Thursday, April 9, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -3




9. സെഷോസെകി

കുരോബാനേയിൽ നിന്ന് ഞങ്ങൾ നാസുവിലെ കൊല്ലിപ്പാറ കാണാൻ പോയി. (കൊനോയെ ചക്രവർത്തിയുടെ സ്നേഹഭാജനമായ തമാമോ പ്രഭ്വി യഥാർത്ഥത്തിൽ മനുഷ്യരൂപമെടുത്ത ഒരു ചെന്നായയായിരുന്നുവത്രെ; അവളെ വധിച്ചപ്പോൾ അവളുടെ ആത്മാവ്‌ ഈ വിഷക്കല്ലായെന്നാണു കഥ.) ജൊബോജി വിട്ടുതന്ന കുതിരയുടെ പുറത്താണു യാത്ര. പോകുന്നവഴി കുതിരയെ നടത്തുന്ന കൃഷിക്കാരൻ തനിക്കൊരു കവിത ചൊല്ലിക്കേൾപ്പിക്കാമോയെന്ന് എന്നോടപേക്ഷിച്ചു. അതെനിക്കൊരു പുതുമയായിരുന്നു. ഞാൻ ഇങ്ങനെയൊരു കവിതയെഴുതി അയാളെ കേൾപ്പിച്ചു:

പോകട്ടെ കുതിരയാ തുറസ്സിലേക്ക്‌,
കേൾക്കട്ടെ ഞാനവിടെപ്പാടും
കുയിലിന്റെ പാട്ട്‌!

ഒരു ചുടുനീരുറവയുടെ സമീപത്തുള്ള മലയുടെ നിഴലടച്ച പഴുതിനുള്ളിലാണ്‌ കൊല്ലിപ്പാറ നിൽക്കുന്നത്‌. അതിൽ നിന്ന് അപ്പോഴും വിഷധൂമങ്ങൾ പൊന്തിക്കൊണ്ടിരുന്നു. ഈച്ചകളും പൂച്ചികളും പൂമ്പാറ്റകളും ചത്തു കൂമ്പാരമായിക്കിടന്ന് നിലത്തിന്റെ ശരിക്കുള്ള നിറം തന്നെ കാണാതെയായിരിക്കുന്നു.

അവിടെനിന്നു ഞങ്ങൾ 'തെളിനീരരുവിക്കു മേൽ തണൽ വീഴ്ത്തിയ'തെന്നു സൈഗ്യോ പ്രശസ്തമാക്കിയ അരളിമരം കാണാൻ യാത്രയായി. അഷിനോ ഗ്രാമത്തിൽ രണ്ടു പാടങ്ങൾക്കിടയിലുള്ള വരമ്പിൽ ഞങ്ങൾ അതിനെ കണ്ടെത്തി. അതെവിടെയായിരിക്കും നിൽക്കുന്നതെന്നത്‌ എന്റെ ഏറെക്കാലമായുള്ള വിചാരമായിരുന്നു. ഈ പ്രവിശ്യയിലെ അധികാരി അതു വന്നു കാണാൻ എന്നെ പലപ്പോഴും നിർബന്ധിച്ചിട്ടുള്ളതുമാണ്‌. ഇപ്പോഴിതാ ഞാനതിന്റെ തണലത്തു നിൽക്കുകയാണ്‌!

ഒരു ഞാറ്റടി തീരാനെടുത്തനേരം
ഒരരളിമരത്തണലിൽ
ഞാൻ നിന്ന നേരം.


10. ഷിരാക്കാവ

കുറേനാളുകൾ നീണ്ട യാത്രയ്ക്കു ശേഷം ഞങ്ങൾ ഷിരാക്കാവാ അതിർത്തികവാടത്തിൽ എത്തിച്ചേർന്നു. ഇതാദ്യമായി എന്റെ മനസ്സ്‌ ആകാംക്ഷയുടെ നിരന്തരമായ അലട്ടലുകളിൽ നിന്ന് മുക്തി നേടുകയും ചെയ്തു. ഇനിയാണ്‌ ഞങ്ങളുടെ യഥാർത്ഥയാത്ര തുടങ്ങുന്നതെന്ന് എനിക്കു തോന്നിപ്പോയി. 'താൻ അതിർത്തി കടക്കുന്നു'വെന്ന് പണ്ടൊരു കവി തന്റെ നാട്ടിലേക്കു കത്തെഴുതാൻ പ്രേരിതനായതെന്തുകൊണ്ടാണെന്നും എനിക്കപ്പോൾ ബോധ്യമായി.

മൂന്നു കവാടങ്ങളുള്ളതിൽ ഈയൊന്നാണ്‌ എല്ലാക്കാലത്തും കവികളെ വശീകരിച്ചിട്ടുള്ളത്‌. എത്രയോ കവികൾ ഇതുവഴി കടന്നുപോയിരിക്കുന്നു. അവരുടെയൊക്കെ കാവ്യപരിശ്രമങ്ങൾ ഇവിടങ്ങളിൽ തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇലതിങ്ങിയ മരങ്ങൾക്കു ചുവട്ടിലൂടെ ഞാൻ കടന്നുപോയി. ശരൽക്കാലവാതത്തിന്റെ വിദൂരശബ്ദമായിരുന്നു എന്റെ കാതുകളിൽ; കണ്ണുകൾക്കു മുന്നിലാവട്ടെ, ശരൽക്കാലത്തിന്റെ നിറഭേദങ്ങളും. പാതയ്ക്കിരുപുറവും തൂവെള്ള യുനോഹനാപ്പൂക്കൾ കുലകുത്തിനിൽക്കുകയാണ്‌; അത്രയും വെളുത്ത കാട്ടുപനിനീർപ്പൂക്കൾ വേറെയും. പുതുമഞ്ഞു വീണ നിലം ചവിട്ടി നടക്കുകയാണെന്നു ഞങ്ങൾ ശങ്കിച്ചുപോയി. കിയോസുകെ പറയുന്നത്‌ പണ്ടുള്ളവർ ഈ കവാടം കടന്നുപോയിരുന്നത്‌ കോടിവസ്ത്രമുടുത്തും തൊപ്പി നേരേ പിടിച്ചിട്ടുമാണത്രെ.

കവാടം കടന്നു പോയപ്പോൾ
ഞാനുടുത്ത കോടിമുണ്ട്‌

യുനോഹനാ കൊഴിച്ച പൂക്കൾ.

1 comment:

സുപ്രിയ said...

"ഇലതിങ്ങിയ മരങ്ങൾക്കു ചുവട്ടിലൂടെ ഞാൻ കടന്നുപോയി. ശരൽക്കാലവാതത്തിന്റെ വിദൂരശബ്ദമായിരുന്നു എന്റെ കാതുകളിൽ; കണ്ണുകൾക്കു മുന്നിലാവട്ടെ, ശരൽക്കാലത്തിന്റെ നിറഭേദങ്ങളും. പാതയ്ക്കിരുപുറവും തൂവെള്ള യുനോഹനാപ്പൂക്കൾ കുലകുത്തിനിൽക്കുകയാണ്‌; അത്രയും വെളുത്ത കാട്ടുപനിനീർപ്പൂക്കൾ വേറെയും. പുതുമഞ്ഞു വീണ നിലം ചവിട്ടി നടക്കുകയാണെന്നു ഞങ്ങൾ ശങ്കിച്ചുപോയി. കിയോസുകെ പറയുന്നത്‌ പണ്ടുള്ളവർ ഈ കവാടം കടന്നുപോയിരുന്നത്‌ കോടിവസ്ത്രമുടുത്തും തൊപ്പി നേരേ പിടിച്ചിട്ടുമാണത്രെ."



ആഹഹ.. എന്തൊരൊഴുക്ക്.
ഞാന്‍ ആര്‍.വിയുടെ ആരാധികയായി. അടുത്ത ഭാഗം വരാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.