Thursday, April 16, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -7



19. ത്‌സുബോ നോ ഇഷിബുമി

കെയ്മോണിന്റെ ചിത്രങ്ങൾ അവലംബമാക്കി യാത്ര തുടർന്ന ഞങ്ങൾ കുന്നുകൾക്കടിവാരത്തിലുള്ള ത്‌സുബോ നോ ഇഷിബുമി എന്ന നിരത്തിലെത്തി. ഇതാണ്‌ 'വടക്കുനാട്ടിലേക്കുള്ള ഊടുവഴി.' ഈ ഭാഗത്തു വളരുന്ന കോരപ്പുല്ലു മെടഞ്ഞാണ്‌ പ്രസിദ്ധമായ തൊഫു പുൽപായകളുണ്ടാക്കുന്നത്‌. ഇക്കാലവും ഈ നാട്ടുകാർ ഭംഗിയായി നെയ്തെടുത്ത പുൽപ്പായകൾ ആണ്ടുകാഴ്ചയായി അധികാരികൾക്കു സമർപ്പിക്കാറുണ്ട്‌. ഇച്ചികാവാ ഗ്രാമത്തിൽ താഗാകോട്ട നിന്നിരുന്ന സ്ഥലത്തെ ശിലാസ്തംഭം കണ്ടു. ആറടിയിൽക്കൂടുതൽ ഉയരവും മൂന്നടിയോളം വീതിയുമുണ്ടതിന്‌. കട്ടപിടിച്ച പായൽ ചുരണ്ടിനോക്കിയപ്പോൾ അതിൽ കൊത്തിവച്ചിരിക്കുന്നത്‌ വായിക്കാമെന്നായി. നാലു പ്രവിശ്യകളിലേക്കുമുള്ള ദൂരസൂചന നൽകിയിട്ട്‌ ഇങ്ങനെയെഴുതിയിരിക്കുന്നു:
ചക്രവർത്തിതിരുമനസ്സു കൊണ്ട്‌ ഉത്തരപ്രവിശ്യയിലേക്കയക്കപ്പെട്ട ഒനോയിലെ പ്രഭു അസുമാ-ഉദോജിൻകി ഒന്നാം വർഷം(724) ഈ കോട്ട പണികഴിപ്പിച്ചു. ടെമ്പ്യോ-ഹോജി ആറാം വർഷം (762) എമിയിലെ പ്രഭുവും ഉത്തരപൂർവപ്രവിശ്യയിലെ അധികാരിയുമായ അസാകാരി ഇതു പുതുക്കിപ്പണിതു. പന്ത്രണ്ടാം മാസത്തിന്റെ ആദ്യദിവസം.

അപ്പോൾ ഷോമുചക്രവർത്തിയുടെ കാലത്താണ്‌ (724-749)
ഇതിന്റെ നിർമ്മിതിയെന്നു കണക്കാക്കാം.

പ്രാചീനകവിതകളിൽ പരാമൃഷ്ടമായിരിക്കുന്ന മിക്ക സ്ഥലങ്ങളും ശേഷിപ്പൊന്നുമില്ലാതെ പോയിമറഞ്ഞിരിക്കുന്നു. എല്ലാം മാറുന്ന ഈ ലോകത്ത്‌, മലകൾ പൊടിഞ്ഞമരുകയും പുഴകൾ ഗതി മാറുകയും പാറക്കെട്ടുകൾ മണ്ണിലാണ്ടുപോവുകയും വൻമരങ്ങൾ പുതുമുളകൾക്കു വഴിമാറുകയും ചെയ്യുന്ന ഈ ലോകത്ത്‌, പുരാതനരുടെ സ്മൃതിരേഖയായി ഈയൊരു ശിലാസ്തംഭം മാത്രം ഒരായിരം വർഷങ്ങളുടെ പ്രഹരങ്ങളുമേറ്റു നിലനിൽക്കുന്നുവെങ്കിൽ അതൊരത്ഭുതത്തിൽക്കുറഞ്ഞ ഒന്നുമല്ല. ഈയൊരു കൽത്തൂണിലൂടെ എനിക്കാ പുരാതനരുടെ മനസ്സു വായിക്കാമെന്നായിരിക്കുന്നു.

യാത്രികനു ലഭിച്ച ഉപഹാരമാണിത്‌. ഇത്രകാലം ജീവിച്ചത്‌ ഈയൊരാനന്ദത്തിനു വേണ്ടിയാണെന്നും പറയേണ്ടിയിരിക്കുന്നു. യാത്രാദുരിതമൊക്കെ മറന്ന ഞാൻ സന്തോഷം കൊണ്ട്‌ കണ്ണീരു പൊഴിച്ചു.


20. ഷിയോഗാമ

അതിനു ശേഷം ഞങ്ങൾ കവിതകളിലൂടെ പേരുകേട്ട നോദായിലെ തമാ ചിറ്റരുവിയും ഒരു തടാകത്തിനു നടുക്കുള്ള ഒകി-നോ-ഇഷി എന്ന വൻപാറയും പോയിക്കണ്ടു. സൂ-നോ-മത്‌സുയാമായിൽ അതേ പേരുള്ള ഒരു ക്ഷേത്രവും കണ്ടു. പൈൻമരങ്ങൾക്കിടയിൽ എണ്ണമറ്റ കുഴിമാടങ്ങൾ ചിതറിക്കിടക്കുന്നു.

തമ്മിലിഷ്ടപ്പെടുന്നവർ തങ്ങൾ ഒരിക്കലും വേർപെട്ടുപോകില്ലെന്ന് പരസ്പരം പ്രതിജ്ഞ ചെയ്തേക്കാം; ഒരേ ചിറകുള്ള പക്ഷികളാണു തങ്ങളെന്നോ, ചില്ലകൾ കെട്ടുപിണഞ്ഞ ഇരുമരങ്ങളാണു തങ്ങളെന്നോ ഒക്കെ വിഭാവനം ചെയ്തേക്കാം. പക്ഷേ ആ സങ്കൽപ്പങ്ങളൊക്കെ ചെന്നടിയുന്നത്‌ ഇങ്ങനെയൊരിടത്താണല്ലോയെന്നോർത്തപ്പോൾ എന്റെ മനസ്സിടിഞ്ഞുപോയി. സന്ധ്യനേരത്തെ മണി മുട്ടുന്നതു കേട്ടപ്പോൾ ആ വിഷാദം അധികരിക്കുകയും ചെയ്തു.

ഞങ്ങൾ പിന്നെയെത്തിയത്‌ ഷിയോഗാമാ കടൽക്കരയിലാണ്‌. തോരാതെ പെയ്ത മഴയ്ക്കു ശേഷം ആകാശം ഒന്നു തെളിഞ്ഞിരുന്നു. വിളറിയ നിലാവെളിച്ചത്തിൽ മിഗാകി ദ്വീപിന്റെ നിഴൽരൂപം അകലെയായി കാണാം.

ഒരുപറ്റം മീൻതോണികൾ തുഴഞ്ഞടുത്തു. അന്നത്തെ സമ്പാദ്യം പങ്കുവയ്ക്കുന്ന മുക്കുവരുടെ കലമ്പൽ കേട്ടപ്പോൾ പണ്ടൊരു കവി എഴുതിയതിന്റെ പൊരുൾ എനിക്കു തെളിഞ്ഞുകിട്ടുകയും ചെയ്തു:

കരയടുക്കുന്ന മീൻതോണി-
അതു കരളിൽ കൊത്തിവലിക്കുന്നു.
അന്ധനായ ഒരു ഗായകൻ നന്തുണിയുടെ അകമ്പടിയോടെ വടക്കൻനാട്ടിൽ പ്രചാരമുള്ള ചില പാട്ടുകൾ പാടുന്നത്‌ അന്നു രാത്രിയിൽ കേട്ടു. ഹൈക്കേ യുദ്ധഗാഥകൾ പോലെയല്ല; പാരമ്പര്യനൃത്തഗാനങ്ങൾ പോലെയുമല്ല. ഉറങ്ങാൻ കിടക്കുമ്പോൾ കാതിനടുത്തായി കേട്ടതിനാൽ അൽപം ബഹളമയമായിത്തോന്നാതെയുമിരുന്നില്ല. എന്നാൽക്കൂടി അത്രയും പഴയ ചില കാര്യങ്ങൾ ഈ വിദൂരഗ്രാമങ്ങളിൽ ബാക്കിനിൽക്കുന്നുവെന്നത്‌ എന്നെ വിസ്മയിപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റ്‌ ഷിയോഗാമായിലെ ക്ഷേത്രം സന്ദർശിച്ചു. ആ പ്രവിശ്യയിലെ അധികാരിയായിരുന്നപ്പോൾ മസാമുനെയാണ്‌ അതു പുതുക്കിപ്പണിതത്‌. ദാരുസ്തംഭങ്ങൾ പ്രൗഢിയോടെ ഉയർന്നുനിൽക്കുന്നു; കഴുക്കോലുകളിൽ കടുംനിറത്തിൽ മെഴുകുചായം തേച്ചിരിക്കുന്നു. എണ്ണമറ്റ കൽപ്പടവുകൾ കയറിച്ചെല്ലുന്നിടത്താണു ക്ഷേത്രം; കുങ്കുമം തേച്ച കൈവരികൾ ഇളംവെയിലിൽ തിളങ്ങിനിൽക്കുന്നു. അനഭിഗമ്യമായ ഈ അത്യുത്തരദേശങ്ങളിൽപ്പോലും ദേവന്മാരുടെ പ്രഭാവം വിളങ്ങിനിൽക്കുന്നതു കണ്ടപ്പോൾ എത്ര അത്ഭുതാവഹമാണു നമ്മുടെ നാടെന്ന് ഞാൻ മനസ്സിൽ പറഞ്ഞുപോയി.

ഷിന്റോ ദേവാലയത്തിനു മുന്നിൽ പഴയൊരു കൽവിളക്കു കണ്ടു. അതിന്റെ ഇരുമ്പുചുറ്റിൽ ഇങ്ങനെ കൊത്തിവച്ചിരിക്കുന്നു: ബുൻജി മൂന്നാം വർഷം(1187) ഇസുമി-നോ-സബുരോ സമർപ്പിച്ചത്‌. അതു വായിച്ചപ്പോൾ എന്റെ മനസ്സ്‌ അഞ്ഞൂറുവർഷം മുൻപുള്ള ഒരു കാലത്തിലേക്കു പറന്നു. ധീരനും അഭിമാനിയുമായ യോദ്ധാവും അച്ഛനമ്മമാരുടെ വത്സലപുത്രനുമായിരുന്നു ഇസുമി-നോ-സബുരോ. ആ പേരു കേട്ടാൽ കൈകൂപ്പാത്തവരായി ഇക്കാലത്തും ആരൊരാളുണ്ടാവും? തനിക്കു ശരിയെന്നു തോന്നുന്നതിനെ മുറുകെപ്പിടിച്ച്‌ നേർവഴി നടന്നുപോകുന്നവനു പിന്നാലെ പേരും പെരുമയും ചെന്നുകൊള്ളുമെന്നു പറയുന്നതെത്ര സത്യം!

ഉച്ചയായി; ഞങ്ങൾ ഒരു തോണി വാടകയ്ക്കെടുത്ത്‌ പൈൻമരങ്ങൾ തിങ്ങിയ മത്‌സുഷിമാദ്വീപിലേക്കു യാത്രയായി. അഞ്ചുമൈലോളം പോയശേഷം ഞങ്ങൾ ഓജിമായിൽ കടവടുത്തു.

No comments: