Saturday, January 31, 2015

അൽഫോൺസിന സ്റ്റോർണി - പൈതൃകത്തിന്റെ ഭാരം

storni


നിങ്ങൾ പറഞ്ഞു: എന്റെ അച്ഛൻ കരഞ്ഞിട്ടേയില്ല;
നിങ്ങൾ പറഞ്ഞു: എന്റെ മുത്തശ്ശൻ കരഞ്ഞിട്ടേയില്ല;
എന്റെ തറവാട്ടിൽ ആണുങ്ങൾ കരഞ്ഞിട്ടേയില്ല;
അവർ ഉരുക്കുമനുഷ്യരായിരുന്നു.

ഇതു പറയുമ്പോൾ ഒരു കണ്ണീർത്തുള്ളി ഉരുണ്ടുകൂടി
എന്റെ ചുണ്ടിലേക്കു വീണു...
അത്ര ചെറിയൊരു പാത്രത്തിൽ നിന്ന്
ഇത്രയും വിഷം ഞാൻ മുമ്പു കഴിച്ചിട്ടേയില്ല.

അബലയായ സ്ത്രീ, അന്യശോകങ്ങളറിയാൻ പിറന്നവൾ:
യുഗങ്ങളുടെ വേദന അതിൽ ഞാൻ നുകർന്നു.
ഹാ, എന്റെയാത്മാവിനെക്കൊണ്ടു കഴിയില്ല,
അത്രയും ഭാരം പേറിനടക്കാൻ.

(1919)


തന്റെ അമ്മയുടെ തലമുറ ചുമന്നുനടന്ന ലിംഗവ്യത്യാസത്തിൽ അധിഷ്ഠിതമായ പാരമ്പര്യത്തെ തള്ളിപ്പറയുകയാണ്‌ സ്റ്റോർണി എന്ന് നിരൂപകർ.


 

Ancestral burden

You told me: My father never cried;
You told me: My grandfather never cried;
The men of my family never cried;
they were steel.

While you spoke, a tear welled up
and fell to my mouth . . . the most venom
I’ve ever drunk from a cup
so small.

Frail woman, poor woman, who understands
the pain of centuries I tasted in that drink:
Oh, this soul of mine can’t bear
all your burden!

 

 

Friday, January 30, 2015

ബോർഹസ് - സ്വപ്നവ്യാഘ്രങ്ങൾ


9780292715493



കുട്ടിക്കാലത്ത് കടുവകളുടെ കടുത്ത ആരാധകനായിരുന്നു ഞാൻ- കടുവകൾ എന്നു പറഞ്ഞാൽ യഥാർത്ഥവ്യാഘ്രങ്ങൾ; ആനപ്പുറത്തെ തമ്പിന്മേലിരുന്ന് ആയുധധാരികൾക്കു മാത്രം നേരിടാൻ കഴിയുന്ന ഏഷ്യയിലെ വരയൻ ജാതികൾ; അല്ലാതെ കെട്ടുപിണഞ്ഞ ആമസോൺ കാടുകളിലും പരാനാ പുഴയിൽ ഒഴുകിനടക്കുന്ന കുളവാഴത്തുരുത്തുകളിലും കാണാൻ കിട്ടുന്ന ആ മഞ്ഞക്കടുവകൾ, ജാഗ്വാറുകളല്ല. മൃഗശാലകളിലെ കൂടുകൾക്കു മുന്നിൽ മണിക്കൂറുകൾ ഞാൻ ചെലവഴിച്ചിട്ടുണ്ട്; വിപുലമായ വിജ്ഞാനകോശങ്ങൾക്കും പ്രകൃതിശാസ്ത്രഗ്രന്ഥങ്ങൾക്കും ഞാൻ മാർക്കിട്ടിരുന്നത് അവയിലെ കടുവകളുടെ പൊലിമ നോക്കിയിട്ടായിരുന്നു. (ആ ചിത്രങ്ങൾ ഇന്നും ഞാൻ ഓർക്കുന്നു, ഒരു സ്ത്രീയുടെ നെറ്റിത്തടമോ പുഞ്ചിരിയോ ശരിയായി ഓർത്തെടുക്കാൻ കഴിയാത്ത ഞാൻ.) ബാല്യം കഴിഞ്ഞതോടെ കടുവകളും എനിക്കവയോടുള്ള അഭിനിവേശവും മങ്ങിമാഞ്ഞുപോയി; പക്ഷേ അവ ഇന്നും എന്റെ സ്വപ്നങ്ങളിലുണ്ട്. ആ അടിക്കടലിൽ, അഥവാ അബോധത്തിൽ അവയുടെ സാന്നിദ്ധ്യം ഇന്നുമുണ്ട്. അങ്ങനെ, ഞാനുറങ്ങുമ്പോൾ, ഏതോ സ്വപ്നമെന്നെ വഴി തെറ്റിക്കുമ്പോൾ, പെട്ടെന്നെനിക്കു വെളിപാടുണ്ടാകുന്നു, ഇതൊരു സ്വപ്നമാണെന്ന്. ആ നിമിഷങ്ങളിൽ ഞാൻ പലപ്പോഴും ഇങ്ങനെ ചിന്തിക്കാറുണ്ട്: ഇതൊരു സ്വപ്നമാണ്‌, എന്റെ ഇച്ഛാശക്തിയുടെ കേവലമായ ഒരപഭ്രംശം. ഇപ്പോൾ ഞാൻ അതിരറ്റ ശക്തിക്കുടമയാണെന്നതിനാൽ ഞാനിതാ, ഒരു വ്യാഘ്രത്തെ സൃഷ്ടിക്കാൻ പോകുന്നു.

ഹാ, അശക്തൻ! ഞാൻ അത്രമേലാശിക്കുന്ന ആ ജന്തുവിനെ ജനിപ്പിക്കാൻ എന്റെ സ്വപ്നങ്ങൾക്കൊരിക്കലും കഴിയാത്തപോലെയാണ്‌. കടുവ പ്രത്യക്ഷമാകുന്നുണ്ട്; അതു പക്ഷേ, ആകെ മെലിഞ്ഞുണങ്ങിയതായിരിക്കും, അല്ലെങ്കിൽ തൊട്ടാൽ പൊടിയുന്ന പോലിരിക്കും, അല്ലെങ്കിൽ രൂപത്തിൽ അശുദ്ധമായ വ്യതിയാനം വന്നതായിരിക്കും, അല്ലെങ്കിൽ അസ്വീകാര്യമായ വലിപ്പമായിരിക്കും, അല്ലെങ്കിൽ തീരെ അല്പായുസ്സായി തോന്നും, അതുമല്ലെങ്കിൽ കടുവയെക്കാളേറെ നായയോ കിളിയോ പോലിരിക്കുന്നതായിരിക്കും.


ഗുസ്താവോ അഡോൾഫോ ബക്വെർ - മുറിവിൽ നിന്നു കത്തി വലിച്ചൂരുമ്പോലെ…

images


മുറിവിൽ നിന്നു കത്തി വലിച്ചൂരുമ്പോലെ
എന്റെ ഹൃദയത്തിൽ നിന്നു ഞാനവളുടെ സ്നേഹം പറിച്ചെടുത്തു;
അങ്ങനെ ചെയ്തുവെങ്കിലും മനസ്സുകൊണ്ടെനിക്കു തോന്നിയിരുന്നു,
സ്വന്തം പ്രാണൻ കൂടിയും പറിച്ചെടുക്കുകയാണു ഞാനെന്ന്.

എന്റെ പ്രണയമവൾക്കായിത്തീർത്ത പീഠത്തിൽ നിന്നും
അവളുടെ വിഗ്രഹം ഞാൻ പുഴക്കിയെടുത്തു;
എന്റെ വിശ്വാസമവൾക്കായി കൊളുത്തിയ ദീപം
ശൂന്യമായ ശ്രീകോവിലിൽ കെട്ടണയുകയും ചെയ്തു.

എന്നിട്ടും പക്ഷേ, അവളുടെ രൂപമെന്നിൽ കുടിയേറുന്നു,
എന്റെ നിശ്ചയദാർഢ്യത്തോടു പൊരുതാൻ വരുന്നു;
എന്നെയുണർത്തിയിരുത്തുന്ന ഈ സ്വപ്നം കാണാതെ
എന്നാണെനിക്കൊന്നുറങ്ങാൻ കഴിയുക!

(റീമ 48)



Thursday, January 29, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - എന്നെ ആരോർക്കാൻ?

13604_photo


രോഗിയായി ഞാൻ കിടക്കുമ്പോൾ,
നിദ്രാവിഹീനനായി നിമിഷങ്ങളെണ്ണിക്കിടക്കുമ്പോൾ
എനിക്കരികിലിരിക്കാനാരുണ്ടാവും?

മരണാസന്റെ സന്ത്രാസത്തോടെ
മറ്റൊരു കൈയ്ക്കായി ഞാനെന്റെ കൈ നീട്ടുമ്പോൾ
ആ കൈ പിടിക്കാനാരുണ്ടാവും?

മരണമെന്റെ കണ്ണുകളെ പളുങ്കുകളാക്കുമ്പോൾ,
എന്റെ കണ്ണുകൾ തുറന്നുതന്നെയിരിക്കുമ്പോൾ
അവ തിരുമ്മിയടയ്ക്കാനാരുണ്ടാവും?

പള്ളിയിലെനിക്കായി മണി മുഴങ്ങുമ്പോൾ,
(അങ്ങനെയൊന്നുണ്ടായെന്നിരിക്കട്ടെ)
എനിക്കായി പ്രാർത്ഥിക്കാനാരുണ്ടാവും?

മണ്ണിനടിയിലെന്റെ അവശിഷ്ടങ്ങളുറങ്ങുമ്പോൾ,
മറവിയില്പെട്ടൊരു ശവമാടത്തിനു മുന്നിൽ
ഒരു തുള്ളി കണ്ണീരു വീഴ്ത്താനാരുണ്ടാവും?

അടുത്ത പകലും പതിവുപോലെ സൂര്യനുദിക്കുമ്പോൾ,
ഇങ്ങനെയൊരാൾ ഈ ലോകത്തു ജീവിച്ചിരുന്നു
എന്നൊന്നോർക്കാനാരുണ്ടാവും?gravestone

(റീമ 61)


Wednesday, January 28, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - ഇതൊക്കെയുമാണു ഞാൻ

10885065_985649918130963_1936518605695902761_n


ഏതോ കൈ തൊടുത്തുവിട്ടൊരമ്പ്-
വായുവിലൂടന്ധമായി പായുമ്പോൾ
അതിനൊരെത്തും പിടിയുമില്ല,
താനെവിടെച്ചെന്നു തറയ്ക്കുമെന്ന്.

വരണ്ടുണങ്ങിയ പാഴ്മരത്തിൽ നിന്നു
കാറ്റു പറിച്ചെടുത്ത പഴുക്കില-
ആർക്കുമാർക്കും പറയാനാവില്ല,
അതു ചെന്നൊടുങ്ങുന്ന ചാലേതെന്ന്.

കടല്പരപിൽ നിന്നു തെറുത്തെടുത്തു
കാറ്റടിച്ചുപായിക്കുന്ന വൻതിര-
ഉരുണ്ടുകൂടുമ്പോളതിനറിയില്ല,
താൻ ചെന്നു തകരുന്ന തീരമേതെന്ന്.

എവിടെ നിന്നു ഞാൻ വരുന്നു,
എവിടെയ്ക്കു പോകുന്നുവെന്നറിയാതെ
ഈ ലോകത്തിലൂടലയുമ്പോൾ
ഇപ്പറഞ്ഞതൊക്കെയുമാണു ഞാൻ.

(റീമ 2)


Tuesday, January 27, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - ഈ മധുരമദിരയുടെ രുചി

DSCN0938


ഈ മധുരമദിരയുടെ രുചി
അടിമട്ടിന്റെ കയ്പു തട്ടാതറിയണമെന്നു നിനക്കുണ്ടോ?
എങ്കിൽ നീയിതു ചുണ്ടോടടുപ്പിക്കൂ,
അതിന്റെ വാസന നുകരൂ, പിന്നെയതു താഴെ വയ്ക്കൂ.

ഈ പ്രണയത്തിന്റെ ഹൃദ്യമായ ഓർമ്മ
നമ്മിലെന്നുമുണ്ടാവണമെന്നു നിനക്കുണ്ടോ?
എങ്കിൽ ഇന്നു നമുക്കന്യോന്യം പ്രേമിക്കാം,
നാളെ നമുക്കു വിട പറയാം!


ഗുസ്താവോ അഡോൾഫോ ബക്വെർ - അദൃശ്യമായൊരു കാറ്റോട്ടത്താൽ…

10408134_1003675346328420_4827666292242726305_n


അദൃശ്യമായൊരു കാറ്റോട്ടത്താൽ
നിന്റെ ചെഞ്ചുണ്ടുകളുഷ്ണിച്ചുവെന്നിരിക്കട്ടെ,
കണ്ണുകൾ കൊണ്ടു സംസാരിക്കുന്നൊരു ഹൃദയം
നോട്ടം കൊണ്ടു ചുംബിക്കുമെന്നും നീയന്നറിയും!


ഗുസ്താവോ അഡോൾഫോ ബക്വെർ

becquer 1

എനിക്കു ശേഷിച്ച ഹ്രസ്വായുസ്സിന്റെ ഏറ്റവും നല്ല നാളുകൾ
സന്തോഷത്തോടെ ഞാൻ നല്കിയേനെ,
എന്നെക്കുറിച്ചന്യരോടെന്താണു നീ പറയുന്നതെന്നറിയാൻ.


ഈ നശ്വരജീവിതവും പിന്നെ മരണാനന്തരജീവിതവും
(അങ്ങനെയൊന്നെനിക്കു വിധിച്ചിട്ടുണ്ടെങ്കിൽ)
ഒറ്റയ്ക്കിരിക്കുമ്പോൾ എന്നെക്കുറിച്ചെന്താണു നീ ചിന്തിക്കുന്നതെന്നറിയാൻ.

Monday, January 26, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - നീ ചണ്ഡവാതമായിരുന്നു…

becquer 1


നീ ചണ്ഡവാതമായിരുന്നു,
അതിന്റെ ശക്തിയെ ധിക്കരിച്ച ഗോപുരം ഞാൻ;
ഒന്നുകിൽ നീ തകരുമായിരുന്നു,
അല്ലെങ്കിലെന്നെ തട്ടിത്താഴെയിടുമായിരുന്നു.
രണ്ടുമെങ്ങനെ നടക്കാൻ!

നീ വൻകടലായിരുന്നു,
അതിന്റെ ഇരച്ചുകേറ്റത്തെത്തടഞ്ഞ പാറക്കെട്ടു ഞാൻ;
ഒന്നുകിൽ നീ തല്ലിത്തകരുമായിരുന്നു,
അല്ലെങ്കിലെന്നെ ഒഴുക്കിക്കളയുമായിരുന്നു.
രണ്ടുമെങ്ങനെ നടക്കാൻ!

നീ സുന്ദരിയായിരുന്നു, ഞാൻ അഭിമാനിയും;
ഒരാൾക്കു പരിചയം കോയ്മയായിരുന്നു,
മറ്റേയാൾക്കു വഴങ്ങി പരിചയവുമില്ല.
വഴി ഇടുങ്ങിയതായിരുന്നു, ഏറ്റുമുട്ടൽ അനിവാര്യവും.
രണ്ടുമെങ്ങനെ നടക്കാൻ!


Saturday, January 24, 2015

ലു യു - ഒരു പൂക്കാരന്റെ കഥ

LuYu


ആ കിഴവനെ നിങ്ങൾക്കറിയുമോ,
തെക്കേക്കവാടത്തിനടുക്കൽ പൂ വില്ക്കുന്നയാളെ?
തേനീച്ചയെപ്പോലെ പൂക്കളിലാണയാളുടെ ജീവിതം.
കാലത്തയാളെ പരുത്തിപ്പൂക്കളുമായി കാണാം,
വൈകുന്നേരങ്ങളിൽ പോപ്പിപ്പൂക്കളായിരിക്കും.
നീലാകാശത്തിനു കയറിവരാൻ പാകത്തിൽ
കൂര പൊളിഞ്ഞതാണയാളുടെ പുര.
അരിക്കലം മിക്കവാറുമൊഴിഞ്ഞതും.
പൂക്കൾ വിറ്റു പണം കുറേയായെന്നു കണ്ടാൽ
കള്ളുകടയിലേക്കയാൾ വച്ചുപിടിക്കും.
ഉള്ള പണം പോയിക്കഴിഞ്ഞാൽ
പിന്നെയുമയാൾ പൂ പെറുക്കാനിറങ്ങും.
എന്നും പൂക്കൾ വിടരുന്ന വസന്തകാലത്തിൽ
അയാളുടെ മുഖത്തിനും ആ വിടർച്ച തന്നെ!
ഒരുനാളുമയാളെ തല നീർന്നു കണ്ടിട്ടില്ല.
കൊട്ടാരച്ചുമരിൽ പുതിയ നിയമങ്ങൾ പതിച്ചിട്ടുണ്ടെങ്കിൽ
അയാൾക്കതിലെന്തു കാര്യം?
പൂഴിമണ്ണിൽ പണിതതാണു സർക്കാരെങ്കിൽ
അയാൾക്കെന്തു ചേതം?
അയാളോടൊന്നു മിണ്ടാൻ ചെന്നാൽ
ഒരു മറുപടിയും നിങ്ങൾക്കു കിട്ടില്ല,
ആ ചെട പിടിച്ച മുടിയ്ക്കടിയിൽ നിന്നും
മത്തു വിടാത്തൊരു പുഞ്ചിരിയൊഴികെ.


ലു യു (733-804) - ടാങ്ങ് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ചൈനീസ് കവിയും പണ്ഡിതനും. തേയിലയുടെ കൃഷി, ചായ ഉണ്ടാക്കുന്നതെങ്ങനെ, അതു കുടിയ്ക്കേണ്ടതെങ്ങനെ എന്നതൊക്കെ വിഷയമായ The Classic of Tea എന്നതാണ്‌ പ്രശസ്തമായ കൃതി.

അന്ന അഹ്‌മാത്തോവ - എന്റേതല്ലാത്ത ദേശം

070205_CL_AkhmatovaEX


എന്റേതല്ല ഈ ദേശമെങ്കിലും
എന്നുമെന്നും ഞാനതിനെയോർക്കും.
എന്നുമെനിക്കോർമ്മയുണ്ടാവും,
ഉപ്പു ചുവയ്ക്കാത്ത, കുളിരുന്ന കടൽവെള്ളവും.

അടിമണലിനു ചോക്കിലും വെളുത്ത നിറം,
വീഞ്ഞു പോലെ മദിപ്പിക്കുന്ന വായു,
അന്തിവെയിലിൽ നഗ്നമാകുന്ന
പൈന്മരങ്ങളുടെ ഉടലുകൾ.

ലോലലോലമായ തിരകൾക്കു മേലസ്തമയം:
എനിക്കിതു പിടികിട്ടുന്നില്ല,
അവസാനിക്കുന്നതു പകലോ, ലോകമോയെന്ന്,
അതിനിഗൂഢതയൊന്നെന്റെയുള്ളിലുദിക്കുകയോയെന്ന്.


 

“This land, although not my native land,
Will be remembered forever.
And the sea's lightly iced,
Unsalty water.
The sand on the bottom is whiter than chalk,
The air is heady, like wine,
And the rosy body of the pines
Is naked in the sunset hour.
And the sunset itself on such waves of ether
That I just can't comprehend
Whether it is the end of the day, the end of the world,
Or the mystery of mysteries in me again.”

Friday, January 23, 2015

നാസിം ഹിൿമെത് - ജീവിക്കുന്നതിനെക്കുറിച്ച്

 

Henri_Rousseau_-_Seine_und_Eiffelturm_in_der_Abendsonne_-_1910Painting by Henri Rousseau


1
ജീവിക്കുക എന്നത് വെറും തമാശയല്ല.
എത്രയും ഗൌരവത്തോടെ വേണം നാം ജീവിക്കാൻ,
ഉദാഹരണത്തിന്‌ ഒരണ്ണാറക്കണ്ണനെപ്പോലെ.
എന്നു പറഞ്ഞാൽ,
ജീവിക്കുക എന്നതിനപ്പുറമായി യാതൊന്നും നാം പ്രതീക്ഷിക്കരുതെന്നാണ്‌,
നിങ്ങളുടെ ഒരേയൊരുദ്ദേശ്യം ജീവിക്കുക എന്നതു മാത്രമായിരിക്കണമെന്നാണ്‌.
ജീവിക്കുക എന്നത് വെറും തമാശയല്ല:
അത്ര ഗൌരവത്തോടെ വേണം നാമതിനെ കാണാൻ,
എത്രയെന്നാൽ-
ഉദാഹരണത്തിന്‌ കൈകൾ പിന്നിൽ കെട്ടിയും
പുറകിൽ ചുമരുമായും
അല്ലെങ്കിൽ, തടിച്ച കണ്ണടയും വെളുത്ത കോട്ടുമായി ഒരു ലബോറട്ടറിക്കുള്ളിൽ വച്ചും
മനുഷ്യർക്കു വേണ്ടി മരിക്കാൻ നിങ്ങൾക്കു കഴിയണം,
നിങ്ങൾ മുഖം പോലും കണ്ടിട്ടില്ലാത്തവരാണവരെങ്കില്ക്കൂടി,
ആരും നിങ്ങളെ നിർബ്ബന്ധിക്കുന്നില്ലെങ്കില്ക്കൂടി,
ഏറ്റവും മനോഹരവും ഏറ്റവും യഥാർത്ഥവുമായ സംഗതി
ജീവിക്കുക എന്നതാണെന്നു നിങ്ങൾക്കറിയാമെങ്കില്ക്കൂടി.
ജീവിക്കുക എന്നതിനെ അത്ര ഗൌരവത്തോടെ വേണം
നിങ്ങൾ കാണാനെന്നാണു ഞാൻ അർത്ഥമാക്കുന്നത്,
അതായത്, ഉദാഹരണത്തിന്‌, എഴുപതു വയസ്സായി നിങ്ങൾക്കെങ്കില്ക്കൂടി
ഒലീവിന്റെ വിത്തുകൾ നിങ്ങൾ കുഴിച്ചിടും,
അതു നിങ്ങളുടെ കുട്ടികൾക്കു വേണ്ടിയുമല്ല,
മറിച്ച് മരണത്തെ ഭയമാണെങ്കില്ക്കൂടി നിങ്ങളതിൽ വിശ്വസിക്കുന്നില്ല
എന്നതുകൊണ്ടാണ്‌,
ജീവിക്കുക എന്നതാണു കൂടുതൽ പ്രധാനം എന്നതുകൊണ്ടാണ്‌
എന്നാണു ഞാൻ അർത്ഥമാക്കുന്നത്.

2

നമുക്കു മാരകമായൊരു രോഗം ബാധിച്ചിരിക്കുകയാണെന്നും
ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണെന്നുമിരിക്കട്ടെ,
എന്നു പറഞ്ഞാൽ ആ വെളുത്ത മേശ മേൽ നിന്ന്
നാം എഴുന്നേറ്റുപോരാനിടയില്ലെന്നുകൂടി ഇരിക്കട്ടെ.
അല്പം നേരത്തേ പോകേണ്ടി വരുന്നതിൽ നമുക്കൊരു വിഷാദം തോന്നാതിരിക്കുക
എന്നതസാദ്ധ്യമാണെങ്കില്ക്കൂടി,
അപ്പോഴും നാം തമാശകൾ കേട്ടു ചിരിക്കും,
മഴ പെയ്യുന്നുവോയെന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കും,
അടുത്ത റേഡിയോവാർത്തക്കായി അക്ഷമയോടെ കാത്തിരിക്കുകയും ചെയ്യും.

ഇനി, നാമൊരു യുദ്ധമുന്നണിയിലാണെന്നു വയ്ക്കൂ,
ന്യായമായൊരു കാര്യത്തിനു വേണ്ടി യുദ്ധം ചെയ്യുകയാണു നാമെന്നുമിരിക്കട്ടെ.
അതേ ദിവസം തന്നെ, ആദ്യത്തെ ആക്രമണത്തിൽ തന്നെ
നാം മുഖമടിച്ചുവീണു മരിച്ചുവെന്നു വരാം.
വിചിത്രമായൊരു രോഷത്തോടെ നമുക്കതറിയാമെങ്കില്ക്കൂടി
വർഷങ്ങൾ നീണ്ടുനിന്നേക്കാവുന്ന ഈ യുദ്ധം എങ്ങനെയാണവസാനിക്കുക
എന്നതിനെക്കുറിച്ചോർത്തു നാം തല പുണ്ണാക്കുകയും ചെയ്യും.

നാം തടവറയിലാണെന്നിരിക്കട്ടെ,
നമുക്കു പ്രായം അമ്പതോടടുക്കുന്നുവെന്നും,
ഇനി പതിനെട്ടു കൊല്ലം കൂടി കഴിഞ്ഞാലേ
ആ ഇരുമ്പുകവാടം നമുക്കായി തുറക്കുള്ളുവെന്നും വയ്ക്കുക.
അപ്പോഴും നാം ജീവിക്കുക പുറംലോകവുമായിട്ടായിരിക്കും,
അതിലെ ആളുകളും മൃഗങ്ങളുമായി, അതിലെ അദ്ധാനങ്ങളും കാറ്റുമായിട്ടായിരിക്കും,
എന്നു പറഞ്ഞാൽ, ചുമരുകൾക്കപ്പുറത്തുള്ള ആ പുറംലോകവുമായി.

ഞാൻ പറയുന്നത്, നാമെവിടെയാകട്ടെ, എങ്ങനെയാവട്ടെ,
ഒരിക്കലും മരണമില്ലാത്തവരെപ്പോലെ വേണം നാം ജീവിക്കാൻ എന്നാണ്‌.

3
ഈ ലോകം തണുത്തു മരവിയ്ക്കും,
നക്ഷത്രങ്ങൾക്കിടയിൽ മറ്റൊരു നക്ഷത്രമാകും,
അതും ഏറ്റവും ചെറിയതും,
നീലപ്പട്ടിൽ ഒരു പൊൻതരി പോലെ-
അതെ, നമ്മുടെ ഈ മഹിതഭൂമി.

ഈ ലോകം ഒരുനാൾ തണുത്തു വെറുങ്ങലിയ്ക്കും,
ഒരു മഞ്ഞുകട്ട പോലെയല്ല,
മരിച്ച മേഘം പോലെയുമല്ല-
മറിച്ച്, കറുത്തിരുണ്ട ശൂന്യാകാശത്തിലൂടെ
ഒരു കടുക്കാത്തോടു പോലെ അനന്തകാലമതുരുണ്ടുനടക്കും...

അതിനെക്കുറിച്ചോർത്തിപ്പോഴേ നിങ്ങൾ വിലപിക്കണം,
ആ വേദന ഇപ്പോഴേ നിങ്ങളറിയണം.
അങ്ങനെ വേണം നിങ്ങൾ ഈ ഭൂമിയെ സ്നേഹിക്കാൻ,
എന്നാലേ നിങ്ങൾക്കു പറയാനാകൂ, ‘ഞാൻ ജീവിച്ചിരുന്നു’ എന്ന്.


English Version

Monday, January 19, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - എനിക്കു കിട്ടിയത്

becquer 1



ഒരുവളാലെന്റെ ആത്മാവു വിഷലിപ്തമായി,
ഇനിയൊരുവളാലെന്റെ ഉടലും വിഷലിപ്തമായി;
ഇരുവരിലൊരുവളുമെന്നെത്തേടിയെത്തിയില്ല,
ഇരുവരെക്കുറിച്ചുമെനിക്കു പരാതിയുമില്ല.


ലോകമുരുണ്ടതല്ലേ, അതു കറങ്ങുകയുമല്ലേ?
കറങ്ങിത്തിരിഞ്ഞിനിയൊരു നാൾ ആ വിഷം
മറ്റൊരാളെത്തീണ്ടിയാലെന്നെപ്പഴിക്കല്ലേ:
എനിക്കു കിട്ടിയതല്ലാതെന്തു ഞാൻ നല്കാൻ?


ബൊഗ്‌ദാൻ ചായ്ക്കോവ്സ്കി - ഒരു പ്രാർത്ഥന

Bogdan Czaykowski



ഒരു മേഘത്തിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു മഴത്തുള്ളിയാക്കരുതേ
മണ്ണിലേക്കു മടങ്ങാനെനിക്കാഗ്രഹമില്ല

ഒരു പൂവിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു തേനീച്ചയാക്കരുതേ
അമിതോത്സാഹത്തിന്റെ മാധുര്യത്താൽ ഞാൻ മരിച്ചുപോകും

ഒരു തടാകത്തിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു മത്സ്യമാക്കരുതേ ദൈവമേ
ശീതരക്തമുള്ള ജീവിയാകാനെനിക്കു കഴിയില്ല

കാട്ടിലേക്കെന്നെ എറിയൂ
പുല്ലിനിടയിൽ വീണ പൈൻകായ പോലെ
രോമം ചെമ്പിച്ച അണ്ണാറക്കണ്ണന്മാർ എന്നെ കണ്ടെത്താതിരിക്കട്ടെ

ഒരു കല്ലിന്റെ പ്രശാന്തരൂപത്തിലേക്കെന്നെ എറിയൂ
എന്നാലതൊരു ലണ്ടൻ തെരുവിന്റെ നടപ്പാതയിലേക്കാവരുതേ
ഈ അന്യമായ നഗരത്തിൽ എനിക്കാധി പിടിക്കും
ചുമരുകളിൽ പല്ലുകളാഴ്ത്തും ഞാൻ ദൈവമേ

തീയ്ക്കു മുകളിൽ തിരിച്ചും മറിച്ചുമിട്ടെന്നെ പൊരിക്കുന്നവനേ
തീനാളങ്ങളിൽ നിന്നെന്നെ നുള്ളിയെടുക്കൂ
പ്രശാന്തമായൊരു വെണ്മേഘത്തിലെന്നെ നിക്ഷേപിക്കൂ



ഞാനെന്താണോ, അതല്ല ഞാൻ


ഞാനെന്താണോ, അതല്ല ഞാൻ.
ഞാനെന്താണോ, അതതല്ലാതാവുമ്പോൾ
ഞാനാരാണോ, അതല്ലാതുവുമോ ഞാനും?
ഇരുണ്ടുകൂടിയ മേഘം
അതിന്റെ മഴയെല്ലാം കരഞ്ഞുതീർത്താൽ,
അതിന്റെ മിന്നലുകളെല്ലാം
ഇടിയിലൂടെ മണ്ണിലേക്കൊഴുക്കിത്തീർത്താൽ
പിന്നെയെന്താണത്?




Bogdan Czaykowski ബൊഗ്‌ദാൻ സായ്ക്കോവ്സ്കി (1932-2007) - പോളിഷ് കനേഡിയൻ കവി. 1939ൽ കുടുംബത്തോടൊപ്പം റഷ്യയിലേക്കു നാടു കടത്തപ്പെട്ടു. വളർന്നത് ഇംഗ്ളണ്ടിൽ. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ലാവിക് സാഹിത്യത്തിൽ ബിരുദം. ഏറെക്കാലം ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ പോളിഷ് സാഹിത്യം പഠിപ്പിച്ചിരുന്നു. ശ്വാസകോശത്തിലെ ക്യാൻസർ രോഗത്തെ തുടർന്ന് വാൻകൂവറിൽ വച്ചു മരിച്ചു.

Friday, January 16, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - കവിത എന്നുമുണ്ടാവും

index


വിഷയദാരിദ്ര്യം കൊണ്ടു കലവറയൊഴിഞ്ഞതിനാൽ
വീണ മൂകമായെന്നു പറയരുതേ;
കവികളില്ലെന്നു വന്നേക്കാം
എന്നും പക്ഷേ, കവിതയുണ്ടാവും.

വെളിച്ചം ചുംബിക്കുന്ന കടൽത്തിരകൾ
എരിഞ്ഞുതുടിക്കുന്നിടത്തോളം കാലം,
പൊന്നും തീയും കൊണ്ടു സാന്ധ്യസൂര്യന്മാർ
ചിതറിയ മേഘങ്ങളെയുടുപ്പിക്കുന്നിടത്തോളം കാലം,
തെന്നൽ തന്റെ മടിത്തട്ടിൽ
മണങ്ങളുമീണങ്ങളും പേറുന്നിടത്തോളം കാലം,
ഭൂമിയിൽ വസന്തമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!

ജീവോല്പത്തിയുടെ രഹസ്യങ്ങൾ
ശാസ്ത്രത്തിനു പിടി കിട്ടാത്തിടത്തോളം കാലം,
അളവുകൾക്കുള്ളിലൊതുങ്ങാത്തൊരു ഗർത്തം
മണ്ണിലോ മാനത്തോ ശേഷിക്കുന്നിടത്തോളം കാലം,
എന്നും മുന്നോട്ടു തന്നെ പോകുന്ന മനുഷ്യനു
താനെവിടേക്കു പോകുന്നുവെന്നറിയാത്തിടത്തോളം കാലം,
ഒരു നിഗൂഢതയെങ്കിലും ശേഷിക്കുന്നിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!

ചുണ്ടുകളിലതു കാണുന്നില്ലെങ്കിലും
ആത്മാവു ചിരിക്കുകയാണെന്നു നിങ്ങൾക്കു
തോന്നുന്നിടത്തോളം കാലം,
കാഴ്ച മറച്ചുകൊണ്ടു കണ്ണീരൊഴുകുന്നില്ലെങ്കിലും
നിങ്ങൾ കരയുന്നിടത്തോളം കാലം,
മനസ്സും ഹൃദയവുമവയുടെ
യുദ്ധം തുടരുന്നിടത്തോളം കാലം,
ഓർമ്മകളും പ്രതീക്ഷകളും
ബാക്കി നില്ക്കുന്നിടത്തോളം കാലം,
-അത്രയും കാലം കവിതയുമുണ്ടാവും.

തങ്ങളെ നോക്കുന്ന കണ്ണുകളെ
കണ്ണുകൾ പ്രതിഫലിപ്പിക്കുന്നിടത്തോളം കാലം,
ചുണ്ടുകൾ നെടുവീർപ്പിടുന്ന മറ്റു ചുണ്ടുകൾക്കു
നെടുവീർപ്പു കൊണ്ടു മറുപടി പറയുന്നിടത്തോളം കാലം,
മനം കലങ്ങിയ രണ്ടാത്മാക്കൾ
ഒരു ചുംബനത്തിലൊരുമിക്കുന്നിടത്തോളം കാലം,
സൌന്ദര്യമുള്ള ഒരു സ്ത്രീയെങ്കിലുമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!

(റീമ-4)



Thursday, January 15, 2015

സോൾവെയ്ഗ് വോൺ ഷോൾട്സ് - കാമുകൻ

solveig von schoultz


എന്റെ കണ്ണുകൾക്കു നിന്റെ മുഖത്തു ചുംബിക്കണം.
എന്റെ കണ്ണുകൾക്കു മേൽ എനിക്കൊരു നിയന്ത്രണവുമില്ല.
അവയ്ക്കു നിന്റെ മുഖത്തൊന്നു ചുംബിക്കണമെന്നേയുള്ളു.
എന്റെ കണ്ണുകളിൽ നിന്നു ഞാൻ നിന്നിലേക്കൊഴുകുന്നു,
നിന്റെ ചുമലുകൾക്കു ചുറ്റുമായി ഒരൂഷ്മളത വിറ കൊള്ളുന്നു,
നിന്റെ വടിവുകൾ സാവധാനമതിലലിയുന്നു,
അവിടെ നിന്നോടൊപ്പമാണു ഞാൻ,
നിന്റെ ചുണ്ടുകളിൽ, നിന്നെച്ചുറ്റി-
എന്റെ കണ്ണുകൾക്കു മേൽ എനിക്കൊരു നിയന്ത്രണവുമില്ല.

മടിയിൽ കൈകൾ വച്ചു ഞാനിരിക്കുന്നു,
നിന്നെ ഞാൻ തൊടില്ല, നിന്നോടു മിണ്ടില്ല.
എന്റെ കണ്ണുകൾ പക്ഷേ, നിന്റെ മുഖത്തു ചുംബിക്കുന്നു,
ഞാൻ എന്നിൽ നിന്നുയരുന്നു,
എന്നെത്തടുക്കാനാർക്കുമാവില്ല,
അദൃശ്യയായി ഞാൻ പുറത്തേക്കൊഴുകുന്നു,
ആഴമറിയാത്ത ഈ ഒഴുക്കു തടുക്കാൻ,
തുടക്കവുമൊടുക്കവുമില്ലാത്ത ഈ തിളക്കം തടുക്കാൻ,
അതിനെനിക്കാവില്ല-
ഒടുവിൽ പക്ഷേ, നിന്റെ കണ്ണുകൾ,
ഇതൊന്നുമറിയാത്ത, ചോദ്യം ചെയ്യുന്ന പോലുള്ള,
അപരിചിതന്റെ കണ്ണുകൾ എന്റെ നേർക്കു തിരിയുമ്പോൾ
വീണ്ടും ഞാനെന്റെ കൈകളിലേക്കു താഴുന്നു,
വീണ്ടുമെന്റെ കണ്ണിമകൾക്കടിയിൽ ഇടം പിടിക്കുന്നു.


Solveig Von Schoultz (1907-1996) - ഫിന്നിഷ് ഭാഷയിലെ പ്രമുഖയായ കവയിത്രി.

 

Wednesday, January 14, 2015

സിൽവാ ഗബൌഡിക്കൻ - സുരക്ഷിതമായി മടങ്ങിവരൂ

sylva gaboudikan


വിട പറയാനാണെങ്കില്പോലും
ഇതവസാനമായിട്ടാണെങ്കില്പോലും
വിസമ്മതത്തോടെയാണെങ്കില്പോലും

പിന്നെയുമെന്നെ നോവിക്കാനാണെങ്കില്പോലും
പൊള്ളുന്ന പരിഹാസത്തിന്റെ തീക്ഷ്ണാമ്ളം
കൈയിൽ കരുതിയിട്ടാണെങ്കില്പോലും

പുതിയൊരു തരം വേദനയോടെയാണെങ്കില്പോലും
മറ്റൊരുവളുടെ ആശ്ളേഷത്തിന്റെ ചൂടു വിടാതെയാണെങ്കില്പോലും
വരൂ, മടങ്ങിവരൂ.



സിൽവാ ഗബൌഡിക്കൻ (1919-2006)- അർമ്മേനിയൻ കവയിത്രിയും രാഷ്ട്രീയപ്രവർത്തകയും.

ബോർഹസ് - ഒരു വായനക്കാരൻ


borges haiku

തങ്ങളെഴുതിയ പുസ്തകങ്ങളുടെ പേരിൽ അന്യർ ഗർവിക്കട്ടെ,
വായിച്ച പുസ്തകങ്ങളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു.
ഞാൻ ഭാഷാശാസ്ത്രജ്ഞനല്ലായിരിക്കാം,
വിഭക്തികൾ, പ്രത്യയങ്ങൾ,
ഒരു രൂപത്തിൽ നിന്നു മറ്റൊന്നിലേക്ക്
അക്ഷരങ്ങളുടെ ക്ളേശഭൂയിഷ്ടമായ യാത്രകൾ
-റ്റി ആയി കല്ലിക്കുന്ന ഡി,
ജിയ്ക്ക് കെയുമായുള്ള ബന്ധുത്വം-
ഇതിലേക്കൊന്നും ഞാൻ ആഴത്തിലിറങ്ങിയിട്ടില്ലായിരിക്കാം.
പക്ഷേ, ഇപ്പോന്ന വർഷങ്ങളുടനീളമായി
ഭ്രാന്തമായൊരഭിനിവേശം ഭാഷയോടു ഞാൻ പുലർത്തിയിരുന്നു.
എന്റെ രാത്രികൾ വെർജിൽ കൊണ്ടു നിറഞ്ഞത്.
പഠിച്ചു പിന്നെ മറന്ന ലാറ്റിൻ ഒരു സമ്പാദ്യം തന്നെയത്രെ:
എന്തെന്നാൽ മറവിയും ഓർമ്മയുടെ മറ്റൊരു രൂപം തന്നെ,
ഓർമ്മയുടെ പാതിയിരുണ്ട നിലവറ,
നാണയത്തിന്റെ കാണാത്ത മറുമുഖം.
മമത തോന്നിയ നിരർത്ഥകരൂപങ്ങളും മുഖങ്ങളും പേജുകളും
കണ്മുന്നിൽ നിന്നു മാഞ്ഞുതുടങ്ങിയപ്പോൾ
എന്റെ പൂർവ്വികരുടെ ഇരുമ്പുഭാഷ പഠിക്കുന്നതിൽ ഞാൻ മുഴുകി:
അവർ തങ്ങളുടെ ഏകാകിതയും വാളുകളും രേഖപ്പെടുത്തിയ ഭാഷ.
ഇന്നിതാ, എഴുന്നൂറു കൊല്ലത്തില്പിന്നെ, സ്നോറി സ്റ്റുർലിസോൺ,
അൾട്ടിമാ തൂലെയിൽ നിന്ന് നിന്റെ ശബ്ദം എന്നെ തേടിവരുന്നു.
പുസ്തകത്തിനു മുന്നിലിരിക്കുന്ന ചെറുപ്പക്കാരനു കൃത്യമായൊരുന്നമുണ്ട്:
കൃത്യമായ അറിവിലേക്കു വായിച്ചെത്തുക.
എന്റെ പ്രായത്തിൽ ഏതുദ്യമവും രാത്രിയിലേക്കടുക്കുന്ന സാഹസമത്രെ.
പ്രാക്തനമായ നോഴ്സ് ഭാഷകളിൽ ഒരിക്കലും ഞാൻ നിഷ്ണാതനാവില്ല,
സിഗേറിന്റെ നിധിയിൽ എന്റെ കൈകളെത്തുകയുമില്ല.
ഞാനേറ്റെടുത്ത ദൌത്യം അനന്തമത്രെ,
ആയുസ്സൊടുങ്ങുവോളം അതെന്റെയൊപ്പമുണ്ടാവും,
പ്രപഞ്ചം പോലെ നിഗൂഢമായി,
പഠിതാവായ എന്നെപ്പോലെ നിഗൂഢമായി.


അൾട്ടിമാ തൂലെ (Ultima Thule)- ക്ളാസിക്കൽ യൂറോപ്യൻ സാഹിത്യത്തിലും ഭൂപടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഉത്തരധ്രുവപ്രദേശം; ഇന്നത്തെ നോർവേ ആണതെന്ന് ഗവേഷകർ പറയുന്നു. ഒരതിവിദൂരദേശത്തെയോ അപ്രാപ്യലക്ഷ്യത്തെയോ സൂചിപ്പിക്കാൻ വെർജിൽ ഈ വാക്കുപയോഗിച്ചിരുന്നു.

സ്നോറി സ്റ്റുർലിസോൺ (Snorri Sturluson, 1179-1241) - ഐസ് ലാന്റുകാരനായ കവിയും ചരിത്രകാരനും; Prose Edda എന്ന ഇതിഹാസമെഴുതി.

നോഴ്സ്- വൈക്കിംഗുകളുടെ കാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ഭാഷ.

സിഗേർ (Sigurd)- Elder Edda എന്ന നോഴ്സ് ഇതിഹാസത്തിലെ കഥാപാത്രം; സ്വർണ്ണനിധി കാക്കുന്ന വ്യാളിയെ വധിക്കുന്നുണ്ട്.


Tuesday, January 13, 2015

ഓസിപ് മാൻഡെൽഷ്ടാം - കറുത്ത മെഴുകുതിരി

osip_mandelstam_1934


ചാട്ടവാറുകൾക്കടിയിൽ ചുവക്കാനുള്ളവയാണു നിന്റെ മെലിഞ്ഞ ചുമലുകൾ,
ചാട്ടവാറുകൾക്കടിയിൽ ചുവക്കാൻ, കൊടുംമഞ്ഞിൽ പൊള്ളിവീർക്കാനും.

റെയിൽപാളങ്ങൾ എടുത്തുയർത്താനുള്ളവയാണു നിന്റെ കുഞ്ഞുകൈകൾ,
റെയിൽപാളങ്ങൾ എടുത്തുയർത്താനുള്ളവ, ചാക്കുകൾ തുന്നിക്കൂട്ടാനും.

കുപ്പിച്ചില്ലുകൾക്കു മേൽ നടക്കാനുള്ളവയാണു നിന്റെ മൃദുലപാദങ്ങൾ,
കുപ്പിച്ചില്ലുകൾക്കു മേൽ നടക്കാൻ, ചോര പുരണ്ട മണല്പാതകളിലും.

ഞാനോ, നിനക്കായി കൊളുത്തിയ ഒരു കറുത്ത മെഴുകുതിരി പോലെരിയാൻ,
പ്രാർത്ഥിക്കാൻ ധൈര്യമില്ലാത്ത ഒരു കറുത്ത മെഴുകുതിരി പോലെരിയാൻ.

ഫെബ്രുവരി 1934


(സ്റ്റാലിൻ ഭീകരതയുടെ നാളുകളിൽ എഴുതിയത്)

Saturday, January 10, 2015

റോബർട്ട് ദിസ്‌നോസ് - ഇല്ല, പ്രണയം മരിച്ചിട്ടില്ല

death


ഇല്ല, പ്രണയം മരിച്ചിട്ടില്ല,
ഈ ഹൃദയത്തിൽ, ഈ കണ്ണുകളിൽ,
സ്വന്തം ശവസംസ്കാരം തുടങ്ങുകയായി എന്നു വിളിച്ചറിയിക്കുന്ന ഈ ചുണ്ടുകളിൽ
പ്രണയം മരിച്ചിട്ടില്ല.
നോക്കൂ,
അഴകും പൊലിമയും നിറവുമെനിക്കു മടുത്തു.
ഞാൻ പ്രേമിക്കുന്നതു പ്രേമത്തെ,
അതിന്റെ മാധുര്യത്തെ, അതിന്റെ ക്രൌര്യത്തെ.
എന്റെ പ്രണയത്തിനൊരു പേരേയുള്ളു, ഒരു രൂപമേയുള്ളു.
എല്ലാം മരിക്കുന്നു.
എല്ലാ ചുണ്ടുകളും ആ ഒരു ചുണ്ടിൽ ഒട്ടിച്ചേരുന്നു.
എന്റെ പ്രണയത്തിനൊരു പേരേയുള്ളു, ഒരു രൂപമേയുള്ളു.
ഇനിയൊരു നാൾ നിനക്കിതോർമ്മ വരികയാണെന്നിരിക്കട്ടെ,
എന്റെ പ്രണയത്തിന്റെ പേരും രൂപവുമായവളേ,
അമേരിക്കയ്ക്കും യൂറോപ്പിനുമിടയിലെ സമുദ്രത്തിൽ വച്ചൊരു നാൾ
ഉയർന്നുതാഴുന്ന തിരപ്പരപ്പിൽ പോക്കുവെയിൽ നൃത്തം വച്ച നിമിഷം,
അതുമല്ലെങ്കിൽ
ഒരു വഴിയോരമരത്തിന്റെ ചുവട്ടിലേക്കു കൊടുങ്കാറ്റു നമ്മെ
അടിച്ചോടിച്ച ആ രാത്രി,
മേല്ഷെർബേയിലെ വീഥിയിൽ ഒരു വസന്തകാലപ്രഭാതം,
മഴ തോരാതെ പെയ്ത ഒരു പകൽ,
നിനക്കുറക്കം വരുന്നതിനു തൊട്ടു മുമ്പുള്ള ഒരു പുലർച്ച,
അപ്പോൾ നീ സ്വയം പറയുക
-നിന്റെ പരിചിതപ്രേതത്തോടു ഞാൻ കല്പിക്കുന്നു-
ഞാൻ മാത്രമേ ഇത്ര മേൽ നിന്നെ സ്നേഹിച്ചിരുന്നുള്ളുവെന്ന്,
നീയതറിയാതെപോയതു ലജ്ജാകരമെന്ന്.
ഇതിലൊന്നും കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും നീ സ്വയം പറയുക:
എനിക്കു മുമ്പേ റോങ്ങ്‌സാദും ബോദ്‌ലേറും പാടിയിട്ടുണ്ടല്ലോ,
അതിനിർമ്മലമായ പ്രണയത്തെ തള്ളിപ്പറഞ്ഞ
വൃദ്ധരോ മരിച്ചവരോ ആയ സ്ത്രീകളുടെ ശോകങ്ങളെപ്പറ്റി.
നീ, മരിച്ചാലും നീ സുന്ദരിയായിരിക്കും,
തൃഷ്ണകൾക്കു പാത്രമായിരിക്കും.
പക്ഷേ ഞാൻ മരിച്ചുപോയിരിക്കും,
മരണമില്ലാത്ത നിന്റെയുടലിനുള്ളിൽ,
നിത്യതയ്ക്കും ജീവിതത്തിന്റെ നിത്യാശ്ചര്യങ്ങൾക്കുമിടയിൽ
നിരന്തരസാന്നിദ്ധ്യമായ നിന്റെ പ്രതിബിംബത്തിൽ
ഞാനാണ്ടുകിടക്കും.
എന്നാൽ ഞാൻ ജീവനോടെയുണ്ടെങ്കിൽ
നിന്റെ ശബ്ദവും അതിന്റെ സ്വരവും
നിന്റെ നോട്ടവും അതിന്റെ ദീപ്തിയും
നിന്റെ ഗന്ധവും നിന്റെ മുടിയുടെ ഗന്ധവും,
ഇതൊക്കെയും ഇതല്ലാത്ത മറ്റു പലതും എന്നിൽ ജീവിക്കും,
എന്നിൽ, ബോദ്‌ലേറോ റോങ്ങ്സാർഡോ അല്ലാത്ത എന്നിൽ,
റോബർട്ട് ദിസ്‌നോസ് എന്നു പേരായ എന്നിൽ,
നിന്നെ പ്രേമിച്ചുവെന്നതിനാൽ
അവരുടെ മുഖത്തു നോക്കാൻ പ്രാപ്തി നേടിയ എന്നിൽ.
ഞാൻ, ഇപ്പറഞ്ഞ റോബർട്ട് ദിസ്‌നോസ്,
ഈ നെറി കെട്ട ലോകത്തോർമ്മിക്കപ്പെടാനാഗ്രഹിക്കുന്നത്
ഇതൊന്നിലൂടെ മാത്രം:
നിന്നോടുള്ള പ്രണയം.


Friday, January 9, 2015

ഒരേരുഴവനാർ - ഉലയും മുള പോലെ

reclining-woman-at-the-seashore-1920.jpg!Blog_thumb[2]


ഉലയും മുള പോലെ കൈ മെലിഞ്ഞവൾ,
വിടർന്ന കണ്ണുകളിലടക്കം നിറഞ്ഞവൾ,
എത്രമേലസാദ്ധ്യമാണെന്റെ ഹൃദയമേ,
അകലെയവൾ പാർക്കുമൂരിലെത്തിപ്പെടുക!
പുതുമഴ പെയ്തു വിത കാക്കുന്ന പാടം കാൺകെ
ഒറ്റമൂരിക്കാരനുഴവനു നെഞ്ചു പിടയ്ക്കുമ്പോലെ
കിടന്നുപിടയ്ക്കുകയാണല്ലോ, നീയെന്റെ ഹൃദയമേ!


(നായകൻ സ്വന്തം ഹൃദയത്തോടു പറഞ്ഞത്)
പാലൈത്തിണ
കുറുന്തൊകൈ 131

പ്രകടമായ ലൈംഗികാഭിലാഷം സൂചിപ്പിക്കുന്ന കവിത. ‘മലർന്ന മണ്ണിൽ കൊഴുവിറക്കുന്ന’ നെരൂദയുടെ ഉഴവനെ ഓർമ്മ വരികയും ചെയ്യുന്നു. ഒറ്റ മൂരിയുള്ള കൃഷിക്കാരൻ എന്ന ഉപമയുടെ ഭംഗി കാരണം കവിയ്ക്കും ആ പേരു തന്നെ വീണു.


 

ஆடமை புரையும் வனப்பிற் பணைத்தோள்
பேரமர்க் கண்ணி யிருந்த ஊரே
நெடுஞ்சேண் ஆரிடை யதுவே நெஞ்சே
ஈரம் பட்ட செவ்விப் பைம்புனத்து
ஓரேர் உழவன் போலப்
பெருவிதுப் புற்றன்றால் நோகோ யானே.
-ஒரேருழவனார்.
What he said

Her arms have the beauty

of a gently moving bamboo.

Her large eyes are full of peace.

She is faraway,

her place not easy to reach.

My heart is frantic

with haste,

a plowman with a single plow

on land all wet

and ready for seed.

Translated by A.K.Ramanujan


Thursday, January 8, 2015

എല്ലാ വീലർ വിൽക്കോക്സ് - പ്രണയത്തിന്റെ വരവ്

ella wheeler wilcox


പടയാളികളെപ്പോലെയാണയാളെത്തുക എന്നവൾ കരുതിയിരുന്നു,
ആയുധങ്ങളുടെ കലമ്പലും കാഹളനാദങ്ങളുമായി;
അയാൾ വന്നതു പക്ഷേ, ഒച്ച കേൾപ്പിക്കാതെയായിരുന്നു
അവളതറിഞ്ഞതുതന്നെയില്ല.

വധുവിനെ കൈക്കൊള്ളാനായി രാജകുമാരനെപ്പോലയാളെത്തുമ്പോൾ
വെയിലേറ്റയാളൂടെ പടച്ചട്ട വെട്ടിത്തിളങ്ങുന്നതിനെക്കുറിച്ചവളോർത്തിരുന്നു:
പക്ഷേ ആസന്നരാത്രിയുടെ അരണ്ട വെളിച്ചത്തിൽ
അയാൾ തനിക്കരികിൽ നില്ക്കുന്നതായി അവൾ കണ്ടെത്തുകയായിരുന്നു.

അയാളുടെ വിചിത്രവും ധീരവുമായ കണ്ണുകളൊന്നു നോക്കുമ്പോൾ
ഒരാകസ്മികദീപ്തിയിലേക്കു തന്റെ ഹൃദയമുണരുന്നതവൾ സ്വപ്നം കണ്ടിരുന്നു;
അവളയാളുടെ മുഖത്തു കണ്ടതു പക്ഷേ,
ദീർഘസൌഹൃദത്തിന്റെ പരിചിതവെളിച്ചമായിരുന്നു.

കൊടുങ്കാറ്റിന്റെ പ്രചണ്ഡതയിൽ കടലിളകിമറിയുമ്പോലെ
അയാൾ വരുമ്പോൾ തന്റെ ഹൃദയമിളകിമറിയുമെന്നവൾ സ്വപ്നം കണ്ടിരുന്നു:
അയാൾ കൊണ്ടുവന്നതു പക്ഷേ, സ്വർഗ്ഗീയശാന്തിയുടെ സാന്ത്വനമായിരുന്നു,
അവളുടെ ജീവിതത്തെ മകുടം ചൂടിച്ച ഒരു സ്വസ്ഥതയും.


എല്ലാ വീലർ വിൽക്കോക്സ് (1850-1919)- അമേരിക്കൻ എഴുത്തുകാരി.


 

Tuesday, January 6, 2015

കണ്ണനാർ - കൂട്ടിലിട്ട മയിലുകളെപ്പോലെ

6ea14af9cd4e685616081402a5febc45

 


എല്ലാവരുമുറങ്ങുന്ന രാത്രിയിൽ
മദയാനയെപ്പോലിറങ്ങിനടന്നവനേ,
ഞങ്ങളുടെ പടിക്കൽ നീയെത്തുന്നതും
കതകു തുറക്കാൻ നോക്കുന്നതും ഞങ്ങളറിയാതെയല്ല.
ഞങ്ങളതു കേട്ടിരുന്നു;
പക്ഷേ,
കൂട്ടിലടച്ച മയിലുകളെപ്പോലെ
തലപ്പൂവു ചാഞ്ഞും പീലികളൊടിഞ്ഞും
ഞങ്ങളുള്ളിൽ കിടന്നു പിടയ്ക്കുമ്പോൾ
അമ്മ ഞങ്ങളെ അടുക്കിപ്പിടിക്കുകയായിരുന്നു,
ഞങ്ങളുടെ പേടി മാറ്റാനെന്നപോലെ!

(തോഴി നായകനോടു പറഞ്ഞത്. അയാൾ രാത്രിയിൽ വന്നപ്പോൾ നായിക കതകു തുറന്നു ചെല്ലാതിരുന്നത് മറ്റൊന്നും കൊണ്ടല്ല, അവൾ വീട്ടുതടങ്കലിലായിരുന്നതു കൊണ്ടാണ്‌.)

കുറിഞ്ചിത്തിണ
കുറുന്തൊകൈ 244



பல்லோர் துஞ்சு நள்ளென் யாமத்து
உரவுக் களிறு போல் வந்து இரவுக் கதவு முயறல்
கேளே அல்லேம் கேட்டனெம் பெரும
ஓரி முருங்கப் பீலி சாய
நன் மயில் வலைப் பட்டாங்கு யாம்
உயங்கு தொறும் முயங்கும் அறன் இல் யாயே.

You came at night
when everyone was sleeping,
like a mighty bull elephant,
and tried to open our night door.

It’s not that we did not hear it.
We heard it, lord!

We were like fine peacocks
that were caught in a net
with their head-crests crushed
and tail feathers ruined,
since our mother without justice
held us tight whenever we stirred.