1
മാസിഡോണിയാക്കാരൻ ആ മനുഷ്യൻ
തന്റെ വാളു കൊണ്ട്
കുരുക്കറുത്തുമുറിച്ചപ്പോൾ
ഗോർഡിയത്തിൽ ആ സന്ധ്യക്ക്
അവർ അയാളെ വിളിച്ചു,
‘സ്വന്തം പ്രശസ്തിക്കടിമ’യെന്ന്.
അവരുടെ ആ കുരുക്ക്
ലോകാത്ഭുതങ്ങളിൽ ഒന്നായിരുന്നതാണല്ലോ,
ഒരു മനുഷ്യന്റെ മാസ്റ്റർപീസ്,
അയാളുടെ മസ്തിഷ്കം (ലോകത്തേറ്റവും സങ്കീർണ്ണമായതൊന്ന്)
സ്വന്തം സ്മാരകമായി ശേഷിപ്പിച്ചുപോയ ഇരുപതു കയറുതുണ്ടുകൾ,
അതിസങ്കീർണ്ണമായി പിണച്ചുവച്ച ആ കുരുക്കഴിക്കാൻ
ലോകത്തേറ്റവും നിപുണമായ കൈകൾക്കേ കഴിയൂ-
ആ കുരുക്കിട്ടവന്റെ കൈകൾ കഴിച്ചാൽ
പിന്നെ നിപുണമായ കൈകളുണ്ടെങ്കിലത്.
ഹാ, ആ കുരുക്കിട്ടവന്റെ കൈകൾക്ക്
ഒരു നാളതഴിക്കണമെന്നുമുണ്ടായിരുന്നു,
അയാളുടെ ആയുർദൈർഘ്യം പക്ഷേ, കഷ്ടം,
ഒന്നിനേ തികഞ്ഞുള്ളു, കുരുക്കിടുന്നതിന്.
അതു മുറിക്കാൻ
രണ്ടാമതൊരാൾ മതിയായി.
അതു മുറിച്ചവനെക്കുറിച്ചു
പലരും പറഞ്ഞു,
ആ ഒരു വെട്ടു കൊണ്ടയാൾ ഭാഗ്യവാനായെന്ന്,
അതനായാസമായിരുന്നുവെന്ന്,
അതു കൊണ്ടുണ്ടായ വിനാശം ഏറ്റവും കുറവായിരുന്നുവെന്ന്.
പേരില്ലാത്ത ആ മനുഷ്യന് ഒരു ബാദ്ധ്യതയുമുണ്ടായിരുന്നില്ല
സ്വന്തം പ്രവൃത്തിക്ക് സ്വന്തം പേരു കൊണ്ടുത്തരം പറയാൻ,
അതു ദൈവത്തിന്റെ പ്രവൃത്തികൾക്കു തുല്യമായിരുന്നല്ലോ;
അതു നശിപ്പിച്ച മന്ദനു പക്ഷേ,
ഉന്നതങ്ങളിൽ നിന്നൊരു നിദേശമെന്നപോലെ ബാദ്ധ്യതയുണ്ടായിരുന്നു,
സ്വന്തം പേരുദ്ഘോഷിക്കാൻ,
ഒരു ഭൂഖണ്ഡത്തിനു മുന്നിൽ തന്നെ കൊണ്ടുവന്നു നിർത്താൻ.
2
ഗോർഡിയത്തെക്കുറിച്ചിതാണവർ പറയുന്നതെങ്കിൽ, ഞാൻ പറയുന്നു
സങ്കീർണ്ണമായതെല്ലാം ഉപയോഗപ്രദമാവണമെന്നില്ലെന്ന്,
ലോകത്തെ ഒരു ചോദ്യത്തിൽ നിന്നു വിടുവിക്കാൻ
ഒരുത്തരത്തെക്കാൾ പലപ്പോഴും കഴിയുക
ഒരു പ്രവൃത്തിക്കാണെന്ന്.
(1926)
ഗോർഡിയൻ കുരുക്ക് - ഫിർജിയത്തിലെ ഗോർഡിയസ് രാജാവ് തന്റെ കാളവണ്ടിയിൽ കെട്ടിയിട്ട സങ്കീർണ്ണമായ കുരുക്ക്; അതഴിക്കുന്നവൻ ഏഷ്യാഭൂഖണ്ഡമാകെ ഭരിക്കുമെന്ന് വെളിപാടുണ്ടായിരുന്നു. യശസ്കാമിയായ അലക്സാണ്ടർ കുരുക്കഴിക്കാൻ പറ്റില്ലെന്നു കണ്ടപ്പോൾ വാളു കൊണ്ടതറുത്തിട്ടു.
No comments:
Post a Comment