Sunday, September 22, 2013

ബ്രെഷ്റ്റ് - സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ

17_Bruegel_parable_of_fish

 


‘സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ,’ വീട്ടുടമസ്ഥയുടെ കൊച്ചുമകൾ മി. കെ.യോടു ചോദിച്ചു, ‘ചെറുമീനുകളോടവയുടെ പെരുമാറ്റം ഇതിലും ഭേദമായിരിക്കുമോ?’

‘പിന്നില്ലാതെ,’ അയാൾ പറഞ്ഞു. ‘സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ അവർ ചെറുമീനുകൾക്കു വേണ്ടി കടലിൽ കൂറ്റൻ പെട്ടികൾ പണിതേനെ; പച്ചക്കറിയും ഇറച്ചിയും എന്നു വേണ്ട, നാനാതരം ഭക്ഷണസാധനങ്ങൾ കൊണ്ടതു സജ്ജീകരിച്ചേനെ. പെട്ടികളിൽ ഏതു സമയവും ശുദ്ധജലമുണ്ടായിരിക്കുമെന്നവർ ഉറപ്പു വരുത്തുമായിരുന്നു; വൃത്തിയില്ലായ്മ കൊണ്ടു ചെറുമീനുകളുടെ ആരോഗ്യത്തിനു ഹാനി വരാതിരിക്കാൻ അവർ ശ്രദ്ധിക്കുമായിരുന്നു. ഒരുദാഹരണം പറഞ്ഞാൽ, ഒരു ചെറുമീനിന്‌ ചെകിളയ്ക്കൊരു മുറിവു പറ്റിയെന്നിരിക്കട്ടെ,മരുന്നു പുരട്ടലും മുറിവു വച്ചുകെട്ടലുമൊക്കെ എത്ര വേഗമാണു കഴിയുന്നതെന്നോ: ആ ചെറുമീനെങ്ങാനും അകാലത്തിൽ മരിച്ചുപോയാൽ ഭാവിയിലെ ഒരു സ്വാദിഷ്ഠഭക്ഷണമല്ലേ സ്രാവുകൾക്കു നഷ്ടമാവുക? ചെറുമീനുകൾ വിഷാദത്തിനടിപ്പെടുന്നതൊഴിവാക്കാനായി ഇടയ്ക്കിടെ ഗംഭീരമായ ജലമേളകൾ അവർ ഏർപ്പാടു ചെയ്യുന്നുണ്ട്; എന്തെന്നാൽ സന്തുഷ്ടരായ ചെറുമീനുകൾക്കാണല്ലോ വിഷാദരോഗികളായവയെക്കാൾ രുചി കൂടുക. ആ വലിയ പെട്ടികളിൽ സ്കൂളുകളുണ്ടാവുമെന്നു പറയേണ്ടല്ലോ. ഈ സ്കൂളുകളിൽ നിന്നാണു ചെറുമീനുകൾ പഠിക്കുക സ്രാവുകളുടെ വായിലേക്കെങ്ങനെയാണു നീന്തിയെത്തേണ്ടതെന്ന്. അവർ ജിയോഗ്രഫിയും പഠിക്കണം; എന്നാലല്ലേ എവിടെയെങ്കിലുമൊക്കെ മടിയും പിടിച്ചുകിടക്കുന്ന വമ്പൻ സ്രാവുകളെ അവർക്കു കണ്ടെത്താനാവൂ. പ്രധാനവിഷയം പക്ഷേ, ചെറുമീനുകളുടെ ധാർമ്മികവിദ്യാഭ്യാസം തന്നെ. അവരെ പഠിപ്പിക്കുകയാണ്‌, ഒരു ചെറുമീൻ സന്തോഷത്തോടെ തന്റെ ജീവൻ ബലി കൊടുക്കുകയാണെങ്കിൽ അതില്പരം മഹത്തും സുന്ദരവുമായ ഒരു സംഗതി ലോകത്തു വേറെയില്ലെന്ന്; എല്ലാവർക്കും സ്രാവുകളിൽ വിശ്വാസം വേണമെന്ന്, ഉജ്ജ്വലമായൊരു ഭാവിയാണവർ വാഗ്ദാനം ചെയ്യുന്നതെങ്കിൽ വിശേഷിച്ചും. അനുസരണ പഠിച്ചാലേ അങ്ങനെയൊരു ഭാവിയുണ്ടാകുമെന്നുറപ്പിക്കാൻ പറ്റൂ എന്നവർ ചെറുമീനുകളെ ബോദ്ധ്യപ്പെടുത്തുന്നു. ചെറുമീനുകൾ അധമവും ഭൌതികവും സ്വാർത്ഥവും മാർക്സിയനുമായ പ്രവണതകളെ കരുതിയിരിക്കണം; തങ്ങളുടെ കൂട്ടത്തിലൊരാൾ അങ്ങനെയെന്തെങ്കിലും ചായ് വിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയാൽ അതെത്രയും വേഗം സ്രാവുകളെ അറിയിക്കുകയും വേണം.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ സ്വാഭാവികമായും മറ്റു കൂടുകൾ പിടിച്ചടക്കാനും മറ്റു ചെറുമീനുകളെ കൈവശപ്പെടുത്താനുമായി അവർ അന്യോന്യം യുദ്ധങ്ങളിലേർപ്പെടുമായിരുന്നു. ഈ യുദ്ധങ്ങൾക്കായി സ്വന്തം ചെറുമീനുകളെയാവും അവർ നിയോഗിക്കുക. തങ്ങൾക്കും മറ്റു സ്രാവുകളുടെ ചെറുമീനുകൾക്കും തമ്മിൽ വലിയൊരന്തരമുണ്ടെന്ന് അവർ തങ്ങളുടെ ചെറുമീനുകൾക്കോതിക്കൊടുക്കും. ചെറുമീനുകൾ ഊമകളാണെന്നതു പ്രസിദ്ധമാണെങ്കിലും തീർത്തും വ്യത്യസ്തമായ ഭാഷകളാണവരുടെ മൌനങ്ങൾക്കെന്നും, അതിനാൽ അവർക്കന്യോന്യം മനസ്സിലാവുക നടപ്പില്ലാത്ത കാര്യമാണെന്നും അവർ ഉദ്ഘോഷിക്കും. യുദ്ധത്തിൽ വേറേ കുറച്ചു ചെറുമീനുകളെ, മറ്റൊരു ഭാഷയിൽ ഊമകളായ ശത്രുമത്സ്യങ്ങളെ കൊല്ലുന്ന ഓരോ ചെറുമീനിനും അവർ കടല്പായലിൽ നിർമ്മിച്ച ഒരു പതക്കം കല്പിച്ചുനല്കും, ഒപ്പം വീരനായകൻ എന്നൊരു പദവിയും.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ തീർച്ചയായും കലകളുമുണ്ടായേനെ. മനോഹരമായ കാൻവാസുകളിൽ സ്രാവുകളുടെ പല്ലുകൾ ഉജ്ജ്വലവർണ്ണങ്ങളിൽ ആലേഖനം ചെയ്തുകണ്ടേനെ; അവയുടെ വായകളാവട്ടെ, നിങ്ങൾക്കു തുള്ളിച്ചാടിനടക്കാനുള്ള ഉദ്യാനങ്ങളും. കടലിന്റെ അടിത്തട്ടിലെ രംഗശാലകളിൽ ശൂരന്മാരായ ചെറുമീനുകൾ ആനന്ദമൂർച്ഛയോടെ സ്രാവിൻ വായിലേക്കു നീന്തുന്ന നാടകം നടക്കുന്നുണ്ടാവും; മനോഹരമായ സംഗീതത്തിന്റെ അകമ്പടിയോടെ, ഹിതകരമായ ചിന്തകളിൽ മയങ്ങിയ ചെറുമീനുകൾ സ്രാവുകളുടെ വായ്ക്കുള്ളിലേക്ക് സ്വപ്നത്തിലെന്നപോലെ ഒഴുകിച്ചെല്ലുന്നതായും.

സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ മതവുമുണ്ടായേനേ. സ്രാവുകളുടെ വയറ്റിലെത്തിയിട്ടേ ചെറുമീനുകളുടെ ശരിക്കുള്ള വളർച്ച തുടങ്ങുന്നുള്ളു എന്നായിരിക്കും അവരുടെ ഉപദേശം. തന്നെയുമല്ല, സ്രാവുകൾ മനുഷ്യരായിരുന്നെങ്കിൽ ഇപ്പോഴത്തെപ്പോലെ എല്ലാ ചെറുമീനുകളും തുല്യരാണെന്ന അവസ്ഥയും മാറും. ചിലർക്ക് ഉയർന്ന പദവികൾ നല്കി അവരെ മറ്റുള്ളവർക്കു മേൽ പ്രതിഷ്ഠിക്കും. അല്പം കൂടി വലിപ്പമുള്ളവയ്ക്ക് തങ്ങളിലും ചെറുതിനെ വെട്ടിവിഴുങ്ങാനുള്ള അനുവാദം കൂടി കിട്ടിയെന്നു വരാം. സ്രാവുകൾക്കതിൽ സന്തോഷമേയുള്ളു: ചെറുതിലും വലുതാണല്ലോ അവയ്ക്കു കിട്ടാൻ പോകുന്നത്. വലിയ ചെറുമീനുകൾക്കാണ്‌, പദവികൾ വഹിക്കുന്നവർക്കാണ്‌ ചെറുമീനുകൾക്കിടയിലെ ക്രമസമാധാനപരിപാലനത്തിന്റെ ചുമതല; അവരാണ്‌ അദ്ധ്യാപകരും ഓഫീസർമാരും പെട്ടി പണിയുന്ന എഞ്ചിനീയർമാരുമൊക്കെയാവുക.

ചുരുക്കം പറഞ്ഞാൽ സ്രാവുകൾ മനുഷ്യരായാലേ കടലിൽ സംസ്കാരത്തിന്റെ തുടക്കമാവൂ.‘


(മി. ക്യൂണറുടെ കഥകൾ)

No comments: