Wednesday, November 19, 2014

ഹാൻസ് ആൻഡേഴ്സൻ - ചക്രവർത്തിയുടെ പുതുവസ്ത്രങ്ങൾ

emperors-new-clothes-02


വളരെക്കാലം മുമ്പു ജീവിച്ചിരുന്ന ഒരു ചക്രവർത്തിയുടെ കഥയാണ്‌. മോടിയായി വസ്ത്രം ധരിക്കുന്നതിൽ ഇത്രമാത്രം കമ്പം കേറിയ മറ്റൊരാൾ ഉണ്ടായിരിക്കില്ല. ഏറ്റവും പുതിയ വസ്ത്രങ്ങൾ വാങ്ങാനായി മാത്രം സ്വന്തം സ്വത്തു മുഴുവൻ ചിലവഴിച്ചിരുന്നയാൾ എന്നു തന്നെ പറയണം. രാജ്യകാര്യങ്ങളിൽ തനിക്കു യാതൊരു ശ്രദ്ധയുമില്ല; മറ്റു രാജാക്കന്മാരെപ്പോലെ നാടകത്തിനോ നായാട്ടിനോ പോകണമെന്നുമില്ല. ഇനി പുറത്തേക്കിറങ്ങിയാലോ, അതു താൻ പുതുതായി വാങ്ങിയ വേഷം നാലാളെ കാണിക്കാനായി മാത്രം. മണിക്കൂറു വച്ച് ആൾ വേഷം മാറും; ‘അദ്ദേഹം മന്ത്രിമാരുമായി കൂടിയാലോചനയിലാണ്‌’ എന്നു മറ്റു രാജാക്കന്മാരെക്കുറിച്ചു പറയാറുള്ളപോലെ ഈ രാജാവിനെക്കുറിച്ചു പറയാവുന്നത് ‘അദ്ദേഹം വേഷം മാറുകയാണ്‌’ എന്നായിരിക്കും.

ഇദ്ദേഹം ഭരണം നടത്തിക്കൊണ്ടിരുന്ന നാട്ടിൽ ജീവിതം ബഹുരസമായിരുന്നു. നാടു കാണാൻ ദിവസവും പുതിയ പുതിയ ആളുകൾ എത്തിക്കൊണ്ടിരുന്നു. കൂട്ടത്തിൽ രണ്ടു തട്ടിപ്പുകാരുമെത്തി. തങ്ങൾ നെയ്ത്തുകാരാണെന്നും സങ്കല്പിക്കാൻ കഴിയുന്നതിൽ വച്ചേറ്റവും മനോഹരമായ വസ്ത്രം നെയ്യാനുള്ള കഴിവു തങ്ങൾക്കുണ്ടെന്നും അവർ പറഞ്ഞുനടന്നു. അതിന്റെ നിറവും തരവും അനന്യസുന്ദരമായിരിക്കുമെന്നു മാത്രമല്ല, ഇങ്ങനെയൊരു വിശേഷഗുണം കൂടി അതിനുണ്ടത്രെ: തങ്ങളിരിക്കുന്ന സ്ഥാനത്തിനയോഗ്യരോ, അല്ലെങ്കിൽ തീരെ മന്ദബുദ്ധികളോ ആയവർക്ക് അതു കണ്ണിൽപ്പെടുകയില്ല!

‘എങ്കിൽ വളരെ വിശേഷപ്പെട്ടൊരു വസ്ത്രമാണല്ലോ അത്,’ ചക്രവർത്തി മനസ്സിൽ പറഞ്ഞു. ‘അതു ധരിച്ചാൽ യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥന്മാരെ എനിക്കു കണ്ടുപിടിക്കാൻ കഴിയും. ബുദ്ധിയുള്ളവരെയും അല്ലാത്തവരെയും തിരിച്ചറിയാനും പറ്റും. ശരി, അങ്ങനെയൊരു വസ്ത്രം ഇപ്പോൾത്തന്നെ എനിക്കു വേണം!’ എന്നു മാത്രമല്ല, ഉടനേ തന്നെ പണി തുടങ്ങാനായി വലിയൊരു തുക മുൻകൂറായി ചക്രവർത്തി ആ തട്ടിപ്പുകാർക്കു നല്കുകയും ചെയ്തു.

അവർ രണ്ടു തറികൾ കൊണ്ടുവച്ച് നെയ്യുന്നതായി ഭാവിച്ചു. പക്ഷേ തറികളിൽ ഒരിഴ നൂലു പോലുമുണ്ടായിരുന്നില്ല. ചക്രവർത്തിയെക്കൊണ്ട് ഏറ്റവും നേർമ്മയായ പട്ടുനൂലുകളും തനിത്തങ്കത്തിന്റെ കസവുകളും വരുത്തിച്ച് അവർ തങ്ങളുടെ കീശയിലാക്കി; എന്നിട്ടോ, വെളുക്കും വരെ ഒഴിഞ്ഞ തറികളിൽ പണിയെടുക്കുകയും!

‘അവരുടെ നെയ്ത്ത് എവിടെ വരെ എത്തി എന്നൊന്നു കാണണമല്ലോ,’ ഒരു ദിവസം ചക്രവർത്തിക്കു തോന്നി. പക്ഷേ മന്ദബുദ്ധിയോ തന്റെ സ്ഥാനത്തിനയോഗ്യനോ ആയ ഒരാൾക്ക് അതു കണ്ണിൽപ്പെടുകയില്ല എന്നോർത്തപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ഒന്നു ചഞ്ചലപ്പെടുകയും ചെയ്തു. താൻ പേടിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിനു നല്ല വിശ്വാസമായിരുന്നു; എന്നാൽക്കൂടി സംഗതി എവിടെ വരെ എത്തി എന്നറിഞ്ഞു വരാൻ ആദ്യം മറ്റൊരാളെ അയക്കാമെന്നു തന്നെ ചക്രവർത്തി തീരുമാനിച്ചു. വസ്ത്രത്തിന്റെ അത്ഭുതസ്വഭാവത്തെക്കുറിച്ച് നാട്ടിലെങ്ങും പാട്ടായിരിക്കുന്നു; തന്റെ അയൽക്കാരൻ മോശക്കാരനാണോ അതോ ബുദ്ധിഹീനനാണോ എന്നറിയാനുള്ള കൌതുകം ഏവനുമുണ്ടുതാനും.

‘വിശ്വസ്ഥനായ നമ്മുടെ പ്രധാനമന്ത്രിയെത്തന്നെ അയച്ചേക്കാം,’ ചക്രവർത്തി തീരുമാനിച്ചു. ‘തുണിയുടെ തരം എങ്ങനെയുണ്ടെന്നറിയാൻ പറ്റിയ ആൾ അദ്ദേഹം തന്നെയാണ്‌; മിടുക്കനും ആ സ്ഥാനത്തിരിക്കാൻ ഏറ്റവും യോഗ്യനുമാണല്ലോ അദ്ദേഹം.’

അങ്ങനെ വൃദ്ധനും സാധുവുമായ പ്രധാനമന്ത്രി രണ്ടു തട്ടിപ്പുകാരും കൂടി ഒഴിഞ്ഞ തറിയിൽ നെയ്ത്തു നടത്തുന്ന മുറിയിലേക്കു ചെന്നു.

‘ഈശ്വരാ, ഒരു വസ്തുവും കാണാനില്ലല്ലോ!’ കണ്ണു മലർക്കെത്തുറന്നുകൊണ്ട് മന്ത്രി മനസ്സിൽ പറഞ്ഞു. പക്ഷേ ആൾ അതു പുറത്തു കാണിച്ചില്ല.

അടുത്തുവന്നു നോക്കാൻ തട്ടിപ്പുകാർ മന്ത്രിയെ ക്ഷണിച്ചു. ഇതു നല്ല നിറമല്ലേ, ആ ചിത്രത്തുന്നൽ കേമമല്ലേ എന്നൊക്കെപ്പറഞ്ഞ് അവർ ശൂന്യമായ തറിയിലേക്കു ചൂണ്ടിക്കാണിക്കുമ്പോൾ പാവം മന്ത്രി കണ്ണൊന്നുകൂടി തുറന്നുപിടിച്ചു നോക്കും. പക്ഷേ ഒന്നും കാണാനില്ലായിരുന്നു; കാരണം കാണാൻ ഒന്നുമില്ലല്ലോ!

‘ഈശ്വരാ!’ അദ്ദേഹം വിചാരിച്ചു. ‘എനിക്കു ബുദ്ധിയില്ലെന്നു വരുമോ? ഞാൻ അങ്ങനെയല്ലല്ലോ കരുതിയിരുന്നത്! ഏതായാലും ആരും ഇതറിയേണ്ട! മന്ത്രിയായിരിക്കാൻ ഞാൻ യോഗ്യനല്ലെന്നോ? തുണി കണ്ടില്ലെന്നു പറഞ്ഞാൽ എന്റെ പണിയും പോകും, മാനവും പോകും!’

‘അല്ലാ, അങ്ങെന്താണ്‌ ഒന്നും മിണ്ടാത്തത്?‘ തട്ടിപ്പുകാരിൽ ഒരുത്തൻ ചോദിച്ചു.

’എന്തു പറയാൻ! ഇത്ര മനോഹരമായ ഒരു തുണിത്തരം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല! കണ്ണടയ്ക്കുള്ളിലൂടെ സൂക്ഷിച്ചു നോക്കിക്കൊണ്ട് മന്ത്രി അഭിപ്രായപ്പെട്ടു; ‘ഹൊ, നിറവും ഇഴയടുപ്പവുമൊക്കെ എന്തു മാതിരി! എനിക്കിതു കണക്കറ്റു ബോധിച്ചുവെന്ന് ഞാൻ ചക്രവർത്തിയോടു ചെന്നു പറയാൻ പോവുകയാണ്‌!’

‘ഞങ്ങൾക്കു വളരെ സന്തോഷമായി!’ തട്ടിപ്പുകാർ പറഞ്ഞു. എന്നിട്ടവർ ഇന്ന നിറത്തിന്‌ ഇന്ന പേരാണെന്നു മന്ത്രിക്കു വിശദീകരിച്ചുകൊടുത്തു; ചിലേടത്ത് വിശേഷപ്പെട്ട ചില ചിത്രത്തുന്നലുകൾ നടത്തിയിരിക്കുന്നത് അവർ തൊട്ടുകാണിച്ചുകൊടുക്കുക കൂടിച്ചെയ്തു! മന്ത്രി അതെല്ലാം ചെവി കൂർപ്പിച്ചു കേട്ടു; എല്ലാം ചക്രവർത്തിയോടു ചെന്നു പറയണമല്ലോ. അതൊക്കെ അദ്ദേഹം അതേപടി ചെന്നു പറയുകയും ചെയ്തു.

തട്ടിപ്പുകാർ പിന്നെയും പൊന്നും പട്ടും ആവശ്യപ്പെട്ടു. കിട്ടിയതൊക്കെ അവർ സ്വന്തം കീശയിലാക്കുകയും ചെയ്തു. തറിയിൽ ഒറ്റ നൂലിഴയുമുണ്ടായിരുന്നില്ല; എന്നിട്ടും അവർ പാതിര വരെ പണിയുമായിരുന്നു!

അധികം വൈകാതെ ചക്രവർത്തി മറ്റൊരു സാധുവിനെ പറഞ്ഞയച്ചു; നെയ്ത്ത് എത്രത്തോളമെത്തി എന്നറിയാനും പണി എന്തു ബാക്കിയുണ്ടെന്നറിയാനും. മന്ത്രിയുടെ അനുഭവം തന്നെയായിരുന്നു ഇദ്ദേഹത്തിനും: നോക്കിയിട്ടും നോക്കിയിട്ടും ഒഴിഞ്ഞ തറിയല്ലാതെ ഒന്നും കണ്ണിൽപ്പെടുന്നില്ല.

‘ഇതെങ്ങനെയുണ്ട്?’ തട്ടിപ്പുകാർ ചോദിച്ചു. എന്നിട്ടവർ ഇല്ലാത്ത ഒന്നിനെക്കുറിച്ചു വിസ്തരിക്കാൻ തുടങ്ങി.

‘ഹും, ഞാനങ്ങനെ മണ്ടനൊന്നുമല്ല!’ ഉദ്യോഗസ്ഥൻ മനസ്സിൽ പറഞ്ഞു. ‘എന്നു പറഞ്ഞാൽ ഞാനെന്റെ ഉദ്യോഗത്തിനർഹനല്ലെന്നോ? അതു കുഴപ്പമാണല്ലോ! എന്തായാലും ഒന്നും വെളിയിൽ കാണിക്കരുത്!’ അങ്ങനെ അയാളും താൻ കാണാത്ത തുണിയുടെ മേൽ പ്രശംസ ചൊരിയുകയും തനിക്കതെന്തു മാത്രം ഇഷ്ടമായി എന്ന് അവരെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. ‘അതൊന്നു കാണേണ്ടതു തന്നെ!’ അയാൾ ചക്രവർത്തിയോടു ചെന്നുണർത്തിച്ചു.

ആ വിശേഷപ്പെട്ട വസ്ത്രത്തിന്റെ ഗുണഗണങ്ങളായിരുന്നു നഗരത്തിലെങ്ങും സംസാരവിഷയം.

അങ്ങനെയിരിക്കെ ചക്രവർത്തിക്കും ഒരു മോഹമുണ്ടായി, തറിയിൽ നിന്നെടുക്കുന്നതിനു മുമ്പ് ആ വസ്ത്രമൊന്നു കാണാൻ. ഒരു ദിവസം ചക്രവർത്തി തിരഞ്ഞെടുത്ത ചിലരോടൊപ്പം - കൂട്ടത്തിൽ നേരത്തേ പോയ ആ രണ്ടുപേരുമുണ്ടായിരുന്നു- നെയ്ത്തു നടക്കുന്ന മുറിയിലേക്കെഴുന്നെള്ളി. ഒരു നൂലിഴ പോലുമില്ലാതെ കൊണ്ടുപിടിച്ചു നെയ്ത്തു നടത്തുകയാണ്‌ ആ തട്ടിപ്പുവീരന്മാർ.

‘എന്തു പകിട്ടാണല്ലേ!’ മന്ത്രിയും ഉദ്യോഗസ്ഥനും ചക്രവർത്തിയോടു പറഞ്ഞു. ‘തിരുമനസ്സു കൊണ്ടൊന്നു നോക്കിയാട്ടെ: എന്തു നിറം! എന്തിഴയടുപ്പം!’ എന്നിട്ടവർ ഒഴിഞ്ഞ തറികൾ ചൂണ്ടിക്കാട്ടി; മറ്റുള്ളവർക്ക് തുണി കാണാൻ കഴിയുന്നുണ്ടെന്നു തന്നെയായിരുന്നു അവരുടെ വിശ്വാസം.

‘ഇതെന്തു പറ്റി?’ ചക്രവർത്തി വിചാരത്തിലാണ്ടു. ‘ഞാൻ നോക്കിയിട്ട് ഒരു വസ്തുവും കാണുന്നില്ല! ഇതു ഭയങ്കരമാണല്ലോ. എനിക്കു ബുദ്ധിയില്ലെന്നോ? എനിക്കു ചക്രവർത്തിയാകാനുള്ള യോഗ്യതയില്ലെന്നോ? അങ്ങനെ വന്നാൽ എന്തു ഭീകരമാണത്!‘

’ഹാ, എത്ര മനോഹരമായിരിക്കുന്നു!‘ ചക്രവർത്തി പറഞ്ഞു. ’നിങ്ങൾ കേമന്മാർ തന്നെ!‘ തൃപ്തിയോടെ തല കുലുക്കിക്കൊണ്ട് അദ്ദേഹം ആ ഒഴിഞ്ഞ തറികളിലേക്കു നോക്കിനിന്നു. താൻ യാതൊന്നും കാണുന്നില്ലെന്ന വസ്തുത പുറത്തു പറയാൻ അദ്ദേഹത്തിനു പേടിയായിരുന്നു. കൂടെ വന്നവർക്കും എങ്ങനെയൊക്കെ നോക്കിയിട്ടും യാതൊന്നും കാണാൻ കിട്ടിയില്ല. എന്നിട്ടും ചക്രവർത്തിയെ അനുകരിച്ച് അവരും പറഞ്ഞു, ’ഹാ, ഇതെത്ര മനോഹരമായിരിക്കുന്നു!‘ വരാൻ പോകുന്ന ഘോഷയാത്രയ്ക്കു ധരിക്കാൻ പാകത്തിന്‌ ആ തുണി കൊണ്ട് ഉടുപ്പു തുന്നിക്കാൻ അവർ ചക്രവർത്തിയെ ഉപദേശിക്കുക കൂടിച്ചെയ്തു.

’ആഹാ, എത്ര മനോഹരം! എത്ര വിശിഷ്ടം! എത്ര അപൂർവ്വം!‘ കണ്ടവർ കണ്ടവർ പറഞ്ഞു. അക്കാര്യത്തിൽ അവർ മത്സരിക്കുക തന്നെയായിരുന്നു. ചക്രവർത്തിയാകട്ടെ, ആ തട്ടിപ്പുകാർക്ക് പ്രഭുസ്ഥാനം കല്പിച്ചു നല്കുകയും ചെയ്തു.

ഘോഷയാത്രയുടെ തലേ രാത്രി പതിനാറു മെഴുകുതിരികളും കത്തിച്ചുവച്ച് വെളുക്കുവോളം പണിയെടുക്കുകയായിരുന്നു ആ തട്ടിപ്പുനെയ്ത്തുകാർ. ചക്രവർത്തിയുടെ പുതുവസ്ത്രങ്ങൾക്ക് അവസാനമിനുക്കുപണി നടത്തുകയാണ്‌ അവരെന്ന് ആളുകൾ കണ്ടു. അവർ തറിയിൽ നിന്ന് തുണി എടുത്തുമാറ്റുന്നതായി ഭാവിച്ചു; എന്നിട്ട് വലിയൊരു കത്രിക കൊണ്ട് ഇല്ലാത്ത തുണി വെട്ടുകയും നൂലു കോർക്കാത്ത സൂചി കൊണ്ട് തുന്നുതായി നടിക്കുകയും ചെയ്തു. എന്നിട്ടവർ പ്രഖ്യാപിച്ചു: ‘ഇതാ, ചക്രവർത്തിയുടെ വസ്ത്രങ്ങൾ തയ്യാർ!’

ചക്രവർത്തി രാവിലേ തന്നെ അടുത്ത അനുയായികൾക്കൊപ്പം തന്റെ പുതുവസ്ത്രം ധരിക്കാൻ എത്തിച്ചേർന്നു. തട്ടിപ്പുകാർ കൈകളിൽ എന്തോ ഉയർത്തിപ്പിടിക്കുന്നതായി കാണിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, ‘ഇതു കാലുറ! ഇതു കുപ്പായം! ഇതു മേൽക്കുപ്പായം!’

‘ചിലന്തിവല പോലെ എത്ര നേർത്തതാണിത്! ഒന്നുമുടുത്തിട്ടെല്ലെന്ന് നമുക്കു തോന്നിപ്പോകും! അതാണതിന്റെ വിശേഷവും!’

‘അതെയതെ,’ പരിവാരങ്ങൾ ഏറ്റുചൊല്ലി. അതേ സമയം അവർ ഒന്നും കാണുന്നുമുണ്ടായിരുന്നില്ല; കാരണം, കാണാൻ ഒന്നുമുണ്ടായിരുന്നില്ല എന്നതുതന്നെ.

‘ഇനി തിരുമനസ്സുകൊണ്ട് ഇട്ടിരിക്കുന്നതൊക്കെ ഒന്നഴിച്ചിരുന്നെങ്കിൽ,’ തട്ടിപ്പുകാർ വിനയത്തോടെ അഭ്യർത്ഥിച്ചു, ‘ഈ കണ്ണാടിയുടെ മുന്നിൽ വച്ച് നമുക്കിതൊന്നു ധരിച്ചുനോക്കാമായിരുന്നു!’

ചക്രവർത്തി താൻ ഉടുത്തിരുന്നതൊക്കെ അഴിച്ചുമാറ്റി; തട്ടിപ്പുകാർ പുതിയ വസ്ത്രങ്ങൾ ഓരോന്നോരോന്നായി എടുത്തുകൊടുക്കുന്നതായി ഭാവിച്ചു. അവസാനമായി അവർ ചക്രവർത്തിയുടെ അരയിൽ എന്തോ കെട്ടിക്കൊടുക്കുകയും ചെയ്തു; പിന്നാലെ നടക്കുന്നവർ എടുത്തുപിടിക്കാനുള്ള തൊങ്ങലാണത്രെ അത്! ചക്രവർത്തി കണ്ണാടിയുടെ മുന്നിൽ നിന്ന് ഞെളിഞ്ഞും പിരിഞ്ഞും നോക്കി.

‘ദൈവമേ, ഇതങ്ങേക്ക് എത്ര ഭംഗിയായി ചേരുന്നു!‘ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ’എന്തൊരു നിറം! എന്തൊരു തുന്നൽ! ഇതുപോലൊന്ന് എവിടുന്നു കിട്ടാൻ!‘

’ഘോഷയാത്രയിൽ തിരുമനസ്സിന്റെ തലയ്ക്കു മേൽ പിടിക്കാനുള്ള മേൽക്കെട്ടിയുമായി ആളുകൾ പുറത്തു കാത്തുനില്ക്കുകയാണ്‌,‘ ചടങ്ങുകൾക്കു ചുമതലക്കാരനായ ഒരുദ്യോഗസ്ഥൻ വന്നുണർത്തിച്ചു.

’ഞാനിതാ തയ്യാറായിക്കഴിഞ്ഞു!‘ ചക്രവർത്തി പറഞ്ഞു. ’എന്റെ വേഷം നന്നായിട്ടില്ലേ?‘ എന്നിട്ടദ്ദേഹം കണ്ണാടിക്കു മുന്നിൽ അവസാനമായി ഒരു വട്ടം കൂടി നിന്നു കറങ്ങി.

ചക്രവർത്തിയുടെ അരയിൽ കെട്ടിയ തൊങ്ങൽ ഉയർത്തിപ്പിടിക്കേണ്ട അനുചരർ തറയിൽ നിന്ന് എന്തോ വാരിയെടുക്കുന്നതായി ഭാവിച്ചു; അവർ തൊങ്ങൽ എടുത്തുപിടിക്കുകയാണ്‌! അവർ വായുവിൽ കൈകൾ ഉയർത്തിപ്പിടിച്ചു നടന്നു. തങ്ങൾ യാതൊന്നും കാണുന്നില്ലെന്നു വരുത്താൻ അവർക്കു ധൈര്യമുണ്ടായില്ല.

അങ്ങനെ, മനോഹരമായ ഒരു മേല്ക്കെട്ടിക്കു കീഴെയായി ചക്രവർത്തി ഘോഷയാത്ര നയിച്ചു. തെരുവിൽ കൂടിനിന്നവരും ജനാലകൾക്കു പിന്നിൽ നിന്നവരും വിളിച്ചുപറഞ്ഞു, ’നമ്മുടെ ചക്രവർത്തിയുടെ വേഷം എന്തു മനോഹരമായിരിക്കുന്നു! അതിന്റെ തൊങ്ങൽ കണ്ടോ! കാണേണ്ടതു തന്നെ!‘ താൻ യാതൊന്നും കാണുന്നില്ലെന്നു മറ്റുള്ളവരെ അറിയിക്കാൻ ആർക്കും ആഗ്രഹമുണ്ടായിരുന്നില്ല; കാരണം അയാൾക്കു ബുദ്ധിയില്ലെന്നാവും ആളുകൾ പറയുക; അതല്ലെങ്കിൽ അയാൾ തന്റെ ഉദ്യോഗത്തിനർഹനല്ലെന്നും. ചക്രവർത്തിയുടെ മറ്റൊരു വേഷവും ഇതുപോലൊരു വൻവിജയമായിട്ടില്ല.

‘ചക്രവർത്തി മുണ്ടുടുത്തിട്ടില്ല!’ ഒരു കൊച്ചുകുട്ടി വിളിച്ചുപറഞ്ഞു.

‘ദൈവമേ, മനസ്സിൽ കളങ്കമില്ലാത്ത ഒരു കുഞ്ഞു പറയുന്നതു കേട്ടോ!’ കുട്ടിയുടെ അച്ഛനാണതു പറഞ്ഞത്. അതോടെ കുട്ടി പറഞ്ഞത് ഒരു ചെവിയിൽ നിന്ന് മറുചെവിയിലേക്കു പകരാൻ തുടങ്ങി.

‘അദ്ദേഹം മുണ്ടുടുത്തിട്ടില്ല! ഒരു കൊച്ചുകുട്ടി പറഞ്ഞതാണ്‌- ചക്രവർത്തി നഗ്നനാണത്രെ!’

‘ചക്രവർത്തി മുണ്ടുടുത്തിട്ടില്ല!’ ഒടുവിൽ എല്ലാവരും കൂടി ആർത്തുവിളിച്ചു. ചക്രവർത്തിക്ക് ശരീരം ഒന്നു വിറച്ചു; അവർ പറയുന്നതു ശരിയാണെന്ന് അദ്ദേഹത്തിനും തോന്നിപ്പോയി. പിന്നെ അദ്ദേഹം വിചാരിച്ചു, ‘എന്തായാലും ഘോഷയാത്ര നടക്കട്ടെ.’ അങ്ങനെ മുമ്പത്തെക്കാൾ ഗർവോടെ തലയുമെടുത്തുപിടിച്ച് ചക്രവർത്തി എഴുന്നെള്ളി; ഇല്ലാത്ത തൊങ്ങലും ഉയർത്തിപ്പിടിച്ച് പരിചാരകരും പിന്നാലെയുണ്ടായിരുന്നു.

whrobinemperorsclothes5


 

No comments: