Thursday, September 17, 2015

മാക്സിം ഗോർക്കി - കാമുകൻ



രിക്കൽ എന്റെയൊരു പരിചയക്കാരൻ പറഞ്ഞ കഥയാണിത്:

മോസ്ക്കോയിൽ പഠിക്കുന്ന കാലത്ത് ആളുകൾ സംശയത്തോടെ നോക്കുന്ന തരം ഒരു
സ്ത്രീയുടെ തൊട്ടടുത്ത മുറിയിൽ താമസിക്കാൻ എനിക്കിട വന്നു. അവർ
പോളണ്ടുകാരിയാണ്‌; തെരേസ എന്നാണ്‌ ആളുകൾ അവരെ വിളിച്ചിരുന്നത്. നല്ല
പൊക്കവും ബലിഷ്ഠമായ ശരീരവുമുള്ള ഒരു കറുത്ത മുടിക്കാരി; ഇരുണ്ടിടതൂർന്ന
പുരികങ്ങൾ; മഴു കൊണ്ടു ചെത്തിയെടുത്ത പോലെ പരുപരുത്ത വലിയ മുഖം- ഒരു
വന്യമൃഗത്തിന്റേതു പോലെ തിളങ്ങുന്ന കറുത്ത കണ്ണുകളും താഴ്ന്ന
സ്ഥായിയിലുള്ള കനത്ത ശബ്ദവും കുതിരവണ്ടിക്കാരന്റേതു പോലത്തെ നടത്തയും ഒരു
മീൻ കച്ചവടക്കാരിക്കു ചേർന്ന ആ ഊർജ്ജവും എന്നിൽ ഭീതിയാണ്‌ ഉളവാക്കിയത്.
മേൽനിലയിലാണ്‌ എന്റെ താമസം; നേരേ എതിരെ അവരുടേതും. അവർ
വീട്ടിലുണ്ടെന്നറിഞ്ഞാൽ ഞാൻ എന്റെ വാതിൽ തുറന്നിടുകയേയില്ല. അതുപക്ഷേ,
അപൂർവമായേ വേണ്ടിവന്നിട്ടുള്ളു. വല്ലപ്പോഴും കോണിപ്പടിയിലോ മുറ്റത്തോ
വച്ചു കണ്ടാൽ അവർ എന്നെ നോക്കി ഒന്നു പുഞ്ചിരിക്കും; ആ പുഞ്ചിരി ഒരു
സൂത്രശാലിയുടേതും ഒരു ദോഷൈകദൃക്കിന്റേതുമായിട്ടാണ്‌ എനിക്കു
തോന്നിയിരുന്നത്. ഇടയ്ക്കൊക്കെ കുടിച്ചു ബോധം കെട്ട നിലയിലും ഞാൻ അവരെ
കണ്ടിരുന്നു; കണ്ണുകൾ പാട മൂടിയതു പോലെയായിരിക്കും, മുടി അഴിഞ്ഞുലഞ്ഞു
കിടക്കും, മുഖത്താവട്ടെ, അറയ്ക്കുന്നൊരിളി തെളിഞ്ഞു കാണുകയും ചെയ്യും.
അങ്ങനെയുള്ള അവസരങ്ങളിലാണ്‌ അവർ എന്നോടു മിണ്ടാൻ വരിക.

“സുഖം തന്നെയല്ലേ, കോളേജുകുമാരൻ!” ആ വിഡ്ഢിച്ചിരി എനിക്കവരോടുള്ള
വെറുപ്പു കൂട്ടിയതേയുള്ളു. ഈ തരം കൂടിക്കാഴ്ചകൾ ഒഴിവാക്കാനായി ഞാൻ
വേണമെങ്കിൽ അവിടുന്നു താമസം തന്നെ മാറ്റിയേനേ; പക്ഷേ എന്റെ ആ കൊച്ചുമുറി എനിക്കിഷ്ടമായിരുന്നു; ജനാലയിലൂടെ വിശാലമായ പുറംകാഴ്ച കിട്ടിയിരുന്നു,താഴെയുള്ള തെരുവാകട്ടെ, വളരെ ശാന്തവുമായിരുന്നു- അതിനാൽ എല്ലാം സഹിച്ചു ഞാൻ അവിടെത്തന്നെ കഴിഞ്ഞു.

അന്നൊരു ദിവസം കാലത്ത്, ക്ളാസ്സിൽ പോകാതിരിക്കാൻ എന്താണൊരു കാരണംകണ്ടെത്തുക എന്നാലോചിച്ചുകൊണ്ട് ഞാൻ കട്ടിലിൽ മലർന്നുകിടക്കുമ്പോഴാണ്‌, വാതിൽ തുറക്കുന്നതും തെരേസ എന്ന 
നികൃഷ്ടയുടെ  കനത്ത ഒച്ച വാതില്ക്കൽ

മുഴങ്ങിക്കേൾക്കുന്നതും:

“സുഖമൊക്കെയല്ലേ!”

“എന്തു വേണം?” ഞാൻ ചോദിച്ചു. അവരുടെ മുഖത്ത് എന്തോ ആശയക്കുഴപ്പവും
ഒരഭ്യർത്ഥനയും ഞാൻ കണ്ടു...അങ്ങനെയൊരു മുഖം അവരുടെ കാര്യത്തിൽ ഒട്ടും സ്വാഭാവികമായിരുന്നില്ല.

“സാർ എനിക്കൊരു സഹായം ചെയ്തു തരുമോ?”

ഞാൻ ഒന്നും മിണ്ടാതെ കിടന്നുകൊണ്ട് മനസ്സിൽ പറഞ്ഞു:

“എന്താണാവോ!...ധൈര്യമായിരിക്കൂ, പയ്യൻ!”

“എനിക്കു നാട്ടിലേക്കൊരു കത്തയക്കണം, അതാണു കാര്യം,” അവർ പറഞ്ഞു; അവരുടെ
സ്വരം കെഞ്ചുന്നതായിരുന്നു, സൗമ്യമായിരുന്നു, കാതരമായിരുന്നു.

“നിന്നെ പിശാചു പിടിക്കട്ടെ!” എന്നു മനസ്സിൽ പറഞ്ഞുവെങ്കിലും ഞാൻ
ചാടിയെഴുന്നേറ്റ് മേശയ്ക്കടുത്തു ചെന്നിരുന്ന് ഒരു ഷീറ്റു കടലാസെടുത്തു
നിവർത്തിവച്ചുകൊണ്ടു പറഞ്ഞു:

“ഇവിടെ വന്നിരിക്കൂ; എന്നിട്ട് എഴുതേണ്ടതെന്താണെന്നു പറയൂ.”

അവർ വന്ന് ഇരിപ്പുറയ്ക്കാത്ത മാതിരി കസേരയിലിരുന്നിട്ട് എന്തോ തെറ്റു
ചെയ്തപോലെ എന്നെ നോക്കി.

“ആകട്ടെ, ആർക്കാണു കത്തെഴുതേണ്ടത്?”

“ബോൾസ്ലാവ് കാഷ്‌പുട്ടിന്‌, സ്വെയ്പ്റ്റ്സിയാന ടൗൺ, വാഴ്സാ റോഡ്...”

“ശരി, പറഞ്ഞോ!”

“എനിക്കെത്രയും പ്രിയപ്പെട്ട ബോൾസ്...എന്റെ തങ്കക്കുടമേ...ഒരു കുറവും
വരുത്താതെന്നെ സ്നേഹിക്കുന്നവനേ. പരിശുദ്ധകന്യാമറിയം എന്നും നിനക്കു
രക്ഷയായിരിക്കട്ടെ! പൊന്നു പോലത്തെ ഹൃദയമുള്ളവനേ, നിന്നെയോർത്തു
ദുഃഖിക്കുന്ന ഈ കൊച്ചുമാടപ്രാവിന്‌, തെരേസയ്ക്ക് നീയെന്തേ  ഇത്ര
കാലമായിട്ടും ഒരു കത്തെഴുതിയില്ല?”

പൊട്ടിച്ചിരിക്കാൻ തോന്നിയത് കഷ്ടപ്പെട്ടു ഞാൻ നിയന്ത്രിച്ചു.
“ദുഃഖിക്കുന്ന കൊച്ചുമാടപ്രാവ്!” അഞ്ചടിയിലേറെ ഉയരം, പാറ പോലത്തെ
മുഷ്ടികൾ; കറുത്ത മുഖം കണ്ടാൽ കൊച്ചുമാടപ്രാവ് ഇത്രകാലം ജീവിച്ചത് ഒരു
പുകക്കുഴലിനുള്ളിലായിരുന്നുവെന്നും അതിന്നേവരെ കുളിച്ചിട്ടില്ലെന്നും
തോന്നിപ്പോവും. സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ ചോദിച്ചു:

“ആരാണീ ബോളെസ്റ്റ്?”

“ബോൾസ്,” പേരിന്റെ കാര്യത്തിൽ എനിക്കു പറ്റിയ പ്രമാദം തന്നെ
അവഹേളിക്കുന്നതായി എന്ന മട്ടിൽ അവർ പറഞ്ഞു, “ബോൾസ് എന്നാണ്‌ എന്റെ
ചെറുപ്പക്കാരന്റെ പേര്‌.”

“ചെറുപ്പക്കാരൻ!”

“അതിലിത്ര അത്ഭുതപ്പെടാൻ എന്തിരിക്കുന്നു, സാർ? എന്നെപ്പോലൊരു
ചെറുപ്പക്കാരിയ്ക്ക് ഒരു ചെറുപ്പക്കാരൻ ആയിക്കൂടേ?“

അവർ? ചെറുപ്പക്കാരി? ആയിക്കോട്ടെ!

”എന്തുകൊണ്ടായിക്കൂടാ?“ ഞാൻ പറഞ്ഞു. ”നടക്കാത്തതായി എന്തിരിക്കുന്നു.
അയാൾ നിങ്ങളുടെ ചെറുപ്പക്കാരനായിട്ട് കാലം കുറേയായോ?“

”ആറു കൊല്ലം.“

”ഓഹോ,“ ഞാൻ മനസ്സിൽ പറഞ്ഞു. ”ആകട്ടെ, നമുക്കു കത്തു തുടരാം...“

തുറന്നു പറയട്ടെ, ഈ തെരേസയിലും കുറഞ്ഞ മാറ്റാരെങ്കിലുമായിരുന്നു
കത്തെഴുത്തുകാരിയെങ്കിൽ ബോൾസിന്റെ സ്ഥാനമേറ്റെടുക്കാൻ എനിക്കൊട്ടും
വിസമ്മതമുണ്ടാവുമായിരുന്നില്ല.

”ഈ ചെയ്തു തന്ന സഹായത്തിനു വളരെ നന്ദി, സാർ,“ തെരേസ താണുവണങ്ങിക്കൊണ്ട്
പറഞ്ഞു. ”പകരം ഞാൻ എന്തെങ്കിലും ചെയ്തുതന്നാലോ?“

”വേണ്ട, എന്നിരുന്നാലും നന്ദി പറയുന്നു.“

”സാറിന്റെ ഷർട്ടോ ട്രൗസറോ മറ്റോ കീറിയതു തുന്നാൻ കാണുമോ?“

പെറ്റിക്കോട്ടിട്ട ഈ മാസ്റ്റൊഡോൺ* നാണക്കേടു കൊണ്ട് എന്റെ മുഖം
ചുവപ്പിക്കുന്നതു ഞാൻ അറിഞ്ഞു; അവരുടെ ഒരു സഹായവും വേണ്ടെന്ന്
അല്പം കടുപ്പിച്ചുതന്നെ എനിക്കു പറയേണ്ടിവന്നു.

അവർ പോയി.

ഒന്നുരണ്ടാഴ്ച കഴിഞ്ഞു. വൈകുന്നേരമാണ്‌. എനിക്കെന്നിൽ നിന്നുതന്നെ
വിട്ടുപോകാനുള്ള ഉപായമെന്തായിരിക്കുമെന്നാലോചിച്ചുകൊണ്ട്
ജനാലയ്ക്കലിരുന്ന് ചൂളമടിയ്ക്കുകയാണു ഞാൻ. എനിക്കു മടുപ്പായിരുന്നു;
വൃത്തികെട്ട കാലാവസ്ഥയായിരുന്നു. പുറത്തേക്കിറങ്ങാൻ എനിക്കു മനസ്സു
വന്നില്ല; ആ മടുപ്പിന്റെ പാരമ്യത്തിലിരുന്നുകൊണ്ട് ഒരാത്മനിരീക്ഷണത്തിന്‌
ഞാൻ തുടക്കമിട്ടു. അതും ഒരു മുഷിഞ്ഞ പണിയായിരുന്നു; എന്നാൽ
മറ്റെന്തെങ്കിലും ചെയ്യാൻ എനിക്കു തോന്നിയതുമില്ല. അപ്പോൾ വാതിൽ തുറന്നു.
ദൈവത്തിനു സ്തുതി! ആരോ കയറിവന്നു.

“അല്ലാ, പ്രത്യേകിച്ചു തിരക്കൊന്നും കാണില്ലല്ലോ, അല്ലേ?”

അതു തെരേസ ആയിരുന്നു. ഹും!

“ഇല്ല. അതുകൊണ്ടെന്താ?”

“എനിക്കു വേറൊരു കത്തെഴുതിത്തരാൻ പറയാൻ പോവുകയായിരുന്നു.”

“ആവട്ടെ. ബോൾസിന്‌, അല്ലേ?”

“അല്ല. ഇപ്രാവശ്യം അങ്ങേരിൽ നിന്ന്.”

“എ-ന്ത്?”

“ഞാനെന്തൊരു മണ്ടി! എനിക്കല്ല, ഞാൻ പറഞ്ഞതു തെറ്റിപ്പോയി. എന്റെ ഒരു
കൂട്ടുകാരനു വേണ്ടിയാണ്‌; എന്നു പറഞ്ഞാൽ, കൂട്ടുകാരനൊന്നുമല്ല, ഒരു
പരിചയക്കാരൻ. അയാൾക്കും ഒരു ഇഷ്ടക്കാരിയുണ്ട്, അവളുടെ പേരും തെരേസ എന്നു
തന്നെ. അങ്ങനെയാണു കാര്യം. ആ തെരേസയ്ക്ക് ഒരു കത്തെഴുതിത്തരുമോ, സാർ?”

ഞാൻ അവരെ സൂക്ഷിച്ചുനോക്കി- അവരുടെ മുഖം വ്യാകുലമായിരുന്നു, അവരുടെ
വിരലുകൾ വിറ കൊള്ളുകയായിരുന്നു. ആദ്യം എനിക്കത്രം തെളിച്ചം കിട്ടിയില്ല-
പിന്നീട് സംഗതിയുടെ കിടപ്പ് എനിക്കു മനസ്സിലായി.

“ നോക്ക്,” ഞാൻ പറഞ്ഞു. “ഒരു ബോൾസുമില്ല, ഒരു തെരേസയുമില്ല. ഇത്രകാലം
നിങ്ങൾ എന്നോടു പറഞ്ഞത് ഒരു കൂട്ടം നുണയായിരുന്നു. ഇനിമേൽ ഈ
ഒളിച്ചുകളിയും കൊണ്ട് ഇവിടെ വന്നുപോകരുത്. നിങ്ങളുടെ ഈ പരിചയക്കാരനെ
സഹായിക്കാൻ ഒരു താല്പര്യവും എനിക്കില്ല. പറഞ്ഞതു മനസ്സിലായോ?“

അവർ പെട്ടെന്ന് സംഭീതയായ പോലെ തോന്നി, അവരുടെ മനസ്സ് പ്രക്ഷുബ്ധമാണ്‌.
അവർ നിന്നിടത്തു നിന്നു താളം ചവിട്ടുകയായിരുന്നു. തമാശ തോന്നിയ്ക്കും
വിധം വായിൽ നിന്നെന്തോ ശബ്ദം പുറത്തു വന്നുവെങ്കിലും പറയാൻ വന്നതു പറയാൻ
അവർക്കായില്ല. ഇതിന്റെയെല്ലാം പര്യവസാനം എന്തായിരിക്കുമെന്നറിയാൻ വേണ്ടി
ഞാൻ കാത്തു. എന്നെ ശരിയുടെ പാതയിൽ നിന്നു വലിച്ചുമാറ്റാൻ ശ്രമിക്കുകയാണവർ
എന്നു സംശയിച്ചത് വലിയ ഒരപരാധമായി എന്നു ഞാൻ കണ്ടു.

കൈ ഒന്നു വീശിയിട്ട് അവർ പെട്ടെന്ന് മുറിയിൽ നിന്നു
പുറത്തേക്കിറങ്ങിപ്പോയി. തീരെ സുഖമില്ലാത്ത ഒരു മനസ്സുമായി ഞാൻ
അവിടെത്തന്നെ നിന്നു. ഞാൻ കാതോർത്തു. അവരുടെ മുറിയുടെ വാതിൽ ശക്തിയായി
വലിച്ചടയ്ക്കുകയാണ്‌...ആ പാവത്തിനു വല്ലാത്ത കോപം വന്നിട്ടുണ്ടാവണം. ഞാൻ
അതിനെക്കുറിച്ചാലോചിച്ചു; പോയി അവരെ കൂട്ടിക്കൊണ്ടു വന്നിട്ട് അവർ
ആവശ്യപ്പെടുന്നതെന്തും എഴുതിക്കൊടുക്കുകയാണു വേണ്ടതെന്നു ഞാൻ
തീരുമാനിച്ചു.

ഞാൻ അവരുടെ മുറിയിലേക്കു കയറിച്ചെന്നു. ഞാൻ ചുറ്റും നോക്കി. ഇരു കൈകളും
കൊണ്ടു തല താങ്ങി മേശയ്ക്കരികിൽ കുനിഞ്ഞിരിക്കുകയാണവർ.

”കേൾക്കൂ,“ ഞാൻ പറഞ്ഞു.

ഇടയ്ക്കൊന്നു പറയട്ടെ; കഥയുടെ ഈ ഘട്ടമെത്തുമ്പോഴെല്ലാം എനിക്കു
തോന്നാറുണ്ട്, വല്ലാത്തൊരു വിഡ്ഢിയാണു ഞാനെന്ന്...അതു പോകട്ടെ.

”കേൾക്കൂ,“ ഞാൻ പറഞ്ഞു.

അവർ കസേരയിൽ നിന്നു ചാടിയെഴുന്നേറ്റ് വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി
എന്റെ നേർക്കു വന്നു; എന്നിട്ടവർ എന്റെ ചുമലിൽ പിടിച്ചുകൊണ്ട് അവർക്കു
പ്രത്യേകമായിട്ടുള്ള ആ കനത്ത സ്വരത്തിൽ മന്ത്രിക്കാൻ, അല്ലെങ്കിൽ മുരളാൻ
തുടങ്ങി:

“നോക്ക്! ഉള്ള കാര്യം ഞാൻ പറയാം. ബോൾസ് എന്നൊരാളില്ല, തെരേസയുമില്ല.
പക്ഷേ അതു നിങ്ങളെ എന്തിനു ബാധിക്കണം? കടലാസിനു മേൽ പേന കൊണ്ടു വരയ്ക്കാൻ
അത്ര വിഷമമാണോ നിങ്ങൾക്ക്? ആണോ? പിന്നെ, നിങ്ങൾ! ഇപ്പോഴും ഒരു പയ്യൻ!
ആരുമില്ല, ബോൾസില്ല, തെരേസയുമില്ല, ഉള്ളതു ഞാൻ മാത്രം. ഇപ്പോൾ പിടി
കിട്ടിയോ?”

“മനസ്സിലായില്ല!” ഇങ്ങനെയൊരു സ്വീകരണം കാരണം കാറ്റു പോയപോലെയായ ഞാൻ
പറഞ്ഞു. “ഇതൊക്കെയെന്താ! ബോൾസ് എന്നൊരാളില്ല എന്നാണോ നിങ്ങൾ പറയുന്നത്?”

“ഇല്ല. അങ്ങനെ തന്നെയാണ്‌.”

“തെരേസയുമില്ല?”

“തെരേസയുമില്ല. തെരേസ ഞാനാണ്‌.”

എനിക്കിതൊന്നും മനസ്സിലായതേയില്ല. ഞാൻ അവർക്കു മേൽ
ദൃഷ്ടിയുറപ്പിച്ചുകൊണ്ട്, ആർക്ക്, ആരുടെ സ്വബോധമാണു പോയതെന്നു
തീർച്ചയാക്കാൻ നോക്കുകയായിരുന്നു. പക്ഷേ അവർ പിന്നെയും മേശയ്ക്കടുത്തു
പോയിട്ട് എന്തോ പരതി; പിന്നെ തിരിച്ചുവന്ന് ഇങ്ങനെ പറഞ്ഞു:

“ബോൾസിനു കത്തെഴുതുക അത്ര പ്രയാസമാണു നിങ്ങൾക്കെങ്കിൽ, ഇതാ നിങ്ങളെഴുതിയ
കത്ത്, ഇതു നിങ്ങൾ തന്നെ വച്ചോ! എനിക്കു കത്തെഴുതിത്തരാൻ വേറേയാളുണ്ട്.”

ഞാൻ നോക്കി. ഞാൻ ബോൾസിനെഴുതിയ കത്താണ്‌ അവരുടെ കൈയിലിരിക്കുന്നത്.

“നോക്ക്, തെരേസ! എന്താണ്‌ ഇതിന്റെയൊക്കെ അർത്ഥം? ഞാൻ എഴുതിത്തന്ന കത്തു
തന്നെ നിങ്ങൾ അയച്ചിട്ടില്ലെന്നിരിക്കെ, എന്തിനു കത്തെഴുതാൻ വേറെ ആളെ
കൊണ്ടുവരണം?“

”എങ്ങോട്ടയക്കാൻ?“

”എങ്ങോട്ടെന്നോ- ആ ബോൾസിനു തന്നെ!“

”അങ്ങനെ ഒരാളില്ല.“

സത്യമായിട്ടും ഇതൊന്നും എനിക്കു പിടി കിട്ടിയില്ല. കാറിത്തുപ്പിയിട്ട്
അവിടെ നിന്നു പോവുക എന്നതേ എനിക്കു ചെയ്യാനുള്ളു. അപ്പോഴാണ്‌ അവർ ഇങ്ങനെ
വിശദീകരിക്കുന്നത്.

”അതിലെന്താ? അങ്ങെനെയൊരാളില്ല,“ അങ്ങനെ ഒരാളില്ലാത്തത് തനിക്കു തന്നെ
മനസ്സിലാകുന്നില്ലെന്ന മട്ടിൽ അവർ കൈകൾ ഇരുവശത്തേക്കും നീട്ടിപ്പിടിച്ചു.
”പക്ഷേ അങ്ങനെയൊരാൾ ഉണ്ടാവണമെന്നു ഞാൻ ആഗ്രഹിച്ചു...മറ്റുള്ളവരെപ്പോലെ
ഞാനും ഒരു മനുഷ്യജീവിയല്ലേ? അതെ, അതെ, എനിക്കറിയാം, തീർച്ചയായും
എനിക്കറിയാം...എന്നാൽ എനിക്കു കാണാവുന്ന ഒരാൾക്കു കത്തെഴുതുന്നതുകൊണ്ട്
ഞാൻ ആർക്കും ഒരു ദ്രോഹവും വരുത്തുന്നില്ലല്ലോ...“

”ക്ഷമിക്കണേ- ആർക്ക്?“

”ബോൾസിനു തന്നെ.“

”പക്ഷേ അങ്ങനെയൊരാൾ ഇല്ലല്ലോ.“

”അയ്യയ്യോ! അയാൾ ഇല്ലെങ്കിലെന്ത്? അയാൾ ഇല്ലെന്നതു ശരി തന്നെ, പക്ഷേ അയാൾ
ഉണ്ടെന്നു കരുതിക്കൂടേ? ഞാൻ അയാൾക്കു കത്തെഴുതുമ്പോൾ അയാൾ ഉണ്ടെന്നു
തന്നെ എനിക്കു തോന്നുന്നു. പിന്നെ തെരേസ- അതു ഞാനാണ്‌; അയാൾ അവൾക്കു
മറുപടി അയക്കുന്നു, അപ്പോൾ ഞാൻ അയാൾക്കു വീണ്ടുമെഴുതുന്നു...“

ഒടുവിൽ എനിക്കു കാര്യങ്ങൾ മനസ്സിലായി. എനിക്കെന്തോ വല്ലാത്ത അസ്വാസ്ഥ്യം
തോന്നി, സങ്കടം തോന്നി, നാണക്കേടു തോന്നി. എന്നിൽ നിന്ന് ഒമ്പതടി പോലും
അകലത്തല്ലാതെ ജീവിക്കുന്ന ഒരു മനുഷ്യജീവി; തന്നെ ദയയോടെ, സ്നേഹത്തോടെ
കാണാൻ ഈ ലോകത്തൊരാൾ പോലുമില്ലാത്തതിനാൽ ആ മനുഷ്യജീവി തനിക്കായി ഒരു
സ്നേഹിതനെ സൃഷ്ടിച്ചെടുത്തിരിക്കുന്നു!

“നോക്കൂ! ബോൾസിനയക്കാൻ വേണ്ടി നിങ്ങൾ എനിക്കൊരു കത്തെഴുതിത്തന്നു; ഞാനത്
എന്നെ വായിച്ചു കേൾപിക്കാൻ വേണ്ടി മറ്റൊരാളെ ഏല്പിക്കുന്നു; അതു വായിച്ചു
കേൾക്കുമ്പോൾ ബോൾസ് അവിടെയുണ്ടെന്നു ഞാൻ സങ്കല്പിക്കുന്നു. എന്നിട്ട്
ബോൾസ് തെരേസയ്ക്ക് - അതായത്, എനിക്ക്- എഴുതുന്നതായി ഒരു കത്തെഴുതാൻ ഞാൻ
നിങ്ങളോടു പറയുന്നു-. ആ കത്തു വായിച്ചു കേൾക്കുമ്പോൾ ബോൾസ് ഉണ്ടെന്നു
തന്നെ എനിക്കു തോന്നുനു. അതു കാരണം എന്റെ ജീവിതഭാരം അല്പമൊന്നു കുറയുകയും
ചെയ്യുന്നു.”

“ഇങ്ങനെയൊരു വിഡ്ഢിയെ ചെകുത്താൻ പിടിക്കട്ടെ!” അതു കേട്ടു കഴിഞ്ഞപ്പോൾ
ഞാൻ സ്വയം ശപിച്ചു.

അതിനു ശേഷം ആഴ്ചയിൽ രണ്ടു തവണ ഞാൻ ബോൾസിനൊരു കത്തെഴുതും, തിരിച്ച് ബോൾസിൽ
നിന്ന് തെരേസയ്ക്ക് ഒരു മറുപടിയും. മറുപടികൾ ഞാൻ നല്ല ഭംഗിയിൽ തന്നെയാണ്‌
എഴുതിയിരുന്നത്...അവർ അതൊക്കെ ശ്രദ്ധിച്ചു കേട്ടുവെന്നു പറയേണ്ടല്ലോ; ആ
കനത്ത ശബ്ദത്തിൽ അവർ തേങ്ങിക്കരയുകയും -ശരിക്കു പറഞ്ഞാൽ അലറുകയും-
ചെയ്തിരുന്നു. ഭാവനയിലുള്ള ഒരു ബോൾസ് എഴുതുന്ന യഥാർത്ഥത്തിലുള്ള കത്തുകൾ
കൊണ്ട് ഞാൻ അവളെ കണ്ണീരണിയിക്കുന്നതിനുള്ള പ്രതിഫലമായി അവർ എന്റെ
സോക്സിലും ഷർട്ടിലും മറ്റുമുള്ള കീറലുകൾ തുന്നിത്തരാനും തുടങ്ങി. ഈ
ചരിത്രം തുടങ്ങി മൂന്നു മാസം കഴിഞ്ഞതിൽ പിന്നെ എന്തോ ഒരു കാരണത്താൽ അവർ
ജയിലിലായി. ഇപ്പോൾ അവർ മരിച്ചിരിക്കും.

എന്റെ പരിചയക്കാരൻ സിഗററ്റിന്റെ ചാരം തട്ടിക്കളഞ്ഞിട്ട്, ചിന്താധീനനായി
ആകാശത്തേക്കു നോക്കിക്കൊണ്ട് ഇങ്ങനെ ഉപസംഹരിച്ചു:

അനുഭവങ്ങൾ കയ്പുള്ളതാകുന്തോറും ഒരു മനുഷ്യജീവിക്ക് ജീവിതത്തിലെ
മാധുര്യങ്ങളോടുള്ള ആർത്തി കൂടിവരും. സദാചാരത്തിന്റെ കീറത്തുണികളും
വാരിപ്പുതച്ചിരുന്ന്, സ്വയംപര്യാപ്തതയുടെ മൂടൽമഞ്ഞിലൂടെ അന്യരെ
നോക്കിക്കാണുന്ന നമുക്ക് ഇതൊന്നും മനസ്സിലാവുകയില്ല.

ഇതാകെ അസംബന്ധമാണ്‌, ക്രൂരമാണ്‌. പതിതവർഗ്ഗമെന്നു നാം പറയുന്നു. ആരാണു
പതിതവർഗ്ഗം, ഒന്നു പറയൂ, കേൾക്കട്ടെ.  ഒന്നാമതായി, നമുക്കുള്ള അതേ
അസ്ഥിയും മാംസവും രക്തവുമുള്ള മനുഷ്യരാണവർ. കാലങ്ങളായി ഓരോ ദിവസവും നാം
കേൾക്കുന്നതാണിത്. നാമതു ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്- അതെത്ര
ജുഗുപ്സാവഹാണെന്നു പിശാചിനേ അറിയൂ. അതോ മനുഷ്യത്വത്തെക്കുറിച്ചുള്ള
ഉച്ചത്തിലുള്ള പ്രഘോഷണം കേട്ടുകേട്ട് നമ്മൾ മരവിച്ചുപോയെന്നോ?
വാസ്തവത്തിൽ നമ്മളും പതിതവർഗ്ഗം തന്നെ; സ്വയംപര്യാപ്തതയുടെയും സ്വന്തം
വരേണ്യതയെക്കുറിച്ചുള്ള ബോദ്ധ്യത്തിന്റെയും ആഴക്കിണറിൽ വീണുകിടക്കുകയാണു
നാം എന്നെനിക്കു തോന്നുന്നു. എന്തിനധികം പറയുന്നു. മലകളോളം
പഴക്കമുള്ളതാണത്- അതിനെക്കുറിച്ചു പറയുന്നതു നാണക്കേടാവുന്ന വിധത്തിൽ
അത്ര പഴക്കമുള്ളതാണത്. വളരെ പഴക്കമുള്ളത്- അതെ, അതാണത്!



---------------------------------------------------------------------------------------------------

*മാസ്റ്റൊഡോൺ - മാമത്തുകളെപ്പോലെ ആനകളുടെ വർഗ്ഗത്തിൽ പെട്ട
ചരിത്രാതീതകാലഘട്ടത്തിലെ ഒരു സസ്തനജീവി.

1 comment:

vazhitharakalil said...

വല്ലാത്തൊരു അനുഭവമായിരുന്നു ഈ വായന..നന്ദി..