തങ്ങളെഴുതിയ പുസ്തകങ്ങളുടെ പേരിൽ അന്യർ ഗർവിക്കട്ടെ,
വായിച്ച പുസ്തകങ്ങളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു.
ഞാൻ ഭാഷാശാസ്ത്രജ്ഞനല്ലായിരിക്കാം,
വിഭക്തികൾ, പ്രത്യയങ്ങൾ,
ഒരു രൂപത്തിൽ നിന്നു മറ്റൊന്നിലേക്ക്
അക്ഷരങ്ങളുടെ ക്ളേശഭൂയിഷ്ടമായ യാത്രകൾ
-റ്റി ആയി കല്ലിക്കുന്ന ഡി,
ജിയ്ക്ക് കെയുമായുള്ള ബന്ധുത്വം-
ഇതിലേക്കൊന്നും ഞാൻ ആഴത്തിലിറങ്ങിയിട്ടില്ലായിരിക്കാം.
പക്ഷേ, ഇപ്പോന്ന വർഷങ്ങളുടനീളമായി
ഭ്രാന്തമായൊരഭിനിവേശം ഭാഷയോടു ഞാൻ പുലർത്തിയിരുന്നു.
എന്റെ രാത്രികൾ വെർജിൽ കൊണ്ടു നിറഞ്ഞത്.
പഠിച്ചു പിന്നെ മറന്ന ലാറ്റിൻ ഒരു സമ്പാദ്യം തന്നെയത്രെ:
എന്തെന്നാൽ മറവിയും ഓർമ്മയുടെ മറ്റൊരു രൂപം തന്നെ,
ഓർമ്മയുടെ പാതിയിരുണ്ട നിലവറ,
നാണയത്തിന്റെ കാണാത്ത മറുമുഖം.
മമത തോന്നിയ നിരർത്ഥകരൂപങ്ങളും മുഖങ്ങളും പേജുകളും
കണ്മുന്നിൽ നിന്നു മാഞ്ഞുതുടങ്ങിയപ്പോൾ
എന്റെ പൂർവ്വികരുടെ ഇരുമ്പുഭാഷ പഠിക്കുന്നതിൽ ഞാൻ മുഴുകി:
അവർ തങ്ങളുടെ ഏകാകിതയും വാളുകളും രേഖപ്പെടുത്തിയ ഭാഷ.
ഇന്നിതാ, എഴുന്നൂറു കൊല്ലത്തില്പിന്നെ, സ്നോറി സ്റ്റുർലിസോൺ,
അൾട്ടിമാ തൂലെയിൽ നിന്ന് നിന്റെ ശബ്ദം എന്നെ തേടിവരുന്നു.
പുസ്തകത്തിനു മുന്നിലിരിക്കുന്ന ചെറുപ്പക്കാരനു കൃത്യമായൊരുന്നമുണ്ട്:
കൃത്യമായ അറിവിലേക്കു വായിച്ചെത്തുക.
എന്റെ പ്രായത്തിൽ ഏതുദ്യമവും രാത്രിയിലേക്കടുക്കുന്ന സാഹസമത്രെ.
പ്രാക്തനമായ നോഴ്സ് ഭാഷകളിൽ ഒരിക്കലും ഞാൻ നിഷ്ണാതനാവില്ല,
സിഗേറിന്റെ നിധിയിൽ എന്റെ കൈകളെത്തുകയുമില്ല.
ഞാനേറ്റെടുത്ത ദൌത്യം അനന്തമത്രെ,
ആയുസ്സൊടുങ്ങുവോളം അതെന്റെയൊപ്പമുണ്ടാവും,
പ്രപഞ്ചം പോലെ നിഗൂഢമായി,
പഠിതാവായ എന്നെപ്പോലെ നിഗൂഢമായി.
അൾട്ടിമാ തൂലെ (Ultima Thule)- ക്ളാസിക്കൽ യൂറോപ്യൻ സാഹിത്യത്തിലും ഭൂപടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഉത്തരധ്രുവപ്രദേശം; ഇന്നത്തെ നോർവേ ആണതെന്ന് ഗവേഷകർ പറയുന്നു. ഒരതിവിദൂരദേശത്തെയോ അപ്രാപ്യലക്ഷ്യത്തെയോ സൂചിപ്പിക്കാൻ വെർജിൽ ഈ വാക്കുപയോഗിച്ചിരുന്നു.
സ്നോറി സ്റ്റുർലിസോൺ (Snorri Sturluson, 1179-1241) - ഐസ് ലാന്റുകാരനായ കവിയും ചരിത്രകാരനും; Prose Edda എന്ന ഇതിഹാസമെഴുതി.
നോഴ്സ്- വൈക്കിംഗുകളുടെ കാലഘട്ടത്തിലെ സ്കാൻഡിനേവിയൻ ഭാഷ.
സിഗേർ (Sigurd)- Elder Edda എന്ന നോഴ്സ് ഇതിഹാസത്തിലെ കഥാപാത്രം; സ്വർണ്ണനിധി കാക്കുന്ന വ്യാളിയെ വധിക്കുന്നുണ്ട്.
No comments:
Post a Comment