Monday, January 19, 2015

ബൊഗ്‌ദാൻ ചായ്ക്കോവ്സ്കി - ഒരു പ്രാർത്ഥന

Bogdan Czaykowski



ഒരു മേഘത്തിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു മഴത്തുള്ളിയാക്കരുതേ
മണ്ണിലേക്കു മടങ്ങാനെനിക്കാഗ്രഹമില്ല

ഒരു പൂവിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു തേനീച്ചയാക്കരുതേ
അമിതോത്സാഹത്തിന്റെ മാധുര്യത്താൽ ഞാൻ മരിച്ചുപോകും

ഒരു തടാകത്തിലേക്കെന്നെ എറിയൂ ദൈവമേ
എന്നാലെന്നെ ഒരു മത്സ്യമാക്കരുതേ ദൈവമേ
ശീതരക്തമുള്ള ജീവിയാകാനെനിക്കു കഴിയില്ല

കാട്ടിലേക്കെന്നെ എറിയൂ
പുല്ലിനിടയിൽ വീണ പൈൻകായ പോലെ
രോമം ചെമ്പിച്ച അണ്ണാറക്കണ്ണന്മാർ എന്നെ കണ്ടെത്താതിരിക്കട്ടെ

ഒരു കല്ലിന്റെ പ്രശാന്തരൂപത്തിലേക്കെന്നെ എറിയൂ
എന്നാലതൊരു ലണ്ടൻ തെരുവിന്റെ നടപ്പാതയിലേക്കാവരുതേ
ഈ അന്യമായ നഗരത്തിൽ എനിക്കാധി പിടിക്കും
ചുമരുകളിൽ പല്ലുകളാഴ്ത്തും ഞാൻ ദൈവമേ

തീയ്ക്കു മുകളിൽ തിരിച്ചും മറിച്ചുമിട്ടെന്നെ പൊരിക്കുന്നവനേ
തീനാളങ്ങളിൽ നിന്നെന്നെ നുള്ളിയെടുക്കൂ
പ്രശാന്തമായൊരു വെണ്മേഘത്തിലെന്നെ നിക്ഷേപിക്കൂ



ഞാനെന്താണോ, അതല്ല ഞാൻ


ഞാനെന്താണോ, അതല്ല ഞാൻ.
ഞാനെന്താണോ, അതതല്ലാതാവുമ്പോൾ
ഞാനാരാണോ, അതല്ലാതുവുമോ ഞാനും?
ഇരുണ്ടുകൂടിയ മേഘം
അതിന്റെ മഴയെല്ലാം കരഞ്ഞുതീർത്താൽ,
അതിന്റെ മിന്നലുകളെല്ലാം
ഇടിയിലൂടെ മണ്ണിലേക്കൊഴുക്കിത്തീർത്താൽ
പിന്നെയെന്താണത്?




Bogdan Czaykowski ബൊഗ്‌ദാൻ സായ്ക്കോവ്സ്കി (1932-2007) - പോളിഷ് കനേഡിയൻ കവി. 1939ൽ കുടുംബത്തോടൊപ്പം റഷ്യയിലേക്കു നാടു കടത്തപ്പെട്ടു. വളർന്നത് ഇംഗ്ളണ്ടിൽ. ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്ലാവിക് സാഹിത്യത്തിൽ ബിരുദം. ഏറെക്കാലം ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ പോളിഷ് സാഹിത്യം പഠിപ്പിച്ചിരുന്നു. ശ്വാസകോശത്തിലെ ക്യാൻസർ രോഗത്തെ തുടർന്ന് വാൻകൂവറിൽ വച്ചു മരിച്ചു.

No comments: