Thursday, April 30, 2009

നെരൂദ - ഗ്രഹം

ചന്ദ്രനിൽ ജലത്തിന്റെ ശിലകളുണ്ടോ?
അവിടെ സ്വർണ്ണനദികളുണ്ടോ?
ശരത്‌കാലത്തിനെന്തു നിറമാണ്‌?
നാളുകളൊന്നിനോടൊന്നുരുണ്ടുകൂടിയൊടുവിൽ
ഒരു മുടിക്കുത്തു പോലെ ഉലർന്നുവീഴാറുണ്ടോ?
ആ വിദൂരദേശത്ത്‌
ഭൂമിയിൽനിന്നെന്തൊക്കെ വന്നു പതിക്കാറുണ്ട്‌?
കടലാസ്‌,വീഞ്ഞ്‌,കൈകൾ,മൃതദേഹങ്ങൾ?

മുങ്ങിമരിച്ചവർ ജീവിക്കുന്നതവിടെയാണോ?
*

Saturday, April 18, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -8


21. മത്‌സുഷിമ

മത്‌സുഷിമാദ്വീപുകളിലെ അതിശയദർശനങ്ങളെക്കുറിച്ച്‌ ആരൊക്കെ എന്തൊക്കെ പറഞ്ഞിരിക്കുന്നു! അതിൽക്കവിഞ്ഞൊരു പുകഴ്ത്തൽ സാധ്യമാണെങ്കിൽ ഞാൻ പറയുക, ഇത്രയും ഭംഗിയുള്ള മറ്റൊരിടം നിപ്പണിലുണ്ടാവില്ല എന്നായിരിക്കും. എന്നുതന്നെയല്ല, ചൈനയിലെ ടുങ്ങ്‌-ടിംഗ്‌ തടാകത്തിനും സീ തടാകത്തിനും കിടപിടിക്കുന്നതുമാണത്‌. മൂന്നര മൈൽ നീളത്തിലും വീതിയിലുമുള്ള ഒരുൾക്കടലിലാണ്‌ ഈ ദ്വീപുകളുടെ സ്ഥാനം.

ദ്വീപുകൾ എണ്ണിയാലൊടുങ്ങാത്തവയാണ്‌: ചിലത്‌ ആകാശത്തേക്കു കൈചൂണ്ടുന്ന വിരലുകൾ പോലെ; മറ്റു ചിലത്‌ തിരമാലകൾക്കു മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു; ചിലത്‌ ഒന്നിനു മേലൊന്നായി അട്ടിയിട്ടുകിടക്കുന്ന പോലെ; ചിലത്‌ കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത അമ്മമാരെപ്പോലെ; മറ്റുചിലത്‌ പേരക്കുട്ടികളെ കൈപിടിച്ചുനടത്തുന്ന മുത്തശ്ശന്മാരെപ്പോലെ.

പൈൻമരങ്ങൾക്കാകട്ടെ എത്രയും കടുത്ത പച്ചനിറം. അവയുടെ ചില്ലകൾ നിലയ്ക്കാത്ത കടൽക്കാറ്റേറ്റ്‌ ചാരുതയാർന്ന രൂപങ്ങൾ കൈവരിച്ചിരിക്കുന്നു.എന്തിനു വിസ്തരിക്കണം, സുന്ദരിയായ ഒരു സ്ത്രീ ചമയങ്ങളണിഞ്ഞപോലെത്തന്നെ.

ദേവയുഗത്തിൽ പർവ്വതങ്ങളുടെ ദേവനാണോ ഇങ്ങനെയൊരു സൗൻദര്യസൃഷ്ടി നടത്തിയത്‌? ആ ഗംഭീരമായ ഐശ്വരഭാവനയെ വാക്കിലോ വരയിലോ പകർത്താൻ ആര്‍ക്കു കഴിയും?

ഞങ്ങൾ ചെന്നിറങ്ങിയ ഓജിമ കടലിലേക്കുന്തിനിൽക്കുന്ന ഒരു മുനമ്പാണ്‌. ഉൻഗോ എന്ന സെൻഗുരു ശിഷ്ടകാലം നയിച്ചതിവിടെയാണ്‌; അദ്ദേഹം ധ്യാനത്തിലിരിക്കാറുള്ള ശിലാഖണ്ഡവും ഞങ്ങൾ കണ്ടു. പൈൻമരങ്ങൾക്കിടയിൽ അവിടവിടെയായി ചെറുകുടിലുകൾ ചിതറിക്കിടക്കുന്നതും അവയിൽ നിന്ന് നേർത്തുനീലിച്ച പുകച്ചുരുളുകളുയരുന്നതും ഞങ്ങളുടെ കണ്ണിൽപ്പെട്ടു. ഏതുതരം ആൾക്കാരാണവയിൽ താമസമുണ്ടാവുക എന്നു ഞാൻ ആലോചിച്ചുനിന്നുപോയി. ഏതോ വശീകരണത്തിനടിപ്പെട്ടപോലെ ഞാൻ അതിലൊന്നിനു നേർക്കു നടക്കാനൊരുങ്ങുമ്പോളതാ, എന്നെത്തടയാനെന്നപോലെ ഇരുൾ വീണ കടലിനുമേൽ വെളിച്ചം വിതറിക്കൊണ്ട്‌ ചന്ദ്രൻ ഉദിച്ചുയരുകയും പകൽവെളിച്ചത്തിൽക്കണ്ടതിനെ അതു മാറ്റിമറിക്കുകയും ചെയ്തു.

ഉൾക്കടലിന്റെ കാഴ്ച കിട്ടുന്ന ഒരു സത്രത്തിൽ ഞങ്ങൾ മുറിയെടുത്തു. മുകളിലത്തെ നിലയിൽ എല്ലാ ജനാലകളും തുറന്നിട്ടുകൊണ്ട്‌ ഞാൻ ഉറങ്ങാൻ കിടന്നു. ഇരമ്പുന്ന കാറ്റിനും പായുന്ന മേഘങ്ങൾക്കുമിടയിൽ അങ്ങനെ കിടക്കുമ്പോൾ ഇതേവരെ പരിചയിച്ച ഒരു ലോകത്തിൽ നിന്നു ഭിന്നമായ മറ്റൊന്നിലാണു ഞാനിപ്പോളെന്ന് എനിക്കു തോന്നിപ്പോയി. സോറാ എഴുതി:

മത്‌സുഷിമാദ്വീപുകൾ
പറന്നുതീർക്കാൻ

കുഞ്ഞിക്കുയിലേ
നിനക്കു വേണം
കൊറ്റിച്ചിറകുകൾ!


പതഞ്ഞുയരുന്ന വികാരങ്ങളെ അടക്കി ഉറക്കം പിടിക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും അങ്ങനെ ശമിക്കുന്നതായിരുന്നില്ല എന്റെയുള്ളിലെ തിരയിളക്കം. ഒടുവിൽ ഞാൻ എഴുന്നേറ്റിരുന്ന് പുസ്തകമെടുത്ത്‌ യാത്രയ്ക്കിറങ്ങുമ്പോൾ സുഹൃത്തുക്കൾ എഴുതിത്തന്നയച്ച കവിതകളെടുത്തു വായിച്ചു: സോദോയുടെ ചീനക്കവിത, ഹരാ അൻടെകിയുടെ വാകാ, സമ്പുവിന്റെയും ജോകുഷിയുടെയും ഹൈകു- എല്ലാം മത്‌സുഷിമാമയം.

പതിനൊന്നാം തീയതി ഞങ്ങൾ സൂയിഗാൻ ക്ഷേത്രം സന്ദർശിച്ചു. വളരെക്കാലം മുമ്പ്‌, എന്നു പറഞ്ഞാൽ മുപ്പത്തിരണ്ടു തലമുറകൾക്കു മുമ്പ്‌, മക്കാബേയിലെ ഹെയ്ഷിരോ ചൈനയിൽ നിന്നു മടങ്ങിവന്ന ശേഷം സ്ഥാപിച്ചതാണീ ദേവാലയം. പിൽക്കാലത്ത്‌ സെൻഗുരുവായ മൻഗോ അതു വിപുലീകരിച്ചു. സ്വർണ്ണം പൊതിഞ്ഞ ചുമരുകളും അലങ്കാരങ്ങളുമായി ഭൂമിയിലെ സ്വർഗം പോലെ അതു വിളങ്ങിനിൽക്കുകയാണ്‌.

പക്ഷേ ഞാൻ തിരഞ്ഞത്‌ കെംബുട്സുവിന്റെ പുല്ലു മേഞ്ഞ ആശ്രമമായിരുന്നു.

Friday, April 17, 2009

മൈക്കലാൻജലോയുടെ കവിതകൾ


1.

എൻശവമാടത്തിൻ മുന്നിൽ നിന്നെന്തിന്നു
കണ്ണീരു തൂവണം നിങ്ങൾ?
മഴ പെയ്താൽ പൂക്കുന്ന പടുമരം പോലെ
കണ്ണീരു വീണാലെലുമ്പു തളിർക്കുമോ?
വസന്തം വന്നോട്ടെ,
മരിച്ചവർ എഴുന്നേൽക്കില്ല.

2.

നീയെനിക്കു തന്നത്‌
നിന്റെയുച്ഛിഷ്ടം,
പകരം ചോദിക്കുന്നതോ
എന്റെ കൈയ്യിലില്ലാത്തതും.

3.

പ്രണയമേ, നിന്നോടു പിരിയേണം ഞാനെന്നോ?
കിഴവന്മാരോടു കനിവറ്റതാണല്ലോ പ്രണയം.
എന്നാലുമെന്നാത്മാവു, പ്രണയമേ,
മരണത്തിൻ വിളി കേൾക്കുന്നില്ല,
മരണത്തിൻ വരവു കാണുന്നുമില്ല,
മരണം വന്നു പിടിക്കുമ്പോഴും
നിന്നെ കൂട്ടിനു വിളിക്കുകയാണവൻ.
ഇനിയെന്റെ പ്രാർത്ഥനയൊന്നു മാത്രം:
വില്ലു കുഴിയെക്കുലച്ചെന്നെയെയ്തോളൂ,
അമ്പൊടുങ്ങുവോളമെന്നെയെയ്തോളൂ
-പീഡകൾ തീരുവോളം
മരണവുമില്ലെനിക്ക്‌.

(1544)

Thursday, April 16, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -7



19. ത്‌സുബോ നോ ഇഷിബുമി

കെയ്മോണിന്റെ ചിത്രങ്ങൾ അവലംബമാക്കി യാത്ര തുടർന്ന ഞങ്ങൾ കുന്നുകൾക്കടിവാരത്തിലുള്ള ത്‌സുബോ നോ ഇഷിബുമി എന്ന നിരത്തിലെത്തി. ഇതാണ്‌ 'വടക്കുനാട്ടിലേക്കുള്ള ഊടുവഴി.' ഈ ഭാഗത്തു വളരുന്ന കോരപ്പുല്ലു മെടഞ്ഞാണ്‌ പ്രസിദ്ധമായ തൊഫു പുൽപായകളുണ്ടാക്കുന്നത്‌. ഇക്കാലവും ഈ നാട്ടുകാർ ഭംഗിയായി നെയ്തെടുത്ത പുൽപ്പായകൾ ആണ്ടുകാഴ്ചയായി അധികാരികൾക്കു സമർപ്പിക്കാറുണ്ട്‌. ഇച്ചികാവാ ഗ്രാമത്തിൽ താഗാകോട്ട നിന്നിരുന്ന സ്ഥലത്തെ ശിലാസ്തംഭം കണ്ടു. ആറടിയിൽക്കൂടുതൽ ഉയരവും മൂന്നടിയോളം വീതിയുമുണ്ടതിന്‌. കട്ടപിടിച്ച പായൽ ചുരണ്ടിനോക്കിയപ്പോൾ അതിൽ കൊത്തിവച്ചിരിക്കുന്നത്‌ വായിക്കാമെന്നായി. നാലു പ്രവിശ്യകളിലേക്കുമുള്ള ദൂരസൂചന നൽകിയിട്ട്‌ ഇങ്ങനെയെഴുതിയിരിക്കുന്നു:
ചക്രവർത്തിതിരുമനസ്സു കൊണ്ട്‌ ഉത്തരപ്രവിശ്യയിലേക്കയക്കപ്പെട്ട ഒനോയിലെ പ്രഭു അസുമാ-ഉദോജിൻകി ഒന്നാം വർഷം(724) ഈ കോട്ട പണികഴിപ്പിച്ചു. ടെമ്പ്യോ-ഹോജി ആറാം വർഷം (762) എമിയിലെ പ്രഭുവും ഉത്തരപൂർവപ്രവിശ്യയിലെ അധികാരിയുമായ അസാകാരി ഇതു പുതുക്കിപ്പണിതു. പന്ത്രണ്ടാം മാസത്തിന്റെ ആദ്യദിവസം.

അപ്പോൾ ഷോമുചക്രവർത്തിയുടെ കാലത്താണ്‌ (724-749)
ഇതിന്റെ നിർമ്മിതിയെന്നു കണക്കാക്കാം.

പ്രാചീനകവിതകളിൽ പരാമൃഷ്ടമായിരിക്കുന്ന മിക്ക സ്ഥലങ്ങളും ശേഷിപ്പൊന്നുമില്ലാതെ പോയിമറഞ്ഞിരിക്കുന്നു. എല്ലാം മാറുന്ന ഈ ലോകത്ത്‌, മലകൾ പൊടിഞ്ഞമരുകയും പുഴകൾ ഗതി മാറുകയും പാറക്കെട്ടുകൾ മണ്ണിലാണ്ടുപോവുകയും വൻമരങ്ങൾ പുതുമുളകൾക്കു വഴിമാറുകയും ചെയ്യുന്ന ഈ ലോകത്ത്‌, പുരാതനരുടെ സ്മൃതിരേഖയായി ഈയൊരു ശിലാസ്തംഭം മാത്രം ഒരായിരം വർഷങ്ങളുടെ പ്രഹരങ്ങളുമേറ്റു നിലനിൽക്കുന്നുവെങ്കിൽ അതൊരത്ഭുതത്തിൽക്കുറഞ്ഞ ഒന്നുമല്ല. ഈയൊരു കൽത്തൂണിലൂടെ എനിക്കാ പുരാതനരുടെ മനസ്സു വായിക്കാമെന്നായിരിക്കുന്നു.

യാത്രികനു ലഭിച്ച ഉപഹാരമാണിത്‌. ഇത്രകാലം ജീവിച്ചത്‌ ഈയൊരാനന്ദത്തിനു വേണ്ടിയാണെന്നും പറയേണ്ടിയിരിക്കുന്നു. യാത്രാദുരിതമൊക്കെ മറന്ന ഞാൻ സന്തോഷം കൊണ്ട്‌ കണ്ണീരു പൊഴിച്ചു.


20. ഷിയോഗാമ

അതിനു ശേഷം ഞങ്ങൾ കവിതകളിലൂടെ പേരുകേട്ട നോദായിലെ തമാ ചിറ്റരുവിയും ഒരു തടാകത്തിനു നടുക്കുള്ള ഒകി-നോ-ഇഷി എന്ന വൻപാറയും പോയിക്കണ്ടു. സൂ-നോ-മത്‌സുയാമായിൽ അതേ പേരുള്ള ഒരു ക്ഷേത്രവും കണ്ടു. പൈൻമരങ്ങൾക്കിടയിൽ എണ്ണമറ്റ കുഴിമാടങ്ങൾ ചിതറിക്കിടക്കുന്നു.

തമ്മിലിഷ്ടപ്പെടുന്നവർ തങ്ങൾ ഒരിക്കലും വേർപെട്ടുപോകില്ലെന്ന് പരസ്പരം പ്രതിജ്ഞ ചെയ്തേക്കാം; ഒരേ ചിറകുള്ള പക്ഷികളാണു തങ്ങളെന്നോ, ചില്ലകൾ കെട്ടുപിണഞ്ഞ ഇരുമരങ്ങളാണു തങ്ങളെന്നോ ഒക്കെ വിഭാവനം ചെയ്തേക്കാം. പക്ഷേ ആ സങ്കൽപ്പങ്ങളൊക്കെ ചെന്നടിയുന്നത്‌ ഇങ്ങനെയൊരിടത്താണല്ലോയെന്നോർത്തപ്പോൾ എന്റെ മനസ്സിടിഞ്ഞുപോയി. സന്ധ്യനേരത്തെ മണി മുട്ടുന്നതു കേട്ടപ്പോൾ ആ വിഷാദം അധികരിക്കുകയും ചെയ്തു.

ഞങ്ങൾ പിന്നെയെത്തിയത്‌ ഷിയോഗാമാ കടൽക്കരയിലാണ്‌. തോരാതെ പെയ്ത മഴയ്ക്കു ശേഷം ആകാശം ഒന്നു തെളിഞ്ഞിരുന്നു. വിളറിയ നിലാവെളിച്ചത്തിൽ മിഗാകി ദ്വീപിന്റെ നിഴൽരൂപം അകലെയായി കാണാം.

ഒരുപറ്റം മീൻതോണികൾ തുഴഞ്ഞടുത്തു. അന്നത്തെ സമ്പാദ്യം പങ്കുവയ്ക്കുന്ന മുക്കുവരുടെ കലമ്പൽ കേട്ടപ്പോൾ പണ്ടൊരു കവി എഴുതിയതിന്റെ പൊരുൾ എനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:

കരയടുക്കുന്ന മീൻതോണി-
അതു കരളിൽ കൊത്തിവലിക്കുന്നു.
അന്ധനായ ഒരു ഗായകൻ നന്തുണിയുടെ അകമ്പടിയോടെ വടക്കൻനാട്ടിൽ പ്രചാരമുള്ള ചില പാട്ടുകൾ പാടുന്നത്‌ അന്നു രാത്രിയിൽ കേട്ടു. ഹൈക്കേ യുദ്ധഗാഥകൾ പോലെയല്ല; പാരമ്പര്യനൃത്തഗാനങ്ങൾ പോലെയുമല്ല. ഉറങ്ങാൻ കിടക്കുമ്പോൾ കാതിനടുത്തായി കേട്ടതിനാൽ അൽപം ബഹളമയമായിത്തോന്നാതെയുമിരുന്നില്ല. എന്നാൽക്കൂടി അത്രയും പഴയ ചില കാര്യങ്ങൾ ഈ വിദൂരഗ്രാമങ്ങളിൽ ബാക്കിനിൽക്കുന്നുവെന്നത്‌ എന്നെ വിസ്മയിപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റ്‌ ഷിയോഗാമായിലെ ക്ഷേത്രം സന്ദർശിച്ചു. ആ പ്രവിശ്യയിലെ അധികാരിയായിരുന്നപ്പോൾ മസാമുനെയാണ്‌ അതു പുതുക്കിപ്പണിതത്‌. ദാരുസ്തംഭങ്ങൾ പ്രൗഢിയോടെ ഉയർന്നുനിൽക്കുന്നു; കഴുക്കോലുകളിൽ കടുംനിറത്തിൽ മെഴുകുചായം തേച്ചിരിക്കുന്നു. എണ്ണമറ്റ കൽപ്പടവുകൾ കയറിച്ചെല്ലുന്നിടത്താണു ക്ഷേത്രം; കുങ്കുമം തേച്ച കൈവരികൾ ഇളംവെയിലിൽ തിളങ്ങിനിൽക്കുന്നു. അനഭിഗമ്യമായ ഈ അത്യുത്തരദേശങ്ങളിൽപ്പോലും ദേവന്മാരുടെ പ്രഭാവം വിളങ്ങിനിൽക്കുന്നതു കണ്ടപ്പോൾ എത്ര അത്ഭുതാവഹമാണു നമ്മുടെ നാടെന്ന് ഞാൻ മനസ്സിൽ പറഞ്ഞുപോയി.

ഷിന്റോ ദേവാലയത്തിനു മുന്നിൽ പഴയൊരു കൽവിളക്കു കണ്ടു. അതിന്റെ ഇരുമ്പുചുറ്റിൽ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു: ബുൻജി മൂന്നാം വർഷം(1187) ഇസുമി-നോ-സബുരോ സമർപ്പിച്ചത്‌. അതു വായിച്ചപ്പോൾ എന്റെ മനസ്സ്‌ അഞ്ഞൂറുവർഷം മുൻപുള്ള ഒരു കാലത്തിലേക്കു പറന്നു. ധീരനും അഭിമാനിയുമായ യോദ്ധാവും അച്ഛനമ്മമാരുടെ വത്സലപുത്രനുമായിരുന്നു ഇസുമി-നോ-സബുരോ. ആ പേരു കേട്ടാൽ കൈകൂപ്പാത്തവരായി ഇക്കാലത്തും ആരൊരാളുണ്ടാവും? തനിക്കു ശരിയെന്നു തോന്നുന്നതിനെ മുറുകെപ്പിടിച്ച്‌ നേർവഴി നടന്നുപോകുന്നവനു പിന്നാലെ പേരും പെരുമയും ചെന്നുകൊള്ളുമെന്നു പറയുന്നതെത്ര സത്യം!

ഉച്ചയായി; ഞങ്ങൾ ഒരു തോണി വാടകയ്ക്കെടുത്ത്‌ പൈൻമരങ്ങൾ തിങ്ങിയ മത്‌സുഷിമാദ്വീപിലേക്കു യാത്രയായി. അഞ്ചുമൈലോളം പോയശേഷം ഞങ്ങൾ ഓജിമായിൽ കടവടുത്തു.

Wednesday, April 15, 2009

പഴയകാലകൊറിയൻകവിതകൾ

എന്റെ മേൽവിലാസം


എവിടെ, നിന്നുടെ പുരയെൻ തോഴാ?

മലകൾക്കപ്പുറമാണേ, നീളും
പുഴകൾക്കപ്പൂറമാണേ;
പച്ചമുളങ്കാടകമേ ചൂരൽ-
വള്ളി പടുത്തൊരു പടിയുണ്ടേ;
മേലേ പാറും കിളിയുണ്ടവിടെ-
ച്ചെല്ലുക നീയെൻ തോഴാ.

അവിടെക്കേൾക്കാമന്റെ വിലാസം.


പ്രണയഗീതം -1


സുദീർഘമാമീ ശാരദരാവിൽ
പ്രേമാതുരമാമെൻ സ്വപ്നം
ഒരു ചീവീടായെന്നാലവനെന്നുടെ
പ്രിയയുടെ വീടിനകം പൂകും,
എന്നെ മറന്നൊരു നിദ്രയിൽ നിന്നവ-
നെൻകാമുകിയെ വീണ്ടുവരും.


പ്രണയഗീതം -2


സ്വപ്നങ്ങൾ വഴിനടക്കുമെങ്കിൽ
എന്റെ കാമുകിയുടെ കല്ലു പാകിയ വീട്ടുവഴി
ഇതിന്നകം തേഞ്ഞുപോയിരിക്കും.
സംശയം:
സ്വപ്നലോകത്തു പാതകൾ
തങ്ങിനിൽക്കുമോ?

Tuesday, April 14, 2009

പഴയൊരു കൊറിയന്‍ കവിത

നിലാക്കോള്‌

ഒരുപോളക്കണ്ണടച്ചില്ല ഞാനിന്നലെ
-രാവിൽ നിലാവിന്റെ വേലിയേറ്റം;
ആരോ വിളിക്കുന്നു,
ആരോ വിളികേൾക്കുന്നു-
കേട്ടുകിടന്നു ഞാൻ പുലരുവോളം.
*

Monday, April 13, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -6



16. കസാജിമ

അബുമിസിരി, ഷിരോയിഷി എന്നീ ദുർഗ്ഗനഗരങ്ങളും പിന്നിട്ട്‌ കസാഷിമാ പ്രവിശ്യയിലെത്തി ഞങ്ങൾ ഫ്യുജിവാരാ തറവാട്ടിൽപ്പെട്ട സനേകേതാപ്രഭുവിനെ അടക്കിയിരിക്കുന്നതെവിടെയാണെന്നന്വേഷിച്ചു. ദൂരെ വലതുഭാഗത്തായിക്കാണുന്ന കുന്നുകൾക്കടിയിലായി മിനോവ,കസാഷിമ എന്നീ ഗ്രാമങ്ങളുണ്ടെന്നും അവിടെച്ചെന്നാൽ 'വീഥികളുടെ ദേവനെ' പ്രതിഷ്ഠിച്ച ക്ഷേത്രം കാണാമെന്നും നാട്ടുകാർ പറഞ്ഞു. കുതിരപ്പുറത്തു പോകുമ്പോൾ ആ ദേവനെ മാനിക്കാതെ പോയതിനു ശിക്ഷയായിട്ടാണ്‌ സനേകത കുതിരപ്പുറത്തു നിന്നു വീണു മരിച്ചത്‌. ക്ഷേത്രത്തിനടുത്തായി അദ്ദേഹത്തിന്റെ കുഴിമാടം പുല്ലുമൂടിക്കിടപ്പുണ്ട്‌. ആ വഴി പോകണമെന്ന് എനിക്കു മനസ്സൂണ്ടായിരുന്നുവെന്ന് പറയേണ്ടല്ലോ. പക്ഷേ പുതുമഴ പെയ്ത്‌ ചെളി കുഴഞ്ഞുകിടക്കുന്ന വഴിയും എന്റെ ശാരീരികാവസ്ഥയും കൂടി എനിക്കു തടയിടുകയായിരുന്നു. മഴക്കുപ്പായത്തെയും കുടയെയും ഓർമ്മിപ്പിക്കുന്ന ആ നാട്ടുപേരുകൾ മഴക്കാലത്തിനെത്രയും യോജിച്ചവ തന്നെ.

മഴക്കാലത്തെ ചെളി കുഴഞ്ഞ വഴിയിലൂടെ
എത്രദൂരം നടക്കണം ഞാൻ

കസാജിമായിലെത്താൻ?


രാത്രിയിൽ ഞങ്ങൾ ഐവാനുമായിൽ തങ്ങി.


17. തകെകുമാ

തകേകുമായിലെ പേരുകേട്ട പൈൻമരം കണ്ണിൽപ്പെട്ടപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പഴയകാലകവികൾ വർണ്ണിച്ചിരിക്കുന്നപോലെത്തന്നെ തറനിരപ്പിനു തൊട്ടുമുകളിലായി രണ്ടായി പിരിഞ്ഞുപോയിരിക്കുകയാണത്‌. എനിക്കപ്പോൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി നൊയീനെ ഓർമ്മവന്നു. ആ പ്രവിശ്യയിൽ പുതുതായി വന്ന അധികാരി ആ പൈൻമരം മുറിച്ച്‌ നതോരി പുഴയിൽ പണിയുന്ന പാലത്തിന്റെ തൂണുകളാക്കിയത്രെ. 'പൈൻമരത്തിൻ പാടൊന്നുമില്ല' നൊയീൻ എഴുതുന്നു. പക്ഷേ ഓരോ തവണ വെട്ടിവീഴ്ത്തുമ്പോഴും അവിടെത്തന്നെ പുതിയതൊന്ന് പൊട്ടിമുളയ്ക്കുകയും ചെയ്യും. എന്റെ ഭാഗ്യത്തിന്‌ ആയിരം കൊല്ലത്തിനു ശേഷം ഇതാദ്യമായി പൈൻമരം അതിന്റെ പൂർവരൂപം പ്രാപിച്ചിരിക്കുന്നു. ഒരു പൈൻമരത്തിനുള്ളതായി സങ്കൽപ്പിക്കാവുന്ന ഏറ്റവും മനോഹരമായ രൂപം. ഞാൻ യാത്ര പുറപ്പെടുമ്പോൾ ക്യൊഹാകു ഇങ്ങനെയൊരു കവിതയാണു ചൊല്ലിയത്‌:

കാലം വൈകിയ ചെറിപ്പൂക്കളേ,
തകേകുമായിലെ പൈൻമരം

എന്റെ ഗുരുവിനെ കാണിക്കുമാറാകണം.


അതിനു മറുപടിയായി തകേകുമായിൽ നിന്നുകൊണ്ട്‌ ഞാൻ ഈ കവിതയെഴുതി:
ചെറി പൂത്തതിൽപ്പിന്നെ
മൂന്നു ചന്ദ്രന്മാരെ കണ്ടു ഞാൻ;

അതിന്നൊടുവിൽ
പൈൻമരവും കണ്ടു ഞാൻ.

18. സെൻഡായ്‌

അതോരിപുഴയും കടന്ന് ഞങ്ങൾ സെൻഡായ്‌ പട്ടണത്തിലെത്തി. ആളുകൾ പുരയിറയത്ത്‌ ഐറിസ്പൂക്കൾ തുക്കിയിടുന്ന വിശേഷദിവസമാണന്ന്. ഞങ്ങൾ ഒരു സത്രം തേടിപ്പിടിച്ച്‌ നാലഞ്ചു ദിവസത്തേക്കു മുറിയെടുത്തു.

സെൻഡായിയിൽ കെയ്മോൺ എന്നു പേരായി ഒരു ചിത്രകാരനുണ്ടായിരുന്നു. ആൾ ഒരു കവിയാണെന്നും കേട്ടിരുന്നതിനാൽ ഞാൻ അയാളെ തേടിപ്പിടിക്കാൻ പ്രത്യേകശ്രമം തന്നെ നടത്തി. പഴയകാലകവിതകളിൽ പരാമൃഷ്ടമായിട്ടുള്ള പല സ്ഥലങ്ങളും ഇന്നു വിസ്മൃതിയിലായിപ്പോയിട്ടുണ്ടെങ്കിലും മിക്കതും താൻ മനസ്സിലാക്കിവച്ചിട്ടുള്ളതായി അയാൾ പറഞ്ഞു. ഒരു ദിവസം അയാൾ ഞങ്ങളെയും കൂട്ടി ആ സ്ഥലങ്ങൾ കാണാൻ പോയി. പൂക്കാൻ തയാറായിനിൽക്കുന്ന പയർച്ചെടികൾ നിറഞ്ഞ മിയാഗി പാടത്തിലേക്കാണ്‌ ഞങ്ങൾ ആദ്യം പോയത്‌. ശരൽക്കാലത്ത്‌ അതെത്ര മനോഹരമായിരിക്കുമെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളു. തമാദാ,യൊകോനോ,അസീലിയാ കുന്നുകൾ വെള്ളയരളിപ്പൂക്കളെക്കൊണ്ടു മൂടിയിരിക്കുന്നു. അവിടെ നിന്നു ഞങ്ങൾ പോയത്‌ സൂര്യപ്രകാശം കടന്നുചെല്ലാത്ത ഒരു പൈൻമരക്കാട്ടിലേക്കാണ്‌; എന്നും ഈറനിറ്റുന്ന ആ വനപ്രകൃതി പണ്ടുകാലത്തേ കവിതയ്ക്കു വിഷയമായിരിക്കുന്നു. ഒരു കവി എഴുതിയിരിക്കുകയാണ്‌:

ഹേ മനുഷ്യാ,
കാടു കാണാൻ പോകുമ്പോൾ

നിന്റെ പ്രഭുവിനൊരു കുട ചൂടിക്കൊടുക്കൂ!


സന്ധ്യയാകുന്നതിനു മുൻപ്‌ ഞങ്ങൾ മടങ്ങി; പോരുംവഴി ഭിഷഗ്വരന്മാരുടെ ദേവനായ യാകുഷിയുടെ ക്ഷേത്രത്തിലും ഒരു തെൻജിൻ വിഹാരത്തിലും കയറി.

പിരിയുമ്പോൾ കെയ്മോൺ താൻ വരച്ച മത്‌സുഷിമായിലേയും ഷിയോഗാമായിലേയും ദൃശ്യങ്ങൾ ഞങ്ങൾക്ക്‌ ഉപഹാരമായി നൽകി. കൂടെ ഐറിസ്‌നീലം മുക്കിയ വാറുകൾ പിടിപ്പിച്ച ഓരോ ജോഡി ചെരുപ്പും. അയാളുടെ യഥാർത്ഥപ്രകൃതി ആ വൈക്കോൽചെരുപ്പുകളിലാണു ഞാൻ കണ്ടെത്തിയത്‌.

കാലടികളിൽ ഐറിസ്‌ പൂത്ത പോലെ-
നീലവാറു കെട്ടിയ പാദരക്ഷകൾ!

Sunday, April 12, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -5



14. സതോഷോജി

ത്‌സുകി-നോ-വാ (ചന്ദ്രവലയം എന്നർത്ഥം) കടവത്ത്‌ പുഴയും കടന്ന് ഞങ്ങൾ പിന്നെയെത്തിയത്‌ സെ-നെ-യുവെ പട്ടണത്തിലാണ്‌. ഇവിടെനിന്ന് മൂന്നര മൈൽ നടന്നാൽ ഇടതുഭാഗത്തുള്ള മലയുടെ അടിവാരത്തായി സതോ എന്ന വീരയോദ്ധാവിന്റെ ഇടിഞ്ഞുപൊളിഞ്ഞ ഭവനഠിലെത്താം. ഐസുകാ ഗ്രാമത്തിലുള്ള സബാ തുറസ്സിലാണത്‌. ഞങ്ങൾ വഴി ചോദിച്ചുചോദിച്ചുപോയി. ഒടുവിൽ മാരുയാമാ(വട്ടക്കുന്ന്) എന്നു വിളിക്കുന്ന സ്ഥലത്തെത്തി. ആ വീരന്റെ വീടു നിന്നിരുന്നതിവിടെയാണ്‌. മലയുടെ അടിവാരത്തായി പടിപ്പുര തകർന്നുകിടക്കുന്നതു കണ്ടപ്പോൾ ഞങ്ങളുടെ നെഞ്ചു പൊട്ടിപ്പോയി.

അടുത്തുള്ള പഴയൊരമ്പലപ്പറമ്പിൽ ആ തറവാടിന്റെ കുഴിമാടങ്ങൾ അപ്പോഴും കാണാനുണ്ട്‌. സതോസഹോദരന്മാരുടെ യുവതികളായ ഭാര്യമാരുടെ ശവമാടങ്ങൾ കണ്ടപ്പോൾ എന്റെ അകം നൊന്തു. ഭർത്താക്കന്മാർ മരിച്ചുവീണപ്പോൾ അവരുടെ കനത്ത പോർച്ചട്ടയുമണിഞ്ഞ്‌ പോരിനു പോകാനുള്ള ഊറ്റം അവർ കാണിച്ചുവല്ലോ. സ്ത്രീകളായാലെന്താ, അവരുടെ ധൈര്യം മറവിയിൽപ്പെടാൻ പോകുന്നില്ല. ഞാൻ വിങ്ങിപ്പൊട്ടിപ്പോയി. നിങ്ങളെ കരയിപ്പിക്കുന്ന ഒരു കുഴിമാടം കാണാൻ ദൂരനാട്ടിലേക്കു പോകണമെന്നില്ല.

അമ്പലത്തിലെ ഈടിരിപ്പുകളിൽ യോഷിത്‌സുനേയുടെ വാളും അദ്ദേഹത്തിന്റെ ഭൃത്യൻ ബങ്കൈ മുതുകത്തു വഹിച്ചുകൊണ്ടുനടന്നിരുന്ന ചൂരൽ മെടഞ്ഞ കൂടയും കണ്ടു.

ഉത്സവനാളൂറ്റത്തോടെ കാട്ടാൻ
കടലാസുതോരണങ്ങൾക്കൊപ്പം
വാളും കൂടയും.


15. ഐസുക

അന്നു രാത്രി ഐസുകയിൽ തങ്ങി. അടുത്തുള്ള ഒരു ചുടുനീരുറവയിൽ കുളിയും കഴിച്ച്‌ ഞങ്ങൾ ഒരു സത്രത്തിൽച്ചെന്നു മുറിയെടുത്തു. വൃത്തികെട്ട ഒരു സ്ഥലം; അടിച്ചുവാരാത്ത മൺതറയിൽ പരുക്കൻ പുൽപ്പായകൾ വിരിച്ചിരിക്കുന്നു. ഒരു വിളക്കെടുക്കാനില്ലാത്തതിനാൽ നെരുപ്പോടിന്റെ മങ്ങിയ വെട്ടത്തിലാണ്‌ ഞങ്ങൾ കിടക്ക വിരിച്ചത്‌. പാതിരാത്രിയായപ്പോൾ ഇടിവെട്ടി മഴപെയ്തു; ഞങ്ങൾ കിടക്കുന്നതിനു നേരേ മുകളിലായി പുര ചോർന്നൊലിക്കാൻ തുടങ്ങി. അതിന്റെ കൂടെ കൊതുകിന്റെയും മൂട്ടയുറ്റെയും ആക്രമണം കൂടിയായപ്പോൾ ഒരുപോള കണ്ണടച്ചില്ല. പുറമേ പഴയൊരു വ്യാധി വീണ്ടും തല പൊക്കുകയും ചെയ്തു.

വല്ലവിധേനയും ആ രാത്രിയൊന്നു കഴിഞ്ഞുകിട്ടിയപ്പോൾ ഞങ്ങൾ കുതിരകളെ വാടകയ്ക്കെടുത്ത്‌ കോറി എന്ന പട്ടണത്തിലേക്കു യാത്ര തിരിച്ചു. ഇനിയും ആയിരക്കണക്കിനു മൈൽ പോകാനുള്ളപ്പോൾ അസുഖം ബാധിച്ചു കിടപ്പിലായിപ്പോകുമോയെന്നുള്ള ഭീതി എന്നെ അലട്ടാൻ തുടങ്ങി. എന്നാലും ഞാൻ സ്വയം ധൈര്യപ്പെടുത്തി: വിദൂരദേശത്തേക്കുള്ള ഈ യാത്രയ്ക്കു ഞാനൊരുങ്ങിപ്പുറപ്പെട്ടത്‌ സ്വന്തമായിട്ടുള്ളതൊക്കെ ഉപേക്ഷിച്ചും ജീവിതത്തിന്റെ നശ്വരതയെ നേരിൽക്കാണാനുറച്ചും തന്നെയാണല്ലോ. വഴിയരികിൽക്കിടന്ന് ഒരു യാചകനെപ്പോലെ മരിക്കേണ്ടിവന്നാൽ അതാണെന്റെ വിധിയെന്നു ഞാൻ സമാധാനിക്കുകയാണു വേണ്ടത്‌. അതോടെ എന്റെ മനക്ഷോഭം ഒന്നടങ്ങി; ഒക്കിഡോ കവാടം ഞാൻ കടന്നത്‌ ചുവടുറപ്പിച്ചുതന്നെയാണ്‌.

Saturday, April 11, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -4


11. സുകാഗാവ

കവാടവും കടന്ന്, അബുകുമാപുഴയും കടന്ന് ഞങ്ങൾ വടക്കോട്ടു യാത്ര തുടർന്നു. എന്റെ ഇടതുഭാഗത്ത്‌ ഐസുദേശത്തെ ബന്ദൈകൊടുമുടി ഉയർന്നുനിൽക്കുന്നു; വലതുഭാഗത്തായി ഇവാക്കി, സോമ,മിഹാരു എന്നീ ഗ്രാമങ്ങളും അവയെ ഹിറ്റാച്ചി, ഷിമോറ്റ്സുകെ ഗ്രാമങ്ങളുമായി വേർതിരിക്കുന്ന ഒരു നിര കുള്ളൻമലകളും. പോകുന്ന വഴി കാഗെനുമ(കണ്ണാടിച്ചിറ) എന്നൊരു തടാകവും ഞങ്ങൾ കണ്ടു. എന്തിന്റെയും തെളിഞ്ഞ പ്രതിബിംബം അതിൽ കാണാമത്രെ. അന്നു പക്ഷേ കാറുമൂടിക്കിടന്നിരുന്നതിനാൽ ചിറയിൽ നിഴലിച്ചത്‌ പുകഞ്ഞ മാനം മാത്രമാണ്‌
.
സുകാഗാവ പട്ടണത്തിലെത്തി ഞങ്ങൾ കവി തൊക്യുവിനെ പോയിക്കണ്ടു. നാലഞ്ചു ദിവസം തന്നോടൊപ്പം താമസിക്കണമെന്ന് അദ്ദേഹത്തിനു വാശിയായിരുന്നു. എന്നെക്കണ്ടയുടനെ അദ്ദേഹം ആദ്യം ചോദിച്ച ചോദ്യം ഇതാണ്‌: 'ഷിരാകാവാ കടക്കുമ്പോള്‍ ഉള്ളിലെന്തു തോന്നി?'

ദീർഘയാത്ര കാരണം ശരീരവും മനസ്സും തളർന്നിരുന്നതിനാൽ എന്റെ കാവ്യപരിശ്രമങ്ങൾ വേണ്ടപോലെയായില്ലെന്നു ഞാൻ സമ്മതിച്ചു. നാടിന്റെ ഭംഗിയിലും അതുവഴി കടന്നുപോയ പൂർവ്വികർ കവികളെക്കുറിച്ചുള്ള ഓർമ്മയിലും മനസ്സു പോയതും മറ്റൊരു കാരണമായി. എന്നാൽക്കൂടി ഒരു കവിതയെങ്കിലും കോറിയിടാതെ അവിടം കടന്നുപോകുന്നതെത്ര ലജ്ജാകരം! അതിനാൽ ഞാനിങ്ങനെയെഴുതി:

ഉൾനാട്ടുപാടങ്ങൾ
കവിതയുടെ ഞാറ്റടികൾ.


ഈ വരികൾ തുടക്കമായിട്ടെടുത്ത്‌ ഞങ്ങൾ മൂന്നു പുസ്തകം നിറയെ കവിതകളെഴുതി.

പട്ടണത്തിനു പുറത്ത്‌ ഒരു ഉങ്ങുമരത്തണലിൽ ഒരു ഭിക്ഷു ഏകാന്തജീവിതം നയിക്കുന്നുണ്ട്‌. ആ ഏകാന്തതയും സ്വസ്ഥതയും കണ്ടപ്പോൾ മറ്റൊരു കാലത്ത്‌ മലമടക്കുകൾക്കിടയിൽ ഉങ്ങിൻകായ പെറുക്കിനടന്ന മറ്റൊരു ഭിക്ഷുവിനെ എനിക്കോർമ്മ വന്നു. ഞാൻ ഒരു കടലാസ്സെടുത്ത്‌ ഇങ്ങനെ കുറിച്ചു:

ഇറയത്തു ബോധി പൂത്താലും
മാലോകർക്കതു കണ്ണിൽപ്പെടില്ല.

12. അസാക്കാ

തൊക്യൂവിന്റെ വീട്ടിൽ നിന്ന് പന്ത്രണ്ടു മൈൽ ചെന്നാൽ ഹിവാദ പട്ടണമായി; അതും കഴിഞ്ഞുപോയാൽ വഴിയോരത്തുതന്നെയായി അസാക്കാമല ഉയർന്നുനിൽക്കുന്നതു കാണാം. അതിനു ചുറ്റും വെള്ളക്കെട്ടുകളാണ്‌. കാത്‌സുമി എന്ന വിശേഷപെട്ട ഐറിസ്പൂക്കൾ പൂക്കുന്ന കാലമാണ്‌. പലരോടു ചോദിച്ചിട്ടും ആർക്കും അതിനെക്കുറിച്ച്‌ ഒരു പിടിയുമില്ല. ആ വെള്ളക്കെട്ടു മുഴുവൻ 'കാത്‌സുമി?' 'കാത്‌സുമി?' എന്നു ചോദിച്ചുനടക്കുന്നതിനിടയിൽ സൂര്യൻ കുന്നുകൾക്കു പിന്നിൽ മറയുകയും ചെയ്തു.

പിന്നെ ഞങ്ങൾ നിഹോൺമാത്‌സുവിൽ വച്ച്‌ വലത്തോട്ടു തിരിഞ്ഞ്‌ കുറോസുകാഗുഹയും ഒന്നോടിച്ചുകണ്ട്‌ ഫുകുഷിമായിലെത്തി രാത്രി അവിടെ തങ്ങി.


13. ഷിനോബു

അടുത്ത ദിവസം കാലത്ത്‌ ഞങ്ങൾ ഷിനോബു എന്ന ഗ്രാമത്തിലേക്കു പോയി. അവിടെയുള്ള ഒരു കല്ലിന്മേൽ വിരിച്ചു ചായം പിടിപ്പിച്ചാണ്‌ ഷിനോബു-സുരി എന്ന വിശേഷപ്പെട്ട തുണിത്തരം നിർമ്മിക്കുന്നത്‌. ഞങ്ങൾ ചെല്ലുമ്പോൾ ഒരു കുന്നിനടിവാരത്ത്‌ മണ്ണിൽ പാതി പൂണ്ടുകിടക്കുകയാണാ കല്ല്. ഞങ്ങൾക്കു വഴികാട്ടിയായി സ്വയംനിയുക്തനായിവന്ന കുട്ടി പറഞ്ഞതു പ്രകാരം പണ്ടത്‌ കുന്നിന്റെ ഉച്ചിയിലായിരുന്നുവത്രെ. പക്ഷേ കല്ലു കാണാൻ വരുന്ന അന്യനാട്ടുകാർ ബാർലിച്ചെടികൾ നട്ടിരിക്കുന്നതു പറിച്ചെടുത്ത്‌ കല്ലിന്മേലുരച്ച്‌ ചായംപിടിപ്പിക്കൽ പരീക്ഷിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഈറപിടിച്ച്‌ കല്ലുരുട്ടി താഴേക്കിട്ടുവത്രെ. അങ്ങനെ ഇപ്പോഴത്‌ മണ്ണിൽ പുതഞ്ഞുകിടക്കുകയാണ്‌. ആ കഥ എനിക്കത്ര അവിശ്വസനീയമായി തോന്നിയതുമില്ല.

Thursday, April 9, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -3




9. സെഷോസെകി

കുരോബാനേയിൽ നിന്ന് ഞങ്ങൾ നാസുവിലെ കൊല്ലിപ്പാറ കാണാൻ പോയി. (കൊനോയെ ചക്രവർത്തിയുടെ സ്നേഹഭാജനമായ തമാമോ പ്രഭ്വി യഥാർത്ഥത്തിൽ മനുഷ്യരൂപമെടുത്ത ഒരു ചെന്നായയായിരുന്നുവത്രെ; അവളെ വധിച്ചപ്പോൾ അവളുടെ ആത്മാവ്‌ ഈ വിഷക്കല്ലായെന്നാണു കഥ.) ജൊബോജി വിട്ടുതന്ന കുതിരയുടെ പുറത്താണു യാത്ര. പോകുന്നവഴി കുതിരയെ നടത്തുന്ന കൃഷിക്കാരൻ തനിക്കൊരു കവിത ചൊല്ലിക്കേൾപ്പിക്കാമോയെന്ന് എന്നോടപേക്ഷിച്ചു. അതെനിക്കൊരു പുതുമയായിരുന്നു. ഞാൻ ഇങ്ങനെയൊരു കവിതയെഴുതി അയാളെ കേൾപ്പിച്ചു:

പോകട്ടെ കുതിരയാ തുറസ്സിലേക്ക്‌,
കേൾക്കട്ടെ ഞാനവിടെപ്പാടും
കുയിലിന്റെ പാട്ട്‌!

ഒരു ചുടുനീരുറവയുടെ സമീപത്തുള്ള മലയുടെ നിഴലടച്ച പഴുതിനുള്ളിലാണ്‌ കൊല്ലിപ്പാറ നിൽക്കുന്നത്‌. അതിൽ നിന്ന് അപ്പോഴും വിഷധൂമങ്ങൾ പൊന്തിക്കൊണ്ടിരുന്നു. ഈച്ചകളും പൂച്ചികളും പൂമ്പാറ്റകളും ചത്തു കൂമ്പാരമായിക്കിടന്ന് നിലത്തിന്റെ ശരിക്കുള്ള നിറം തന്നെ കാണാതെയായിരിക്കുന്നു.

അവിടെനിന്നു ഞങ്ങൾ 'തെളിനീരരുവിക്കു മേൽ തണൽ വീഴ്ത്തിയ'തെന്നു സൈഗ്യോ പ്രശസ്തമാക്കിയ അരളിമരം കാണാൻ യാത്രയായി. അഷിനോ ഗ്രാമത്തിൽ രണ്ടു പാടങ്ങൾക്കിടയിലുള്ള വരമ്പിൽ ഞങ്ങൾ അതിനെ കണ്ടെത്തി. അതെവിടെയായിരിക്കും നിൽക്കുന്നതെന്നത്‌ എന്റെ ഏറെക്കാലമായുള്ള വിചാരമായിരുന്നു. ഈ പ്രവിശ്യയിലെ അധികാരി അതു വന്നു കാണാൻ എന്നെ പലപ്പോഴും നിർബന്ധിച്ചിട്ടുള്ളതുമാണ്‌. ഇപ്പോഴിതാ ഞാനതിന്റെ തണലത്തു നിൽക്കുകയാണ്‌!

ഒരു ഞാറ്റടി തീരാനെടുത്തനേരം
ഒരരളിമരത്തണലിൽ
ഞാൻ നിന്ന നേരം.


10. ഷിരാക്കാവ

കുറേനാളുകൾ നീണ്ട യാത്രയ്ക്കു ശേഷം ഞങ്ങൾ ഷിരാക്കാവാ അതിർത്തികവാടത്തിൽ എത്തിച്ചേർന്നു. ഇതാദ്യമായി എന്റെ മനസ്സ്‌ ആകാംക്ഷയുടെ നിരന്തരമായ അലട്ടലുകളിൽ നിന്ന് മുക്തി നേടുകയും ചെയ്തു. ഇനിയാണ്‌ ഞങ്ങളുടെ യഥാർത്ഥയാത്ര തുടങ്ങുന്നതെന്ന് എനിക്കു തോന്നിപ്പോയി. 'താൻ അതിർത്തി കടക്കുന്നു'വെന്ന് പണ്ടൊരു കവി തന്റെ നാട്ടിലേക്കു കത്തെഴുതാൻ പ്രേരിതനായതെന്തുകൊണ്ടാണെന്നും എനിക്കപ്പോൾ ബോധ്യമായി.

മൂന്നു കവാടങ്ങളുള്ളതിൽ ഈയൊന്നാണ്‌ എല്ലാക്കാലത്തും കവികളെ വശീകരിച്ചിട്ടുള്ളത്‌. എത്രയോ കവികൾ ഇതുവഴി കടന്നുപോയിരിക്കുന്നു. അവരുടെയൊക്കെ കാവ്യപരിശ്രമങ്ങൾ ഇവിടങ്ങളിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇലതിങ്ങിയ മരങ്ങൾക്കു ചുവട്ടിലൂടെ ഞാൻ കടന്നുപോയി. ശരൽക്കാലവാതത്തിന്റെ വിദൂരശബ്ദമായിരുന്നു എന്റെ കാതുകളിൽ; കണ്ണുകൾക്കു മുന്നിലാവട്ടെ, ശരൽക്കാലത്തിന്റെ നിറഭേദങ്ങളും. പാതയ്ക്കിരുപുറവും തൂവെള്ള യുനോഹനാപ്പൂക്കൾ കുലകുത്തിനിൽക്കുകയാണ്‌; അത്രയും വെളുത്ത കാട്ടുപനിനീർപ്പൂക്കൾ വേറെയും. പുതുമഞ്ഞു വീണ നിലം ചവിട്ടി നടക്കുകയാണെന്നു ഞങ്ങൾ ശങ്കിച്ചുപോയി. കിയോസുകെ പറയുന്നത്‌ പണ്ടുള്ളവർ ഈ കവാടം കടന്നുപോയിരുന്നത്‌ കോടിവസ്ത്രമുടുത്തും തൊപ്പി നേരേ പിടിച്ചിട്ടുമാണത്രെ.

കവാടം കടന്നു പോയപ്പോൾ
ഞാനുടുത്ത കോടിമുണ്ട്‌

യുനോഹനാ കൊഴിച്ച പൂക്കൾ.

Wednesday, April 8, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -2


6. നാസു

നാസു പ്രവിശ്യയിൽപ്പെട്ട കുരോബാനേ എന്ന ദേശത്ത്‌ എന്റെ ഒരു പരിചയക്കാരൻ താമസമുണ്ട്‌. പരന്നുകിടക്കുന്ന ഒരു പുൽമേടിനപ്പുറത്താണാ സ്ഥലം. അങ്ങകലെയായിക്കണ്ട ഒരു ഗ്രാമത്തിന്റെ ലക്ഷ്യം പിടിച്ച്‌ ഞങ്ങൾ പുൽമേടു മുറിച്ചുനടന്നു. പക്ഷേ അധികം ചെല്ലുന്നതിനു മുമ്പ്‌ മഴ പെയ്യാൻ തുടങ്ങി; ഇരുട്ടും വന്നുമൂടി. രാത്രിയിൽ ഒരു കൃഷിക്കാരന്റെ കളത്തിൽ തങ്ങിയിട്ട്‌ പിറ്റേന്നു കാലത്ത്‌ ഞങ്ങൾ വീണ്ടും യാത്രയായി. പുല്ലും വകഞ്ഞ്‌ അങ്ങനെ നടക്കുമ്പോൾ വഴിവക്കിലായി ഒരു കുതിര മേഞ്ഞുനിൽക്കുന്നതു കണ്ണിൽപ്പെട്ടു; ഒരു കൃഷിക്കാരൻ അരികത്തിരുന്നു പുല്ലരിയുന്നു. ഞങ്ങൾ അടുത്തുചെന്ന് വഴിചോദിച്ചു. ആൾ വെറുമൊരു നാട്ടുമ്പുറത്തുകാരനായിരുന്നെങ്കിലും ദാക്ഷിണ്യമുള്ളയാളായിരുന്നു. 'അയ്യയ്യോ!' തല ചൊറിഞ്ഞുകൊണ്ട്‌ അയാൾ പറഞ്ഞു. 'കുറേ വഴികൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്‌. നിങ്ങളെപ്പോലെ പുതിയൊരാൾക്ക്‌ വഴിപിണഞ്ഞുപോകും. ഒരു കാര്യം ചെയ്യൂ, എന്റെയീ കുതിരയെ കൊണ്ടുപൊയ്ക്കോളൂ. അവന്‌ ഈ വഴിയൊക്കെ നല്ല പരിചയമാണ്‌.'

അങ്ങനെ ഞങ്ങൾ ആ കുതിരപ്പുറത്തു കയറി യാത്ര തുടർന്നു. ഈ സമയത്ത്‌ രണ്ടു കൊച്ചുകുട്ടികൾ പിന്നാലെ ഓടിക്കൊണ്ടുവന്നു. അതിൽ പെൺകുട്ടിയുടെ പേര്‌ കസാനെ (രണ്ടിതള്‍ ) എന്നായിരുന്നു. അസാധാരണമെങ്കിലും ചേതോഹരമായിത്തോന്നി എനിക്കാപ്പേര്‌. അവളെക്കുറിച്ച്‌ സോറാ ഒരു കവിതയുമെഴുതി:

കസാനേ, നിനക്കു പേര്‌
രണ്ടിതളെന്നാണെങ്കിൽ

ചേരുമാപേരുതന്നെ
കാട്ടുപാടലപ്പൂവിനും.

അധികം ചെല്ലുന്നതിനു മുമ്പുതന്നെ ഞങ്ങൾ ഒരു കുടിയിരുപ്പിലെത്തിച്ചേർന്നു. ജീനിയിൽ ചെറിയൊരു പണക്കിഴിയും കെട്ടിത്തൂക്കി കുതിരയെ മടക്കി അയക്കുകയും ചെയ്തു.

7. കുരോബാനെ

കുരോബാനെ പട്ടണത്തിൽ സുരക്ഷിതരായി എത്തിച്ചേർന്നു. ജോബോജി എന്ന ചങ്ങാതിയെ പോയിക്കണ്ടു. ആൾ അക്കാലം കുരോബാനെ പ്രഭുവിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ വീടിനു കാവലാണ്‌. തീരെ പ്രതീക്ഷിച്ചിരിക്കാതെ ഞങ്ങളെ കണ്ടപ്പോൾ അയാളുടെ സന്തോഷം ഇത്രയെന്നു പറയാനില്ല. പകലു മുഴുവനും രാത്രി വൈകുവോളവും ഞങ്ങളിരുന്നു സംസാരിച്ചു. അയാളുടെ ഇളയ സഹോദരനായ തൊസൂയി തരം കിട്ടുമ്പോഴൊക്കെ എന്നോടു സംസാരിക്കാൻ വരും. ഒരുദിവസം അയാൾ എന്നെ തന്റെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

മറ്റൊരുദിവസം ഞങ്ങൾ പട്ടണത്തിനു പുറത്തേക്ക്‌ ഒരു യാത്ര പോയി. പഴയൊരു വേട്ടപ്പറമ്പിന്റെ അവശിഷ്ടങ്ങൾ ഞങ്ങളവിടെ കണ്ടു. പണ്ടുകാലത്ത്‌ കുതിരപ്പടയാളികൾ ഓടുന്ന നായ്ക്കൾക്കു മേൽ മുനയില്ലാത്ത കണകളെയ്ത്‌ അമ്പെയ്ത്തു പരിശീലിച്ചിരുന്നതിവിടെയാണത്രെ. അവിടെനിന്നു ഞങ്ങൾ നാസുവിലെ പേരുകേട്ട ഇഞ്ചിപ്പുൽപ്പാടവും താണ്ടി, തമാമോപ്രഭ്വിയുടെ പുരാതനമായ ശവമാടവും കണ്ട്‌ യുദ്ധദേവനായ ഹാച്ചിമാനെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ ദർശനത്തിനു പോയി. നാസുവിലെ യോജിയ്യി എന്ന വീരൻ ആഴക്കടലിൽ ഒഴുകിനടക്കുന്ന നൗകയുടെ പാമരത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒറ്റവിശറിയിന്മേൽ അമ്പെയ്തുകൊള്ളിക്കാനൊരുങ്ങുമ്പോൾ നെഞ്ചത്തു കൈവച്ചുകൊണ്ട്‌ പ്രാർത്ഥിച്ചത്‌ ഈ ദേവനോടാണത്രെ. ആ കഥ കേട്ട്‌ ഞങ്ങളുടെ ഉള്ളുവിങ്ങിപ്പോയി. ഇരുട്ടു വീണപ്പോൾ ഞങ്ങൾ തോസൂയിയുടെ വീട്ടിലേക്കു മടങ്ങി.

ഷൂഗെൻസമ്പ്രദായക്കാരുടെ കൊമ്യോ-ജി എന്നൊരു ക്ഷേത്രം അവിടെത്തന്നെയുണ്ടായിരുന്നു. അവരുടെ ആദിമാചാര്യന്റെ സമാധി അവിടെയാണ്‌; അദ്ദേഹത്തിന്റെ മെതിയടികൾക്കു മുന്നിൽ ഞാൻ സാഷ്ടാംഗം നമസ്കരിച്ചു.

മലകളിൽ വേനൽ മൂക്കുന്നു-
യാത്ര തുടങ്ങുന്ന ഞങ്ങൾക്ക്‌

ദിവ്യപാദുകങ്ങളേ,
തുണയാവണം.



8. ഉൻഗാൻജി

ഇതേ പ്രവിശ്യയിൽത്തന്നെയുള്ള ഉൻഗാൻജി എന്നു പേരായ ഒരു സെൻദേവാലയത്തിനു പിന്നിലുള്ള മലയിൽ എന്റെ ഗുരു ബുറ്റ്ച്ചോ കുറേക്കാലം ഒരാശ്രമം കെട്ടി താമസിച്ചിരുന്നു. ആശ്രമവളപ്പിലെ ഒരു പാറക്കല്ലിൽ പൈൻമരക്കരി കൊണ്ട്‌ താൻ ഇങ്ങനെയൊരു കവിതാശകലം കുറിച്ചിട്ടുള്ളതായി ഗുരു എന്നോടൊരിക്കൽ പറഞ്ഞിരുന്നു:

അഞ്ചടിച്ചതുരത്തിൽ
പുല്ലുമേഞ്ഞതെന്നാശ്രമം;
മഴച്ചാറലില്ലെങ്കിൽ
ഇതുമെനിക്കാഡംബരം.

ആശ്രമം ശേഷിപ്പുണ്ടോയെന്നറിയാൻ എനിക്കൊരാഗ്രഹം തോന്നി. അതിനാൽ ഞാൻ അങ്ങോട്ടു യാത്രയായി. കുറേ ചെറുപ്പക്കാരും എനിക്കൊപ്പം വന്നു. അവരുടെ പ്രസരിപ്പു നിറഞ്ഞ വർതമാനം കാരണം സ്ഥലമെത്തിയതറിഞ്ഞില്ല. പൈൻമരങ്ങളും ദേവതാരങ്ങളും മുറ്റിവളർന്നുനിൽക്കുന്ന ഇരുണ്ട കാടിനുള്ളിലൂടെ ഒരു വഴിത്താര പോകുന്നുണ്ട്‌. പന്നൽച്ചെടികൾ ഈറനിറ്റുന്നു. വേനൽത്തുടക്കമായിട്ടും കുളിരു മാറിയിട്ടില്ല. ഒരു പാലവും കടന്ന് ഞങ്ങൾ അമ്പലപ്പടിക്കലെത്തി. ആശ്രമം കാണാനുള്ള വ്യഗ്രതയോടെ ഞാൻ ക്ഷേത്രത്തിനു പിന്നിലുള്ള കുന്നിൽ അള്ളിപ്പിടിച്ചുകയറി. വലിയൊരു പാറയുടെ മുകളിൽ ഒരു ഗുഹാദ്വാരത്തിനോടു ചേർത്തുകെട്ടിവച്ചിരിക്കുകയാണ്‌ ചെറിയൊരു കുടിൽ. ചൈനയിലെ മിയാവോഭിക്ഷുവിന്റെ ആശ്രമത്തിനു മുന്നിലോ, അതല്ല ഫായുൻഭിക്ഷുവിന്റെ കല്ലറയ്ക്കു മുന്നിലോ ആണ്‌ ഞാൻ നിൽക്കുന്നതെന്ന് എനിക്കു തോന്നിപ്പോയി. അപ്പോൾത്തോന്നിയ ഒരു കവിത ഞാനാ കുടിലിന്റെ മരത്തൂണിൽ കോറിയിട്ടു:

നന്നായി മരംകൊത്തീ!
നീയീ മരം
തൊട്ടില്ലല്ലോ!

Monday, April 6, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ - 1


1. ആമുഖം

നിത്യതയുടെ പാതയിലെ യാത്രികരാണ്‌ ദിവസങ്ങളും മാസങ്ങളും; വന്നുപോകുന്ന വർഷങ്ങളും അതേവിധം. കടലിൽ തോണി തുഴഞ്ഞുപോകുന്നവരും കാലഭാരത്താൽ നിലം പറ്റുന്നിടത്തോളം കുതിരയെത്തെളിച്ചുപോകുന്നവരും ആയുസ്സിന്റെ ഓരോ നിമിഷവും യാത്രയിലത്രെ. വഴിയിൽക്കിടന്നു മരിച്ച പൗരാണികരും നിരവധി.

കാറ്റുപിടിച്ചോടുന്ന മേഘങ്ങൾ ഒരിക്കൽ എന്നിലെ സഞ്ചാരിയെ കുത്തിയിളക്കിവിട്ടു; അങ്ങനെ കടലോരം പറ്റി അലഞ്ഞുതിരിഞ്ഞുള്ള ഒരു യാത്ര കഴിഞ്ഞ്‌ ഞാൻ തിരിയെയെത്തിയത്‌ കഴിഞ്ഞ ശരൽക്കാലം ഒടുവോടുകൂടി മാത്രമാണ്‌. പുതുവർഷത്തിനു മുമ്പ്‌ സുമിദാപുഴയോരത്തുള്ള എന്റെ കുടിലിലെ മാറാലയടിക്കാനുള്ള നേരം കിട്ടിയെന്നു വേണമെങ്കിൽ പറയാം. അപ്പോഴേക്കും ആകാശത്തെ മൂടൽമഞ്ഞിലൊളിപ്പിച്ച്‌ വസന്തകാലത്തിന്റെ വരവായി. ഷിരിക്കാവാ അതിർത്തി കടക്കാനുള്ള പൂതി കൊണ്ട്‌ എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലാതെയുമായി. ഈശ്വരന്മാർ എന്നെ ആവേശിച്ച്‌ അകം പുറം തിരിച്ചപോലെയായിരുന്നു. വഴിയോരക്കോവിലുകളിലിരുന്ന് ദേവന്മാർ എന്നെ മാടിവിളിക്കുകയാണ്‌. ഞാനെങ്ങനെ വീട്ടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കും.

അങ്ങനെ കീറിയ കാലുറകൾ തുന്നിയും വൈക്കോൽത്തൊപ്പിയുടെ തഴ മാറ്റിയും കാലുകളിൽ കുഴമ്പു തേച്ചുപിടിപ്പിച്ചും ഒരുക്കങ്ങൾ തുടങ്ങിയപ്പോൾത്തന്നെ ഞാൻ മത്‌സുഷിമാദ്വീപുകൾക്കു മേൽ ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രനെ സ്വപ്നം കാണുകയുമായി. ഒടുവിൽ തൽക്കാലത്തേക്ക്‌ സമ്പുവിന്റെ വീട്ടിലേക്ക്‌ താമസം മാറ്റിയിട്ട്‌ ഞാൻ വീടു വിറ്റു. പഴയ വീടിന്റെ ഉമ്മറത്ത്‌ ഒരു മരത്തൂണിന്മേൽ ഒരു എട്ടുവരിക്കവിതയെഴുതിത്തൂക്കാൻ ഞാൻ മറന്നില്ല. തുടക്കം ഇങ്ങനെയായിരുന്നു:

ഒറ്റയ്ക്കൊരാൾ പാർത്ത
വാതിലിനു
പിന്നിൽ
ഇനി പാവകളുടെ മേളം.


2. പുറപ്പാട്‌

മാർച്ച്‌ ഇരുപത്തേഴാം തീയതി പുലർച്ചയ്ക്കാണ്‌ ഞാൻ യാത്ര തുടങ്ങിയത്‌. ഇരുട്ട്‌ തങ്ങിനിൽപ്പുണ്ടായിരുന്നു; വിളറിയ ചന്ദ്രക്കല മാഞ്ഞുകഴിഞ്ഞിരുന്നില്ല. ദൂരെ ഫ്യൂജിമലയുടെ മങ്ങിയ നിഴലും അരികത്തായി യുവെനോയിലേയും യനാക്കായിലേയും ചെറിപ്പൂക്കളും എനിക്കു യാത്ര വഴങ്ങുകയാണ്‌. ഈ കാഴ്ചകളൊക്കെ ഞാനിനി എന്നു കാണാൻ? എന്റെ ചങ്ങാതിമാർ തലേ രാത്രി ഒത്തുകൂടിയിരുന്നു; അവരും വഞ്ചിയിൽ ഞങ്ങളോടൊപ്പം വന്നു. സെൻജുകടവിൽ വച്ച്‌ തോണിയിറങ്ങുമ്പോൾപ്പക്ഷേ, മുന്നിലുള്ള മൂവായിരം മൈലിനെക്കുറിച്ചോർത്ത്‌ എന്റെ നെഞ്ചൊന്നു പിടഞ്ഞുപോയി. നഗരത്തിലെ വീടുകളും ചങ്ങാതിമാരുടെ മുഖങ്ങളും കണ്ണീരിന്റെ മൂടലിനുള്ളിലൂടെ ഒരു സ്വപ്നദൃശ്യം പോലെയേ എനിക്കു കാണാനായുള്ളു.

വസന്തം വിടചൊല്ലവെ
വിലാപിക്കുന്നു കിളികൾ,

ഈറനാണു മീൻകണ്ണുകൾ.


വിടപറയലിന്റെ ഓർമ്മയ്ക്കായി ഈ കവിതയുമെഴുതി ഞാൻ യാത്ര തുടങ്ങി; പക്ഷേ കാലുകൾ പിന്നോട്ടടിക്കുകയായിരുന്നു. എന്റെ ചങ്ങാതിമാരാകട്ടെ, കടവത്തു നിരന്നുനിന്ന് ഞങ്ങൾ കണ്ണിൽനിന്നു മറയുന്നതുവരെ യാത്രാമംഗളങ്ങൾ നേരുകയുമാണ്‌.


3. സോക്ക

അങ്ങു വടക്കുള്ള ഉൾനാടുകളിലേക്കു യാത്ര ചെയ്യാൻ ഈ പ്രായത്തിലാണൊരാൾക്കു പൂതി വന്നു! ലോകം ചുറ്റിവരുന്ന പോലെയാണത്‌! തലവെളുപ്പിക്കുന്ന ദുർഘടങ്ങൾ ഞാൻ നേരിടേണ്ടിവരുമെന്നതുറപ്പ്‌; പക്ഷേ കേട്ടറിവു മാത്രമുള്ള ദേശങ്ങൾ എനിക്കെന്റെ സ്വന്തം കണ്ണുകൾ കൊണ്ടു കാണാമല്ലോ. അന്നു സന്ധ്യയായതോടെ ഞങ്ങൾ സോക്കാഗ്രാമത്തിലെത്തി.

ഭാണ്ഡക്കെട്ടിന്റെ ഭാരം കാരണം എന്റെ തോളുകൾ ചുട്ടുനീറാൻ തുടങ്ങിയിരുന്നു. രാത്രിയിൽ മൂടിപ്പുതച്ചുറങ്ങാൻ ഒരു കടലാസ്സുചട്ട, പരുത്തി കൊണ്ടുള്ള ഒരു കിമോണോ, മഴയത്തു പിടിക്കാൻ ഒരു കുട, എഴുത്തുപകരണങ്ങൾ, ചങ്ങാതിമാർ സ്നേഹത്തോടെ തന്നുവിട്ട ചില ഉപഹാരങ്ങൾ ഇത്രയുമായിരുന്നു ഭാണ്ഡത്തിൽ. ഉടുത്ത മുണ്ടുമായി കൈവീശി നടക്കാനായിരുന്നു എനിക്കിഷ്ടമെങ്കിലും കുറേക്കാര്യങ്ങൾ എനിക്കു വലിച്ചെറിയാൻ പറ്റാത്തവയായിരുന്നു; ചിലത്‌ അവയുടെ ഉപയോഗം കൊണ്ടെങ്കിൽ മറ്റു ചിലത്‌ അവയോടുള്ള മമത കൊണ്ടും.


4. മുരോനൊയാഷിമ

യാഷിമായിലെ എരിയുന്ന കാവു കാണാൻ പോയി. എന്റെ തുണക്കാരനായ സോരാ പറഞ്ഞതു പ്രകാരം പൂക്കുന്ന മരങ്ങളുടെ അധിഷ്ഠാനദേവതയായ കൊനോഹനാ സകുയാ ഹിമേ ദേവിയെയാണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ഇതേ ദേവിയുടെ മറ്റൊരു പ്രതിഷ്ഠ ഫ്യൂജിമലയുടെ അടിവാരത്തുമുണ്ട്‌. തന്റെ ഗർഭത്തിൽക്കിടക്കുന്ന ശിശുവിന്റെ പിതൃത്വത്തെക്കുറിച്ച്‌ അപവാദം പരന്നപ്പോൾ ആ ദേവി ചുള്ളി മെടഞ്ഞ്‌. ചെളി തേച്ച ഒരറയ്ക്കുള്ളിൽ അടച്ചിരുന്ന് അതിനു തീകൊളുത്തിയത്രെ. അങ്ങനെ തീപ്പുര ഈറ്റില്ലമായ ആ ദേവശിശുവിന്‌ അഗ്നിജാതൻ എന്നു പേരുണ്ടായി; ഈ ക്ഷേത്രത്തിന്‌ തീപ്പുര എന്നർത്ഥത്തിൽ മുരോ-നൊയാഷിമ എന്ന പേരും വീണു. കവികൾ ഇവിടെ വന്നാൽ തീയും പുകയും വിഷയമായ കവിതകൾ എഴുതി സമർപ്പിക്കുന്ന ഒരു ചടങ്ങുണ്ട്‌. അതുപോലെ ഇവിടെയാരും കൊനോഷിരോ എന്ന പുള്ളിയുള്ള മീൻ കഴിക്കാറുമില്ല; പൊരിക്കുമ്പോൾ മനുഷ്യമാംസം കരിഞ്ഞ മണമാണതിന്‌.


5. നിക്കോ

മാർച്ച്‌ മുപ്പതാം തീയതി രാത്രി ഞങ്ങൾ നിക്കോ മലയുടെ അടിവാരത്തുള്ള ഒരു സത്രത്തിൽ തങ്ങി. താൻ അറിയപ്പെടുന്നത്‌ സത്യവാൻ ഗോസൈമോൺ എന്നാണെന്ന് സത്രമുടമ പറഞ്ഞു. ആളുകൾ അയാളെ വിളിക്കുന്നത്‌ അങ്ങനെയാണത്രെ. തന്റെ പേരു സാർത്ഥകമാക്കി നിർത്തുക എന്നതാണ്‌ അയാളുടെ ജന്മാഭിലാഷം. രാത്രിയിൽ നിശ്ചിന്തരായി ഉറങ്ങിക്കോളാൻ അയാൾ ഞങ്ങളോടു പറഞ്ഞു. ഈ ദുഷിച്ച ലോകത്ത്‌ രണ്ടു ഭിക്ഷാംദേഹികളെ തുണയ്ക്കാൻ ഏതൊരു ദേവനാണീ മനുഷ്യരൂപമെടുത്തു വന്നിരിക്കുന്നതെന്നു ഞാൻ ചിന്തിച്ചുപോയി. ഞാൻ അയാളെ സുസൂക്ഷ്മം നിരീക്ഷിച്ചു; ആൾ സൂത്രക്കാരനല്ലെന്നും വാശിയോടെയുള്ള ഒരുതരം സത്യസന്ധതയാണയാളുടെ ഗുണവിശേഷമെന്നും എനിക്കു ബോധ്യമായി. ഒരു സിദ്ധനു ചേർന്ന ആ നേരും നന്മയും നാമൊരിക്കലും അവജ്ഞയോടെ കാണരുത്‌. എന്തെന്നാൽ കണ്‍ഫൂഷൃസ് ഉപദേശിച്ചതരം പൂർണ്ണതയോടടുത്തുനിൽക്കുന്ന ഒന്നാണത്‌.

ഏപ്രിൽ പതിമൂന്നാം തീയതി ഞങ്ങൾ നിക്കോമല കയറി മുകളിലെ ക്ഷേത്രത്തിൽ പൂജകഴിച്ചു. ഈ മലയുടെ പഴയ പേര്‌ ഇരട്ട എന്നും കാട്‌ എന്നും അർത്ഥം വരുന്ന രണ്ടു ചൈനീസ്‌ അക്ഷരങ്ങൾ ചേർത്തുള്ള നി-കോ എന്നായിരുന്നു. പിൽക്കാലത്ത്‌ കുക്കായി എന്ന സന്യാസി ഇവിടെയൊരു ക്ഷേത്രം പണിതപ്പോൾ അത്‌ നിക്‌-കോ എന്നാക്കി: സൂര്യൻ എന്നും പ്രകാശം എന്നും അപ്പോൾ അർത്ഥം മാറി.ഒരായിരം കൊല്ലത്തിനിപ്പുറം വരാനുള്ളതു കാണാനുള്ള ദിവ്യദൃഷ്ടി കുക്കായിക്കുണ്ടായിരുന്നിരിക്കണം-ഇന്നാ ഗിരിവിഹാരം ഇന്നാട്ടിലെ സർവ്വക്ഷേത്രങ്ങളിലും വച്ചു പാവനമായതായി കൊണ്ടാടപ്പെടുന്നു; അവിടെനിന്നു പ്രസരിക്കുന്ന ധർമരശ്മിയാവട്ടെ, സർവ്വജനത്തിനും ശാന്തി നൽകി ലോകമെങ്ങും പരക്കുകയും ചെയ്യുന്നു. ഈ ക്ഷേത്രത്തെക്കുറിച്ച്‌ അധികമെന്തെങ്കിലും പറയുന്നത്‌ അതിന്റെ പാവനതയെ ധിക്കരിക്കലാവും.

ഹാ, ദിവ്യക്ഷേത്രമേ!
തെളിവെയിലിൽ
തളിരിലകൾ തിളങ്ങുന്നത്‌
ഞാൻ കണ്ടുനിൽക്കുന്നു.


ദൂരെ കുരാകാമിമല നിൽക്കുന്നത്‌ മൂടൽമഞ്ഞിനുള്ളിലൂടെ കാണാമായിരുന്നു. കാക്കക്കുടുമ എന്നാണാ പേരിന്റെ പൊരുളെങ്കിലും മഞ്ഞുവെളുത്തുനിൽക്കുകയാണത്‌. സോറാ ഇങ്ങനെയൊരു കവിതയെഴുതി:

മുടി പറ്റെവെട്ടി

ഉടയാട മാറ്റി

കാക്കക്കുടുമ ഞാൻ കേറി .


എന്റെ കൂട്ടുയാത്രക്കാരന്റെ ശരിക്കുള്ള പേർ കവായി സോഗോറോ എന്നായിരുന്നു; സോറാ എഴുത്തുപേരും. എന്റെ അയൽക്കാരനായ ഇദ്ദേഹം വെള്ളം കോരുക, വിറകു വെട്ടുക എന്നിങ്ങനെയുള്ള പണികൾ ചെയ്ത്‌ എനിക്കൊരു സഹായമായിരുന്നു. മത്‌സുഷിമായിലേയും കിതാഗാവയിലേയും കാഴ്ചകൾ കാണുക എന്നത്‌ അയാളുടെ എക്കാലത്തെയും വലിയൊരാഗ്രഹമായിരുന്നു; കൂടെ അലഞ്ഞയാത്രയുടെ ദുരിതങ്ങൾ എന്നോടൊപ്പം പങ്കിടാനും. അങ്ങനെ ഞാൻ യാത്രപുറപ്പെട്ട അന്നുകാലത്ത്‌ തല മുണ്ഡനം ചെയ്ത്‌, ഒരു പരിവ്രാജകനെപ്പോലെ കറുപ്പും ധരിച്ച്‌, തന്റെ പേരു പോലും സോഗോ(ജ്ഞാനി എന്നർത്ഥം) എന്നു മാറ്റി എന്നോടൊപ്പമിറങ്ങിയതാണയാൾ. അതുകൊണ്ടുതന്നെ അയാളുടെ കവിതയെ കുരാകാമിമലയുടെ വെറുമൊരു വർണ്ണനയെന്നല്ല പറയേണ്ടത്‌.

ക്ഷേത്രം വിട്ട്‌ ഒരറുനൂറടി നടന്നുകാണും, ഒരു വെള്ളച്ചാട്ടത്തിനടുത്തെത്തി. മലവരമ്പിലെ ഒരു ഗുഹയ്ക്കു മുകളിൽനിന്ന് എത്രയോ താഴ്ചയിലുള്ള ഒരു തടാകത്തിലേക്കെടുത്തുചാടുകയാണത്‌. പാറകൾക്കിടയിലിരുന്നാൽ വെള്ളച്ചാട്ടത്തിന്റെ പിൻകാഴ്ചയുമാവാം. അങ്ങനെ ഉരാമി-നോ-ടാകി (പിന്നിൽക്കണ്ട ജലപാതം) എന്ന് അതിനു പേര്‌.

ജലപാതത്തിനു പിന്നിൽ
ഒരു നിമിഷം-

വേനൽച്ചടങ്ങുകളിൽ
ഒന്നാമത്തേത്‌.

Wednesday, April 1, 2009

സൂഫിവചനങ്ങൾ

*

പ്രഭോ!
ഞാനങ്ങയെ പൂജിക്കുന്നത്‌ നരകഭയം കൊണ്ടാണെങ്കിൽ
എന്നെ നരകത്തിലേക്കെറിയൂ;
ഞാനങ്ങയെ പൂജിക്കുന്നത്‌ സ്വർഗ്ഗേച്ഛ കൊണ്ടാണെങ്കിൽ
എനിക്കു സ്വർഗ്ഗം നിഷേധിക്കൂ.

(റാബിയ)


*

ഒരു ഗുരു ശിഷ്യന്മാരെ പഠിപ്പിക്കുകയാണ്‌:
വാതിൽക്കൽ നിർത്താതെ മുട്ടിക്കൊണ്ടിരിക്കുന്നവനു മുന്നിൽ വാതിൽ തുറക്കപ്പെടും. അതു കേട്ടു റാബിയ ചോദിച്ചു:
'അതു തുറക്കപ്പെടും' എന്നു നിങ്ങൾ എന്തിനു പറയണം? വാതിൽ അടച്ചിട്ടേയില്ലല്ലോ.


*

ബസ്രയിലെ ഹസ്സൻ റാബിയയെ കാണാൻ ചെന്നു. അവർ ഒരു പറ്റം മൃഗങ്ങൾക്കിടയിലിരിക്കുകയാണ്‌. ഹസ്സനെ കണ്ടയുടനെ മൃഗങ്ങൾ ഓടിപ്പോയി. അതെന്തുകൊണ്ടാണെന്ന് ഹസ്സൻ അന്വേഷിച്ചപ്പോൾ റാബിയ പറഞ്ഞു;
നിങ്ങൾ മാംസം തിന്നുന്നയാളല്ലേ? എനിക്കു തിന്നാൻ ഉണക്കറൊട്ടിയേയുള്ളു.


*

ഒരു സൂഫിയെ സൽക്കരിക്കുമ്പോൾ ഉണക്കറൊട്ടി തന്നെ ധാരാളമെന്നോർക്കുക.

(ഹാരിത്‌ മുഹസിബി)


*

ഉള്ളു കൊണ്ടറിയുന്നവന്‌ ഒരു ചേഷ്ട തന്നെ ധാരാളം:
ശ്രദ്ധയില്ലാത്തവനു മുന്നിലോ, ആയിരം വ്യാഖ്യാനങ്ങളും വ്യർത്ഥം.

(ഹാജി ബക്താഷ്‌)


*

നിനക്കുള്ള മരുന്ന് നിന്നിൽത്തന്നെയുണ്ട്‌; നീയതു കാണുന്നില്ല.
നിന്റെ വ്യാധി നീ തന്നെയാണ്‌; നീയതറിയുന്നുമില്ല.

(ഹസ്രത്‌ അലി)


*

മരണത്തെയോർത്തുകൊണ്ട്‌ ഉറങ്ങാൻ കിടക്കുക;
ഇനി അധികം ആയുസ്സില്ലെന്ന ചിന്തയുമായി
ഉറക്കം വിട്ടെഴുന്നേൽക്കുക.

(ഉവൈസ്‌ എൽ-ക്വാമി)


*

ഒരു ബാലൻ വെളിച്ചവുമേന്തി നടക്കുന്നതു ഞാൻ കണ്ടു.
അവനത്‌ എവിടെ നിന്നു കിട്ടിയെന്നു ഞാനാരാഞ്ഞു.
അവൻ അതൂതിക്കെടുത്തിയിട്ടു ചോദിച്ചു:
'അതെവിടെപ്പോയെന്ന് ഇനി നിങ്ങളൊന്നു പറയൂ.'

(ബസ്രയിലെ ഹസ്സൻ)


*

ഒരാൾ ഉവൈസ്‌ എൽ-ക്വാമിയെ ചെന്നുകണ്ട്‌ കുറേ പണം മുന്നിൽ വച്ചു. അദ്ദേഹം അതു സ്വീകരിക്കാൻ തയാറായില്ല.
'എന്റെ കൈയിൽ ഒരു നാണയമുണ്ട്‌; എനിക്കതിന്റെ ആവശ്യമേയുള്ളു.'
'അതെത്ര കാലത്തേക്കുണ്ടാവും? ഒന്നിനും തികയില്ല.' മറ്റേയാൾ പറഞ്ഞു.
ഉവൈസ്‌ പറഞ്ഞു:
'ഈയൊരു നാണയം തികയാത്തിടത്തോളം കാലം ഞാൻ ജീവിക്കുമെന്നുറപ്പു തരൂ; എങ്കിൽ ഞാൻ നിങ്ങളുടെ സമ്മാനം സ്വീകരിക്കാം.'


*