേല്ക്കെട്ടിക്കു കീഴെയായി ചക്രവർത്തി ഘോഷയാത്ര നയിച്ചു. തെരുവിൽ കൂടിനിന്നവരും ജനാലകൾക്കു പിന്നിൽ നിന്നവരും വിളിച്ചുപറഞ്ഞു, ’നമ്മുടെ ചക്രവർത്തിയുടെ വേഷം എന്തു മനോഹരമായിരിക്കുന്നു! അതിന്റെ തൊങ്ങൽ കണ്ടോ! കാണേണ്ടതു തന്നെ!‘ താൻ യാതൊന്നും കാണുന്നില്ലെന്നു മറ്റുള്ളവരെ അറിയിക്കാൻ ആർക്കും ആഗ്രഹമുണ്ടായിരുന്നില്ല; കാരണം അയാൾക്കു ബുദ്ധിയില്ലെന്നാവും ആളുകൾ പറയുക; അതല്ലെങ്കിൽ അയാൾ തന്റെ ഉദ്യോഗത്തിനർഹനല്ലെന്നും. ചക്രവർത്തിയുടെ മറ്റൊരു വേഷവും ഇതുപോലൊരു വൻവിജയമായിട്ടില്ല.

‘ചക്രവർത്തി മുണ്ടുടുത്തിട്ടില്ല!’ ഒരു കൊച്ചുകുട്ടി വിളിച്ചുപറഞ്ഞു.

‘ദൈവമേ, മനസ്സിൽ കളങ്കമില്ലാത്ത ഒരു കുഞ്ഞു പറയുന്നതു കേട്ടോ!’ കുട്ടിയുടെ അച്ഛനാണതു പറഞ്ഞത്. അതോടെ കുട്ടി പറഞ്ഞത് ഒരു ചെവിയിൽ നിന്ന് മറുചെവിയിലേക്കു പകരാൻ തുടങ്ങി.

‘അദ്ദേഹം മുണ്ടുടുത്തിട്ടില്ല! ഒരു കൊച്ചുകുട്ടി പറഞ്ഞതാണ്‌- ചക്രവർത്തി നഗ്നനാണത്രെ!’

‘ചക്രവർത്തി മുണ്ടുടുത്തിട്ടില്ല!’ ഒടുവിൽ എല്ലാവരും കൂടി ആർത്തുവിളിച്ചു. ചക്രവർത്തിക്ക് ശരീരം ഒന്നു വിറച്ചു; അവർ പറയുന്നതു ശരിയാണെന്ന് അദ്ദേഹത്തിനും തോന്നിപ്പോയി. പിന്നെ അദ്ദേഹം വിചാരിച്ചു, ‘എന്തായാലും ഘോഷയാത്ര നടക്കട്ടെ.’ അങ്ങനെ മുമ്പത്തെക്കാൾ ഗർവോടെ തലയുമെടുത്തുപിടിച്ച് ചക്രവർത്തി എഴുന്നെള്ളി; ഇല്ലാത്ത തൊങ്ങലും ഉയർത്തിപ്പിടിച്ച് പരിചാരകരും പിന്നാലെയുണ്ടായിരുന്നു.

whrobinemperorsclothes5


 

Monday, November 17, 2014

ഹെമിംഗ്‌വേ - മഴ നനയുന്ന പൂച്ച

images

 

ഹോട്ടലിൽ അമേരിക്കക്കാരായി രണ്ടു പേരേ താമസമുണ്ടായിരുന്നുള്ളു. തങ്ങളുടെ മുറിക്കുള്ളിലേക്കും പുറത്തേക്കുമുള്ള യാത്രയിൽ കോണിപ്പടിയിൽ വച്ചു കണ്ടുമുട്ടുന്നവരെ അവർക്കു തീരെ പരിചയമുണ്ടായിരുന്നില്ല. രണ്ടാം നിലയിൽ കടലിനഭിമുഖമായിരുന്നു അവരുടെ മുറി. പബ്ളിക് പാർക്കും യുദ്ധസ്മാരകവും ആ മുറിക്കു നേരേ മുന്നിൽ തന്നെയായിരുന്നു. പാർക്കിൽ കൂറ്റൻ ഈന്തപ്പനകളും പച്ചച്ചായമടിച്ച ബഞ്ചുകളും ഉണ്ടായിരുന്നു. തെളിഞ്ഞ ദിവസമാണെങ്കിൽ അവിടെ എപ്പോഴും ഒരു ചിത്രകാരനെ കാണാനുണ്ടാവും. വളർന്നുകേറിയ ഈന്തപ്പനകളും പാർക്കിനും കടലിനും അഭിമുഖമായി നില്ക്കുന്ന ഹോട്ടലുകളുടെ തിളങ്ങുന്ന നിറങ്ങളും കലാകാരന്മാർക്കിഷ്ടമായിരുന്നു.
യുദ്ധസ്മാരകം കാണാനായി വളരെയകലെ നിന്നേ ഇറ്റലിക്കാർ വരാറുണ്ടായിരുന്നു. വെങ്കലം കൊണ്ടുണ്ടാക്കിയ ആ സ്മാരകം മഴയിൽ കുതിർന്നു തിളങ്ങിനില്ക്കും. ഈന്തപ്പനകളിൽ നിന്ന് മഴ തുള്ളിയിറ്റിയിരുന്നു. ചരല്പാതകളിലെ കുഴികളിൽ വെള്ളം തളം കെട്ടിനിന്നു. മഴയത്തു വലിച്ചുകെട്ടിയ നാട പോലെ തിര തല്ലുന്നതു കേട്ടിരുന്നു; പിന്നെ അതൂർന്നിറങ്ങുന്നതും പിന്നെയും ഒരു നാട പോലെ വലിഞ്ഞുതകരുന്നതും കേട്ടിരുന്നു. യുദ്ധസ്മാരകത്തിനു ചുറ്റുമുള്ള കവലയിൽ നിന്ന് മോട്ടോർകാറുകൾ പൊയ്ക്കഴിഞ്ഞിരുന്നു. കവലയ്ക്കപ്പുറത്തുള്ള ഒരു കഫേയുടെ വാതില്ക്കൽ നിന്നുകൊണ്ട് ഒരു വെയ്റ്റർ ഒഴിഞ്ഞ കവലയിലേക്കു നോക്കുകയായിരുന്നു.
അമേരിക്കൻ ഭാര്യ പുറത്തേക്കു നോക്കിക്കൊണ്ട് ജനാലയ്ക്കൽ നിന്നു. അവരുടെ ജനാലയ്ക്കു തൊട്ടു താഴെയായി മഴവെള്ളമൊലിക്കുന്ന പച്ചമേശകൾക്കൊന്നിനടിയിലായി ഒരു പൂച്ച കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു. നനയാതിരിക്കാനായി കഴിയുന്നത്ര ഒതുങ്ങിക്കൂടി ഇരിക്കുകയാണ്‌ ആ പെൺപൂച്ച.
‘ഞാൻ പോയി ആ കുഞ്ഞിപ്പൂച്ചയെ എടുത്തുകൊണ്ടു വരാൻ പോവുകയാണ്‌,’ അമേരിക്കൻ ഭാര്യ പറഞ്ഞു.
‘ഞാൻ പോകാം,’ കട്ടിലിൽ കിടന്നുകൊണ്ട് ഭർത്താവ് സഹായം വാഗ്ദാനം ചെയ്തു.
‘വേണ്ട, ഞാൻ തന്നെ പോയി കൊണ്ടുവരാം. പാവം, മഴ കൊള്ളാതിരിക്കാൻ അതു മേശയ്ക്കടിയിൽ ചുരുണ്ടുകൂടി കിടക്കുകയാണ്‌.’
ഭർത്താവ് കട്ടിലിന്റെ കാല്ക്കൽ രണ്ടു തലയിണകൾ കൂട്ടിവച്ച് അതിന്മേൽ ചാരിക്കിടന്നു വായിക്കുകയായിരുന്നു.
‘നനയാതെ നോക്കണം,’ അയാൾ പറഞ്ഞു.
ഭാര്യ കോണി ഇറങ്ങി താഴേക്കു പോയി; കൌണ്ടറിനു മുന്നിലൂടെ അവൾ കടന്നുപോയപ്പോൾ ഹോട്ടലുടമസ്ഥൻ എഴുന്നേറ്റ് നിന്ന് തല കുനിച്ചു. ഓഫീസിന്റെ അങ്ങേയറ്റത്തായിരുന്നു അയാളുടെ മേശ. അയാൾക്കു നല്ല പ്രായമുണ്ടായിരുന്നു, നല്ല ഉയരവും.
‘നല്ല മഴ,’ അവൾ ഇറ്റാലിയനിൽ പറഞ്ഞു. അവൾക്ക് അയാളെ ഇഷ്ടമായി.
‘അതെയതെ, സിനോറ, കാലാവസ്ഥ തീരെ മോശം.’
വെളിച്ചം കുറഞ്ഞ മുറിയുടെ അങ്ങേയറ്റത്ത് മേശയുടെ പിന്നിൽ നില്ക്കുകയായിരുന്നു അയാൾ. അവർക്ക് അയാളെ ഇഷ്ടമായി. എന്തു പരാതി പറഞ്ഞാലും അതു വളരെ ഗൌരവത്തോടെ കാണുന്ന അയാളുടെ രീതി അവർക്കിഷ്ടമായി. അയാളുടെ കുലീനത അവർക്കിഷ്ടപ്പെട്ടു. ഒരു ഹോട്ടലുടമസ്ഥനായിരിക്കുന്നതിൽ തനിക്കെന്തു തോന്നുന്നുവെന്ന് അയാൾ പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടു. അയാളുടെ കനത്ത, പ്രായം ചെന്ന മുഖവും വലിയ കൈകളും അവർക്കിഷ്ടപ്പെട്ടു.
ആ ഇഷ്ടത്തോടെ അവൾ വാതിൽ തുറന്നു പുറത്തേക്കു നോക്കി. മഴ കനത്തു പെയ്യുകയായിരുന്നു. റബർ തൊപ്പി വച്ച ഒരാൾ കവല മുറിച്ചുകടന്ന് കഫേയിലേക്കു പോകുന്നുണ്ടായിരുന്നു. പൂച്ച വലതു വശത്തായിരിക്കണം. ഇറയുടെ അടിയിൽ കൂടി നടന്നാൽ മഴ കൊള്ളാതെ പോകാം. അവൾ വാതില്ക്കൽ നില്ക്കുമ്പോൾ പിന്നിലായി ഒരു കുട നിവർന്നു. അത് അവരുടെ മുറി അടിച്ചുവാരാൻ ചെന്ന വേലക്കാരിയായിരുന്നു.
‘മഴ നനയരുത്,’ പുഞ്ചിരിയോടെ അവർ ഇറ്റാലിയനിൽ പറഞ്ഞു. ഹോട്ടലുടമസ്ഥൻ തന്നെയാവണം കുടയുമായി അവരെ പറഞ്ഞയച്ചത്.
വേലക്കാരി ഉയർത്തിപ്പിടിച്ച കുടയ്ക്കടിയിൽ  ചരല്പാതയിലൂടെ നടന്ന് അവൾ തങ്ങളുടെ മുറിയുടെ ജനാലയ്ക്കടിയിലുള്ള ഭാഗത്തെത്തി. മഴ കഴുകിയതിനാൽ തെളിഞ്ഞ പച്ചനിറവുമായി മേശ അവിടെത്തന്നെയുണ്ടായിരുന്നു, പക്ഷേ പൂച്ച പൊയ്ക്കഴിഞ്ഞിരുന്നു. അവൾക്കു പെട്ടെന്ന് നൈരാശ്യം തോന്നി. വേലക്കാരി അവളുടെ മുഖത്തേക്കു നോക്കി.
‘എന്തെങ്കിലും കാണാതെപോയോ, സിനോറ?’ വേലക്കാരി ഇറ്റാലിയനിൽ ചോദിച്ചു.
‘ഇവിടൊരു പൂച്ചയുണ്ടായിരുന്നു,’ അമേരിക്കൻ ചെറുപ്പക്കാരി പറഞ്ഞു.
‘പൂച്ച?’
‘അതെ, ഒരു പൂച്ച.‘
’പൂച്ച?‘ വേലക്കാരി ചിരിച്ചു. ’മഴയത്തൊരു പൂച്ച?‘

index

’അതെ,‘ അവൾ പറഞ്ഞു, ’മേശയ്ക്കടിയിൽ.‘ പിന്നെ, ’ഞാൻ എത്ര ആഗ്രഹിച്ചതാണതിനെ. എനിക്കൊരു കുഞ്ഞിപ്പൂച്ചയെ വേണമായിരുന്നു.‘
അവൾ ഇംഗ്ളീഷിൽ സംസാരിക്കുമ്പോൾ വേലക്കാരിയുടെ മുഖം മുറുകി.
’പോകാം, സിനോറ,‘ അവർ പറഞ്ഞു. ’നമുക്ക് ഉള്ളിലേക്കു പോകാം. ഇവിടെ നിന്നാൽ ആകെ നനയും.‘
’ശരിയാണ്‌,‘ അമേരിക്കൻ ചെറുപ്പക്കാരി പറഞ്ഞു.
ചരല്പാതയിലൂടെ നടന്ന് അവർ വാതിൽ തുറന്നുകയറി. കുട മടക്കാനായി വേലക്കാരി പുറത്തു നിന്നു. അമേരിക്കക്കാരി കൌണ്ടറിനു മുന്നിലൂടെ നടന്നുപോയപ്പോൾ ഹോട്ടലുടമസ്ഥൻ മേശയ്ക്കു പിന്നിൽ നിന്നുകൊണ്ട് തല കുനിച്ചു. മനസ്സിൽ ചെറുതായെന്തോ മുറുകുന്നതായി ചെറുപ്പക്കാരിക്കു തോന്നി. ഹോട്ടലുടമസ്ഥന്റെ പെരുമാറ്റം അവളെ ചെറുതാക്കുകയാണ്‌, ഒപ്പം അത്ര ഗൌരവം അവൾക്കു കൊടുക്കുകയും. പരമപ്രാധാന്യമുള്ള ഒരാളാണു താനെന്ന ഒരു ക്ഷണികാനുഭൂതി അവൾക്കുണ്ടായി. അവൾ കോണി കയറി മുകളിലേക്കു പോയി. അവൾ മുറിയുടെ വാതിൽ തുറന്നു. ജോർജ്ജ് വായിച്ചുകൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്നു.
’പൂച്ചയെ കിട്ടിയോ?‘ പുസ്തകം താഴെ വച്ചുകൊണ്ട് അയാൾ ചോദിച്ചു.
’അതു പോയി.‘
’എവിടെക്കായിരിക്കും അതു പോയത്?‘ വായനയിൽ നിന്നു കണ്ണുകൾക്കു വിശ്രമം കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
അവൾ കിടക്കയിൽ ഇരുന്നു.
’ഞാനതിനെ എത്ര ആശിച്ചതാണ്‌,‘ അവൾ പറഞ്ഞു. ’എന്തുകൊണ്ടാണ്‌ എനിക്കത്ര ആഗ്രഹം തോന്നിയതെന്നു മനസ്സിലാവുന്നില്ല. ആ പാവം കുഞ്ഞിപ്പൂച്ചയെ എനിക്കു വേണമായിരുന്നു. മഴ നനയുന്ന ഒരു കുഞ്ഞിപ്പൂച്ചയാവുന്നത് അത്ര രസമുള്ള കാര്യമൊന്നുമല്ല.‘
ജോർജ്ജ് പിന്നെയും വായന തുടങ്ങിയിരുന്നു.
അവൾ നടന്നുചെന്ന് ഡ്രെസ്സിങ്ങ് ടേബിളിലെ കണ്ണാടിക്കു മുന്നിലിരുന്നു; കൈയിൽ പിടിച്ചിരുന്ന ചെറിയ കണ്ണാടിയിൽ അവൾ തന്നെത്തന്നെ നോക്കി. അവൾ തന്റെ മുഖം നോക്കിക്കണ്ടു, ആദ്യം ഒരു വശം, പിന്നെ മറ്റേ വശവും. പിന്നെ അവൾ തലയുടെ പിൻഭാഗവും പിൻകഴുത്തും സുസൂക്ഷ്മം നോക്കിയിരുന്നു.
’ഞാൻ മുടി നീട്ടിവളർത്തുന്നതിനെക്കുറിച്ചെന്തു തോന്നുന്നു?‘ കണ്ണാടിയിൽ പിന്നെയും മുഖം നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
ജോർജ്ജ് മുഖമുയർത്തി നോക്കിയപ്പോൾ ഒരാൺകുട്ടിയെപ്പോലെ പറ്റെ വെട്ടിയ അവളുടെ തലയുടെ പിൻഭാഗം കണ്ടു.
’ഇപ്പോഴുള്ളതു തന്നെയാണ്‌ എനിക്കിഷ്ടം.‘
’എനിക്കതു മടുത്തു,‘ അവൾ പറഞ്ഞു. ആൺകുട്ടികളെപ്പോലിരുന്നെനിക്കു വല്ലാതെ മടുത്തു.’
ജോർജ്ജ് കട്ടിലിൽ ഒന്നിളകി ഇരുന്നു. അവൾ സംസാരിക്കാൻ തുടങ്ങിയതില്പിന്നെ അയാൾ അവളിൽ നിന്നു കണ്ണു മാറ്റിയിട്ടില്ല.
‘നിന്നെ കാണാൻ നല്ല ചന്തമുണ്ട്,’ അയാൾ പറഞ്ഞു.
അവൾ കണ്ണാടി മേശ മേൽ വച്ചിട്ട് ജനാലയുടെ അടുത്തേക്കു നടന്നുചെന്ന് പുറത്തേക്കു നോക്കിനിന്നു. ഇരുട്ടാവുകയായിരുന്നു.
‘എനിക്കു മുടി വടിച്ചുകോതി പിന്നിൽ കൊണ്ട കെട്ടി വയ്ക്കണം; തൊട്ടാൽ എനിക്കതറിയണം,’ അവൾ പറഞ്ഞു. ‘മടിയിൽ എനിക്കൊരു പൂച്ചക്കുട്ടിയെ വേണം; ഞാനവളെ തൊടുമ്പോൾ അതു കുറുകണം.‘
’പിന്നെ?‘ ജോർജ്ജ് കട്ടിലിൽ കിടന്നുകൊണ്ടു ചോദിച്ചു.
’എന്റെ സ്വന്തമായ പാത്രങ്ങളിൽ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് എനിക്കാഹാരം കഴിക്കണം, മേശപ്പുറത്തു മെഴുകുതിരികൾ ഉണ്ടാവണം. വസന്തകാലമായിരിക്കണം, കണ്ണാടിയ്ക്കു മുന്നിൽ നിന്നുകൊണ്ട് എനിക്കെന്റെ മുടി ബ്രഷു ചെയ്യണം, എനിക്കൊരു പൂച്ചക്കുട്ടിയെ വേണം, എനിക്കു കുറച്ചു പുതിയ ഉടുപ്പുകൾ വേണം.‘
’ഓ, മിണ്ടാതിരിക്ക്, എന്നിട്ടെന്തെങ്കിലും എടുത്തു വായിക്കാൻ നോക്ക്,‘ ജോർജ്ജ് പറഞ്ഞു. അയാൾ വീണ്ടും വായന തുടങ്ങിയിരുന്നു.
അയാളുടെ ഭാര്യ ജനാലയിലൂടെ പുറത്തേക്കു നോക്കുകയായിരുന്നു. നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു; ഈന്തപ്പനകളിൽ അപ്പോഴും മഴ വീഴുന്നുണ്ടായിരുന്നു.
’എന്തായാലും എനിക്കൊരു പൂച്ചയെ വേണം,‘ അവൾ പറഞ്ഞു. ’എനിക്കൊരു പൂച്ചയെ വേണം. ഇപ്പോൾത്തന്നെ ഒരു പൂച്ചയെ വേണം. എനിക്കു മുടി നീട്ടിവളർത്താൻ പറ്റില്ലെങ്കിൽ, എനിക്കു രസമുള്ളതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ എനിക്കൊരു പൂച്ചയെ ആവാം.‘
ജോർജ്ജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാൾ തന്റെ പുസ്തകം വായിക്കുകയായിരുന്നു. അയാളുടെ ഭാര്യ ജനാലയിലൂടെ കവലയിൽ വെളിച്ചം വന്ന ഭാഗത്തേക്കു നോക്കിനില്ക്കുകയായിരുന്നു.
ആരോ വാതിലിൽ മുട്ടി.
’കേറിവരൂ,‘ ജോർജ്ജ് ഇറ്റാലിയനിൽ പറഞ്ഞു. അയാൾ പുസ്തകത്തിൽ നിന്നു മുഖമെടുത്തു നോക്കി.
വേലക്കാരി വാതില്ക്കൽ നില്ക്കുകയായിരുന്നു. മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള വലിയൊരു പൂച്ചയെ അവർ മാറോടടുക്കിപ്പിടിച്ചിരുന്നു;  അതവരുടെ ദേഹത്ത് പറ്റിപ്പിടിച്ചുകിടന്നു
‘എക്സ്ക്യൂസ് മി,’ അവർ പറഞ്ഞു. ‘സിനോറയ്ക്ക് ഇതു കൊണ്ടു കൊടുക്കാൻ പാദ്രോണെ* പറഞ്ഞു.’


*ഇറ്റാലിയനിൽ ഉടമസ്ഥൻ എന്നർത്ഥം.


Ernest Hemingway – ‘Cat in the Rain’

PDF of Cat in the Rain

ബോദ്‌ലേർ - ശരൽക്കാലഗീതം

tumblr_ndaij8IHeX1r0tptno2_500


വൈകാതെ നാമന്ധകാരത്തിന്റെ മരവിപ്പിലാണ്ടുപോകും,
അത്രമേൽ ഹ്രസ്വമായ വേനലിന്റെ വിശദവെളിച്ചമേ, വിട!
ആ ദാരുണശബ്ദമിപ്പോൾത്തന്നെ കാതുകളിൽ മുഴങ്ങുന്നു:
മുറ്റത്തെ തറക്കല്ലുകളിൽ വിറകുകൊള്ളികൾ വന്നുവീഴുന്ന മാറ്റൊലി!

ഹേമന്തമതിനുള്ളതെല്ലാമെടുത്തെന്റെ ഹൃദയത്തിൽ വന്നു കുടിയേറും:
കോപം, പക, ഭീതി, ഉടൽവിറ, മോചനമില്ലാത്ത അടിമവേല.
ധ്രുവപ്രദേശമെന്ന വിദൂരനരകത്തിലെ സൂര്യനെന്ന പോലെ
എന്റെ ഹൃദയം തണുത്തുറഞ്ഞൊരു ചോരക്കട്ടയുമാകും.

ഓരോ വിറകും വന്നുവീഴുമ്പോൾ ഞാൻ കിടുങ്ങിവിറച്ചുപോകുന്നു:
ഇത്ര കെട്ടൊരൊച്ചയല്ലല്ലോ, കൊലമരം പണിയുമ്പോൾ കേൾക്കുക!
കൂറ്റനൊരിരുമ്പുകൂടത്തിന്റെ അക്ഷീണപ്രഹരങ്ങൾക്കടിയിൽ
തകർന്നടിയുന്നൊരു ഗോപുരമായിരിക്കുന്നു, ഇന്നെന്റെ ഹൃദയം.

ആ നിരന്തരമായ ഒച്ച കേട്ടു തല പെരുക്കുമ്പോളെനിക്കു തോന്നുന്നു:
ആരുടെയോ ശവപ്പെട്ടിയിലാണിയടിക്കുകയാണവർ. പക്ഷേ ആരുടെ?
ഇന്നലെ വേനലായിരുന്നു, ഇന്നിതാ ശരൽക്കാലം മുട്ടിവിളിയ്ക്കുന്നു!
അജ്ഞാതഗാനമേ, നീ പാടുന്നതാരുടെ വേർപാടിനെച്ചൊല്ലി?

II

നിന്റെ നീൾക്കണ്ണുകളിലെ നീലവെളിച്ചമെനിക്കിഷ്ടമാണു പ്രിയേ;
ഇന്നു പക്ഷേ, സർവതുമെനിക്കു ചവർത്തുപോയിരിക്കുന്നു.
ഇന്നെനിക്കു വേണ്ടതു നിന്റെ പ്രണയമല്ല, ഊഷ്മളമായ കിടക്കയല്ല,
കടല്പരപ്പിലോളം തല്ലുന്ന സൂര്യവെളിച്ചത്തിന്റെ തെല്ലു ചൂടത്രേ!

എന്നിരുന്നാലുമെന്നെ നീ സ്നേഹിക്കണേ, ആർദ്രഹൃദയമേ!
നിന്ദ്യനും നന്ദി കെട്ടവനുമാണീ മകനെങ്കിലുമവനമ്മയാകണേ!
ഹ്രസ്വമായൊരു ശരൽക്കാലത്തിന്റെ, അസ്തമിക്കുന്ന സൂര്യന്റെ
ക്ഷണികമാധുര്യമാകണേ, എന്റെ കാമുകീ, എന്റെ സോദരീ!

ഇനി വൈകില്ല! വായ പിളർന്നു ശവക്കുഴി കാത്തിരിക്കുന്നു!
ഹാ, നിന്റെ കാൽമുട്ടുകളിൽ ഞാനൊന്നു നെറ്റി ചേർത്തോട്ടെ,
വേനലിന്റെ പൊള്ളുന്ന വെണ്മയെച്ചൊല്ലിക്കരയുമ്പോൾത്തന്നെ
ശരൽക്കാലാന്ത്യത്തിന്റെ സുവർണ്ണരശ്മികൾ ഞാൻ നുകരട്ടെ!


 

Chant d'automne

I

Bientôt nous plongerons dans les froides ténèbres;
Adieu, vive clarté de nos étés trop courts!
J'entends déjà tomber avec des chocs funèbres
Le bois retentissant sur le pavé des cours.

Tout l'hiver va rentrer dans mon être: colère,
Haine, frissons, horreur, labeur dur et forcé,
Et, comme le soleil dans son enfer polaire,
Mon coeur ne sera plus qu'un bloc rouge et glacé.

J'écoute en frémissant chaque bûche qui tombe
L'échafaud qu'on bâtit n'a pas d'écho plus sourd.
Mon esprit est pareil à la tour qui succombe
Sous les coups du bélier infatigable et lourd.

II me semble, bercé par ce choc monotone,
Qu'on cloue en grande hâte un cercueil quelque part.
Pour qui? — C'était hier l'été; voici l'automne!
Ce bruit mystérieux sonne comme un départ.

II

J'aime de vos longs yeux la lumière verdâtre,
Douce beauté, mais tout aujourd'hui m'est amer,
Et rien, ni votre amour, ni le boudoir, ni l'âtre,
Ne me vaut le soleil rayonnant sur la mer.

Et pourtant aimez-moi, tendre coeur! soyez mère,
Même pour un ingrat, même pour un méchant;
Amante ou soeur, soyez la douceur éphémère
D'un glorieux automne ou d'un soleil couchant.

Courte tâche! La tombe attend; elle est avide!
Ah! laissez-moi, mon front posé sur vos genoux,
Goûter, en regrettant l'été blanc et torride,
De l'arrière-saison le rayon jaune et doux!

Charles Baudelaire

Song of Autumn

I

Soon we shall plunge into the cold darkness;
Farewell, vivid brightness of our short-lived summers!
Already I hear the dismal sound of firewood
Falling with a clatter on the courtyard pavements.

All winter will possess my being: wrath,
Hate, horror, shivering, hard, forced labor,
And, like the sun in his polar Hades,
My heart will be no more than a frozen red block.

All atremble I listen to each falling log;
The building of a scaffold has no duller sound.
My spirit resembles the tower which crumbles
Under the tireless blows of the battering ram.

It seems to me, lulled by these monotonous shocks,
That somewhere they're nailing a coffin, in great haste.
For whom? — Yesterday was summer; here is autumn
That mysterious noise sounds like a departure.

II

I love the greenish light of your long eyes,
Sweet beauty, but today all to me is bitter;
Nothing, neither your love, your boudoir, nor your hearth
Is worth as much as the sunlight on the sea.

Yet, love me, tender heart! be a mother,
Even to an ingrate, even to a scapegrace;
Mistress or sister, be the fleeting sweetness
Of a gorgeous autumn or of a setting sun.

Short task! The tomb awaits; it is avid!
Ah! let me, with my head bowed on your knees,
Taste the sweet, yellow rays of the end of autumn,
While I mourn for the white, torrid summer!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Tuesday, November 11, 2014

ഹൊർഹേ കരേര അന്ദ്രാദെ - അതിഥി

index


രാത്രിയുടെ ഇരുണ്ട കൂറ്റൻ കതകിൽ
പന്ത്രണ്ടു മുട്ടുകൾ പ്രതിധ്വനിക്കുന്നു.

ആളുകൾ കിടക്കകളിൽ എഴുന്നേറ്റിരിക്കുന്നു;
മഞ്ഞിന്റെ ചെതുമ്പലുകളുമായി ഭീതി അവർക്കു മേലിഴഞ്ഞുകേറുന്നു.

അതാരായിരിക്കും? വീടുകൾക്കുള്ളിൽ
നഗ്നപാദുകമായ ഭീതി നുഴഞ്ഞുകേറുന്നു.

ആ പ്രചണ്ഡമായ മുട്ടലുകൾ
വിളക്കുകളുടെ നാളങ്ങളൂതിക്കെടുത്തുന്നതവർ കാണുന്നു.

അജ്ഞാതനായ അതിഥി അവരെ കാണാനെത്തുകയാണ്‌,
അവരുടെ കൺപോളകളിൽ ഒരു നേർത്ത നീലജ്വാല പടരുന്നു.



ഹൊർഹേ കരേര അന്ദ്രാദെ (1903-1978) - ഇക്വഡോർകാരനായ സ്പാനിഷ് കവിയും ചരിത്രകാരനും നയതന്ത്രജ്ഞനും. carrera andrade

Monday, November 10, 2014

അന്ന സ്വിർ - വാതില്‍ വഴി ഒരു സംഭാഷണം

imageslink to image


പുലർച്ചെ അഞ്ചു മണിയ്ക്ക്
ഞാൻ അയാളുടെ വാതിലിൽ ചെന്നു മുട്ടി.
വാതില്‍ വഴി  ഞാൻ പറയുന്നു:
സ്ലിസ്ക്കാ തെരുവിലെ ആശുപത്രിയിൽ
നിങ്ങളുടെ മകൻ, പട്ടാളക്കാരൻ, മരിക്കാൻ കിടക്കുകയാണ്‌.

അയാൾ വാതിൽ പാതി തുറക്കുന്നു,
കൊളുത്തയാൾ എടുക്കുന്നുമില്ല.
പിന്നിൽ അയാളുടെ ഭാര്യ
നിന്നുവിറയ്ക്കുന്നു.

ഞാൻ പറയുന്നു:
നിങ്ങളുടെ മകന്‌ അമ്മയെ ഒന്നു കാണണം.
അയാൾ പറയുന്നു:  അമ്മ വരില്ല.
പിന്നിൽ അയാളുടെ ഭാര്യ
നിന്നുവിറയ്ക്കുന്നു.

ഞാൻ പറയുന്നു:
അയാൾക്കു വീഞ്ഞു കൊടുക്കാൻ
ഡോക്ടർ അനുവാദം തന്നിട്ടുണ്ട്.
അയാൾ പറയുന്നു: ഒന്നു നില്ക്കണേ.

വാതിലിനുള്ളിലൂടെ
അയാൾ ഒരു കുപ്പിയെടുത്തു നീട്ടുന്നു,
വാതിൽ അടച്ചു കുറ്റിയിടുന്നു,
താഴിട്ടു പൂട്ടുന്നു.
വാതിലിനു പിന്നിൽ
അയാളുടെ ഭാര്യ അലറിക്കരയാൻ തുടങ്ങുന്നു
പേറ്റുനോവെടുക്കുമ്പോലെ.


 

A CONVERSATION THROUGH THE DOOR

At five in the morning
I knock on his door.
I say through the door:
In the hospital at Sliska Street
your son, a soldier, is dying.
He half-opens the door,
does not remove the chain.
Behind him his wife
shakes.
I say: your son asks his mother
to come.
He says: the mother won't come.
Behind him the wife
shakes.
I say: the doctor allowed us
to give him wine.
He says: please wait.
He hands me a bottle through the door,
locks the door,
locks the door with a second key.
Behind the door his wife
begins to scream as if she were in labor.
(Translated by Czeslaw Milosz and Leonard Nathan)

Sunday, November 9, 2014

അറ്റില യോസെഫ് - ഏഴാമൻ


index





ഈ ലോകത്തേക്കു വരണമെന്നാണു നിനക്കെങ്കിൽ
നിനക്കേഴു ജന്മങ്ങളെടുക്കേണ്ടി വരും:
തീ പിടിച്ചൊരു പുരയിൽ, ഒരിക്കൽ,
മഞ്ഞുകാറ്റൂതുന്ന പ്രളയത്തിൽ, ഒരിക്കൽ,
പിച്ചും പേയുമുയരുന്ന ഭ്രാന്താലയത്തിൽ, ഒരിക്കൽ,
കതിരുകളുലയുന്ന ഗോതമ്പുവയലിൽ, ഒരിക്കൽ,
മണിയടിക്കുന്ന ദേവാലയത്തിനുള്ളിൽ, ഒരിക്കൽ;
പിന്നെയൊരിക്കൽ, ഒരു പന്നിക്കൂടിനുള്ളിലും.
കരഞ്ഞും കൊണ്ടു കിടക്കുന്ന ആറു കുഞ്ഞുങ്ങൾ, അതു പോര, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!

ശത്രുക്കൾ നിന്നെ വന്നു നേർക്കുമ്പോൾ
അവർക്കെതിരു നില്ക്കുന്നതേഴു പേരാവട്ടെ:
ആഴ്ചയൊടുവിൽ വിശ്രമമെടുക്കുന്ന ഒരാൾ,
തിങ്കളാഴ്ച ജോലി തുടങ്ങുന്ന ഒരാൾ,
ശമ്പളം വേണ്ടെന്നു വച്ചു പഠിപ്പിക്കുന്ന ഒരാൾ,
മുങ്ങിത്താണുകൊണ്ടു നീന്താൻ പഠിച്ച ഒരാൾ,
ഒരു കാടിനു വിത്തെറിഞ്ഞ ഒരാൾ,
കാടിന്റെ പിതൃക്കൾ കാക്കുന്ന ഒരാളും.
ഈ ഉപായങ്ങൾ മാത്രം പോര, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!


നിനക്കൊരു പെണ്ണിനെ വേണ്ടിവരികയാണെങ്കിൽ
ഏഴു പേർ അവളുടെ പിന്നാലെ പോകട്ടെ:
വാക്കുകളിൽ സ്വന്തം ഹൃദയം നിറയ്ക്കുന്ന ഒരാൾ,
തന്റെ ഭാഗം നന്നായി അഭിനയിക്കുന്ന ഒരാൾ,
സ്വപ്നദർശിയാണു താനെന്നു നടിക്കുന്ന ഒരാൾ,
പുടവയ്ക്കുള്ളിൽ അവളെ തേടുന്ന ഒരാൾ,
കുടുക്കുകൾ എവിടെയെന്നറിയുന്ന ഒരാൾ,
അവളെ നിലയ്ക്കു നിർത്താൻ അറിയുന്ന ഒരാളും.
ഇറച്ചിക്കു ചുറ്റും ഈച്ചകളെപ്പോലവർ അവളെച്ചുറ്റിപ്പറക്കട്ടെ:
ഏഴാമൻ നീ തന്നെയുമാവട്ടെ!


നിന്നെക്കൊണ്ടു താങ്ങാവുന്നതാണു കവിയാവുക എങ്കിൽ,
നിന്റെ കവിതയെഴുന്നതേഴു പേരാകട്ടെ:
മാർബിൾ കൊണ്ടൊരു ഗ്രാമം പടുക്കുന്ന ഒരാൾ,
ജനിക്കുമ്പോഴേ ഉറക്കമായിരുന്ന ഒരാൾ,
ആകാശത്തിന്റെ ഭൂപടം വായിക്കാനറിയുന്ന ഒരാൾ,
വാക്കുകൾ പേരെടുത്തു വിളിക്കുന്ന ഒരാൾ,
തനിക്കു ചേർന്ന മട്ടിൽ സ്വന്തമാത്മാവിനെ പണിതെടുക്കുന്ന ഒരാൾ,
ജീവനുള്ള എലികളെ കീറിമുറിക്കുന്ന ഒരാളും.
രണ്ടു പേർ ധീരർ, നാലു പേർ ജ്ഞാനികൾ, മകനേ:
ഏഴാമൻ നീ തന്നെയാവട്ടെ!


എഴുതപ്പെട്ട പോലെയാണു കാര്യങ്ങൾ നടക്കുന്നതെങ്കിൽ,
ഏഴു പേരുടെ മരണം നീ മരിക്കട്ടെ:
പതുപതുത്ത മാറത്തു മുല കുടിച്ചു കിടന്ന ഒരാൾ,
ഉറച്ച മുലകളിൽ കടന്നുപിടിച്ച ഒരാൾ,
ഒഴിഞ്ഞ പിഞ്ഞാണങ്ങൾ കഴുകാൻ കൂട്ടിവച്ച ഒരാൾ,
പാവങ്ങളെ ജയിക്കാൻ തുണച്ച ഒരാൾ,
സ്വയമഴിഞ്ഞുതീരും വരെ പണിയെടുത്ത ഒരാൾ,
ചന്ദ്രനെ നോക്കിയിരിക്കുക മാത്രം ചെയ്ത ഒരാൾ.
ലോകം നിനക്കു കുഴിമാടമാകും,  മകനേ,
ഏഴാമൻ നീ തന്നെയാണെങ്കിൽ!
(1932)



The Seventh (A hetedik)
 If you set out in this world,
 better be born seven times.
 Once, in a house on fire,
 once, in a freezing flood,
 once, in a wild madhouse,
 once, in a field of ripe wheat,
 once, in an empty cloister,
 and once among pigs in sty.
 Six babes crying, not enough:
 you yourself must be the seventh.



 When you must fight to survive,
 let your enemy see seven.
 One, away from work on Sunday,
 one, starting his work on Monday,
 one, who teaches without payment,
 one, who learned to swim by drowning,
 one, who is the seed of a forest,
 and one, whom wild forefathers protect,
 but all their tricks are not enough:
 you yourself must be the seventh.



 If you want to find a woman,
 let seven men go for her.
 One, who gives heart for words,
 one, who takes care of himself,
 one, who claims to be a dreamer,
 one, who through her skirt can feel her,
 one, who knows the hooks and snaps,
 one, who steps upon her scarf:
 let them buzz like flies around her.
 You yourself must be the seventh.



 If you write and can afford it,
 let seven men write your poem.
 One, who builds a marble village,
 one, who was born in his sleep,
 one, who charts the sky and knows it,
 one, whom words call by his name,
 one, who perfected his soul,
 one, who dissects living rats.
 Two are brave and four are wise;
 You yourself must be the seventh.



 And if all went as was written,
 you will die for seven men.
 One, who is rocked and suckled,
 one, who grabs a hard young breast,
 one, who throws down empty dishes,
 one, who helps the poor win;
 one, who worked till he goes to pieces,
 one, who just stares at the moon.
 The world will be your tombstone:
 you yourself must be the seventh.
 
  József Attila: A hetedik
  ------------------------

  E világon ha ütsz tanyát,
  hétszer szûljön meg az anyád!
  Egyszer szûljön égõ házban,
  egyszer jeges áradásban,
  egyszer bolondok házában,
  egyszer hajló, szép búzában,
  egyszer kongó kolostorban,
  egyszer disznók közt az ólban.
  Fölsír a hat, de mire mégy?
  A hetedik te magad légy!

  Ellenség ha elõdbe áll,
  hét legyen, kit elõtalál.
  Egy, ki kezdi szabad napját,
  egy ki végzi szolgálatját,
  egy, ki népet ingyen oktat,
  egy, kit úszni vízbe dobtak,
  egy, ki magva erdõségnek,
  egy, kit õse bõgve védett,
  csellel, gánccsal mind nem elég, --
  a hetedik te magad légy!

  Szeretõ után ha járnál,
  hét legyen, ki lány után jár.
  Egy, ki szivet ad szaváért,
  egy, ki megfizet magáért,
  egy, ki a merengõt adja,
  egy, ki a szoknyát kutatja,
  egy, ki tudja, hol a kapocs,
  egy, ki kendõcskére tapos, --
  dongják körül, mint húst a légy!
  A hetedik te magad légy.

  Ha költenél s van rá költség,
  azt a verset heten költsék.
  Egy, ki márványból rak falut,
  egy, ki mikor szûlték, aludt,
  egy, ki eget mér és bólint,
  egy, kit a szó nevén szólít,
  egy, ki lelkét üti nyélbe,
  egy, ki patkányt boncol élve.
  Kettõ vitéz és tudós négy, --
  a hetedik te magad légy.

  S ha mindez volt, ahogy írva,
  hét emberként szállj a sírba.
  Egy, kit tejes kebel ringat,
  egy, ki kemény mell után kap,
  egy, ki elvet üres edényt,
  egy, ki gyõzni segít szegényt,
  egy, ki dolgozik bomolva,
  egy, aki csak néz a Holdra:
  Világ sírköve alatt mégy!
  A hetedik te magad légy.

Friday, November 7, 2014

ജെ. ഫ്രീമാൻ - വേട്ടനായ്ക്കൾ

moon night sea

അകലെയെവിടെയോ ഏകാകിയായൊരു വേട്ടനായ മോങ്ങുന്നു,
തന്റെ ഏകാകികതയെക്കുറിച്ചു പറയുകയാണവൻ,
ഇരുണ്ട കാടുകളോട്, ഇരുണ്ട കുന്നുകളോട്, അതിലുമിരുണ്ട കടലിനോട്.

അതിനു മറുപടിയെന്നോണം മറ്റൊരേകാന്തരോദനം;
കടലെന്ന ഒറ്റയാൻ വേട്ടനായ വിലപിക്കുകയാണ്‌,
ഏകാന്തനക്ഷത്രങ്ങളോടു തന്റെ ഏകാന്തതയെക്കുറിച്ചു പറയുകയാണ്‌.

അതു കേൾക്കെ കൂട്ടിലടച്ച നായയ്ക്കു സമാധാനമാകുന്നു,
അല്പമൊരു സ്വസ്ഥതയും ഒരു പരിചയക്കാരനെയും അവനു കിട്ടിക്കഴിഞ്ഞു,
സ്വസ്ഥത കെട്ടു വിറ കൊള്ളുന്ന നക്ഷത്രങ്ങൾക്കു ചോടെ അവൻ ഉറക്കമാവുന്നു.

എന്നാൽ രാത്രി മുഴുവൻ വിളിച്ചുകരയുകയായിരുന്നു,
കൂട്ടിലടയ്ക്കാത്ത, മെരുക്കിയാൽ മെരുങ്ങാത്ത ആ കടൽവേട്ടനായ-
പരിചയക്കാരില്ലാത്ത, സമാധാനം കിട്ടാത്ത തണുത്ത കടൽ.


Monday, November 3, 2014

ബുദ്ധദേവ് ബോസ് - മരിച്ചുപോയവളോട്

"ഞാന്‍ ഒരിക്കലും നിന്നെ മറക്കില്ല."
അത്ര ധൃഷ്ടമായ പ്രതിജ്ഞകള്‍ക്കു
ജീവിതമൊരിക്കലും നമുക്കു മാപ്പു തരില്ല.
അതിനാല്‍, വ്യര്‍ത്ഥവാഗ്ദാനങ്ങള്‍ നാം വേണ്ടെന്നു വയ്ക്കുക.
ഇനിയും ഭാവന ചെയ്യാത്ത വഴികളിലൂടെ 
നിന്റെ മോക്ഷം പടര്‍ന്നുപോകട്ടെ.
നിന്റെ മുഖത്തെ വശ്യത ഇലപ്പച്ചയിലലിയട്ടെ,
കാറ്റില്‍, കരയില്‍, ഋതുക്കളുടെ നര്ത്തനത്തില്‍,
കടലില്‍, ആകാശനീലിമയിലലിയട്ടെ.
ഈ രാത്രിയില്‍, ഈ ഏകാന്തഹൃദയത്തില്‍,
ഈ വാക്കുകളുടെ തിരി മാത്രം ഞാന്‍ 
കെടാതെ കാത്തു സൂക്ഷിക്കട്ടെ:
"നീ ഇവിടെ ഉണ്ടായിരുന്നു,
ഒരിക്കല്‍ നീ ഇവിടെ ഉണ്ടായിരുന്നു."