Thursday, April 16, 2015

അന്തോണിയോ മച്ചാദോ - മഴവില്ലുദിച്ച രാത്രി

machado


ഗ്വാഡറാമയിലൂടെ മാഡ്രിഡിലേക്കുള്ള
രാത്രിവണ്ടി.
ചന്ദ്രനും മൂടൽമഞ്ഞും കൂടി
മാനത്തൊരു മഴവില്ലു സൃഷ്ടിക്കുന്നു.
വെണ്മേഘങ്ങളെ ആട്ടിപ്പായിക്കുന്ന
ഹേ, ഏപ്രിലിലെ പ്രശാന്തചന്ദ്ര!

മടിയിൽ കിടന്നുറങ്ങുന്ന കുഞ്ഞിനെ
അമ്മ അടുക്കിപ്പിടിച്ചിരിക്കുന്നു.
ഉറങ്ങുകയാണെങ്കിലും കുഞ്ഞു കാണുന്നുണ്ട്,
പിന്നിലേക്കു പായുന്ന പച്ചപ്പാടങ്ങൾ,
വെയിലു വീണ കുഞ്ഞുമരങ്ങളുമായി,
പൊന്നു പൂശിയ പൂമ്പാറ്റകളുമായി.

ഇന്നലെയ്ക്കും നാളെയ്ക്കുമിടയിൽ
നെറ്റിത്തടമിരുണ്ട അമ്മ കാണുന്നുണ്ട്,
കെട്ടണയുന്ന കനലുകളും
ഊറാമ്പുലികളോടുന്ന അടുപ്പുകല്ലുകളും.

ശോകം കൊണ്ടുന്മാദിയായ ഒരു യാത്രികൻ
വിചിത്രദർശനങ്ങൾ കാണുന്നുണ്ട്,
തന്നോടു തന്നെ സംസാരിക്കുന്നുണ്ട്,
ഒരു നോട്ടം കൊണ്ടു ഞങ്ങളെ മായ്ചുകളയുന്നുണ്ട്.

മഞ്ഞു മൂടിയ പാടങ്ങൾ എനിക്കോർമ്മ വരുന്നു,
മറ്റു മലകളിലെ പൈന്മരങ്ങളും.

ഞങ്ങൾക്കു കണ്ണുകളായ തമ്പുരാനേ,
എല്ലാ ആത്മാക്കളെയും കാണുന്നവനേ,
ഞങ്ങൾക്കു നിന്റെ മുഖം കാണാനാകുന്ന ഒരു നാൾ
വന്നു ചേരുമോയെന്നൊന്നു പറയൂ.


*ഗ്വാഡറാമ- ഐബീരിയൻ ഉപഭൂഖണ്ഡത്തിലെ  മലനിര


No comments: