Saturday, September 14, 2013

ബ്രഷ്റ്റ് - കടലിലൊരു തുള്ളിയെക്കുറിച്ച് ഒരു കഥാഗാനം

unemployedlink to image

 


1
വേനല്ക്കാലം വന്നുകഴിഞ്ഞു,
ഗ്രീഷ്മാകാശത്തിന്റെ തിളക്കം നിങ്ങൾക്കു മേലും വീഴുന്നുണ്ട്.
പുഴവെള്ളമൂഷ്മളം.
ആ ഇളംചൂടുള്ള വെള്ളത്തിൽ നിങ്ങളും നീന്തിത്തുടിച്ചു.
പച്ചപുൽമൈതാനങ്ങളിൽ നിങ്ങൾ കൂടാരമടിച്ചു.
പാതകൾ നിങ്ങളുടെ പാട്ടുകൾ കേട്ടു.
കാടുകൾ നിങ്ങളെ വരവേല്ക്കുന്നു.
അതുകൊണ്ട്?
അതുകൊണ്ടു നിങ്ങൾ പാവപ്പെട്ടവനല്ലാതായിക്കഴിഞ്ഞോ?
നിങ്ങളുടെ അരിക്കലത്തിൽ കൂടുതൽ ചോറു വേവുന്നുണ്ടോ?
നിങ്ങളുടെ കാര്യങ്ങൾ നോക്കാൻ ആരെങ്കിലുമുണ്ടായോ?
സ്വന്തം തലയിലെഴുത്തിൽ നിങ്ങൾ തൃപ്തനായോ?
കാര്യങ്ങൾ പച്ച പിടിക്കുകയാണെന്നാണോ? അങ്ങനെയല്ല:
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.

2
വീടുകളില്ലാത്തവരെ കാടുകൾ പണ്ടും സ്വാഗതം ചെയ്തിരുന്നു.
സുന്ദരമായ ആകാശം വിളങ്ങിനില്ക്കുന്നത് ആശിക്കാൻ വകയില്ലാത്തവർക്കു മേലാണ്‌.
വേനല്ക്കൂടാരങ്ങളടിച്ചു കഴിയുന്നവർ മറ്റൊരു കൂരയില്ലാത്തവരാണ്‌.
ഇളംചൂടുവെള്ളത്തിൽ നീന്തുന്നവരുടെ വയറു കാലിയുമാണ്‌.
വഴിയിൽ കാണുന്നവർ ഉലാത്താനിറങ്ങിയതല്ല,
വേല തേടി നിരന്തരം യാത്ര ചെയ്യുന്നവരാണ്‌.
പണ്ടേപ്പോലെ തന്നെ പാവപ്പെട്ടവനാണു നിങ്ങൾ.
നിങ്ങളുടെ കലത്തിൽ ഒരു വറ്റു കൂടിയിട്ടില്ല.
നിങ്ങളുടെ കാര്യങ്ങൾ നോക്കാനാരും വന്നിട്ടില്ല.
ഇതാണെന്റെ വിധിയെന്നു പറഞ്ഞു സമാധാനിക്കാൻ നിങ്ങൾക്കാവില്ല.
]കാര്യങ്ങൾ പച്ച പിടിക്കുകയാണോ, അപ്പോൾ? അല്ല, അങ്ങനെയല്ല.
ഇതു കടലിലൊരു തുള്ളി പോലെയേയുള്ളു, അത്ര തന്നെ.

3
തിളങ്ങുന്നൊരാകാശം കൊണ്ടു മാത്രം നിങ്ങൾ തൃപ്തനാവുമോ?
ഇളംചൂടുവെള്ളത്തിൽ നിന്നൊരിക്കലും നിങ്ങൾ കര കയറില്ലേ?
കാടിന്റെ പിടി എന്നും നിങ്ങൾക്കു മേലുണ്ടാവുമോ?
ഉപായത്തിൽ നിങ്ങളെ പറഞ്ഞുവിടുകയാണോ?
അതുമിതും പറഞ്ഞു നിങ്ങളെ സമാധാനിപ്പിച്ചു വിടുകയല്ലേ?
ലോകം  പക്ഷേ കാത്തിരിക്കുകയാണ്‌ നിങ്ങൾ നിങ്ങളുടെ അവകാശങ്ങൾ മുന്നിൽ വയ്ക്കുന്നതു കാണാൻ,
നിങ്ങളുടെ അസംതൃപ്തി അതിനു വേണം, നിങ്ങളുടെ നിർദ്ദേശങ്ങളും.
ശേഷിച്ച പ്രത്യാശയുടെ തുരുമ്പും കൊണ്ടു ലോകം നിങ്ങളുടെ മുഖത്തേക്കുറ്റുനോക്കുകയാണ്‌.
നിങ്ങൾ തറപ്പിച്ചു പറയേണ്ട കാലമായിരിക്കുന്നു,
ഒരു തുള്ളിക്കായി താൻ കൈ നീട്ടില്ല, ഒരു കടലു തന്നെ വേണം തനിക്കെന്ന്.

(1931)


ബർലിനിലെ ഒരു ക്യാമ്പിൽ വാരാന്ത്യം ആഘോഷിക്കുന്ന തൊഴിൽരഹിതരെക്കുറിച്ച്

No comments: