Thursday, September 3, 2015

കമല ദാസിന്റെ കവിതകള്‍ - 11



വികലജീവികൾ
-------------------
വെയിലേറ്റു കരുവാളിച്ച കവിൾ
എനിക്കു നേരെ തിരിച്ച്,
വലതുകൈ എന്റെ കാല്മുട്ടിൽ വച്ച്
അയാൾ സംസാരിക്കുന്നു,
അയാളുടെ വായ ഒരിരുണ്ട ഗഹ്വരം,
വരി തെറ്റിയ പല്ലുകൾ
ചുണ്ണാമ്പുപാറകൾ പോലെ അതിനുള്ളിൽ തിളങ്ങുന്നു,
പ്രണയത്തിലേക്കു കുതിച്ചോടാൻ തയാറായി
ഞങ്ങളുടെ മനസ്സുകൾ.
എന്നാലവ വെറുതേ അലഞ്ഞുനടന്നതേയുള്ളു,
ആസക്തിയുടെ ചെളിക്കുണ്ടുകൾക്കു മേൽ
തെന്നിവീഴാൻ പോയതേയുള്ളു...
ഈ മനുഷ്യന്റെ നിപുണമായ വിരൽത്തുമ്പുകൾക്ക്
തൊലിയുടെ അലസദാഹങ്ങളെക്കാൾ ചൊടിയുള്ള മറ്റൊന്നിനെയും
അഴിച്ചുവിടാൻ കഴിയില്ലേ?
ഇത്ര കാലം ജീവിച്ചിട്ടും
പ്രണയത്തിൽ പരാജയം മാത്രമറിഞ്ഞ ഞങ്ങളെ
ആരാണു സഹായിക്കാനെത്തുക?
ഹൃദയം, ഒരൊഴിഞ്ഞ ജലപാത്രം,
ദീർഘനേരത്തില്പിന്നെ
മൗനനാഗങ്ങളിഴഞ്ഞുകേറി അതിൽ ചുറയിടുന്നു.
ഞാനൊരു വികലജീവിയാണ്‌.
കേമമായൊരു കാമം ചിലനേരം ഞാനെടുത്തുവീശുന്നുവെങ്കിൽ
അതെന്റെ മുഖം രക്ഷിക്കാൻ മാത്രമാണ്‌.

പ്രശസ്തി
------------
പ്രശസ്തി വെറും പുകയാണ്‌
അടുക്കളയിൽ നിങ്ങൾ പാചകം ചെയ്യുമ്പോൾ
ചിമ്മിനിയിലൂടെ പുറത്തേക്കു വരുന്നത്.
അതിനു മുന്നിൽ ചൂളരുത്
അതിലഹങ്കരിക്കുകയുമരുത്.
പ്രശസ്തിയിൽ വിശേഷിച്ചൊന്നുമില്ല,
അതാകെ ചെയ്യുന്നത്
നിങ്ങളുടെ കാഴ്ച മങ്ങിക്കുക മാത്രം.

കാട്ടുബൊഗെയിൻവില്ലകൾ
---------------------------------
വിഷാദവതിയായി നടന്ന ഒരു കാലം
കല്ക്കട്ടയിൽ എനിക്കുണ്ടായിരുന്നു,
ശവമഞ്ചത്തെ അനുഗമിക്കുന്നവരെപ്പോലെ
മന്ദമായി, മ്ളാനമായി കടന്നുപോയ ചില നാളുകൾ...
അന്നെന്റെ കിടക്ക പോലും എനിക്കു വിശ്രമം തന്നിരുന്നില്ല,
കോളു കൊണ്ട കടലെന്നപോലെ അതെന്നെ തട്ടിയുരുട്ടിയിരുന്നു,
അന്നു ഞാനെത്ര കരഞ്ഞു, എത്ര വിലപിച്ചു,
അന്യനാട്ടുകാരനായ ഒരു പുരുഷനായി എത്ര ഞാൻ ദാഹിച്ചു...
പിന്നെ, പതിയെപ്പതിയെ, എന്റെ പ്രണയം വാടിത്തളർന്നു,
ഞാൻ നടക്കാനിറങ്ങി, അറിയാത്ത വഴികളിലൂടെ ഞാൻ നടന്നു,
ഇഷ്ടം തോന്നുന്ന മുഖങ്ങൾ ഞാൻ കണ്ടു.
അതൊരു നല്ല ലോകമായിരുന്നു,
ശ്രദ്ധ പതറിക്കാൻ പലതുമതിലുണ്ടായിരുന്നു,
കടലോരം ചേർന്ന തെരുവുകളിലൂടെ ഞാൻ നടന്നു,
പൊന്തിക്കിടക്കുന്ന ബാർജ്ജുകൾ ഞാൻ കണ്ടു,
അവയുടെ അടിഭാഗങ്ങൾ അഴുകിയിരുന്നു,
അഴുക്കും ചണ്ടിയും കിടന്നഴുകിയിരുന്നു,
ചത്ത മീനുകൾ അഴുകിക്കിടന്നിരുന്നു,
ചാവുന്ന വസ്തുക്കളുടെ മണം ഞാൻ മണത്തു,
ചത്തു ചീയുന്നവയുടെ കൊടുംനാറ്റം ഞാൻ മണത്തു,
രാത്രിയിൽ തെരുവുകളിലൂടെ ഞാൻ നടന്നു,
കണ്ണിൽ കുത്തുന്ന പോലെ മുലകൾ തുറുപ്പിച്ചുകൊണ്ട്
വേശ്യകളവിടെ ചുറ്റിയടിച്ചിരുന്നു,
വിളറിയ മന്ദഹാസങ്ങൾ ആണുങ്ങൾക്കു നേർക്കെറിഞ്ഞുകൊണ്ട്
മഞ്ഞിച്ച തെരുവിളക്കുകൾക്കടിയിലൂടവർ നടന്നിരുന്നു.
പുരാതനമായ ശവപ്പറമ്പുകൾക്കരികിലൂടെ ഞാൻ നടന്നു,
മരണമത്രമേൽ കീഴടക്കിയവർ അവിടെയടങ്ങുന്നു,
അവരുടെ തലക്കല്ലുകളിൽ കൊത്തിയ പേരുകൾ
മഴയത്തൊലിച്ചു പോയിരിക്കുന്നു,
വിരൂപമായ പല്ലുകൾ പോലെ മഞ്ഞിച്ച കല്ലുകൾ,
ഒരു പൂവിതളും ഒരു കണ്ണീർത്തുള്ളിയും അവയ്ക്കു മേൽ വീഴുന്നില്ല.
എന്നാൽ ആ പുരാതനമായ മക്ബറകൾക്കരികിൽ ഞാൻ കണ്ടു,
ചില ജമന്തിച്ചെടികൾ പൂത്തുനില്ക്കുന്നത്,
അവയുടെ മീനാരങ്ങളിൽ ചുവന്ന കാട്ടുബൊഗൈൻവില്ല പടർന്നുകയറുന്നത്.
ഞാൻ നടന്നു, ഞാൻ കണ്ടു, ഞാൻ കേട്ടു,
നഗരം എനിക്കായി മെരുങ്ങിത്തന്നു,
പ്രത്യേകിച്ചൊരാളുടെ സ്പർശത്തിനായുള്ള എന്റെ ദാഹം
പിന്നെ കുറഞ്ഞുകുറഞ്ഞുവന്നു,
പിന്നെയൊരു ദിവസം ഞാനയാൾക്കൊരു പനിനീർപ്പൂച്ചെണ്ടു കൊടുത്തയച്ചു,
എന്നിട്ടു രാത്രി മുഴുവൻ ഞാൻ കിടന്നുറങ്ങി,
സ്വപ്നരഹിതമായ നിശ്ശബ്ദനിദ്ര,
രാവിലെ ഞാനുണർന്നു, സ്വതന്ത്രയായി.

അപരിചിതനും ഞാനും
---------------------------
കണ്ണുകളിൽ നൈരാശ്യം വഴിയുന്ന അപരിചിതാ,
നിന്നെ ഞാൻ കണ്ടിരിക്കുന്നതിവിടെ മാത്രമല്ല,
പരദേശനഗരങ്ങളിൽ വച്ചും നിന്നെ ഞാൻ കണ്ടു;
ചുറ്റുമുള്ള മുഖങ്ങൾ നോക്കിയല്ല, അല്ല,
കടകളുടെ പേരുകൾ നോക്കി നീ നടന്ന തെരുവുകൾക്കു പോലും
വിദ്വേഷത്തിന്റെ ആകാശമാണു മേല്ക്കൂരയായിരുന്നത്.
സർവ്വതും അത്ര നരച്ചുവെളുത്തിരുന്നു, അത്ര പഴകിയിരുന്നു,
കീശയിലാഴ്ത്തിയ വിരലുകൾ ചുരുട്ടിയും വിടർത്തിയും
പക്ഷേ, നീ നടന്നു നടന്നു മുന്നോട്ടു പോയി.
മുഖത്തെ മറുകു പോലെ നിന്റെ ഏകാന്തത നീലിച്ചുകിടന്നു...
ഉല്ലാസവും സിഗററ്റുപുകയും നിറഞ്ഞ റസ്റ്റാറന്റുകളിൽ വച്ച്
നിന്നെ ഞാൻ കണ്ടിരിക്കുന്നു;
തൂണിനു പിന്നിലെ കസേരയിലിരുന്ന്
ഒരുന്മേഷവുമില്ലാതെ മധുരമിട്ട ചായ കുടിക്കുമ്പോൾ
മേശവിരിപ്പിന്മേലിരുന്നു നിന്റെ കൈ വിറ കൊണ്ടു,
മുറിപ്പെട്ട ഒരു പക്ഷിയെപ്പോലെ...
ഉദ്യാനങ്ങളിൽ ചുറ്റിനടക്കുന്ന നിന്നെ ഞാൻ കണ്ടിരിക്കുന്നു,
കിളരം വച്ച മരങ്ങളുടെ തൊലിയിൽ
പണ്ടെന്നോ കത്തി കൊണ്ടു വരഞ്ഞിട്ട പേരുകൾ വായിക്കാനായി
ഇടയ്ക്കിടെ നീ നിന്നു നോക്കുന്നതും;
കടലോരങ്ങളിൽ താഴേക്കു നോക്കി നടക്കുന്നതായി,
വിരുന്നുകളിൽ കൈകളിലൊരു ഗ്ളാസ്സുമായി
ചെടിച്ചട്ടികൾക്കു പിന്നിൽ മുഖം മുഷിഞ്ഞു നില്ക്കുന്നതായി;
നീ കടിച്ചുകാർന്ന നഖങ്ങളും
നിന്റെ വിളറിയ പുഞ്ചിരിയും ഞാൻ കണ്ടിരിക്കുന്നു,
മുറിഞ്ഞു മുറിഞ്ഞുപോകുന്ന നിന്റെ സംസാരം ഞാൻ കേട്ടിരിക്കുന്നു.
നിന്നെ തിരിച്ചറിയാതിരിക്കാൻ പറ്റാത്ത വിധം അത്ര നന്നായി
എനിക്കു നിന്നെ അറിയാം...

1 comment:

ajith said...

പത്ത് ദിവസം അവധിയിലായിരുന്നു. അതുകൊണ്ട് കമല ദാസ് കവിതകള്‍ 11, 12 ഭാഗങ്ങള്‍ ഒരുമിച്ച് വായിക്കാന്‍ സാധിച്ചു