Friday, January 16, 2015

ഗുസ്താവോ അഡോൾഫോ ബക്വെർ - കവിത എന്നുമുണ്ടാവും

index


വിഷയദാരിദ്ര്യം കൊണ്ടു കലവറയൊഴിഞ്ഞതിനാൽ
വീണ മൂകമായെന്നു പറയരുതേ;
കവികളില്ലെന്നു വന്നേക്കാം
എന്നും പക്ഷേ, കവിതയുണ്ടാവും.

വെളിച്ചം ചുംബിക്കുന്ന കടൽത്തിരകൾ
എരിഞ്ഞുതുടിക്കുന്നിടത്തോളം കാലം,
പൊന്നും തീയും കൊണ്ടു സാന്ധ്യസൂര്യന്മാർ
ചിതറിയ മേഘങ്ങളെയുടുപ്പിക്കുന്നിടത്തോളം കാലം,
തെന്നൽ തന്റെ മടിത്തട്ടിൽ
മണങ്ങളുമീണങ്ങളും പേറുന്നിടത്തോളം കാലം,
ഭൂമിയിൽ വസന്തമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!

ജീവോല്പത്തിയുടെ രഹസ്യങ്ങൾ
ശാസ്ത്രത്തിനു പിടി കിട്ടാത്തിടത്തോളം കാലം,
അളവുകൾക്കുള്ളിലൊതുങ്ങാത്തൊരു ഗർത്തം
മണ്ണിലോ മാനത്തോ ശേഷിക്കുന്നിടത്തോളം കാലം,
എന്നും മുന്നോട്ടു തന്നെ പോകുന്ന മനുഷ്യനു
താനെവിടേക്കു പോകുന്നുവെന്നറിയാത്തിടത്തോളം കാലം,
ഒരു നിഗൂഢതയെങ്കിലും ശേഷിക്കുന്നിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!

ചുണ്ടുകളിലതു കാണുന്നില്ലെങ്കിലും
ആത്മാവു ചിരിക്കുകയാണെന്നു നിങ്ങൾക്കു
തോന്നുന്നിടത്തോളം കാലം,
കാഴ്ച മറച്ചുകൊണ്ടു കണ്ണീരൊഴുകുന്നില്ലെങ്കിലും
നിങ്ങൾ കരയുന്നിടത്തോളം കാലം,
മനസ്സും ഹൃദയവുമവയുടെ
യുദ്ധം തുടരുന്നിടത്തോളം കാലം,
ഓർമ്മകളും പ്രതീക്ഷകളും
ബാക്കി നില്ക്കുന്നിടത്തോളം കാലം,
-അത്രയും കാലം കവിതയുമുണ്ടാവും.

തങ്ങളെ നോക്കുന്ന കണ്ണുകളെ
കണ്ണുകൾ പ്രതിഫലിപ്പിക്കുന്നിടത്തോളം കാലം,
ചുണ്ടുകൾ നെടുവീർപ്പിടുന്ന മറ്റു ചുണ്ടുകൾക്കു
നെടുവീർപ്പു കൊണ്ടു മറുപടി പറയുന്നിടത്തോളം കാലം,
മനം കലങ്ങിയ രണ്ടാത്മാക്കൾ
ഒരു ചുംബനത്തിലൊരുമിക്കുന്നിടത്തോളം കാലം,
സൌന്ദര്യമുള്ള ഒരു സ്ത്രീയെങ്കിലുമുള്ളിടത്തോളം കാലം
-അത്രയും കാലം കവിതയുമുണ്ടാവും!

(റീമ-4)



No comments: