Saturday, January 10, 2015

റോബർട്ട് ദിസ്‌നോസ് - ഇല്ല, പ്രണയം മരിച്ചിട്ടില്ല

death


ഇല്ല, പ്രണയം മരിച്ചിട്ടില്ല,
ഈ ഹൃദയത്തിൽ, ഈ കണ്ണുകളിൽ,
സ്വന്തം ശവസംസ്കാരം തുടങ്ങുകയായി എന്നു വിളിച്ചറിയിക്കുന്ന ഈ ചുണ്ടുകളിൽ
പ്രണയം മരിച്ചിട്ടില്ല.
നോക്കൂ,
അഴകും പൊലിമയും നിറവുമെനിക്കു മടുത്തു.
ഞാൻ പ്രേമിക്കുന്നതു പ്രേമത്തെ,
അതിന്റെ മാധുര്യത്തെ, അതിന്റെ ക്രൌര്യത്തെ.
എന്റെ പ്രണയത്തിനൊരു പേരേയുള്ളു, ഒരു രൂപമേയുള്ളു.
എല്ലാം മരിക്കുന്നു.
എല്ലാ ചുണ്ടുകളും ആ ഒരു ചുണ്ടിൽ ഒട്ടിച്ചേരുന്നു.
എന്റെ പ്രണയത്തിനൊരു പേരേയുള്ളു, ഒരു രൂപമേയുള്ളു.
ഇനിയൊരു നാൾ നിനക്കിതോർമ്മ വരികയാണെന്നിരിക്കട്ടെ,
എന്റെ പ്രണയത്തിന്റെ പേരും രൂപവുമായവളേ,
അമേരിക്കയ്ക്കും യൂറോപ്പിനുമിടയിലെ സമുദ്രത്തിൽ വച്ചൊരു നാൾ
ഉയർന്നുതാഴുന്ന തിരപ്പരപ്പിൽ പോക്കുവെയിൽ നൃത്തം വച്ച നിമിഷം,
അതുമല്ലെങ്കിൽ
ഒരു വഴിയോരമരത്തിന്റെ ചുവട്ടിലേക്കു കൊടുങ്കാറ്റു നമ്മെ
അടിച്ചോടിച്ച ആ രാത്രി,
മേല്ഷെർബേയിലെ വീഥിയിൽ ഒരു വസന്തകാലപ്രഭാതം,
മഴ തോരാതെ പെയ്ത ഒരു പകൽ,
നിനക്കുറക്കം വരുന്നതിനു തൊട്ടു മുമ്പുള്ള ഒരു പുലർച്ച,
അപ്പോൾ നീ സ്വയം പറയുക
-നിന്റെ പരിചിതപ്രേതത്തോടു ഞാൻ കല്പിക്കുന്നു-
ഞാൻ മാത്രമേ ഇത്ര മേൽ നിന്നെ സ്നേഹിച്ചിരുന്നുള്ളുവെന്ന്,
നീയതറിയാതെപോയതു ലജ്ജാകരമെന്ന്.
ഇതിലൊന്നും കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും നീ സ്വയം പറയുക:
എനിക്കു മുമ്പേ റോങ്ങ്‌സാദും ബോദ്‌ലേറും പാടിയിട്ടുണ്ടല്ലോ,
അതിനിർമ്മലമായ പ്രണയത്തെ തള്ളിപ്പറഞ്ഞ
വൃദ്ധരോ മരിച്ചവരോ ആയ സ്ത്രീകളുടെ ശോകങ്ങളെപ്പറ്റി.
നീ, മരിച്ചാലും നീ സുന്ദരിയായിരിക്കും,
തൃഷ്ണകൾക്കു പാത്രമായിരിക്കും.
പക്ഷേ ഞാൻ മരിച്ചുപോയിരിക്കും,
മരണമില്ലാത്ത നിന്റെയുടലിനുള്ളിൽ,
നിത്യതയ്ക്കും ജീവിതത്തിന്റെ നിത്യാശ്ചര്യങ്ങൾക്കുമിടയിൽ
നിരന്തരസാന്നിദ്ധ്യമായ നിന്റെ പ്രതിബിംബത്തിൽ
ഞാനാണ്ടുകിടക്കും.
എന്നാൽ ഞാൻ ജീവനോടെയുണ്ടെങ്കിൽ
നിന്റെ ശബ്ദവും അതിന്റെ സ്വരവും
നിന്റെ നോട്ടവും അതിന്റെ ദീപ്തിയും
നിന്റെ ഗന്ധവും നിന്റെ മുടിയുടെ ഗന്ധവും,
ഇതൊക്കെയും ഇതല്ലാത്ത മറ്റു പലതും എന്നിൽ ജീവിക്കും,
എന്നിൽ, ബോദ്‌ലേറോ റോങ്ങ്സാർഡോ അല്ലാത്ത എന്നിൽ,
റോബർട്ട് ദിസ്‌നോസ് എന്നു പേരായ എന്നിൽ,
നിന്നെ പ്രേമിച്ചുവെന്നതിനാൽ
അവരുടെ മുഖത്തു നോക്കാൻ പ്രാപ്തി നേടിയ എന്നിൽ.
ഞാൻ, ഇപ്പറഞ്ഞ റോബർട്ട് ദിസ്‌നോസ്,
ഈ നെറി കെട്ട ലോകത്തോർമ്മിക്കപ്പെടാനാഗ്രഹിക്കുന്നത്
ഇതൊന്നിലൂടെ മാത്രം:
നിന്നോടുള്ള പ്രണയം.


No comments: