Saturday, April 4, 2015

ടാഗോർ - അജ്ഞാതത്തിലേക്ക്

297302-shesh-lekha-the-last-poems-of-rabindranath-tagor


അലസമദ്ധ്യാഹ്നത്തിൽ പാതിയുറക്കത്തിൽ
ഞാൻ ഇങ്ങനെയൊരു സ്വപ്നം കണ്ടു:
എന്റെ സത്തയുടെ ഉറ വഴുതി
ഏതെന്നറിയാത്തൊരു പുഴയിൽ വീഴുന്നു,
കുത്തൊഴുക്കില്പെട്ടതജ്ഞാതത്തിലേക്കു കുതിയ്ക്കുന്നു.
എന്റെ പേരിൽ തുടങ്ങുന്ന വ്യക്തിത്വത്തിന്റെ ചിഹ്നങ്ങൾ,
എന്റെ ഖ്യാതിയുടെ പ്രമാണങ്ങൾ,
ആസ്വാദ്യനിമിഷങ്ങളൊപ്പു ചാർത്തിയ
നാണക്കേടിന്റെ ഓർമ്മകൾ-
ഒക്കെയും ഒഴുക്കെടുത്തുപോകുന്നു.
എങ്കിൽ, അഹംബുദ്ധി പോയ ഞാൻ
എന്നോടിങ്ങനെ ചോദ്യം ചെയ്യുമോ?-
നഷ്ടങ്ങളിൽ വച്ചേതിനെക്കുറിച്ചാണു താൻ
ഏറ്റവുമോർത്തു ഖേദിക്കുക?
അല്ല, ദുഃഖങ്ങളും സന്തോഷങ്ങളും കൂട്ടിവച്ച
ഭൂതകാലത്തെക്കുറിച്ചല്ല.
ഭാവിയെക്കുറിച്ചാണെനിക്കു നഷ്ടബോധം തോന്നുക;
ആഗ്രഹങ്ങൾ, മണ്ണിനടിയിൽ വിത്തുകളെന്നപോലെ,
വരാനിരിക്കുന്ന വെളിച്ചം സ്വപ്നം കണ്ടു
ദീർഘരാത്രികൾ കഴിച്ച ഭാവികാലം.

(ശാന്തിനികേതൻ, 1940 നവംബർ 24)


1940ൽ പ്രസിദ്ധീകരിച്ച ‘രോഗശയ്യയിൽ’ എന്ന സമാഹാരത്തിലെ കവിതകൾ അദ്ദേഹത്തിന്റെ മരണത്തിലേക്കു നയിച്ച രോഗകാലത്തെഴുതിയതോ മറ്റുള്ളവർക്കു പറഞ്ഞുകൊടുത്തെഴുതിച്ചതോ ആണ്‌.

 

No comments: