Wednesday, September 2, 2015

കമല ദാസിന്റെ കവിതകള്‍ - 10



പുരുഷൻ ഒരു ഋതു
----------------------
പുരുഷൻ ഒരു ഋതു പോലെയേയുള്ളു,
നീ നിത്യതയാണ്‌,
ഇതെന്നെപ്പഠിപ്പിക്കാൻ
എന്റെ യൗവനം നാണയം പോലെ പല കൈകൾ മറിയാൻ
നിങ്ങളെന്നെ വിട്ടു,
നിഴലുകളോടിണ ചേരാൻ
നിങ്ങളെന്നെ വിട്ടു,
പ്രതിഷ്ഠയില്ലാത്ത ശ്രീകോവിലുകളിൽ
നിങ്ങളെന്നെ പാടാൻ വിട്ടു,
അന്യരുടെ കൈകളിൽ നിർവൃതി തേടാൻ
നിങ്ങൾ സ്വന്തം ഭാര്യയെ പറഞ്ഞുവിട്ടു.
പക്ഷേ എന്റെ കണ്ണാടിയിൽ പതിഞ്ഞ നിഴലോരോന്നിലും
ഞാൻ കണ്ടതു നിങ്ങളുടെ അവ്യക്തബിംബമായിരുന്നു.
അതെ, ഞാൻ പാടിയതൊറ്റയ്ക്കായിരുന്നു,
എന്റെ ഗാനങ്ങൾ ഏകാന്തമായിരുന്നു,
എന്നാലുമവ ഇരുണ്ട ചക്രവാളത്തിനുമപ്പുറത്തേക്കു
മാറ്റൊലിച്ചിരുന്നു.
അന്നസ്വസ്ഥമാകാതൊരു നിദ്രയുമുണ്ടായിരുന്നില്ല,
പ്രാചീനതൃഷ്ണകളെല്ലാമന്നുണർന്നിരിക്കുകയുമായിരുന്നു.
അന്നെനിക്കു വഴി നിശ്ചയമില്ലാതെ വന്നിരിക്കാം,
അല്ലെങ്കിലെനിക്കു വഴി തെറ്റിപ്പോയിരിക്കാം.
അന്ധയായ ഭാര്യ എങ്ങനെ തന്റെ ഭർത്താവിനെ തേടിപ്പിടിക്കാൻ,
ബധിരയായ ഭാര്യ എങ്ങനെ തന്റെ ഭർത്താവിന്റെ വിളി കേൾക്കാൻ?

എനിക്കു ധൈര്യം വരുന്നില്ല
---------------------------------
നിന്റെ മുഖം തിരിക്കരുതേ
എന്റെ നേർക്കു നോക്കരുതേ, പ്രിയപ്പെട്ടവനേ
ഏകാന്തവാപികളുടെ കയങ്ങളിലേക്കൊന്നുകൂടി നോക്കാൻ
എനിക്കു ധൈര്യം വരുന്നില്ല
തണുത്ത ചർമ്മത്തിന്റെ അടരുകൾക്കടിയിൽ
നിദ്രാണസൂര്യന്മാർ മറഞ്ഞുകിടപ്പുണ്ടാവാം
നഗ്നരായ കുട്ടിപ്പിശാചുക്കളെപ്പോലെ
വെള്ളത്തിനടിയിൽ നിന്നവ ഉയർന്നുവന്നേക്കാം
വശീകരിക്കാൻ
പ്രീതിപ്പെടുത്താൻ...
മുതിർന്നവരുടെ കളികൾ കളിക്കാൻ
എനിക്കിപ്പോൾ ധൈര്യം വരുന്നില്ല
പ്രലോഭനം എന്ന കളി
ചിരി എന്ന കളി
പരിത്യാഗം എന്ന അവസാനത്തെ കളിയും

ശസ്ത്രക്രിയയ്ക്കുള്ള കത്തികൾ
--------------------------------------
-
നീയെനിക്കു വിവാഹമോതിരം തന്നില്ല
പ്രത്യാശയുടെ കിന്നരി പിടിപ്പിച്ച ഒരു വാഗ്ദാനം പോലും തന്നില്ല
എന്നെ കൈകളിലണച്ചുനിർത്തി
നീയെനിക്കു പകർന്നുതന്നതു നിന്റെ ചുമയായിരുന്നു
അരക്കൊല്ലത്തിനിപ്പുറം
ആ ചുമ ഇന്നും ബാക്കിനില്ക്കുന്നു:
നിന്റെ പ്രേമവുമതുപോലെ...എന്നു ഞാൻ മോഹിക്കട്ടെ...
ആശുപത്രിയിൽ നിന്നു നീ ഫോൺ ചെയ്യുമ്പോൾ
എന്റെ കുടലും പണ്ടവും ചികയുന്ന ഉരുക്കുകത്തിയായിരുന്നു
നിന്റെ സ്വരം
നിന്റെ ലോകത്തിന്റെ ബാഹ്യപരിധിയിലേക്ക്
അതെന്നെ ആട്ടിപ്പായിക്കുന്നു
തീണ്ടലുള്ളവളെപ്പോലെ ഞാൻ നിന്നു വിറയ്ക്കുന്നു
പരാജയത്തിന്റെ തണുത്ത വായ്ത്തല ഞാനറിയുന്നു
എന്റെ കൈകളിൽ മാത്രമായിരിക്കാം
നീയൊന്നൊതുങ്ങിയത്
മനുഷ്യരൂപം നീയെടുത്തത്
ആ നിമിഷങ്ങളിലാണ്‌ നീയെനിക്കു നിശ്ശബ്ദത വിളമ്പിത്തന്നത്
വലിയ കോരികകളിൽ
സാവകാശമായി
നിന്റെ തറവാട്ടുവളപ്പിനരികു വയ്ക്കുന്ന
നിന്റെ കുട്ടിക്കാലമോർമ്മയുള്ള
പ്രാചീനവൃക്ഷങ്ങളുടെ നിശ്ശബ്ദത
മരങ്ങളിലദൃശ്യരായി ചേക്കയേറുന്ന
കിളികളുടെ നിശ്ശബ്ദത
കൊടുങ്കാറ്റുരുണ്ടുകൂടുമ്പോൾ
അകലക്കുന്നുകളുടെ നിശ്ശബ്ദത

ശിലായുഗം
-------------
വാത്സല്യമൂർത്തിയായ ഭർത്താവേ,
എന്റെ മനസ്സിലെന്നോ കയറിപ്പറ്റിയ കുടിയേറ്റക്കാരാ,
ആശയക്കുഴപ്പത്തിന്റെ വലകൾ നെയ്യുന്ന തടിയൻ ചിലന്തീ,
കരുണ കാണിക്കുക.
നിങ്ങളെന്നെ കല്ലു കൊണ്ടൊരു പക്ഷിയാക്കുകയാണല്ലോ,
കൃഷ്ണശിലയിലൊരു മാടപ്രാവ്,
നിങ്ങൾ എനിക്കു ചുറ്റും മുഷിഞ്ഞൊരു സ്വീകരണമുറി പണിയുന്നു.
വായിച്ചു കൊണ്ടിരിക്കെ
കുത്തു വീണ എന്റെ മുഖത്തു നിങ്ങൾ അന്യമനസ്ക്കനായി തലോടുന്നു.
വെളുക്കും മുമ്പുള്ള എന്റെ ഉറക്കത്തെ
ഉച്ചത്തിലുള്ള വർത്തമാനം കൊണ്ടു നിങ്ങൾ മുറിവേല്പിക്കുന്നു.
സ്വപ്നം കാണുന്ന എന്റെ കണ്ണിൽ
നിങ്ങൾ വിരലു കൊണ്ടു കുത്തുന്നു.
എന്നിട്ടുമെന്റെ ദിവാസ്വപ്നങ്ങളിൽ
കരുത്തരായ ആണുങ്ങൾ നിഴലു വീഴ്ത്തുന്നു,
എന്റെ ദ്രാവിഡരക്തമിളകിമറിയുമ്പോൾ
വെൺസൂര്യന്മാരെപ്പോലവരതിൽ മുങ്ങിത്താഴുന്നു.
പുണ്യനഗരങ്ങൾക്കടിയിൽ അഴുക്കുചാലുകളൊളിച്ചൊഴുകുന്നു.
പിന്നെ നിങ്ങൾ മടങ്ങിപ്പോകുമ്പോൾ
ഞാനെന്റെ ക്ഷതം പറ്റിയ നീലിച്ച കാറുമെടുത്ത്
അതിലും നീലിച്ച കടലോരത്തു കൂടി പായുന്നു.
ഒച്ചയുണ്ടാക്കുന്ന നാല്പതു കോണിപ്പടികളോടിക്കയറി
മറ്റൊരാളുടെ വാതില്ക്കൽ ഞാൻ മുട്ടുന്നു.
അയല്ക്കാർ വാതില്പഴുതുകളിലൂടൊളിഞ്ഞു നോക്കിയിരിക്കുന്നു,
മഴ പെയ്തൊഴിയുന്നതുപോലെ
ഞാൻ വന്നുപോകുന്നതവർ നോക്കിയിരിക്കുന്നു.
എന്നോടു ചോദിക്കൂ, സകലരുമെന്നോടു ചോദിക്കൂ,
എന്താണവനെന്നിൽ കാണുന്നതെന്നോടു ചോദിക്കൂ,
സിംഹമെന്നും താന്തോന്നിയെന്നും
അവനെ വിളിക്കുന്നതെന്തുകൊണ്ടെന്നെന്നോടു ചോദിക്കൂ,
അവന്റെ ചുണ്ടിന്റെ ചുവയെന്താണെന്നെന്നോടു ചോദിക്കൂ,
എന്റെ ഗുഹ്യഭാഗത്തു കൊളുത്തിപ്പിടിക്കും മുമ്പവന്റെ കൈ
പത്തിയെടുത്ത സർപ്പം പോലാടുന്നതെന്തുകൊണ്ടെന്നു ചോദിക്കൂ.
വെട്ടി വീഴ്ത്തിയ വന്മരം പോലെ
അവനെന്റെ മാറിലേക്കു ചടഞ്ഞുവീഴുന്നതും
അവിടെക്കിടന്നുറങ്ങുന്നതുമെന്തിനെന്നെന്നോടു ചോദിക്കൂ.
ജീവിതമിത്ര ഹ്രസ്വമായതും പ്രണയമതിലും ഹ്രസ്വമായതു-
മെന്തുകൊണ്ടെന്നെന്നോടു ചോദിക്കൂ,
എന്താണു നിർവൃതിയെന്നും എന്താണതിന്റെ വിലയെന്നും
എന്നോടു ചോദിക്കൂ...

1 comment:

ajith said...

എത്ര മനോഹരം