Friday, September 11, 2015

എമീൽ ചൊറാൻ - ഒരു പരോക്ഷജീവി



എല്ലാ മനുഷ്യർക്കുമുള്ളത് ഒരേ ന്യൂനതയാണ്‌: ജീവിക്കാൻ വേണ്ടി അവർ കാത്തിരിക്കുന്നു; ഓരോ നിമിഷത്തിനുമുള്ള ധൈര്യം അവർക്കില്ല. ഉല്ക്കടവികാരനിക്ഷേപത്താൽ എന്തുകൊണ്ടൊരു നിമിഷത്തെ നമുക്കൊരു നിത്യതയാക്കിക്കൂടാ? ഇനിയൊന്നും പ്രതീക്ഷിക്കാനില്ലെന്നു വരുമ്പോഴേ നാമൊക്കെ ജീവിക്കാൻ പഠിക്കുന്നുള്ളു; എന്തെന്നാൽ നാം ജിവിക്കുന്നത് സചേതനമായ വർത്തമാനത്തിലല്ല, സന്ദിഗ്ധവും വിദൂരവുമായ ഒരു ഭാവിയിലാണ്‌. നാം ജീവിക്കുന്ന നിമിഷത്തിന്റെ പ്രേരണയ്ക്കല്ലാതെ മറ്റൊന്നിനും വേണ്ടി നാം കാത്തിരിക്കരുത്. കാലത്തെക്കുറിച്ചു ബോധവാനാകാതെ വേണം നാം കാത്തിരിക്കാൻ. പ്രത്യക്ഷത്തിലല്ലാതെ മോക്ഷമില്ല. പക്ഷേ മനുഷ്യനിപ്പോൾ പ്രത്യക്ഷമെന്തെന്നറിയാത്ത ജീവിയായിരിക്കുന്നു. അവൻ ഒരു പരോക്ഷജീവിയാണ്‌.

No comments: