ഒരിക്കൽ ഒരിടത്ത് വളരെ ദുഷ്ടനും അഹംഭാവിയുമായ ഒരു രാജാവുണ്ടായിരുന്നു. ലോകം മുഴുവൻ തന്റെ വരുതിക്കാവണമെന്നും തന്റെ പേരു കേട്ടാൽ ആളുകൾ കിടുങ്ങിവിറയ്ക്കണമെന്നുമായിരുന്നു അയാളുടെ മനസ്സിൽ ആകെയുള്ള ചിന്ത. വാളും തീയും കൊണ്ടയാൾ പാഞ്ഞുനടന്നു. വിളഞ്ഞുനില്ക്കുന്ന പാടങ്ങൾ അയാളുടെ പടയാളികൾ ചവിട്ടി മെതിച്ചു; പാവം കൃഷിക്കാരുടെ കുടിലുകൾക്കവർ തീയിട്ടു; ചുവന്ന തീനാളങ്ങൾ മരങ്ങളുടെ ഇലകൾ ഒന്നു പോലും ബാക്കിവയ്ക്കാതെ നക്കിയെടുക്കുന്നതും കരിഞ്ഞിരുണ്ട ചില്ലകളിൽ നിന്നു കനികൾ തൂങ്ങിക്കിടക്കുന്നതും അവർ നോക്കിനിന്നു. പുകയുന്ന ചുമരുകൾക്കു പിന്നിൽ എത്ര അമ്മമാരാണ് കൈക്കുഞ്ഞുങ്ങളുമായി ഒളിച്ചിരുന്നത്; പടയാളികൾ അവരെ തിരഞ്ഞുപിടിച്ച് തങ്ങളുടെ പൈശാചികാനന്ദങ്ങൾക്ക് അവരെ വിധേയരാക്കുകയായി. ദുഷ്ടപ്പിശാചുക്കൾ പോലും ഇത്ര ഹീനമായി പെരുമാറിയേക്കില്ല; പക്ഷേ രാജാവിന്റെ വിചാരം ഇതൊക്കെ ഇങ്ങനെ തന്നെയാണു വേണ്ടതെന്നായിരുന്നു. നാൾക്കു നാൾ അയാളുടെ ബലം വർദ്ധിക്കുകയായിരുന്നു; അയാളുടെ പേരു കേൾക്കുമ്പോൾ ആളുകൾ പേടിച്ചുചൂളുകയായിരുന്നു; അയാൾ ഏറ്റെടുത്ത ദൌത്യങ്ങളൊക്കെ വിജയം കാണുകയുമായിരുന്നു. കീഴടക്കിയ നഗരങ്ങളിൽ നിന്ന് അയാൾ പൊന്നും പണവും കുത്തിക്കവർന്നുകൊണ്ടുപോയി. അയാളുടെ രാജകൊട്ടാരത്തിൽ നിധികൾ കുന്നുകൂടി. പിന്നെ അയാൾ ഗംഭീരങ്ങളായ കോട്ടകളും പള്ളികളും കമാനങ്ങളും പടുത്തുയർത്തുകയായി. ആ കൂറ്റൻ എടുപ്പുകൾ കണ്ടവരെല്ലാം പറഞ്ഞു: ‘എത്ര മഹാനായ രാജാവ്!’ അന്യദേശങ്ങളിൽ അയാൾ വരുത്തിയ കെടുതികളെക്കുറിച്ച് അവർ ആലോചിച്ചില്ല; കത്തിച്ചാമ്പലായ നഗരങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകളും നിലവിളികളും അവർ കേട്ടില്ല.
തന്റെ സ്വർണ്ണക്കൂനകളിൽ, കൂറ്റൻ കെട്ടിടങ്ങളിൽ കണ്ണോടിച്ച രാജാവിനും ആ ആൾക്കൂട്ടത്തിന്റെ അതേ ചിന്ത തന്നെയായിരുന്നു: ‘എത്ര മഹാനായ രാജാവ്! പക്ഷേ എനിക്കിത്രയും കൊണ്ടു പോര! ഇനിയും വേണം! എന്നെക്കാൾ മേലെയെന്നല്ല, എന്നോടു തുല്യനായിപ്പോലും ഒരാളുമുണ്ടാകാൻ പാടില്ല!’ എന്നിട്ടയാൾ അയൽരാജാക്കന്മാരോടെല്ലാം യുദ്ധത്തിനു പോയി, അവരെയെല്ലാം ജയിച്ചടക്കി. പരാജിതരായ രാജാക്കന്മാരെ അയാൾ തന്റെ തേരിനു പിന്നിൽ സ്വർണ്ണത്തുടലുകൾ കൊണ്ടു കെട്ടിവലിച്ചിഴച്ചു; തീന്മേശയുടെ കാൽക്കൽ കെട്ടിയിട്ടു; അയാൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾ അവർ പെറുക്കിത്തിന്നണമായിരുന്നു.
പിന്നെ അയാൾ പട്ടണക്കവലകളിലും കൊട്ടാരമുറ്റത്തും തന്റെ പ്രതിമകൾ സ്ഥാപിക്കാൻ ഏർപ്പാടു ചെയ്തു. തന്നെയുമോ, പള്ളികളിലെ അൾത്താരകളിലും തന്റെ പ്രതിമയുണ്ടാവണമെന്ന് അയാൾ നിർബന്ധിച്ചു. പുരോഹിതന്മാർ പറഞ്ഞു, ‘മഹാരാജാവേ, അങ്ങു ശക്തൻ തന്നെ എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ അങ്ങയിലും ശക്തനാണു ദൈവം. അങ്ങയുടെ ആഗ്രഹം നിവർത്തിക്കാൻ ഞങ്ങൾക്കു ധൈര്യം വരുന്നില്ല.’
‘അതെയോ,’ ദുഷ്ടനായ രാജാവു പറഞ്ഞു, ‘എങ്കിൽ ഞാൻ ദൈവത്തെയും ജയിച്ചടക്കാൻ പോവുകയാണ്!’ ബുദ്ധിശൂന്യതയും ദൈവഭയമില്ലാത്ത ധാർഷ്ട്യവും കൂടിച്ചേർന്നപ്പോൾ അയാളുടെ തല തിരിഞ്ഞുപോയി! ആകാശത്തിലൂടെ പറക്കാൻ കഴിയുന്ന ഒരു യാനം അയാൾ പറഞ്ഞുണ്ടാക്കിച്ചു. മയിലിന്റെ പീലിക്കെട്ടു പോലെ ഉജ്ജ്വലവർണ്ണങ്ങൾ ചേർന്നതായിരുന്നു അത്; ഒരായിരം കണ്ണുകൾ അതിൽ പതിച്ചുവച്ചിരുന്നു; പക്ഷേ ഓരോ കണ്ണും ഓരോ പീരങ്കിക്കുഴലായിരുന്നു! യാനത്തിന്റെ മദ്ധ്യത്തിരുന്നുകൊണ്ട് ഒരു ദണ്ഡു പിടിച്ചു വലിക്കുകയേ വേണ്ടു, ഒരായിരം പീരങ്കിയുണ്ടകൾ വർഷിക്കുകയായി. യാനത്തിനു മുന്നിൽ ചിറകു ബലത്ത നൂറു കണക്കിനു ഗരുഢന്മാരെ കൊളുത്തിയിട്ടിരുന്നു; ഒന്നു ചൂളമടിച്ചപ്പോൾ അമ്പു പായുമ്പോലെ യാനം മാനത്തേക്കുയർന്നു. ഭൂമി എത്ര താഴെയായിരിക്കുന്നു! ആദ്യമൊക്കെ, കാടുകളും മലകളും മറ്റുമായി, ഉഴുതുമറിച്ച പാടം പോലെയാണതു കാണപ്പെട്ടത്; പിന്നെയത് നിവർത്തി വച്ച ഭൂപടം പോലെയായി; വൈകിയില്ല, മേഘങ്ങൾക്കും മൂടൽമഞ്ഞിനും പിന്നിൽ അതു കണ്ണിൽ നിന്നു മറയുകയും ചെയ്തു. ഗരുഢന്മാർ ഉയർന്നുയർന്നു പോയി. കോടാനുകോടികളായ തന്റെ മാലാഖമാരിൽ നിന്ന് ദൈവം ഒരേയൊരു മാലാഖയെ രാജാവിനെ നേരിടാനയച്ചു. ദുഷ്ടനായ രാജാവ് ഒരായിരം വെടിയുണ്ടകൾ കൊണ്ട് മാലാഖയെ എതിരേറ്റു. അവ പക്ഷേ, മാലാഖയുടെ തിളങ്ങുന്ന ചിറകുകളിൽ തട്ടി ആലിപ്പഴം പോലെ പൊഴിയുകയാണുണ്ടായത്. ഒരു തുള്ളി രക്തം-വെറുമൊരു തുള്ളി- ഒരു തൂവലിൽ നിന്നിറ്റുവീണു; ആ ഒരു തുള്ളി രാജാവിന്റെ യാനത്തിൽ വന്നുവീണു. എത്രയോ മന്നു ഭാരമുള്ള ഈയക്കട്ട പോലെയാണതു വന്നുവീണത്! യാനം കുത്തനെ ഭൂമിയിലേക്കു പതിക്കാൻ തുടങ്ങി. ഗരുഢന്മാരുടെ കരുത്തുറ്റ ചിറകുകൾ തകർന്നു; കൊടുങ്കാറ്റുകൾ രാജാവിന്റെ ശിരസ്സിനു ചുറ്റും പാഞ്ഞുനടന്നു; മേഘങ്ങൾ-ശരിക്കുമവ അയാൾ ചുട്ടുകരിച്ച നഗരങ്ങളിൽ നിന്നുയർന്ന പുകപടലങ്ങളായിരുന്നു- ഭീഷണരൂപങ്ങൾ പൂണ്ടു, കൂറ്റൻ കടൽ ഞണ്ടുകളെപ്പോലെ, ഇടിഞ്ഞിറങ്ങുന്ന പാറക്കെട്ടുകൾ പോലെ, തീ തുപ്പുന്ന വ്യാളികൾ പോലെ. അയാൾ അർദ്ധപ്രാണനായി കിടക്കവെ യാനം കാട്ടിനുള്ളിൽ മരക്കൊമ്പുകളിൽ കുരുങ്ങി തങ്ങിക്കിടന്നു.
‘ദൈവത്തെ ഞാൻ കീഴടക്കുകതന്നെ ചെയ്യും!’ അയാൾ പ്രഖ്യാപിച്ചു. ‘ഞാൻ പ്രതിജ്ഞ ചെയ്തുകഴിഞ്ഞു; ഞാനതു നടപ്പാക്കുകയും ചെയ്യും!’ ഏഴു കൊല്ലമെടുത്ത് അയാൾ ആകാശത്തു പറക്കുന്ന യാനങ്ങളുണ്ടാക്കിച്ചു. എത്രയും കടുത്ത ഉരുക്കിൽ നിന്ന് അയാൾ വെള്ളിടികൾ വാർപ്പിച്ചു; അയാൾക്ക് സ്വർഗ്ഗത്തിന്റെ കോട്ടകൾ തകർക്കണമല്ലോ! തന്റെ അധീനതയിലുള്ള ദേശങ്ങളിൽ നിന്നായി അയാൾ ഒരു മഹാസൈന്യം സ്വരൂപിച്ചു; അവർ നിരന്നുനിന്നപ്പോൾ എത്ര മൈലുകളെടുത്തുവെന്നോ! എല്ലാവരും ആ വിചിത്രയാനങ്ങളിൽ ചെന്നുകയറി. രാജാവ് തന്റെ യാനത്തിൽ കയറാൻ ചെല്ലുമ്പോഴാണ് ദൈവം ഒരു കടന്നല്പറ്റത്തെ അയാൾക്കു നേർക്കയക്കുന്നത്; അത്ര വലുതല്ലാത്ത ഒരു കടന്നല്പറ്റം. അവ രാജാവിനും ചുറ്റും പറന്നുനടന്നുകൊണ്ട് മുഖത്തും കൈകളിലും കുത്താൻ തുടങ്ങി. അയാൾ രോഷത്തോടെ വാളു വലിച്ചൂരി വെട്ടിയതൊക്കെ ശൂന്യമായ വായുവിലായിരുന്നു. ഒന്നിനെപ്പോലും തൊടാൻ അയാൾക്കായില്ല. പിന്നെ അയാൾ വില കൂടിയ കമ്പളങ്ങൾ വരുത്തിച്ചു. അവ കൊണ്ടു തന്നെ പൊതിയാൻ അയാൾ പരിചാരകന്മാരോടു കല്പിച്ചു. ഒരു കടന്നലും ഇനി തന്നെ കുത്തരുത്! പക്ഷേ ഒരേയൊരു കടന്നൽ കമ്പളങ്ങൾക്കുള്ളിൽ കയറിപ്പറ്റിയിരുന്നു. അത് രാജാവിന്റെ കാതിനരികിൽ ഇഴഞ്ഞെത്തി ഒരു കുത്തു കൊടുത്തു. കനൽ പൊള്ളിക്കുമ്പോലെയാണ് അയാൾക്കു തോന്നിയത്; അയാളുടെ തലച്ചോറിലേക്ക് വിഷം ഇരച്ചുകയറി. അയാൾ കമ്പളങ്ങൾ പറിച്ചെറിഞ്ഞു, ഉടുത്തിരുന്നതു പിച്ചിച്ചീന്തി, ക്രൂരന്മാരും കിരാതന്മാരുമായ തന്റെ പടയാളികൾക്കു മുന്നിൽ ഭ്രാന്തനെപ്പോലെ അയാൾ നൃത്തം വച്ചു. ദൈവത്തെ കീഴടക്കാൻ പോയിട്ട് ഒരേയൊരു കടന്നലിനു മുന്നിൽ കീഴടങ്ങേണ്ടി വന്ന സ്വന്തം രാജാവിനെ കളിയാക്കിച്ചിരിക്കുകയായിരുന്നു ആ പടയാളികൾ ഇപ്പോൾ.
No comments:
Post a Comment