Monday, November 17, 2014

ഹെമിംഗ്‌വേ - മഴ നനയുന്ന പൂച്ച

images

 

ഹോട്ടലിൽ അമേരിക്കക്കാരായി രണ്ടു പേരേ താമസമുണ്ടായിരുന്നുള്ളു. തങ്ങളുടെ മുറിക്കുള്ളിലേക്കും പുറത്തേക്കുമുള്ള യാത്രയിൽ കോണിപ്പടിയിൽ വച്ചു കണ്ടുമുട്ടുന്നവരെ അവർക്കു തീരെ പരിചയമുണ്ടായിരുന്നില്ല. രണ്ടാം നിലയിൽ കടലിനഭിമുഖമായിരുന്നു അവരുടെ മുറി. പബ്ളിക് പാർക്കും യുദ്ധസ്മാരകവും ആ മുറിക്കു നേരേ മുന്നിൽ തന്നെയായിരുന്നു. പാർക്കിൽ കൂറ്റൻ ഈന്തപ്പനകളും പച്ചച്ചായമടിച്ച ബഞ്ചുകളും ഉണ്ടായിരുന്നു. തെളിഞ്ഞ ദിവസമാണെങ്കിൽ അവിടെ എപ്പോഴും ഒരു ചിത്രകാരനെ കാണാനുണ്ടാവും. വളർന്നുകേറിയ ഈന്തപ്പനകളും പാർക്കിനും കടലിനും അഭിമുഖമായി നില്ക്കുന്ന ഹോട്ടലുകളുടെ തിളങ്ങുന്ന നിറങ്ങളും കലാകാരന്മാർക്കിഷ്ടമായിരുന്നു.
യുദ്ധസ്മാരകം കാണാനായി വളരെയകലെ നിന്നേ ഇറ്റലിക്കാർ വരാറുണ്ടായിരുന്നു. വെങ്കലം കൊണ്ടുണ്ടാക്കിയ ആ സ്മാരകം മഴയിൽ കുതിർന്നു തിളങ്ങിനില്ക്കും. ഈന്തപ്പനകളിൽ നിന്ന് മഴ തുള്ളിയിറ്റിയിരുന്നു. ചരല്പാതകളിലെ കുഴികളിൽ വെള്ളം തളം കെട്ടിനിന്നു. മഴയത്തു വലിച്ചുകെട്ടിയ നാട പോലെ തിര തല്ലുന്നതു കേട്ടിരുന്നു; പിന്നെ അതൂർന്നിറങ്ങുന്നതും പിന്നെയും ഒരു നാട പോലെ വലിഞ്ഞുതകരുന്നതും കേട്ടിരുന്നു. യുദ്ധസ്മാരകത്തിനു ചുറ്റുമുള്ള കവലയിൽ നിന്ന് മോട്ടോർകാറുകൾ പൊയ്ക്കഴിഞ്ഞിരുന്നു. കവലയ്ക്കപ്പുറത്തുള്ള ഒരു കഫേയുടെ വാതില്ക്കൽ നിന്നുകൊണ്ട് ഒരു വെയ്റ്റർ ഒഴിഞ്ഞ കവലയിലേക്കു നോക്കുകയായിരുന്നു.
അമേരിക്കൻ ഭാര്യ പുറത്തേക്കു നോക്കിക്കൊണ്ട് ജനാലയ്ക്കൽ നിന്നു. അവരുടെ ജനാലയ്ക്കു തൊട്ടു താഴെയായി മഴവെള്ളമൊലിക്കുന്ന പച്ചമേശകൾക്കൊന്നിനടിയിലായി ഒരു പൂച്ച കൂനിക്കൂടി ഇരിപ്പുണ്ടായിരുന്നു. നനയാതിരിക്കാനായി കഴിയുന്നത്ര ഒതുങ്ങിക്കൂടി ഇരിക്കുകയാണ്‌ ആ പെൺപൂച്ച.
‘ഞാൻ പോയി ആ കുഞ്ഞിപ്പൂച്ചയെ എടുത്തുകൊണ്ടു വരാൻ പോവുകയാണ്‌,’ അമേരിക്കൻ ഭാര്യ പറഞ്ഞു.
‘ഞാൻ പോകാം,’ കട്ടിലിൽ കിടന്നുകൊണ്ട് ഭർത്താവ് സഹായം വാഗ്ദാനം ചെയ്തു.
‘വേണ്ട, ഞാൻ തന്നെ പോയി കൊണ്ടുവരാം. പാവം, മഴ കൊള്ളാതിരിക്കാൻ അതു മേശയ്ക്കടിയിൽ ചുരുണ്ടുകൂടി കിടക്കുകയാണ്‌.’
ഭർത്താവ് കട്ടിലിന്റെ കാല്ക്കൽ രണ്ടു തലയിണകൾ കൂട്ടിവച്ച് അതിന്മേൽ ചാരിക്കിടന്നു വായിക്കുകയായിരുന്നു.
‘നനയാതെ നോക്കണം,’ അയാൾ പറഞ്ഞു.
ഭാര്യ കോണി ഇറങ്ങി താഴേക്കു പോയി; കൌണ്ടറിനു മുന്നിലൂടെ അവൾ കടന്നുപോയപ്പോൾ ഹോട്ടലുടമസ്ഥൻ എഴുന്നേറ്റ് നിന്ന് തല കുനിച്ചു. ഓഫീസിന്റെ അങ്ങേയറ്റത്തായിരുന്നു അയാളുടെ മേശ. അയാൾക്കു നല്ല പ്രായമുണ്ടായിരുന്നു, നല്ല ഉയരവും.
‘നല്ല മഴ,’ അവൾ ഇറ്റാലിയനിൽ പറഞ്ഞു. അവൾക്ക് അയാളെ ഇഷ്ടമായി.
‘അതെയതെ, സിനോറ, കാലാവസ്ഥ തീരെ മോശം.’
വെളിച്ചം കുറഞ്ഞ മുറിയുടെ അങ്ങേയറ്റത്ത് മേശയുടെ പിന്നിൽ നില്ക്കുകയായിരുന്നു അയാൾ. അവർക്ക് അയാളെ ഇഷ്ടമായി. എന്തു പരാതി പറഞ്ഞാലും അതു വളരെ ഗൌരവത്തോടെ കാണുന്ന അയാളുടെ രീതി അവർക്കിഷ്ടമായി. അയാളുടെ കുലീനത അവർക്കിഷ്ടപ്പെട്ടു. ഒരു ഹോട്ടലുടമസ്ഥനായിരിക്കുന്നതിൽ തനിക്കെന്തു തോന്നുന്നുവെന്ന് അയാൾ പറഞ്ഞത് അവൾക്കിഷ്ടപ്പെട്ടു. അയാളുടെ കനത്ത, പ്രായം ചെന്ന മുഖവും വലിയ കൈകളും അവർക്കിഷ്ടപ്പെട്ടു.
ആ ഇഷ്ടത്തോടെ അവൾ വാതിൽ തുറന്നു പുറത്തേക്കു നോക്കി. മഴ കനത്തു പെയ്യുകയായിരുന്നു. റബർ തൊപ്പി വച്ച ഒരാൾ കവല മുറിച്ചുകടന്ന് കഫേയിലേക്കു പോകുന്നുണ്ടായിരുന്നു. പൂച്ച വലതു വശത്തായിരിക്കണം. ഇറയുടെ അടിയിൽ കൂടി നടന്നാൽ മഴ കൊള്ളാതെ പോകാം. അവൾ വാതില്ക്കൽ നില്ക്കുമ്പോൾ പിന്നിലായി ഒരു കുട നിവർന്നു. അത് അവരുടെ മുറി അടിച്ചുവാരാൻ ചെന്ന വേലക്കാരിയായിരുന്നു.
‘മഴ നനയരുത്,’ പുഞ്ചിരിയോടെ അവർ ഇറ്റാലിയനിൽ പറഞ്ഞു. ഹോട്ടലുടമസ്ഥൻ തന്നെയാവണം കുടയുമായി അവരെ പറഞ്ഞയച്ചത്.
വേലക്കാരി ഉയർത്തിപ്പിടിച്ച കുടയ്ക്കടിയിൽ  ചരല്പാതയിലൂടെ നടന്ന് അവൾ തങ്ങളുടെ മുറിയുടെ ജനാലയ്ക്കടിയിലുള്ള ഭാഗത്തെത്തി. മഴ കഴുകിയതിനാൽ തെളിഞ്ഞ പച്ചനിറവുമായി മേശ അവിടെത്തന്നെയുണ്ടായിരുന്നു, പക്ഷേ പൂച്ച പൊയ്ക്കഴിഞ്ഞിരുന്നു. അവൾക്കു പെട്ടെന്ന് നൈരാശ്യം തോന്നി. വേലക്കാരി അവളുടെ മുഖത്തേക്കു നോക്കി.
‘എന്തെങ്കിലും കാണാതെപോയോ, സിനോറ?’ വേലക്കാരി ഇറ്റാലിയനിൽ ചോദിച്ചു.
‘ഇവിടൊരു പൂച്ചയുണ്ടായിരുന്നു,’ അമേരിക്കൻ ചെറുപ്പക്കാരി പറഞ്ഞു.
‘പൂച്ച?’
‘അതെ, ഒരു പൂച്ച.‘
’പൂച്ച?‘ വേലക്കാരി ചിരിച്ചു. ’മഴയത്തൊരു പൂച്ച?‘

index

’അതെ,‘ അവൾ പറഞ്ഞു, ’മേശയ്ക്കടിയിൽ.‘ പിന്നെ, ’ഞാൻ എത്ര ആഗ്രഹിച്ചതാണതിനെ. എനിക്കൊരു കുഞ്ഞിപ്പൂച്ചയെ വേണമായിരുന്നു.‘
അവൾ ഇംഗ്ളീഷിൽ സംസാരിക്കുമ്പോൾ വേലക്കാരിയുടെ മുഖം മുറുകി.
’പോകാം, സിനോറ,‘ അവർ പറഞ്ഞു. ’നമുക്ക് ഉള്ളിലേക്കു പോകാം. ഇവിടെ നിന്നാൽ ആകെ നനയും.‘
’ശരിയാണ്‌,‘ അമേരിക്കൻ ചെറുപ്പക്കാരി പറഞ്ഞു.
ചരല്പാതയിലൂടെ നടന്ന് അവർ വാതിൽ തുറന്നുകയറി. കുട മടക്കാനായി വേലക്കാരി പുറത്തു നിന്നു. അമേരിക്കക്കാരി കൌണ്ടറിനു മുന്നിലൂടെ നടന്നുപോയപ്പോൾ ഹോട്ടലുടമസ്ഥൻ മേശയ്ക്കു പിന്നിൽ നിന്നുകൊണ്ട് തല കുനിച്ചു. മനസ്സിൽ ചെറുതായെന്തോ മുറുകുന്നതായി ചെറുപ്പക്കാരിക്കു തോന്നി. ഹോട്ടലുടമസ്ഥന്റെ പെരുമാറ്റം അവളെ ചെറുതാക്കുകയാണ്‌, ഒപ്പം അത്ര ഗൌരവം അവൾക്കു കൊടുക്കുകയും. പരമപ്രാധാന്യമുള്ള ഒരാളാണു താനെന്ന ഒരു ക്ഷണികാനുഭൂതി അവൾക്കുണ്ടായി. അവൾ കോണി കയറി മുകളിലേക്കു പോയി. അവൾ മുറിയുടെ വാതിൽ തുറന്നു. ജോർജ്ജ് വായിച്ചുകൊണ്ട് കട്ടിലിൽ കിടക്കുകയായിരുന്നു.
’പൂച്ചയെ കിട്ടിയോ?‘ പുസ്തകം താഴെ വച്ചുകൊണ്ട് അയാൾ ചോദിച്ചു.
’അതു പോയി.‘
’എവിടെക്കായിരിക്കും അതു പോയത്?‘ വായനയിൽ നിന്നു കണ്ണുകൾക്കു വിശ്രമം കൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.
അവൾ കിടക്കയിൽ ഇരുന്നു.
’ഞാനതിനെ എത്ര ആശിച്ചതാണ്‌,‘ അവൾ പറഞ്ഞു. ’എന്തുകൊണ്ടാണ്‌ എനിക്കത്ര ആഗ്രഹം തോന്നിയതെന്നു മനസ്സിലാവുന്നില്ല. ആ പാവം കുഞ്ഞിപ്പൂച്ചയെ എനിക്കു വേണമായിരുന്നു. മഴ നനയുന്ന ഒരു കുഞ്ഞിപ്പൂച്ചയാവുന്നത് അത്ര രസമുള്ള കാര്യമൊന്നുമല്ല.‘
ജോർജ്ജ് പിന്നെയും വായന തുടങ്ങിയിരുന്നു.
അവൾ നടന്നുചെന്ന് ഡ്രെസ്സിങ്ങ് ടേബിളിലെ കണ്ണാടിക്കു മുന്നിലിരുന്നു; കൈയിൽ പിടിച്ചിരുന്ന ചെറിയ കണ്ണാടിയിൽ അവൾ തന്നെത്തന്നെ നോക്കി. അവൾ തന്റെ മുഖം നോക്കിക്കണ്ടു, ആദ്യം ഒരു വശം, പിന്നെ മറ്റേ വശവും. പിന്നെ അവൾ തലയുടെ പിൻഭാഗവും പിൻകഴുത്തും സുസൂക്ഷ്മം നോക്കിയിരുന്നു.
’ഞാൻ മുടി നീട്ടിവളർത്തുന്നതിനെക്കുറിച്ചെന്തു തോന്നുന്നു?‘ കണ്ണാടിയിൽ പിന്നെയും മുഖം നോക്കിക്കൊണ്ട് അവൾ ചോദിച്ചു.
ജോർജ്ജ് മുഖമുയർത്തി നോക്കിയപ്പോൾ ഒരാൺകുട്ടിയെപ്പോലെ പറ്റെ വെട്ടിയ അവളുടെ തലയുടെ പിൻഭാഗം കണ്ടു.
’ഇപ്പോഴുള്ളതു തന്നെയാണ്‌ എനിക്കിഷ്ടം.‘
’എനിക്കതു മടുത്തു,‘ അവൾ പറഞ്ഞു. ആൺകുട്ടികളെപ്പോലിരുന്നെനിക്കു വല്ലാതെ മടുത്തു.’
ജോർജ്ജ് കട്ടിലിൽ ഒന്നിളകി ഇരുന്നു. അവൾ സംസാരിക്കാൻ തുടങ്ങിയതില്പിന്നെ അയാൾ അവളിൽ നിന്നു കണ്ണു മാറ്റിയിട്ടില്ല.
‘നിന്നെ കാണാൻ നല്ല ചന്തമുണ്ട്,’ അയാൾ പറഞ്ഞു.
അവൾ കണ്ണാടി മേശ മേൽ വച്ചിട്ട് ജനാലയുടെ അടുത്തേക്കു നടന്നുചെന്ന് പുറത്തേക്കു നോക്കിനിന്നു. ഇരുട്ടാവുകയായിരുന്നു.
‘എനിക്കു മുടി വടിച്ചുകോതി പിന്നിൽ കൊണ്ട കെട്ടി വയ്ക്കണം; തൊട്ടാൽ എനിക്കതറിയണം,’ അവൾ പറഞ്ഞു. ‘മടിയിൽ എനിക്കൊരു പൂച്ചക്കുട്ടിയെ വേണം; ഞാനവളെ തൊടുമ്പോൾ അതു കുറുകണം.‘
’പിന്നെ?‘ ജോർജ്ജ് കട്ടിലിൽ കിടന്നുകൊണ്ടു ചോദിച്ചു.
’എന്റെ സ്വന്തമായ പാത്രങ്ങളിൽ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് എനിക്കാഹാരം കഴിക്കണം, മേശപ്പുറത്തു മെഴുകുതിരികൾ ഉണ്ടാവണം. വസന്തകാലമായിരിക്കണം, കണ്ണാടിയ്ക്കു മുന്നിൽ നിന്നുകൊണ്ട് എനിക്കെന്റെ മുടി ബ്രഷു ചെയ്യണം, എനിക്കൊരു പൂച്ചക്കുട്ടിയെ വേണം, എനിക്കു കുറച്ചു പുതിയ ഉടുപ്പുകൾ വേണം.‘
’ഓ, മിണ്ടാതിരിക്ക്, എന്നിട്ടെന്തെങ്കിലും എടുത്തു വായിക്കാൻ നോക്ക്,‘ ജോർജ്ജ് പറഞ്ഞു. അയാൾ വീണ്ടും വായന തുടങ്ങിയിരുന്നു.
അയാളുടെ ഭാര്യ ജനാലയിലൂടെ പുറത്തേക്കു നോക്കുകയായിരുന്നു. നല്ല ഇരുട്ടായിക്കഴിഞ്ഞിരുന്നു; ഈന്തപ്പനകളിൽ അപ്പോഴും മഴ വീഴുന്നുണ്ടായിരുന്നു.
’എന്തായാലും എനിക്കൊരു പൂച്ചയെ വേണം,‘ അവൾ പറഞ്ഞു. ’എനിക്കൊരു പൂച്ചയെ വേണം. ഇപ്പോൾത്തന്നെ ഒരു പൂച്ചയെ വേണം. എനിക്കു മുടി നീട്ടിവളർത്താൻ പറ്റില്ലെങ്കിൽ, എനിക്കു രസമുള്ളതൊന്നും ചെയ്യാൻ പറ്റില്ലെങ്കിൽ എനിക്കൊരു പൂച്ചയെ ആവാം.‘
ജോർജ്ജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അയാൾ തന്റെ പുസ്തകം വായിക്കുകയായിരുന്നു. അയാളുടെ ഭാര്യ ജനാലയിലൂടെ കവലയിൽ വെളിച്ചം വന്ന ഭാഗത്തേക്കു നോക്കിനില്ക്കുകയായിരുന്നു.
ആരോ വാതിലിൽ മുട്ടി.
’കേറിവരൂ,‘ ജോർജ്ജ് ഇറ്റാലിയനിൽ പറഞ്ഞു. അയാൾ പുസ്തകത്തിൽ നിന്നു മുഖമെടുത്തു നോക്കി.
വേലക്കാരി വാതില്ക്കൽ നില്ക്കുകയായിരുന്നു. മഞ്ഞ കലര്‍ന്ന തവിട്ടുനിറമുള്ള വലിയൊരു പൂച്ചയെ അവർ മാറോടടുക്കിപ്പിടിച്ചിരുന്നു;  അതവരുടെ ദേഹത്ത് പറ്റിപ്പിടിച്ചുകിടന്നു
‘എക്സ്ക്യൂസ് മി,’ അവർ പറഞ്ഞു. ‘സിനോറയ്ക്ക് ഇതു കൊണ്ടു കൊടുക്കാൻ പാദ്രോണെ* പറഞ്ഞു.’


*ഇറ്റാലിയനിൽ ഉടമസ്ഥൻ എന്നർത്ഥം.


Ernest Hemingway – ‘Cat in the Rain’

PDF of Cat in the Rain

No comments: