Saturday, September 19, 2015

എമീൽ ചൊറാൻ - എത്ര അകലെയാണെല്ലാം!




ഈ ലോകത്തു നാം കർമ്മനിരതരായിരിക്കണമെന്നു പറയുന്നതെന്തിനെന്ന് എനിക്കറിയുന്നില്ല. എന്തിനു നമുക്ക് സ്നേഹിതരും കാംക്ഷകളുമുണ്ടാവണം, ആശകളും സ്വപ്നങ്ങളുമുണ്ടാവണം? ലോകത്തിന്റെ ആരവങ്ങളും സങ്കീർണ്ണതകളും നമ്മിലേക്കെത്താത്ത അതിവിദൂരമായ ഒരു കോണിലേക്കു പിൻവാങ്ങുകയല്ലേ നല്ലത്? അപ്പോൾ നമുക്ക് സംസ്കാരത്തെയും ഉത്കർഷേച്ഛകളേയും പിന്നിൽ തള്ളാം; നമുക്കെല്ലാം നഷ്ടപ്പെടും, നാമൊന്നും നേടുകയുമില്ല; അല്ലെങ്കിൽത്തന്നെ നേടാനായി ഈ ലോകത്തെന്തിരിക്കുന്നു? നേട്ടം അപ്രധാനമായി കാണുന്ന മനുഷ്യരുണ്ട്, പ്രതീക്ഷയ്ക്കു വകയില്ലാത്ത വിധം അസന്തുഷ്ടരും ഏകാകികളുമായവർ. അന്യോന്യം അടഞ്ഞവരാണു നാം. ഇനി അങ്ങനെയല്ല, അന്യോന്യം മലർക്കെത്തുറന്നു കിടക്കുന്നവരാണു നാമെന്നിരിക്കട്ടെ, നമ്മുടെ ആത്മാക്കളുടെ കയങ്ങൾ വായിക്കുമ്പോൾ നമ്മുടെ ഭാഗധേയങ്ങളുടെ ഏതറ്റം വരെ നമുക്കു കാണാനാകും? ജീവിതത്തിൽ അത്രയ്ക്കൊറ്റപ്പെട്ടവരാണു നാം; മരിയ്ക്കുമ്പോൾ നാം ഒറ്റയ്ക്കാണെന്നത് മനുഷ്യാവസ്ഥയുടെ പ്രതീകം തന്നെയല്ലേയെന്നു നാം സ്വയം ചോദിക്കുക. അന്ത്യമുഹൂർത്തത്തിൽ നമുക്കെന്തു സാന്ത്വനം കിട്ടാൻ? സമൂഹമദ്ധ്യത്തിൽ കിടന്നു ജീവിക്കാനും മരിക്കാനുമുള്ള ഈ സന്നദ്ധത വലിയൊരപര്യാപ്തതയുടെ അടയാളമാണ്‌. അതിലും ആയിരം മടങ്ങു ഭേദമാണ്‌ പരിത്യക്തനായി, ഏകാകിയായി എവിടെയെങ്കിലും കിടന്നു മരിയ്ക്കുക; അപ്പോൾ നിങ്ങൾക്ക് അതിനാടകീയമായ പ്രകടനങ്ങളില്ലാതെ, ആരുടെയും കണ്മുന്നിലല്ലാതെ മരിക്കാൻ കഴിയും. മരണക്കിടക്കയിലും സ്വാധീനം കൈവിടാതെ പോസു പിടിക്കുന്നവരെ എനിക്കു വെറുപ്പാണ്‌. ഏകാന്തതയിലല്ലാതെ കണ്ണീരു കവിളു പൊള്ളിക്കില്ല. മരിക്കുമ്പോൾ തനിക്കു ചുറ്റും സ്നേഹിതന്മാരുണ്ടാവണമെന്നു ചിലർ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അതു ഭയം കൊണ്ടാണ്‌, തങ്ങളുടെ അന്ത്യനിമിഷങ്ങൾ ഒറ്റയ്ക്കു ജീവിയ്ക്കാനുള്ള കഴിവില്ലായ്മ കൊണ്ടാണ്‌. മരണമുഹൂർത്തത്തിൽ അവർക്ക് മരണത്തെ മറക്കണം. അവർക്കു ധൈര്യമില്ല. മരണമുഹൂർത്തത്തിലെ വിഭ്രാന്താനുഭൂതികൾ വാതിലിന്റെ കുറ്റിയിട്ടിട്ട് തെളിഞ്ഞ മനസ്സോടെ, അതിരുകളില്ലാത്ത ഭയത്തോടെ ഒറ്റയ്ക്കനുഭവിക്കാൻ അവർക്കെന്തുകൊണ്ടു കഴിയുന്നില്ല?

സർവതിൽ നിന്നും അത്രയ്ക്കു വേർപെടുത്തപ്പെട്ടവരാണു നാം! എന്നാൽ സർവതും നമുക്കത്രയ്ക്കപ്രാപ്യവുമല്ലേ? മരണങ്ങളിൽ വച്ചേറ്റവും ഗഹനവും ജൈവവുമായ മരണമാണ്‌ ഏകാന്തതയിലെ മരണം; വെളിച്ചം പോലും മരണത്തിന്റെ തത്വമാവുകയാണപ്പോൾ. ആ നിമിഷങ്ങളിൽ നിങ്ങൾ ജീവിതത്തിൽ നിന്നു വിച്ഛേദിക്കപ്പെടുകയാണ്‌, പ്രണയത്തിൽ നിന്ന്, പുഞ്ചിരികളിൽ നിന്ന്, സ്നേഹിതരിൽ നിന്ന്, മരണത്തിൽ നിന്നുപോലും വിച്ഛേദിക്കപ്പെടുകയാണ്‌. അപ്പോൾ നിങ്ങൾ സ്വയം ചോദിക്കും, ഈ ലോകത്തിന്റെ ശൂന്യതയല്ലാതെ, തങ്ങളുടെ തന്നെ ശൂന്യതയല്ലാതെ മറ്റൊന്നുമില്ലേയെന്ന്.




No comments: