പറുദീസയിലെ ഉദ്യാനത്തിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ഒരു പനിനീർച്ചെടി പൂവിട്ടുനിന്നിരുന്നു. അതിൽ ആദ്യം വിരിഞ്ഞ പൂവിൽ ഒരു പക്ഷി പിറവിയെടുത്തു. അതിന്റെ തൂവലുകൾ വർണ്ണോജ്വലമായിരുന്നു, അതിന്റെ ഗാനം മോഹനമായിരുന്നു, അതിന്റെ പറക്കലാവട്ടെ, വെളിച്ചം മിന്നിമായുമ്പോലെയുമായിരുന്നു.
പക്ഷേ, അറിവിന്റെ വൃക്ഷത്തിൽ നിന്നു കനി പറിച്ച ഹവ്വയെ ആദാമിനൊപ്പം പറുദീസയിൽ നിന്നു നിഷ്കാസിതയാക്കാൻ നിയുക്തനായ മാലാഖയുടെ എരിയുന്ന വാളിൽ നിന്നൊരു തീപ്പൊരി ഈ പക്ഷിയുടെ കൂട്ടിൽ വീഴാനിടയായി. അതു കത്തിയമർന്നു, പക്ഷി ദഹിച്ചുപോവുകയും ചെയ്തു. എന്നാൽ കൂട്ടിലുണ്ടായിരുന്ന ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയതൊന്ന് ചിറകടിച്ചുയർന്നു- ഒരേയൊരു ഫീനിക്സ് പക്ഷി. അതിന്റെ വാസസഥലം അറേബ്യ ആണെന്നും ഓരോ നൂറു കൊല്ലം കൂടുന്തോറും സ്വന്തം കൂട്ടിൽ അതു ദഹിച്ചുപോകുന്നുവെന്നും കഥ നമ്മോടു പറയുന്നു; പക്ഷേ ഓരോ വട്ടവും ഒരു ചുവന്ന മുട്ടയിൽ നിന്ന് പുതിയൊരു ഫീനിക്സ് പക്ഷി, ലോകത്താകെയുള്ളതൊന്ന്, വിരിഞ്ഞുയരുകയും ചെയ്യുന്നു.
അതു നമുക്കു ചുറ്റും പറന്നുനടക്കുന്നു, വർണ്ണോജ്വലമായ തൂവലുകളുമായി, മോഹനമായ ഗാനവുമായി, വെളിച്ചം മിന്നിമായുമ്പോലെയും. അമ്മ കുഞ്ഞിനെ താരാട്ടു പാടിയുറക്കുമ്പോൾ അവൻ തലയിണ മേൽ കയറിനില്ക്കുന്നു, കുഞ്ഞിന്റെ ശിരസ്സിനു ചുറ്റുമായി ഒരു പ്രഭാവിശേഷം ചമയ്ക്കുകയും ചെയ്യുന്നു. സംതൃപ്തിയുടെ കുടിലിനുള്ളിലേക്കവൻ വെയിൽനാളവുമായി പറന്നുകേറുന്നു; എളിമയുടെ മേശ മേലപ്പോൾ വയലറ്റുകളുടെ സുഗന്ധം ഇരട്ടിക്കുകയും ചെയ്യുന്നു.
ഫീനിക്സ് പക്ഷേ, അറേബ്യയുടെ മാത്രം പക്ഷിയുമല്ല. ധ്രുവദീപ്തിയുടെ മിനുക്കത്തിൽ ലാപ്‌ലാന്റിലെ* സമതലങ്ങൾക്കു മേൽ അവൻ പറന്നുപോകുന്നതു കാണാം; ഗ്രീൻലാന്റിലെ ഹ്രസ്വമായ ഗ്രീഷ്മകാലത്ത് മഞ്ഞപ്പൂക്കൾക്കിടയിൽ അവൻ തത്തിക്കളിക്കുന്നതും കാണാം. ഫാലുണിലെ* ചെമ്പുമലകൾക്കുള്ളിലും ഇംഗ്ളണ്ടിലെ കല്ക്കരിഖനികളിലും അവൻ പറന്നുചെല്ലുന്നു, വിശ്വാസിയായ ഒരു ഖനിത്തൊഴിലാളിയുടെ കാൽമുട്ടുകളിൽ വച്ചിരിക്കുന്ന സങ്കീർത്തനപുസ്തകത്തിനു മേൽ ഒരു നിശാശലഭമായി. പാവനമായ ഗംഗാനദിയിലൂടെ ഒരു താമരയിലയിൽ അവൻ ഒഴുകിപ്പോകുന്നു; അതു കാണുമ്പോൾ ഒരു ഹിന്ദുയുവതിയുടെ കണ്ണുകൾ വിടരുകയും ചെയ്യുന്നു.
ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? പറുദീസയിലെ പക്ഷിയെ, സംഗീതത്തിന്റെ വിശുദ്ധഹംസത്തെ? തെസ്പിസിന്റെ* വണ്ടിയിൽ വീഞ്ഞിന്റെ അടിമട്ടു പറ്റിയ ചിറകുമടിച്ച് ചറപറ പറയുന്നൊരു മലങ്കാക്കയായി അവനിരുപ്പുണ്ടായിരുന്നു; ഐസ്‌ലന്റിലെ സംഗീതം പൊഴിക്കുന്ന കിന്നരത്തിന്റെ തന്ത്രികൾ തഴുകിയ ഹംസത്തിന്റെ ചുവന്ന കൊക്കുകൾ അവന്റേതായിരുന്നു; ഷേക്സ്പിയറുടെ ചുമലിൽ ഓഡിന്റെ കാക്കയായി* വന്നിരുന്ന് ‘നിത്യത!’ എന്ന് അദ്ദേഹത്തിന്റെ കാതുകളിൽ മന്ത്രിച്ചതവനായിരുന്നു; വാർട്ട്ബർഗിലെ രാജസഭകളിൽ* സഞ്ചാരികളായ ഗായകരുടെ വിരുന്നിൽ അവൻ ചിറകടിച്ചുപറന്നിരുന്നു.
ഫീനിക്സ് പക്ഷി! നിങ്ങൾക്കവനെ അറിയില്ലേ? നിങ്ങളെ മഴ്സെയേൽ* പാടിക്കേൾപ്പിച്ചതവനായിരുന്നു; അവന്റെ ചിറകിൽ നിന്നുതിർന്നുവീണ തൂലികയെ നിങ്ങളന്നു ചുംബിക്കുകയും ചെയ്തിരുന്നു; പറുദീസയുടെ ദീപ്തിയുമായിട്ടാണവൻ വന്നത്; നിങ്ങളഥവാ, അവനിൽ നിന്നു മുഖം തിരിച്ച് ചിറകിൽ കാക്കപ്പൊന്നു തേച്ച കുരുവിയെ നോക്കി ഇരുന്നതാവാം.
പറുദീസയിലെ പക്ഷീ! ഓരോ നൂറ്റാണ്ടിലും അഗ്നിയിൽ പിറന്നഗ്നിയിലൊടുങ്ങുന്നവനേ! അതിധനികരുടെ ഭവനങ്ങളിൽ പൊൻചട്ടങ്ങൾക്കുള്ളിൽ നിന്റെ ചിത്രങ്ങൾ തൂങ്ങിക്കിടക്കുന്നുണ്ടാവാം; നീയോ പക്ഷേ, ഒറ്റയായി, ആരും പരിഗണിക്കാതെ, ‘അറേബ്യയിലെ ഫീനിക്സ് പക്ഷി’ എന്ന മിത്തായി ചുറ്റിപ്പറക്കുകയും ചെയ്യുന്നു.
പറുദീസയിൽ, അറിവിന്റെ വൃക്ഷത്തിനു ചുവട്ടില്‍, ആദ്യം വിരിഞ്ഞ പനിനീർപ്പൂവിൽ നീ പിറവിയെടുത്തപ്പോൾ നമ്മുടെ നാഥൻ നിന്നെ ചുംബിച്ചു, നേരായ പേരു ചൊല്ലി നിന്നെ വിളിക്കുകയും ചെയ്തു- കവിത, അതാണു നിന്റെ പേര്!
* ഫീനിക്സ് (phoenix) - പുരാതന ഈജിപ്തുകാർ ആരാധിച്ചിരുന്ന കൂറ്റൻ അറബിപ്പക്ഷി. 500 കൊല്ലം കൂടുമ്പോൾ അതു സ്വയം ചിതയൊരുക്കി അതിൽ ദഹിക്കുമെന്നും ആ ചാരത്തിൽ നിന്ന് പുതിയൊരു ഫീനിക്സ് ഉയർന്നുവരുമെന്നും വിശ്വാസം. പുനർജ്ജന്മം, സൂര്യൻ, കാലം, ഉയിർത്തെഴുന്നേല്പ്, പറുദീസയിലെ ജീവിതം, ക്രിസ്തു, വിശുദ്ധമറിയം, കന്യകാത്വം ഇതിനൊക്കെ പ്രതീകമായി.
* ലാപ്‌ലാൻഡ് (Lapland)- ഫിൻലന്റിന്റെ വടക്കേയറ്റത്തുള്ള സമതലം
* ഫാലുന്‍(Falun)- ചെമ്പുഖനികൾക്കു പ്രസിദ്ധമായ ഫിൻലന്റിലെ മലമ്പ്രദേശം
*തെസ്പിസ് (Thespis) - ക്രി.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ഗ്രീക്കുനടൻ. ഒരു നാടകത്തിലെ കഥാപാത്രമായി ആദ്യമായി അരങ്ങിലെത്തുന്നത് ഇദ്ദേഹമാണെന്ന് അരിസ്റ്റോട്ടിൽ പറയുന്നു. സഞ്ചരിക്കുന്ന നാടകവേദിയുടെ ഉപജ്ഞാതാവും തെസ്പിസ് തന്നെ; ചമയങ്ങളും മുഖാവരണങ്ങളും മറ്റു നാടകസാമഗ്രികളുമൊക്കെയായി ഒരു വണ്ടിയിൽ അദ്ദേഹം പഴയ ഗ്രീസിലെ നഗരരാഷ്ട്രങ്ങൾ കടന്നുപോയി.
*ഓഡിന്റെ കാക്ക (Odin's raven)- നോഴ്സ് പുരാണങ്ങളിൽ പ്രധാനദേവനായ ഓഡിന്റെ ചുമലിൽ രണ്ടു മലങ്കാക്കകളെ കാണാം; ഷേക്സ്പിയറിന്റെ മാക്ബത്തിലും ഒഥല്ലോയിലും അശുഭസൂചകങ്ങളായി ഇവ കടന്നുവരുന്നുണ്ട്.
*വാർട്സ്ബർഗ് (Wartburg)- ജർമ്മനിയിലെ പുരാതനദുർഗ്ഗം; മദ്ധ്യകാലഘട്ടത്തിൽ നിർമ്മിച്ചത്. സഞ്ചാരികളായ ഗായകരുടെ മത്സരവേദി എന്ന നിലയിൽ പ്രസിദ്ധമായിരുന്നു.
*മഴ്സയേൽ (Marseillaise)- ഫ്രാൻസിന്റെ ദേശീയഗാനം; ഫ്രഞ്ചുവിപ്ളവകാലത്ത് 1792ൽ രചിക്കപ്പെട്ടത്.
No comments:
Post a Comment