Tuesday, September 22, 2015

കമല ദാസിന്റെ കവിതകള്‍ - 13





 മടക്കമില്ലാത്ത യാത്ര
--------------------------
ഇന്നു രാത്രിയിൽ, എന്റെ സിരകളിലെ പുഴവെള്ളത്തിൽ
ഒരു ഡോൾഫിൻ പോലെന്റെ തൃഷ്ണ നീന്തിത്തുടിക്കുന്നു,
പൊടുന്നനേ കുതിച്ചുചാടിയും ഊളിയിട്ടും
ഒരു ഡോൾഫിൻ പോലതു കളിയാടുന്നു.
പാരവശ്യത്താലെന്റെയുടലു വലിഞ്ഞുമുറുകുന്നു,
നിന്റെ മുഖത്തേക്കു നോക്കാനെനിക്കു ലജ്ജയാകുന്നു.
വിവാഹനാളിലെ പ്രതിജ്ഞകളെനിക്കു മാറ്റിവയ്ക്കണം,
ഒരു വീട്ടമ്മയുടെ ഭൂതകാലമധുരമെനിക്കു മറക്കണം.
ഒരു മറവിരോഗിയുടെ നില വിടാത്ത നോട്ടത്തോടെ
ഈ പൊള്ളുന്ന പ്രണയത്തിലേക്കു ഞാൻ നടക്കും...
നിന്റെ വീട്ടിലേക്കിനി രണ്ടു ഫർലോങ്ങേയുള്ളു,
എന്നാലതൊരു മടക്കമില്ലാത്ത യാത്രയായിരിക്കും,
എന്തെന്നാൽ,
ഇന്നു രാത്രിയിൽ നിന്റെ കിടക്കയ്ക്കു ചൂടു പകരാൻ
ഞാൻ കൊണ്ടുവരുന്ന ഈ അഗ്നി തന്നെ
എന്റെ വീടിന്റെ പ്രാകാരങ്ങളും ചുട്ടെരിയ്ക്കും.

മായത്താമര
---------------
ഈ പ്രണയമെല്ലാം
ഞാൻ നല്കുന്നതാണെന്നതാണു പ്രധാനം.
അതു പകരാനൊരു പാത്രം തേടുകയാണു ഞാൻ
എന്നതു കാര്യമായിട്ടെടുക്കേണ്ട.
ദാനം ഭിക്ഷാപാത്രം തേടുന്ന പോലെയാണത്.
എന്റെ വിശ്വാസത്തിനു മാത്രം കാതു കൊടുക്കൂ,
ശേഷിച്ചതൊക്കെ നശ്വരമെന്നറിയുക,
അതിനാൽ വെറും മിഥ്യകളും.
വിഗ്രഹമാവാൻ ഏതു ശിലയ്ക്കുമാകും.
ഈയൊരാളെ ഞാൻ പ്രേമിക്കുന്നുവെങ്കിൽ
അതവനെയറിയാൻ മറ്റൊരു വഴി മാത്രം,
നിരാകാരനായ അവനെ,
എന്റെ സ്വപ്നക്കടലിലൊഴുകിനടക്കുന്ന മായത്താമര
നീലമുഖമായവനെ.

ഭ്രാന്താശുപത്രി
-----------------
ഭ്രാന്താശുപത്രിയിൽ
രാത്രി മുഴുവൻ കത്തിക്കിടക്കുന്ന
ഒരു ലൈറ്റുണ്ട്,
കണ്ണീർത്തുള്ളിയുടെ ആകൃതിയിൽ
ഷെയ്ഡില്ലാത്ത
ഒരു ബൾബ്;
ഹാളിന്റെ വെളുത്തു മരവിച്ച
മച്ചിൽ തൂങ്ങിക്കിടന്നുകൊണ്ടത്
രോഗികളുടെ കിടക്കകളിൽ നിന്ന്
മ്ളാനമായ നിഴലുകളെ ആട്ടിയോടിക്കുമ്പോൾ
അവർ പേടിയില്ലാതെ
കണ്ണു തുറന്നു കിടക്കുന്നു.
അതു പരുഷമായെരിയുന്നു,
ഒരിക്കലും അസ്തമിക്കാത്തൊരു സൂര്യൻ;
എന്നാൽ അതിലും പരുഷമായെരിയുന്ന വിളക്കുകൾ
അവരുടെ തലയോടുകൾക്കുള്ളിലുണ്ട്;
ബ്രോമൈഡുകൾക്കോ
ആഴ്ച തോറുമുള്ള ഷോക്കിന്റെ
ചാട്ടയടികൾക്കോ
കെടുത്താനാവാത്ത ലൈറ്റുകൾ.
ആ പൊള്ളുന്ന കൂറ്റൻ വിളക്കുകളുടെ
കണ്ണിമയ്ക്കാത്ത ജാഗ്രതയ്ക്കടിയിൽ
അവരുടെ മനസ്സുകളുടെ വിഷണ്ണനൃത്തശാലകളിൽ
നരച്ച പ്രേതരൂപങ്ങൾ നൃത്തം വയ്ക്കുന്നു.
അരുതേ, അവരോടു സഹതാപമരുതേ,
രക്ഷപ്പെടാൻ ധൈര്യം കാട്ടിയവരാണവർ,
ബ്യൂഗിളുകളെയും സൈറണുകളുടെ ഓലിയിടലുകളെയും
ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ് റൈറ്റ് എന്ന
യന്ത്രമനുഷ്യരുടെ നിശിതമായ കുരകളെയുമവഗണിച്ച്
സുബോധത്തിന്റെ പട്ടാളച്ചിട്ടകളിൽ നിന്നു
പുറത്തു കടക്കാൻ ധൈര്യം കാണിച്ചവർ...

തടവുപുള്ളികൾ
-------------------
ഞങ്ങളുടെ തൃഷ്ണകൾ
പ്രത്യേകിച്ചൊരു രാജ്യത്തിന്റേതുമല്ലാത്ത
ബഹുവർണ്ണപതാകയായിരുന്ന ഒരു കാലമുണ്ടായിരുന്നു.
വെളിച്ചം കെട്ട കണ്ണുകളോടെ, ക്ഷീണിതരായി
ഞങ്ങൾ കട്ടിലിൽ കിടന്നു,
മരിച്ച കുട്ടികൾ ശേഷിപ്പിച്ചുപോയ കളിപ്പാട്ടങ്ങൾ കണക്കെ.
ഞങ്ങൾ അന്യോന്യം ചോദിച്ചു,
എന്തു പ്രയോജനം,
ഇതുകൊണ്ടൊക്കെ എന്തു പ്രയോജനം?
ഞങ്ങൾ പരിചയിച്ച പ്രണയം ഇതായിരുന്നു,
നട്ടുച്ചയ്ക്കു മൺകട്ടയുടയ്ക്കുന്ന തടവുപുള്ളികളെപ്പോലെ
അന്യോന്യം ഉടലു കൊത്തിപ്പറിയ്ക്കുക.
ഉച്ചവെയിലിൽ പൊരിയുന്ന മണ്ണായിരുന്നു ഞങ്ങൾ.
ഞങ്ങളുടെ സിരകൾ പൊള്ളുകയായിരുന്നു,
അതു തണുപ്പിക്കാൻ മലമുകളിലെ കുളിരുന്ന രാത്രികൾക്കായില്ല.
അവനും ഞാനും ഒന്നായിരുന്നപ്പോൾ
ഞങ്ങൾ സ്ത്രീയോ പുരുഷനോ ആയിരുന്നില്ല.
വാക്കുകൾ ബാക്കിയുണ്ടായിരുന്നില്ല,
നീളുന്ന രാത്രിയുടെ കൈകളിൽ
തടവില്പെട്ടു കിടക്കുകയായിരുന്നു
എല്ലാ വാക്കുകളും.
ഇരുട്ടത്തു ഞങ്ങൾ മുതിർന്നു,
മൗനത്തിൽ ഞങ്ങൾ പാടി,
ഓരോ സ്വരവും ഓരോ നോവായി ഉയർന്നു,
കടലിൽ നിന്ന്, കാറ്റിൽ നിന്ന്, മണ്ണിൽ നിന്ന്,
ഓരോ ദാരുണരാത്രിയിൽ നിന്നും...



മദ്ധ്യവയസ്ക
-----------------
നിങ്ങളുടെ കുട്ടികളിപ്പോൾ
നിങ്ങളുടെ കൂട്ടുകാരല്ലാതായിക്കഴിഞ്ഞുവെങ്കിൽ,
മുഖത്തു കനിവില്ലാത്ത, നാവിനു മയമില്ലാത്ത
വിമർശകരാണവരിപ്പോഴെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.
ശലഭപ്പുഴുക്കളെപ്പോലെ കൊക്കൂണുകൾ പൊട്ടിച്ചവർ
യൗവനത്തിന്റെ പരുഷശോഭയിലേക്കു
പുറത്തുവന്നിരിക്കുന്നു.
ചായ പകരാനും ഇസ്തിരിയിടാനുമല്ലാതെ
അവർക്കിപ്പോൾ നിങ്ങളെ വേണ്ട;
എന്നാൽ നിങ്ങൾക്കവരെ വേണം,
പണ്ടത്തേതിലുമധികം വേണം,
അതിനാൽ ഒറ്റയ്ക്കാവുമ്പോൾ
അവരുടെ പുസ്തകങ്ങളിലും സാധനങ്ങളിലും
നിങ്ങൾ വിരലോടിക്കുന്നു,
ആരും കാണാതെ നിങ്ങളൊന്നു തേങ്ങിപ്പോകുന്നു.
പണ്ടൊരിക്കൽ രാത്രിയിൽ
നിങ്ങൾ മകനു കത്തയച്ചിരുന്നു,
അണ്ണാറക്കണ്ണന്മാർ തങ്ങളുടെ കാട്ടുവിരുന്നിന്‌
അവനെ ക്ഷണിക്കുന്നതായി.
അതേ മകൻ നീരസത്തോടെ തിരിഞ്ഞുനിന്ന്
അമ്മയിത്രനാൾ സ്വപ്നലോകത്താണു ജീവിച്ചത്,
ഇനി ഉണരാൻ കാലമായിരിക്കുന്നമ്മേ,
പണ്ടത്തെപ്പോലെ ചെറുപ്പമല്ലെന്നറിയില്ലേ
എന്നലറുന്നുവെങ്കിൽ, അറിയുക,
നിങ്ങൾ മദ്ധ്യവയസ്കയായിരിക്കുന്നു.

എന്റെ തറവാട്ടിൽ ചന്ദ്രനില്ല
--------------------------------
-
അവർ അടുത്തടുത്തു വരുന്നു,
സ്വപ്നാടകരായ മരങ്ങൾ,
അവരുടെ ചുമലുകളിൽ കൂമന്മാർ,
ഇളങ്കാറ്റിലിളകുന്ന തൂവലുകളുമായി ധ്യാനസ്ഥരായവർ,
ആ ഗൂഢാലോചനയിൽ പങ്കാളിയായി
കുളമതിന്റെ തണുത്ത ശവക്കോടി എനിക്കു മേലിടുന്നു.
ജനാലപ്പടിയിലെ പൊടിയിൽ
ക്ഷമാശീലരായ പ്രേതങ്ങളുടെ കൈയൊപ്പുകൾ
ഞാൻ കണ്ടെടുക്കുന്നു,
മരങ്ങളവയുടെ മേല്പുരകൾ
കട്ടിയിരുട്ടു കൊണ്ടു മേഞ്ഞുകഴിഞ്ഞു;
നഗരങ്ങളിലെ ചന്ദ്രൻ,
തീവണ്ടികൾക്കു പിന്നിലേക്കോടിമറയുന്ന
നെല്പാടങ്ങളിലെ ചന്ദ്രൻ,
അതിവിടെയെവിടെയുമില്ല.
മിന്നാമിനുങ്ങുകൾ മാത്രം പൂമുഖത്തു വെളിച്ചം പരത്തുന്നു,
നിശ്ശബ്ദത മാത്രം എന്നോടു പറയുന്നു,
ഇനി നിന്റെ ജീവിതം ഇവിടെയാണെന്ന്...

1 comment:

ajith said...

നല്ല കവിതകള്‍