Wednesday, April 1, 2015

ടാഗോർ - ഓർമ്മ

tagore2


എനിക്കെന്റെ അമ്മയെ ഓർമ്മയില്ല.
എന്നാൽ ചിലനേരം കളിയിൽ മുഴുകിയിരിക്കുമ്പോൾ
പൊടുന്നനേ, ഒരു കാരണവുമില്ലാതെ,
എന്റെ കാതിലാരോ മൂളുന്നതായെനിക്കു തോന്നുന്നു,
അമ്മ വന്നെന്റെ കളിയിൽ കൂടുന്നതായെനിക്കു തോന്നുന്നു.
ഒരിക്കൽ അമ്മയെന്നെ പാടിയുറക്കിയിട്ടുണ്ടാവാം.
അമ്മ പോയി, അമ്മ പാടിയ ഗാനം ബാക്കിയായി.

എനിക്കെന്റെ അമ്മയെ ഓർമ്മയില്ല.
എന്നാലൊരാശ്വിനമാസപ്രഭാതത്തിൽ,
ഈറൻതെന്നലിൽ പാരിജാതങ്ങൾ മണക്കുമ്പോൾ
എന്റെ മനസ്സിലേക്കവരെത്തുന്നു- എന്റെ അമ്മ.
പണ്ടൊരിക്കലവർ പാരിജാതങ്ങളിറുത്തിരിക്കാം,
പൂപ്പാലികയുമായമ്പലത്തിൽ പോയിരിക്കാം.
ഇന്നമ്മ മടങ്ങുന്നു, ഉഷഃപൂജയുടെ ഗന്ധമായി.

എനിക്കെന്റെ അമ്മയെ ഓർമ്മയില്ല.
എന്നാൽ ചിലനേരം ജനാലയ്ക്കലിരിക്കുമ്പോൾ,
വിദൂരമായ നീലാവാനത്തേക്കുറ്റുനോക്കുമ്പോൾ,
നിർന്നിമേഷം അമ്മയെന്നെ നോക്കുന്നതായെനിക്കു തോന്നു.
പണ്ടൊരിക്കലവർ എന്നെ മടിയിലിരുത്തി,
എന്റെ മുഖത്തേക്കുറ്റു നോക്കിയിട്ടുണ്ടാവാം.
അമ്മയുടെ ആ നോട്ടം ആകാശത്തു ബാക്കിയായി.

(ശിശു ഭോലാനാഥ് - 1922)


 

 

 

No comments: