ഒരിക്കൽ ഒരിടത്ത് ഇരുപത്തഞ്ചു തകരപ്പട്ടാളക്കാരുണ്ടായിരുന്നു; എല്ലാവരും സഹോദരങ്ങളുമായിരുന്നു. അതെങ്ങനെയെന്നാൽ പഴയൊരു തകരക്കരണ്ടിയിൽ നിന്നാണ് എല്ലാവരും ഉണ്ടായത്. തോക്കും തോളത്തു വച്ച്, നേരേ മുന്നിലേക്കു നോക്കി അവർ നിന്നു. നീലയും ചുവപ്പും നിറമുള്ള അവരുടെ കുപ്പായമാവട്ടെ, അതിമനോഹരവുമായിരുന്നു. തങ്ങളെ ഇട്ടിരിക്കുന്ന പെട്ടിയുടെ മൂടി തുറന്നപ്പോൾ ഒരു കുട്ടി ആർത്തുവിളിക്കുന്നത് അവർ കേട്ടു. ‘തകരപ്പട്ടാളക്കാർ!’ ഈ ലോകത്തേക്കു വരുമ്പോൾ അവർ ആദ്യമായി കേൾക്കുന്ന വാക്കുകൾ അതായിരുന്നു. ഒരു കൊച്ചുകുട്ടിയാണ് കൈ കൊട്ടിക്കൊണ്ട് അങ്ങനെ വിളിച്ചുപറഞ്ഞത്. അവനു പിറന്നാൾ സമ്മാനമായി കിട്ടിയതാണവരെ. അവൻ അവരെ മേശപ്പുറത്തു നിരത്തിനിർത്തി. എല്ലാവരും കാണാൻ ഒരുപോലിരുന്നു. ഒരാൾ മാത്രം അല്പം വ്യത്യസ്തനായിരുന്നു: അയാൾക്ക് ഒരു കാലേ ഉണ്ടായിരുന്നുള്ളു; കാരണം അയാളെ വാർത്തെടുക്കുമ്പോഴേക്കും തകരം തീർന്നുപോയിരുന്നു. എന്നാൽക്കൂടി മറ്റുള്ളവർ രണ്ടു കാലിൽ ഉറച്ചുനിൽക്കുന്നതു പോലെ ഈ പട്ടാളക്കാരൻ തന്റെ ഒറ്റക്കാലിൽ ഉറച്ചുനിൽക്കുകയായിരുന്നു; ഈ പട്ടാളക്കാരനത്രേ, നമ്മുടെ കഥയ്ക്കു കാരണമായതും.
അവർ നിരന്നുനിൽക്കുന്ന മേശപ്പുറത്ത് മറ്റനേകം കളിപ്പാട്ടങ്ങളുമുണ്ടായിരുന്നു. അവയിലൊക്കെ കേമം ഭംഗിയുള്ള ഒരു കടലാസ്സുകൊട്ടാരമായിരുന്നു. കുഞ്ഞുജനാലകൾക്കുള്ളിലൂടെ നോക്കിയാൽ അകത്തെ വിശാലമായ മുറികൾ കാണാം. കൊട്ടാരമുറ്റത്ത് ചില്ലുകഷണം കൊണ്ടുള്ള ഒരു തടാകം; അതിനു ചുറ്റും കുഞ്ഞുകുഞ്ഞുമരങ്ങൾ; മെഴുകു കൊണ്ടുള്ള അരയന്നങ്ങൾ തടാകത്തിൽ നീന്തിനടക്കുന്നുണ്ട്. എത്ര മനോഹരമാണെല്ലാം! പക്ഷേ അതിലൊക്കെ വച്ച് ഏറ്റവും മനോഹരം കൊട്ടാരത്തിന്റെ തുറന്ന വാതിൽക്കൽ നിൽക്കുന്ന ഒരു യുവതിയായിരുന്നു. അവളെയും കടലാസ്സിൽ വെട്ടിയുണ്ടാക്കിയതു തന്നെ; പക്ഷേ അവൾ ധരിച്ചിരിക്കുന്നത് എത്രയും നേർത്ത പട്ടുതുണിയാണ്; കഴുത്തിൽ ഒരു പട്ടുനാടയും ചുറ്റിയിരിക്കുന്നു; നാടയുടെ നടുക്ക് അവളുടെ മുഖത്തിന്റെയത്രയും വലിപ്പത്തിൽ, തിളക്കമുള്ള ഒരു പതക്കവും കാണാം. ഇരുകൈകളും നീട്ടിപ്പിടിച്ചു നിൽക്കുകയാണ് ആ സുന്ദരി. ഒരു നർത്തകിയാണവൾ; പെരുവിരലൂന്നി, ഒരു കാൽ വായുവിലെറിഞ്ഞ് ഒരു നൃത്തച്ചുവടു വച്ചു നിൽക്കുകയാണവൾ. അവളുടെ നില കണ്ടിട്ട് അവൾക്കും തന്നെപ്പോലെ ഒരു കാലേയുള്ളുവെന്നാണ് നമ്മുടെ പട്ടാളക്കാരനു തോന്നിയത്.
‘എനിക്കു ഭാര്യയാകേണ്ടവളാണവൾ!’ അയാൾ മനസ്സിൽ പറഞ്ഞു. ‘പക്ഷേ സമ്പന്നയും കുലീനകുലജാതയുമല്ലേ അവൾ. അവൾക്കു ജീവിക്കാൻ കൊട്ടാരമുള്ളപ്പോൾ എനിക്കൊരു പെട്ടിയേയുള്ളു; അതും ഇരുപത്തഞ്ചു പേർക്കു കൂടി ഒരു പെട്ടി- അവൾക്കു പറ്റിയ സ്ഥലമല്ലത്. എന്നാലും എങ്ങനെയെങ്കിലും അവളെയൊന്നു പരിചയപ്പെടണം.’ അയാൾ മേശപ്പുറത്തുണ്ടായിരുന്ന ഒരു പൊടിഡപ്പിയുടെ പിന്നിൽ നിന്ന് എത്തിവലിഞ്ഞുനോക്കി. അയാൾക്കിപ്പോൾ ആ പ്രഭുകുമാരിയെ നേർക്കുനേർ കാണാം; നില തെറ്റാതെ ഒറ്റക്കാലിൽ നിൽക്കുകയാണവൾ.
രാത്രിയായപ്പോൾ മറ്റു പട്ടാളക്കാർ പെട്ടിയിൽ പോയി കിടന്നു; വീട്ടുകാർ ഉറങ്ങാനും പോയി. അപ്പോഴാണ് കളിപ്പാട്ടങ്ങൾ തങ്ങളുടെ വക കളി തുടങ്ങുനത്- അവർ വിരുന്നു പോകാനും തമ്മിൽ പോരടിക്കാനും നൃത്തം ചെയ്യാനുമൊക്കെ തുടങ്ങി. തകരപ്പട്ടാളക്കാർ പെട്ടിക്കുള്ളിൽ കിടന്ന് ഒച്ചയുണ്ടാക്കി; പക്ഷേ മൂടിയുള്ളതു കാരണം അവർക്ക് പുറത്തേക്കു വരാൻ പറ്റിയില്ല. അടയ്ക്കാവെട്ടി തലകുത്തി മറിഞ്ഞു; സ്ലേറ്റുപെൻസിൽ സ്ലേറ്റിൽ വികടത്തരങ്ങൾ എഴുതിനിറച്ചു; ഒച്ചപ്പാടു കേട്ടുറക്കം ഞെട്ടിയ ഒരു മൈന എഴുന്നേറ്റിരുന്ന് ചറപറാ സംസാരവും തുടങ്ങി- അതോ പദ്യത്തിലും! ഒരനക്കവുമില്ലാതെ നിന്നതു രണ്ടു പേർ മാത്രമായിരുന്നു, തകരപ്പട്ടാളക്കാരനും കൊച്ചുനർത്തകിയും. ഇരുകൈകകളും നീട്ടിപ്പിടിച്ച് പെരുവിരലൂന്നി നിൽക്കുകയാണവൾ; അതുപോലെ തന്നെ ഒറ്റക്കാലിൽ നില വിടാതെ നിൽക്കയാണയാൾ, അവളിൽ നിന്നു കണ്ണെടുക്കാതെ.
മണി പന്ത്രടിച്ചു. ഠപ്പേ! പൊടിഡപ്പിയുടെ മൂടി തുറന്നു; പക്ഷേ അതിനുള്ളിൽ നിന്നു പുറത്തു വന്നത് മൂക്കുപ്പൊടിയല്ല, ഒരു കരിംഭൂതമായിരുന്നു; അതു വല്ലാത്തൊരു സൂത്രം തന്നെ!
‘തകരപ്പട്ടാളക്കാരാ!’ ഭൂതം വിളിച്ചു. ‘താൻ കണ്ണെടുക്ക്!’
പട്ടാളക്കാരൻ പക്ഷേ, കേട്ട ഭാവം നടിച്ചില്ല.
‘ശരി, നാളെ കാണിച്ചു തരാം,’ ഭൂതം പറഞ്ഞു.
പിറ്റേന്നു രാവിലെ കുട്ടികൾ വന്ന് കളിപ്പാട്ടങ്ങളെടുത്തു കളി തുടങ്ങി. തകരപ്പട്ടാളക്കാരനെ ജനാലപ്പടിയിൽ വച്ചിരിക്കുകയായിരുന്നു. ഈ സമയത്ത് കാറ്റടിച്ചിട്ടോ, അതോ ആ കരിംഭൂതം തള്ളിത്തുറന്നിട്ടോ എന്നറിയില്ല, ജനാല പെട്ടെന്നു തുറന്നു; പട്ടാളക്കാരൻ മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്കൊറ്റ വീഴ്ച! തലയും കുത്തി, കാലു മേലെയായി അയാൾ മുറ്റത്തു ചെന്നു വീണു. താഴെ പാകിയിരുന്ന കല്ലുകളിൽ തോക്കിന്റെ മുന കുത്തി അയാൾ അങ്ങനെ നിന്നു.
കുട്ടിയും വേലക്കാരിയും കൂടി താഴെ വന്നു നോക്കി; പക്ഷേ അവരുടെ കാലിനടുത്തു കിടന്നിട്ടും അയാൾ അവരുടെ കണ്ണിൽ പെട്ടില്ല. ‘ഞാൻ ഇവിടെയുണ്ട്!’ എന്ന് ഒന്നുറക്കെപ്പറഞ്ഞിരുന്നുവെങ്കിൽ അവർ അയാളെ കണ്ടുപിടിക്കുമായിരുന്നു; പക്ഷേ യൂണിഫോമിട്ടുകൊണ്ട് ഒച്ചയുണ്ടാക്കുന്നത് അയാൾക്കു ശരിയായി തോന്നിയില്ല.
ഈ സമയത്ത് മഴ പെയ്യാനും തുടങ്ങി; മഴ കനത്തു; അതു പെരുമഴയായി. മഴ തോർന്നപ്പോൾ രണ്ടു തെരുവുപിള്ളേർ അതു വഴി വന്നു.
‘ദേണ്ടെടാ!’ ഒരുത്തൻ പറഞ്ഞു, ‘ഒരു തകരപ്പട്ടാളക്കാരൻ. അയാൾ കപ്പൽ കേറാൻ വന്നതാണ്.’
അവർ കടലാസ്സു കൊണ്ട് ഒരു കപ്പലുണ്ടാക്കി, നടുക്ക് പട്ടാളക്കാരനെയും നിർത്തി അത് ഓടയിലൊഴുക്കി. ദൈവമേ! എന്തൊരോളവും ഒഴുക്കുമാണാ ഓടയിൽ! മഴ പെയ്തതുമല്ലേ. കടലാസ്സുകപ്പൽ പൊങ്ങിയും താണും വട്ടം കറങ്ങിയും മുന്നോട്ടു നീങ്ങി; പട്ടാളക്കാരൻ വിറച്ചുപോയി; പക്ഷേ അയാൾ തന്റെ നില വിട്ടില്ല, ഇമയൊന്നു വെട്ടിച്ചില്ല; തോക്കും തോളത്തു വച്ച്, നേരേ മുന്നിലേക്കു നോക്കി അയാൾ നിന്നു.
പെട്ടെന്നാണ് കപ്പലൊഴുകി ഒരു പാലത്തിനടിയിലേക്കു കടന്നത്; അയാൾ മുമ്പു കിടന്നിരുന്ന പെട്ടിക്കുള്ളിലെന്നപോലെ കുറ്റിരുട്ടായിരുന്നു അതിനുള്ളിൽ.
‘എങ്ങോട്ടാണു ഞാനീ പോകുന്നത്?’ അയാൾ ആലോചിച്ചു. ‘ഇതൊക്കെ ആ ഭൂതത്തിന്റെ വേലത്തരമാണ്. ആ കൊച്ചുസുന്ദരി കൂടി ഈ കപ്പലിൽ ഉണ്ടായിരുന്നെകിൽ എന്തിരുട്ടായാൽ എനിക്കെന്താ!’
പാലത്തിനടിയിൽ പാർപ്പുകാരനായ വലിയൊരു നീറ്റെലി ഈ സമയത്ത് ആ വഴിക്കു വന്നു.
‘പാസ്പോർട്ടുണ്ടോ?’ എലി ചോദിച്ചു. ‘എവിടെ, പാസ്പോർട്ടു കാണട്ടെ!’
പട്ടാളക്കാരൻ പക്ഷേ, ഒന്നും മിണ്ടാതെ തോക്കൊന്നുകൂടി അടുക്കിപ്പിടിച്ചു നിന്നതേയുള്ളു. കപ്പൽ പാഞ്ഞുപോയപ്പോൾ എലി പിന്നാലെ പാഞ്ഞു. ചുള്ളിക്കമ്പുകളോടും വൈക്കോൽത്തുരുമ്പുകളോടും പല്ലിറുമ്മിക്കൊണ്ടു വിളിച്ചു പറയുകയാണവൻ: ‘പിടിക്കവനെ! പിടിക്കവനെ! അവൻ പാസ്പോർട്ടു കാണിച്ചിട്ടില്ല! ചുങ്കം തന്നിട്ടില്ല!’
പക്ഷേ ഒഴുക്കിന്റെ ശക്തി കൂടുകയായിരുന്നു. ഓട അവസാനിക്കുന്നിടത്ത് പകൽവെളിച്ചം കാണാമായിരുന്നു; ഒപ്പം ഏതു ധൈര്യശാലിയുടെയും ചങ്കിടിപ്പിക്കുന്ന ഒരിരമ്പവും കേട്ടു. ഒന്നോർത്തു നോക്കൂ, ഓട ചെന്നു ചേരുന്നത് വലിയൊരു കനാലിലേലാക്കാണ്! ഒരു വെള്ളച്ചാട്ടത്തിനു മുകളിൽ പെട്ടാൽ നമുക്കതെത്ര അപകടകരമാണോ, അങ്ങനെയൊരപകടത്തിലാണ് അയാൾ ചെന്നുപെട്ടിരിക്കുന്നത്.
ഇനി പിന്തിരിയാനാവാത്ത വിധത്തിൽ അയാൾ അതിലേക്കടുത്തു കഴിഞ്ഞു. കപ്പൽ ഒറ്റക്കുതിപ്പ്! പാവം പട്ടാളക്കാരൻ ആവും വിധം പിടിച്ചുനിന്നു. അയാൾ കണ്ണു ചിമ്മിയെന്ന് ഒരാൾക്കും പറയാൻ പറ്റില്ല. കപ്പൽ മൂന്നുനാലു തവണ വട്ടം കറങ്ങി; അതിന്റെ വിളുമ്പു വരെ വെള്ളം കയറി; അതു മുങ്ങാൻ പോവുകയാണ്. പട്ടാളക്കാരൻ കഴുത്തൊപ്പം വെള്ളത്തിലായി. കപ്പൽ മുങ്ങിക്കൊണ്ടിരുന്നു; കടലാസ് നനഞ്ഞുകുതിർന്നു. വെള്ളമിപ്പോൾ പട്ടാളക്കാരന്റെ തലയ്ക്കു മേലെത്തിയിരിക്കുന്നു. അയാൾക്കപ്പോൾ സുന്ദരിയായ ആ കൊച്ചുനർത്തകിയെ ഓർമ്മ വന്നു. താനിനി ഒരിക്കലും അവളെ കാണാൻ പോകുന്നില്ല. അയാളുടെ കാതുകളിൽ ഒരു പഴയ ഗാനം മുഴങ്ങി:
പോക, പോക, സൈനികാ,
മരണമാണു നിൻ വരം!
കടലാസ് നനഞ്ഞുകുതിർന്നു കഷണങ്ങളായി; തകരപ്പട്ടാളക്കാരൻ വെള്ളത്തിലാണ്ടു; ആ നിമിഷം തന്നെ വലിയൊരു മീൻ അയാളെ വെട്ടിവിഴുങ്ങുകയും ചെയ്തു.
ഹൊ, അതിനുള്ളിൽ എന്തിരുട്ടായിരുന്നു! ആ പാലത്തിനടിയിലേക്കാൾ മോശമായിരുന്നു അതിനകം; അതോ, തീരെ ഇടവുമില്ല! പക്ഷേ പട്ടാളക്കാരൻ നില വിടാതെ തോക്കും തോളിലേന്തി നീണ്ടുനിവർന്നു കിടന്നു.
മീൻ ഒന്നു പിടഞ്ഞു; വെറി പിടിച്ചപോലെ കിടന്നു മറിഞ്ഞു; പിന്നെയത് അനക്കമറ്റു കിടന്നു. അല്പനേരം കഴിഞ്ഞപ്പോൾ മിന്നൽ പോലെ ഒരു വെളിച്ചം അതിനെ കീറിമുറിച്ചു. നല്ല പകൽവെട്ടത്തിലാണ് പട്ടാളക്കാരനിപ്പോൾ. ആരോ ഉറക്കെ വിളിച്ചുപറഞ്ഞു: ‘ഒരു തകരപ്പട്ടാളക്കാരൻ!’
നടന്നതെന്തെന്നാൽ, ആരോ ആ മീനിനെ ചൂണ്ടയിട്ടു പിടിച്ച് ചന്തയിൽ കൊണ്ടുപോയി വിറ്റതാണ്; ഏതോ അടുക്കളയിൽ വച്ച് വേലക്കാരി നീണ്ടൊരു കത്തി കൊണ്ട് അതിനെ കീറിമുറിച്ചതുമാണ്. അവർ രണ്ടു വിരൽ കൊണ്ട് പട്ടാളക്കാരനെ ഇടുപ്പിനു പിടിച്ചെടുത്ത് പൂമുഖത്തേക്കു കൊണ്ടുചെന്നു. ഒരു മീനിന്റെ വയറ്റിൽ കിടന്നു യാത്ര ചെയ്തുവന്ന ആ വിശിഷ്ടവ്യക്തിയെ എല്ലാവർക്കും ഒന്നു കാണണമായിരുന്നു. പട്ടാളക്കാരനു പക്ഷേ, അതിൽ അഭിമാനിക്കാൻ എന്തെങ്കിലുമുള്ളതായി തോന്നിയില്ല. അവർ അയാളെ മേശ മേൽ എടുത്തു നിർത്തി- ഞാനെന്താ പറയേണ്ടത്! എന്തൊക്കെ അതിശയങ്ങളാണ് ഈ ലോകത്തു നടക്കുന്നത്! ആ പഴയ മുറിയിലാണ് അയാൾ ഇപ്പോൾ നില്ക്കുന്നത്! അതേ കുട്ടികൾ, മേശപ്പുറത്തു നിരത്തിയിട്ട അതേ കളിപ്പാട്ടങ്ങൾ, പിന്നെ സുന്ദരിയായ ആ കൊച്ചുനർത്തകിയും അവളുടെ ഭംഗിയുള്ള കൊട്ടാരവും. ഒരു കാൽ വായുവിലെറിഞ്ഞ്, മറ്റേക്കാലൂന്നി അതേ നില്പു നില്ക്കുകയാണവൾ- അതെ, അവളും സ്ഥിരചിത്തയാണ്. തകരപ്പട്ടാളക്കാരന്റെ ഹൃദയം വിങ്ങിപ്പോയി; അയാൾ തകരക്കണ്ണീരൊഴുക്കി കരഞ്ഞേനെ; പക്ഷേ പട്ടാളക്കാരൻ കരയാൻ പാടില്ലല്ലൊ! അയാൾ അവളെ നോക്കി; അവൾ അയാളെയും നോക്കി. പക്ഷേ രണ്ടുപേരും ഒന്നും മിണ്ടിയില്ല.
ആ സമയത്താണ് ഒരു കുട്ടി തകരപ്പട്ടാളക്കാരനെയെടുത്ത് അടുപ്പിലേക്കെറിഞ്ഞത്. എന്തു കാരണം കൊണ്ടാണ് അവനതു ചെയ്തതെന്നു മനസ്സിലായില്ല. സംശയം വേണ്ട, പൊടിഡപ്പിയിലെ ആ ഭൂതം തന്നെയാവണം ഇതിനും കാരണം.
തീനാളങ്ങളിൽ മുങ്ങി പട്ടാളക്കാരൻ നിന്നു; ആളിപ്പിടിക്കുന്നൊരു നീറ്റൽ അയാളറിഞ്ഞു; അതു പക്ഷേ ആ തീയുടെ ചൂടാണോ അതോ തന്റെ പ്രേമത്തിന്റെ ചൂടാണോ എന്ന് അയാൾക്കു മനസ്സിലായില്ല. അയാളുടെ നിറമൊക്കെ പൊയ്പ്പോയിരുന്നു; ആ ദീർഘയാത്രയിലെ ദുരിതങ്ങൾ കൊണ്ടാണോ അതോ തീവ്രദുഃഖം കൊണ്ടാണോ അയാൾ നിറം കെട്ടുപോയതെന്നാരു കണ്ടു? അയാൾ ആ കൊച്ചുസുന്ദരിയെ നോക്കി; അവൾ അയാളെയും നോക്കി. താൻ ഉരുകിത്തീരുന്നത് അയാൾ അറിഞ്ഞു. പക്ഷേ തന്റെ തോക്കും തോളിലേന്തി നില വിടാതെ അയാൾ നിന്നു. ഈ സമയത്ത് വാതിൽ മലർക്കെത്തുറന്നു; അകത്തേക്കടിച്ചുകയറിയ കാറ്റിൽ നർത്തകി ഒരു ദേവതയെപ്പോലെ പറന്നുചെന്ന് അടുപ്പിൽ പട്ടാളക്കാരന്റെ അരികിൽ വീണു. ഒരു നിമിഷം കൊണ്ട് അവൾ എരിഞ്ഞുചാമ്പലായി. പട്ടാളക്കാരൻ ഉരുകി കട്ടപിടിച്ചു. പിറ്റേന്ന് വേലക്കാരി ചാരം വാരുമ്പോൾ അതിൽ ഒരു തകരക്കട്ട കണ്ടു; അതിന് ഒരു കൊച്ചുഹൃദയത്തിന്റെ രൂപമായിരുന്നു. നർത്തകിയുടേതായി ശേഷിച്ചത് ആ പതക്കം മാത്രമായിരുന്നു; അതു കരിക്കട്ട പോലെ കരിഞ്ഞിരുന്നു.
No comments:
Post a Comment