Tuesday, April 28, 2015

സമി അൽ-കാസിം - ചുമർഘടികാരം

51rbGCIW9 L._SY300_


എന്റെ നഗരം തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
എന്റെ ചുറ്റുവട്ടം തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
തെരുവ് തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
എന്റെ കവല തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
എന്റെ വീടു തകർന്നടിഞ്ഞു
ചുമരിലെ ഘടികാരം ശേഷിച്ചു
ചുമരു തകർന്നടിഞ്ഞു
ഘടികാരം
മിടിച്ചുകൊണ്ടേയിരുന്നു


Monday, April 27, 2015

സമി അൽ-കാസിം - യാത്രാടിക്കറ്റുകൾ

samih al-qasim


എന്നെ കൊല്ലുന്ന ദിവസം,
കൊലയാളീ,
എന്റെ പോക്കറ്റു തപ്പുന്ന നീ
അതിൽ കണ്ടെത്തുക യാത്രാടിക്കറ്റുകളായിരിക്കും.
ഒന്നു സമാധാനത്തിലേക്ക്,
ഒന്ന് പാടത്തേക്കും മഴയത്തേക്കും,
മറ്റൊന്ന് മനുഷ്യരാശിയുടെ മനഃസാക്ഷിയിലേക്ക്.

എന്റെ കൊലയാളീ, ഞാൻ യാചിക്കുന്നു:
ഇവിടെ ഇങ്ങനെ നിന്ന് നീയവ പാഴാക്കരുതേ.
അവയെടുക്കുക. അവ ഉപയോഗപ്പെടുത്തുക.
യാത്ര ചെയ്യൂയെന്നു ഞാൻ യാചിക്കുന്നു.



സമി അൽ-കാസിം (1939-2014)കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കൂടിയായ പാലതീൻ കവി.

 

Sunday, April 19, 2015

കുർട്ട് കുസെൻബർഗ് - അവജ്ഞയോടെ ഒരു നോട്ടം

viewer1


ഫോൺബല്ലടിച്ചു. പോലീസ് മേധാവി ഫോണെടുത്തു.
“യേസ്.”
“ഓഫീസർ കെർസിഗ് ആണ്‌. വഴിയേ പോയ ഒരുത്തൻ അല്പം മുമ്പ് എന്നെ അവജ്ഞയോടെ ഒന്നു നോക്കി.”
“താങ്കൾക്കു തെറ്റിയതായിരിക്കണം,” പോലീസ് മേധാവി അഭിപ്രായപ്പെട്ടു. “ഒരു പോലീസുകാരൻ എതിരേ വരുന്നതു കണ്ടാൽ ഏതൊരുത്തനും നേരേ നോക്കാതങ്ങു നടന്നുപോകും. നമുക്കത് അവജ്ഞ കാട്ടലായി തോന്നുന്നുവെന്നേയുള്ളു.”
“അല്ല, ഇതങ്ങനെയല്ല,” ഓഫീസർ പറഞ്ഞു. “അവൻ എന്നെ മേലുകീഴ് അവജ്ഞയോടെ നോക്കുകയായിരുന്നു, തൊപ്പി തൊട്ടു ബൂട്ടു വരെ.”
“അവനെ കൈയോടെ പിടിച്ചുകൊണ്ടു പോരാമായിരുന്നില്ലേ?”
“ഞാൻ ആകെയങ്ങു സ്തംഭിച്ചു പോയെന്നേ. കാര്യം പിടി കിട്ടിയപ്പോഴേക്കും അവൻ കടന്നുകളഞ്ഞിരുന്നു.”
“ഇനി അവനെ കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ?”
“തീർച്ചയായും. അവൻ ചെമ്പിച്ച താടി വച്ചിരുന്നു.”
“ഇപ്പോൾ എങ്ങനെയുണ്ട്?”
“ആകെയൊരു മുഷിച്ചിൽ.”
“പിടിച്ചുനില്ക്കെന്നേ. ഇപ്പോൾ ശരിയാക്കിത്തരാം.”
പോലീസ് മേധാവി വയർലെസ് ഓൺ ചെയ്തു. കെർസിഗിനെ കൊണ്ടുവരാനായി ഒരു ആംബുലൻസ് അയപ്പിച്ച ശേഷം ചെമ്പൻ താടി വച്ച എല്ലാ പൗരന്മാരെയും പിടിച്ചുകൊണ്ടു വരാൻ അയാൾ ഉത്തരവിട്ടു.
ഉത്തരവു കിട്ടുമ്പോൾ വയർലെസ് പട്രോളുകാർ മറ്റു ഡ്യൂട്ടികളിലായിരുന്നു. രണ്ടു പേർ തങ്ങളിലാരുടെ കാറിനാണ്‌ വേഗത കൂടുതൽ എന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. രണ്ടു പേർ ഒരു ബാറിൽ തങ്ങളുടെ വീട്ടുടംസ്ഥന്റെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. മൂന്നു പേർ ഒരു സുഹൃത്തിന്റെ വീട്ടുസാധനങ്ങൾ മാറ്റാൻ സഹായിക്കുകയായിരുന്നു. മറ്റുള്ളവർ ഷോപ്പിംഗിലുമായിരുന്നു. പക്ഷേ സംഗതി അറിയേണ്ട താമസം, അവർ കാറുകളുമെടുത്ത് നഗരഹൃദയത്തിലേക്കു കുതിച്ചു.
തെരുവുകൾ ഒന്നൊന്നായി സീലു ചെയ്ത്, കടകളിലും ഹോട്ടലുകളിലും വീടുകളിലും ഇടിച്ചുകയറി അവർ അരിച്ചുപെറുക്കി. ചെമ്പിച്ച താടി വച്ചതായി കണ്ട സകലരെയും അവർ വലിച്ചിഴച്ചു പുറത്തേക്കു കൊണ്ടുവന്നു. എങ്ങും ഗതാഗതം നിലച്ചു. സൈറനുകളുടെ ഓലിയിടൽ കേട്ട് ജനം വിരണ്ടു. ഏതോ വലിയ കൊലപാതകിയെ തേടിയുള്ള തിരച്ചിൽ നടക്കുകയാണെന്ന് ശ്രുതി പരന്നു.
അധികനേരം കഴിഞ്ഞില്ല, പോലീസ് ആസ്ഥാനം വിചിത്രമായൊരു കാഴ്ചയുടെ അരങ്ങായി: അമ്പത്തെട്ട് ചെമ്പിച്ച താടിക്കാരെ നിരത്തി നിർത്തിയിരിക്കുകയാണ്‌. ഓഫീസർ കെർസിഗ് രണ്ട് ആംബുലൻസ് അറ്റൻഡർമാരുടെ തോളിൽ താങ്ങിക്കൊണ്ട് ആ നിര നടന്നുനോക്കി. പക്ഷേ തന്നെ അപമാനിച്ചവനെ കണ്ടുപിടിക്കാൻ അയാൾക്കു കഴിഞ്ഞില്ല. കെർസിഗിന്റെ മാനസികാവസ്ഥ ശരിയാകാത്തതു കൊണ്ടാണ്‌ അങ്ങനെ വന്നതെന്നു പറഞ്ഞുകൊണ്ട് പിടി കൂടിയവരെ ചോദ്യം ചെയ്യാൻ പോലീസ് മേധാവി ഉത്തരവിട്ടു.
“ഇക്കാര്യത്തിൽ അവർ നിരപരാധികളാണെങ്കിൽ,” അയാൾ അഭിപ്രായപ്പെട്ടു, “അവർക്കു മറുപടി പറയാൻ മറ്റെന്തെങ്കിലും ഉണ്ടാവും; ചോദ്യം ചെയ്യൽ കൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാകാതെ വരില്ല.“


ആ നഗരത്തിലെങ്കിലും കാര്യങ്ങൾ അങ്ങനെയായിരുന്നു താനും. എന്നുവച്ച് ചോദ്യം ചെയ്യലിനു വിധേയരായവരോട് മൂന്നാം മുറ പ്രയോഗിച്ചിരുന്നു എന്നൊന്നും നിങ്ങൾ വിചാരിച്ചുപോകരുത്. ഇത് അത്രയ്ക്കു പ്രാകൃതമായിരുന്നില്ല. കുറേക്കൂടി പരിഷ്കൃതമായ ചില മുറകളാണു പ്രയോഗിക്കപ്പെട്ടത്. ഓരോ പൗരനെക്കുറിച്ചും രഹസ്യപ്പോലീസ് ഒരു കാർഡ് ഇൻഡക്സ് തയാറാക്കിയിരുന്നു. ഓരോരുത്തരുടെയും ബന്ധുക്കൾക്കും ശത്രുക്കൾക്കുമിടയിൽ നീണ്ട കാലം, സംശയത്തിനിട കൊടുക്കാത്ത രീതിയിൽ നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ തയാറാക്കിയ ഇൻഡക്സിൽ നിന്ന് ഇന്നയാൾക്ക് ഇന്ന സംഗതിയാണ്‌ അലർജി എന്നു കണ്ടെത്താൻ കഴിയും. ഉദാഹരണത്തിന്‌ കാർബോളിക്കിന്റെ മണം, കണ്ണഞ്ചിക്കുന്ന പ്രകാശം, നാടൻ പാട്ടുകൾ, തൊലിയുരിച്ച പെരുച്ചാഴികൾ, വളിച്ച തമാശകൾ, കുരയ്ക്കുന്ന പട്ടികൾ, പേപ്പർ പശ. വേണ്ട വിധം പ്രയോഗിച്ചാൽ ഇവ കൊണ്ടു ഫലവും കണ്ടിരുന്നു. സന്ദർഭത്തിനനുസരിച്ചു ശരിയോ തെറ്റോ ആയ കുറ്റസമ്മതങ്ങൾ നേടിയെടുക്കാനും അങ്ങനെ പോലീസുകാർക്ക് അഭിമാനം കൊള്ളാനും അവ സഹായകമായി. മേല്പറഞ്ഞ അമ്പത്തെട്ടു പേർക്കും ഇനി നേരിടാനുള്ളത് ഇതായിരുന്നു.

അവർ തിരഞ്ഞുകൊണ്ടിരുന്ന മനുഷ്യൻ സ്വന്തം വീട്ടിലെത്തിയിട്ട് ഏറെ നേരം കഴിഞ്ഞിരുന്നു. പോലീസുകാർ കതകിൽ മുട്ടിയപ്പോൾ കുളിമുറിയിൽ ആയതു കാരണം അയാൾ കേട്ടില്ല; ഷവർ നിർത്തിയപ്പോൾ മറ്റാരോ മുട്ടുന്നതു കേട്ടു ചെന്നു നോക്കിയപ്പോൾ അതു പോസ്റ്റുമാൻ ആയിരുന്നു: അയാൾക്കൊരു ടെലെഗ്രാമുണ്ട്. അതൊരു നല്ല വിശേഷവുമായിരുന്നു: അയാൾക്കു വിദേശത്ത് നല്ലൊരു ജോലിവാഗ്ദാനം വന്നിരിക്കുന്നു; പക്ഷേ ഒരു നിബന്ധന: ഉടനേ തന്നെ പുറപ്പെടണം.
‘അങ്ങനെയാവട്ടെ,’ അയാൾ പറഞ്ഞു. ‘ഇനി രണ്ടു കാര്യങ്ങൾ ചെയ്യാനുണ്ട്: ഈ താടിയൊന്നെടുക്കണം; കാരണം എനിക്കിതു മതിയായി; പിന്നെ ഒരു പാസ്പോർട്ടെടുക്കണം; കാരണം, ഇതുവരെ ഞാൻ അതെടുത്തിട്ടില്ല.’
അയാൾ സന്തോഷത്തോടെ കുളി കഴിഞ്ഞ് വസ്ത്രം മാറി; ആഹ്ളാദസൂചകമായി വളരെ മനോഹരമായ ഒരു ടൈ തിരഞ്ഞെടുത്തു ധരിക്കുകയും ചെയ്തു. അടുത്ത വിമാനം എപ്പോഴാണെന്ന് ഫോൺ ചെയ്തന്വേഷിച്ചതിനു ശേഷം അയാൾ വീട്ടിൽ നിന്നിറങ്ങി. ഇതിനകം സമാധാനം തിരിച്ചുവന്ന തെരുവുകളിലൂടെ നടന്ന് അയാൾ ഒരു ബാർബർ ഷാപ്പിൽ കയറി. ബാർബർ തന്റെ ജോലി പൂർത്തിയാക്കിയപ്പോൾ അയാൾ നേരെ പോലീസ് ആസ്ഥാനത്തേക്കു നടന്നു; അടിയന്തിരമായി പാസ്പോർട്ട് കിട്ടാൻ അവിടെപ്പോയാലേ പറ്റൂ എന്ന് അയാൾക്കറിയാമായിരുന്നു.

ഇനി ഒരു വസ്തുത മനസ്സിലാക്കേണ്ട സമയമായി. ഇദ്ദേഹം ഒരു പോലീസുകാരനെ അവജ്ഞയോടെ നോക്കി എന്നതു വാസ്തവം തന്നെയാണ്‌; അതിനു കാരണം അയാളുടെ ഒരനന്തരവൻ ഈഗണുമായി കെർസിഗിനു വല്ലാത്തൊരു മുഖസാദൃശ്യമുണ്ടായിരുന്നു എന്നതുമാണ്‌. വകയ്ക്കു കൊള്ളാത്തവനും കാശു വാങ്ങിയാൽ തിരിച്ചു കൊടുക്കാത്തവനുമായ ആ അനന്തരവനോട് അയാൾക്ക് കടുത്ത അവജ്ഞയായിരുന്നു; ആ വെറുപ്പാണ്‌ കെർസിഗിനെ കണ്ടപ്പോൾ അയാളുടെ നോട്ടത്തിൽ അറിയാതെ വന്നുപോയത്. കെർസിഗിന്റെ നിരീക്ഷണം ശരിയായിരുന്നു; അതിൽ തെറ്റു പറയാനില്ല.
യാദൃച്ഛികമെന്നല്ലാതെ എന്തു പറയാൻ, പോലീസ് ആസ്ഥാനത്തേക്കു കയറുമ്പോൾ, തന്റെ അനന്തരവൻ ഈഗണെ ഓർമ്മിപ്പിച്ച ആ പോലീസ് ഓഫീസറെ അയാൾ വീണ്ടും കണ്ടുമുട്ടി. ഇത്തവണ പക്ഷേ, മറ്റേയാൾക്കത് അവഹേളനമായി തോന്നിയാലോ എന്നു കരുതി അയാൾ നോട്ടം മാറ്റിക്കളയുകയാണുണ്ടായത്. തന്നെയുമല്ല, ആ പാവത്തിനെന്തോ നല്ല സുഖമില്ലാത്ത പോലെയും തോന്നി: രണ്ട് അറ്റൻഡർമാർ അയാളെ ഒരാംബുലൻസിനടുത്തേക്കു നടത്തിക്കൊണ്ടു പോവുകയായിരുന്നു.
പാസ്പോർട്ട് ഇടപാട് അയാൾ പ്രതീക്ഷിച്ചപോലെ അത്ര എളുപ്പമായിരുന്നില്ല. എന്തെല്ലാം രേഖകൾ കൈയിലുണ്ടായിട്ടും, ടെലെഗ്രാം എടുത്തു കാണിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇത്ര തിരക്കു കൂട്ടി ചെയ്യാനുള്ള കാര്യമല്ല പാസ്പോർട്ട് എന്നായി ഓഫീസർ.
“പാസ്പോർട്ട് എന്നു പറഞ്ഞാൽ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്‌,” അയാൾ വിസ്തരിച്ചു. “സമയമെടുത്തേ അതു ശരിയാക്കാൻ പറ്റൂ.”
അയാൾ തലയാട്ടി.
“നിയമം പറയുമ്പോൾ അതു ശരി തന്നെ. പക്ഷേ നിയമങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് അവ ലംഘിക്കാൻ കൂടിയാണല്ലോ.”
“ഇക്കാര്യത്തിൽ എനിക്കായി ഒരു തീരുമാനമെടുക്കാനാവില്ല,” ഓഫീസർ പറഞ്ഞു, “അതിന്‌ ചീഫ് തന്നെ വേണം.”
“എങ്കിൽ അങ്ങനെയാവട്ടെ.”
കടലാസുകൾ വാരിക്കൂട്ടിയെടുത്ത് ഓഫീസർ എഴുന്നേറ്റു.
“വന്നാട്ടെ,” അയാൾ പറഞ്ഞു, “നമുക്ക് ഒരെളുപ്പവഴിയേ പോകാം, കോടതിയിലൂടെ.”
അവർ രണ്ടുമൂന്നു മുറികൾ കടന്നുപോയതിലൊക്കെ ചെമ്പിച്ച താടിക്കാർ, അവർ മാത്രം, ഇരുപ്പുണ്ടായിരുന്നു. ‘ഇതു നല്ല തമാശയാണല്ലോ,’ അയാൾ മനസ്സിൽ പറഞ്ഞു. ‘ഇത്രയും പേർ ഉണ്ടാവുമെന്നു ഞാൻ കരുതിയതേയില്ല. ഞാൻ എന്തായാലും ഇപ്പോൾ ആ കൂട്ടത്തിൽ പെടുന്നുമില്ലല്ലോ.’
പല സ്വേച്ഛാധിപതികളെയും പോലെ ഈ പോലീസ് മേധാവിക്കും ലോകപരിചയമുള്ളയാളായി അഭിനയിക്കാൻ വലിയ താല്പര്യമായിരുന്നു. പാസ്പോർട്ട് ഓഫീസർ കാര്യം വിശദീകരിച്ചു കഴിഞ്ഞപ്പോൾ അയാൾ അയാളെ പറഞ്ഞയച്ചു; എന്നിട്ട് ആഗതന്‌ ഒരു കസേര കൊടുത്തിരുത്തി. രണ്ടാമന്‌ ഒരു പുഞ്ചിരി വരുത്താൻ കാര്യമായി പണിപ്പെടേണ്ടി വന്നു; കാരണം ഈ പോലീസ് മേധാവിക്ക് അയാളുടെ മറ്റൊരു അനന്തരവനായ ആർതറുടെ മുഖച്ഛായ ആയിരുന്നു; ആർതറെയും അയാൾക്കത്ര പിടുത്തമായിരുന്നില്ല. പക്ഷേ പുഞ്ചിരി വരുത്തുന്ന മാംസപേശികൾ അവയുടെ ജോലി ഭംഗിയായി നിർവഹിച്ചു: എന്തൊക്കെയായാലും പാസ്പോർട്ടിന്റെ പ്രശ്നമാണല്ലോ.
“ ഈ കീഴുദ്യോഗസ്ഥന്മാർ പേടിത്തൊണ്ടന്മാരാണ്‌,” പോലീസ് മേധാവി പ്രസ്താവിച്ചു, “തീരുമാനമെടുക്കേണ്ടി വരുമ്പോൾ അവർ ഒഴിഞ്ഞുമാറിക്കളയും. നിങ്ങളുടെ പാസ്പോർട്ട് ഞാൻ ഇപ്പോൾത്തന്നെ ശരിയാക്കിത്തരാം. നിങ്ങളെ ഇസ്താംബുളിലേക്കു വിളിപ്പിച്ചിരിക്കുന്നത് നമ്മുടെ നഗരത്തിനു തന്നെ ഒരു ബഹുമതിയാണല്ലോ. നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.“
പാസ്പോർട്ടിൽ ഒരു റബ്ബർ സ്റ്റാമ്പ് കുത്തിയിട്ട് അയാൾ അതിൽ ഒപ്പിട്ടു.
എന്നിട്ട് ഏതോ പഴയ നോട്ടുബുക്കു പോലെ തൂക്കിപ്പിടിച്ചുകൊണ്ട് അയാൾ അത് ആഗതനു കൈമാറി.
”ടൈ കൊള്ളാമല്ലോ,“ അയാൾ പറഞ്ഞു. ”ഏതോ തെരുവിന്റെ പടമാണല്ലേ?“
”അതെ,“ മറ്റേയാൾ പറഞ്ഞു. ”ഇസ്താംബുളിലെ ഒരു തെരുവിന്റെ.“
”കൊള്ളാം, നല്ല ആശയം. എന്നാല്പിന്നെ-“ എഴുന്നേറ്റു കൈ നീട്ടിക്കൊണ്ട് പോലീസ് മേധാവി പറഞ്ഞു. ”നിങ്ങളുടെ യാത്ര മംഗളമാവട്ടെ.“
സന്ദർശകനെ വാതിലോളം അനുഗമിച്ച്, സൗഹൃദഭാവത്തിൽ ഒരു കൈവീശലും നടത്തിയിട്ട് അയാൾ ചോദ്യം ചെയ്യൽ നടക്കുന്ന മുറിയിലേക്കു ചെന്നു.
പീഡനത്തിൽ നിന്നൊരു ശമനം കിട്ടാൻ ആ ഹതഭാഗ്യർ ഇതിനകം പല കുറ്റങ്ങളും സമ്മതിച്ചു കഴിഞ്ഞിരുന്നു, തങ്ങളിൽ ആരോപിച്ചിരിക്കുന്ന ആ ഒന്നൊഴികെ.
ചോദ്യം ചെയ്യൽ തുടരാൻ ആജ്ഞാപിച്ചുകൊണ്ട് പോലീസ് മേധാവി ഊണു കഴിക്കാനായി പോയി.

തിരിയെ വരുമ്പോൾ മേശപ്പുറത്ത് ഒരു റിപ്പോർട്ട് അയാളെ കാത്തിരുപ്പുണ്ടായിരുന്നു. അന്നു രാവിലെ താൻ ഒരാളുടെ ചെമ്പിച്ച താടി അയാളുടെ ആവശ്യപ്രകാരം വടിച്ചുകൊടുത്തതായി ഒരു ബാർബർ മൊഴി കൊടുത്തിരിക്കുന്നു. കക്ഷിയുടെ രൂപം അയാൾക്കത്ര ഓർമ്മയില്ല; പക്ഷേ വേഷത്തിലെ ഒരു പ്രത്യേകത അയാൾ ശ്രദ്ധിച്ചിരുന്നു: ഒരു തെരുവിന്റെ പടമുള്ള ടൈ.
”ഞാനെന്തൊരു വിഡ്ഢി!“ രണ്ടു പടികൾ ഒരുമിച്ചു ചാടിയിറങ്ങി കാറു കിടക്കുന്നിടത്തേക്കു പാഞ്ഞുകൊണ്ട് പോലീസ് മേധാവി ആക്രോശിച്ചു.
“എയർപോർട്ട്!” പിൻസീറ്റിലേക്കു ചാടിവീണുകൊണ്ട് അയാൾ ഡ്രൈവറോടലറി.
ഡ്രൈവർ തന്റെ കഴിവിന്റെ പരമാവധി ചെയ്തു: അയാൾ രണ്ടു നായ്‌ക്കളെയും രണ്ടു പ്രാക്കളെയും ഒരു പൂച്ചയേയും കാറു കയറ്റിക്കൊന്നു; ഒരു ട്രാമിനെ ഒന്നുരസ്സിമാറി: ചവറ്റുകടലാസ് കയറ്റിവന്ന ഒരുന്തുവണ്ടി തട്ടിയിട്ടു; നൂറു കണക്കിനു വഴിയാത്രക്കാരെ വിരട്ടിയോടിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞ് അവർ അവിടെയെത്തുമ്പോൾ അല്പമകലെയായി, ഒരു സെക്കന്റു പോലും വൈകാതെ, ഇസ്താംബുളിലേക്കുള്ള വിമാനം റൺവേയിൽ നിന്നുയരുകയായിരുന്നു.


കുർട്ട് കുസെൻബെർഗ് (1904-1983) ജർമ്മൻ കലാനിരൂപകനും കഥാകാരനും. സർറിയലിസ്റ്റുകളോടും പിക്കാസോയോടും പ്രതിപത്തി. കഥകളിൽ സാമാന്യയുക്തിയുടെ ലോകം പലപ്പോഴും ഭ്രമകല്പനയുടെയും യുക്തിരാഹിത്യത്തിന്റെയും ലോകങ്ങളായി മാറുന്നു. ദൈനന്ദിനജീവിതത്തിന്റെ പരിമിതികളോടുള്ള അദ്ദേഹത്തിന്റെ കലാപം അതിശയോക്തിയുടെ ലോകത്തേക്കുള്ള പലായനമായിട്ടാണ്‌ കലാരൂപം കൈക്കൊള്ളുന്നത്. kusenberg

 



Saturday, April 18, 2015

അന്തോണിയോ മച്ചാദോ - റുബേൻ ദാരിയോയുടെ മരണത്തെക്കുറിച്ച്

idarior001p1


ലോകത്തിന്റെ ലയമെല്ലാം നിന്റെ കവിതകളിലുണ്ടെങ്കിൽ,
ദാരിയോ, ലയം തേടി നീ എവിടെയ്ക്കു പോയി?
ഹെസ്പേരിയായിലെ തോട്ടക്കാരാ, കടലുകളിലെ രാപ്പാടീ,
ആകാശഗോളങ്ങളുടെ സംഗീതത്താൽ വിസ്മിതഹൃദയനായവനേ,
ഡയോണീസസ് നിന്നെ കൈ പിടിച്ചു കൊണ്ടുപോയതു നരകത്തിലേക്കോ?
ഇന്നു നറുംപനിനീർപ്പൂക്കളുമായി വിജയിയായി നീ മടങ്ങുകയോ?
ഫ്ളോറിഡായിലെ നിത്യയൗവനത്തിന്റെ ഉറവ സ്വപ്നം കണ്ടവനേ,
അതു തേടിപ്പോയി നിനക്കു മുറിപ്പെട്ടുവോ, കപ്പിത്താനേ?
ആ ദീപ്താഖ്യാനം അതിന്റെ മാതൃഭാഷയിൽത്തന്നെ പറയപ്പെടട്ടെ;
സ്പാനിഷ് ദേശങ്ങളിലെ ഹൃദയങ്ങളേ, കരയൂ.
കടലുകൾക്കപ്പുറത്തു നിന്നു വാർത്ത വന്നിരിക്കുന്നു:
റുബേൻ ദാരിയോ തന്റെ സുവർണ്ണദേശത്തു വച്ചു ജീവൻ വെടിഞ്ഞിരിക്കുന്നു.
സ്പാനിഷുകാരേ, മാർബിളിന്റെ നിശിതലാളിത്യത്തിൽ നാം കാത്തുവയ്ക്കുക,
അവന്റെ പേരും കിന്നരവും പുല്ലാങ്കുഴലും ഇങ്ങനെയൊരേയൊരാലേഖനവും:
ഈ കിന്നരമാരുമിനി മീട്ടാതിരിക്കട്ടെ, അപ്പോളോയല്ലാതെ,
ഈ പുല്ലാങ്കുഴലാരുമിനി വായിക്കാതിരിക്കട്ടെ, പാനെന്ന ദേവനല്ലാതെ.


*റുബേൻ ദാരിയോ(1867-1916)- സ്പാനിഷ് കവിതയിൽ ആധുനികതയ്ക്കു തുടക്കമിട്ട നിക്കരാഗ്വൻ കവി.
*ഹെസ്പേരിയ- യവനപുരാണത്തിൽ ഒരേയൊരാപ്പിൾ മരം വളരുന്ന ഉദ്യാനം
*ഡയോണീസസ്- മദ്യത്തിന്റെയും ഉന്മാദത്തിന്റെയും യവനദേവൻ
*ഫ്ളോറിഡായിലെ ഉറവ- പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് പര്യവേക്ഷകനായ ഹുവാൻ പോൺസ് ദെ ലിയോൺ തേടിപ്പോയതായി പറയപ്പെടുന്ന നിത്യയൗവനത്തിന്റെ ഉറവ
*അപ്പോളോ- കവിതയുടെയും സംഗീതത്തിന്റെയും യവനദേവൻ
*പാൻ- ഗ്രാമ്യസംഗീതത്തിന്റെ ഇടയദേവൻ


Friday, April 17, 2015

റോൾഫ് ജേക്കബ്സെൻ - നോക്കൂ

 


NWA3279

നോക്കൂ-
ചന്ദ്രൻ രാത്രിയുടെ പുസ്തകം
ഏടുകൾ മറിച്ചു നോക്കുന്നു.
ഒന്നും അച്ചടിക്കാത്ത ഒരു തടാകം
കണ്ടെത്തുന്നു.
ഒരു നേർവര വരയ്ക്കുന്നു.
അതേ അതിനു കഴിയൂ.
അതു തന്നെ ധാരാളമായി.
കട്ടിയിലൊരു വര.
നിന്നിലേക്ക്.
നോക്കൂ.


Thursday, April 16, 2015

അന്തോണിയോ മച്ചാദോ - മഴവില്ലുദിച്ച രാത്രി

machado


ഗ്വാഡറാമയിലൂടെ മാഡ്രിഡിലേക്കുള്ള
രാത്രിവണ്ടി.
ചന്ദ്രനും മൂടൽമഞ്ഞും കൂടി
മാനത്തൊരു മഴവില്ലു സൃഷ്ടിക്കുന്നു.
വെണ്മേഘങ്ങളെ ആട്ടിപ്പായിക്കുന്ന
ഹേ, ഏപ്രിലിലെ പ്രശാന്തചന്ദ്ര!

മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ
അമ്മ അടുക്കിപ്പിടിച്ചിരിക്കുന്നു.
ഉറങ്ങുകയാണെങ്കിലും കുഞ്ഞു കാണുന്നുണ്ട്,
പിന്നിലേക്കു പായുന്ന പച്ചപ്പാടങ്ങൾ,
വെയിലു വീണ കുഞ്ഞുമരങ്ങളുമായി,
പൊന്നു പൂശിയ പൂമ്പാറ്റകളുമായി.

ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ
നെറ്റിത്തടമിരുണ്ട അമ്മ കാണുന്നുണ്ട്,
കെട്ടണയുന്ന കനലുകളും
ഊറാമ്പുലികളോടുന്ന അടുപ്പുകല്ലുകളും.

ശോകം കൊണ്ടുന്മാദിയായ ഒരു യാത്രികൻ
വിചിത്രദർശനങ്ങൾ കാണുന്നുണ്ട്,
തന്നോടു തന്നെ സംസാരിക്കുന്നുണ്ട്,
ഒരു നോട്ടം കൊണ്ടു ഞങ്ങളെ മായ്ചുകളയുന്നുണ്ട്.

മഞ്ഞു മൂടിയ പാടങ്ങൾ എനിക്കോർമ്മ വരുന്നു,
മറ്റു മലകളിലെ പൈന്മരങ്ങളും.

ഞങ്ങൾക്കു കണ്ണുകളായ തമ്പുരാനേ,
എല്ലാ ആത്മാക്കളെയും കാണുന്നവനേ,
ഞങ്ങൾക്കു നിന്റെ മുഖം കാണാനാകുന്ന ഒരു നാൾ
വന്നു ചേരുമോയെന്നൊന്നു പറയൂ.


*ഗ്വാഡറാമ- ഐബീരിയൻ ഉപഭൂഖണ്ഡത്തിലെ  മലനിര


Monday, April 13, 2015

ഒക്ടേവിയോ പാസ് - തെരുവ്

1395689192paz_pifal_666


തെരുവ് ദീർഘവും നിശബ്ദവുമായിരുന്നു.
ഇരുട്ടത്തു തപ്പിത്തടഞ്ഞു ഞാൻ നടക്കുന്നു,
കാലിടറി ഞാൻ വീഴുന്നു, എഴുന്നേല്ക്കുന്നു,
മൂകശിലകൾക്കും കരിയിലകൾക്കും മേൽ
അന്ധമായി ചുവടു വയ്ക്കുന്നു,
എനിക്കു പിന്നിലും ആരോ നടക്കുന്നുണ്ട്:
ഞാൻ നില്ക്കുമ്പോൾ അയാൾ നില്ക്കുന്നു,
ഞാൻ ഓടുമ്പോൾ അയാളും ഓടുന്നു;
ഞാൻ തിരിഞ്ഞുനോക്കുന്നു: ആരുമില്ല.
എവിടെയും ഇരുട്ടു മാത്രം,
പുറത്തേക്കു വഴിയുമില്ല;
എത്ര വളവുകൾ തിരിഞ്ഞിട്ടും
ഞാനെത്തുന്നതതേ തെരുവിൽ തന്നെ;
അവിടെ ആരുമെന്നെ കാത്തുനില്ക്കുന്നില്ല,
ആരുമെന്റെ പിന്നാലെ വരുന്നില്ല;
അവിടെ ഞാൻ പിന്നാലെ ചെല്ലുന്ന ഒരാൾ
കാലു തടഞ്ഞു വീഴുന്നു, എഴുന്നേല്ക്കുന്നു,
എന്നെ കണ്ടിട്ടു പറയുന്നു: ആരുമില്ല.


 

 

ബോര്‍ഹസ് - തെക്ക്

Surlink to image



1871-ല്‍ ബ്യൂണേഴ്‌സ് അയഴ്‌സില്‍ ബോട്ടില്‍ വന്നിറങ്ങിയ ആ മനുഷ്യന്റെ പേര് യൊഹാനസ്  ഡാല്‍മന്‍ എന്നായിരുന്നു.  ഇവാഞ്‌ജെലിക്കല്‍ സഭയില്‍ പാതിരിയായിരുന്ന ഇദ്ദേഹത്തിന്റെ ഒരു ചെറുമകന്‍ ഹുവാന്‍ ‍ ഡാല്‍മന്‍ 1939-ല്‍   കൊര്‍ദോബാ തെരുവിലെ മുനിസിപ്പല്‍ ലൈബ്രറിയില്‍ സെക്രട്ടറിയായി ജോലി നോക്കിയിരുന്നു. താന്‍ കലര്‍പ്പില്ലാത്ത അര്‍ജന്റീനക്കാരനാണെന്നതില്‍ അയാള്‍ക്കു വലിയ അഭിമാനമായിരുന്നു. അമ്മവഴിക്ക് അയാളുടെ മുത്തച്ഛന്‍ കാലാള്‍പ്പടയുടെ രണ്ടാംനിരയില്‍പ്പെട്ട ഫ്രാന്‍സിസ്‌കോ ഫ്‌ളോറെസ് ആയിരുന്നു; ബ്യൂണേഴ്‌സ് അയഴ്‌സിലെ യുദ്ധമുന്നണിയില്‍വച്ച് റെഡ് ഇന്ത്യക്കാരുടെ കുന്തമുനയേറ്റാണ് അദ്ദേഹം മരിച്ചത്. ഈ വിരുദ്ധപൈതൃകങ്ങളില്‍ ഡാല്‍മന്‍ തിരഞ്ഞെടുത്തത്, അയാളിലെ  ജര്‍മ്മാനിക് രക്തം  കാരണമാവാം, ആ കാല്പനികപൂര്‍വ്വികന്റെ അല്ലെങ്കില്‍ ആ കാല്‍പനികമരണത്തിന്റെ പാരമ്പര്യമായിരുന്നു.  ഒരു പഴയ വാള്, താടി വച്ച, നിർവികാരമായ ഒരു മുഖത്തിന്റെ ലിത്തോഗ്രഫ് അടക്കം ചെയ്ത ഒരു ലോക്കറ്റ് , ചില ഈണങ്ങളുടെ അഴകും ചുണയും, മാര്‍ട്ടിന്‍ ഫിയെറോയിലെ* ശീലമായിത്തീര്‍ന്ന ചില  പദ്യശകലങ്ങള്‍, കടന്നുപോയ വര്‍ഷങ്ങള്‍, മടുപ്പും ഏകാന്തതയും-ഇവയൊക്കെ ഇച്ഛാപൂര്‍വ്വവും എന്നാല്‍ നാട്യപരത തീര്‍ത്തുമില്ലാത്തതുമായ ഈ ദേശീയവാദത്തിനു കളമൊരുക്കി. അസംഖ്യം ചെറുസുഖങ്ങള്‍ ബലികഴിച്ചുകൊണ്ടാണെങ്കിലും തെക്ക് ഫ്‌ളോറെസ് കുടുംബത്തിനവകാശപ്പെട്ട ഒരൊഴിഞ്ഞ കളപ്പുര അയാള്‍ സ്വന്തമാക്കിയിരുന്നു. ഔഷധഗന്ധം വമിക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളും മങ്ങിയ ചെങ്കല്‍നിറമുള്ള ഒരു വലിയ വീടും കൂടിച്ചേര്‍ന്ന ബിംബം അയാളുടെ ഓര്‍മ്മകളില്‍ നിത്യസാന്നിദ്ധ്യമായി. ജോലിപ്പാടുകള്‍, മടിയുമാവാം, അയാളെ നഗരത്തില്‍ത്തന്നെ കുടുക്കിയിട്ടു വേനല്ക്കാലങ്ങള്‍ കടന്നുപോയി. സമ്പാദ്യമെന്ന അമൂര്‍ത്താശയവും സമതലത്തിന്റെ മദ്ധ്യത്ത് ഒരു പ്രത്യേകസ്ഥാനത്ത് തന്റെ കളപ്പുര തന്നെ കാത്തുകിടക്കുകയാണെന്ന തീര്‍ച്ചയും കൊണ്ടുമാത്രം അയാള്‍ക്കു തൃപ്തനാകേണ്ടിവന്നു. എന്നാല്‍ 1939 ഫെബ്രുവരി അവസാനത്തോടെ ചിലതു സംഭവിച്ചു.


ഒരു മനുഷ്യന്റെ സകല വീഴ്ചകള്‍ക്കും നേരെ കണ്ണടയ്ക്കുന്ന വിധി ചെറിയൊരു ശ്രദ്ധക്കുറവിന്റെ പേരില്‍ അയാളുടെ മേല്‍ തന്റെ സര്‍വ്വക്രൂരതയും കാട്ടിയെന്നു വരാം. അന്നുച്ചതിരിഞ്ഞ്, വെയ്ല്‍സ് എഡിറ്റു ചെയ്ത 'ആയിരത്തൊന്നുരാവുകളു'ടെ ചില പേജുകള്‍ കീറിപ്പോയ ഒരു കോപ്പി അയാള്‍ എങ്ങനെയോ സമ്പാദിച്ചിരുന്നു. വായിക്കാനുള്ള വ്യഗ്രത കാരണം ലിഫ്റ്റിനുവേണ്ടി കാത്തുനില്ക്കാതെ അയാള്‍ കോണിപ്പടി ഓടിക്കയറുകയായിരുന്നു. ഇരുട്ടത്ത് അയാളുടെ നെറ്റിയില്‍ എന്തോ വന്നുരുമ്മി; വവ്വാലാണോ, കിളിയാണോ? വാതില്‍ തുറന്നുകൊടുത്ത സ്ത്രീയുടെ മുഖത്ത് ഭീതി കൊത്തിവെച്ചിരിക്കുന്നത് അയാള്‍ കണ്ടു. അയാള്‍ മുഖം തുടച്ച കൈ രക്തംപുരണ്ടു ചുവന്നു. ആരോ അടയ്ക്കാന്‍ വിട്ടുപോയ കതകിന്റെ വിളുമ്പാണ് അയാള്‍ക്ക് ഈ മുറിവുണ്ടാക്കിവച്ചത്. ഡാല്‍മന്‍ എങ്ങനെയോ ഉറങ്ങി. പക്ഷേ രാവിലെ ഉറക്കം വിട്ട നിമിഷം മുതല്‍ അയാള്‍ക്കെല്ലാ വസ്തുക്കളും ചവര്‍ത്തു. ജ്വരം അയാളെ അവശനാക്കി, 'ആയിരത്തൊന്നു രാവുകളി'ലെ ചിത്രങ്ങള്‍ അയാളുടെ പേക്കിനാവുകള്‍ക്ക് രൂപം കൊടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും അയാളെ സന്ദര്‍ശിക്കാനെത്തി. വലിച്ചുനീട്ടിയ പുഞ്ചിരിയോടെ അവര്‍ അയാള്‍ക്കു കുശലം പറഞ്ഞു. ഒരുതരം ജാഡ്യത്തോടെ അയാള്‍ അതെല്ലാം കേട്ടു. താന്‍ നരകത്തില്‍ കിടക്കുകയാണെന്ന കാര്യം ഇവരെന്തേ മനസ്സിലാക്കുന്നില്ല! ഒരാഴ്ച, എട്ടുദിവസം, കടന്നുപോയി. അത് എട്ടു നൂറ്റാണ്ടുകള്‍പോലെയായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് പതിവുഡോക്ടര്‍ പുതിയൊരു ഡോക്ടറേയും കൂട്ടിയെത്തി. അവര്‍ അയാളെ  ഇക്വഡോര്‍ തെരുവിലെ ഒരു സാനിറ്റോറിയത്തിലേക്കു കൊണ്ടുപോയി. അയാളുടെ എക്‌സ്‌റേ എടുക്കേണ്ടതുണ്ടായിരുന്നു. ഒറ്റക്കുതിരവണ്ടിയില്‍ ഇരിക്കുമ്പോള്‍ ഡാല്‍മന്‍ ആശ്വസിച്ചു: അവസാനം തന്റേതല്ലാത്ത ഒരു മുറിയില്‍ തനിക്കുറങ്ങാമല്ലോ. അയാള്‍ക്കു സന്തോഷവും ഉത്സാഹവും തോന്നി. ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ അവര്‍ അയാളെ വിവസ്ത്രനാക്കി; തല മുണ്ഡനം ചെയ്തു; പിന്നെ ലോഹക്കൊളുത്തുകള്‍കൊണ്ട് ഒരു സ്‌ട്രെച്ചറില്‍ അയാളെ ബന്ധിച്ചു. തുടര്‍ന്ന് അവര്‍ അയാളുടെ മേല്‍ വിളക്കുകളുടെ രൂക്ഷപ്രകാശം വീഴ്ത്തി. അയാളുടെ കണ്ണുകള്‍ ഇരുട്ടടച്ചു; അയാള്‍ക്കു തല ചുറ്റി. മുഖാവരണം ധരിച്ച ഒരാള്‍ അയാളുടെ കൈയ്യില്‍ ഒരു സൂചി കുത്തിക്കയറ്റി. കിണറുപോലെ തോന്നിച്ച ഒരു മുറിയില്‍, മനംപുരട്ടലോടെ അയാളുണര്‍ന്നു. ശസ്ത്രക്രിയയെ തുടര്‍ന്നുവന്ന പകലുകളും രാത്രികളും സഹിക്കുമ്പോള്‍ അയാള്‍ക്കു മനസ്സിലായി താനിതുവരെ നരകത്തിന്റെ പ്രാന്തപ്രദേശത്തു മാത്രമായിരുന്നുവെന്ന്. ഈ നാളത്രയും ഡാല്‍മന്‍ തന്റെ ഓരോ അണുവും കണക്കറ്റു വെറുത്തു. തന്റെ സ്വത്വം. തന്റെ ശാരീരികാവശ്യങ്ങള്‍, താനനുഭവിക്കുന്ന അപമാനം, മുഖത്തുരുമ്മുന്ന അടി - എല്ലാമെല്ലാം അയാള്‍ വെറുത്തു. വേദനാജനകമായിരുന്ന ചികിത്സാവിധികളൊക്കെ അയാള്‍ സഹനത്തോടെ കൈക്കൊണ്ടു. എന്നാല്‍ രക്തദൂഷ്യം അധികരിച്ച് താന്‍ മരിക്കാറായതായിരുന്നുവെന്ന് സര്‍ജന്‍ പറഞ്ഞപ്പോള്‍ ആത്മാനുപാതംകൊണ്ട് ഡാല്‍മനു കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. ശാരീരികമായ അവശതയും ഭീതിദമായ രാത്രികളെക്കുറിച്ചുള്ള നിരന്തരചിന്തയും കാരണം മരണംപോലെ അത്ര അമൂര്‍ത്തമായ ഒന്നിനെക്കുറിച്ചു ചിന്തിക്കാന്‍ അയാള്‍ക്കു നേരം കിട്ടിയിരുന്നില്ലല്ലോ. മറ്റൊരു ദിവസം സര്‍ജന്‍ വന്നു പറഞ്ഞു, അയാള്‍ സുഖപ്പെടുകയാണെന്ന്, വിശ്രമമെടുക്കാനായി അയാള്‍ക്കിനി തന്റെ കളപ്പുരയിലേക്കു പോകാമെന്ന്. അവിശ്വസനീയമായ വേഗതയോടെ ആ വാഗ്ദത്തദിനം വന്നുചേര്‍ന്നു.


സമമിതികളേയും ചില്ലറ അകാലികതകളേയും പിന്തുണയ്ക്കുന്ന സ്വഭാവമുണ്ട് യാഥാര്‍ത്ഥ്യത്തിന്. ഡാല്‍മന്‍ സാനിറ്റോറിയത്തിലെത്തിയത് ഒറ്റക്കുതിരവണ്ടിയിലായിരുന്നു. ഇപ്പോള്‍ അയാളെ കോണ്‍സ്റ്റിറ്റ്യൂസിയോന്‍ റയില്‍വേസ്റ്റേഷനിലേക്കു വഹിച്ചുകൊണ്ടോടുന്നതും ഒരൊറ്റക്കുതിരവണ്ടി തന്നെയാണ്. വേനലിന്റെ ക്രൂരതകള്‍ക്കുശേഷം ശരത്കാലത്തിന്റെ കുളിരുന്ന നവഗന്ധം തന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ പ്രതീകമാണെന്ന് ഡാല്‍മനു തോന്നി. ജ്വരത്തില്‍നിന്നും മരണത്തില്‍നിന്നും താന്‍ വിടുതി നേടിയതിന്റെ പ്രകൃതിയിലെ പ്രതീകം. രാത്രിയില്‍ നഗരങ്ങള്‍ ജീര്‍ണ്ണഭവനങ്ങള്‍ പോലെയാണ്; കാലത്തേഴു മണിയായിട്ടും ആ പഴക്കച്ചുവ തങ്ങിനിന്നിരുന്നു: തെരുവുകള്‍ നീണ്ട ഇടനാഴികള്‍പോലെ തോന്നിച്ചു. നാല്ക്കവലകള്‍ നടുമുറ്റങ്ങളായിരുന്നു. തലചുറ്റിക്കുന്ന ആഹ്ലാദത്തോടെ ഡാല്‍മന്‍ തന്റെ നഗരം തിരിച്ചറിഞ്ഞു. കണ്ണുകള്‍ കാണുന്നതിനൊരു നിമിഷം മുമ്പേ ഓര്‍മ്മയില്‍ അയാള്‍ തെരുവുമൂലകള്‍ കണ്ടെടുത്തു, പരസ്യപ്പലകകള്‍ കണ്ടെടുത്തു, ബ്യൂണേഴ്‌സ് അയഴ്‌സിന്റെ എളിയ വൈവിദ്ധ്യം കണ്ടെടുത്തു. പുതിയൊരു പകലിന്റെ മഞ്ഞവെളിച്ചത്തില്‍ എല്ലാ വസ്തുക്കളും അയാളിലേക്കു തിരിച്ചുചെന്നു.


തെക്ക് തുടങ്ങുന്നത് അവെനീഡാ റിവാഡാവിയായുടെ അങ്ങേപ്പുറത്തു നിന്നാണെന്ന് ഏതര്‍ജന്റീനാക്കാരനുമറിയാം. ആ തെരുവു മുറിച്ചു കടക്കുന്നയാള്‍ കൂടുതല്‍ പുരാതനവും കര്‍ക്കശവുമായ ഒരു ലോകത്തിലേക്കാണു പ്രവേശിക്കുന്നതെന്ന് ഡാല്‍മന്‍ പറയാറുണ്ടായിരുന്നു. വണ്ടിക്കുള്ളിലിരുന്നുകൊണ്ട് വെളിയിലെ പുതിയ കെട്ടിടങ്ങള്‍ക്കിടയില്‍ ഡാല്‍മന്‍ പലതും തേടി: ഇരുമ്പഴിയിട്ട ഒരു ജനാല, ഒരു പിത്തള വാതില്‍പ്പിടി, ഒരു വളച്ചുവാതില്‍, സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ഒരു നടുമുറ്റം.


ട്രയിന്‍ വിടാന്‍ അരമണിക്കൂര്‍ കഴിയേണ്ടിയിരുന്നു. പെട്ടെന്നയാള്‍ക്ക്  ബ്രസീല്‍ തെരുവിന്റെ (യിറിഗോഷന്റെ വീട്ടിനല്പമകലെയായുള്ള) ഒരു കാപ്പിക്കടയെക്കുറിച്ചോര്‍മ്മ വന്നു. ഉദ്ധതനായ ഒരു ദേവനെപ്പോലെ ആളുകള്‍ക്കു തലോടാന്‍ കിടന്നുകൊടുക്കുന്ന  ഒരു പൂച്ച അവിടെയുണ്ടായിരുന്നു. അയാള്‍ കാപ്പിക്കടയിലേക്കു കയറി. പൂച്ച അവിടെക്കിടന്നു മയങ്ങുന്നുണ്ടായിരുന്നു. അയാള്‍ ഒരു കാപ്പി വരുത്തി സാവധാനം മൊത്തിക്കുടിച്ചു (ഈ ആനന്ദം സാനിറ്റോറിയത്തില്‍ അയാള്‍ക്കു നിഷേധിക്കപ്പെട്ടതായിരുന്നല്ലോ.) പൂച്ചയുടെ കറുത്ത രോമക്കുപ്പായം തലോടുമ്പോള്‍ അയാളോര്‍ത്തു: ഈ രണ്ടു സത്തകളും, പൂച്ചയും മനുഷ്യനും, ഒരു സ്ഫടികഭിത്തിയാല്‍ വേര്‍തിരിക്കപ്പെട്ടപോലെയാണ്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് കാലത്തിലാണ്, തുടര്‍ച്ചയിലാണ്; എന്നാല്‍ ഈ മാന്ത്രികജീവിയുടെ ജീവിതം വര്‍ത്തമാനത്തിലാണ്, ഇക്ഷണത്തിന്റെ നിത്യതയിലാണ്.


ഒടുവിലത്തേതിനിപ്പുറത്തുള്ള പ്ലാറ്റ്‌ഫോമില്‍ ട്രയിന്‍ കാത്തുകിടന്നു. മിക്കവാറും ഒഴിഞ്ഞ ഒരു കോച്ച് കണ്ടെത്തി അയാള്‍ തന്റെ പെട്ടികളൊക്കെ അടുക്കിവച്ചു. ട്രയിന്‍ പുറപ്പെട്ടപ്പോള്‍ അയാള്‍ സഞ്ചി തുറന്ന്, ഒന്നു മടിച്ച ശേഷം, 'ആയിരത്തൊന്നു രാവുകളു'ടെ ഒന്നാം വാല്യം പുറത്തെടുത്തു. തന്റെ നിര്‍ഭാഗ്യങ്ങളുടെ ചരിത്രവുമായി അത്ര അടുത്ത ബന്ധമുള്ള  ഈ പുസ്തകവുമായി യാത്ര ചെയ്യുക എന്നത് തന്റെ പീഡനപര്‍വ്വം അവസാനിച്ചിരിക്കുന്നു എന്നതിനൊരു സ്ഥിരീകരണമാണെന്ന് ഡാല്‍മനു തോന്നി. തിന്മയുടെ തോറ്റ ശക്തികള്‍ക്കെതിരെ ഗൂഢവും ആഹ്ളാദം നിറഞ്ഞതുമായ ഒരു വെല്ലുവിളിയാണത്.


ട്രയിനിനിരുപുറവും നഗരം നഗരപ്രാന്തങ്ങളായി ചിതറി. ആ കാഴ്ചയും പിന്നെ,  പൂന്തോട്ടങ്ങളും ബംഗ്ലാവുകളും അയാളുടെ വായന തുടങ്ങാന്‍ താമസം വരുത്തി. യഥാര്‍ത്ഥത്തില്‍ അയാള്‍ അത്രയധികം വായിച്ചതുമില്ല. കാന്തശക്തിയുള്ള പര്‍വ്വതവും തന്റെ ഉപകര്‍ത്താവിനെ കൊല്ലാനടുത്ത ജിന്നുമൊക്കെ വിസ്മയാവഹങ്ങള്‍ തന്നെയാണെന്നു സമ്മതിക്കുന്നു. പക്ഷേ, ഈ പ്രഭാതവും ജീവിക്കുക എന്ന വെറും വസ്തുതയും നല്കുന്ന വിസ്മയത്തിനു മുന്നില്‍ അവയെവിടെ? ഡാല്‍മന്‍ പുസ്തകം അടച്ചുവച്ചു.


ഉച്ചഭക്ഷണം - ബാല്യകാലത്തെ വിദൂരമായ വേനലുകളിലെന്നപോലെ തിളങ്ങുന്ന ലോഹക്കോപ്പകളില്‍ വിളമ്പിയ സൂപ്പ് - പ്രശാന്തവും സഫലവുമായ മറ്റൊരാനന്ദമായിരുന്നു.


നാളെ ഞാനെന്റെ കളപ്പുരയില്‍ ഉറക്കമുണരും, അയാളോര്‍ത്തു. അയാള്‍ ഒരേസമയം രണ്ടുപേരായിരുന്നപോലെയായിരുന്നു: ഒരാള്‍ ശരത്കാലത്തെ ഒരു പകല്‍നേരം ജന്മഭൂമിയുടെ ഭൂമിശാസ്ത്രത്തിലൂടെ സഞ്ചരിക്കുകയായിരുന്നു; മറ്റേയാള്‍ ഒരു സാനിറ്റോറിയത്തിന്റെ തടവില്‍ കിടന്ന് കടുത്ത പഥ്യാചരണത്തിനു വിധേയനാവുകയും.


കുമ്മായം തേക്കാത്ത നീണ്ടേങ്കോണിച്ച വീടുകള്‍ തീവണ്ടികള്‍ വരുന്നതും പോകുന്നതും കണ്ട് കാലമറ്റ നില്പു തുടരുന്നതയാള്‍ കണ്ടു; ചളി കുഴഞ്ഞ പാതകളിലൂടെ കുതിരസവാരിക്കാര്‍ ഓടിച്ചുപോകുന്നത് അയാള്‍ കണ്ടു;  തോടുകളും ചിറകളും മേച്ചില്‍പ്പുറങ്ങളുമയാള്‍ കണ്ടു; വെണ്ണക്കല്ലുപോലെ  തിളങ്ങുന്ന മഹാമേഘങ്ങള്‍ അയാള്‍ കണ്ടു; ഈ വസ്തുക്കളൊക്കെയും യാദൃച്ഛികമായിരുന്നു; അകാരണമായിരുന്നു - സമതലത്തിന്റെ സ്വപ്നങ്ങള്‍പോലെ. മരങ്ങളും വിളകളും താന്‍ തിരിച്ചറിഞ്ഞതായി അയാള്‍ കരുതി. എന്നാല്‍ അവയുടെ പേരു പറയാന്‍ അയാള്‍ക്കു കഴിയുമായിരുന്നില്ല. കാരണം നാട്ടിന്‍പുറത്തെക്കുറിച്ചുള്ള അയാളുടെ യഥാര്‍ത്ഥജ്ഞാനം അതിനെക്കുറിച്ച് അയാള്‍ക്കുണ്ടായിരുന്ന ഗൃഹാതുരവും സാഹിത്യപരവുമായ ജ്ഞാനത്തേക്കാള്‍ എത്രയോ താഴ്ന്നതായിരുന്നു.


ഇടയ്ക്കിടെ അയാള്‍ മയങ്ങി. ട്രയിനിന്റെ ഇളക്കങ്ങള്‍ അയാളുടെ സ്വപ്നങ്ങളെ ചലനാത്മകമാക്കി. നട്ടുച്ചയ്ക്കത്തെ അസഹ്യമായ വെണ്‍സൂര്യന്‍ ഇരുട്ടു വീഴും മുമ്പത്തെ മഞ്ഞസൂര്യനായി മാറിക്കഴിഞ്ഞിരുന്നു. വൈകാതെ  അത് ചുവന്ന സൂര്യനായി മാറും. തീവണ്ടിയും ഇപ്പോള്‍ ഭാവം പകര്‍ന്നുകഴിഞ്ഞിരുന്നു. കോണ്‍സ്റ്റിറ്റ്യൂസിയോന് സ്റ്റേഷന്‍ വിട്ട അതേ വണ്ടിയായിരുന്നില്ല ഇപ്പോഴത്. സമതലവും കഴിഞ്ഞ നേരവും കൂടി അതിന്റെ രൂപം മാറ്റിത്തീര്‍ത്തിരുന്നു. വെളിയില്‍, തീവണ്ടിയുടെ ചലിക്കുന്ന നിഴല്‍ ചക്രവാളത്തിലേക്കു നീണ്ടുകിടന്നു. അവ്യാകൃതമായ ഭൂമിയെ പാര്‍പ്പിടമോ മറ്റു മനുഷ്യസാന്നിദ്ധ്യങ്ങളോ അലോസരപ്പെടുത്തിയില്ല. നാട്ടിന്‍പുറം വിപുലവും അതേസമയം അടുപ്പം കാട്ടുന്നതും കുറേയൊക്കെ നിഗൂഢവുമായിരുന്നു. സീമയറ്റ നാട്ടിന്‍പുറം ചിലപ്പോഴൊക്കെ ഏകാകിയായ ഒരു കുതിര മാത്രം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഏകാന്തത പരിപൂര്‍ണ്ണവും പീഡിപ്പിക്കുന്നതുമായിരുന്നു. വെറും  തെക്കോട്ടല്ല,  ഭൂതകാലത്തിലേക്കു തന്നെയാണ് താന്‍ യാത്ര ചെയ്യുന്നതെന്ന് ഡാല്‍മനു തോന്നിയിരിക്കണം. ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ അയാളെ ചിന്തകളില്‍നിന്നുണര്‍ത്തി. ടിക്കറ്റ് വാങ്ങി നോക്കിയിട്ട്, ഡാല്‍മന് തന്റെ സ്റ്റേഷനില്‍ ഇറങ്ങാന്‍ പറ്റില്ലെന്നും അതിനു തൊട്ടുമുമ്പുള്ള സ്റ്റേഷനില്‍ ഇറങ്ങേണ്ടിവരുമെന്നും അയാള്‍ പറഞ്ഞു. ഡാല്‍മന് ആ സ്റ്റേഷനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല. (ഈ അസൗകര്യത്തിന് ഇന്‍സ്‌പെക്ടര്‍ എന്തോ വിശദകരണവും നല്‍കിയിരുന്നു. ഡാല്‍മന്‍, പക്ഷേ, അതു മനസ്സിലാക്കാന്‍ മിനക്കെട്ടുമില്ല. സംഭവങ്ങളുടെ പ്രവര്‍ത്തനക്രമം‍ അയാളെ അലട്ടിയതേയില്ല.)


ട്രയിന്‍ ഞരങ്ങിക്കൊണ്ടു നിന്നു; സമതലത്തിന്റെ മദ്ധ്യത്തു തന്നെ എന്നുപറയാം. സ്റ്റേഷന്‍ പാളത്തിനങ്ങേപ്പുറമായിരുന്നു. ഒരു സൈഡിംഗും ഒരു ഷെഡ്ഡും എന്നതില്‍ക്കവിഞ്ഞൊന്നുമില്ല. വാഹനങ്ങള്‍ ഒന്നും കാണപ്പെട്ടില്ല. അല്പം നടന്നാല്‍ ഒരു ജനറല്‍ സ്റ്റോര്‍ കാണാമെന്നും അവിടെ ഏതെങ്കിലും വണ്ടി കണ്ടേക്കാമെന്നും സ്റ്റേഷന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.


ഒരു ചെറിയ സാഹസം എന്ന നിലയില്‍ ഡാല്‍മന്‍ നടക്കാന്‍ തീരുമാനിച്ചു. സൂര്യന്‍ കാഴ്ചപ്പാടില്‍നിന്നു മറഞ്ഞിരുന്നു. എങ്കിലും ഒരന്ത്യപ്രതാപം മൂകവും ഉജ്ജ്വലവുമായ സമതലത്തിനുമേല്‍ പ്രഭാവം പരത്തിനിന്നു.
ജനറല്‍ സ്റ്റോര്‍, ഒരു കാലത്ത് കടുത്ത ചുവപ്പുനിറം അടിച്ചതായിരുന്നിരിക്കണം. എന്നാല്‍ കഴിഞ്ഞുപോയ കാലം അതിന്റെ ഹിംസ്രസ്വഭാവത്തിനു മയം വരുത്തിയിരുന്നു. കെട്ടിടത്തിന്റെ താണതരം വാസ്തുവിദ്യ ഒരു പഴയ ചിത്രത്തിന്റെ ഓര്‍മ്മയുണര്‍ത്തി. ഒരുപക്ഷേ 'പൗലോസും കന്യാമേരിയും' എന്ന ചിത്രത്തിന്റെ ഒരു പഴയ പതിപ്പിനെയാകാം. ഒരു കൂട്ടം കുതിരകളെ തൂണുകളില്‍ കെട്ടിയിരുന്നു. ഉള്ളിലേക്കു കടന്നപ്പോള്‍ കടക്കാരനെ താന്‍ എവിടെയോ കണ്ടിട്ടുണ്ടെന്ന് ഡാല്‍മനു തോന്നി. പെട്ടെന്നു തന്നെ അയാള്‍ക്കു തന്റെ അബദ്ധം മനസ്സിലായി. ആശുപത്രിയിലെ ഒരു അറ്റന്‍ഡറുമായി ഇയാള്‍ക്കു മുഖസാമ്യം ഉണ്ടായിരുന്നുവെന്നേയുള്ളൂ. ഡാല്‍മന്റെ അപേക്ഷ കേട്ടപ്പോള്‍ ഒരു വണ്ടി ശരിപ്പെടുത്തിക്കൊടുക്കാമെന്ന് കടക്കാരന്‍ പറഞ്ഞു. അന്നാളത്തെ കണക്കിലേക്ക് ഒരു സംഭവം കൂടി ചേര്‍ക്കാം, പിന്നെ സമയവും പോകുമല്ലോ എന്നു കരുതി ജനറല്‍ സ്റ്റോറില്‍ നിന്നു ഭക്ഷണം കഴിക്കാമെന്ന് ഡാല്‍മന്‍ തീരുമാനിച്ചു.
ചില നാട്ടുറൗഡികള്‍ തീറ്റയും കുടിയുമായി ഒരു മേശയ്ക്ക് ചുറ്റുമിരുപ്പുണ്ടായിരുന്നു. ഡാല്‍മന്‍ ആദ്യം അവരെ അത്ര ശ്രദ്ധിക്കാന്‍ പോയില്ല. ബാറിനോടു ചേര്‍ന്ന് തറയില്‍ ഒരു വസ്തുവെന്നോണം അനക്കമറ്റ് ഒരു കിഴവന്‍ ഇരുപ്പുണ്ടായിരുന്നു. ഒഴുക്കില്‍പ്പെട്ട ശിലാഖണ്ഡംപോലെയോ, തലമുറകള്‍ കൈമറിഞ്ഞ ഒരു വാക്യംപോലെയോ തേഞ്ഞു മിനുസമായ ഒരു മനുഷ്യന്‍; ഇരുണ്ടുണങ്ങി, ഉള്ളിലേക്കു വലിഞ്ഞ ഒരു ജീവി. അയാള്‍ കാലത്തിനു വെളിയില്‍, നിത്യതയിലാണ് സ്ഥിതിചെയ്യുന്നതെന്നു തോന്നി. ഡാല്‍മന്‍ തൃപ്തിയോടെ അയാളുടെ തൂവാല കണ്ടു, കനത്ത മേലങ്കി കണ്ടു, അടിപൊങ്ങിയ ബൂട്ടുകണ്ടു. ഇത്തരം ഗൌച്ചോകളെ തെക്കുല്ലാതെ ‍ കാണാന്‍ കിട്ടുകയില്ലെന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു.


ജനാലയ്ക്കടുത്തായി ഡാല്‍മന്‍ ഇരുന്നു, ഇരുട്ട് സമതലത്തെ കീഴടക്കാന്‍ തുടങ്ങിയിരുന്നു. എന്നിട്ടും ഭൂമിയുടെ ഗന്ധവും ശബ്ദവും ജനാലയുടെ ഇരുമ്പഴികള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. കടക്കാരന്‍ അയാള്‍ക്ക് മീനും ഇറച്ചി പൊരിച്ചതും കൊണ്ടുവച്ചു. വൈന്‍ഗ്ലാസ്സുകള്‍ കാലിയാക്കിക്കൊണ്ട് അയാള്‍ ഭക്ഷണം കഴിച്ചു. മയങ്ങിത്തുടങ്ങിയ കണ്ണുകള്‍ കടയ്ക്കുള്ളില്‍ അലഞ്ഞു. തുലാത്തില്‍നിന്ന് ഒരു റാന്തല്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. മറ്റേ മേശയ്ക്കരികില്‍ മൂന്നുപേരിരുപ്പുണ്ടായിരുന്നു. രണ്ടുപേര്‍ പാടത്തു പണിക്കാരാണെന്നു തോന്നി. കാഴ്ചയ്ക്കു ചീനക്കാരനെപ്പോലിരുന്ന മൂന്നാമന്‍ തൊപ്പിയൂരാതെ തന്നെ കുടിക്കുയായിരുന്നു. പെട്ടെന്ന്‍ ഡാല്‍മന് തന്റെ കവിളിലെന്തോ വന്നുരുമ്മിയപോലെ തോന്നി. കൊഴുത്ത വീഞ്ഞിന്റെ ഗ്ലാസിനരികെ, മേശവിരിപ്പിന്റെ മേല്‍ തുപ്പലില്‍ കുതിര്‍ന്ന ഒരു റൊട്ടിക്കഷണം കിടന്നിരുന്നു. അത്രേയുള്ളു. പക്ഷേ അതാരോ എറിഞ്ഞതാണ്.


മറ്റേ മേശയ്ക്കരികിലിരുന്നവര്‍ അയാളുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ കാണപ്പെട്ടു. അസ്വസ്ഥനായ ഡാല്‍മന്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നു സമാധാനിക്കാന്‍ ശ്രമിച്ചു. യാഥാര്‍ത്ഥ്യത്തെ അടക്കിവയ്ക്കാന്‍ ഒരുപാധിയായി അയാള്‍ 'ആയിരത്തൊന്നു രാവുകള്‍' എടുത്തു തുറന്നു. അല്പനിമിഷങ്ങള്‍ക്കുശേഷം മറ്റൊരു റൊട്ടിക്കഷണം മേശപ്പുറത്തു വന്നുവീണു. ഇപ്പോള്‍ അവര്‍ വെളിവായി ചിരിക്കുക തന്നെയായിരുന്നു. താന്‍ പേടിച്ചിട്ടല്ല എന്ന് അയാള്‍ സ്വയം പറഞ്ഞു. പക്ഷേ, രോഗം മാറി വിശ്രമമെടുക്കേണ്ട താന്‍ അപരിചിതരായ ചിലരുമായി കാര്യമില്ലാത്തൊരു വഴക്കിനു നിന്നു കൊടുത്താല്‍ അതു വലിയൊരബദ്ധമായിപ്പോകും. ഡാല്‍മന്‍ അവിടെനിന്നുമിറങ്ങിപ്പോകാന്‍ തീരുമാനിച്ചു. അയാള്‍ എഴുന്നേറ്റപ്പോഴേക്കും കടക്കാരന്‍ ഓടിയെത്തി ക്ഷമാപണം പറഞ്ഞു:
’സെനോര്‍ ഡാല്‍മന്‍, ആ പയ്യന്മാരെ കാര്യമാക്കണ്ട, അവന്മാര്‍ അല്പം കൂടുതല്‍ അകത്താക്കിയിരിക്കുന്നു.’

 
കടക്കാരന് തന്റെ പേരറിയാമായിരുന്നു എന്നത് ഡാല്‍മനെ ആശ്ചര്യപ്പെടുത്തിയില്ല. പക്ഷേ ഈ അനുരഞ്ജനവാക്കുകള്‍ സ്ഥിതി വഷളാക്കിയതേയുള്ളു എന്ന് അയാള്‍ക്ക് തോന്നി. ഈ നിമിഷത്തിനു മുമ്പ് അവരുടെ പ്രകോപനം ഒരജ്ഞാതമുഖത്തിനു നേരെയായിരുന്നു, ആരോടുമല്ലായിരുന്നു; പക്ഷേ ഇപ്പോള്‍ അത് അയാള്‍ക്കു നേരെയുള്ള ഒരാക്രമണമാണ്; തന്റെ പേരിനു നേരെയുള്ളതാണത്. തന്റെ ചുറ്റുമുള്ളവര്‍ അതറിഞ്ഞുമിരിക്കുന്നു. കടക്കാരനെ തള്ളിമാറ്റിക്കൊണ്ട് ഡാല്‍മന്‍ റൗഡികളെ നേരിട്ടു. തന്നെക്കൊണ്ട് അവര്‍ക്കെന്താണു വേണ്ടതെന്ന് അയാള്‍ ആവശ്യപ്പെട്ടു.


ചീനന്റെ ലക്ഷണങ്ങളുള്ള മുരടന്‍ ഉറയ്ക്കാത്ത കാലുകളില്‍ എഴുന്നേറ്റുനിന്നു. ഹുവാന്‍ഡാല്‍മന്റെ മുഖത്തുനോക്കി അവന്‍ അസഭ്യങ്ങള്‍ വിളിച്ചു പറഞ്ഞു. അവന്‍ തന്റെ ലഹരിയെ പെരുപ്പിച്ചു കാട്ടുകയായിരുന്നു. പക്ഷേ ഈ പ്രകടനം ക്രൂരമായൊരു നാട്യമായിരുന്നു. ശാപവചനങ്ങള്‍ക്കും തെറികള്‍ക്കുമിടയില്‍ അവന്‍ നീണ്ടൊരു കത്തി വായുവില്‍ എറിഞ്ഞുപിടിച്ചു. അതുകൊണ്ട് കൈയടക്കം കളിച്ചുകൊണ്ട് അവന്‍ ഡാല്‍മനെ ഒരു കത്തിപ്പയറ്റിനു വെല്ലുവിളിച്ചു. കടക്കാരന്‍ വിറച്ചുകൊണ്ടു തടസ്സം പറഞ്ഞു - ഡാല്‍മന്‍ നിരായുധനാണ്. ആ നേരത്ത് മുന്‍കൂട്ടിക്കാണാനാവാത്ത ഒന്നു സംഭവിച്ചു.
മുറിയുടെ മൂലയില്‍നിന്ന് ആ കിഴവന്‍ ഗൌച്ചോ, തെക്കിന്റെ (തന്റെ തെക്കിന്റെ) പ്രതീകമായിഡാല്‍മന്‍ കണ്ട ആ മനുഷ്യന്‍, അയാള്‍ക്ക് ഉറയൂരിയ ഒരു കത്തി എറിഞ്ഞുകൊടുത്തു. അത് അയാളുടെ കാല്‍ക്കല്‍ വന്നുവീണു. ഡാല്‍മന്‍ വെല്ലുവിളി സ്വീകരിക്കണമെന്ന് തെക്ക് തീരുമാനിച്ചുറച്ചപോലെയായിരുന്നു. കുനിഞ്ഞു കത്തിയെടുക്കുമ്പോള്‍ ഡാല്‍മനു രണ്ടു കാര്യങ്ങള്‍ ബോദ്ധ്യമായി: ഒന്നാമത്, മിക്കവാറും അബോധപൂര്‍വ്വമായ തന്റെയീ പ്രവൃത്തി തന്നെ പോരിനു കടപ്പെടുത്തുന്നുവെന്നും, രണ്ടാമത് തന്റെ ബലംകെട്ട കൈകളില്‍ ആയുധം ഒരു പ്രതിരോധമല്ലെന്നും കൊലയാളിക്കൊരു നീതീകരണം മാത്രമാണതെന്നും. എല്ലാവരേയുംപോലെ അയാളും ഒരിക്കല്‍ കത്തികൊണ്ടു കളിച്ചിട്ടുള്ളതാണ്. പക്ഷേ മല്‍പ്പിടുത്തത്തെയും കഠാരക്കളിയെയും കുറിച്ചുള്ള അയാളുടെ അറിവ് ചില ഉപരിപ്ലവധാരണകള്‍ക്കപ്പുറം പോയില്ല. ആശുപത്രിയിലായിരുന്നുവെങ്കില്‍ ഇതൊന്നും തനിക്കു വന്നുപെടുമായിരുന്നില്ല, അയാളോര്‍ത്തു.
'നമുക്കിറങ്ങാം' മറ്റേയാള്‍ പറഞ്ഞു.


അവര്‍ വെളിയിലേക്കിറങ്ങി. ഡാല്‍മന് ആശയില്ലായിരുന്നുവെന്നതുപോലെ ഭയവുമില്ലായിരുന്നു. വാതില്‍ കടക്കുമ്പോള്‍ അയാളോര്‍ത്തു: സാനിറ്റോറിയത്തിലെ ആദ്യരാത്രിയില്‍ അവര്‍ അയാള്‍ക്കുമേല്‍ സൂചി കുത്തിയിറക്കുമ്പോഴായിരുന്നുവെങ്കില്‍, തുറന്ന ആകാശത്തിനുകീഴെയുള്ള ഈ മരണം, പ്രതിയോഗിയുമായുള്ള മല്‍പിടുത്തം, ഒരു മോചനമായേനെ; ഒരാഹ്ലാദവും ഉത്സവാവേളയുമായേനെ.  ആ രാത്രിയില്‍ തന്റെ മരണം തിരഞ്ഞെടുക്കാനോ സ്വപ്നം കാണാനോ കഴിഞ്ഞിരുന്നെങ്കില്‍ താന്‍ തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ സ്വപ്നം കാണുക, ഈ മരണമായേനേയെന്ന്‍ അയാളോര്‍ത്തു.
കത്തി മുറുകെപ്പിടിച്ചുകൊണ്ട്, ഒരുപക്ഷേ അതെങ്ങനെ പ്രയോഗിക്കണമെന്ന് അയാള്‍ക്കറിവില്ലെന്നും വരാം, ഡാല്‍മന്‍ സമതലത്തിലേക്കിറങ്ങിപ്പോയി.


മാർട്ടിൻ ഫിയെറോ - ഹൊസേ ഹെർണാണ്ടെഥ് എന്ന അർജന്റൈൻ കവിയുടെ ‘മാർട്ടിൻ ഫിയെറോ’ എന്ന ഇതിഹാസം.
ഗൌച്ചോ- തെക്കേ അമേരിക്കയിലെ യൂറോപ്യന്‍ - റഡ് ഇന്ത്യന്‍ സങ്കരവര്‍ഗ്ഗക്കാരായ കാലിമേയ്പുകാര്‍.


English Version

Sunday, April 12, 2015

ബോര്‍ഹസ് - 1983 ആഗസ്റ്റ് 25

index


റയില്‍വേസ്റ്റേഷനിലെ ചെറിയ ക്ലോക്കില്‍ സമയം രാത്രി പതിനൊന്നുമണി കഴിഞ്ഞിരുന്നു. ഞാന്‍ ഹോട്ടലിലേക്കു നടന്നു. മറ്റു പലപ്പോഴും എനിക്കനുഭവമുള്ളപോലെ, പരിചിതമായ സ്ഥലങ്ങള്‍ നമ്മിലുളവാക്കുന്ന ആശ്വാസവും മനോലാഘവവും എനിക്കപ്പോഴുണ്ടായി. വലിയ ഗേറ്റ് തുറന്നു കിടന്നിരുന്നു. കെട്ടിടം ഇരുട്ടിലായിരുന്നു.

ഞാന്‍ ഹാളിലേക്കു കയറി. അവിടെ മങ്ങിയ നീലക്കണ്ണാടികളില്‍ ചട്ടിയില്‍ വളരുന്ന ചെടികള്‍ പ്രതിഫലിച്ചു. അദ്ഭുതമെന്നു പറയട്ടെ, ഹോട്ടല്‍ക്കാരന്‍ എന്നെ തിരിച്ചറിഞ്ഞില്ല. അയാള്‍ എനിക്കു നേരെ രജിസ്റ്റര്‍ എടുത്തു നീട്ടി. ഞാന്‍ മേശപ്പുറത്തു കൊളുത്തിയിട്ടിരുന്ന പേനയെടുത്ത്, വെങ്കലംകൊണ്ടുള്ള മഷിക്കുപ്പിയില്‍ മുക്കി, തുറന്നുവച്ച പുസ്തകത്തിനു മീതെ കുനിഞ്ഞുനിന്നെഴുതാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ആ രാത്രി എനിക്കായി കരുതിവച്ചിരുന്ന അദ്ഭുതങ്ങളില്‍ ആദ്യത്തേതു സംഭവിക്കുന്നത്. എന്റെ പേര്, ജോര്‍ജ് ലൂയി ബോര്‍ഹസ്, ആ പേജില്‍ എഴുതിയിരിക്കുന്നു; മഷി ഉണങ്ങിയിട്ടുമില്ല.

'താങ്കള്‍ അല്പം മുമ്പ് മുകളിലേക്കു കയറിപ്പോയെന്നാണ് ഞാന്‍ കരുതിയത്.' ഹോട്ടല്‍ക്കാരന്‍ പറഞ്ഞു. പിന്നെ അയാള്‍ എന്നെ ഒന്നു സൂക്ഷിച്ചുനോക്കിയിട്ട് സ്വയം തിരുത്തി. 'ക്ഷമിക്കണം സാര്‍, മറ്റേയാളും കാഴ്ചയില്‍ ഏതാണ്ടു താങ്കളെപ്പോലെ തന്നെയായിരുന്നു; താങ്കള്‍ക്ക് അല്പംകൂടി ചെറുപ്പമാണെന്നേയുള്ളൂ.'

'അയാള്‍ ഏതു മുറിയിലാണ്?'

'പത്തൊമ്പതാം നമ്പര്‍ മുറിയാണ് അയാള്‍ ആവശ്യപ്പെട്ടത്' എന്നായിരുന്നു മറുപടി. ഞാന്‍ പേടിച്ചതു പോലെ തന്നെ. ഞാന്‍ പേന ഇട്ടിട്ട് കോണിപ്പടി ഓടിക്കയറി മുകളിലെത്തി. പത്തൊമ്പതാം നമ്പര്‍ മുറി രണ്ടാമത്തെ നിലയിലാണ്. അവിടെ നിന്നു നോക്കിയാല്‍ ചെത്തിവാരാത്ത ഒരു മുറ്റം കാഴ്ചയില്‍ പെട്ടിരുന്നു. ഒരു വരാന്തയും ബഞ്ചും ഉണ്ടായിരുന്നതു പോലെയും തോന്നുന്നു. ഹോട്ടലിലെ ഏറ്റവും മുകളിലത്തെ മുറിയാണത്. ഞാന്‍ വാതില്പിടിയില്‍ കൈവച്ചു. വാതില്‍ തുറന്നു. ലൈറ്റ് അണച്ചിരുന്നില്ല. രൂക്ഷമായ വെളിച്ചത്തിനു കീഴെ ഞാന്‍ എന്നെ തിരിച്ചറിഞ്ഞു. ഞാന്‍ അതാ, ആ ചെറിയ ഇരുമ്പു കട്ടിലില്‍ മലര്‍ന്നു കിടക്കുന്നു - കിഴവനായി, ചടച്ചുണങ്ങി, വിളറിവെളുത്ത്, മച്ചിലേക്കു നോക്കി ഞാന്‍ കിടക്കുകയാണ്. ആ ശബ്ദം എന്റെയടുത്തെത്തി. അതെന്റേതുതന്നെയാണെന്ന് എനിക്ക് വിശ്വാസം വന്നില്ല. എന്റെ റെക്കോഡു ചെയ്ത സംഭാഷണങ്ങളിലെപ്പോലെ വിരസവും ഏകതാനവുമായിരുന്നു അത്.

'വിചിത്രം  തന്നെ.' ആ ശബ്ദം പറഞ്ഞു. ‘നാം രണ്ടുപേരാണ്; അതേസമയം നാം ഒറ്റയാളുമാണ്. എന്നാല്‍ സ്വപ്നങ്ങളില്‍ എന്തു വൈചിത്ര്യവും സാദ്ധ്യമാണല്ലോ.'

'ഇതെല്ലാമൊരു സ്വപ്നമാണെന്നാണോ?' ഞാന്‍ പരിഭ്രാന്തനായി ചോദിച്ചു.

'ഇതെന്റെ അവസാനത്തെ സ്വപ്നം തന്നെയാണ്,' അയാള്‍ പറഞ്ഞു.  എന്നിട്ട് അയാള്‍ മേശയുടെ മാര്‍ബിള്‍ തട്ടിന്മേലിരുന്ന ഒഴിഞ്ഞ കുപ്പി ചൂണ്ടിക്കാണിച്ചു.

'എന്നാല്‍ നിങ്ങള്‍ക്ക് ഈ രാത്രി വരുന്നതിനു മുമ്പ് ഒട്ടേറെ സ്വപ്നങ്ങള്‍ കാണാനുണ്ട്. നിങ്ങള്‍ക്കെത്ര വയസ്സായി?'

'ഇന്നലെ എന്റെ അറുപത്തൊന്നാം പിറന്നാള്‍ ആയിരുന്നു.' ഞാന്‍ അത്ര തീര്‍ച്ചയില്ലാതെ പറഞ്ഞു.

'നിങ്ങള്‍ക്ക് ഈ രാത്രിയെത്തുമ്പോള്‍ നിങ്ങളുടെ എമ്പത്തിനാലാം പിറന്നാള്‍ ഇന്നലെയായിരിക്കും. ഇന്ന് 1983 ആഗസ്റ്റ് 25 ആണ്.'

'അതിനിനി എത്രയോ കൊല്ലമുണ്ട്.' ഞാന്‍ പതുക്കെ പറഞ്ഞു.

'എനിക്കൊന്നുമെടുക്കാനില്ല,' അയാള്‍ പെട്ടെന്നു പറഞ്ഞു. 'ഇനി ഏതുനാള്‍ വേണമെങ്കിലും മരിക്കാന്‍ ഞാന്‍ തയ്യാറായിക്കഴിഞ്ഞു. എനിക്കജ്ഞാതമായ ആ ഒന്നിലേക്ക് ഞാന്‍ അലിഞ്ഞു ചേരും. എന്നിരുന്നാലും എനിക്ക് എന്റെ ഇരട്ടയെ സ്വപ്നം കണ്ടുകൊണ്ടിരിക്കാം. സ്റ്റീവന്‍സണും* കണ്ണാടികളും എനിക്കു സമ്മാനിച്ച ആ തേഞ്ഞ പ്രമേയം!'

സ്റ്റീവന്‍സണെ പരാമര്‍ശിച്ചത് ഒരു അവസാന വിടവാങ്ങലെന്ന നിലയ്ക്കാണ്, അല്ലാതെ പാണ്ഡിത്യപ്രകടനമായിട്ടല്ല എന്നെനിക്കു തോന്നി. ഞാന്‍ അയാള്‍ തന്നെയാണ്. ഞാന്‍ അതു മനസ്സിലാക്കി. എത്ര നാടകീയമായ ജീവിതമുഹൂര്‍ത്തമായാലും അതു മാത്രം പോരാ, അവിസ്മരണീയമായ വാക്യശകലങ്ങള്  ഉരുവിടുന്ന ഒരു ഷേക്സ്പിയറെ സൃഷ്ടിക്കാന്‍. വിഷയം മാറ്റാനായി ഞാന്‍ ഇങ്ങനെ പറഞ്ഞു, 'നിങ്ങള്‍ക്കു വരാനിരിക്കുന്നതെന്താണെന്ന് എനിക്കറിയാം. ഇതേ സ്ഥലത്ത് , താഴത്തൊരു മുറിയില്‍ വച്ച് നാം ഈ ആത്മഹത്യയുടെ കഥ മിനഞ്ഞെടുക്കാന്‍ തുടങ്ങി.'

'അതെ,' മങ്ങിപ്പോയ ഓര്‍മ്മകള്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതുപോലെ അയാള്‍ സാവധാനം പറഞ്ഞു. 'പക്ഷേ അതും ഇതും തമ്മില്‍ ഞാന്‍ സാദൃശ്യമൊന്നും കാണുന്നില്ല. ആ കഥയില്‍ ഞാന്‍ അഡ്‌റോയ്ഡിലേക്ക് ഒരു വണ്‍വേ ടിക്കറ്റെടുക്കുകയാണ്. അവിടെ ഹോട്ടല്‍ ലാ ഡെലിഷ്യായുടെ പത്തൊമ്പതാം നമ്പര്‍ മുറിയിലേക്കു ഞാന്‍ കയറുന്നു. അങ്ങേയറ്റത്തെ മുറി. അതിനുള്ളില്‍ വച്ച് ഞാന്‍ ആത്മഹത്യ ചെയ്യുന്നു.'

'അതിനാല്‍ത്തന്നെയാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്' ഞാന്‍ അയാളോടു പറഞ്ഞു.

'ഇവിടെയോ? നാം ഇവിടെ നിന്നു മാറിയിട്ടേയില്ലല്ലോ. കാലെ മെയ്പൂവിലെ വാടകവീട്ടില്‍ നിങ്ങളെ സ്വപ്നം കണ്ടുകൊണ്ട് ഞാന്‍ ഇതാ ഇവിടെയുണ്ട്. അമ്മ ഉപയോഗിച്ചിരുന്ന മുറിയില്‍ മരണം പ്രതീക്ഷിച്ചു കിടന്നുകൊണ്ട്  ഞാന്‍ ഇതാ ഇവിടെയുണ്ട്.'

'അമ്മയുടെ മുറിയില്‍...' മനസ്സിലാക്കാന്‍ ശ്രമിക്കാതെ ഞാന്‍ ആവര്‍ത്തിച്ചു; ‘ഈ ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ പത്തൊമ്പതാം നമ്പര്‍ മുറിയില്‍വച്ച് ഞാന്‍ നിങ്ങളേയും സ്വപ്നം കാണുകയാണ്.'

'ആര് ആരെയാണ് സ്വപ്നം കാണുന്നത്? ഞാന്‍ നിങ്ങളെ സ്വപ്നം കാണുകയാണെന്ന് എനിക്കറിയാം. എന്നാല്‍ നിങ്ങള്‍ എന്നെ സ്വപ്നം കാണുകയാണോ എന്നു എനിക്കു തീര്‍ച്ചയില്ല. അഡ്‌റോഗിലെ ഹോട്ടല്‍ വളരെക്കാലം മുമ്പ് പൊളിച്ചിറക്കി. ഇരുപതോ മുപ്പതോ കൊല്ലം മുമ്പ്. ആര്‍ക്കറിയാം?'

'ഞാനാണ് സ്വപ്നം കാണുന്നത്,' കുതറുന്നപോലെ ഞാന്‍ പറഞ്ഞു.

'പക്ഷേ പ്രധാനപ്പെട്ട കാര്യം സ്വപ്നം കാണുന്നത് രണ്ടുപേരാണോ അതോ ഒറ്റയാളാണോ എന്നു കണ്ടുപിടിക്കുകയാണ്. അതു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?'

'ഞാന്‍ ബോര്‍ഹസ് ആണ്. രജിസ്റ്ററില്‍ നിങ്ങളുടെ പേരു കണ്ടിട്ട് ഈ മുറിയിലേക്കു കോണി കയറി ഞാന്‍ വന്നു.'

'ഞാനും ബോര്‍ഹസ് ആണ്. കാലെ മെയ്പൂവില്‍ മരണത്തോടടുത്തുകൊണ്ടിരിക്കുകയാണ് ഞാന്‍.'

ഒരു നിമിഷം മൂകത പരന്നു. പിന്നെ മറ്റയാള്‍ പറഞ്ഞു, 'നമുക്കൊന്നു പരീക്ഷിച്ചു നോക്കാം. നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും ഭീതി തോന്നിയ നിമിഷം ഏതായിരുന്നു?'

ഞാന്‍ അയാള്‍ക്കു മേല്‍ കുനിഞ്ഞുനിന്നു. ഞങ്ങള്‍ ഒരേസമയം സംസാരിച്ചു. ഞങ്ങള്‍ പറയുന്നത് കള്ളമാണെന്ന് എനിക്കറിയാമായിരുന്നു. ഒരു ക്ഷീണിച്ച മന്ദഹാസം ആ വൃദ്ധമുഖത്തു പരന്നു. അതേതോ തരത്തില്‍ എന്റെ പുഞ്ചിരിയെ പ്രതിഫലിപ്പിക്കുന്നതായി എനിക്കു തോന്നി.

'നാം പരസ്പരം കള്ളം പറഞ്ഞു,' അയാള്‍ പറഞ്ഞു, 'കാരണം നമ്മള്‍ രണ്ടു പേരാണെന്ന് നാം കരുതുന്നു. യഥാര്‍ത്ഥത്തില്‍ നമ്മള്‍ രണ്ടു പേരാണ്; അതേസമയം ഒറ്റയാളുമാണ്.'

ഈ സംഭാഷണം എനിക്കു മുഷിഞ്ഞു തുടങ്ങിയിരുന്നു. അതു ഞാന്‍ അയാളോടു പറയുകയും ചെയ്തു.

'1983 ല്‍ കിടക്കുന്ന നിങ്ങള്‍ക്ക് എനിക്കിനി വരാനുള്ള വര്‍ഷങ്ങളെക്കുറിച്ച് എന്തെങ്കിലും പറഞ്ഞുതന്നുകൂടേ?'

'എനിക്കെന്തു പറഞ്ഞു തരാനാവും എന്റെ പാവം ബോര്‍ഹസേ? നിങ്ങള്‍ക്കിതിനകം പൊരുത്തമായിക്കഴിഞ്ഞ ആ ദൗര്‍ഭാഗ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ അക്ഷരശൂന്യമായ ഗ്രന്ഥങ്ങളും *സ്വീഡന്‍ബര്‍ഗ് പതക്കവും ഫെഡറല്‍ കുരിശു വച്ച ചെപ്പും സ്പര്‍ശിച്ചറിയും. അന്ധത ഇരുട്ടല്ല, അത്  ഏകാന്തതയുടെ മറ്റൊരു രൂപമത്രെ. നിങ്ങള്‍ ഐസ്‌ലണ്ടിലേക്കു മടങ്ങു.'

'ഐസ്‌ലണ്ടോ! കടലിന്റെ നടുക്കുള്ള...'

'റോമില്‍വച്ച് നിങ്ങള്‍ കീറ്റ്‌സിന്റെ ചില വരികള്‍ ചൊല്ലും. എല്ലാ പേരുകളുംപോലെ അദ്ദേഹത്തിന്റെ പേരും ജലരേഖയായിരുന്നു.'

'അതിന് ഞാന്‍ റോമില്‍ പോയിട്ടേയില്ലല്ലോ.'

'ഇനിയുമുണ്ട്. നിങ്ങള്‍ നമ്മുടെ ഏറ്റവും നല്ല കവിതയെഴുതും. അത് ഒരു വിലാപഗീതമായിരിക്കും.'

ആരുടെ മരണത്തെക്കുറിച്ചാണെന്നു പറയാനോങ്ങിയെങ്കിലും എനിക്കു ധൈര്യം വന്നില്ല.

'അല്ല, അവള്‍ക്കു നിങ്ങളേക്കാള്‍ ആയുസ്സുണ്ട്.' ഞങ്ങള്‍ നിശ്ശബ്ദരായി. പിന്നെ അയാള്‍ ഇങ്ങനെ തുടര്‍ന്നു. 'എഴുതുമെന്ന് നാം ഇത്രയുംകാലം സ്വപ്നം കണ്ടിരുന്ന ആ പുസ്തകം നിങ്ങള്‍ എഴുതും. സ്വന്തം കൃതികളെന്നു കരുതിപ്പോന്നവ വെറും രൂപരേഖകളും കരടുകളും മാത്രമായിരുന്നുവെന്ന് 1979 അടുപ്പിച്ച് നിങ്ങള്‍ക്കു ബോദ്ധ്യമാകും. തന്റെ മഹത്തായ ഒറ്റപ്പുസ്തകമെഴുതാനുള്ള അന്ധവും പൊള്ളയുമായ പ്രലോഭനത്തിന് നിങ്ങള്‍ വഴങ്ങിപ്പോകും. ഗെയ്ഥേയുടെ ഫൗസ്റ്റും, *സലാംബോയും, യുളീസസും നമ്മുടെ മേല്‍ വന്നുപതിക്കാന്‍ കാരണമായത് ആ അന്ധവിശ്വാസമാണ്. എനിക്കു തന്നെ അദ്ഭുതമായിരിക്കുന്നു, ഞാന്‍ ഇതിനകം വളരെയധികം പേജ് നിറച്ചു കഴിഞ്ഞു.'

'തോല്‍വിയിലും മോശമായ ചിലതാണ് സംഭവിച്ചത്. അത് ഒരു മാസ്റ്റര്‍പീസായിരുന്നു - ആ വാക്കിന്റെ ഏറ്റവും മോശമായ അര്‍ത്ഥത്തില്‍. എന്റെ നല്ല ഉദ്ദേശ്യങ്ങള്‍ ആദ്യത്തെ ചില പേജുകള്‍ക്കപ്പുറം പോയില്ല. മറ്റു പേജുകളില്‍ നിറഞ്ഞുകിടന്നത് കുടിലദുര്‍ഗ്ഗങ്ങളും  കത്തികളും താന്‍ ഒരു സ്വപ്നമാണെന്നു കരുതുന്ന മനുഷ്യനും താന്‍ യഥാര്‍ത്ഥമാണെന്നു സ്വയം വിശ്വസിക്കുന്ന പ്രതിബിംബവും രാത്രി പോറ്റുന്ന കടുവകളും, ചോര വാറ്റുന്ന യുദ്ധങ്ങളും അന്ധനും മൃത്യുവശഗനുമായ *ജൂവാന്‍ മുരാനായും *മാസിഡോണിയോ ഫെര്‍ണാണ്ടസിന്‍റെ ശബ്ദവും മൃതരുടെ വിരല്‍നഖങ്ങളാല്‍ തീര്‍ത്ത നൗകയും ദീര്‍ഘകാലമായി പറഞ്ഞുപോരുന്ന സന്ധ്യക്ക് ഉരുവിട്ടു പഠിക്കുന്ന പഴയ ഇംഗ്ലീഷും മറ്റുമാണ്.'

'ആ കാഴ്ചബംഗ്ലാവ് എനിക്കു നല്ല പരിചയമാണ്.' ഒട്ടൊരുപഹാസത്തോടെ ഞാന്‍ പറഞ്ഞു.

'പിന്നെ, അയഥാര്‍ത്ഥമായ സ്മൃതികള്‍, പ്രതീകങ്ങളുടെ കള്ളക്കളി, നീണ്ട പട്ടികകള്‍, വിരസയാഥാര്‍ത്ഥ്യങ്ങള്‍ക്കു രചനാസൗഷ്ഠവം പകരാനുള്ള സാമര്‍ത്ഥ്യം, വിമര്‍ശകര്‍ ഒരിളിയോടെ കണ്ടെത്തുന്ന വികലമായ സമമിതികള്‍, എപ്പോഴും അജ്ഞാതമൂലമാകണമെന്നില്ലാത്ത ഉദ്ധരണികള്‍.'

'നിങ്ങള്‍ ആ പുസ്തകം പ്രസിദ്ധീകരിച്ചോ?'

'അതു തീയിലിട്ടോ മറ്റോ നശിപ്പിക്കുക എന്ന അതിനാടകീയമായ ആശയം ഞാന്‍ കുറേനാള്‍ മനസ്സില്‍ കൊണ്ടുനടന്നു. ഒടുവില്‍ മറ്റൊരു പേരുവച്ച് ഞാന്‍ അതു മാസ്‌റിഡില്‍നിന്നു പ്രസിദ്ധപ്പെടുത്തി. ബോര്‍ഹസിന്റെ ഒരു രണ്ടാംകിട അനുകര്‍ത്താവിന്റെ കൃതിയാണതെന്നും, മൂലമാതൃകയുടെ ഉപരിപ്ലവലക്ഷണങ്ങള്‍ അതിലാവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നും അതിനെക്കുറിച്ചു വിമര്‍ശനമുണ്ടായി.'

'അതില്‍ അദ്ഭുതപ്പെടാനില്ല,' ഞാന്‍ പറഞ്ഞു. 'ഏതൊരെഴുത്തുകാരനും തന്റെ ഏറ്റവും മൂഢനായ ശിഷ്യനായിട്ടാണൊടുങ്ങുക.'

'എന്നെ ഈ രാത്രിയിലേക്കു നയിച്ച വഴികളില്‍ ഒന്ന് ആ പുസ്തകമായിരുന്നു. മറ്റുള്ളവയാണെങ്കില്‍, വാര്‍ദ്ധക്യത്തിന്റെ എളിമ, വരാനുള്ള നാളുകളൊക്കെ ജീവിച്ചു കഴിഞ്ഞവയാണെന്ന  തീര്‍ച്ച...'

'ഞാന്‍ ആ പുസ്തകമെഴുതില്ല.' ഞാന്‍ വാശിയോടെ പറഞ്ഞു.

'നിങ്ങള്‍ അതെഴുതും. ഇപ്പോള്‍ വര്‍ത്തമാനകാലത്തിലുള്ള എന്റെ വാക്കുകള്‍ ഒരു സ്വപ്നത്തിന്റെ അവ്യക്തമായ ഓര്‍മ്മ മാത്രമായി മാറും.’

സിദ്ധാന്തം ഉറപ്പിച്ചു പറയുന്ന രീതിയിലുള്ള അയാളുടെ ആ ശബ്ദം (ക്ലാസ്സുമുറിയില്‍ ഞാന്‍ ഉപയോഗിക്കുന്നതും അതുതന്നെയാണ്) എന്നെ അസ്വസ്ഥനാക്കി. ഞങ്ങള്‍ തമ്മില്‍ അത്ര സാദൃശ്യമുണ്ടെന്നുള്ള വസ്തുതയും മരണാസന്നന്റെ സുരക്ഷാബോധത്തില്‍നിന്ന് അയാള്‍ മുതലെടുത്തേക്കാമെന്ന പേടിയും എന്നെ വ്യാകുലചിത്തനാക്കി. ഒരു തരം പ്രതികാരവാഞ്ഛയോടെ ഞാന്‍ അയാളോടു ചോദിച്ചു, 'മരണമടുത്തുവെന്ന് നിങ്ങള്‍ക്കത്ര തീര്‍ച്ചയായോ?'

'അതെ,' അയാള്‍ പറഞ്ഞു. 'ഇതിനുമുമ്പനുഭവിച്ചിട്ടില്ലാത്ത മധുരമായൊരു ശാന്തിയും അഴിവും എനിക്കിപ്പോള്‍ തോന്നുന്നു. എനിക്കതു പറഞ്ഞു ബോദ്ധ്യപ്പെടുത്താനാവില്ല. ഏതു വാക്കിനും അനുഭവത്തിന്റെ മാധ്യസ്ഥം വേണം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തിയതായി തോന്നുന്നല്ലോ?'

'അതിനു കാരണം നാം തമ്മില്‍ യാതൊരു സാദൃശ്യവുമില്ല എന്നതുതന്നെ. എന്റെ മുഖത്തിന്റെ വികൃതാനുകരണമായ നിങ്ങളുടെ മുഖത്തെ ഞാന്‍ വെറുക്കുന്നു; എന്റെ ശബ്ദത്തെ കൊഞ്ഞനം കുത്തുന്ന നിങ്ങളുടെ ശബ്ദത്തെ ഞാന്‍ വെറുക്കുന്നു; എന്നെ അനുകരിക്കുന്ന നിങ്ങളുടെ ദയനീയമായ ഭാഷാപ്രയോഗത്തെയും ഞാന്‍ വെറുക്കുന്നു.'

'എനിക്കുമതു വെറുപ്പാണ്.' അയാള്‍ പറഞ്ഞു. 'അതുകൊണ്ടാല്ലേ ‍ സ്വയം ജീവനെടുക്കാന്‍ ഞാന്‍  തീരുമാനിച്ചതും.'

തെരുവില്‍ ഒരു കിളി പാടി.

'അതവസാനത്തേതാണ്,’ അയാള്‍ പറഞ്ഞു.'

അയാള്‍ കൈകാട്ടി എന്നെ അടുത്തേക്കു വിളിച്ചു. അയാളുടെ കൈ എന്റെ കൈ പഠിക്കാന്‍ നീണ്ടു. രണ്ടു കൈകളും ഒട്ടിച്ചേര്‍ന്നൊന്നാകുമെന്നു പേടിച്ച് ഞാന്‍ പിന്നോട്ടു മാറി. അയാള്‍ പറഞ്ഞു:

'ഈ ജീവിതം വിട്ടുപോകുന്നതില്‍ ഖേദിക്കരുതെന്ന് *സ്റ്റോയിക്കുകള്‍ നമ്മെ പഠിപ്പിച്ചിട്ടുള്ളതാണല്ലോ. അവസാനം തടവറയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു - ജീവിതത്തെക്കുറിച്ച് ഞാനെന്നും ഈ രീതിയിലേ ചിന്തിച്ചിട്ടുള്ളു. പക്ഷേ ഭീരുത്വം കാരണം ഞാന്‍ അറച്ചുനില്‍ക്കുകയായിരുന്നു. ഏതാണ്ട് പന്ത്രണ്ടു ദിവസം മുമ്പ് ലാ പ്ലാറ്റായില്‍ വച്ച് ഞാന്‍ ഈനിഡിന്റെ ആറാം സര്‍ഗ്ഗത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്തുകയായിരുന്നു. അതിലെ ഒരു ശ്ലോകം ചൊല്ലവെ, പൊടുന്നനേ എന്റെ വഴിയേതെന്ന് എനിക്കു വെളിപാടുണ്ടായി. ഞാന്‍ അന്നു നിശ്ചയമെടുത്തു. ഇനി ഞാന്‍ അതീതനാണെന്ന് ആ നിമിഷം എനിക്കു തോന്നി. എന്റെ ഈ വിധി നിങ്ങള്‍ക്കുമുണ്ടാവും. വിര്‍ജിലിന്റെ കൃതി വായിച്ചു വരവേ, നിങ്ങള്‍ക്ക് ഈ വെളിപാടുണ്ടാവും. സ്ഥലകാലങ്ങളുടെ വിഭിന്നബിന്ദുക്കളില്‍ നടക്കുന്ന, കൗതുകപൂര്‍ണ്ണവും പ്രവചനാത്മകവുമായ ഈ സംഭാഷണം നിങ്ങള്‍ക്ക് അപ്പോള്‍ ഓര്‍മ്മയുണ്ടാവില്ല. നിങ്ങള്‍ ഇതു വീണ്ടും സ്വപ്നം കാണുമ്പോള്‍ നിങ്ങള്‍ ഞാനായിരിക്കും, ഞാന്‍ നിങ്ങളുടെ സ്വപ്നവും.'

'ഞാന്‍ ഇതു മറക്കില്ല. നാളെ ഞാന്‍ ഇതെഴുതിവയ്ക്കാന്‍ പോവുകയാണ്.’

‘ഇതു നിങ്ങളുടെ ഓര്‍മ്മയുടെ കയങ്ങളില്‍, സ്വപ്നത്തിന്റെ വേലിയേറ്റങ്ങള്‍ക്കുമടിയിലായി മുങ്ങിക്കിടക്കും. നിങ്ങള്‍ ഇതെഴുതുമ്പോള്‍ വിചിത്രമായ ഒരു കഥയുണ്ടാക്കുകയാണെന്നാവും നിങ്ങളുടെ വിചാരം. അതെഴുതുന്നത്‌ നാളെയുമാവില്ല. അതിനിനിയും വര്‍ഷങ്ങള്‍ കഴിയണം.’

അയാള്‍ സംസാരിക്കുന്നതു നിര്‍ത്തി; അയാള്‍ മരിച്ചുവെന്നു ഞാന്‍ മനസ്സിലാക്കി. ഒരര്‍ത്ഥത്തില്‍ അയാള്‍ക്കൊപ്പം ഞാനും മരിച്ചിരിക്കുന്നു. ഞാന്‍ ഉത്ക്കണ്ഠയോടെ തലയണയ്ക്കു മുകളിലൂടെ കുനിഞ്ഞു നോക്കി; അവിടെ ആരുമുണ്ടായിരുന്നില്ല.

ഞാന്‍ മുറിയില്‍ നിന്നിറങ്ങിയോടി. വെളിയിലാകട്ടെ മുറ്റമില്ല, മാര്‍ബിള്‍ കോണിപ്പടികളില്ല, നിശ്ശബ്ദമായ ഹോട്ടലില്ല, യൂക്കാലിപ്റ്റസ് മരങ്ങളില്ല, പ്രതിമകളില്ല, കമാനങ്ങളില്ല, ജലധാരായന്ത്രങ്ങളില്ല, അഡ്‌റോഗിലെ ഗ്രാമീണ വസതിയുടെ പടിവാതിലുമില്ല.

വെളിയില്‍ മറ്റു സ്വപ്നങ്ങള്‍ എന്നെ കാത്തിരിക്കുകയായിരുന്നു.


*ഡോ. ജക്കൈലും മി. ഹൈഡും എഴുതിയ ആർ. എൽ. സ്റ്റീവൻസൺ

*സ്വീഡിഷ് ശാസ്ത്രജ്ഞനും ദാർശനികനും മിസ്റ്റിക്കുമായ സ്വീഡൻബോർഗ് (1688-1722)

*ഫ്ളാബേറിന്റെ നോവൽ

*പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അർജന്റൈൻ പയറ്റുകാരൻ

*(1874-1952)- അർജന്റൈൻ എഴുത്തുകാരൻ

* ക്രി.മു. മൂന്നാം നൂറ്റാണ്ടിൽ ഏഥൻസിൽ ജീവിച്ചിരുന്ന സീനോയുടെ അനുയായികൾ



Friday, April 10, 2015

ബോര്‍ഹസ് - വരങ്ങളുടെ രാത്രി

borges


ഫ്‌ളോറിഡാ തെരുവില്‍ പെയ്ഡാഡിനടുത്തുള്ള പഴയ കോണ്‍ഫിറ്റേറിയം ഡെല്‍ അഗ്വിലായില്‍ വച്ച് വളരെക്കൊല്ലം മുമ്പാണ് ഞങ്ങള്‍ ഈ കഥ കേള്‍ക്കുന്നത്. ഞങ്ങള്‍ ജ്ഞാനസിദ്ധാന്തത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയായിരുന്നു. നാം സര്‍വ്വതും ഒരു പൂര്‍വ്വലോകത്തു ദര്‍ശിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും അതിനാല്‍ അറിയുക എന്നാല്‍ തിരിച്ചറിയുക എന്നാണര്‍ത്ഥമെന്നുമുള്ള പ്ലേറ്റോയുടെ സിദ്ധാന്തം ആരോ എടുത്തിട്ടു. അറിവ് ഓര്‍മ്മയാണെങ്കില്‍ അജ്ഞത മറവിയാണെന്ന് ബേക്കണ്‍ എഴുതിയിട്ടുള്ളതായി എന്റെ അച്ഛന്‍, എന്നാണെന്റെ തോന്നല്‍, അപ്പോള്‍ പറഞ്ഞു. മറ്റൊരാള്‍ - വാര്‍ദ്ധക്യത്തോടടുക്കുന്ന ഒരു മനുഷ്യന്‍; അയാള്‍ക്ക് ഈ തത്ത്വശാസ്ത്രമൊന്നും ദഹിക്കുന്നതായി തോന്നിയില്ല - ചര്‍ച്ചയിലിടപെടാന്‍ തീരുമാനിച്ചു. സാവധാനം, ചിന്താപൂര്‍വ്വം അയാള്‍ പറഞ്ഞതിതായിരുന്നു:

തുറന്നുപറഞ്ഞാല്‍, പ്ലേറ്റോയുടെ ആദിരൂപങ്ങളെപ്പറ്റിയുള്ള ഈ സംസാരമൊന്നും എനിക്കു മനസ്സിലാകുന്നില്ല. താന്‍ ആദ്യം മഞ്ഞനിറമോ കറുപ്പുനിറമോ കണ്ടതെന്നാണെന്നോ, അല്ലെങ്കില്‍ ഏതെങ്കിലും പഴം ആദ്യം രുചിച്ചു നോക്കിയതെന്നാണെന്നോ ആര്‍ക്കും ഓര്‍മ്മയുണ്ടാവാറില്ല. ഇതിനു കാരണം, നാമന്നു വളരെ ചെറുപ്പമാകയാല്‍ സുദീര്‍ഘമായൊരു പരമ്പര തുടങ്ങിവയ്ക്കുകയാണെന്നറിയാന്‍ നമുക്കു കഴിയാതെ പോകുന്നതാകാം. അതേസമയം ആരും മറക്കാത്ത മറ്റുചില ആദ്യമുഹൂര്‍ത്തങ്ങളുണ്ട്. എന്റെ ജീവിതത്തിലെ ഒരു പ്രത്യേക രാത്രി എനിക്കു നല്‍കിയതെന്താണെന്ന് ഞാന്‍ നിങ്ങളോടു പറയാം: ഞാന്‍ പലപ്പോഴും ഓര്‍ക്കുന്ന ഒരു രാത്രി: 1874 ഏപ്രില്‍ മുപ്പതാം തീയതി രാത്രി.

അന്നൊക്കെ വേനലവധി കൂടുതല്‍ നാളുണ്ടായിരുന്നു; പക്ഷേ ഞങ്ങള്‍ ആ ദിവസം വരെ ബ്യൂണേഴ്‌സ് അയഴ്‌സില്‍നിന്നു മാറിനിന്നതെന്തിനാണെന്ന് എനിക്കറിയില്ല. ഞങ്ങള്‍ അമ്മാവന്റെ മക്കളായ ഡോര്‍ണാകളുടെ കൃഷിക്കളത്തിലായിരുന്നു താമസം; ലോ ബോസില്‍നിന്ന് അധികം ദൂരമില്ല. ആ സമയത്ത് കാലിനോട്ടക്കാരില്‍ ഒരാളായ റുഫിനോ എനിക്ക് നാട്ടുമ്പുറത്തെ കാര്യങ്ങള്‍ പരിചയപ്പെടുത്തിത്തന്നു. ഞാന്‍ പതിമൂന്നിലേക്കു കടക്കുകയാണ്. അവന് എന്നേക്കാള്‍ അല്പം പ്രായം കൂടും; സാഹസക്കാരനെന്ന ഖ്യാതിയും അവനുണ്ടായിരുന്നു. ചുണയും മെയ്‌വഴക്കവുമുള്ളവന്‍. പിള്ളേര്‍ കരിഞ്ഞ കമ്പുകള്‍കൊണ്ട് കത്തിപ്പയറ്റു കളിക്കുമ്പോള്‍ മുഖത്തു കരി പുരളുന്നത് എപ്പോഴും റുഫിനോയുടെ പ്രതിയോഗിക്കായിരിക്കും. ഒരു വെള്ളിയാഴ്ച ദിവസം റുഫിനോ ഒരു നിര്‍ദ്ദേശം വച്ചു. അല്പം നേരംപോക്കിനുവേണ്ടി പിറ്റേന്നു രാത്രി പട്ടണത്തില്‍ പോകാമെന്ന്. ഞാന്‍ അതില്‍ കയറിപ്പിടിച്ചുവെന്നു പറയേണ്ടതില്ലല്ലോ; അതേസമയം അതിന്റെ സംഗതികളെക്കുറിച്ച് എനിക്കത്ര പിടിയൊന്നും ഉണ്ടായിരുന്നതുമല്ല. എനിക്കു നൃത്തം ചെയ്യാന്‍ അറിയില്ലെന്ന് ഞാന്‍ മുന്‍കൂട്ടിത്തന്നെ അവനോടു പറഞ്ഞിരുന്നു. അതു പഠിക്കാന്‍ എളുപ്പമാണെന്നായിരുന്നു അവന്റെ മറുപടി.

ശനിയാഴ്ച അത്താഴം കഴിഞ്ഞ് ഏഴരയായപ്പോള്‍ ഞങ്ങള്‍ പുറപ്പെട്ടു. റുഫിനോ ഏതോ വിരുന്നിനു പോകുന്നവനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നു; ബല്‍റ്റില്‍ അവന്‍ ഒരു വെള്ളിക്കത്തിയും തിരുകിയിരുന്നു. അതുപോലെ ഒരു ചെറുകത്തി എനിക്കുമുണ്ടായിരുന്നു; എങ്കിലും, ആളുകള്‍ കണ്ടാല്‍ ചിരിക്കുമെന്നു പേടിച്ച് ഞാന്‍ അതെടുത്തില്ല. അധികനേരം കഴിയുംമുമ്പ് വീടുകള്‍ കണ്ടുതുടങ്ങി. നിങ്ങളില്‍ ആരെങ്കിലും ലോബോസില്‍ പോയിട്ടുണ്ടാവുമെന്ന് എനിക്കു തോന്നുന്നില്ല. അതില്‍ എന്തെങ്കിലും കാര്യമുണ്ടെന്നല്ല. ഒന്നു മറ്റൊന്നു കണക്കെയല്ലാത്ത ഏതെങ്കിലും കൊച്ചുപട്ടണം അര്‍ജന്റീനയിലുണ്ടോ? എന്തിന്, മറ്റുള്ളവയില്‍നിന്നു വ്യത്യസ്തമാണെന്നു ചിന്തിക്കുന്നതുപോലും അവയുടെ പൊതുലക്ഷണമാണ്! എല്ലാറ്റിനും അതേ നിരപ്പില്ലാത്ത ഇടവഴികള്‍, അതേ വെളിസ്ഥലങ്ങള്‍, അതേ ഒറ്റനില വീടുകള്‍. ഇതിനൊക്കെയിടയില്‍ ഒരു കുതിരസവാരിക്കാരനു പ്രാധാന്യം വന്നുപോകും.

ഞങ്ങള്‍ ഏതോ തെരുവിന്റെ വളവില്‍ ഇളംനീലയോ ഇളംചുവപ്പോ ചായമടിച്ച ഒരു വീടിനു മുന്നില്‍ ചെന്നിറങ്ങി; ലാ എസ് ട്രെലാ എന്നൊരു ബോര്‍ഡും വീടിനു മുന്നിലുണ്ടായിരുന്നു. കുതിരകളെ കെട്ടുന്ന തൂണില്‍ നല്ല ജീനിയുള്ള ചില കുതിരകളെ കെട്ടിയിരുന്നു. പാതി തുറന്നു കിടന്ന മുന്‍വാതിലിലൂടെ ഒരു വെളിച്ചത്തിന്റെ ചീളു കണ്ടു. നടന്നു ചെല്ലുന്നതിനൊടുവിലായി, ഇരുവശം തടിബഞ്ചുകള്‍ ഇട്ടിരുന്ന, ഒരു വലിയ മുറി; ബഞ്ചുകള്‍ക്കിടയില്‍ എങ്ങോട്ടു തുറക്കുന്നതെന്നറിയാത്ത കുറേ ഇരുളടഞ്ഞ വാതിലുകള്‍. മഞ്ഞപ്പൂടയുള്ള ഒരു കൊച്ചു നായ്ക്കുട്ടി എന്നെ സ്വാഗതം ചെയ്യാന്‍ കുരച്ചുകൊണ്ട് അടുത്തേക്കോടി വന്നു. പൂക്കളുടെ പടമുള്ള ഗൗണുകള്‍ ധരിച്ച അരഡസനോളം പെണ്ണുങ്ങള്‍ മുറിക്കുള്ളിലേക്കു വരികയും പുറത്തേക്കു പോവുകയും ചെയ്തുകൊണ്ടിരുന്നു. ആപാദചൂഡം കറുത്തവസ്ത്രം ധരിച്ച ഒരു മാന്യസ്ത്രീയാണെന്നു തോന്നി വീട്ടുടമസ്ഥ. റുഫിനോ അവരോടു പറഞ്ഞു. ''ഞാനൊരു പുതിയ ചങ്ങാതിയെ കൊണ്ടുവന്നിട്ടുണ്ട്; പക്ഷേ അവന്‍ അത്ര വലിയ സവാരിക്കാരനൊന്നുമല്ല.''

''സാരമില്ല,'' ആ സ്ത്രീ പറഞ്ഞു. “അവന്‍ പെട്ടെന്നു പഠിച്ചെടുത്തോളും.''

എനിക്കു നാണക്കേടു തോന്നി. അവരുടെ ശ്രദ്ധ തിരിക്കാനായി, അതല്ലെങ്കില്‍ ഞാനിനിയും കുട്ടിപ്രായം കടന്നിട്ടില്ലെന്ന് അവരെ കാണിക്കാനാകാം, ഞാന്‍ ഒരു ബഞ്ചിന്റെ അറ്റത്തിരുന്ന് നായ്ക്കുട്ടിയെ കളിപ്പിക്കാന്‍ തുടങ്ങി. ഒരു മേശപ്പുറത്ത് കുറെ മെഴുകുതിരികള്‍ കത്തുന്നുണ്ടായിരുന്നു; പിന്നിലായി ഒരു കോണില്‍ ഒരു സ്റ്റൌവുണ്ടായിരുന്നതായും ഞാന്‍ ഓര്‍ക്കുന്നുണ്ട്. എതിരെയുള്ള വെള്ളയടിച്ച ചുവരില്‍ സഹായമാതാവിന്റെ ഒരു ചിത്രമുണ്ടായിരുന്നു.

തമാശപറച്ചിലുകള്‍ക്കിടയില്‍ ഒരാള്‍ ഒരു ഗിത്താറില്‍ ശ്രുതിയിടാന്‍ പണിപ്പെടുകയായിരുന്നു. വെറും ധൈര്യക്കുറവുകൊണ്ടാണ്, എനിക്കു നേരെ ഒരു ഗ്ലാസ്സ് ജിന്‍ വച്ചു നീട്ടിയപ്പോള്‍ ഞാന്‍ അതു നിരസിച്ചില്ല.  കനലുപോലെ അതെന്റെ വായ പൊള്ളിച്ചു. സ്ത്രീകളുടെ കൂട്ടത്തില്‍ ഒരുത്തിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു; അവള്‍ മറ്റുള്ളവരില്‍നിന്നും വേറിട്ടു നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. അവളുടെ പേര് മറ്റുള്ളവര്‍ പറഞ്ഞുകേട്ടത് ലാ കാറ്റീവാ - തടവുകാരി - എന്നാണ്. റെഡ് ഇന്ത്യക്കാരുടേതായ എന്തോ ഒന്ന് അവളെ ചൂഴ്ന്നു നില്‍പ്പുണ്ടായിരുന്നു; പക്ഷേ അവളുടെ മുഖം ചിത്രത്തിലെഴുതിയപോലിരുന്നു; കണ്ണുകള്‍ വിഷാര്‍ദാര്‍ദ്രങ്ങളായിരുന്നു. ഞാന്‍ അവളെ നോക്കിനില്‍ക്കുന്നത് റൂഫിനോ കണ്ടു.

'ആ ആക്രമണത്തിന്റെ കഥ ഒന്നുകൂടി പറയൂ - ഞങ്ങള്‍ ഒന്നോര്‍മ്മ പുതുക്കട്ടെ,'' അവന്‍ അവളോടു പറഞ്ഞു.

തനിക്കു ചുറ്റും ആരുമില്ലെന്നപോലെ അവള്‍ പറഞ്ഞുതുടങ്ങി. അവള്‍ക്കു മറ്റൊരു ചിന്തയില്ലെന്നും അവളുടെ ജീവിതത്തില്‍ ഇതൊന്നേ സംഭവിച്ചിട്ടുള്ളുവെന്നും എനിക്കെന്തുകൊണ്ടോ തോന്നിപ്പോയി.

“അവരെന്നെ കാറ്റാമാര്‍കായില്‍നിന്നു കൊണ്ടുവരുമ്പോള്‍ ഞാന്‍ തീരെ ചെറുപ്പമായിരുന്നു,” അവള്‍ പറഞ്ഞു. “റെഡ്ഇന്ത്യക്കാരുടെ ആക്രമണങ്ങളെക്കുറിച്ച് എനിക്കെന്തറിയാം? സാന്താ ഐറിനില്‍വച്ച് ഞങ്ങള്‍ അത്തരം കാര്യങ്ങളെക്കുറിച്ചു മിണ്ടാറുതന്നെയില്ലായിരുന്നു; ഞങ്ങള്‍ക്കത്ര പേടിയായിരുന്നു. ഒടുവില്‍, ഒരു രഹസ്യം മറനീക്കിയെടുക്കുന്നതുപോലെ ഞാന്‍ അതു കണ്ടുപിടിച്ചു: റെഡ് ഇന്ത്യക്കാര്‍ ഒരു മേഘപടലം പോലെ വന്നിറങ്ങി ആളുകളെ കൊന്നൊടുക്കുകയും കാലികളെ മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്യും. സ്ത്രീകളെ അവര്‍ പമ്പായിലേക്കെടുത്തുകൊണ്ടുപോകും. ഇതൊന്നും വിശ്വസിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ സഹോദരന്‍ ലൂക്കാസ് - റെഡ് ഇന്ത്യക്കാര്‍ പിന്നീടവനെ കുന്തംകൊണ്ടു കുത്തിക്കൊന്നു - ഇതൊക്കെ നുണയാണെന്ന് ആണയിട്ടു പറഞ്ഞു. പക്ഷേ ഒന്നുണ്ട്; ഒരു സംഗതി സത്യമാണെന്നുണ്ടെങ്കില്‍, അതൊരിക്കല്‍ കേട്ടാല്‍ മതി, നിങ്ങള്‍ക്കതു സത്യമാണെന്നു ബോദ്ധ്യമാകും. റെഡ് ഇന്ത്യക്കാരെ പ്രീതിപ്പെടുത്താന്‍ ഗവണ്മെന്റ് മദ്യവും ചായയുമൊക്കെ നല്‍കിയിട്ടെന്താ, എന്തു ചെയ്യണമെന്ന് അവരെ ഉപദേശിക്കാന്‍ കൗശലക്കാരായ മന്ത്രവാദികളുണ്ട്. അവരുടെ നേതാവിന്റെ ഒരു വാക്കു മതി, കോട്ടകള്‍ക്കിടയില്‍ വളരെയകലത്തായി കിടക്കുന്ന ഒരു കൃഷിക്കളത്തെ വന്നാക്രമിക്കാന്‍. അതിനെക്കുറിച്ചുതന്നെ ചിന്തിച്ചു ചിന്തിച്ച് ഒടുവില്‍ അവരിങ്ങു വന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുന്നോ എന്നുപോലും തോന്നിപ്പോയി. അസ്തമയസൂര്യന്റെ ദിശയില്‍ അവരുടെ വരവു നോക്കിനില്‍ക്കാനും ഞാന്‍ പഠിച്ചു.”

ഒരു നിമിഷനേരം ചിന്തയില്‍ മുഴുകി അവള്‍ നിന്നു: പിന്നെ അവള്‍ വീണ്ടും പറഞ്ഞുതുടങ്ങി. “തെക്കന്‍കാറ്റ് അവരെ കൂട്ടിക്കൊണ്ടുവന്ന മാതിരിയായിരുന്നു. ഒരു ചളിക്കുളത്തില്‍ ഞെരിഞ്ഞില്‍ വളര്‍ന്നുനില്ക്കുന്നതു ഞാന്‍ കണ്ടു; അന്നു രാത്രി ഞാന്‍ റെഡ്ഇന്ത്യക്കാരെ സ്വപ്നം കണ്ടു പുലര്‍ച്ചയ്ക്കാണ് അതു സംഭവിച്ചത്. ഞങ്ങളറിയുന്നതിനുമുമ്പേ മൃഗങ്ങള്‍ അതറിഞ്ഞിരുന്നു - ഭൂകമ്പമുണ്ടാകുമ്പോള്‍ നടക്കുന്നതുപോലെതന്നെ. മാടുകള്‍ അസ്വസ്ഥരായിരുന്നു; പക്ഷികള്‍ ആകാശത്തു വട്ടം ചുറ്റിപ്പറന്നു. ഞാനെപ്പോഴും നോക്കിനില്ക്കാറുണ്ടായിരുന്ന ദിക്കിലേക്ക് ഞങ്ങള്‍ ഓടിവന്നു നോക്കി.”

“ആരാണു നിനക്കു മുന്നറിയിപ്പു തന്നത്?” ആരോ ചോദിച്ചു.

അവള്‍ വിദൂരമനസ്‌കയായി  അവസാനവാക്യം ആവര്‍ത്തിച്ചു, “ഞാനെപ്പോഴും നോക്കിനില്ക്കാറുണ്ടായിരുന്ന ദിക്കിലേക്ക് ഞങ്ങള്‍ ഓടിവന്നുനോക്കി. മരുഭൂമിയൊന്നാകെ ചലിച്ചുതുടങ്ങിയതു പോലെയായിരുന്നു. ജനലഴികള്‍ക്കിടയിലൂടെ അവരേക്കാള്‍ മുമ്പേ അവരുയര്‍ത്തിയ പൊടിപടലത്തിന്റെ മേഘം ഞങ്ങള്‍ കണ്ടു. അത് ആക്രമിക്കാന്‍ വരുന്ന ഒരു സംഘമായിരുന്നു. വായില്‍ കൈ കൊണ്ടടിച്ചു കുരവയിട്ടുകൊണ്ട് അവര്‍ പാഞ്ഞടുക്കുകയായിരുന്നു. ഞങ്ങളുടെ പക്കല്‍ ചില തോക്കുകളുണ്ടായിരുന്നു; അവ പക്ഷേ ഒച്ചയുണ്ടാക്കാനും, അങ്ങനെ ഇന്ത്യക്കാരെ കൂടുതല്‍ കിരാതന്മാരാക്കാനുമേ ഉപകരിക്കൂ.”

മനഃപാഠമാക്കിയ ഏതോ പ്രാര്‍ത്ഥന ഉരുവിടുകയാണെന്നപോലെ ലാ കാറ്റീവ കഥ തുടരുകയായിരുന്നു; പക്ഷേ തെരുവില്‍ മരുഭൂമിയിലെ ഇന്ത്യക്കാര്‍ വന്നിറങ്ങുന്നതും അവരുടെ പോര്‍വിളികളും ഞാന്‍ കേട്ടു. ഒരു പൊട്ടിത്തെറി കേട്ടു; അതിനുപിന്നാലെ ഏതോ സ്വപ്നശകലത്തിലെ അശ്വാരൂഢരെപ്പോലെ അവര്‍ മുറിക്കുള്ളിലെത്തിക്കഴിഞ്ഞു. അവര്‍ സ്ഥലത്തെ ചട്ടമ്പികളായിരുന്നു. ഇപ്പോള്‍, എന്റെ ഓര്‍മ്മയില്‍, അവര്‍ നല്ല പൊക്കമുള്ളവരായി കാണപ്പെടുന്നു. അവരുടെ തലവനായി വന്നയാള്‍ വാതില്ക്കല്‍ നിന്ന റൂഫിനോവിനെ തള്ളിമാറ്റി കടന്നുവന്നു. റുഫിനോയുടെ മുഖം വിളറി; അവന്‍ വഴിയില്‍നിന്നു മാറിനിന്നു. അതേവരെ ഇളകാതിരിക്കുകയായിരുന്ന ആ കറുത്തവസ്ത്രക്കാരി ഇരുന്നിടത്തു നിന്നെഴുന്നേറ്റു.

“അല്ലാ, ഇതു ജൂവാന്‍ മൊരെയ്‌രാ ആണല്ലോ!” അവര്‍ പറഞ്ഞു,

ഇത്രയുംകാലം കഴിഞ്ഞിരിക്കുന്നതിനാല്‍, എന്റെ ഓര്‍മ്മയില്‍ ഇന്നുള്ളത് ഞാനന്നു രാത്രി കണ്ട മനുഷ്യന്‍ - കവര്‍ച്ചക്കാരന്‍ മൊരെയ്‌രാ ആണോ, അതോ പിന്നീടു പലപ്പോഴും കാലിച്ചന്തകളില്‍ കാണാറുള്ള മറ്റൊരാളാണോയെന്ന് എനിക്കറിയാനാവുന്നില്ല. മൊരെയ്‌രായെക്കുറിച്ചുള്ള നാടകങ്ങളിലെ കഥാപാത്രത്തിന്റെ നീണ്ടിടതൂര്‍ന്ന  മുടിയും കറുത്ത താടിയും എന്റെ ഓര്‍മ്മയില്‍ വരുന്നുണ്ട്; അതേസമയം തന്നെ വസൂരിക്കല കുത്തിയ ഒരു തുടുത്ത മുഖവും ഞാനോര്‍ക്കുന്നു. ആ കൊച്ചു നായ്ക്കുട്ടി അയാളെ സ്വാഗതം ചെയ്യാനായി തിരക്കിട്ടോടിച്ചെന്നു. ഒരൊറ്റ ചാട്ടവാറടികൊണ്ട് അയാള്‍ അതിനെ തറയില്‍ അടിച്ചുമലര്‍ത്തിയിട്ടു. അത് വായുവില്‍ കാലുകളിട്ടു തൊഴിച്ചുകൊണ്ടു ചത്തുവീണു. ഇവിടെയാണ് എന്റെ കഥ യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത്.

ശബ്ദം കേള്‍പ്പിക്കാതെ ഞാന്‍ ഒരു വാതിലിനടുത്തേക്കു നീങ്ങി; വാതിലിനപ്പുറം ഇടുങ്ങിയ ഒരു നടവഴിയും ഒരു കോണിപ്പടിയുമുണ്ടായിരുന്നു. മുകള്‍നിലയിലെത്തി ഞാന്‍ ഇരുട്ടടച്ച ഒരു മുറിയില്‍ കയറിയൊളിച്ചു. തീരെ പൊക്കം കുറഞ്ഞ ഒരു കട്ടിലൊഴിച്ചാല്‍ ആ മുറിയില്‍ പിന്നെ മറ്റെന്തൊക്കെയുണ്ടായിരുന്നുവെന്ന് എനിക്കിന്നുമറിയില്ല. ഞാന്‍ കിടുങ്ങി വിറയ്ക്കുകയായിരുന്നു. താഴെ ഒച്ചവയ്പു നിലച്ചിരുന്നില്ല; ചില്ലു പൊട്ടിത്തകരുന്നതും കേട്ടു. ഒരു സ്ത്രീയുടെ കാല്‍ച്ചുവടുകള്‍ കോണി കയറിവരുന്നതു ഞാന്‍ കേട്ടു; വെളിച്ചത്തിന്റെ ഒരു കീറ് മിന്നിമറഞ്ഞു. പിന്നെ ലാ കാറ്റീവായുടെ ശബ്ദം എന്നെ അടക്കത്തില്‍ വിളിച്ചു. “ഞാനിവിടെയുള്ളത് ആളുകളെ സല്‍ക്കരിക്കാന്‍ തന്നെയാണ് - പക്ഷേ സമാധാനപ്രിയരെ മാത്രം,” അവള്‍ പറഞ്ഞു. “അടുത്തു വരൂ. ഞാന്‍ നിന്നെ ഉപദ്രവിക്കുകയൊന്നുമില്ല.” അവള്‍ ഗൗണ്‍ ഊരിമാറ്റിയിരുന്നു. ഞാന്‍ അവളുടെ അരികത്തുകിടന്നുകൊണ്ട് വിരലുകളാല്‍ അവളുടെ മുഖം പരതി. എത്ര സമയം കഴിഞ്ഞുവെന്ന് എനിക്കൊരൂഹവും ഉണ്ടായില്ല. ഞങ്ങള്‍ ഒരു വാക്കോ ഒരു ചുംബനമോ കൈമാറിയില്ല. ഞാന്‍ അവളുടെ മുടിയുടെ പിന്നലഴിച്ചു; എന്റെ കൈകള്‍ അവളുടെ നീണ്ട മുടിയിഴകളില്‍ വിഹരിച്ചു, അതിപ്പിന്നെ ഞങ്ങള്‍ അന്യോന്യം കണ്ടിട്ടില്ല; അവളുടെ യഥാര്‍ത്ഥമായ പേരെന്താണെന്ന് എനിക്കിന്നുമറിയില്ല.

ഒരു വെടിയൊച്ച ഞങ്ങളെ ഞെട്ടിച്ചു. ലാ കാറ്റീവ പറഞ്ഞു. “നീ മറ്റേ കോണി വഴി രക്ഷപ്പെട്ടോളൂ.”

ഞാന്‍ അതുവഴിയിറങ്ങി; ചെന്നെത്തിയത് അഴുക്കുനിറഞ്ഞ ഒരിടവഴിയിലാണ്. നല്ല നിലാവുള്ള രാത്രിയായിരുന്നു. ആന്ദ്രേ ചിരിനോ എന്ന പൊലീസ് സാര്‍ജന്റ് ബയണറ്റുറപ്പിച്ച റൈഫിളുമായി മതിലിനരികില്‍ കാത്തുനില്ക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: “താന്‍ ഇത്ര നേരത്തെ എഴുന്നേല്ക്കുന്നയാളാണല്ലേ.”

ഞാന്‍ എന്തോ മറുപടി പറഞ്ഞിരിക്കണം; പക്ഷേ അയാള്‍ അതു ശ്രദ്ധിക്കുകയായിരുന്നില്ല. ഒരാള്‍ ഭിത്തിക്കു മുകളില്‍നിന്നു താഴേയ്ക്കു നിരങ്ങിയിറങ്ങുകയായിരുന്നു. സാര്‍ജന്റ് ഒറ്റക്കുതിപ്പിന് ബയണറ്റ് അയാളുടെ മാംസത്തില്‍ കുത്തിയിറക്കി. അയാള്‍ താഴേക്കു ചടഞ്ഞുവീണു; വീണിടത്തു മലര്‍ന്നുകിടന്ന് അയാള്‍ ഞരങ്ങി; മുറിവില്‍നിന്നു ചോര കുത്തിയൊലിച്ചു. ഞാന്‍ ആ നായ്ക്കുട്ടിയെ ഓര്‍ത്തു. ആ മനുഷ്യന്റെ കഥ തീര്‍ക്കാനായി ചിരിനൊ വീണ്ടും ബയണറ്റ് കുത്തിയിറക്കി.

“ഇത്തവണ നീ രക്ഷപ്പെടില്ല. മൊരെയ്‌രാ,” ആഹ്ലാദത്തോടെ അയാള്‍ പറഞ്ഞു.

വീടു വളഞ്ഞിരിക്കുകയായിരുന്ന പോലീസുകാര്‍ നാലുചുറ്റും നിന്ന് ഓടിയെത്തി; അവര്‍ക്കു പിന്നാലെ അയല്‍വാസികളും വന്നുകൂടി. സാര്‍ജന്റ് ബയണറ്റ് വലിച്ചൂരിയത് നല്ലൊരു ശ്രമത്തിനുശേഷമാണ്. സകലര്‍ക്കും അയാളുടെ കൈ പിടിച്ച് ഒന്നു കുലുക്കിയേ പറ്റൂ.

ഞാന്‍ കണ്ടതൊക്കെ അവിടെ കൂടിയവരോടു പറഞ്ഞുനടന്നു. പിന്നെ പെട്ടെന്നെനിക്കു ക്ഷീണം തോന്നി; നേരിയ പനി തന്നെയുണ്ടായിരിക്കണം. ഞാന്‍ അവിടെനിന്നൂരിപ്പോന്ന്, റൂഫിനോവിനേയും കണ്ടുപിടിച്ചു വീട്ടിലേക്കു തിരിച്ചു. കുതിരപ്പുറത്തിരുന്നുകൊണ്ട് ഞങ്ങള്‍ വിളറിയ പുലരിവെളിച്ചം കണ്ടു. എനിക്കു ക്ഷീണമായിരുന്നില്ല: സംഭവങ്ങളുടെ ആ കുത്തൊഴുക്കില്‍പ്പെട്ട് എന്റെ തല ചുറ്റിപ്പോവുകയായിരുന്നു.

“ആ രാത്രിയുടെ മഹാനദിയില്‍പെട്ട്,” അയാള്‍ പറഞ്ഞുനിര്‍ത്തിയപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞു.

“അതു ശരിയാണ്,” അയാള്‍ സമ്മതിച്ചു. “ഏതാനും ചില മണിക്കൂറുകളുടെ ഹ്രസ്വമായ ഇടവേള കൊണ്ട് ഞാന്‍ പ്രണയമെന്താണെന്നറിഞ്ഞു, മരണം നേരില്‍ കാണുകയും ചെയ്തു. സര്‍വ്വമനുഷ്യര്‍ക്കും സര്‍വ്വകാര്യങ്ങളും വെളിപ്പെട്ടുകിട്ടുന്നു - എല്ലാമില്ലെങ്കില്‍ മനുഷ്യനറിയാന്‍ അനുമതിയുള്ള കാര്യങ്ങളെങ്കിലും. പക്ഷേ എന്റെ കാര്യത്തിലാകട്ടെ, രണ്ടടിസ്ഥാനസംഗതികള്‍ ഒറ്റരാത്രിയില്‍ത്തന്നെ എനിക്കു വെളിപ്പെട്ടുകിട്ടി. ഇപ്പോന്ന വര്‍ഷങ്ങളുടനീളം ഞാന്‍ ഇക്കഥ എത്രയോ തവണ പറഞ്ഞുകേള്‍പ്പിച്ചിരിക്കുന്നു. ഇന്നിപ്പോള്‍, എന്റെ ഓര്‍മ്മയിലുള്ളത് അന്നു നടന്നതു തന്നെയാണോ അതോ എന്റെ വാക്കുകളാണോ എന്ന്‍ എനിക്കറിയാതായിരിക്കുന്നു. ആ റെഡ് ഇന്ത്യന്‍ ആക്രമണത്തിന്റെ കാര്യത്തില്‍ ലാ കാറ്റീവക്കും ഇതുതന്നെയാവാം സംഭവിച്ചിരിക്കുക. മൊരിയേരായെ കൊല്ലുന്നതു കണ്ടുനിന്നത് ഞാന്‍ തന്നെയാണോ അതോ മറ്റൊരാളായിരുന്നോ എന്നതും ഇപ്പോള്‍ പ്രശ്‌നമല്ല.”


ബോർഹസ് - നമ്മുടെ ഇന്നലെകളെല്ലാം

Jorge_L_Borges


എനിക്കറിയണം: ഞാനായിരുന്ന പലരിൽ
എന്റെ ഭൂതകാലമാരുടേതായിരുന്നു?
ആഹ്ളാദത്തോടെ ചില ലാറ്റിൻ ഷഡ്പദികൾ
-വർഷങ്ങളും ദശകങ്ങളും തുടച്ചുമാറ്റിയ വരികൾ-
ഉരുവിട്ടു പഠിച്ച ജനീവയിലെ ബാലന്റെ?
പുലികളുടെയും കടുവകളുടെയും വന്യരൂപങ്ങളറിയാൻ,
കവിളൂതിവീർപ്പിച്ച മാലാഖക്കുഞ്ഞുങ്ങളെപ്പോലെ
കൊടുങ്കാറ്റുകളെ വരച്ചിട്ട പ്രാചീനഭൂപടങ്ങൾ കാണാൻ
അച്ഛന്റെ ഗ്രന്ഥശാലയരിച്ചുപെറുക്കിയ കുട്ടിയുടെ?
അന്ത്യശ്വാസം വലിച്ചുകൊണ്ടു കിടക്കുന്നൊരാളെ
കതകു തുറന്നു നോക്കിനിന്നവൻ, അതെ,
മരവിക്കുന്ന മുഖത്തെ, മരിക്കുന്ന മുഖത്തെ,
എന്നെന്നേക്കുമായി വിട്ടുപോകുന്ന മുഖത്തെ
പുലരിയുടെ വെണ്മയിൽ ചുംബിച്ച കുട്ടിയുടെ?
ഇന്നില്ലാത്തവർ, അവരെല്ലാമാണു ഞാൻ.
ഈ അന്തിവെയിലിൽ, എന്തിനെന്നില്ലാതെ,
ആ മറഞ്ഞുപോയവരെല്ലാമാണു ഞാൻ.

(1974)


Thursday, April 9, 2015

ബോര്‍ഹസ് - ഇടയ്ക്കു കയറിയവള്‍

imagesSaul and David


...നിന്‍പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.

2 ശമുവേല്‍ 1:26

 

ഈ കഥ ആദ്യം പറയുന്നത് നെല്‍സണ്‍ സഹോദരങ്ങളില്‍ ഇളയ ആളായ എഡ്വാര്‍ഡോ ആണെന്നും, മൊറോണ്‍ ജില്ലയില്‍ വച്ച് കുറേക്കാലം മുമ്പ് (തൊണ്ണൂറിനിപ്പുറം) ഉറക്കത്തില്‍ മരിച്ചുപോയ ജ്യേഷ്ഠന്‍ ക്രിസ്റ്റ്യന്റെ ജഡത്തിനു മുന്നില്‍ ഉറക്കമൊഴിച്ചിരിക്കുന്ന വേളയിലാണ് അവന്‍ ഇതു പറഞ്ഞതെന്നുമാണ് ജനസംസാരം. പക്ഷേ അങ്ങനെ വരാന്‍ വഴി കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ നടന്നതിതാണ്: നീണ്ടുനീണ്ടുപോയതും, ഇന്നു തെളിച്ചം മങ്ങിക്കാണപ്പെടുന്നതുമായ ആ രാത്രിയില്‍, കരിഞ്ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍, ആരോ ഒരാള്‍ക്ക് മറ്റൊരാളില്‍നിന്ന് ഈ കഥ പകര്‍ന്നു കിട്ടി; അയാള്‍ അത് സാന്തിയാഗോ ദബോവേയോടു പറഞ്ഞു; സാന്തിയാഗോയില്‍നിന്നാണ് ഞാന്‍ ഇതു കേട്ടത്. വര്‍ഷങ്ങള്‍ക്കുശേഷം, ഈ കഥ നടന്ന ട്യൂര്‍ഡെറായില്‍വച്ച് ഞാന്‍ ഇതു വീണ്ടും കേട്ടു. ഈ രണ്ടാമതു കേട്ട, കൂടുതല്‍ വിപുലമായ രൂപം സാന്തിയാഗോ പറഞ്ഞതിനെ പിന്‍പറ്റുന്നതു തന്നെയായിരുന്നു; പിന്നെ, പതിവുള്ള ചില്ലറ വ്യതിയാനങ്ങളും വൈരുദ്ധ്യങ്ങളും അടങ്ങിയിരുന്നുവെന്നേയുള്ളു. ഞാന്‍ ഇപ്പോള്‍ ഈ കഥ പകര്‍ത്തിവയ്ക്കുന്നതിന്റെ കാരണം, - എനിക്കു തെറ്റുപറ്റിയിട്ടില്ലെന്നു കരുതട്ടെ - ഈ നൂറ്റാണ്ടു തുടങ്ങുന്നതിനു മുമ്പ് ബ്യൂണേഴ്‌സ് അയഴ്‌സിന്റെ അരികു പറ്റി ജീവിച്ചിരുന്ന, ആ പരുക്കന്‍ മനുഷ്യരുടെ സ്വഭാവത്തിന്റെ സംക്ഷിപ്തവും ദുരന്തപൂര്‍ണ്ണവുമായ പ്രതിഫലനം ഞാനിതില്‍ കാണുന്നു എന്നതാണ്. വളച്ചുകെട്ടില്ലാതെ പറഞ്ഞുപോകണം എന്നാണ് എന്റെ ആഗ്രഹമെങ്കിലും, ചില വിശദാംശങ്ങള്‍ ഊന്നിപ്പറയാനോ തിരുകിക്കയറ്റാനോ ഒരെഴുത്തുകാരനെന്ന നിലയില്‍ ഉണ്ടാകാവുന്ന പ്രലോഭനത്തിന് ഞാന്‍ വഴങ്ങിപ്പോയേക്കുമെന്നുള്ളതും എനിക്കു മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നുണ്ട്.

ഇവര്‍ താമസിച്ചിരുന്ന ട്യൂര്‍ഡെറായില്‍ ആള്‍ക്കാര്‍ ഇവരെ വിളിച്ചിരുന്നത് നില്‍സണ്മാര്‍ എന്നായിരുന്നു. തന്റെ മുന്‍ഗാമിക്ക് ഇക്കൂട്ടരുടെ വീട്ടില്‍ (ഒരതിശയംപോലെ) ഒരു ബൈബിള്‍ കണ്ട കാര്യം ഓര്‍മ്മയുള്ളതായി അവിടത്തെ വികാരി എന്നോടു പറയുകയുണ്ടായി. ബ്ലാക്ക് ലറ്റര്‍ ടൈപ്പിലടിച്ച്, കറുത്ത പുറംചട്ടയിട്ട, ഉപയോഗിച്ചു പഴകിയ ഒരു ഗ്രന്ഥം: ഒടുവിലത്തെ ഒഴിഞ്ഞ താളില്‍ ചില പേരുകളും തീയതികളും കുറിച്ചിട്ടിരുന്നത് അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടിരുന്നു. ആ വീട്ടില്‍ ആകെക്കൂടിയുണ്ടായിരുന്ന പുസ്തകം അതായിരുന്നു:  നില്‍സണ്‍മാരുടെ നാടുതെണ്ടുന്ന ചരിത്രരേഖ. സര്‍വ്വ വസ്തുക്കള്‍ക്കും വരാനുള്ള ഗതിപോലെ അതും ഒരുനാള്‍ കാണാതെയായി. പൊളിഞ്ഞുവീഴാറായ  ആ പഴയവീട് - അതിന്നില്ല - തേയ്ക്കാതെ കട്ട കെട്ടിയതായിരുന്നു; കയറിച്ചെല്ലുന്ന വളച്ചുവാതിലിലൂടെ നോക്കിയാല്‍ ചുവന്ന തറയോടു പാകിയ ഒരു നടുമുറ്റവും, അതിനുമുള്ളില്‍ മണ്ണിട്ടുറപ്പിച്ച മറ്റൊരു നടുമുറ്റവും കാണാം. വളരെ ചുരുക്കം പേരേ, എന്തൊക്കെയായാലും, അതിനുള്ളില്‍ കാലുകുത്തിയിട്ടുള്ളു. നില്‍സണ്‍മാര്‍ ആരോടും അടുപ്പത്തിനു പോയില്ല. കിടക്കാനുള്ള കട്ടിലൊഴിച്ചാല്‍ മുറികള്‍ മിക്കവാറും ഒഴിഞ്ഞവയായിരുന്നു. അവരുടെ ധാരാളിത്തങ്ങള്‍ എന്നുപറയാവുന്നത് കുതിരകളും, കസവുകര പിടിപ്പിച്ച സവാരിവേഷവും, വായ്ത്തല കുറുകിയ കഠാരയും, ശനിയാഴ്ച രാത്രിയിലെ അണിഞ്ഞൊരുങ്ങലുമായിരുന്നു. അന്നവര്‍ ധൂര്‍ത്തന്മാരാവുകയും, മദ്യലഹരിയില്‍ വക്കാണത്തിനു പോവുകയും ചെയ്യും. എനിക്കറിയാവുന്നതാണ്, രണ്ടുപേരും നല്ല പൊക്കക്കാരായിരുന്നു;  ചുവന്നമുടി നീട്ടിവളര്‍ത്തിയിട്ടിരുന്നു. അവര്‍‍ കേള്‍ക്കാനേയിടയില്ലാത്ത ഡെന്മാര്‍ക്കോ ഐര്‍ലണ്ടോ ഈ രണ്ട് അര്‍ജന്റീനക്കാര്‍ സഹോദരന്മാരുടെ രക്തത്തില്‍ കലര്‍ന്നൊഴുകുകയായിരുന്നു. ആ ചുറ്റുവട്ടത്തിന് ഈ ചെമ്പന്‍മുടിക്കാരെ ഭയമായിരുന്നു; അവരില്‍ ഒരാളെങ്കിലും ഒരു കൊല നടത്തിയിട്ടുണ്ടാവണം. ഒരിക്കല്‍ അവര്‍ പോലീസുകാരുമായി നേര്‍ക്കുനേര്‍ നിന്നതുമാണ്. ഇളയയാള്‍ ഒരു ദിവസം ജൂവാന്‍ ഐബേരായുമായി ഒന്നിടഞ്ഞതായും അതിലവന്‍ മോശം പറ്റാതെ നോക്കിയതായും പറഞ്ഞുകേള്‍ക്കുന്നുണ്ട്. ഇവര്‍ കാലിതെളിപ്പുകാരും, ഉഴവുകാരും, കുതിരമോഷ്ടാക്കളുമൊക്കെയായിരുന്നു; അങ്ങനെയിരിക്കെ പണംവച്ചു ചൂതുകളിക്കാനും പോകും. പിശുക്കരാണെന്ന ഒരു ഖ്യാതിയും ഇവര്‍ക്കുണ്ടായിരുന്നു; കുടിയും ചീട്ടുകളിയും മാത്രമേ അവരെ ധാരാളികളാക്കിയുള്ളു. ഇവരുടെ ബന്ധുക്കളെക്കുറിച്ചോ, ഇവര്‍ തന്നെ എവിടത്തുകാരാണെന്നതിനെക്കുറിച്ചോ ആര്‍ക്കും ഒന്നുമറിയില്ല. ഒരു വണ്ടിയും ഒരു ജോഡി കാളകളും അവര്‍ക്കു സ്വന്തമായിട്ടുണ്ടായിരുന്നു.

ഇവരുടെ ശരീരപ്രകൃതി കോസ്റ്റാ ബ്രാവായ്ക്കു കുഖ്യാതി നേടിക്കൊടുത്ത മറ്റു മുഷ്‌ക്കന്മാരില്‍നിന്നു ഭിന്നമായിരുന്നു. ഇതെന്നപോലെ, നമുക്കറിവില്ലാത്ത മറ്റുപലതും, ഇവര്‍ തമ്മിലുള്ള ഗാഢമായ അടുപ്പം മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്നു. അവരില്‍ ഒരാളുമായി ഇടയുക എന്നതിന് രണ്ടു ശത്രുക്കളെ സമ്പാദിക്കുക എന്നാണര്‍ത്ഥം.

ഉടലിന്റെ ആനന്ദങ്ങള്‍ തേടിപ്പോകുന്നവരായിരുന്നു നിത്സണ്‍മാര്‍; എന്നാല്‍ അന്നാള്‍വരെ അവരുടെ ശൃംഗാരനാടകങ്ങള്‍ അരങ്ങേറിയിരുന്നത് ഇരുളടഞ്ഞ ഇടനാഴികളിലോ വേശ്യാലയങ്ങളിലോ ആയിരുന്നു. അങ്ങനെയിരിക്കുന്ന സ്ഥിതിക്ക്, ക്രിസ്റ്റ്യന്‍, ജൂലിയാന ബര്‍ഗസിനെ കൂടെ താമസിക്കാന്‍ വിളിച്ചുകൊണ്ടുവന്നപ്പോള്‍ അതു വലിയൊരു സംസാരവിഷയം തന്നെയായി. ഇതുവഴി അയാള്‍ ഒരു വേലക്കാരിയുടെ കുറവു നികത്തുകയായിരുന്നു എന്നു പറയുന്നതില്‍ കാര്യമില്ലാതില്ല; എന്നാല്‍ മറ്റൊരു വസ്തുതയുണ്ട്: അയാള്‍ അവള്‍ക്കു കണ്ണില്‍ക്കണ്ടതൊക്കെ വാങ്ങിക്കൊടുക്കാനും, മുഷിഞ്ഞതും ഇടുങ്ങിയതുമായ വാടകവീടുകളില്‍ നടന്നിരുന്ന  വിരുന്നുകളില്‍ അവളെയും  കൂട്ടിപ്പോകാനും തുടങ്ങി എന്നതാണത്; മുഷിഞ്ഞതും ഇടുങ്ങിയതുമായ വാടകവീടുകളില്‍ നടത്തിയിരുന്ന ആ വിരുന്നുകളില്‍ ചില ടാംഗോ ചുവടുകള്‍ക്കു വിലക്കുണ്ടായിരുന്നു, ആണും പെണ്ണും മുട്ടിയുരുമ്മി നൃത്തം ചെയ്തിരുന്നതുമില്ല. വലിയ, വിടര്‍ന്ന കണ്ണുകളുള്ള ജൂലിയാന ഇരുണ്ട നിറക്കാരിയായിരുന്നു. ആരെങ്കിലും ഒന്നു നോക്കിയാല്‍ മതി, അവള്‍ക്കു ചിരി  പൊട്ടും. ദുരിതവും അവഗണനയും കൂടി സ്ത്രീകളെ പിഴിഞ്ഞൂറ്റുന്ന ദരിദ്രമായൊരു ചുറ്റുവട്ടത്തെ സംബന്ധിച്ചിടത്തോളം ജൂലിയാനോ കാണാന്‍ ഒട്ടും  മോശക്കാരിയായിരുന്നില്ല.

ആദ്യമൊക്കെ എഡ്വാര്‍ഡോയും അവര്‍ക്കൊപ്പം പോകാറുണ്ടായിരുന്നു. പിന്നീട് ഒരു ദിവസം വടക്ക് അരേസിഫസില്‍ എന്തോ വ്യാപാരാവശ്യത്തിനു പോയവന്‍ മടങ്ങിയെത്തിയത് ഏതോ ഒരു പെണ്ണിനേയും കൂട്ടിയാണ്. പക്ഷേ അധികനാള്‍ കഴിയുംമുമ്പേ അവന്‍ അവളെ അടിച്ചു പുറത്താക്കി. അവന്‍ ഒന്നും മിണ്ടാതെ മ്ലാനിയായി നടന്നു; ഒപ്പം മൂലയ്ക്കുള്ള മദ്യഷാപ്പില്‍ ഒറ്റയ്ക്കിരുന്നു കുടിയും തുടങ്ങി;  ആരോടും ഇടപഴകാതെയുമായി. അവന്‍ ക്രിസ്റ്റ്യന്റെ പെണ്ണുമായി പ്രേമത്തിലായിക്കഴിഞ്ഞിരുന്നു. അവനേക്കാള്‍ മുമ്പ് ഇക്കാര്യം മനസ്സിലാക്കിയിരിക്കാവുന്ന ആ ചുറ്റുവട്ടമാകെ രണ്ടു സഹോദരന്മാര്‍ക്കുമിടയ്ക്കു വൈരം പൊട്ടിമുളയ്ക്കുന്നതും കാത്ത് ഉത്സാഹവും ദുഷ്ടബുദ്ധിയും പൂണ്ടു നോക്കിയിരുന്നു.

ഒരു ദിവസം രാത്രി എഡ്വാര്‍ഡോ കുടിയും കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്തുമ്പോള്‍ ക്രിസ്റ്റ്യന്റെ കുതിരയെ  മുറ്റത്തെ കുറ്റിയില്‍ കെട്ടിയിരിക്കുന്നതു കണ്ടു. അകത്ത്, നടുമുറ്റത്ത്, തന്റെ ഏറ്റവും നല്ല വേഷവുമണിഞ്ഞ് ജ്യേഷ്ഠന്‍ അനുജനേയും കാത്തിരിക്കുകയായിരുന്നു. അവര്‍ക്കു ചായ പകര്‍ന്നു കൊടുത്തുകൊണ്ട് ജൂലിയാനാ തിരക്കുപിടിച്ചു. ക്രിസ്റ്റ്യന്‍ എഡ്വാര്‍ഡോയോടു പറഞ്ഞു; 'എനിക്കു ഫരിയായുടവിടെ ഒരു വിരുന്നിനു പോകണം. ജൂലിയാനാ ഇവിടെ നിന്റെ കൂടെ നില്ക്കട്ടെ. നിനക്കു വേണമെന്നുണ്ടെങ്കില്‍ അവളെ ഉപയോഗിച്ചോളു.'

അയാളുടെ സ്വരം പകുതി ആജ്ഞയും  പകുതി സൗഹൃദഭാവത്തിലുമായിരുന്നു. എഡ്വാര്‍ഡോ എന്തു ചെയ്യണമെന്നറിയാതെ അയാളെ ഉറ്റുനോക്കിക്കൊണ്ട് അല്പനേരം നിന്നു. ക്രിസ്റ്റ്യന്‍ എഴുന്നേറ്റ് യാത്ര പറഞ്ഞിട്ട് - അനുജനോടാണ്, ജൂലിയാനയോടല്ല, (അവള്‍ ഒരു  വസ്തുവില്‍ക്കവിഞ്ഞൊന്നുമായിരുന്നില്ലല്ലോ) - കുതിരപ്പുറത്തു കയറി ഒന്നും സംഭവിക്കാത്തപോലെ ഓടിച്ചുപോയി.

അന്നുരാത്രി മുതല്‍ അവര്‍ അവളെ പങ്കുവയ്ക്കാന്‍ തുടങ്ങി. കോസ്റ്റാ ബ്രാവായ്ക്കുപോലും സഭ്യതയുടെ  അതിരുകടന്നതായിത്തോന്നിയ ആ കുത്സിതമായ പങ്കുപറ്റലിന്റെ വിശദാംശങ്ങള്‍ ഒരാളും ഒരുനാളും അറിയാന്‍ പോകുന്നില്ല. ഈ സംവിധാനം കുറെ ആഴ്ചകളോളം ഭംഗിയായി നടന്നുപോയി; പക്ഷേ അതു നീണ്ടുനിന്നില്ല. തമ്മില്‍ സംസാരിക്കുമ്പോള്‍ അവര്‍ ഒരിക്കലും, അവളെ വിളിക്കാന്‍കൂടിപ്പോലും, അവളുടെ പേരുപയോഗിച്ചിരുന്നില്ല. പക്ഷേ അവര്‍ തമ്മില്‍ ഇടയാന്‍ കാരണം നോക്കിയിരിക്കുകയായിരുന്നു; അത് അവര്‍ കണ്ടെത്തുകയും ചെയ്തുകൊണ്ടിരുന്നു. ഒരിക്കല്‍ അവര്‍ എന്തോ തുകലിന്റെ വില്പനയെച്ചൊല്ലി തര്‍ക്കിച്ചു; പക്ഷേ അവര്‍ യഥാര്‍ത്ഥത്തില്‍ തര്‍ക്കിച്ചത് മറ്റെന്തിനെയോ ചൊല്ലിയായിരുന്നു, ക്രിസ്റ്റ്യന്‍ ഒച്ചയെടുക്കാന്‍ തുടങ്ങി; എഡ്വാര്‍ഡോ മിണ്ടാതെയായി. തങ്ങളറിയാതെ അവര്‍ അസൂയാലുക്കളാവുകയായിരുന്നു. ആ പരുക്കന്‍ ചേരിപ്രദേശങ്ങളില്‍ ഒരാണും  സമ്മതിച്ചു തരില്ല - തന്നോടുപോലും സമ്മതിക്കുകയില്ല - സ്ത്രീ ഭോഗിക്കാനും അവകാശം പറയാനുമുള്ള ഒരു വസ്തുവല്ലാതെ മറ്റെന്തെങ്കിലുമാണെന്ന്; പക്ഷേ ഈ രണ്ടു സഹോദരന്മാര്‍ പ്രേമത്തിലായിരുന്നു. അത്, ഏതോ തരത്തില്‍, അവര്‍ക്കു ലജ്ജാവഹമായി തോന്നുകയും ചെയ്തു.

ഒരു ദിവസം വൈകിട്ട് എഡ്വാര്‍ഡോ ലോമാസിലെ കവലയിലൂടെ പോകുമ്പോള്‍ എതിരെ ജൂവാന്‍ ഐബേരാ വന്നു. ഒരു ‘ചരക്കി'നെ കൈക്കലാക്കിയ കാര്യവും പറഞ്ഞ് അവന്‍ അഭിനന്ദിച്ചെന്തോ പറഞ്ഞു. അപ്പോഴാണെന്നു തോന്നുന്നു എഡ്വാര്‍ഡോ അവനെ കേറിയടിച്ചത്. ഒരാളും അതും തന്റെ മുമ്പില്‍വച്ച് - ക്രിസ്റ്റ്യനെ കളിയാക്കാന്‍ പോകുന്നില്ല.

ആ സ്ത്രീ ഇരുവരുടേയും ആവശ്യങ്ങള്‍ ജന്തുസഹജമായ ഒരു വിധേയതയോടെ നിര്‍വ്വഹിച്ചു കൊടുത്തുപോന്നു. എന്നിരുന്നാലും ഒരിഷ്ടക്കൂടുതല്‍, പ്രായം കുറഞ്ഞയാളിനോടാവണം, മറച്ചുവയ്ക്കാന്‍ അവള്‍ക്കായില്ല; അവളെ പങ്കുപറ്റാന്‍ മടി കാണിച്ചില്ലെങ്കിലും, അതു തുടങ്ങിവച്ചതും അവനായിരുന്നില്ലല്ലോ.

ഒരു ദിവസം അവര്‍ ജൂലിയാനയോട് പുറത്തെ നടുമുറ്റത്ത് രണ്ടു കസേര കൊണ്ടിടാന്‍ ആജ്ഞാപിച്ചു. തങ്ങള്‍ക്കു ചില കാര്യങ്ങള്‍ സംസാരിച്ചു തീര്‍ക്കാന്‍ ഉള്ളതുകൊണ്ട് കുറച്ചുനേരത്തേക്ക് അവളുടെ മുഖം പുറത്തുകാണിക്കാനും പാടില്ല. അവരുടെ സംസാരം തീരാന്‍ കുറേസമയം പിടിക്കുമെന്ന ധാരണയില്‍ അവള്‍ ഒന്നു മയങ്ങാനായി കിടന്നു; പക്ഷേ അധികനേരം കഴിഞ്ഞില്ല, അവര്‍ അവളെ വിളിച്ചുണര്‍ത്തി. അവള്‍ക്കു സ്വന്തമായിട്ടുള്ളതൊക്കെ ഒരു ചാക്കില്‍ കെട്ടിയെടുക്കാന്‍ അവര്‍ അവളോടാവശ്യപ്പെട്ടു. പളുങ്കുകൊണ്ടുള്ള കൊന്തമാലയും അമ്മ കൊടുത്ത കൊച്ചു കുരിശുരൂപവുമൊന്നും ബാക്കിവയ്ക്കരുത്. വിശദീകരണത്തിനൊന്നും നില്ക്കാതെ അവളെ കാളവണ്ടിയില്‍ കയറ്റി അവര്‍ സുദീര്‍ഘവും, പരിക്ഷീണവും, നിശ്ശബ്ദവുമായ ഒരു യാത്ര പുറപ്പെട്ടു. മഴ പെയ്തിരുന്നു; വഴി ചെളി കുഴഞ്ഞുകിടക്കുകയായിരുന്നു. അവര്‍ മൊറോണിലെത്തുമ്പോള്‍ നേരം പുലര്‍ച്ചയാകാറായിരുന്നു. അവിടെ അവര്‍ അവളെ വേശ്യാലയം നടത്തുന്ന ഒരു സ്ത്രീക്കു വിറ്റു. ഇടപാടൊക്കെ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു. ക്രിസ്റ്റ്യന്‍ പണം പോക്കറ്റിലിട്ടു; പിന്നീട് അയാള്‍ അത് അനുജനുമായി പങ്കിട്ടു.

നില്‍സണ്‍മാര്‍ ട്യൂര്‍സെറായില്‍ മടങ്ങിയെത്തി. അന്നേ വരെ വിലക്ഷണമായ ആ പ്രേമബന്ധത്തിന്റെ വലയില്‍ (അതൊരു നിഷ്ഠ കൂടിയായിരുന്നു) കുടുങ്ങിക്കിടക്കുകയായിരുന്നവര്‍ ആണുങ്ങള്‍ക്കിടയില്‍ ആണുങ്ങളുടേതായ ആ പഴയ ജീവിതം വീണ്ടെടുക്കാന്‍ ശ്രമിച്ചു. ചീട്ടുകളിയും, കോഴിപ്പോരും, ശനിയാഴ്ചത്തെ കുടിച്ചുമറിയലും നിറഞ്ഞ ആ ലോകത്തേക്ക് അവര്‍ തിരിച്ചുപോയി. തങ്ങള്‍ രക്ഷിക്കപ്പെട്ടതായി ഇടയ്‌ക്കൊക്കെ അവര്‍ക്കു തോന്നിയിട്ടുണ്ടാവണം. പക്ഷേ അവര്‍ പലപ്പോഴും - ഓരോരുത്തരും സ്വന്തനിലയില്‍ - വിശദീകരണമില്ലാത്ത, അല്ലെങ്കില്‍ വിശദീകരണമേ ആവശ്യമില്ലാത്ത, നിലയില്‍ അപ്രത്യക്ഷരാകാറുണ്ടായിരുന്നു. അക്കൊല്ലം തീരുന്നതിനല്പം മുമ്പ് ഒരു ദിവസം  തനിക്ക് നഗരത്തില്‍ ഒരു കച്ചവടക്കാര്യമുണ്ടെന്നു പറഞ്ഞ് അനുജന്‍ പോയി. തൊട്ടുപുറകേ ക്രിസ്റ്റ്യന്‍ മൊറോണിലേക്കു ചെന്നു; വേശ്യാലയത്തിനു വെളിയില്‍ എഡ്വാര്‍ഡോയുടെ പുള്ളിക്കുതിരയെ അയാള്‍ തിരിച്ചറിഞ്ഞു. ക്രിസ്റ്റ്യന്‍ അകത്തേക്കു ചെന്നു; പ്രതീക്ഷിച്ചപോലെ തന്റെ ഊഴവും കാത്ത് അനുജന്‍‍ അവിടെ നില്‍പ്പുണ്ടായിരുന്നു. ക്രിസ്റ്റ്യന്‍ അവനോട് ഇങ്ങനെ പറഞ്ഞുവെന്നാണ് കേള്‍വി: 'ഇങ്ങനെപോയാല്‍ നമ്മള്‍ കുതിരകളുടെ മുതുകൊടിക്കുകയേയുള്ളു. അവളെ കൈയ്യകലത്തു വയ്ക്കുകയാണ് നമുക്കു നല്ലത്.'

അയാള്‍ നടത്തിപ്പുകാരിയോടു സംസാരിച്ചിട്ട്‌ പേഴ്സില്‍നിന്ന് ഒരുപിടി നാണയം വാരികൊടുത്തു. എന്നിട്ടവര്‍ പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടുപോന്നു. ജൂലിയാനാ ക്രീസ്റ്റ്യനോടൊപ്പമാണിരുന്നത്. അവര്‍ ഒരുമിച്ചിരിക്കുന്നതു കാണാന്‍ ഇഷ്ടമില്ലാതെ എഡ്വാര്‍ഡോ കുതിരയെ കുതിച്ചോടിപ്പിച്ചു.

മുമ്പു പറഞ്ഞതിലേക്ക് അവര്‍ തിരിച്ചുപോയി. അവരുടെ പ്രശ്‌നപരിഹാരം പരാജയത്തില്‍ കലാശിച്ചിരുന്നു; ഇപ്പോള്‍ ഇരുവരും അന്യോന്യം വഞ്ചിക്കാനും തുടങ്ങി. കായീന്‍ വിഹാരം നടത്തുകയായിരുന്നു. പക്ഷേ നില്‍സണ്‍മാര്‍ തമ്മിലുള്ള സ്‌നേഹം അത്ര വലുതായിരുന്നു - അവര്‍ ഒരുമിച്ച് എന്തൊക്കെ കഷ്ടകാലങ്ങളും അപകടങ്ങളും നേരിട്ടുവെന്ന് ആരു കണ്ടു! - അതിനാല്‍ അവര്‍ തങ്ങളുടെ ക്ഷോഭം തിരിച്ചുവിട്ടത് മറ്റുള്ളവരിലേക്കാണ്. അപരിചിതരില്‍, നായ്ക്കളില്‍, തങ്ങള്‍ക്കിടയില്‍ ഈ വിടവു വരുത്തിവച്ച ജൂലിയാനയില്‍.

മാര്‍ച്ചുമാസം അവസാനിക്കാറായിരുന്നു; എന്നിട്ടും ചൂടുകുറയുന്ന ലക്ഷണം കണ്ടില്ല. ഒരു ഞായറാഴ്ച ദിവസം (ഞായറാഴ്ച ആളുകള്‍ നേരത്തെ കിടക്കാറുണ്ടല്ലോ) എഡ്വാര്‍ഡോ മദ്യഷാപ്പില്‍നിന്ന് വീട്ടിലേക്കു ചെല്ലുമ്പോള്‍ ക്രിസ്റ്റ്യന്‍ വണ്ടിയില്‍ കാളകളെ പൂട്ടുന്നതു കണ്ടു. ക്രിസ്റ്റ്യന്‍ അവനോടിങ്ങനെ പറഞ്ഞു, നീയും വരൂ. പാര്‍ദോയുടെയവിടെ കുറച്ചു തുകലു കൊണ്ടുപോകാനുണ്ട്. ഞാന്‍ അതു മുഴുവന്‍ കേറ്റിക്കഴിഞ്ഞു. ഇപ്പോഴേ ഇറങ്ങിയാല്‍ പുലര്‍ച്ചയ്ക്കു മുമ്പ് അങ്ങെത്താം.

പാര്‍ദോയുടെ ഗുദാം, എനിക്കു തോന്നുന്നത്, കുറച്ചുകൂടി തെക്കാണെന്നാണ്. അവര്‍ കന്നുകാലികള്‍ പോകുന്ന പഴയ വഴിത്താരയിലൂടെ പോയിട്ട് ഒരിടവഴിയിലേക്ക് തിരിഞ്ഞു. ഇരുട്ടു വീണതോടെ നാട്ടിന്‍പുറം വിസ്തൃതമായി വന്നു.

അവര്‍ ഒരു മുളങ്കാട് വളഞ്ഞു കടന്നുപോയി. ക്രിസ്റ്റ്യന്‍ അല്പം മുമ്പു കത്തിച്ച ചുരുട്ട് വലിച്ചെറിഞ്ഞിട്ട് അലക്ഷ്യമട്ടില്‍ പറഞ്ഞു, ‘അനിയാ, നമുക്കപ്പോള്‍ കാര്യം നടത്താം; ബാക്കിപ്പണി കഴുകന്മാര്‍ ചെയ്തോളും. ഇന്നു വൈകിട്ട് ഞാന്‍ അവളെ കൊന്നു. പണ്ടങ്ങളും കൊണ്ട് അവളിവിടെ കിടക്കട്ടെ. നമുക്കിനി അവള്‍ ഒരു ശല്യമേ ആകില്ല.’

കണ്ണീരിന്റെ വക്കത്തെത്തി അവര്‍ കെട്ടിപ്പുണര്‍ന്നു. ഇപ്പോള്‍ ഒരു കണ്ണികൂടി അവരെ ബന്ധിക്കാനുണ്ടായിരുന്നു - തങ്ങള്‍ ദാരുണമായി കുരുതികൊടുത്ത സ്ത്രീയും, അവളെ മറക്കുക എന്ന ഇരുവരുടെയും ബാദ്ധ്യതയും.


ഡാലിയ റാവിക്കോവിച്ച് - ഒരമ്മ അലഞ്ഞുനടക്കുന്നു

images



മരിച്ച കുഞ്ഞിനെ ഉദരത്തിൽ പേറി ഒരമ്മ അലഞ്ഞുനടക്കുന്നു
ഈ കുഞ്ഞ് ഇനിയും പിറന്നിട്ടില്ല.
അവന്റെ നേരമെത്തുമ്പോൾ മരിച്ച കുഞ്ഞു ജനിക്കും,
ആദ്യം തലയും പിന്നെ ഉടലും ചന്തിയും പുറത്താക്കി.
ഈ കുഞ്ഞു പക്ഷേ, കൈയിട്ടു തല്ലില്ല,
ആദ്യത്തെ കരച്ചിൽ കരയില്ല,
അവന്റെ മുതുകത്തവർ തട്ടില്ല,
അവന്റെ കണ്ണിലവർ മരുന്നിറ്റിക്കില്ല,
അവനെ കുളിപ്പിച്ചിട്ടു പൊതിഞ്ഞെടുക്കുകയുമില്ല.
അവൻ ജീവനുള്ള കുഞ്ഞിനെപ്പോലായിരിക്കില്ല.
ജന്മം കൊടുത്തതിന്റെ ശാന്തതയോ അഭിമാനമോ അവന്റെ അമ്മയ്ക്കുണ്ടാവില്ല,
അവന്റെ ഭാവിയെക്കുറിച്ചോർത്തവർ ആവലാതിപ്പെടെന്ടതില്ല്ല.
ഈ ലോകത്തെങ്ങനെയാണവനെ സംരക്ഷിക്കുകയെന്ന്,
അവനു വേണ്ടത്ര മുലപ്പാൽ തനിക്കുണ്ടോയെന്ന്,
വേണ്ടത്ര തുണികളുണ്ടോയെന്ന്,
മുറിയിൽ ഒരു തൊട്ടിലു കൂടി എങ്ങനെ കെട്ടുമെന്ന്,
അവർ തന്നോട് തന്നെ ചോദിക്കുകയും വേണ്ട.
ഉണ്ടാകും മുമ്പേ ഈ കുഞ്ഞില്ലാതായി.
അവനുമുണ്ടാവും സിമിത്തേരിയുടെ ഓരത്ത് ഒരു കൊച്ചു കുഴിമാടം,
ഓർമ്മിക്കാനൊരു നാളും,
അവനെക്കുറിച്ചോർമ്മിക്കാൻ അധികമൊന്നുമുണ്ടാവില്ലെങ്കിലും.
“രാഷ്ട്രസുരക്ഷയോടു ബന്ധപ്പെട്ട കാരണങ്ങളാൽ”
*1988 ജനുവരി മാസത്തിൽ
അമ്മയുടെ ഉദരത്തിൽ വച്ചു കൊല്ലപ്പെട്ട
ഒരു കുഞ്ഞിന്റെ ചരിത്രമാണിത്.



*ഇസ്രേലി-പാലസ്തീൻ സംഘർഷങ്ങളുടെ കാലം

നെരൂദ - കടൽ

DSCN1172


എനിക്കു കടലിനെ വേണം, അതെന്നെ പഠിപ്പിക്കുന്നുവെന്നതിനാൽ,
എനിക്കറിയില്ല,
ഞാൻ പഠിക്കുന്നതു സംഗീതമോ അവബോധമോയെന്ന്,
ഒരേയൊരു തിരയോ, അതിന്റെ വിപുലാസ്തിത്വമോയെന്ന്,
അതിന്റെ പരുഷസ്വരം മാത്രമോയെന്ന്,
മീനുകളും യാനങ്ങളുമായ ദീപ്തസൂചനകളോയെന്ന്.
വാസ്തവമെന്തെന്നാൽ,
ഉറക്കത്തിൽ വീഴും വരെ,
കാന്തം വലിച്ചാലെന്നപോലെ,
തിരകളുടെ സർവകലാശാലയിൽ
ഞാൻ കയറിയുമിറങ്ങിയും നടക്കുന്നു.

തണുത്തു വിറയ്ക്കുന്ന ഏതോ ഗ്രഹം
അനുക്രമമരണം വരിയ്ക്കുന്നതിന്റെ ലക്ഷണം പോലെ
കക്കകൾ കാല്ക്കീഴിൽ ഞെരിഞ്ഞുപൊടിയുന്നതു മാത്രമല്ല;
അല്ല, ഒരു ശകലത്തിൽ നിന്നു ഞാനൊരു പകലിനെ പുനർനിർമ്മിക്കുന്നു,
ഒരുപ്പുപരലിൽ നിന്ന് ഒരു സ്റ്റലാക്റ്റൈറ്റിനെ,
ഒരു കരണ്ടി വെള്ളത്തിൽ നിന്ന് ആ മഹാദേവനെ.

മുമ്പതെന്നെ പഠിപ്പിച്ചതു ഞാൻ കാത്തുവയ്ചിരിക്കുന്നു.
അതു വായുവാണ്‌,
നിലയ്ക്കാത്ത കാറ്റും ജലവും മണലുമാണ്‌.

ഉള്ളിലെരിയുന്ന സ്വന്തം തീയുമായി ഇവിടെ പാർക്കാൻ വന്നൊരു ചെറുപ്പക്കാരന്‌
ഇതൊരു ചെറിയ കാര്യമായി തോന്നാം;
എന്നിരുന്നാല്ക്കൂടി,
ഒരു ഗർത്തത്തിനുള്ളിൽ ഉയർന്നുതാഴുന്ന ആ സ്പന്ദനം,
വെടിയ്ക്കുന്ന നീലശൈത്യം,
നക്ഷത്രത്തിന്റെ അനുക്രമമായ തേയ്മാനം,
മഞ്ഞും പതയും ധൂർത്തടിക്കുന്ന തിരയുടെ
സൗമ്യമായ ചുരുൾ വിടരൽ,
ആഴങ്ങളിൽ ഒരു ശിലാക്ഷേത്രം പോലെ നിസ്സന്ദേഹമായ
ആ അക്ഷോഭ്യബലം-
വിഷാദം പിടി മുറുക്കിയ എന്റെ ജീവിതത്തെ,
വിസ്മൃതി സഞ്ചയിച്ചിരുന്ന എന്റെ ജീവിതത്തെ
അതു മറ്റൊന്നാക്കി;
എന്റെ ജീവിതം പൊടുന്നനേ മാറി,
അതിന്റെ ശുദ്ധചലനത്തിൽ ഞാനൊരു ഘടകമായി.


 

Wednesday, April 8, 2015

ഡാലിയ റാവിക്കോവിച്ച് - ജനാല

Dahlia Ravikovitch


ഇത്രകാലം കൊണ്ടു ഞാനെന്തു ചെയ്തു?
ഞാൻ- വർഷങ്ങളായി ഞാനൊന്നും തന്നെ ചെയ്തില്ല.
ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു- അത്രതന്നെ.
മുറ്റത്തെ പുൽത്തകിടിയിൽ
ഓരോ കൊല്ലവും മഴ കുതിർന്നിറങ്ങിയിരുന്നു.
പിന്നെ കുഞ്ഞുപൂക്കൾ വിരിഞ്ഞുവന്നു,
പൂക്കളുടെ ഒരു ചങ്ങല-
വസന്തകാലമായിരുന്നിരിക്കണം.
ട്യൂലിപ്പുകൾ, ഡഫോഡിലുകൾ, സ്നാപ്ഡ്രാഗണുകൾ-
എടുത്തു പറയാൻ വേണ്ടിയൊന്നുമില്ല.
ഞാൻ, ഞാനൊന്നും ചെയ്തതേയില്ല.
പുല്ക്കൊടികൾക്കിടയിൽ
മഞ്ഞുകാലവും വേനലും മാറിമാറി വന്നു.
വേണ്ടുന്നത്ര ഞാൻ കിടന്നുറങ്ങി.
വേണ്ടത്ര വലിപ്പമുള്ള ജനാലയായിരുന്നു അത്.
ഒരാൾക്കു വേണ്ടതെല്ലാം
അതിലൂടെ ഞാൻ കണ്ടു.



ഡാലിയ റാവിക്കോവിച്ച് (19036-2005) - ഇസ്രയേലി കവിയും വിവർത്തകയും സമാധാനവാദിയും. ഹീബ്രു ഭാഷയിലെ ഏറ്റവും വലിയ കവയിത്രിയായിത്തന്നെ ചിലപ്പോൾ പരിഗണിക്കപ്പെടാറുണ്ട്.

 

Tuesday, April 7, 2015

നിക്കാനോർ പാർറ - പ്രതികവിത

parra


ചുളിഞ്ഞ നെറ്റിയുടെ ഗൗരവം
വൃദ്ധയായ അവിവാഹിതയുടെ ഗൗരവമാണ്‌
ചുളിഞ്ഞ നെറ്റിയുടെ ഗൗരവം
സിവിൽ ജഡ്ജിയുടെ ഗൗരവമാണ്‌
ചുളിഞ്ഞ നെറ്റിയുടെ ഗൗരവം
ഇടവക വികാരിയുടെ ഗൗരവമാണ്‌
യഥാർത്ഥഗൗരവം മറ്റൊന്നാണ്‌:
കാഫ്കയുടെ ഗൗരവം
ചാർളി ചാപ്ളിന്റെ ഗൗരവം
ചെക്കോവിന്റെ ഗൗരവം
ഡോൺ ക്വിഹോട്ടെ എഴുതിയ ആളിന്റെ ഗൗരവം
കണ്ണട വച്ചയാളിന്റെ ഗൗരവം
(ഒരിക്കലൊരിടത്ത് ഒരു മൂക്കിനോടൊടിച്ചുവച്ച ഒരു മനുഷ്യനുണ്ടായിരുന്നു
ഒരിക്കലൊരിടത്ത് അതിവിശിഷ്ടമായൊരു മൂക്കുണ്ടായിരുന്നു)
ഞാൻ സമർത്ഥിക്കുകയാണ്‌
അഗ്നിശമനവകുപ്പിന്റെ ഗൗരവം
കത്തോലിക്കാസഭയുടെ ഗൗരവം
സായുധസേനയുടെ ഗൗരവം
(ഒരിക്കലൊരിടത്ത് ഒരു മൂക്കിനോടൊടിച്ചുവച്ച ഒരു മനുഷ്യനുണ്ടായിരുന്നു
ഒരിക്കലൊരിടത്ത് അതിവിശിഷ്ടമായൊരു മൂക്കുണ്ടായിരുന്നു)
ഹൈഡ്രജൻ ബോംബിന്റെ ഗൗരവം
പ്രസിഡന്റ് കെന്നഡിയുടെ ഗൗരവം

ഡിന്നർ സ്യൂട്ടിന്റെ ഗൗരവം
ശവക്കുഴിവെട്ടുകാരന്റെ ഗൗരവമാണെന്ന്:
യഥാർത്ഥഗൗരവം ഹാസ്യജനകമാണ്‌.


Monday, April 6, 2015

നെരൂദ - വാക്കുകൾ

neruda17


പാടുന്ന വാക്കുകൾ, അവ കുതിച്ചുയരുന്നു, അവ താഴ്ന്നിറങ്ങുന്നു...
ഞാനവയെ വണങ്ങുന്നു...ഞാനവയെ സ്നേഹിക്കുന്നു, ഞാനവയെ പറ്റിപ്പിടിക്കുന്നു,
ഞാനവയിൽ ഓടിയിറങ്ങുന്നു, ഞാനവയിൽ പല്ലുകളാഴ്ത്തുന്നു, ഞാനവ ഉരുക്കിയെടുക്കുന്നു...
വാക്കുകളെ ഞാനത്രമേൽ സ്നേഹിക്കുന്നു...ഓർത്തിരിക്കാതെ വരുന്ന വാക്കുകൾ...
ആർത്തിയോടെ ഞാൻ കാത്തിരിക്കുന്ന, ഞാൻ വേട്ടയാടുന്ന,
ഒടുവിൽ പെട്ടെന്നു പൊട്ടിവീഴുന്ന വാക്കുകൾ...
സ്വരാക്ഷരങ്ങളെ ഞാൻ സ്നേഹിക്കുന്നു...
വർണ്ണക്കല്ലുകൾ പോലവ വെട്ടിത്തിളങ്ങുന്നു,
വെള്ളിമീനുകൾ പോലവ തുള്ളിച്ചാടുന്നു...
പതയാണവ, നൂലിഴയും ലോഹത്തുള്ളിയുമാണവ...
ചില വാക്കുകൾക്കു പിന്നാലെ ഞാൻ പായുന്നു...
അത്ര സുന്ദരമാണവയെന്നതിനാൽ
ഓരോ കവിതയിലും അവ തിരുകിക്കേറ്റാൻ ഞാൻ കൊതിക്കുന്നു...
മൂളിപ്പറന്നു പോകുന്നതിനിടെ ഞാനവയെ കെണിയിൽ പിടിക്കുന്നു...
ഞാനവയുടെ തൊലി പൊളിയ്ക്കുന്നു, വൃത്തിയാക്കുന്നു,
ആ വിശിഷ്ടവിഭവത്തിനു മുന്നിൽ ഞാനിരിക്കുന്നു...
എനിക്കവ ദന്തനിർമ്മിതം, സ്ഫടികത്തിന്റെ ആരടുപ്പം, സജീവം...
ഓഷധി, സ്നിഗ്ധം, വൈഡൂര്യം പോലെ, ശൈവാലം പോലെ, ഒലീവു പോലെ...
ഞാനതിളക്കി യോജിപ്പിച്ചൊറ്റയിറക്കിനു കുടിക്കുന്നു,
പിന്നെ ഞാനവയെ പോകാനനുവദിക്കുന്നു...
എന്റെ കവിതയിൽ ഞാനവ നിക്ഷേപിക്കുന്നു,
ഗുഹാന്തർഭാഗത്തെ ലവണപ്പുറ്റുകൾ പോലെ,
മരമീർന്ന ചീവലുകൾ പോലെ, കല്ക്കരി പോലെ,
കപ്പൽച്ചേതത്തിൽ ശേഷിച്ച പാഴുകൾ പോലെ,
തിരകൾ കൊണ്ടുതന്ന പാരിതോഷികങ്ങൾ പോലെ...
ഉള്ളതെല്ലാം വാക്കിലുണ്ട്...


Sunday, April 5, 2015

ഇസാക് ബഷേവിച് സിംഗര്‍ - ഗിമ്പല്‍ എന്ന മണ്ടന്‍


index


ഞാനാണ് ഗിമ്പല്‍ എന്ന മണ്ടന്‍. മണ്ടനാണെന്ന് എനിക്ക് വിചാരമില്ല. പക്ഷേ ആളുകള്‍ എന്നെ വിളിക്കുന്നത് അങ്ങനെയാണ്. പഠിക്കുന്ന കാലത്തു തന്നെ എനിക്ക് ആ പേരു വീണിരുന്നു. അല്പപ്രാണി, കഴുത, മരത്തലയന്‍, മന്ദന്‍, കരിമോന്ത, പച്ചപ്പാവം, മണ്ടന്‍ -എനിക്കാകെക്കൂടി ഏഴു പേരുകളുണ്ടായിരുന്നു. ഒടുവിലത്തെ പേരാണ് ഉറച്ചത്. എന്റെ മണ്ടത്തരത്തിന്റെ സ്വഭാവമെന്തായിരുന്നുവെന്ന് വച്ചാല്‍, എന്നെ പറ്റിക്കാന്‍ എളുപ്പമായിരുന്നു. ഒരുത്തന്‍ പറയും, ഗിമ്പലേ, റബ്ബിയുടെ ഭാര്യ പെറാന്‍ കിടക്കുന്നതറിഞ്ഞില്ലേ? ഞാനെന്തു ചെയ്യും, അന്നു സ്‌കൂളില്‍ പോവില്ല. സംഗതി ശരിതന്നെയായിരുന്നുവെന്ന് പിന്നെയാണറിയുക. ഞാനങ്ങനെ അറിയുമെന്നാണ് നിങ്ങള്‍ പറയുന്നത്? അവരുടെ വയറു വീര്‍ത്തിരുന്നില്ല എന്നതു ശരിതന്നെ. പക്ഷേ ഞാന്‍ ഇന്നുവരെ അവരുടെ വയറ്റില്‍ നോക്കിയിട്ടില്ല. അതത്ര വലിയ മണ്ടത്തരമാണോ? ആളുകള്‍ ആര്‍ത്തു ചിരിക്കുകയും, കൂവി വിളിക്കുകയും നൃത്തം ചവിട്ടുകയുമൊക്കെ ചെയ്തു ആരെങ്കിലും പ്രസവിക്കാന്‍ കിടക്കുമ്പോള്‍ സാധാരണ വിതരണം ചെയ്യാറുള്ള ഉണക്കമുന്തിരിക്കു പകരം അവര്‍ എന്റെ കൈ നിറയെ ആട്ടിന്‍ കാട്ടം പിടിപ്പിച്ചുതന്നു. ഞാനത്ര ബലം കെട്ടവനൊന്നുമല്ല. കൈവീശി ചെപ്പയ്‌ക്കൊന്നു കൊടുത്താല്‍ കൊണ്ടവന്‍ ക്രാക്കോവു വരെയുള്ള വഴി കാണും, പക്ഷേ അങ്ങനെ ചൂടാവുന്ന പ്രകൃതമല്ല എന്റേത്. ഞാന്‍ ഒന്നും കാര്യമാക്കില്ല. അതുകാരണം ആളുകള്‍ എന്നെ മുതലെടുത്തുപോന്നു.


ഒരു ദിവസം ഞാന്‍ സ്‌കൂള്‍ വിട്ടുവരുന്ന വഴി നായ കുരയ്ക്കുന്നതു കേട്ടു. എനിയ്ക്കു നായ്ക്കളെ പേടിയൊന്നുമില്ല. എന്നുവച്ച് അവയോടു മിടുക്കു കാണിക്കാനും ഞാന്‍ പോകാറില്ല. അവറ്റയില്‍ ഒന്നിനു പേയുണ്ടെന്നു പരാം; അവന്‍ കടിച്ചുപോയാല്‍ പിന്നെ ലോകത്താരു വിചാരിച്ചാലും നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. ഞാന്‍ ഒരോട്ടം വച്ചുകൊടുത്തു. ഒന്നു തിരിഞ്ഞു നോക്കുമ്പോഴെന്താ, ചന്തയില്‍ കൂടിയവരാകെ ചിരിച്ചു കുന്തം മറിയുകയാണ്. അതു നായയൊന്നമായിരുന്നില്ല, ആ കള്ളന്‍ ലെയ്ബ് ആയിരുന്നു. പക്ഷേ അതു ഞാനെങ്ങനെ അറിയാന്‍? കേട്ടപ്പോള്‍ കൊടിച്ചിപ്പട്ടി മോങ്ങുന്നതുപോലെ തന്നെയിരുന്നു.


എന്നെ പറ്റിക്കാന്‍ എളുപ്പമാണെന്നറിയേണ്ട താമസം, ആ തെമ്മാടികള്‍ ഓരോരുത്തരായി എന്റെ മേല്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങി. ഗിമ്പലേ, സാര്‍ ചക്രവര്‍ത്തി ഫ്രാംപോലിലേക്കു വരുന്നതറിഞ്ഞില്ലേ? ഗിമ്പലേ, തര്‍ബീനില്‍ ചന്ദ്രന്‍ മാനത്തു നിന്നു വീണു. ഗിമ്പലേ, ഹോഡല്‍ കൊച്ചന് കുളിമുറിയുടെ പിന്നില്‍ നിന്നൊരു നിധി കിട്ടി. ഞാനോ ഒരു ഗൊലേമിനെപ്പോലെ കേട്ടതൊക്കെ വിഴുങ്ങുകയും ചെയ്തു. ഒന്നാമതായി, വേദപുസ്തകത്തില്‍ എവിടെയോ പറഞ്ഞിട്ടള്ള മാതിരി, എന്തും സംഭവിക്കാം;

രണ്ടാമത്, പട്ടണമൊന്നാകെ വന്ന് കാതിലോതുമ്പോള്‍ നിങ്ങള്‍ വിശ്വസിച്ചുപോകില്ലേ? ഓ, നിങ്ങള്‍ വെറുതേ കളിപ്പിക്കാന്‍ പറയുകയാണ് എന്നെങ്ങാനും ഞാനൊന്നു പറഞ്ഞുപോയെന്നിരിക്കട്ടെ, ആകെ കുഴപ്പമായി. ആളുകള്‍ക്കു കോപമാകും. നീയെന്തായീ പറയുന്നത്! ഞങ്ങള്‍ സര്‍വ്വരും നുണയന്മാരാണെന്നോ? ഞാനെന്തു ചെയ്യാന്‍? അവര്‍ പറയുന്നതങ്ങു വിശ്വസിക്കും. ആ രീതിയിലെങ്കിലും അവര്‍ക്കൊരു സുഖം കിട്ടട്ടെ എന്നു ഞാന്‍ കരുതി.


എന്റെ അച്ഛനും അമ്മയും നേരത്തേ മരിച്ചുപോയിരുന്നു. എന്നെ എടുത്തുവളര്‍ത്തിയ മുത്തച്ഛനാവട്ടെ, കുഴിയിലേക്കു കാലും നീട്ടിയിരുപ്പാണ്. അതുകൊണ്ട് ആളുകള്‍ എന്നെ ഒരു ബേക്കറിക്കാരന്റെ അടുത്തു കൊണ്ടാക്കി. അവിടെ കഴിഞ്ഞകാലം!  കടയില്‍ സാധനം വാങ്ങാന്‍ വരുന്ന ഏതു പെണ്ണിനും എന്നെ ഒരിക്കലെങ്കിലും ഒന്നു പറ്റിക്കണം. ഗിമ്പലേ, സ്വര്‍ഗ്ഗത്തൊരു മേളയുണ്ട്, നമുക്ക് പോകണ്ടേ? ഗിമ്പലേ, റബ്ബി ഏഴാം മാസം ഒരു പശുക്കുട്ടിയെ പെറ്റു; ഗിമ്പലേ, ഒരു പശു പുരയ്ക്കു മോളിലൂടെ പറന്നുപോയി; അതു വെങ്കലമുട്ടയിടുകയും ചെയ്തു. ഒരു ദിവസം ഒരു യഷിവാ വിദ്യാര്‍ത്ഥി റൊട്ടി വാങ്ങാന്‍ വന്നു. അവന്‍ പറയുകയാണ്, അല്ലാ, ഗിമ്പലേ, മിശിഹാ വന്ന നേരത്ത് താനിവിടെ ചട്ടുകവും ചുരണ്ടിക്കൊണ്ടിരിക്കുയാണോ? മരിച്ചുപോയവരൊക്കെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. നിങ്ങളെന്താ പറയുന്നത്? ഞാന്‍ ചോദിച്ചു. മുട്ടാടിന്റെ കൊമ്പൂതുന്നതു ഞാന്‍ കേട്ടില്ലല്ലോ. നിന്റെ കാതു പൊട്ടിപ്പോയോ എന്നായി അവര്‍. ഞങ്ങളും കേട്ടേ, ഞങ്ങളും കേട്ടേ!  സകലരും കൂടി വിളിച്ചുകൂവാന്‍ തുടങ്ങി. ആ സമയത്താണ് മെഴുകുതിരിയുണ്ടാക്കുന്ന റെയ്റ്റ്‌സ് അങ്ങോട്ടു കയറിവരുന്നത്; അവരും ആ കാറിയ ഒച്ചയില്‍ പറയുകയാണ്. ഗിമ്പലേ, നിന്റെ അച്ഛനും അമ്മയും കുഴിയില്‍ നിന്നെഴുന്നേറ്റു നില്‍ക്കുന്നു; അവര്‍ നിന്നെ തിരക്കുകയാണ്.


സത്യം പറഞ്ഞാല്‍ അങ്ങനെയൊരു വകയൊന്നും സംഭവിച്ചിട്ടില്ലെന്ന് എനിക്കു നന്നായിട്ടറിയാമായിരുന്നു എങ്കിലും  എല്ലാവരും പറഞ്ഞ സ്ഥിതിയ്ക്ക് ഞാനെന്തു ചെയ്തു,. കമ്പിളി ബനിയനും എടുത്തിട്ടുകൊണ്ടു പുറത്തേയ്ക്കു പോയി. ഒരു പക്ഷേ എന്തെങ്കിലുമൊക്കെ സംഭവിച്ചിട്ടുണ്ടെങ്കിലോ? ഒന്നു പോയി നോക്കുന്നതുകൊണ്ട് എന്തു ചേതം വരാനാണ്? എന്തൊരു പൂച്ചകരച്ചിലും ചിരിയുമാണ് അന്നുണ്ടായത്. ഇനി കേള്‍ക്കുന്നതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്ന് അന്നു ഞാന്‍ പ്രതിജ്ഞയെടുത്തതാണ്.  പക്ഷേ എന്തു ഫലം? പറഞ്ഞുപറഞ്ഞ് അവരെന്റെ മനസ്സിളക്കിക്കളയും.
ഒരു ദിവസം ഞാന്‍ റബ്ബിയുടെ അടുത്ത് ഉപദേശം തേടാന്‍ പോയി. അദ്ദേഹം പറഞ്ഞതിതാണ്. ഒരു നാഴിക പാപിയായിരിക്കുന്നതിനേക്കാള്‍ ഭേദമാണ് ആയുസ്സു മൊത്തം വിഢ്ഡിയായിരിക്കുന്നത്. നി മണ്ടനൊന്നുമല്ല; അവരാണു മണ്ടന്മാര്‍. തന്റെ അയല്ക്കാരനു നാണക്കേടു വരുത്തുന്നവന്‍ സ്വര്‍ഗ്ഗരാജ്യം നഷ്ടപ്പെടുത്തുകയാണ്. എന്നിട്ടെന്താ, റബ്ബിയുടെ മകള്‍ തന്നെ എന്നെ പറ്റിച്ചു. ഞാന്‍ റബ്ബിയുടെ വീട്ടില്‍

നിന്നിറങ്ങുമ്പോള്‍ അവള്‍ ചോദിക്കുകയാണ്. നീ ഭിത്തിയില്‍ ചുംബിച്ചില്ലേ? ഇല്ലാ, അതെന്തിനാ? ഞാന്‍ ചോദിച്ചു. അങ്ങനെയൊരു കാര്യമുണ്ട്. ഓരോ തവണ ഇവിടെ വരുമ്പോഴും ഭിത്തിയില്‍ ചുംബിച്ചിട്ടുവേണം പോകാന്‍. ആയിക്കോട്ടെ, അതുകൊണ്ടെന്തെങ്കിലും കുഴപ്പമുള്ളതായി എനിക്കു തോന്നിയില്ല. അവള്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി. അത് അവളുടെ ഒരു വേലത്തരമായിരുന്നു. അത് എന്റെ മേല്‍ പ്രയോഗിച്ചു. നടക്കട്ടെ.
മറ്റൊരു പട്ടണത്തിലേയ്ക്കു താമസം മാറിയാലോ എന്നു ഞാന്‍ ആലോചിച്ചു. അപ്പോഴാണ് സകലരും കൂടി തിരക്കിട്ട് എനിക്ക് പെണ്ണന്വേഷണം തുടങ്ങിയത്. അവരുടെ ചെവിയിലോതല്‍ കേട്ടുകേട്ട് എന്റെ തല പെരുത്തു. അവള്‍ ദുര്‍നടപ്പുകാരിയാണെന്ന് എനിക്കറിയാം; പക്ഷേ അവര്‍ പറഞ്ഞത് അവള്‍ കന്യാരത്‌നമാണെന്നാണ്. അവള്‍ക്കൊരു മുടന്തുണ്ട്; അതു പക്ഷേ നാണം കൊണ്ട് അവള്‍ അങ്ങനെ നടക്കുകയാണെന്നാണ് അവരുടെ വാദം. അവള്‍ക്കൊരു ജാരസന്തതിയുണ്ട്; അതവളുടെ അനിയനാണെന്നവര്‍. നിങ്ങള്‍ വെറുതേ സമയം കളയേണ്ട. ഞാന്‍ ആ തേവിടിശ്ശിയെ കെട്ടാന്‍ പോകുന്നില്ല. ഞാന്‍ വിളിച്ചുകൂവി. അവര്‍ക്ക് ധാര്‍മ്മികരോഷമായി. ഇതെന്തൊരു വര്‍ത്തമാനമാണ്! നിനക്കു നാണമാകുന്നില്ലേ ഇങ്ങനെയൊക്കെ പറയാന്‍! അവള്‍ക്ക് ചീത്തപ്പേരു വരുത്തിയതിനു നിന്നെ റബ്ബിയുടെ അടുത്തുകൊണ്ടുപോയി പിഴയിടീക്കും, പറഞ്ഞേക്കാം. അവരുടെ പിടിയില്‍നിന്ന് ഊരിപ്പോരുക അത്ര എളുപ്പമല്ലെന്ന് എനിക്കപ്പോള്‍ ബോധ്യമായി. ഞാന്‍ ചിന്തിച്ചു. ഇവരെന്നെ പറ്റിക്കാന്‍ തന്നെ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്. പക്ഷേ എന്തൊക്കെയായാലും വിവാഹം കഴിഞ്ഞാല്‍ യജമാനന്‍ ഭര്‍ത്താവ് തന്നെയാണ്; അത് അവള്‍ക്ക് സമ്മതമാണെങ്കില്‍ എനിക്കും വിരോധമില്ല. അതുമല്ല, ഒരു പോറലും പറ്റാതെ ജിവിതം കഴിച്ചുകൂട്ടാന്‍ ആരാലും സാധ്യമല്ല അങ്ങനെയാരും പ്രതീക്ഷിക്കുകയും വേണ്ട.


 ഞാന്‍ അവളുടെ മണ്‍കുടിലിലേക്കു ചെന്നു; അട്ടഹാസവും പാട്ടുമായി ജനം എന്റെ പിന്നാലെ വന്നു. കരടിവേട്ടക്കാരെപ്പോലെയായിരുന്നു അവരുടെ മട്ട്. കിണറിനടുത്തെത്തിയപ്പോള്‍ സകലരും നിന്നു. എല്‍ക്കായോടിടയാന്‍ അവര്‍ക്ക് ഭയമായിരുന്നു. വിജാഗിരിയെന്ന പോലെ ആ വായ തുറന്നാല്‍ പിന്നെ അവളുടെ നാവിന്റെ ചൂടറിയേണ്ടിവരും. ഞാന്‍ വീട്ടിനുള്ളിലേയ്ക്കു കടന്നു. മതിലോടു മതില്‍ അയ കെട്ടിയിരുന്നതില്‍ തുണികള്‍ ഉണങ്ങാനിട്ടിരുന്നു. അവള്‍ വെള്ളത്തൊട്ടിക്കടുത്ത് ചെരുപ്പിടാതെ നിന്നുകൊണ്ട് തുണി കഴുകുകയായിരുന്നു. പഴകിയ ഒരു ഗൗണാണ് വേഷം. മുടി പിന്നി ഉച്ചിയില്‍ കെട്ടിവച്ചിരുന്നു. എല്ലാറ്റിന്റെയും കൂടി നാറ്റം എന്റെ ശ്വാസം മുട്ടിച്ചുകളഞ്ഞു.
എന്നെ അവള്‍ക്കറിയാമായിരുന്നിരിക്കണം. അവള്‍ എന്നെ ഒന്നു നോക്കിയിട്ടു പറഞ്ഞു ആരായീ വന്നിരിക്കുന്നേ! മണ്ടച്ചാരെന്താ വന്നത്? ഇരുന്നാട്ടെ.

ഞാന്‍ ഒന്നും ഒളിക്കാന്‍ പോയില്ല. സത്യം പറയണം, നീ ശരിക്കും കന്യകയാണോ?  ആ യെക്കില്‍ നിന്റെ അനിയന്‍ തന്നെയാണോ? എന്നെ പറ്റിക്കരുത്, ഞാന്‍ ആരോരുമില്ലാത്തവനാണ്.


ഞാനും ആരുമില്ലാത്തവളാണ്, അവള്‍ പറഞ്ഞു, പക്ഷേ എന്നെ മുതലെടുക്കാമെന്ന് ഒരുത്തനും കരുതേണ്ട. എനിക്ക് അമ്പതു ഗില്‍ഡന്‍ സ്ത്രീധനം കിട്ടണം, അതുകൂടാതെ ഒരു പിരിവെടുത്തു തരികയും വേണം. ഇല്ലെങ്കില്‍ അവര്‍ക്കെന്റെ… ബാക്കി ഞാന്‍ പറയേണ്ടല്ലോ. അവള്‍ ഉള്ളതു വെട്ടിത്തുറന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു, ആണല്ല, പെണ്ണാണ് സ്ത്രീധനം കൊടുക്കേണ്ടത്. അതിന് അവളുടെ മറുപടി ഇതായിരുന്നു. എന്നോട് പിശകാന്‍ നില്‌ക്കേണ്ട സമ്മതമാണോ അല്ലയോ എന്നു തീര്‍ത്തു പറയണം. എന്നിട്ട് വന്നിടത്തേക്കു തന്നെ തിരിച്ചു നടന്നോ.
ഈ മാവു കൊണ്ട് അപ്പം ചുടാമെന്ന് കരുതേണ്ട, ഞാന്‍ മനസ്സില്‍ പറഞ്ഞു. പക്ഷേ ഞങ്ങളുടെ പട്ടണം അത്ര ദരിദ്രമായിരുന്നില്ല. അവള്‍ പറഞ്ഞതൊക്കെ സമ്മതിച്ചുകൊണ്ട് അവര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഒരു വയറിളക്കരോഗം പടര്‍ന്നുപിടിച്ചിരുന്ന കാലമായിരുന്നു. അതുകൊണ്ട് സിമിത്തേരിയുടെ ഗേറ്റിനടുത്ത് ശവങ്ങളെ കുളിപ്പിക്കുന്ന കൊച്ചു ചായ്പ്പിനടുത്തുവച്ചാണ് കര്‍മ്മങ്ങള്‍ നടത്തിയത്. ആളുകള്‍ കുടിച്ചു കുന്തം മറിഞ്ഞു. കല്യാണ ഉടമ്പടി എഴുതുമ്പോള്‍ വലിയ റബ്ബി ചോദിക്കുന്നതു ഞാന്‍ കേട്ടു. വധു വിധവയോ വിവാഹമൊഴിഞ്ഞവളോ ആണോ? കപ്യാരുടെ ഭാര്യ അവള്‍ക്കു വേണ്ടി പറയുന്നതും ഞാന്‍ കേട്ടു. വിധവയും ബന്ധമൊഴിഞ്ഞവളുമാണ്. എന്റെ ജീവിതത്തിലെ ഇരുണ്ട നിമിഷമായിരുന്നു അത്. പക്ഷേ ഞാനെന്തു ചെയ്യാന്‍? കല്യാണമണ്ഡപത്തില്‍ നിന്നിറങ്ങിയോടാനോ?
പാട്ടും കൂത്തുമൊക്കെയുണ്ടായി. ഒരു വയസ്സിത്തള്ള എന്നെയും കെട്ടിപ്പിടിച്ചു നൃത്തം വച്ചു. പ്രസംഗത്തിനു ശേഷം ഏറെ സംഭാവനകള്‍ വന്നുകൂടി. ചരുവം, തൊട്ടി, ചൂല്, കയില്.... അപ്പോഴാണ് രണ്ടു ചെറുപ്പക്കാര്‍ ഒരു തൊട്ടിലും ചുമന്നുകൊണ്ടു വരുന്നതു കണ്ടത്. ഇതു ഞങ്ങള്‍ക്കെന്തിനാ? ഞാന്‍ ചോദിച്ചു. നീ തല പുണ്ണാക്കണ്ട. ഇതിനൊക്കെ ആവശ്യം വരും ഞാന്‍ കബളിക്കപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് ബോധ്യമായി. പക്ഷേ മറ്റൊരു രീതിയില്‍ നോക്കിയാല്‍, എനിക്കെന്തു നഷ്ടപ്പെടാനിരിക്കുന്നു? വരാനുള്ളതു കാത്തിരുന്നു കാണുക തന്നെ. ഒരു നാടിനപ്പാടെ ഭ്രാന്തുപിടിക്കാന്‍ വഴിയില്ല.

2-
രാത്രിയില്‍ ഞാന്‍ എന്റെ ഭാര്യ കിടക്കുന്നിടത്തേയ്ക്കു ചെന്നു; പക്ഷേ അവള്‍ എന്നെ അടുപ്പിക്കുകയില്ല. ഇതുനോക്ക്, ഇതിനാണോ അവര്‍ നമ്മളെ വിവാഹം ചെയ്യിച്ചത്. അപ്പോള്‍ അവള്‍ പറയുകയാണ് :ഞാന്‍ പുറത്താണ്. പക്ഷേ ഇന്നലയാ

ണല്ലോ അവര്‍ നിന്നെ ആചാരക്കുളിക്കു കൊണ്ടുപോയത്. അതു പിന്നീടല്ലേ പതിവുള്ളത്? ഇന്ന് ഇന്നലെയല്ല, അവള്‍ പറയുകയാണ്, ഇന്നലെ ഇന്നുമല്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ കളഞ്ഞിട്ടുപോകാം. ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ കാത്തിരുന്നു.
നാലുമാസം  കഴിഞ്ഞില്ല, അവള്‍ക്കു പ്രസവവേദന തുടങ്ങി. ആളുകള്‍ വാപൊത്തിച്ചിരിച്ചു. പക്ഷെ ഞാനെന്തു ചെയ്യാന്‍? വേദന സഹിക്കാതെ അവള്‍ മതിലു മാന്തിപ്പൊളിച്ചു. ഗിമ്പലേ, അവള്‍ അലമുറയിട്ടു. ഞാന്‍ പോവുകയാണേ? എനിക്കു മാപ്പു തരണേ ! വീടു നിറയെ സ്ത്രീകളായിരുന്നു. അവര്‍ വെള്ളം തിളപ്പിക്കുകയാണ്. നിലവിളി ഉയര്‍ന്നുകൊണ്ടിരുന്നു.


പ്രാര്‍ത്ഥനാലയത്തില്‍ പോയി സങ്കീര്‍ത്തങ്ങള്‍ ചൊല്ലിക്കൊണ്ടിരിക്കുയേ എനിക്കു ചെയ്യാനുള്ളൂ. അതുകൊണ്ട് ഞാന്‍ അങ്ങോട്ടു പോയി.
ആളുകള്‍ക്ക് അതങ്ങിഷ്ടപ്പെട്ടു. സങ്കീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും ഉരുവിട്ടുകൊണ്ട് ഞാന്‍ ഒരു കോണില്‍ നില്‍ക്കുമ്പോള്‍ അവര്‍ എന്നെ നോക്കി തലകുലുക്കി. പ്രാര്‍ത്ഥിച്ചോ. പ്രാര്‍ത്ഥിച്ചോ! പ്രാര്‍ത്ഥനകൊണ്ട് ഒരു പെണ്ണും ഇതുവരെ ഗര്‍ഭിണിയായിട്ടില്ല. ഒരാള്‍ എന്റെ വായില്‍ ഒരു വൈക്കോല്‍ക്കഷണം തിരുകിത്തന്നിട്ടു പറയുകയാണ്, പാവം പശുവിനിത്തിരി പുല്ല്!


അവള്‍ ഒരാണ്‍കുട്ടിയെ പ്രസവിച്ചു. വെള്ളിയാഴ്ച സിനഗോഗില്‍ വച്ച് ഗ്രന്ഥപേടകത്തിനു മുന്നില്‍ നിന്ന് മേശപ്പുറത്തടിച്ചുകൊണ്ട് കപ്യാര്‍ പ്രഖ്യാപിച്ചു. പണക്കാരനായ റബ്ബ് ഗിമ്പല്‍ എല്ലാവരെയും മകന്റെ പേരില്‍ സദ്യയ്ക്ക് ക്ഷണിക്കുന്നു. സിനഗോഗിനകം ചിരികൊണ്ടു മുഴങ്ങി. എന്റെ മുഖം ചുവന്നു. പക്ഷേ ഞാന്‍ നിസ്സഹായനായിരുന്നു. എന്തൊക്കെയായാലും ചേലാകര്‍മ്മവും മറ്റടിയന്തിരങ്ങളും നടത്തേണ്ടയാള്‍ ഞാന്‍ തന്നെയാണ്.
ആ ദിവസം പട്ടണത്തില്‍ പാതിയാണ് സദ്യക്കെത്തിയത്. എല്ലാവരെയും പോലെ ഞാനും തിന്നുകയും കുടിക്കുകയും ചെയ്തു. എല്ലാവരും എന്നെ അനുമോദിച്ചു. പിന്നെ കുട്ടിയുടെ സുന്നത്തുകര്‍മ്മം നടത്തി. ഞാന്‍ അവന് എന്റെ അച്ഛന്റെ പേരിട്ടു. എല്ലാവരും പോയിക്കഴിഞ്ഞ് ഞാനും ഭാര്യയും തനിച്ചായപ്പോള്‍ അവള്‍ കട്ടിലിന്റെ മറയ്ക്കിടയിലൂടെ തലനീട്ടി എന്നെ അടുത്തേയ്ക്ക് വിളിച്ചു.
എന്താ ഗിമ്പലേ, മിണ്ടാതിരിക്കുന്നത്! കപ്പലു മുങ്ങിപ്പോയോ?
ഞാനെന്തു പറയണം? ഞാന്‍ ചോദിച്ചു. നീ എന്നോടീ കാണിച്ചതു നല്ല കാര്യമായിപ്പോയി. എന്റെ അമ്മ ഇതറഞ്ഞിരുന്നെങ്കില്‍ അവര്‍ രണ്ടാമതും മരിച്ചേനെ.
നിങ്ങള്‍ക്കെന്താ ഭ്രാന്തോ മറ്റോ പിടിച്ചോ? അവളുടെ ചോദ്യം.
നിന്റെ ഭര്‍ത്താവായ ഒരാളെ ഇങ്ങനെ വിഡ്ഡിയാക്കാന്‍ നിനക്കു തോന്നിയല്ലോ; ഞാന്‍ പരിഭവിച്ചു.

നിങ്ങള്‍ക്കെന്തു പറ്റി! നിങ്ങള്‍ എന്തോ മനസ്സില്‍ വച്ചും കൊണ്ടു പറയുകയാണ്.
ഒളിവും മറവുമില്ലാതെ നേരേയങ്ങു കാര്യം പറയണമെന്നു ഞാന്‍ നിശ്ചയിച്ചു. ആരോരുമില്ലാത്ത ഒരാളോട് ഇങ്ങനെയാണോ നീ പെരുമാറേണ്ടത്? ഞാന്‍ ചോദിച്ചു നീ പെറ്റതു ജാരസന്തതിയെയാണ്.
അപ്പോള്‍ അവള്‍ പറയുകയാണ്, നിങ്ങള്‍ വേണ്ടാത്തതൊന്നും മനസ്സില്‍ വച്ചു നടക്കേണ്ട. കുട്ടി നിങ്ങളുടെ തന്നെയാണ്.
അവനെങ്ങനെ എന്റെയാകാന്‍? ഞാന്‍ തര്‍ക്കിച്ചു. കല്യാണം കഴിഞ്ഞു പതിനേഴാഴ്ച ആയപ്പോഴല്ലേ അവന്‍ ജനിക്കുന്നത്?  അപ്പോള്‍ അവള്‍ പറയുകയാണ്, തന്റെ ഒരു മുത്തശ്ശി ഇതേപോലെ മാസം തികയാതെ പെറ്റിട്ടുണ്ടെന്നും, താന്‍ ആ മുത്തശ്ശിയുടെ മുറിച്ചമുറി ആണെന്നും. അവള്‍ സര്‍വ്വ സാക്ഷികളെയും വിളിച്ച് ആണയിട്ടു. നേരു പറഞ്ഞാല്‍ എനിക്ക് അവള്‍ പറഞ്ഞതൊന്നും വിശ്വാസമായില്ല. എന്നാല്‍ പിറ്റേന്ന് സ്‌കൂള്‍ മാഷുമായി ഞാന്‍ ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇതേ സംഗതിതന്നെയാണ് ആദാമിന്റെയും ഹവ്വായുടെയും കാര്യത്തിലുമുണ്ടായതെന്നാണ്. അവര്‍ കട്ടിലിലേക്കു കയറുമ്പോള്‍ രണ്ടുപേരായിരുന്നു; തിരിച്ചിറങ്ങുമ്പോള്‍ നാലും.
ഹവ്വായുടെ ചെറുമകളല്ലാത്ത ഒരു പെണ്ണ് ഈ ഭൂമിയിലുണ്ടോ? അദ്ദേഹം ചോദിച്ചു.
അങ്ങനെയാണ് കാര്യം. വാദം കൊണ്ട് അവരെന്റെ വായ മൂടി. പിന്നെ, ഞാനൊന്നു ചോദിക്കട്ടെ, ഇത്തരം കാര്യങ്ങളുടെ യഥാര്‍ത്ഥ സംഗതി ആരു കണ്ടു?


ഞാന്‍ എന്റെ ദു:ഖം മറന്നുതുടങ്ങി. ഞാന്‍ കുട്ടിയെ മതിമറന്നു സ്‌നേഹിച്ചു. അവനും എന്നെ അത്രയ്ക്കു കാര്യമായിരുന്നു. എന്നെ കാണേണ്ട താമസം അവന്‍ ആ കുഞ്ഞിക്കൈ വീശി തന്നെ എടുക്കാന്‍ നിര്‍ബന്ധം പിടിയ്ക്കും. അവന്‍ വയറുവേദന വന്നു കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ഞാന്‍ തന്നെ വേണം. ഞാന്‍ അവന് ഒരു കൊച്ചുതൊപ്പി വാങ്ങിക്കൊടുത്തു. അവനെപ്പോഴും ആരുടെയെങ്കിലും കണ്ണു തട്ടിക്കൊണ്ടിരുന്നു. പിന്നെ തകിടെഴുതിക്കാനും ചരടു കെട്ടിക്കാനുമുള്ള ഓട്ടമായി. ഞാന്‍ ഒരു കാളയെപ്പോലെ പണിയെടുത്തു. വീട്ടില്‍ ഒരു കുഞ്ഞുകൂടിയുണ്ടെങ്കില്‍ ചിലവു പോകുന്നപോക്ക് നിങ്ങള്‍ക്കറിയമല്ലോ. എന്തിനു പറയണം. എനിയ്ക്ക് എല്‍ക്കായോട് ഇഷ്ടക്കേടൊന്നും ഉണ്ടായിരുന്നില്ല. അവള്‍ എന്നെ പഴി പറയുകയും ശപിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്തൊരു ബലമായിരുന്നു അവള്‍ക്ക് ! അവളുടെ ഒരു നോട്ടം മതി നിങ്ങളുടെ നാവിറങ്ങിപ്പോകാന്‍. അവളുടെ നീണ്ട പ്രസംഗങ്ങളോ?  നിറയെ കരിയും ഗന്ധകവും, എന്തിട്ടെന്താ, കേട്ടാല്‍ മയങ്ങിപ്പോവുകയും ചെയ്യും. ഞാന്‍ അവളുടെ ഓരോ വാക്കിനെയും ആരാധിച്ചു. അവള്‍ പക്ഷേ പകരം തന്നത് ചോരയിറ്റുന്ന മുറിവുകളാണ്.

സന്ധ്യയ്ക്കു വരുമ്പോള്‍ ഞാന്‍ അവള്‍ക്കു പ്രത്യേകം ഉണ്ടാക്കിയ റൊട്ടിയും മറ്റും കൊണ്ടുകൊടുക്കും. അവള്‍ കാരണം തന്നെ ഞാന്‍ മോഷ്ടിക്കാനും തുടങ്ങി. കൈവയ്ക്കാവുന്നതൊക്കെ ഞാന്‍ അടിച്ചുമാറ്റി. ബിസ്‌ക്കറ്റ്, കേക്ക്, മുന്തിരി, ബദാം, പെണ്ണുങ്ങള്‍ ശനിയാഴ്ച ചുടാറാതിരിക്കാന്‍ ബേക്കറിയില്‍ കൊണ്ടുവയ്ക്കുന്ന കലങ്ങളില്‍ നിന്നുപോലും.


അന്നൊരു ദിവസം രാത്രിയില്‍ ബേക്കറിയില്‍ ഒരത്യാഹിതമുണ്ടായി. ബോര്‍മ്മ പൊട്ടിത്തെറിച്ച് തീപിടിച്ചു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാനന്നു വീട്ടിലേയ്ക്കു പോയി. ആഴ്ചയറുതിയില്ലാത്തൊരു ദിവസം വീട്ടില്‍ക്കിടന്നുറങ്ങുന്നതിന്റെ സുഖം ഞാനനുഭവിച്ചു നോക്കട്ടെ. കുഞ്ഞിനെ ഉണര്‍ത്തേണ്ടെന്നു കരുതി ഒച്ചയുണ്ടാക്കാതെ ഞാന്‍ അകത്തേയ്ക്കു കടന്നു. കയറിച്ചെല്ലുമ്പോള്‍ ഒരു കൂര്‍ക്കംവലിയല്ല, ഒരുതരം ഇരട്ടക്കൂര്‍ക്കംവലി കേള്‍ക്കുന്നതുപോലെ എനിക്കു തോന്നി, ഒന്നു വളരെ നേര്‍ത്തും, മറ്റേത് കുരലു മുറിച്ച കാളയുടെ മുക്രപോലെയും. ഹൊ, എനിക്കതൊട്ടും പിടിച്ചില്ല. ഞാന്‍ കട്ടിലിനടുത്തേയ്ക്കു ചെന്നു. എല്‍ക്കയുടെ അരികത്ത് ഒരു പുരുഷന്റെ രൂപം കിടക്കുന്നതാണു ഞാന്‍ കണ്ടത്. എന്റെ സ്ഥാനത്ത് മറ്റൊരാളായിരന്നെങ്കില്‍ ഒച്ചവച്ചു പട്ടണം മൊത്തം ഇളക്കിയേനെ. പക്ഷേ കഞ്ഞുണരുമല്ലോ എന്നാണ് എനിക്ക് ചിന്തപോയത്. എന്തിനാണ് കിളിച്ചുണ്ടന്‍ പോലത്തെ ആ കുഞ്ഞിനെ പേടിപ്പിക്കുന്നത്? ഞാന്‍ തിരിച്ചു ബേക്കറിയിലേക്കു പോയി ഒരു ഗോതമ്പു ചാക്കിന്റെ മുകളില്‍ മലര്‍ന്നുകിടന്നു. പുലരും വരെ ഞാന്‍ ഒരുപോള കണ്ണടച്ചില്ല. മലമ്പനി പിടിച്ചതുപോലെ ഞാന്‍ കിടന്നു വിറച്ചു. ഇങ്ങനെ പൊട്ടന്‍ കളിച്ചു മതിയായി. ഞാന്‍ സ്വയം പറഞ്ഞു. ഗിമ്പല്‍ ജീവിതകാലം മുഴുവന്‍ ഇങ്ങനെ ഒരു പാവത്താനായി കഴിയാന്‍ പോകുന്നില്ല. ഗിമ്പലിനെപ്പോലൊരു മണ്ടന്റെ മണ്ടത്തരത്തിനു പോലും ഒരതിരൊക്കെയുണ്ട്.


രാവിലെ ഞാന്‍ റബ്ബിയുടെ അടുക്കല്‍ ഉപദേശം തേടാന്‍ ചെന്നു. അതറിഞ്ഞപ്പോള്‍ പട്ടണത്തില്‍ എന്തൊരു പ്രക്ഷോഭമായിരുന്നു. അവര്‍ എല്‍ക്കായെ വരുത്താന്‍ ആളയച്ചു. കുട്ടിയേയും എടുത്തുകൊണ്ട് അവള്‍ വന്നു. എന്നിട്ട് അവള്‍ ചെയ്തതെന്താണെന്നാണ് നിങ്ങളുടെ വിചാരം? അവള്‍ സകലതുമങ്ങു നിഷേധിച്ചു! അയാള്‍ക്കു തലയ്ക്കു വെളിവുകെട്ടിരിക്കുകയാണ്. അവള്‍ പറയുകയാണ്. അയാള്‍ വല്ല സ്വപ്നമോ മറ്റോ കണ്ടതായിരിക്കും. അവര്‍ അവളുടെ മുഖത്തുനോക്കി ആക്രോശിച്ചു. താക്കീതുചെയ്തു. മേശപ്പുറത്തു ചുറ്റിക കൊണ്ടടിച്ചു. അവള്‍ക്കു പക്ഷേ യാതൊരു കുലുക്കവുമില്ല. തന്നെ കാര്യമില്ലാതെ കുറ്റപ്പെടുത്തുകയാണ്.


കശാപ്പുകാരനും കുതിരത്തരകുകാരും അവളുടെ ഭാഗം ചേര്‍ന്നു. കശാപ്പുകടയില്‍ നില്‍ക്കുന്ന ഒരു പയ്യന്‍ എന്റെ സമീപത്തേയ്ക്ക് വന്ന് എന്നെ ഭീഷണിപ്പെടുത്തി. ഞങ്ങള്‍ തന്നെ നോട്ടമിട്ടിരിക്കുകയാണ്. ഈ സമയത്ത് കുഞ്ഞ് മൂത്രമൊഴിച്ചു.

റബ്ബിയുടെ മുറിയില്‍ ഗ്രന്ഥപേടകമുണ്ടായിരുന്നതിനാല്‍, അവിടെ അശുദ്ധമാകേണ്ടെന്നു കരുതി അവര്‍ എല്‍ക്കായെ പുറത്തേക്കയച്ചു.
ഞാനെന്തുവേണം? ഞാന്‍ റബ്ബിയോടു ചോദിച്ചു.
നീ ഉടനേതന്നെ ബന്ധമൊഴിയണം. അദ്ദേഹം പറഞ്ഞു
അവള്‍ സമ്മതിച്ചില്ലെങ്കിലോ?
നീ ബന്ധമൊഴിയാനുള്ള കത്തയക്കുക, അത്രയും ചെയ്താല്‍ മതി.
ശരി, അങ്ങനെയാവാം റബ്ബി, എന്തായാലും ഞാനൊന്നാലോചിച്ചു നോക്കട്ടെ.
ഇതില്‍ ആലോചിക്കാന്‍ ഒന്നുമില്ല. റബ്ബി പറഞ്ഞു. ഇനി നീ അവളുമൊത്ത് ഒരേ കൂരക്കീഴില്‍ താമസിക്കാന്‍ പാടില്ല.
എനിക്കു കുഞ്ഞിനെ കാണണമെന്നു തോന്നിയാലോ? ഞാന്‍ ചോദിച്ചു.
ആ കുലടയും അവളുടെ ജാരസന്തതികളും പോയ വഴിക്കു പോകട്ടെ, അദ്ദേഹം പറഞ്ഞു.
ഇനി ഒരിക്കലും ജീവനുള്ള കാലത്തോളം അവളുടെ പടി ചവിട്ടാന്‍ പാടില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വിധി.
പകല്‍ എനിക്ക് അത്ര വലിയ വിഷമമൊന്നും തോന്നിയില്ല. ഇതു സംഭവിക്കാനുള്ളതായിരുന്നു, ഞാനോര്‍ക്കും, വ്രണം പൊട്ടിത്തന്നെയാവണം. പക്ഷേ രാത്രിയില്‍ ചാക്കിന്റെ പുറത്തു മലര്‍ന്നു കിടക്കുമ്പോള്‍ എന്റെ മനസ്സു ചുടും. അവളെയും കുഞ്ഞിനെയും കാണാന്‍ ഉള്ളു പിടയ്ക്കും. എനിക്കു ദേഷ്യപ്പെടാന്‍ തോന്നും. പക്ഷേ എന്റെ നിര്‍ഭാഗ്യം, ദേഷ്യപ്പെടുന്നതെങ്ങനെയെന്ന് എനിക്കറിയില്ല. ഒന്നാമത് എന്റെ ചിന്ത പോയതിങ്ങനെയാണ്. എവിടെയെങ്കിലും ഒന്നു പിഴയ്ക്കുക ആരുടെ കാര്യത്തിലും സ്വാഭാവികമാണ്. ഒരു പിശകും വരുത്താതെ ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല. അവളോടൊപ്പം കണ്ട ആ പയ്യന്‍, ഒരു പക്ഷേ സമ്മാനങ്ങളും പഞ്ചാരവാക്കുകളും കൊണ്ട് അവളെ മയക്കിയെടുത്തതാണെന്നു വരാം. മുടിക്കുള്ള നീളം ബുദ്ധിക്കില്ലാത്ത വകയാണല്ലോ സ്ത്രീകള്‍. പിന്നെ, അവള്‍ ഇത്ര ശക്തിയായി നിഷേധിക്കുന്നതു കാണുമ്പോള്‍, ഒരു പക്ഷേ അന്നു കണ്ടത് എന്റെ വെറുമൊരു തോന്നലാണെന്നും വരുമോ? മതിഭ്രമം വന്നുകൂടായ്കില്ലല്ലോ. നിങ്ങള്‍ ഒരു രൂപമോ കോലമോ പോലെയെന്തോ കാണുന്നു;  അടുത്തു ചെന്നു നോക്കുമ്പോഴല്ലേ അവിടെ ഒന്നുമില്ലെന്ന് അറിയുന്നത്. ഇതും അങ്ങനെയാണെങ്കില്‍ ഞാന്‍ അവളോടു വലിയൊരനീതിയാണ് കാണിക്കുന്നത്. ചിന്ത ഇത്രത്തോളമെത്തിയപ്പോഴേയ്ക്കും ഞാന്‍ വിങ്ങിക്കരയാന്‍ തുടങ്ങി. കണ്ണീരു വീണ് ഞാന്‍ കിടന്ന ചാക്കും നനഞ്ഞു. രാവിലെ എഴുന്നേറ്റ് ഞാന്‍ റബ്ബിയുടെ അടുക്കല്‍ പോയി. എനിക്കൊരു തെറ്റു പറ്റിയെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. റബ്ബി അതു രേഖപ്പെടുത്തിയിട്ട് അങ്ങനെയാണെങ്കില്‍ ഇക്കാര്യം

തനിക്ക് വീണ്ടും പരിശോധിക്കേണ്ടിവരുമെന്ന് പറഞ്ഞു. അതില്‍ തീര്‍പ്പാകുന്നതുവരെ ഞാന്‍ ഭാര്യയെ കാണാന്‍ പാടില്ല; എന്നാല്‍ ആള്‍ വശം പണമോ ആഹാരമോ കൊടുത്തയക്കുന്നതില്‍ വിരോധവുമില്ല.


3


റബ്ബികള്‍ക്ക് കൂട്ടായ ഒരു തീരുമാനത്തിലെത്താന്‍ ഒമ്പതുമാസം വേണ്ടിവന്നു. അങ്ങോട്ടുമിങ്ങോട്ടും കത്തുകള്‍ പോയി. ഇങ്ങിനെയൊരു കാര്യത്തില്‍ ഇത്രയൊക്കെ പാണ്ഡിത്യവും പര്യാലോചനയുമൊക്കെ വേണ്ടിവരുമെന്ന് ഞാനോര്‍ത്തിരുന്നില്ല.


ഈ സമയത്ത് എല്‍ക്കാ വീണ്ടും പ്രസവിച്ചു. അതു പെണ്‍കുട്ടിയായിരുന്നു. ശാബത്തിന്റന്ന് ഞാന്‍ സിനഗോഗില്‍ പോയി അവള്‍ക്ക വേണ്ടി പ്രാര്‍ത്ഥിച്ചു. അവര്‍ എന്നെ തോറായുടെ സമീപത്തേയ്ക്കു കൊണ്ടുപോയി. ഞാന്‍ കുഞ്ഞിന് എന്റെ അമ്മായിയമ്മയുടെ പേരിട്ടു. പട്ടണത്തിലെ വിടുവായന്മാരും പൊണ്ണന്മാരും ബേക്കറിയില്‍ വന്ന് എന്നെ ഗുണദോഷിച്ചു. എന്റെ കഷ്ടപ്പാടുകളും വേദനയും ഫ്രാംപോലുകാര്‍ക്ക് ഉന്മേഷം നല്‍കി. അതെന്തുമാകട്ടെ, എന്നോടെന്തു പറയുന്നുവോ, അതു വിശ്വസിക്കുക. എന്നു ഞാന്‍ നിശ്ചയിച്ചു. വിശ്വസിക്കാതിരിക്കുന്നതുകൊണ്ട് എന്തു ഗുണം? ഇന്നു നിങ്ങള്‍ക്കു ഭാര്യയെ വിശ്വാസമായില്ല. നാളെ നിങ്ങള്‍ ദൈവത്തെയാകും തള്ളിപ്പറയുക.


അവളുടെ ഒരയല്‍ക്കാരന്‍ പയ്യന്‍ പണി പഠിക്കാന്‍ ബേക്കറിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവന്‍ വശം ഞാന്‍ അവള്‍ക്കു ദിവസവും എന്തെങ്കിലും പലഹാരം കൊടുത്തയക്കും. അവനും സ്‌നേഹമുള്ളവനായിരുന്നു. പല തവണ ഞാന്‍ കൊടുക്കുന്നതിന്റെ കൂടെ സ്വന്ത നിലയ്ക്കും അവന്‍ പലതും അവള്‍ക്കു കൊണ്ടുകൊടുത്തിട്ടുണ്ട്. മുമ്പൊക്കെ അവന്‍ എനിക്കൊരു ശല്യമായിരുന്നു. അവന്‍ എന്റെ മൂക്കിനു പിടിക്കുകയും വാരിക്കിട്ട് കുത്തുകയുമൊക്കെ ചെയ്യും. എന്നാല്‍ എന്റെ വീട്ടില്‍ പോകാന്‍ തുടങ്ങിയതോടെ അവന്‍ എന്നോട് സ്‌നേഹത്തോടും ദയവോടും കൂടി പെരുമാറാന്‍ തുടങ്ങി. ഗിമ്പലേ, അവന്‍ ഒരു ദിവസം പറയുകയാണ്. എന്തു യോഗ്യയായ ഭാര്യയും തങ്കക്കുടം പോലത്തെ കുഞ്ഞുങ്ങളുമാണ്. തനിക്കു കിട്ടിയിരിക്കുന്നത്. സത്യം പറഞ്ഞാല്‍ ഇതൊന്നും തനിക്കു വിധിച്ചിട്ടള്ളതല്ല.
എന്നിട്ട് ആളുകള്‍ അവളെക്കുറിച്ച് എന്തെല്ലാമാണു പറയുന്നത്, ഞാന്‍ പറഞ്ഞു.
അതവര്‍ നാക്കിനു നീളം കൂടുതലായതുകൊണ്ടു പറയുകയാണ്. അവര്‍ നാക്കിട്ടടിക്കട്ടെ, അതൊന്നും ഗൗനിക്കേണ്ട.
ഒരു ദിവസം റബ്ബി എന്നെ ആളച്ചു വരുത്തിയിട്ടു ചോദിച്ചു, ഗിമ്പലേ, ഭാര്യയെ സംശയിച്ചതു തെറ്റായിരുന്നുവെന്നു തന്നെയാണോ ഇപ്പോഴും നിന്റെ നിലപാട്?
അതെ, ഞാന്‍ പറഞ്ഞു.

ഇങ്ങോട്ടു നോക്ക്, നീ സ്വന്തം കണ്ണുകൊണ്ടു കണ്ടതല്ലേ?
അതു നിഴലായിരുന്നിരിക്കണം, ഞാന്‍ പറഞ്ഞു.
എന്തിന്റെ നിഴല്‍,
ഒരു കഴുക്കോലിന്റെയായിരിക്കും.
എന്നാലിനി വീട്ടില്‍ പൊയ്‌ക്കോ. യാനാവറിലെ റബ്ബിക്കാണു നീ നന്ദി പറയേണ്ടത്. നിന്റെ ഭാഗം ന്യായീകരിക്കുന്ന അസ്പഷ്ടമായ ഒരു പരാമര്‍ശം അദ്ദേഹം മെയ്‌മൊനൈഡ്‌സില്‍ കണ്ടുപിടിച്ചിരുന്നു.
ഞാന്‍ റബ്ബിയുടെ കൈ കടന്നുപിടിച്ച് ചുംബിച്ചു.
അപ്പോള്‍ത്തന്നെ വീട്ടിലേക്കോടണമെന്ന് എനിക്കു തോന്നി. ഭാര്യയേയും കുഞ്ഞിനേയും വിട്ട് ഇത്ര നാള്‍ പിരിഞ്ഞിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല. ഒന്നുകൂടി ആലോചിക്കുമ്പോള്‍ എനിക്കു തോന്നി, ഇപ്പോള്‍ പണിക്കു പോവാം, വീട്ടിലേയ്ക്കു സന്ധ്യയ്ക്കു ചെല്ലാം. ഞാന്‍ ആരോടും ഒരക്ഷരം മിണ്ടിയില്ല. പക്ഷേ എന്റെ ഹൃദയം നൊയ്മ്പുനാളിലെന്നപോലെ വിങ്ങിനില്‍ക്കുയായിരുന്നു. പെണ്ണുങ്ങള്‍ പതിവുപോലെ എന്നെ കളിയാക്കുകയും മുനവച്ചു സംസാരിക്കുകയും ചെയ്തു. പക്ഷേ എന്റെ മനസ്സില്‍ ഇതായിരുന്നു. ആയിക്കോ, നിങ്ങള്‍ എത്ര വേണമെങ്കിലും നാവിട്ടടിച്ചോളൂ. ഒടുവില്‍ സത്യം പുറത്തു വന്നിരിക്കുന്നു. മെയ്‌മൊനൈസ്ഡ് പറയുന്നു അതു ശരിയാണെന്ന്. അതുകൊണ്ട് അതു ശരിയുമാണ്.
രാത്രിയില്‍ മാവു കുഴച്ചു പുളിക്കാന്‍ മൂടിവച്ചശേഷം എന്റെ പങ്ക് റൊട്ടിയും ഒരു കൊച്ചുസഞ്ചിയില്‍ ഗോതമ്പുമാവും എടുത്തുകൊണ്ട് ഞാന്‍ വീട്ടിലേയ്ക്കു തിരിച്ചു. പൂര്‍ണ്ണചന്ദ്രന്‍ തെളിഞ്ഞുനില്‍ക്കുന്നു. നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങുന്നു. ആത്മാവിനെ കിടുകിടുപ്പിക്കുന്ന കാഴ്ച! ഞാന്‍ വേഗം നടന്നു. എനിക്കു മുന്നില്‍ ഒരു നിഴല്‍ പാഞ്ഞുപോയി. മഞ്ഞുകാലമാണ്. പുതുമഞ്ഞ് വീണുകിടന്നിരുന്നു. എനിക്കൊന്നു പാടാന്‍ തോന്നി. പക്ഷേ രാത്രിയായതുകൊണ്ടു ഉറങ്ങുന്നവര്‍ക്ക് ശല്യമാകുമെന്നു കരുതി ഞാന്‍ അത് ഉള്ളിലടക്കി. എന്നാല്പ്പിന്നെ ചുളമടിച്ചാലെന്തെന്നായി. അപ്പോഴാണോര്‍ത്തത് രാത്രിയാണ്, ചൂളമടിച്ചാല്‍ പിശാചുക്കള്‍ പുറത്തുവരും. ഞാന്‍ ഒന്നും മിണ്ടാതെ കഴിയുന്നത്ര വേഗം നടന്നു.
ഞാന്‍ കടന്നുപോകുമ്പോള്‍ ക്രിസ്ത്യാനിവീടുകളിലെ നായ്ക്കള്‍ എന്നെ നോക്കി കുരച്ചു. ഞാന്‍ മനസ്സില്‍ പറഞ്ഞു. കുരച്ചോ, തൊണ്ട കാറും വരെ കുരച്ചോ! നിങ്ങളാര്, വെറും പട്ടികള്‍! ഞാനോ, ഒരു പുരുഷന്‍. യോഗ്യയായ ഒരു ഭാര്യയുടെ ഭര്‍ത്താവ്; ഭാവിവാഗ്ദാനങ്ങളായ കുട്ടികളുടെ പിതാവ്.
വീടടുക്കുന്തോറും എന്റെ നെഞ്ച് പടപടാ അടിക്കാന്‍ തുടങ്ങി. എനിക്കു പേടിയൊന്നും തോന്നിയില്ല. പക്ഷേ എന്റെ ഹൃദയം ശക്തിയായി മിടിക്കുകയായിരുന്നു. എന്തായാലും ഇനി മടങ്ങിപ്പോകുന്നില്ല. ഞാന്‍ പതുക്കെ സാക്ഷ നീക്കി അകത്തു

കടന്നു. എല്‍ക്ക ഉറങ്ങിക്കിടക്കുകയായിരുന്നു. ഞാന്‍ കുഞ്ഞു കിടക്കുന്ന തൊട്ടിലിലേയ്ക്കു നോക്കി. അഴികള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ നിലാവെളിച്ചത്തില്‍ ജനിച്ചിട്ടധികനാളായിട്ടില്ലാത്ത കുഞ്ഞിന്റെ മുഖം ഞാന്‍ കണ്ടു; കണ്ടതും ഞാനതിനെ സ്‌നേഹിച്ചുപോയി. അതിന്റെ മൃദുവായ അസ്ഥികള്‍ ഓരോന്നിനേയും.
പിന്നെ ഞാന്‍ കട്ടിലിനടുത്തേയ്ക്കു ചെന്നു. എന്താണ് ഞാന്‍ അവിടെ കണ്ടത്! കടയില്‍ നില്‍ക്കുന്ന ആ പയ്യന്‍ എല്‍ക്കായോടൊപ്പം കിടക്കുന്നു! പെട്ടെന്ന് നിലാവ് മാഞ്ഞു. ആ കൂരിരുട്ടത്ത് ഞാന്‍ നിന്നു വിറച്ചു. എന്റെ പല്ലു കൂട്ടിയിടിച്ചു. കൈയ്യിലിരുന്ന റൊട്ടി താഴേയ്ക്കു വീണു. ശബ്ദം കേട്ട് എന്റെ ഭാര്യ ഉണര്‍ന്നു ചോദിച്ചു. ആരാണത്?
ഞാന്‍ തന്നെ, ഞാന്‍ പിറുപിറുത്തു.
ഗിമ്പലോ? അവള്‍ ചോദിച്ചു. നിങ്ങള്‍ എങ്ങനെ ഇവിടെ വന്നു? നിങ്ങള്‍ ഇവിടെ വന്നുകൂടെന്നാണല്ലോ ഞാന്‍ കരുതിയത്.
റബ്ബി പറഞ്ഞിട്ടാണ്. ഞാന്‍ ജ്വരം പിടിച്ച പോലെ വിറച്ചു.
ഇതുകേള്‍ക്ക് ഗിമ്പലേ. അവള്‍ പറഞ്ഞു. ചായ്പില്‍ ചെന്ന് ആടിനെന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് ഒന്നു നോക്കിയാട്ടെ. അതിനു നല്ല സുഖമില്ലെന്നു തോന്നുന്നു. ഞങ്ങള്‍ ഒരാടിനെ വളര്‍ത്തിയിരുന്ന കാര്യം പറയാന്‍ വിട്ടുപോയി. അവള്‍ക്കു സുഖമില്ലെന്നു കേട്ടപ്പോള്‍ ഞാന്‍ നേരെ ചായ്പ്പിലേക്കു ചെന്നു. ആ തള്ളയാട് നല്ലൊരു സാധുമൃഗമായിരുന്നു. ഒരു മനുഷ്യജീവിയോടുള്ള മമതയാണ് എനിക്ക് അതിനോടുണ്ടായിരുന്നത്.
ഇടറുന്ന കാലുകളോടെ ചായ്പിലേയ്ക്ക് ചെന്ന് ഞാന്‍ വാതില്‍ തുറന്നു. ആട് നാലുകാലില്‍ നില്‍ക്കുകയാണ്. ഞാനതിനെ സര്‍വ്വാംഗം തൊട്ടുനോക്കി. കൊമ്പു പിടിച്ചുനോക്കി; അകിടു തടവിനോക്കി. വിശേഷിച്ചു യാതൊന്നും കണ്ടില്ല. തീറ്റ കൂടുതലെടുത്തതായിരിക്കണം. ഉറങ്ങിക്കോ കുഞ്ഞാടേ, ഞാന്‍ അതിനോടു പറഞ്ഞു. സുഖക്കേടൊന്നും വരുത്തേണ്ട. അതിനു മറുപടിയായി അവള്‍ മേയെന്നു കരഞ്ഞു. എന്റെ സന്മനസ്സിനു നന്ദി പറയുകയാണ് അവളെന്നു തോന്നി.
ഞാന്‍ തിരിച്ചുചെന്നു ആ പയ്യന്‍ അപ്രത്യക്ഷനായിരുന്നു.
എവിടെ ആ പയ്യന്‍? ഞാന്‍ ചോദിച്ചു.
ഏതു പയ്യന്‍?
എന്താ നിന്റെ മനസ്സിലിരുപ്പ്? ഞാന്‍ ചോദിച്ചു. ബേക്കറിയില്‍ നില്‍ക്കുന്ന ആ പയ്യന്‍. നീ അവന്റെ കൂടെ കിടക്കുകയായിരുന്നു.
ഞാന്‍ ഇന്നലെ രാത്രിയും അതിന്റെ തലേന്നും കണ്ട പേക്കിനാവുകള്‍ നിങ്ങളെ കടിച്ചുകീറട്ടെ! അവള്‍ അലറിവിളിച്ചു. നിങ്ങളുടെയുള്ളില്‍ ഏതോ പിശാചു കുടിയി

രുന്ന് നിങ്ങളുടെ കണ്ണുകെട്ടുകയാണ്. വൃത്തികെട്ട ജന്തു!  വിഡ്ഢി! പിശാച്! ഇറങ്ങിപ്പോ! അല്ലെങ്കില്‍ ഒച്ചവച്ച് ഞാന്‍ ഫ്രാംപോല്‍ മൊത്തം ഉണര്‍ത്തും.
എനിക്കനങ്ങാന്‍ പറ്റുന്നതിനുമുമ്പ് അവളുടെ അനിയന്‍ അടുപ്പിനു പിന്നില്‍ നിന്നു ചാടിവീണ് എന്റെ തലയ്ക്കു പിന്നില്‍ ഒറ്റയടി. കഴുത്തൊടിഞ്ഞപോലെ തോന്നിപ്പോയി. എനിക്കെന്തോ കാര്യമായ പിശകുണ്ടെന്ന് എനിക്ക് ബോധ്യമായി. ഞാന്‍ അവളോടു പറഞ്ഞു. ദയവുചെയ്ത് അപവാദമൊന്നും ഉണ്ടാക്കരുത്. ഞാന്‍ പിശാചുക്കളെ വച്ചുപോറ്റുന്നുവെന്ന് കൂടി ആളുകള്‍ പഴിക്കേണ്ട കുറവേ ഇനിയുള്ളൂ. ആരും പിന്നെ ഞാന്‍ ഉണ്ടാക്കുന്ന പലഹാരം വാങ്ങില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ എങ്ങനെയൊക്കെയോ അവളെ പറഞ്ഞു സമാധാനിപ്പിച്ചു.
ശരി, അവള്‍  പറഞ്ഞു.
താഴെയെങ്ങാനും കിടന്നോ.
പിറ്റേന്നു രാവിലെ ഞാന്‍ പയ്യനെ വിളിച്ചു. കേള്‍ക്കനിയാ! എന്നിട്ട് ഞാന്‍ സകലതും പറഞ്ഞു. നിങ്ങള്‍ എന്താണീ പറയുന്നത്? ഞാനെന്തോ ആകാശത്തുനിന്നു പൊട്ടിവീണതുപോലെ അവന്‍ എന്നെ തുറിച്ചുനോക്കി.
നിങ്ങള്‍ ഏതെങ്കിലും മന്ത്രവാദിയെയോ, ഒറ്റമൂലിക്കാരനെയോ പോയി കാണണം. അവന്‍ പറയുകയാണ്. നിങ്ങളുടെ  ഒരു പിരി അയഞ്ഞിരിക്കുകയാണെന്നു തോന്നുന്നു. എന്തായാലും നിങ്ങളായതുകൊണ്ട് ഞാന്‍ ആരോടും മിണ്ടുന്നില്ല. അങ്ങനെയായി കാര്യം..
എന്തിനധികം നീട്ടുന്നു, ഇരുപതു കൊല്ലം ഞാന്‍ അവളോടൊപ്പം ജീവിച്ചു. അവള്‍ ആറു കുട്ടികളെ പെറ്റു, നാലു പെണ്ണും, രണ്ടാണും, ഇതിനിടയില്‍ പലതും നടന്നു. ഞാന്‍ ഒന്നും കണ്ടതുമില്ല, കേട്ടതുമില്ല. ഞാന്‍ എല്ലാം വിശ്വസിച്ചു, അത്ര തന്നെ. ഈയടുത്തിടെ റബ്ബി എന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞു. മറ്റൊന്നും വേണ്ട, വിശ്വാസമുണ്ടെങ്കില്‍ അതുമതി നന്മ വരാന്‍. ഗുണവാന്‍ വിശ്വാസം കൊണ്ടു ജീവിക്കുന്നു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.


ഒരു ദിവസം പെട്ടെന്ന് എന്റെ ഭാര്യ കിടപ്പിലായി. ഒരു നിസ്സാരകാര്യത്തില്‍ നിന്നാണ് തുടങ്ങിയത്. മാറത്ത് ഒരു മുഴ. പക്ഷേ അവള്‍ക്ക് അധികനാള്‍ ഇല്ലെന്ന് വ്യക്തമായി. അവളുടെ ആയുസ്സ് കഴിയാറായിരിക്കുന്നു. അവളുടെ ചികിത്സക്കായി ഞാന്‍ കുറേ പണം ചിലവാക്കി. കൂട്ടത്തില്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി. ഞാന്‍ ഇതിനകം സ്വന്തമായി ഒരു ബേക്കറി നടത്താന്‍ തുടങ്ങിയിരുന്നു. ഒരുവിധം പണക്കാരന്‍ എന്ന നിലയും ഫ്രാംപോലില്‍ എനിക്ക് കൈവന്നിരുന്നു. എല്ലാ ദിവസവും വൈദ്യന്‍ വരും, ചുറ്റുവട്ടത്തുള്ള സകല മന്ത്രവാദികളെയും വരുത്തി. ലബ്ലിനില്‍ നിന്ന് ഒരു ഡോക്ടറെ

വരെ വരുത്തിയതാണ്. പക്ഷേ ഫലമുണ്ടായില്ല. മരിക്കുന്നതിനുമുമ്പ് അവള്‍ എന്നെ കട്ടിലിനരികിലേയ്ക്ക് വിളിച്ചു. എനിക്കു മാപ്പു തരണേ, ഗിമ്പല്‍.
ഞാന്‍ പറഞ്ഞു മാപ്പു തരാനെന്തിരിക്കുന്നു. നീ വിശ്വസ്തയായ നല്ലൊരു ഭാര്യയായിരുന്നു.
കഷ്ടം ഗിമ്പലേ! അവള്‍ കരഞ്ഞു. ഇത്രയും കാലം ഈ വൃത്തികെട്ട ഞാന്‍ നിങ്ങളെ കബളിപ്പിച്ചു. എനിക്ക് എന്റെ സ്രഷ്ടാവിനടുത്തേയ്ക്ക് ശുദ്ധയായി പോകണം. അതുകൊണ്ട് ഞാന്‍ പറയുകയാണ്, കുട്ടികള്‍ നിങ്ങളുടേതല്ല.
തലയ്‌ക്കൊരടിയേറ്റതുപോലെ ഞാന്‍ സ്ത്ബധനായിപ്പോയി.
പിന്നെയാരുടെ കുട്ടികളാണവര്‍?
ഞാന്‍ ചോദിച്ചു.
എനിക്കറിഞ്ഞുകൂടാ. എത്രയോ പേരുണ്ടായിരുന്നു. എന്തായാലും അവര്‍ നിങ്ങളുടെ മക്കളല്ല. സംസാരിച്ചുകൊണ്ടിരിക്കെ അവള്‍ തലയിട്ടുരുട്ടി. കണ്ണുകള്‍ ശൂന്യതയിലേക്കു നോക്കി എല്‍ക്കയുടെ ജീവിതം കഴിഞ്ഞു. അവളുടെ വിളര്‍ത്ത ചുണ്ടുകളില്‍ ഒരു മന്ദഹാസം തങ്ങിനിന്നിരുന്നു.
ജീവന്‍ വെടിഞ്ഞിട്ടും അവള്‍ ഇങ്ങനെ പറയുകയാണെന്നു ഞാന്‍ സങ്കല്‍പ്പിച്ചു. ഞാന്‍ ഗിമ്പലിനെ കബളിപ്പിച്ചു. എന്റെ ഹ്രസ്വമായ ജീവിതത്തിന്റെ പൊരുള്‍ അതായിരുന്നു.


4
ദു:ഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു ദിവസം രാത്രി ആട്ടച്ചാക്കുകള്‍ക്കു മേല്‍ കിടന്ന് ഞാനുറങ്ങുകയായിരുന്നു. സ്വപ്നത്തില്‍ പിശാച് എന്റെയടുക്കല്‍ വന്ന് ഇങ്ങനെ ചോദിച്ചു. ഗിമ്പലേ, താന്‍ എന്തിനാണുറങ്ങുന്നത്?
ഞാന്‍ പിന്നെ എന്തു ചെയ്യണം? പിരിയപ്പം തിന്നുകൊണ്ടിരിക്കണോ? ഞാന്‍ ചോദിച്ചു.
ലോകര്‍ മൊത്തം നിന്നെ കബളിപ്പിക്കുമ്പോള്‍ തിരിച്ചു നീയും അവരെ കബളിപ്പിക്കേണ്ടതല്ലേ?
ലോകത്തെ മൊത്തം കബളിപ്പിക്കാന്‍ എന്നെക്കൊണ്ടു കഴിയുമോ? ഞാന്‍ അവനോടു ചോദിച്ചു.
അപ്പോള്‍ അവന്‍ പറയുകയാണ്. ദിവസവും നീ ഓരോ തൊട്ടി മൂത്രം കരുതണം. എന്നിട്ടു രാത്രിയില്‍ അതു മാവിലൊഴിച്ചു കുഴയ്ക്കുക. ഫ്രാംപോലിലെ ജ്ഞാനികള്‍ അഴുക്കു തിന്നട്ടെ.

അപ്പോള്‍ പരലോകത്തെ ന്യായവിധിയെ ഭയക്കണ്ടേ?
പരലോകമൊന്നും വരാനില്ല.
അവന്‍ പറഞ്ഞു. അവര്‍ നിന്നെ പറഞ്ഞു വിശ്വസിപ്പിച്ചു. അസംബന്ധം!
അങ്ങനെയാണെങ്കില്‍ ദൈവം എന്നൊരാളുണ്ടോ?
അതുമില്ല.
പിന്നെയെന്താണുള്ളത്?
കൊഴുത്ത ചെളി.
ആട്ടിന്‍താടിയും കൊമ്പും തേറ്റകളും വാലുമായി അവന്‍ എന്റെ മുന്നില്‍ അങ്ങനെ നിന്നു. അവന്റെ വായില്‍ നിന്നും വന്നതു കേട്ടിട്ട് എനിക്കവന്റെ വാലിന് പിടിച്ച് ആഞ്ഞടിക്കാന്‍ തോന്നി; പക്ഷേ ഞാന്‍ ചാക്കിനു മേല്‍ നിന്നു താഴെ വീണു;  ഒരു വാരിയെല്ല് ഒടിയേണ്ടതായിരുന്നു. ആ സമയത്ത് തന്നെയാണ് എനിക്കു മൂത്രമൊഴിക്കാന്‍ തോന്നിയതും.


പുറത്തെക്കു പോകുമ്പോള്‍ കുഴച്ച മാവ് പുളിച്ചുനില്‍ക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. അതെന്നോട് ഇങ്ങനെ പറയുന്നതുപോലെ എനിക്കു തോന്നി. ഒഴിക്ക്! ചുരുക്കിപ്പറഞ്ഞാല്‍ ആ പ്രേരണയ്ക്കു ഞാന്‍ വശംവദനായി.
കാലത്ത് വേലക്കാരന്‍ പയ്യന്‍ വന്നു. ഞങ്ങള്‍ മാവു കുഴച്ചു, അതില്‍ പെരുഞ്ചീരകം വിതറി ബോര്‍മ്മയില്‍ വച്ചു പയ്യന്‍ പോയപ്പോള്‍ ബോര്‍മ്മയ്ക്കടുത്ത് പഴന്തുണിക്കൂട്ടത്തിനു മേല്‍ ഞാന്‍ ഒറ്റയ്ക്കായിപ്പോയി. അപ്പോള്‍ ഗിമ്പലേ, ഞാന്‍ മനസ്സില്‍ പറഞ്ഞു, അവര്‍ നിന്റെ മേല്‍ ചൊരിഞ്ഞ ആക്ഷേപത്തിനെല്ലാം കൂടി നീ കണക്കു തീര്‍ത്തിരിക്കുന്നു. പുറത്തു മഞ്ഞു കട്ടപിടിച്ചു തിളങ്ങുന്നുണ്ടായിരുന്നു. പക്ഷേ അകത്ത് അടുപ്പിന്റെ ചൂടുണ്ടായിരുന്നു. തീനാളങ്ങള്‍ എന്റെ മുഖം ചൂടുപിടിപ്പിച്ചു. തലചായ്ച്ച് ഞാന്‍ ഒരു മയക്കത്തിലാണ്ടു.
പെട്ടെന്ന് ഒരു സ്വപ്നത്തില്‍ ശവക്കച്ച കൊണ്ടുമൂടിയ എല്‍ക്കയെ ഞാന്‍ കണ്ടു. അവള്‍ ചോദിച്ചു. എന്താണീ ചെയ്തത്, ഗിമ്പലേ?
ഞാന്‍ അവളോടു പറഞ്ഞു. ഒക്കെ നിന്റെ കുഴപ്പംകൊണ്ടാണ് എന്നിട്ട് ഞാന്‍ തേങ്ങിക്കരയാന്‍ തുടങ്ങി.
മണ്ടന്‍! അവള്‍ പറഞ്ഞു മണ്ടന്‍! ഞാനൊരാള്‍ തെറ്റിയെന്ന് വച്ചിട്ട് മറ്റു സകലതും തെറ്റിപ്പോയോ! ഞാന്‍ എന്നെയല്ലാതെ മറ്റാരെയുമല്ല കബളിപ്പിച്ചത്. അതിന് ഞാനിന്നനുഭവിക്കുകയാണ് ഗിംപലേ. ഇവിടെ ഒരാളെയും വെറുതെ വിടാറില്ല.
ഞാന്‍ അവളുടെ മുഖത്തേയ്ക്കു നോക്കി. അതിനു കറുപ്പുനിറമായിരുന്നു. ഞാന്‍ ഞെട്ടിയുണര്‍ന്നുപോയി. കുറച്ചുനേരത്തേയ്ക്ക് എന്റെ നാവു പൊന്തിയില്ല. സര്‍വ്വതും ഒരു തുലാസ്സില്‍ ആടുകയാണെന്നു എനിക്കു ബോദ്ധ്യമായി. ഇപ്പോള്‍ ഒരടി പിഴച്ചാല്‍ മതി, നിത്യജീവന്‍ എനിക്ക് നഷ്ടപ്പെടുകയായി. പക്ഷേ ദൈവം എനിക്കു തുണയായി. ഞാന്‍ നീണ്ടൊരു കോരിക കടന്നെടുത്ത് ബോര്‍മ്മയില്‍നിന്ന് റൊട്ടികള്‍ പുറ

ത്തെടുത്ത് മുറ്റത്തുകൊണ്ടുപോയി എന്നിട്ടു ഞാന്‍ മഞ്ഞുറഞ്ഞ മണ്ണില്‍ ഒരു കുഴിയെടുക്കാന്‍ തുടങ്ങി.
അതിനിടെ പയ്യന്‍ മടങ്ങിവന്നു. ഇതെന്തായി ചെയ്യുന്നതങ്ങുന്നേ? അവന്‍ ശവംപോലെ വിളറിപ്പോയി.
ഞാന്‍ ചെയ്യുന്നതെന്താണെന്ന് എനിക്കറിയാം. കണ്മുന്നില്‍വച്ച് ഞാന്‍ അതെല്ലാം കുഴിയിലിട്ട് മൂടി.
പിന്നെ ഞാന്‍ വീട്ടില്‍ പോയി, ഒളിപ്പിച്ചുവച്ചിരുന്ന എന്റെ സമ്പാദ്യം കുട്ടികള്‍ക്കു വീതിച്ചുകൊടുത്തു. ഞാന്‍ ഇന്നു രാത്രി നിങ്ങളുടെ അമ്മയെ കണ്ടു. ഞാന്‍ പറഞ്ഞു, പാവം, അവള്‍ കറുത്തു കറുത്തു വരുന്നു.
അവര്‍ ഒരക്ഷരം ശബ്ദിക്കാനാവാതെ സ്തബ്ധരായിപ്പോയി.
നന്നായിരിക്കൂ. ഞാന്‍ പറഞ്ഞു. ഗിമ്പല്‍ എന്നൊരാള്‍ ജീവിച്ചിരുന്ന കാര്യം തന്നെ മറന്നേക്കുക. ഞാന്‍ എന്റെ കൊച്ചു കോട്ടും ഒരുജോഡി ബൂട്ടും എടുത്തിട്ടു; ~ഒരു കൈയില്‍ പ്രാര്‍ത്ഥനാവസ്ത്രം വച്ച സഞ്ചിയും മറ്റേക്കൈയില്‍ ഒരു വടിയുമെടുത്ത് ഞാന്‍ മെസൂസയില്‍ ചുംബിച്ചു. തെരുവില്‍ എന്നെ കണ്ടപ്പോള്‍ ആളുകള്‍ക്കു വളരെ അത്ഭുതമായി.
താനെങ്ങോട്ടു പോകുന്നു? അവര്‍ ചോദിച്ചു.
ലോകത്തേയ്ക്ക്! ഞാന്‍ മറുപടി പറഞ്ഞു അങ്ങനെ ഞാന്‍ ഫ്രാംപോലില്‍ നിന്നു വിടവാങ്ങി.
നാടുമുഴുവന്‍ ഞാന്‍ തെണ്ടിനടന്നു. നല്ലവരായ ആളുകള്‍ എന്നെ അവഗണിച്ചില്ല. കൊല്ലങ്ങള്‍ ഏറെ കഴിഞ്ഞപ്പോള്‍ എനിക്കു പ്രായമായി. തലനരച്ചു. ഞാന്‍ പലതും കേട്ടു, എന്തൊക്കെ നുണകളും, കൃത്രിമങ്ങളും, പക്ഷേ ആയുസ്സിനു നീളം കൂടുന്തോറും അയഥാര്‍ത്ഥം എന്നൊന്നില്ലെന്ന് എനിക്ക് ബോധ്യമാവുകയായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കാത്തത് രാത്രിയില്‍ സ്വപ്നത്തില്‍ നടക്കുന്നു. ഒരാളുടെ കാര്യത്തില്‍ നടന്നില്ലെങ്കില്‍ മറ്റൊരാളുടെ കാര്യത്തില്‍, ഇന്നല്ലെങ്കില്‍ നാളെ, അടുത്തകൊല്ലം അല്ലെങ്കില്‍ വരുന്ന നൂറ്റാണ്ടില്‍.  അതുകൊണ്ടെന്തു വ്യത്യാസം വരാന്‍? ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ പറഞ്ഞുപോകും, ഇതൊരിക്കലും നടക്കാന്‍ പോകുന്നില്ല. പക്ഷേ ഒരു കൊല്ലം കഴിയേണ്ട, അങ്ങനെയൊരു സംഭവം എവിടെയോ നടന്നതായി എന്റെ ചെവിയിലെത്തും.


ഇങ്ങനെ ഊരു തെണ്ടി നടക്കുന്നതിനിടയില്‍ അന്യഗൃഹങ്ങളിലെ തീന്‍മേശകള്‍ക്കു മുന്നിലിരുന്ന് ഞാന്‍ പലപ്പോഴും കഥകളുണ്ടാക്കിപ്പറയും. ഒരിക്കലും നടക്കാനിടയില്ലാത്ത അസ്വഭാവികമായ കാര്യങ്ങള്‍. പിശാചുകളും മന്ത്രവാദികളും കാറ്റാടിയന്ത്രങ്ങളും മറ്റും കഥാപാത്രങ്ങളാവുന്ന കഥകള്‍. കുട്ടികള്‍ എന്റെ പിന്നാലെ ഓടിവരും. മുത്തശ്ശാ,     ഒരു കഥ പറയൂ. ചിലപ്പോള്‍ അവര്‍ ഇന്ന കഥ വേണമെന്നു പറയും. ഞാന്‍ അവരെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഒരു കഥ പറയും. ഒരിക്കല്‍ കൊഴു

ത്തുരുണ്ട ഒരു കുട്ടി പറഞ്ഞു. അപ്പൂപ്പാ, ഇതേ കഥ പണ്ടും പറഞ്ഞതാണ്. കൊച്ചു തെമ്മാടി, അവന്‍ പറഞ്ഞതു ശരിയായിരുന്നു.
സ്വപ്നങ്ങളുടെ കാര്യവും അതുതന്നെ. ഞാന്‍ ഫ്രാംപോല്‍ വിട്ടിട്ട് വര്‍ഷങ്ങള്‍ ഏറെയായിരിക്കുന്നു. പക്ഷേ കണ്ണടയ്‌ക്കേണ്ട താമസം, ഞാന്‍ അവിടെ എത്തുകയായി. അവിടെ ഞാന്‍ ആരെയാണു കാണുന്നതെന്നാണു നിങ്ങളുടെ വിചാരം? എല്‍ക്കായെ. ഞങ്ങള്‍ ആദ്യം കണ്ടപ്പോഴത്തെപ്പോലെ വെള്ളത്തൊട്ടിക്കടുത്തു നില്‍ക്കുകയാണവള്‍; പക്ഷേ അവളുടെ മുഖം തിളങ്ങുകയാണ്. അവളുടെ കണ്ണുകള്‍ ഒരു പുണ്യവാളന്റെ കണ്ണുകള്‍ പോലെ പ്രകാശം പരത്തുകയാണ്. എനിക്കറിയാത്ത കാര്യങ്ങള്‍ ഈ ലോകത്തിന്റേതല്ലാത്ത ഒരു ഭാഷയില്‍ എന്നോടു പറയുകയാണവള്‍. ഉറക്കമുണരുമ്പോള്‍ സര്‍വ്വതും ഞാന്‍ മറന്നുപോകുന്നു. പക്ഷേ സ്വപ്നത്തിലായിരിക്കുന്നിടത്തോളം നേരം എനിക്കു മന:ശാന്തി കിട്ടുന്നു. എന്റെ എല്ലാ സംശയങ്ങളും അവള്‍ തീര്‍ത്തു തരുന്നു;  അതില്‍നിന്നും എനിക്കു മനസ്സിലാവുന്നത് എല്ലാം ശരി എന്നത്രേ.. തേങ്ങിക്കരഞ്ഞുകൊണ്ടു ഞാന്‍ യാചിക്കും. എന്നെക്കൂടി കൊണ്ടുപോകൂ. അവള്‍ എന്നെ ആശ്വസിപ്പിക്കുകയും കാത്തിരിക്കാന്‍ ഉപദേശിക്കുകയും ചെയ്യും. സമയം അത്ര ദൂരെയല്ല. ചിലനേരം അവള്‍ എന്നെ തലോടുകയും ഉമ്മ വയ്ക്കുകയും എന്റെ മുഖത്തു കവിള്‍ ചേര്‍ത്തു തേങ്ങിക്കരയുകയും ചെയ്യും. ഉറക്കമുണരുമ്പോള്‍ അവളുടെ ചുണ്ടുകളുടെ സ്പര്‍ശവും കണ്ണീരിന്റെ ഉപ്പുരസവും ഞാന്‍ അറിയും.


ഈ ലോകം തീര്‍ത്തും സാങ്കല്‍പ്പികമായ ഒരു ലോകമാണെന്നതില്‍ ഒരു സംശയവുമില്ല; പക്ഷേ യഥാര്‍ത്ഥലോകത്തു നിന്നു ഒരു ചുവടു പിന്നിലാണ് അതെന്നേയുള്ളൂ. ഞാന്‍ കിടക്കുന്ന ചെറ്റക്കുടിലിന്റെ വാതില്‍ക്കല്‍ മരിച്ചവരെ എടുത്തുകൊണ്ടുപോകുന്ന മഞ്ചം ചാരിവച്ചിരിക്കുന്നു. ശവക്കുഴി വെട്ടുകാരന്‍ മണ്‍വെട്ടിയുമായി തയ്യാറായി നില്പാണ്. ശവക്കുഴി കാത്തുകിടക്കുന്നു. വിരകള്‍ ആര്‍ത്തിയോടിരിപ്പുണ്ട്; ശവക്കച്ചയും തയ്യാറാണ്.  ഞാന്‍ അത് എന്റെ സഞ്ചിയില്‍ കൂടെക്കൊണ്ടു നടക്കുകയാണ്. മറ്റൊരു ഷ്‌നോറര്‍ എന്റെ വൈക്കോല്‍ക്കിടക്ക സ്വന്തമാക്കാന്‍ കാത്തിരിക്കുന്നു. കാലമെത്തുമ്പോള്‍ ആഹ്ലാദത്തോടെ ഞാന്‍ പോകും. അവിടെയുള്ളതെന്തുമാകട്ടെ, അതു യഥാര്‍ത്ഥമായിരിക്കും, സങ്കീര്‍ണ്ണത കലരാത്തതായിരിക്കും. അവഹേളനയും കാപട്യവുമില്ലാത്തതായിരിക്കും. ദൈവത്തിനു സ്തുതി; അവിടെ ഗിമ്പല്‍ പോലും കബളിപ്പിക്കപ്പെടുകയില്ല.


റബ്ബി  - യഹൂദമത പണ്ഡിതന്‍
ഗൊലേം   - യഹൂദ കഥകളിലെ ജീവന്‍ കിട്ടിയ കളിമണ്‍ പ്രതിമ.
ഷ്‌നോദര്‍ - ഭിക്ഷക്കാരന്‍
മെയ്‌മൊനൈസ്ഡ്   - മദ്ധ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന യഹൂദ ദാര്‍ശിനികന്‍

മെസൂസ - തോറായിലെ വരികൾ എഴുതിയ തകിട് ഉറുക്കിലാക്കി വാതിൽ കട്ടളയിൽ തൂക്കിയിട്ടത്

ഷ്ണോറെർ - യാചകൻsinger