ഒരു രാജകുമാരനും രാജകുമാരിയും- അവരുടെ വിവാഹം കഴിഞ്ഞിട്ട് അധികനാളായിട്ടില്ല. അവരുടെ ആഹ്ളാദം ഇന്നതെന്നു പറയാനില്ല. എന്നാൽക്കൂടി ഒരു ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു; അതിതായിരുന്നു: എന്നും ഇതേപോലെ സന്തുഷ്ടരായിരിക്കുമോ തങ്ങൾ? അതിനാൽ തങ്ങളുടെ ദാമ്പത്യജീവിതത്തിൽ നിഴലു വീഴ്ത്തിയേക്കാവുന്നതെന്തിനെയും തടുക്കാനായി മന്ത്രശക്തിയുള്ള ഒരു രക്ഷ കണ്ടെത്താൻ അവർ തീരുമാനിച്ചു.
കാട്ടിൽ താമസിച്ചിരുന്ന ഒരു ജ്ഞാനിയെക്കുറിച്ച് അവർ കേട്ടിട്ടുണ്ടായിരുന്നു; അദ്ദേഹത്തിന്റെ അറിവിനെക്കുറിച്ച് എല്ലാവർക്കും വലിയ അഭിപ്രായവുമായിരുന്നു. ഏതു ദുരിതമാകട്ടെ, ഏതു ദുഃഖമാവട്ടെ, ഉചിതമായ ഒരുപദേശം അദ്ദേഹത്തിനടുത്തു ചെന്നാൽ കിട്ടുമെന്നതിൽ സംശയിക്കാനില്ല. നവദമ്പതികൾ ആ ജ്ഞാനിയെ ചെന്നുകണ്ട് തങ്ങളുടെ മനസ്സു വിഷമിപ്പിക്കുന്ന സംഗതിയെക്കുറിച്ചു പറഞ്ഞു.
അദ്ദേഹം പറഞ്ഞു: ‘ലോകത്തെ സർവദേശങ്ങളിലും യാത്ര ചെയ്യൂ; തികച്ചും സംതൃപ്തരായ ഒരു ഭർത്താവിനേയും ഭാര്യയേയും കണ്ടാൽ അവരുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ചോദിച്ചുവാങ്ങൂ. ഒരു രക്ഷയായി അതെപ്പോഴും കൂടെ കൊണ്ടുനടക്കുക. നിങ്ങളുടെ വിഷമത്തിനു മതിയായൊരു പരിഹാരമാണത്.’
അങ്ങനെ അവർ ലോകയാത്രയ്ക്കിറങ്ങി; സന്തുഷ്ടരിൽ സന്തുഷ്ടരെന്നു പറയാവുന്ന ഒരു പ്രഭുവിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും കുറിച്ച് അവർ കേട്ടു. അവർ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി, ഇക്കേൾക്കുന്ന പോലെ അവരുടെ ദാമ്പത്യജീവിതം അത്ര സന്തോഷം നിറഞ്ഞതാണോ എന്നന്വേഷിച്ചു.
‘തീർച്ചയായും!’ എന്നായിരുന്നു മറുപടി. ‘പക്ഷേ ഒരു കുറവേയുള്ളു: ഞങ്ങൾക്കു കുട്ടികളില്ല!’
തങ്ങളന്വേഷിക്കുന്ന പ്രതിവിധി ഇവിടെ കിട്ടില്ലെന്നു മനസ്സിലായ രാജകുമാരനും രാജകുമാരിയും ഏറ്റവും സംതൃപ്തരായ ദമ്പതിമാരെ തേടിയുള്ള യാത്ര തുടർന്നു.
പിന്നെ അവരെത്തിയത് ഒരു നഗരത്തിലാണ്: അവിടുത്തെ മേയറും ഭാര്യയും എത്രയും രഞ്ജിപ്പിലും സന്തോഷത്തിലുമാണത്രെ കഴിയുന്നത്.
‘അതെ, അതിൽ സംശയമൊന്നുമില്ല,’ മേയർ പറഞ്ഞു. ‘ഞാനും എന്റെ ഭാര്യയും ഒരുമിച്ചുള്ള ജീവിതം പകരം വയ്ക്കാനില്ലാത്തതു തന്നെ. ഇത്രയും കുട്ടികൾ ഇല്ലാതിരുന്നെങ്കിൽ എന്നൊരാലോചനയേ ഞങ്ങൾക്കുള്ളു! എന്തുമാത്രം മന:പ്രയാസവും ഉത്കണ്ഠയുമാണെന്നോ അവർ കാരണം ഞങ്ങൾ അനുഭവിക്കുന്നത്!’
അവിടെയും തങ്ങൾ തേടുന്ന മരുന്നു കിട്ടില്ലെന്നുറപ്പായതോടെ സന്തുഷ്ടദമ്പതികളെത്തേടിയുള്ള യാത്ര അവർ വീണ്ടും തുടങ്ങി. പക്ഷേ അങ്ങനെയൊരു വർഗ്ഗമേ ലോകത്തില്ലാത്ത പോലെയായിരുന്നു!
അങ്ങനെയിരിക്കെ ഒരു ദിവസം, പാടങ്ങളും പുൽത്തകിടികളും താണ്ടി അവർ യാത്ര ചെയ്യുമ്പോൾ വളരെ സന്തോഷത്തോടെ ഓടക്കുഴലും വായിച്ചിരിക്കുന്ന ഒരാട്ടിടയനെ അവർ കണ്ടു. ഈ സമയത്ത് ഒരു സ്ത്രീ ഒരു കുഞ്ഞിനെ ഒക്കത്തു വച്ചും മറ്റൊരു കുട്ടിയെ കൈ പിടിച്ചു നടത്തിയും അയാൾക്കടുത്തേക്കു ചെല്ലുന്നതും കണ്ടു. ആട്ടിടയൻ അവളോടു കുശലം ചോദിക്കുകയും കുഞ്ഞിനെ എടുത്ത് ഓമനിക്കുകയും ചെയ്യുകയാണ്. അയാളുടെ നായ കുട്ടിയുടെ കൈയിൽ നക്കുകയും കുരയ്ക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. ഭാര്യ താൻ കൊണ്ടുവന്ന കഞ്ഞിക്കലം തുറന്നുവച്ചിട്ട് ഭർത്താവിനെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നു.
അയാൾ ഒരു കരണ്ടിയെടുത്ത് കുഞ്ഞിന്റെ വായിൽ വച്ചുകൊടുക്കുന്നു. അടുത്ത കരണ്ടി കുട്ടിയ്ക്കും നായയ്ക്കുമുള്ളതാണ്. രാജകുമാരനും രാജകുമാരിയും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അവർ പതുക്കെ അടുത്തു ചെന്ന് വിശേഷം ചോദിക്കാൻ തുടങ്ങി, ‘തികച്ചും സന്തുഷ്ടരും സംതൃപ്തരുമെന്നു പറയാവുന്ന ഭാര്യാഭർത്താക്കന്മാരെന്നു നിങ്ങളെ പറയാമോ?’
‘എന്തുകൊണ്ടല്ല!’ ആട്ടിടയൻ പറഞ്ഞു. ‘ദൈവത്തിനു സ്തുതി! ഞങ്ങളെക്കാൾ സന്തുഷ്ടരായിരിക്കില്ല, ഒരു രാജാവും റാണിയും!’
‘എങ്കിൽ കേൾക്കൂ,’ രാജകുമാരൻ പറഞ്ഞു, ‘ഒരു സൌജന്യം ഞങ്ങൾക്കു ചെയ്തുതരാമോ? അതിൽ ഒരിക്കലും നിങ്ങൾക്കു ഖേദിക്കേണ്ടിവരില്ല. നിങ്ങളുടെ ഉള്ളുടുപ്പിൽ നിന്ന് ഒരു നൂലിഴ ഞങ്ങൾക്കു തരൂ.’
ഈ അപേക്ഷ കേട്ടപ്പോൾ ആട്ടിടയനും ഭാര്യയും തമ്മിൽത്തമ്മിൽ വിചിത്രമായ ഒരു നോട്ടം കൈമാറി. ഒടുവിൽ അയാൾ ഇങ്ങനെ പറഞ്ഞു: ‘അതു തരുന്നതിൽ ഞങ്ങൾക്കു സന്തോഷമേയുള്ളുവെന്ന് ദൈവത്തിനറിയാം; ഒരിഴയല്ല, ഷർട്ടോ പെറ്റിക്കോട്ടോ അങ്ങനെതന്നെ ഞങ്ങൾ തരും; പക്ഷേ, ഈ മേലുടുപ്പല്ലാതൊന്നും ഞങ്ങൾക്കില്ല!‘
അങ്ങനെ രാജദമ്പതികളുടെ യാത്ര തുടർന്നു. ഒടുവിൽ ഒരു ഫലവും കാണാത്ത ഈ അലച്ചിൽ തന്നെ മടുത്ത് അവർ നാട്ടിലേക്കു മടങ്ങി. അവർ ആ ജ്ഞാനിയുടെ കുടിലിൽ ചെന്ന് ഇത്രയും മോശമായ ഒരുപദേശം കൊടുത്തതിന് അദ്ദേഹത്തെ ശകാരിച്ചു. അവരുടെ യാത്രാവിവരണം മുഴുവൻ അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. പിന്നെ ഒരു പുഞ്ചിരിയോടെ ചോദിച്ചു: ’അത്രയും നിഷ്ഫലമായെന്നു പറയാമോ, നിങ്ങളുടെ യാത്ര? അനുഭവസമ്പത്തു നേടിയിട്ടല്ലേ നിങ്ങൾ മടങ്ങിയെത്തിയത്?‘
’അതെ,‘ രാജകുമാരൻ പറഞ്ഞു. ’ഭൂമിയിൽ വളരെ അപൂർവ്വമായ ഒരനുഗ്രഹമാണു സംതൃപ്തി എന്നൊരു പാഠം ഞാൻ പഠിച്ചു.‘
’ഞാനും പഠിച്ചു, ‘ രാജകുമാരി പറഞ്ഞു, ’സംതൃപ്തരാവാൻ മറ്റൊന്നും ചെയ്യേണ്ടെന്ന്- സംതൃപ്തരാവുകയല്ലാതെ.‘
പിന്നെ രാജകുമാരൻ രാജകുമാരിയുടെ കരം ഗ്രഹിച്ചു. അഗാധമായ ഒരു സ്നേഹത്തോടെ അവരിരുവരും പരസ്പരം കണ്ണുകളിൽ നോക്കി. ജ്ഞാനി അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു, ’യഥാർത്ഥരക്ഷ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളിൽ കണ്ടെത്തിക്കഴിഞ്ഞു. അതു കൈമോശം വരാതെ സൂക്ഷിക്കുക; എങ്കിൽ അസംതൃപ്തിയുടെ ദുഷ്ടപ്പിശാചിന് നിങ്ങളെ ഒരിക്കലും കീഴടക്കാനാവില്ല.‘
(1836)
No comments:
Post a Comment