Sunday, September 22, 2013

ബ്രെഷ്റ്റ് - വായനയും സമാഹരണവും

 

brecht4

 


കവിതകൾ നുള്ളിക്കീറി പരിശോധിക്കുന്നതിനെക്കുറിച്ച്
_____________________________________________________
സാധാരണക്കാരനായ ഒരു കാവ്യാസ്വാദകന്‌ കവിതകൾ നുള്ളിക്കീറി പരിശോധിക്കുക എന്ന സംഗതിയോട് കടുത്ത വിയോജിപ്പാണ്‌: പൂവു പോലുള്ള ആ മൃദുലഘടനകൾക്കു മേൽ തർക്കശാസ്ത്രത്തിന്റെ തണുപ്പൻ യുക്തികൾ പ്രയോഗിക്കുക, അവയിൽ നിന്നു വാക്കുകളും ബിംബങ്ങളും പിഴുതെടുക്കുക ഇതൊന്നും ശരിയായി അയാള്‍ക്കു തോന്നുന്നില്ല. മുറിച്ചെടുത്താൽ പൂക്കൾ പോലും വാടുന്നില്ല എന്നതാണ്‌ ഇതിനു മറുവാദമായി വയ്ക്കാനുള്ളത്. കവിതകൾ, ജീവനുള്ളതാണവയെങ്കിൽ, ഏതു മാരകമായ ശസ്ത്രക്രിയയെയും അതിജീവിക്കാനുള്ള പ്രാണബലം അവയ്ക്കുണ്ടാവും. ഒരു മോശം വരി ഒരു കവിതയെ അപ്പാടെ നശിപ്പിക്കുന്നില്ല; ഒരു നല്ല വരി കൊണ്ട് അതു രക്ഷപ്പെടുന്നുമില്ല. കവിത ആസ്വദിക്കുക എന്ന സിദ്ധി ഒരാൾക്കുണ്ടെങ്കിൽ മോശം വരികൾ കണ്ടെടുക്കാനുള്ള കഴിവും അയാൾക്കുണ്ടായിരിക്കണം; നല്ല വരികൾ കണ്ടെടുക്കാനുള്ള കഴിവു പോലെ തന്നെയാണതും. ചില കവിതകളെഴുതാൻ കുറഞ്ഞ അദ്ധ്വാനം മതിയെന്നു വരാം; ചിലതിന്‌ അളവിൽ കവിഞ്ഞും. കവിതകൾ തനിക്കു സുപ്രാപ്യമല്ലാത്തതൊന്നാണെന്നു കരുതുന്ന സാധാരണക്കാരൻ മറക്കുന്നു, തന്റെ സ്വന്തം അമൂർത്തമായ മനോവ്യാപാരങ്ങൾ പങ്കിടാനാണു കവി തന്നെ ക്ഷണിക്കുന്നതെങ്കിലും കവിതയിൽ അവയുടെ പ്രകാശനം ക്ലേശിച്ചുള്ള ഒരധ്വാനതിന്റെ ഫലമാണെന്ന്, കവിത തന്നെയും ക്ഷണികമായതൊന്നിനെ വിടാതെ പിടിച്ചുവച്ചതാണെന്ന്, മറ്റു വിധത്തിൽ പറഞ്ഞാൽ മൂർത്തവും സ്ഥൂലവുമാണതെന്ന്. കവിത സുപ്രാപ്യമല്ലെന്നും പറഞ്ഞിരിക്കുന്ന ഏതൊരാൾക്കും അതെന്നും അപ്രാപ്യമായേ വരൂ. മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതിൽ തന്നെയുണ്ട് പാതി ആനന്ദം. ഒരു റോസാപ്പുവിനെ നുള്ളിക്കീറുക, ഓരോ ഇതളും മനോഹരമായിരിക്കും.


തിരഞ്ഞെടുത്ത കവിതകളുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച്


തിരഞ്ഞെടുത്ത കവിതകളുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എന്റെ ചില തോന്നലുകൾ കുറിച്ചിടുന്നതിൽ നിങ്ങൾക്കു വിരോധമുണ്ടാവില്ലെന്നു വിശ്വസിക്കട്ടെ. ഏതു കവിതയും മറ്റേതു കവിതയുടെയും ശത്രുവാണെന്നതിനാൽ സ്വന്തനിലയ്ക്കു തന്നെ പ്രസിദ്ധീകരിക്കണമെന്നാവും അതാവശ്യപ്പെടുക. അതേ സമയം ഒന്നിനൊന്നിന്റെ സഹായം വേണമെന്നതിനാൽ, ഒന്നു മറ്റൊന്നിൽ നിന്നൂർജ്ജം സംഭരിക്കുന്നുവെന്നതിനാലും അവയെ ഒരു സംഘത്തിൽ കൊള്ളിക്കുകയുമാവാം. ‘ഒരേ കുടക്കീഴിൽ’ അവയെ കൊണ്ടുവരുമ്പോൾ ആ ‘ഒരേ കുട’ എഴുത്തുകാരന്റെ കുടയാവുകയാണല്ലോ പതിവ്. ഇവിടെയും പക്ഷേ ഒരപകടം കാണുന്നു: ഞാനെഴുതിയ കവിതകൾ എന്നെയാണു വിവരിക്കുന്നതെന്നു വരാം, എന്നാൽ അതിനു വേണ്ടിയല്ല അവ എഴുതപ്പെട്ടത്. ‘കവിയുമായി പരിചയമാവുക’യല്ല പ്രധാനം, ലോകവുമായി, ആരോടൊപ്പമാണോ താനതിനെ ആസ്വദിക്കാനും മാറ്റിത്തീർക്കാനും ശ്രമിക്കുന്നത് ആ ജനങ്ങളുമായി പരിചയമാവുക എന്നതാണ്‌. അപ്പോൾ എഡിറ്ററുടെ കടമ എന്നത് ആ കവിതകൾ ഏതുവിധം വായിക്കണമെന്ന് വായനക്കാരനെ പഠിപ്പിക്കുക എന്നാകുന്നു. ആ ഒരു ലക്ഷ്യം വച്ചു നോക്കുമ്പോൾ അവയെ പ്രസിദ്ധമാക്കുകയും വേണം. ജാഗരൂകരായ വായനക്കാരിൽ വിശ്വാസമർപ്പിക്കുന്ന ഒരാളുടെ മനഃസ്ഥിതിയോടെയാണ്‌ അവ എഴുതപ്പെട്ടത് എന്നതാണു വസ്തുത. ഒറ്റയൊറ്റ കവിതകൾക്ക്, വരികൾക്ക്, വീക്ഷണവിശേഷങ്ങൾക്ക് എന്തുമാത്രം പ്രാധാന്യം നല്കാമോ അത്രയും നല്ലത്...


(1951ൽ പുറത്തിറങ്ങിയ തന്റെ “ഒരു നൂറു കവിതകൾ” എന്ന പുസ്തകത്തിന്റെ എഡിറ്റർക്ക് ബ്രെഷ്റ്റ് എഴുതിയ കത്തിൽ നിന്ന്)brecht17


No comments: