Tuesday, November 25, 2014

ഹാൻസ് ആൻഡേഴ്സൻ - മാന്ത്രികതീപ്പെട്ടി

The_Tinder_Box_1


ഒരു പട്ടാളക്കാരൻ രാജപാതയിലൂടെ കവാത്തു ചെയ്തു വരികയാണ്‌: ലെഫ്റ്റ്, റൈറ്റ്! ലെഫ്റ്റ്, റൈറ്റ്! അയാളുടെ തോളത്തൊരു മാറാപ്പുണ്ട്, അരപ്പട്ടയിലൊരു വാളും; പട കഴിഞ്ഞു മടങ്ങുകയാണയാൾ. വഴിയിൽ വച്ച് അയാളൊരു കിഴവിയെ കണ്ടുമുട്ടി: കണ്ടാൽ ആകെ വിരൂപ; കീഴ്ചുണ്ട് നെഞ്ചത്തേക്കു തൂങ്ങിക്കിടക്കുന്നു.  ഒരു ദുർമന്ത്രവാദിനിയായിരുന്നു, ആ കിഴവി.

‘എന്റമ്മേ, ആരായീ വരുന്നത്! എന്തു ചേലുള്ളൊരു വാളാണിത്! പെരുത്തൊരു മാറാപ്പും! അസ്സലൊരു പട്ടാളക്കാരനാണേ നീയ്! നിനക്കിഷ്ടമുള്ളത്ര പണം ഞാൻ തരാം!’

‘അതു കൊള്ളാമല്ലോ കിഴവീ!’ പട്ടാളക്കാരൻ പറഞ്ഞു.

‘നീയീ മരം കണ്ടോ?’ അവർക്കരികിലുണ്ടായിരുന്ന വലിയൊരു പടുമരം ചൂണ്ടിക്കൊണ്ട് കിഴവി പറഞ്ഞു. ‘ഇതിന്റെ ഉള്ളാകെ പൊള്ളയാണ്‌. നീ ഇതിന്റെ മുകളിൽ കയറിയാൽ അവിടെയൊരു പൊത്തു കാണാം. അതു വഴി നിനക്ക് ഉള്ളിലേക്കു കയറുകയുമാവാം. ഞാൻ നിന്റെ അരയിൽ ഒരു കയറു കെട്ടിത്തരാം; നീ വിളിച്ചാൽ മതി, നിന്നെ ഞാൻ വലിച്ചു പുറത്താക്കാം.’

‘അതൊക്കെ ശരി, ഉള്ളിൽ ചെന്നിട്ടു ഞാൻ എന്തു ചെയ്യണം?’ പട്ടാളക്കാരൻ ചോദിച്ചു.

‘പണം വാരെന്നേ!’ കിഴവി പറഞ്ഞു. ‘ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കണം. നീ മരത്തിനുള്ളിൽ ഇറങ്ങിച്ചെല്ലുമ്പോൾ വലിയൊരു ഹാളു കാണാം. അവിടെ വെളിച്ചമൊക്കെയുണ്ടാവും; കാരണം നൂറു കണക്കിനു വിളക്കുകളാണ്‌ അവിടെ എരിഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെ നീ മൂന്നു വാതിലുകൾ കാണും. താക്കോൽ അവയിൽ തന്നെയുള്ളതു കൊണ്ട് നിനക്കു ചെന്ന് അവ തുറന്നുകേറാം. ആദ്യത്തെ മുറിയുടെ നടുക്ക് വലിയൊരു പെട്ടി കാണും. പെട്ടിയുടെ മുകളിൽ കിണ്ണത്തിന്റത്രയും വലിപ്പത്തിൽ കണ്ണുകളുള്ള ഒരു നായ ഇരിക്കുന്നുണ്ടാവും നീയവനെ ഗൌനിക്കാനൊന്നും പോകേണ്ട. ദാ, ഞാൻ തരുന്ന ഈ നീലക്കുപ്പായം തറയിൽ വിരിച്ചിട്ട് പെട്ടെന്നു പോയി നായയെ എടുത്ത് അതിലിരുത്തുക. എന്നിട്ടു ചെന്ന് പെട്ടി തുറന്ന് നിനക്കാവശ്യമുള്ള പണമെടുത്തോ! അതു നിറയെ ചെമ്പിന്റെ തുട്ടുകളാണ്‌. അതല്ല, വെള്ളിയാണു നിനക്കു വേണ്ടതെങ്കിൽ പോയി രണ്ടാമത്തെ മുറി തുറക്കുക. അവിടെ ഇരിക്കുന്നത് തിരികല്ലു പോലത്തെ കണ്ണുകളുള്ള ഒരു നായയാണ്‌! പക്ഷേ അവനെയും നീ ഗൌനിക്കരുത്. അവനെ എന്റെ കുപ്പായത്തിലിരുത്തിയിട്ട് നിനക്കു വേണ്ടത്ര വെള്ളിപ്പണം വാരിക്കോ! ഇനി അതും പോര, സ്വർണ്ണം തന്നെയാണു നിനക്കു വേണ്ടതെങ്കിൽ അതും കിട്ടും. മൂന്നാമത്തെ മുറിയിൽ കയറിയാൽ നിനക്കു ചുമക്കാവുന്നത്ര സ്വർണ്ണമെടുക്കാം. പക്ഷേ അവിടെയുള്ളത് ഗോപുരം പോലത്തെ കണ്ണുകളുള്ള ഒരു നായയാണേ! അസ്സലൊരു നായ, ഞാൻ പറഞ്ഞില്ലെന്നു വേണ്ട! പക്ഷേ അവനെയും നീ കാര്യമാക്കേണ്ട. അവനെയെടുത്ത് എന്റെ കുപ്പായത്തിലുരുത്തിയാൽ മതി, അവൻ പിന്നെ ഉപദ്രവിക്കില്ല. എന്നിട്ടു നിനക്കാവശ്യമുള്ള സ്വർണ്ണം വാരിയെടുത്തോ.‘

’കാര്യമൊക്കെ കൊള്ളാം,‘ പട്ടാളക്കാരൻ പറഞ്ഞു. ’പക്ഷേ നിങ്ങൾക്കു ഞാൻ എന്താണു കൊണ്ടുവരേണ്ടത്? നിങ്ങൾക്കും എന്തോ ആവശ്യമുണ്ടെന്ന് എനിക്കറിയാം.‘

’എനിക്കൊരു ചില്ലിക്കാശും വേണ്ട.‘ കിഴവി പറഞ്ഞു. ’എന്റെ മുത്തശ്ശി കഴിഞ്ഞ തവണ അവിടെ പോയപ്പോൾ ഒരു തീപ്പെട്ടി അതിനുള്ളിൽ മറന്നുവച്ചു; നീ അതെടുത്തു കൊണ്ടുവന്നാൽ മാത്രം മതി.‘

’അപ്പോൾ ശരി, ആ കയർ എന്റെ അരയിൽ കെട്ടിയാട്ടെ,‘ പട്ടാളക്കാരൻ പറഞ്ഞു.

’ഇതാ പിടിച്ചോ,‘ കിഴവി പറഞ്ഞു, ’എന്റെ നീലപ്പുള്ളിയുള്ള കുപ്പായവും എടുത്തോ.‘

അങ്ങനെ പട്ടാളക്കാരൻ മരത്തിനു മുകളിൽ കയറി പൊത്തു വഴി താഴേക്കിറങ്ങി. കിഴവി പറഞ്ഞപോലെ തന്നെ നൂറു കണക്കിനു വിളക്കുകളെരിയുന്ന ഒരു ഹാളിലാണ്‌ അയാൾ നില്ക്കുന്നത്.

അയാൾ ചാവിയെടുത്ത് ആദ്യത്തെ മുറി തുറന്നു. ഹൊ! അതാ ഇരിക്കുന്നു, കിണ്ണം പോലത്തെ കണ്ണുകളുമായി ഒരു നായ! അവൻ അയാളെ നോക്കി കണ്ണുരുട്ടി.

Page_004_of_Fairy_tales_and_other_stories_(Andersen,_Craigie)

’നീയൊരു സുന്ദരക്കുട്ടൻ തന്നെ!‘ പട്ടാളക്കാരൻ പറഞ്ഞു; എന്നിട്ടയാൾ നായയെ എടുത്ത് കിഴവിയുടെ കുപ്പായത്തിലിരുത്തിയിട്ട് തന്റെ കീശ മുഴുവൻ ചെമ്പുതുട്ടുകൾ വാരി നിറച്ചു. പിന്നെ അയാൾ പെട്ടിയടച്ച്, നായയെ അതിന്മേലിരുത്തിയിട്ട് അടുത്ത മുറി തുറന്നു. എന്റമ്മേ! അവിടെ ഇരിക്കുന്നൊരു നായ, തിരികല്ലു പോലത്തെ കണ്ണുകളുമുരുട്ടി!

’നീയെന്നെ ഇങ്ങനെ കടുപ്പിച്ചു നോക്കാതെ!‘ പട്ടാളക്കാരൻ സ്നേഹത്തോടെ ശാസിച്ചു. ’നിന്റെ കണ്ണു കഴച്ചുപോകും!‘ എന്നിട്ടയാൾ നായയെ എടുത്ത് കിഴവിയുടെ കുപ്പായത്തിലിരുത്തി. പക്ഷേ പെട്ടിയിലുള്ള വെള്ളിനാണയങ്ങൾ കണ്ടപ്പോൾ അയാൾ ചെമ്പുനാണയങ്ങളെല്ലാം വാരിക്കളഞ്ഞിട്ട് കീശയും മാറാപ്പും വെള്ളിത്തുട്ടുകൾ വാരിനിറച്ചു. പിന്നെ അയാൾ ചെന്ന് മൂന്നാമത്തെ മുറിയും തുറന്നു. അമ്പമ്പോ! അവിടെക്കണ്ട കാഴ്ച! അവിടിരിക്കുന്ന നായയ്ക്ക് ശരിക്കും കൂറ്റൻ ഗോപുരങ്ങളുടെയത്രയും വലിപ്പമുള്ള കണ്ണുകളാണുണ്ടായിരുന്നത്; ചക്രങ്ങൾ പോലെ തിരിയുകയുമാണവ!

‘നമസ്കാരമുണ്ട്!’ പട്ടാളക്കാരൻ ഭവ്യതയോടെ പറഞ്ഞുപോയി; കാരണം ഇങ്ങനെയൊരു നായയെ അയാൾ ആദ്യമായിട്ടാണു കാണുന്നത്. കുറച്ചു നേരം അങ്ങനെ അന്തം വിട്ടു നോക്കിനിന്നിട്ട് അയാൾ തന്നെത്താൻ പറഞ്ഞു: ‘നോക്കിയതത്ര മതി.’ എന്നിട്ടയാൾ നായയെ എടുത്ത് തറയിൽ ഇരുത്തിയിട്ട് ചെന്നു പെട്ടി തുറന്നു. ദൈവമേ! അയാളുടെ കണ്ണു മഞ്ഞളിച്ചുപോയി. എന്തു മാത്രം സ്വർണ്ണമാണ്‌ അതിലുണ്ടായിരുന്നതെന്നോ! കോപ്പൻഹേഗൻ വിലയ്ക്കു വാങ്ങാൻ അതു മതി. ബാക്കിയുള്ളതിന്റെ ഒരംശം കൊണ്ട് ലോകത്തെ സകല പലഹാരക്കടകളും കളിപ്പാട്ടക്കടകളും ഒഴിച്ചെടുക്കുകയും ചെയ്യാം. അതെ, അത്രയധികം പണമാണ്‌ അയാളുടെ മുന്നിൽ കിടക്കുന്നത്! പട്ടാളക്കാരൻ എന്തു ചെയ്തു, കീശയിൽ നിന്നും മാറാപ്പിൽ നിന്നും വെള്ളിനാണയങ്ങളൊക്കെ വാരിക്കളഞ്ഞിട്ട് രണ്ടും നിറയെ സ്വർണ്ണം കുത്തിനിറച്ചു. എന്തിന്‌, തന്റെ തൊപ്പിയും ബൂട്ടും കൂടി അയാൾ സ്വർണ്ണം കൊണ്ടു നിറച്ചു! അയാൾക്കു നടക്കാൻ തന്നെ പ്രയാസമായി. പക്ഷേ ഇപ്പോൾ പണക്കാരനാണയാൾ. അയാൾ നായയെ പെട്ടിയുടെ മേൽ ഇരുത്തിയിട്ട് വാതിലുമടച്ച് പുറത്തു വന്നു; എന്നിട്ടയാൾ മുകളിലേക്കു നോക്കി വിളിച്ചുപറഞ്ഞു, ‘എന്നെ വലിച്ചുകേറ്റ്, കിഴവീ!’

‘നീയാ തീപ്പെട്ടിയെടുത്തോ?’ കിഴവി ചോദിച്ചു.

‘ഓ, ഞാൻ അതിന്റെ കാര്യമേ മറന്നുപോയി!’ പട്ടാളക്കാരൻ പോയി അതെടുത്തുകൊണ്ടു വന്നു. കിഴവി അയാളെ മരത്തിനുള്ളിൽ നിന്നു വലിച്ചുകേറ്റി. ഇപ്പോൾ അയാൾ രാജപാതയിൽ നില്ക്കുന്നത് കീശയും മാറാപ്പും തൊപ്പിയും ബൂട്ടും നിറയെ സ്വർണ്ണനാണയങ്ങളുമായിട്ടാണ്‌!.

‘ആ തീപ്പെട്ടി കൊണ്ട് എന്തു ചെയ്യാൻ പോകുന്നു?’ പട്ടാളക്കാരൻ ചോദിച്ചു.

‘അതൊന്നും നീ അറിയേണ്ട!’ കിഴവി ദേഷ്യപ്പെട്ടു. ‘നിനക്കാവശ്യമുള്ള പണം കിട്ടിയല്ലോ. ആ തീപ്പെട്ടി എനിക്കു തന്നേക്ക്!’

‘വേല കൈയിലിരിക്കട്ടെ!’ പട്ടാളക്കാരൻ പറഞ്ഞു. ‘അതു കൊണ്ടെന്തു ചെയ്യാൻ പോകുന്നുവെന്നു വേഗം പറഞ്ഞോ, ഇല്ലെങ്കിൽ ഈ വാളു കൊണ്ടു ഞാൻ നിന്റെ തല അരിഞ്ഞുകളയും!’

‘പറയില്ല!’ കിഴവി വാശി പിടിച്ചു. ഉടനേ പട്ടാളക്കാരൻ വാളു വലിച്ചൂരി അവളുടെ തല വെട്ടിക്കളയുകയും ചെയ്തു. കിഴവിയുടെ കാര്യം അങ്ങനെ കഴിഞ്ഞു! അയാൾ അവരുടെ കുപ്പായത്തിൽ പണമൊക്കെ വാരിയിട്ടുകെട്ടി തോളത്തേറ്റി, തീപ്പെട്ടിയും പോക്കറ്റിലിട്ട് നേരേ നഗരത്തിനു നേർക്കു നടന്നു.

നഗരത്തിന്റെ സൌന്ദര്യത്തെയും സമൃദ്ധിയെയും കുറിച്ചെന്തു പറയാൻ! അയാൾ അവിടത്തെ ഏറ്റവും നല്ല സത്രം തിരഞ്ഞുപിടിച്ച് അതിലെ ഏറ്റവും നല്ല മുറിയിൽ തന്നെ താമസമാക്കി. തനിക്കിഷ്ടപ്പെട്ട ഏറ്റവും മുന്തിയ ആഹാരത്തിനും അയാൾ ഏർപ്പാടു ചെയ്തു. കാരണം ഇത്രയധികം പണമുള്ള സ്ഥിതിയ്ക്ക് അയാൾ ആളൊരു ധനികൻ തന്നെയാണല്ലോ! അയാളുടെ ചെരുപ്പു തുടയ്ക്കാൻ വന്ന പയ്യനു പക്ഷേ അവയുടെ സ്ഥിതി അത്ര പിടിച്ചില്ല. ഇത്ര പണക്കാരനായ ഒരു മാന്യന്‌ കുറച്ചു കൂടി നല്ല ചെരുപ്പുകളാവാം. പട്ടാളക്കാരൻ അടുത്ത ദിവസം തന്നെ പോയി മുന്തിയ ചെരുപ്പുകളും വസ്ത്രങ്ങളും വാങ്ങി. ഇപ്പോൾ അയാൾ ശരിക്കുമൊരു മാന്യനായിരിക്കുന്നു. തങ്ങളുടെ നഗരത്തിലെ വിശേഷങ്ങളെക്കുറിച്ച് ആളുകൾ അയാളോടു വിസ്തരിച്ചു: തങ്ങളുടെ രാജാവിനെക്കുറിച്ച്, അതിസുന്ദരിയായ രാജകുമാരിയെക്കുറിച്ച്.


‘രാജകുമാരിയെ കാണാൻ പറ്റുമോ?’ പട്ടാളക്കാരൻ ചോദിച്ചു.

‘രാജകുമാരിയെ കാണാനേ പറ്റില്ല,’ ആളുകൾ പറഞ്ഞു. ‘ഒരുപാടു ചുറ്റുമതിലുകളും ഗോപുരങ്ങളും കിടങ്ങുകളുമുള്ള വലിയൊരു ചെമ്പുകൊട്ടാരത്തിലാണ്‌ രാജകുമാരി താമസിക്കുന്നത്. രാജാവു മാത്രമേ അതിനുള്ളിലേക്കു കടക്കാറുള്ളു. രാജകുമാരി വെറുമൊരു പട്ടാളക്കാരനെ വിവാഹം കഴിക്കുമെന്നാണ്‌ ജാതകത്തിൽ എഴുതിയിരിക്കുന്നത്; രാജാവിന്‌ അതിഷ്ടവുമല്ല.’

‘എന്തായാലും ആ രാജകുമാരിയെ എനിക്കൊന്നു കാണണം,’ പട്ടാളക്കാരൻ മനസ്സിൽ പറഞ്ഞു; പക്ഷേ അതിനൊരു വഴി വേണ്ടേ!

നാടകങ്ങൾ കണ്ടും നഗരോദ്യാനങ്ങളിൽ ഉലാത്തിയും പാവങ്ങൾക്കു കണ്ടമാനം ദാനധർമ്മങ്ങൾ ചെയ്തും പട്ടാളക്കാരന്റെ നാളുകൾ സോല്ലാസം കടന്നുപൊയ്ക്കൊണ്ടിരുന്നു. പാവങ്ങളെ അയാൾ കൈയയച്ചു സഹായിക്കാതിരിക്കുന്നതെങ്ങനെ? താൻ പട്ടിണി കിടന്നിരുന്ന ഒരു കാലത്തെക്കുറിച്ച് അയാൾക്കു നല്ല ഓർമ്മയുണ്ടായിരുന്നു! അയാൾ ഇപ്പോൾ പണക്കാരനാണ്‌! ധരിക്കാൻ പുതുപുതു വസ്ത്രങ്ങൾ, കൂടെ നടക്കാൻ എപ്പോഴും കൂട്ടുകാർ; എല്ലാവർക്കും ഒരേ അഭിപ്രായം തന്നെ: എത്ര നല്ല ഒരാളാണദ്ദേഹം! ശരിക്കും ഒരു കുതിരപ്പടയാളി! ആ പുകഴ്ത്തൽ കേൾക്കുന്നതിൽ പട്ടാളക്കാരനും വിരോധമേതുണ്ടായില്ല. പക്ഷേ ഓരോ ദിവസവും ഓണം കൈയിൽ നിന്നു പോകുന്നതല്ലാതെ ഒരു ചില്ലിക്കാശു പോലും തിരിച്ചുവരാതായപ്പോൾ പെട്ടെന്നൊരു ദിവസം അയാളുടെ കൈയിൽ ശേഷിച്ചത് രണ്ടു ചെമ്പുതുട്ടുകൾ മാത്രമായി. അങ്ങനെ അയാൾക്ക് താൻ അന്നേ വരെ താമസിച്ച സുഖമ്പൂർണ്ണമായ മുറി ഉപേക്ഷിച്ച് മച്ചുമ്പുറത്തെ കുടുസ്സുമുറിയിലേക്ക് താമസം മാറ്റേണ്ടിവന്നു; സ്വന്തം ചെരുപ്പ് താൻ തന്നെ തുന്നിക്കൂട്ടേണ്ടിയും വന്നു. ഒറ്റച്ചങ്ങാതി പോലും അയാളെ കാണാനെത്തിയില്ല; അതെങ്ങനെ, എത്ര പടി കയറിവേണം, അയാളുടെ മുറിയിലെത്താൻ!

അങ്ങനെയൊരു ദിവസം രാത്രിയിൽ ഒരു മെഴുകുതിരി പോലും വാങ്ങാൻ പാങ്ങില്ലാതെ കുറ്റിരുട്ടത്തിരിക്കുകയാണയാൾ. പെട്ടെന്നയാൾക്ക് താൻ മരത്തിന്റെ പൊത്തിനുള്ളിൽ നിന്നെടുത്ത തീപ്പെട്ടിയിൽ ചെറിയൊരു കഷണം മെഴുകുതിരി ബാക്കിയുള്ളതോർമ്മ വന്നു. അയാൾ മെഴുകുതിരി കത്തിക്കാനായി തീപ്പെട്ടി ഒന്നുരച്ചതും വാതിൽ മലർക്കെത്തള്ളിത്തുറന്ന് മരത്തിനുള്ളിൽ താനന്നു കണ്ട കിണ്ണം പോലത്തെ കണ്ണുകളുള്ള നായ മുന്നിൽ പ്രത്യക്ഷനായി. ‘ഞാൻ എന്തു വേണം, യജമാനനേ?’ നായ ചോദിച്ചു.

‘ഇതെന്തു സംഗതി!’ പട്ടാളക്കാരൻ അത്ഭുതം കൊണ്ടു. ‘ഇഷ്ടമുള്ളതൊക്കെ കിട്ടുമെങ്കിൽ ഈ തീപ്പെട്ടി കൊള്ളാമല്ലോ! എനിക്കു കുറച്ചു പണം വേണം!’ അയാൾ നായയോടു പറഞ്ഞു. അതാ, നായ പൊയ്ക്കഴിഞ്ഞു. അതാ, നായ വന്നും കഴിഞ്ഞു! ഒരു മടിശ്ശീല കടിച്ചെടുത്തുകൊണ്ടാണ്‌ അവന്റെ വരവ്!

ആ തീപ്പെട്ടിയുടെ അത്ഭുതശക്തി ഇപ്പോഴയാൾക്കു മനസ്സിലായി: തീപ്പെട്ടി ഒരു തവണ ഉരച്ചാൽ ചെമ്പുപണപ്പെട്ടിയുടെ മേലിരിക്കുന്ന നായ ഓടിയെത്തും; രണ്ടു തവണയാണുരക്കുന്നതെങ്കിൽ വെള്ളിപ്പണപ്പെട്ടിയുടെ നായയാണ്‌ ഓടിവരിക; മൂന്നു തവണ ഉരച്ചാലാകട്ടെ, സ്വർണ്ണനിധി കാക്കുന്ന നായ തന്നെ മുന്നിലെത്തും. പട്ടാളക്കാരൻ വീണ്ടും ആ പഴയ സുഖസുന്ദരമായ മുറിയിലേക്കു താമസം മാറ്റി; അയാൾ വീണ്ടും മോടിയുള്ള വേഷം ധരിച്ചു; അതോടെ കൂട്ടുകാർക്ക് അയാളെ വീണ്ടും കണ്ടാൽ മനസ്സിലാകുമെന്നുമായി. അവർക്കയാളെ എന്തു കാര്യമായിരുന്നെന്നോ!

അങ്ങനെ പോകെ ഒരു ദിവസം പട്ടാളക്കാരന്റെ ചിന്ത ഇങ്ങനെ പോയി: ‘ആരും രാജകുമാരിയെ കണ്ടുപോകരുതെന്നത് വല്ലാത്തൊരേർപ്പാടാണല്ലോ. ആ രാജകുമാരി വലിയ സുന്ദരിയാണെന്നാണു സംസാരവും. എന്നിട്ടു പക്ഷേ കെട്ടിപ്പൊക്കിയ ഒരു ചെമ്പുകൊട്ടാരത്തിൽ അവൾ ഒറ്റയ്ക്കിരിക്കണമെന്നു വന്നാലോ! എനിക്കവളെ ഒന്നു കാണാൻ കൂടി പറ്റില്ലേ? എവിടെ എന്റെ തീപ്പെട്ടി?‘ അയാൾ അതൊന്നുരച്ചു. അതാ, കിണ്ണം പോലത്തെ കണ്ണുകളുള്ള നായ മുന്നിൽ നില്ക്കുന്നു!

’നടുപ്പാതിരയാണെന്നറിയാം,‘ ക്ഷമാപണസ്വരത്തിൽ പട്ടാളക്കാരൻ പറഞ്ഞു, ’എന്നാലും എനിക്കാ രാജകുമാരിയെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു; ഒരു നിമിഷത്തേക്കു മതി.‘

നൊടിയിടയിൽ നായ മറഞ്ഞുകഴിഞ്ഞു. താൻ എന്താണു പറഞ്ഞതെന്ന് പട്ടാളക്കാരന്‌ ഓർമ്മ വരും മുമ്പേ അത് രാജകുമാരിയെ അയാളുടെ മുന്നിലെത്തിച്ചുകഴിഞ്ഞു! നായയുടെ പുറത്തു കിടന്ന് നല്ല ഉറക്കമായിരുന്നു രാജകുമാരി. ഇതൊരു യഥാർത്ഥരാജകുമാരി തന്നെ എന്ന് ആരും പറഞ്ഞുപോകുന്ന തരത്തിൽ അത്ര സുന്ദരിയുമായിരുന്നു അവൾ. പട്ടാളക്കാരനു സ്വയം നിയന്ത്രിക്കാനായില്ല. അയാൾ അവളുടെ മുഖത്തു ഒരുമ്മ കൊടുത്തു: അയാളും ഒരു യഥാർത്ഥപട്ടാളക്കാരനായിരുന്നല്ലൊ.

The_Tinder_Box_2

പിന്നെ നായ രാജകുമാരിയേയും കൊണ്ട് തിരിച്ചോടിപ്പോയി. പക്ഷേ പിറ്റേന്നു കാലത്ത് രാജാവും റാണിയുമൊത്ത് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾ രാജകുമാരി താൻ തലേ രാത്രി കണ്ട വിശേഷപ്പെട്ട സ്വപ്നത്തെക്കുറിച്ച് അവരോടു പറഞ്ഞു; ഒരു നായ തന്നെ എടുത്തുകൊണ്ടോടുന്നതും ഒരു പട്ടാളക്കാരൻ തന്നെ ചുംബിച്ചതുമായിരുന്നു ആ സ്വപ്നം.

’കഥ വിശേഷം തന്നെ!‘ റാണി പറഞ്ഞു.

രാജകുമാരിക്കു കൂട്ടിരിക്കാൻ അവർ വൃദ്ധയായ ഒരു ആയയെ ഏർപ്പാടാക്കി; ഇതു സ്വപ്നമാണോ മറ്റു വല്ലതുമാണോ എന്നൊന്നറിയണമല്ലൊ.

പിറ്റേന്നു രാത്രിയും പട്ടാളക്കാരന്‌ രാജകുമാരിയെ കാണണമെന്ന ആശയായി; അന്നും നായ പോയി അവളെയുമെടുത്തു പാഞ്ഞു. എന്നാൽ അവൾക്കു കൂട്ടിരുന്ന ആയയും വിട്ടില്ല; അവരും നായയുടെ പിന്നാലെ പോയി. നായ രാജകുമാരിയേയും കൊണ്ട് വലിയൊരു കെട്ടിടത്തിലേക്കു മറയുന്നതു കണ്ടപ്പോൾ അവർ ഒരു കഷണം ചോക്കെടുത്ത് വാതിന്മേൽ വലിയൊരു കുരിശു വരച്ചിട്ടു. എന്നിട്ടവർ കൊട്ടാരത്തിൽ പോയിക്കിടന്നുറങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ നായ രാജകുമാരിയെ തിരിയെ കൊണ്ടുകിടത്തുകയും ചെയ്തു. പക്ഷേ പട്ടാളക്കാരൻ താമസിക്കുന്ന കെട്ടിടത്തിന്റെ വാതില്ക്കൽ ഒരു കുരിശു വരച്ചിട്ടിരിക്കുന്നതു കണ്ടപ്പോൾ നായ എന്തു ചെയ്തു, അതും ഒരു ചോക്കെടുത്ത് സകല വീടുകളുടെയും വാതിലിന്മേൽ ഓരോ കുരിശു വരച്ചിട്ടു! ഇനിയെങ്ങനെ ആ സ്ത്രീ പട്ടാളക്കാരന്റെ വീടു കണ്ടുപിടിക്കുമെന്നറിയണമല്ലൊ!

അടുത്ത ദിവസം അതിരാവിലെ രാജാവും റാണിയും ആയയും പരിവാരങ്ങളും കൂടി രാജകുമാരി എവിടെയായിരുന്നു എന്നു കണ്ടുപിടിക്കാനിറങ്ങി.

‘അതാ, അവിടെ!’ കുരിശു വരച്ചിരുന്ന ആദ്യത്തെ വാതിൽ കണ്ടപ്പോൾ രാജാവു വിളിച്ചുപറഞ്ഞു.

‘അവിടെയല്ല, ഇവിടെ,’ രണ്ടാമത്തെ വാതിലിൽ കുരിശു കണ്ട രാജ്ഞി പറഞ്ഞു.

‘അല്ല, ഇവിടെയുണ്ട്, അവിടെയുണ്ട്!’ എല്ലാവരും കൂടി വിളിച്ചുപറഞ്ഞു. കാണുന്ന വാതിലിലൊക്കെ ഒരു കുരിശുണ്ടു വരച്ചിട്ടിരിക്കുന്നു! ഇനി എന്തു തിരച്ചിൽ നടത്തിയിട്ടും ഫലമില്ലെന്ന് എല്ലാവർക്കും മനസ്സിലായി.

രാജ്ഞി പക്ഷേ, ബുദ്ധിയുള്ള കൂട്ടത്തിലായിരുന്നു; രാജാവിനൊപ്പം തേരിൽ കയറി സഞ്ചരിക്കാൻ മാത്രമല്ല, അതിനപ്പുറമുള്ള ചില കാര്യങ്ങളും അവർക്കറിയാമായിരുന്നു. അവർ തന്റെ സ്വർണ്ണക്കത്രികയെടുത്ത് പട്ടുതുണിയിൽ ഒരു കുഞ്ഞുസഞ്ചി തുന്നിയുണ്ടാക്കി. എന്നിട്ട് അതിൽ ഗോതമ്പുമാവു നിറച്ച് അവരതു രാജകുമാരിയുടെ വസ്ത്രത്തിൽ തുന്നിച്ചേർത്തു; സഞ്ചിയിൽ ചെറിയൊരു ദ്വാരമിട്ടിരുന്നുവെന്നു പറയേണ്ടല്ലൊ. ഇനി രാജകുമാരി എവിടെപ്പോയാലും അവൾ പോയ വഴി കണ്ടുപിടിക്കാവുന്നതേയുള്ളു.

അന്നു രാത്രിയിലും നായ വന്ന് രാജകുമാരിയെ പൊക്കിയെടുത്ത് പട്ടാളക്കാരന്റെയടുക്കൽ കൊണ്ടാക്കി. അയാൾക്ക് അവളോടു പ്രേമമായിക്കഴിഞ്ഞിരുന്നു. അവളെ വിവാഹം കഴിക്കാൻ രാജകുമാരനാകണമെന്നുണ്ടെങ്കിൽ അതിനെന്തു ത്യാഗം സഹിക്കാനും അയാൾ തയാറായിരുന്നു.

കൊട്ടാരത്തിൽ നിന്ന് പട്ടാളക്കാരൻ താമസിക്കുന്ന മുറിയുടെ ജനാല വരെ ഗോതമ്പുമാവു വീണു കിടക്കുന്നത് നായയുടെ ശ്രദ്ധയിൽ പെടാതെപോയി. രാവിലെ ഉണർന്നെഴുന്നേറ്റപ്പോൾ രാജാവിനും രാജ്ഞിക്കും വ്യക്തമായി, തങ്ങളുടെ മകൾ രാത്രിയിൽ എവിടെയായിരുന്നുവെന്ന്. അവർ പട്ടാളക്കാരനെ പിടികൂടി തടവറയിലടച്ചു. ഹൊ, എന്തൊരു തണുപ്പും ഇരുട്ടുമായിരുന്നു അതിനുള്ളിൽ! ‘നാളെ തന്നെ തൂക്കിക്കൊല്ലാൻ പോവുകയാണ്‌!’ അവർ അയാളോടു പറഞ്ഞു. അതത്ര കേൾക്കാൻ സുഖമുള്ള കാര്യവുമല്ലല്ലൊ. അയാളാകട്ടെ, തീപ്പെട്ടിയെടുക്കാൻ മറന്നും പോയി. രാവിലെ തടവറയുടെ തറയോടു ചേർന്നുള്ള കൊച്ചുജനാലയുടെ കമ്പിയഴികൾക്കിടയിലൂടെ നോക്കുമ്പോൾ തന്നെ തൂക്കിക്കൊല്ലുന്നതു കാണാനുള്ള ഔത്സുക്യത്തോടെ ആളുകൾ കൂട്ടം കൂട്ടമായി തിരക്കിട്ടു നടന്നുപോകുന്നത്  അയാൾ കണ്ടു. പെരുമ്പറ മുഴങ്ങുന്നത് അയാൾ കേട്ടു; പട്ടാളക്കാർ മാർച്ചുചെയ്തു പോകുന്നതയാൾ കണ്ടു. എല്ലാവരും തിരക്കിലാണ്‌; അക്കൂട്ടത്തിൽ ഒരു ചെരുപ്പുകുത്തിയുടെ പണിക്കാരൻ പയ്യൻ വള്ളിച്ചെരുപ്പുമിട്ടോടിപ്പോകുന്നതും അയാൾ കണ്ടു. ഓട്ടത്തിനിടയിൽ അവന്റെ ചെരുപ്പിലൊന്ന് ഊരിപ്പോയി വന്നുവീണത് പട്ടാളക്കാരൻ വഴിക്കണ്ണുമായി നോക്കിയിരിക്കുന്ന അതേ ജനാലയുടെ തൊട്ടടുത്ത്.

The_Tinder_Box_3

‘ഹേയ്, പയ്യൻ, ഇത്ര വേഗം പോയിട്ടു കാര്യമൊന്നുമില്ല!’ പട്ടാളക്കാരൻ അവനോടായി വിളിച്ചുപറഞ്ഞു. ‘ഞാൻ അവിടെയെത്താതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതിനു മുമ്പ് നീ എന്റെ മുറിയിൽ പോയി എന്റെ തീപ്പെട്ടിയെടുത്തുകൊണ്ടു വരാമെങ്കിൽ ഞാൻ നിനക്കു നാലു വെള്ളിക്കാശു തരാം. പക്ഷേ ഒന്നു വേഗം വേണം.’ നാലു വെള്ളിക്കാശു കിട്ടുന്നതിൽ പയ്യനു സന്തോഷമേ ഉണ്ടായിരുന്നുള്ളു. അവൻ ഒറ്റയോട്ടത്തിനു പട്ടാളക്കാരന്റെ മുറിയിൽ പോയി തീപ്പെട്ടിയെടുത്തുകൊണ്ടു വന്ന് അയാൾക്കു കൊടുത്തു. പിന്നീടു നടന്നതിതാണ്‌:

നഗരത്തിനു വെളിയിലായി വലിയൊരു തൂക്കുമരം പണിതുയർത്തിയിരുന്നു; അതിനു ചുറ്റുമായി പട്ടാളക്കാരും കാഴ്ച കാണാൻ വന്ന ജനക്കൂട്ടവും. മനോഹരമായ ഒരു സിംഹാസനത്തിൽ രാജാവും റാണിയും ഉപവിഷ്ടരായിരിക്കുന്നു; അവർക്കു തൊട്ടു താഴെയുള്ള ഇരിപ്പിടങ്ങളിൽ രാജസദസ്യരും ന്യായാധിപനും. പട്ടാളക്കാരനെ തൂക്കുമരത്തിൽ കയറ്റിനിർത്തിക്കഴിഞ്ഞിരിക്കുന്നു. കൊലക്കയർ കഴുത്തിലേക്കിടുന്നതിനു മുമ്പ് അയാൾ ഒരപേക്ഷ മുന്നോട്ടു വച്ചു- അതെ ഏതു ദുഷ്ടന്റെയും ശിക്ഷ നടപ്പാക്കുന്നതിനു മുമ്പ് അവന്റെ ചെറിയൊരാഗ്രഹം നിവർത്തിച്ചുകൊടുക്കുക എന്നൊരു കീഴ്വഴക്കമുള്ളതാണല്ലൊ- ഒന്നു പുകവലിക്കാൻ തന്നെ അനുവദിക്കണം. താൻ ഏതായാലും ഇനിമേൽ പുകവലിക്കാൻ പോകുന്നില്ലല്ലൊ!

ആ ചെറിയ ആഗ്രഹം സമ്മതിച്ചുകൊടുക്കാതിരിക്കാൻ രാജാവിനു മനസ്സു വന്നില്ല. പട്ടാളക്കാരൻ തീപ്പെട്ടിയെടുത്തുരച്ചു: ഒന്ന്! രണ്ട്! മൂന്ന്! അതാ വന്നുനില്ക്കുന്നു, മൂന്നും നായ്ക്കളുമൊരുമിച്ച്- കിണ്ണം പോലത്തെ കണ്ണുകളുള്ള ഒന്നാമത്തെ നായ, തിരികല്ലു പോലത്തെ കണ്ണൂകളുള്ള രണ്ടാമത്തെ നായ, ഗോപുരം പോലത്തെ കണ്ണുകളുള്ള മൂന്നാമത്തെ നായയും.

‘എന്നെ തൂക്കിലിടാതിരിക്കാൻ ഒന്നു സഹായിക്ക്!’ പട്ടാളക്കാരൻ നായ്ക്കളോടു പറഞ്ഞു. അതു കേട്ടതും, നായ്ക്കൾ ന്യായാധിപന്റെയും രാജസദസ്യരുടെയും മേൽ ചാടിവീണ്‌ ചിലരെ കാലിനും ചിലരെ മൂക്കിനും കടിച്ചെടുത്ത് തൂക്കീയെറിഞ്ഞു; അവർ മൈലുകൾ ദൂരെപ്പോയി താഴെ വീണു ചിതറി.

‘അരുത്!’ രാജാവു പറഞ്ഞു; അപ്പോഴേക്കും നായ്ക്കളിൽ വമ്പൻ രാജാവിനെയും രാജ്ഞിയെയും കടിച്ചെടുത്ത് തൂക്കിയെറിഞ്ഞിരുന്നു. പട്ടാളക്കാർ ആകെ പേടിച്ചു; നഗരവാസികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു: ‘പട്ടാളക്കാരാ, താങ്കൾ തന്നെ ഞങ്ങളുടെ രാജാവ്! സുന്ദരിയായ രാജകുമാരിയും താങ്കൾക്ക്!’

അവർ പട്ടാളക്കാരനെ രാജാവിന്റെ തേരിലിരുത്തി കൊട്ടാരത്തിലേക്കു യാത്രയായി. കുരച്ചും തുള്ളിക്കളിച്ചും കൊണ്ട് മൂന്നു നായ്ക്കളും മുന്നിൽത്തന്നെയുണ്ടായിരുന്നു. കുട്ടികൾ വിരൽ വായിൽ തിരുകി ചൂളമടിക്കുകയും പട്ടാളക്കാർ ആഘോഷമായി കവാത്തു നടത്തുകയും ചെയ്തു. രാജകുമാരി ചെമ്പുകൊട്ടാരത്തിൽ നിന്നു പുറത്തു വന്നു; പട്ടാളക്കാരൻ അവളെ തന്റെ റാണിയാക്കി; അവൾക്കത് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. കല്യാണവിരുന്ന് എട്ടു ദിവസം നീണ്ടുനിന്നു; എല്ലാവരെയും നോക്കി കണ്ണുരുട്ടിക്കൊണ്ട് പന്തിയിൽ മുമ്പന്മാരായി ആ മൂന്നു നായ്ക്കളുമുണ്ടായിരുന്നു.
(1835)


Images from Wikimedia Commons

No comments: