Thursday, April 9, 2015

നെരൂദ - കടൽ

DSCN1172


എനിക്കു കടലിനെ വേണം, അതെന്നെ പഠിപ്പിക്കുന്നുവെന്നതിനാൽ,
എനിക്കറിയില്ല,
ഞാൻ പഠിക്കുന്നതു സംഗീതമോ അവബോധമോയെന്ന്,
ഒരേയൊരു തിരയോ, അതിന്റെ വിപുലാസ്തിത്വമോയെന്ന്,
അതിന്റെ പരുഷസ്വരം മാത്രമോയെന്ന്,
മീനുകളും യാനങ്ങളുമായ ദീപ്തസൂചനകളോയെന്ന്.
വാസ്തവമെന്തെന്നാൽ,
ഉറക്കത്തിൽ വീഴും വരെ,
കാന്തം വലിച്ചാലെന്നപോലെ,
തിരകളുടെ സർവകലാശാലയിൽ
ഞാൻ കയറിയുമിറങ്ങിയും നടക്കുന്നു.

തണുത്തു വിറയ്ക്കുന്ന ഏതോ ഗ്രഹം
അനുക്രമമരണം വരിയ്ക്കുന്നതിന്റെ ലക്ഷണം പോലെ
കക്കകൾ കാല്ക്കീഴിൽ ഞെരിഞ്ഞുപൊടിയുന്നതു മാത്രമല്ല;
അല്ല, ഒരു ശകലത്തിൽ നിന്നു ഞാനൊരു പകലിനെ പുനർനിർമ്മിക്കുന്നു,
ഒരുപ്പുപരലിൽ നിന്ന് ഒരു സ്റ്റലാക്റ്റൈറ്റിനെ,
ഒരു കരണ്ടി വെള്ളത്തിൽ നിന്ന് ആ മഹാദേവനെ.

മുമ്പതെന്നെ പഠിപ്പിച്ചതു ഞാൻ കാത്തുവയ്ചിരിക്കുന്നു.
അതു വായുവാണ്‌,
നിലയ്ക്കാത്ത കാറ്റും ജലവും മണലുമാണ്‌.

ഉള്ളിലെരിയുന്ന സ്വന്തം തീയുമായി ഇവിടെ പാർക്കാൻ വന്നൊരു ചെറുപ്പക്കാരന്‌
ഇതൊരു ചെറിയ കാര്യമായി തോന്നാം;
എന്നിരുന്നാല്ക്കൂടി,
ഒരു ഗർത്തത്തിനുള്ളിൽ ഉയർന്നുതാഴുന്ന ആ സ്പന്ദനം,
വെടിയ്ക്കുന്ന നീലശൈത്യം,
നക്ഷത്രത്തിന്റെ അനുക്രമമായ തേയ്മാനം,
മഞ്ഞും പതയും ധൂർത്തടിക്കുന്ന തിരയുടെ
സൗമ്യമായ ചുരുൾ വിടരൽ,
ആഴങ്ങളിൽ ഒരു ശിലാക്ഷേത്രം പോലെ നിസ്സന്ദേഹമായ
ആ അക്ഷോഭ്യബലം-
വിഷാദം പിടി മുറുക്കിയ എന്റെ ജീവിതത്തെ,
വിസ്മൃതി സഞ്ചയിച്ചിരുന്ന എന്റെ ജീവിതത്തെ
അതു മറ്റൊന്നാക്കി;
എന്റെ ജീവിതം പൊടുന്നനേ മാറി,
അതിന്റെ ശുദ്ധചലനത്തിൽ ഞാനൊരു ഘടകമായി.


 

1 comment:

Anonymous said...

എല്ലാ തീരപ്രദേശങ്ങള്‍ക്കും ഔരു ലാറ്റിനമേരിക്കന്‍ ച്ഛായയുണ്ട്.
ഇതെന്‍റെ അനുഭവമാണ്‌.