എന്റെ കണ്ണുകൾക്കു നിന്റെ മുഖത്തു ചുംബിക്കണം.
എന്റെ കണ്ണുകൾക്കു മേൽ എനിക്കൊരു നിയന്ത്രണവുമില്ല.
അവയ്ക്കു നിന്റെ മുഖത്തൊന്നു ചുംബിക്കണമെന്നേയുള്ളു.
എന്റെ കണ്ണുകളിൽ നിന്നു ഞാൻ നിന്നിലേക്കൊഴുകുന്നു,
നിന്റെ ചുമലുകൾക്കു ചുറ്റുമായി ഒരൂഷ്മളത വിറ കൊള്ളുന്നു,
നിന്റെ വടിവുകൾ സാവധാനമതിലലിയുന്നു,
അവിടെ നിന്നോടൊപ്പമാണു ഞാൻ,
നിന്റെ ചുണ്ടുകളിൽ, നിന്നെച്ചുറ്റി-
എന്റെ കണ്ണുകൾക്കു മേൽ എനിക്കൊരു നിയന്ത്രണവുമില്ല.
മടിയിൽ കൈകൾ വച്ചു ഞാനിരിക്കുന്നു,
നിന്നെ ഞാൻ തൊടില്ല, നിന്നോടു മിണ്ടില്ല.
എന്റെ കണ്ണുകൾ പക്ഷേ, നിന്റെ മുഖത്തു ചുംബിക്കുന്നു,
ഞാൻ എന്നിൽ നിന്നുയരുന്നു,
എന്നെത്തടുക്കാനാർക്കുമാവില്ല,
അദൃശ്യയായി ഞാൻ പുറത്തേക്കൊഴുകുന്നു,
ആഴമറിയാത്ത ഈ ഒഴുക്കു തടുക്കാൻ,
തുടക്കവുമൊടുക്കവുമില്ലാത്ത ഈ തിളക്കം തടുക്കാൻ,
അതിനെനിക്കാവില്ല-
ഒടുവിൽ പക്ഷേ, നിന്റെ കണ്ണുകൾ,
ഇതൊന്നുമറിയാത്ത, ചോദ്യം ചെയ്യുന്ന പോലുള്ള,
അപരിചിതന്റെ കണ്ണുകൾ എന്റെ നേർക്കു തിരിയുമ്പോൾ
വീണ്ടും ഞാനെന്റെ കൈകളിലേക്കു താഴുന്നു,
വീണ്ടുമെന്റെ കണ്ണിമകൾക്കടിയിൽ ഇടം പിടിക്കുന്നു.
Solveig Von Schoultz (1907-1996) - ഫിന്നിഷ് ഭാഷയിലെ പ്രമുഖയായ കവയിത്രി.
No comments:
Post a Comment