Monday, September 14, 2015

കാർലോസ് ദ്രുമോൺ ജീ അന്ദ്രാജീ - ഭയത്തെക്കുറിച്ച് ഒരു അന്താരാഷ്ട്രചർച്ചായോഗം



തല്ക്കാലം നാം പ്രണയത്തെക്കുറിച്ചു പാടുന്നില്ല,
അതേതോ പാതാളത്തിലേക്കു പലായനം ചെയ്തിരിക്കുന്നു.
ആശ്ളേഷങ്ങളെയെല്ലാം വന്ധ്യമാക്കുന്ന ഭയത്തെക്കുറിച്ചു നമുക്കു പാടാം.
വിദ്വേഷവുമിന്നില്ലെന്നതിനാലതിനെക്കുറിച്ചും നാം പാടുന്നില്ല,
ഇന്നുള്ളതു ഭയമത്രേ, അതത്രേ നമുക്കു പിതാവും സഖാവും,
ഉൾനാടുകളോടും കടലുകളോടും മണല്ക്കാടുകളോടുമുള്ള ഭയം,
പട്ടാളക്കാരോടുള്ള ഭയം, അമ്മമാരോടുള്ള ഭയം, പള്ളികളോടുള്ള ഭയം,
ഏകാധിപതികളോടും ജനാധിപത്യവാദികളോടുമുള്ള ഭയത്തെക്കുറിച്ചു നം പാടും,
മരണത്തെയും അതിനു ശേഷമുള്ളതിനെയും കുറിച്ചുള്ള ഭയത്തെപ്പറ്റി നാം പാടും,
പിന്നെ നാം ഭയന്നു മരിക്കും,
ഭയാനകമായ മഞ്ഞപ്പൂക്കൾ നമ്മുടെ ശവമാടങ്ങളിൽ കിളിർക്കും.







No comments: