Thursday, September 3, 2015

എമീൽ ചൊറാൻ - അഗ്നിസ്നാനം



ഒരു വർഗ്ഗീകരണം അസാദ്ധ്യമായ, അല്ലെങ്കില്‍  ദുസാദ്ധ്യമെങ്കിലുമാവുന്ന തരത്തിൽ അത്രയധികമാണ്‌ നിരാകാരത്വത്തിന്റെ പ്രതീതി കൈവരിക്കാനുള്ള വഴികൾ. എന്നാൽക്കൂടി ഞാൻ പറയട്ടെ, ഏറ്റവും നല്ല വഴികളിൽ ഒന്നാണ്‌ അഗ്നിസ്നാനം. അഗ്നിസ്നാനം: ജ്വാലകളും സ്ഫുലിംഗങ്ങളുമായി നിങ്ങളുടെ സത്തയാകെ ആളിക്കത്തുന്നു, നരകത്തിലെന്നപോലെ തീനാളങ്ങൾ നിങ്ങളെ നക്കിയെടുക്കുന്നു. അത്ര നിശ്ശേഷമാണഗ്നിസ്നാനം കൊണ്ടുള്ള പുണ്യാഹമെന്നതിനാൽ അസ്തിത്വം പോലും പിന്നെ ബാക്കിയാകുന്നില്ല. അതിന്റെ ഉഷ്ണവാതങ്ങളും പൊള്ളിക്കുന്ന നാളങ്ങളും ജീവന്റെ കാമ്പിനെ ചുട്ടെരിക്കുന്നു, ജീവന്റെ ഊർജ്ജത്തെ ഞെക്കിക്കൊല്ലുന്നു, ജീവന്റെ തീക്ഷ്ണതയെ അഭിലാഷമായി പരിവർത്തിപ്പിക്കുന്നു. ഒരഗ്നിസ്നാനത്തിൽ, അതിന്റെ വിപുലശോഭയിൽ രൂപാന്തരപ്പെട്ടു ജിവിക്കുക- നൃത്തം ചെയ്യുന്നൊരു ജ്വാല മാത്രമായി നിങ്ങൾ മാറിപ്പോകുന്ന നിരാകാരവിശുദ്ധിയുടെ അവസ്ഥ അങ്ങനെയൊരു തരമാണ്‌. ഗുരുത്വാകർഷണത്തിന്റെ നിയമങ്ങളിൽ നിന്നു വിമുക്തമാവുന്ന ജീവിതം ഭ്രമമോ സ്വപ്നമോ ആയിപ്പോകുന്നു. ഇതു കൊണ്ടു കഴിഞ്ഞില്ല: എത്രയും വിചിത്രവും വൈരുദ്ധ്യം തോന്നുന്നതുമായ ഒരനുഭൂതി ഒടുവിൽ നിങ്ങൾക്കുണ്ടാവുകയാണ്‌- സ്വപ്നതുല്യമായ ഒരയഥാർത്ഥതയിലാണു താൻ എന്നൊരനുഭൂതിയാണ്‌ മുമ്പു നിങ്ങൾക്കുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ താൻ ചാരമായിപ്പൊഴിയുന്നു എന്നൊരു തോന്നലാണ്‌ നിങ്ങൾക്കുണ്ടാകുന്നത്. അഗ്നിസ്നാനത്തിന്റെ അനിവാര്യമായ പരിണതിയാണിത്: ഉള്ളിന്റെയുള്ളിൽ നടന്ന ഒരഗ്നിബാധ നിങ്ങളുടെ സത്തയുടെ നിലം കൂടി ചുട്ടെരിച്ചു കഴിഞ്ഞാൽ, സർവതും ചാമ്പലായിക്കഴിഞ്ഞാൽ അനുഭവിക്കാൻ പിന്നെന്തു ബാക്കിയിരിക്കുന്നു? എന്റെ ചാരം നാലു കാറ്റുകൾ അടിച്ചുപറത്തുന്നുവെന്ന, സ്ഥലരാശിയിൽ വിതറുന്നുവെന്ന ചിന്തയിൽ ഒരുന്മത്താനന്ദമുണ്ട്, അനന്തവൈരുദ്ധ്യവുമുണ്ട്; ലോകത്തോടുള്ള തീരാത്ത നീരസമാണത്.

No comments: