Friday, September 4, 2015

കമല ദാസിന്റെ കവിതകള്‍ - 12



ഘനശ്യാം
------------


ഘനശ്യാം,
എന്റെ ഹൃദയത്തിലെ വള്ളിക്കുടിലിൽ കുയിലിനെപ്പോലെ നീ കൂടു കൂട്ടിയല്ലോ.
ഉറങ്ങുന്ന കാടു പോലെ കിടന്ന എന്റെ ജീവിതം
ഇന്നിതാ, സംഗീതം കൊണ്ടു സജീവമായിരിക്കുന്നു.
മുമ്പറിയാത്തൊരു പാതയിലൂടെ നീയെന്നെ നടത്തുന്നു
ഞാൻ നിനക്കടുത്തായെന്നു തോന്നുന്ന ഓരോ തിരിവിലും പക്ഷേ,
ഒരു മായികജ്വാല പോലെ നീ മാഞ്ഞുപോകുന്നു.
ഞാൻ കൊളുത്തിയ നിലവിളക്കിന്റെ നാളം
എന്റെ ഭാവിയെ ബന്ധനസ്ഥയാക്കുന്നു.
മരണത്തിന്റെ ചുവന്ന കണ്ണിലേക്കു ഞാൻ കണ്ണയച്ചു,
മറ നീക്കിയ സത്യത്തിന്റെ
പൊള്ളുന്ന തുറിച്ചുനോട്ടമായിരുന്നു അത്.
ജീവൻ ഈർപ്പമാണ്‌
ജീവൻ ജലവും രേതസ്സും രക്തവുമാണ്‌.
മരണം വരൾച്ചയാണ്‌
മരണം വിശ്രമമുറിയിലെ കുളിർമ്മയ്ക്കു മുമ്പുള്ള
ഉഷ്ണജലസ്നാനമാണ്‌
മരണം മോർച്ചറിയുടെ ചുവന്ന ചുമരിനരികിൽ
ബന്ധുവിന്റെ അവസാനത്തെ വിധുരരോദനമാണ്‌.
ശ്യാം, എന്റെ ഘനശ്യാം,
വാക്കുകൾ കൊണ്ടു നീയെനിക്കൊരുടയാട നെയ്തുവല്ലോ
പാട്ടുകൾ കൊണ്ടൊരാകാശവും
ആ സംഗീതമൊന്നുകൊണ്ടല്ലേ
കടലുകൾക്കവയുടെ പ്രചണ്ഡനൃത്തം ഞാൻ വീണ്ടെടുത്തതും.
ഒരിക്കൽ ഞങ്ങളൊരു പൊള്ളക്കളി കളിച്ചിരുന്നു,
ഞാനും എന്റെ കാമുകനും
അവന്റെയുടലിന്‌ എന്റെയുടൽ വേണമായിരുന്നു
പ്രായമേറിവരുന്ന അവന്റെയുടലിന്റെ പുരുഷാഹന്തയ്ക്ക്
എന്റെയുടൽ വേണമെന്നായിരുന്നു
അവന്റെ കാമം ശമിക്കുമ്പോൾ
അവൻ എനിക്കു പുറം തിരിഞ്ഞു കിടക്കുമ്പോൾ
ഉൾക്കിടിലത്തോടെ ഞാൻ ചോദിക്കും
ഇനിയെന്നെ വേണ്ടേ എന്നെ വേണ്ടേ
വേണ്ടേ വേണ്ടേ?
പ്രണയത്തിൽ പിന്നെ മഞ്ഞു വീണു തുടങ്ങിയപ്പോൾ
ഒരു ദേശാടനക്കിളിയായി ഞാൻ ഉഷ്ണമേഖയിലേക്കു പറന്നു
എനിക്കറിയുന്ന അതിജീവനോപായം അതായിരുന്നു
ദുരന്തപൂർണ്ണമായ ഈ കളിയിൽ
ബുദ്ധിഹീനർ കുട്ടികളെപ്പോലെ കളിക്കുന്നു
പലപ്പോഴുമവരതിൽ തോൽവിയറിയുകയും ചെയ്യുന്നു.
പുലർച്ചെ മൂന്നു മണിയ്ക്ക്
തനിവെളുപ്പായ ഏകാന്തതയുടെ സ്വപ്നത്തിൽ നിന്ന്
കിടുങ്ങിവിറച്ചുകൊണ്ട് ഞാനുണരുന്നു,
ഉഷ്ണഭൂമിയിൽ വെടിയ്ക്കുന്ന വെള്ളെലുമ്പുകളെപ്പോലെയായിരുന്നു
എന്റെ ഏകാന്തത,
അപ്പോഴൊക്കെ എന്റെ ഭർത്താവെന്നെ ചുംബിക്കുന്നു
ഉറക്കത്തിന്റെ ചുവ മാറാത്ത ചുണ്ടുകൾ കൊണ്ട്
സ്നേഹത്തെക്കുറിച്ചെന്തോ പുലമ്പിക്കൊണ്ട്.
എന്നാൽ അയാൾ നീയാണെങ്കിൽ
ഞാൻ നീയാണെങ്കിൽ
ആരാരെയാണു പ്രേമിക്കുന്നത്
ആരാണു പുറംതോട് ആരാണകക്കാമ്പ്
എവിടെയാണുടൽ എവിടെയാണാത്മാവ്
വിചിത്രരൂപങ്ങളിൽ നീ വന്നെത്തുന്നു
നിന്റെ പേരുകളുമനവധി.
എങ്കിൽ നിന്നെക്കാളേറെ ഞാൻ സ്നേഹിക്കുന്നത്
നിന്റെ വേഷപ്പകർച്ചകളെയാണോ നിന്റെ പേരുകളെയാണോ?
ബന്ധങ്ങളെ ദുർബലമാക്കാൻ അറിഞ്ഞുകൊണ്ടെനിക്കു കഴിയുമോ?
കുഞ്ഞിന്റെ പൊക്കിൾക്കൊടി ഉണങ്ങിച്ചുരുണ്ട് കൊഴിഞ്ഞുവീഴുന്നു
പക്ഷേ പുതിയ ബന്ധങ്ങൾ തളിർക്കുകയായി,
പുതിയ കെണികളൊരുങ്ങുകയായി,
പുതിയ നൊമ്പരങ്ങളും
ഘനശ്യാം,
നിത്യസൂര്യന്റെ കോശമേ,
നിത്യാഗ്നിയുടെ രക്തമേ,
ഗ്രീഷ്മവാതത്തിന്റെ വർണ്ണമേ,
എനിക്കു ശാന്തി വേണം
ഒരു കൈക്കുഞ്ഞിനെപ്പോലെനിക്കെടുത്തുനടക്കാവുന്നത്
എനിക്കു ശാന്തി വേണം
ഞാൻ ചിരിക്കുമ്പോഴെന്റെ കണ്ണിന്റെ വെള്ളയിൽ മയങ്ങുന്നത്
കാഷായം ധരിച്ചവർ നിന്നെക്കുറിച്ചെന്നോടു പറഞ്ഞിരുന്നു
അവർ പറയാതെ പോയതെന്തായിരുന്നുവെന്ന്
അവർ പോയപ്പോൾ ഞാനോർത്തുപോയി
ജ്ഞാനം നിശ്ശബ്ദമായി കയറിവരണം
വിരുന്നുകാർ പിരിഞ്ഞുകഴിഞ്ഞ്
പിഞ്ഞാണങ്ങൾ കഴുകിക്കഴിഞ്ഞ്
വിളക്കുകൾ കെടുത്തിയും കഴിഞ്ഞാൽ
ജ്ഞാനം പതുങ്ങിക്കയറിവരണം
അടച്ച കതകിനടിയിലൂടെ ഇളംകാറ്റെന്നപോലെ
ശ്യാം ഘനശ്യാം
എന്റെ മനസ്സിന്റെ ഇടുക്കുതോടുകളിലേക്കൊരു മുക്കുവനെപ്പോലെ
നീ നിന്റെ വല വീശിയല്ലോ
ഇന്നെന്റെ ചിന്തകൾ നിന്നിലേക്കു കുതിക്കുകയും വേണം
വശീകൃതരായ മത്സ്യങ്ങളെപ്പോലെ...

No comments: