രോഗിയായി ഞാൻ കിടക്കുമ്പോൾ,
നിദ്രാവിഹീനനായി നിമിഷങ്ങളെണ്ണിക്കിടക്കുമ്പോൾ
എനിക്കരികിലിരിക്കാനാരുണ്ടാവും?
മരണാസന്റെ സന്ത്രാസത്തോടെ
മറ്റൊരു കൈയ്ക്കായി ഞാനെന്റെ കൈ നീട്ടുമ്പോൾ
ആ കൈ പിടിക്കാനാരുണ്ടാവും?
മരണമെന്റെ കണ്ണുകളെ പളുങ്കുകളാക്കുമ്പോൾ,
എന്റെ കണ്ണുകൾ തുറന്നുതന്നെയിരിക്കുമ്പോൾ
അവ തിരുമ്മിയടയ്ക്കാനാരുണ്ടാവും?
പള്ളിയിലെനിക്കായി മണി മുഴങ്ങുമ്പോൾ,
(അങ്ങനെയൊന്നുണ്ടായെന്നിരിക്കട്ടെ)
എനിക്കായി പ്രാർത്ഥിക്കാനാരുണ്ടാവും?
മണ്ണിനടിയിലെന്റെ അവശിഷ്ടങ്ങളുറങ്ങുമ്പോൾ,
മറവിയില്പെട്ടൊരു ശവമാടത്തിനു മുന്നിൽ
ഒരു തുള്ളി കണ്ണീരു വീഴ്ത്താനാരുണ്ടാവും?
അടുത്ത പകലും പതിവുപോലെ സൂര്യനുദിക്കുമ്പോൾ,
ഇങ്ങനെയൊരാൾ ഈ ലോകത്തു ജീവിച്ചിരുന്നു
എന്നൊന്നോർക്കാനാരുണ്ടാവും?
(റീമ 61)
No comments:
Post a Comment