Saturday, April 11, 2009
ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക് ഊടുവഴികളിലൂടെ -4
11. സുകാഗാവ
കവാടവും കടന്ന്, അബുകുമാപുഴയും കടന്ന് ഞങ്ങൾ വടക്കോട്ടു യാത്ര തുടർന്നു. എന്റെ ഇടതുഭാഗത്ത് ഐസുദേശത്തെ ബന്ദൈകൊടുമുടി ഉയർന്നുനിൽക്കുന്നു; വലതുഭാഗത്തായി ഇവാക്കി, സോമ,മിഹാരു എന്നീ ഗ്രാമങ്ങളും അവയെ ഹിറ്റാച്ചി, ഷിമോറ്റ്സുകെ ഗ്രാമങ്ങളുമായി വേർതിരിക്കുന്ന ഒരു നിര കുള്ളൻമലകളും. പോകുന്ന വഴി കാഗെനുമ(കണ്ണാടിച്ചിറ) എന്നൊരു തടാകവും ഞങ്ങൾ കണ്ടു. എന്തിന്റെയും തെളിഞ്ഞ പ്രതിബിംബം അതിൽ കാണാമത്രെ. അന്നു പക്ഷേ കാറുമൂടിക്കിടന്നിരുന്നതിനാൽ ചിറയിൽ നിഴലിച്ചത് പുകഞ്ഞ മാനം മാത്രമാണ്
.
സുകാഗാവ പട്ടണത്തിലെത്തി ഞങ്ങൾ കവി തൊക്യുവിനെ പോയിക്കണ്ടു. നാലഞ്ചു ദിവസം തന്നോടൊപ്പം താമസിക്കണമെന്ന് അദ്ദേഹത്തിനു വാശിയായിരുന്നു. എന്നെക്കണ്ടയുടനെ അദ്ദേഹം ആദ്യം ചോദിച്ച ചോദ്യം ഇതാണ്: 'ഷിരാകാവാ കടക്കുമ്പോള്‍ ഉള്ളിലെന്തു തോന്നി?'
ദീർഘയാത്ര കാരണം ശരീരവും മനസ്സും തളർന്നിരുന്നതിനാൽ എന്റെ കാവ്യപരിശ്രമങ്ങൾ വേണ്ടപോലെയായില്ലെന്നു ഞാൻ സമ്മതിച്ചു. നാടിന്റെ ഭംഗിയിലും അതുവഴി കടന്നുപോയ പൂർവ്വികർ കവികളെക്കുറിച്ചുള്ള ഓർമ്മയിലും മനസ്സു പോയതും മറ്റൊരു കാരണമായി. എന്നാൽക്കൂടി ഒരു കവിതയെങ്കിലും കോറിയിടാതെ അവിടം കടന്നുപോകുന്നതെത്ര ലജ്ജാകരം! അതിനാൽ ഞാനിങ്ങനെയെഴുതി:
ഉൾനാട്ടുപാടങ്ങൾ
കവിതയുടെ ഞാറ്റടികൾ.
ഈ വരികൾ തുടക്കമായിട്ടെടുത്ത് ഞങ്ങൾ മൂന്നു പുസ്തകം നിറയെ കവിതകളെഴുതി.
പട്ടണത്തിനു പുറത്ത് ഒരു ഉങ്ങുമരത്തണലിൽ ഒരു ഭിക്ഷു ഏകാന്തജീവിതം നയിക്കുന്നുണ്ട്. ആ ഏകാന്തതയും സ്വസ്ഥതയും കണ്ടപ്പോൾ മറ്റൊരു കാലത്ത് മലമടക്കുകൾക്കിടയിൽ ഉങ്ങിൻകായ പെറുക്കിനടന്ന മറ്റൊരു ഭിക്ഷുവിനെ എനിക്കോർമ്മ വന്നു. ഞാൻ ഒരു കടലാസ്സെടുത്ത് ഇങ്ങനെ കുറിച്ചു:
ഇറയത്തു ബോധി പൂത്താലും
മാലോകർക്കതു കണ്ണിൽപ്പെടില്ല.
12. അസാക്കാ
തൊക്യൂവിന്റെ വീട്ടിൽ നിന്ന് പന്ത്രണ്ടു മൈൽ ചെന്നാൽ ഹിവാദ പട്ടണമായി; അതും കഴിഞ്ഞുപോയാൽ വഴിയോരത്തുതന്നെയായി അസാക്കാമല ഉയർന്നുനിൽക്കുന്നതു കാണാം. അതിനു ചുറ്റും വെള്ളക്കെട്ടുകളാണ്. കാത്‌സുമി എന്ന വിശേഷപെട്ട ഐറിസ്പൂക്കൾ പൂക്കുന്ന കാലമാണ്. പലരോടു ചോദിച്ചിട്ടും ആർക്കും അതിനെക്കുറിച്ച് ഒരു പിടിയുമില്ല. ആ വെള്ളക്കെട്ടു മുഴുവൻ 'കാത്‌സുമി?' 'കാത്‌സുമി?' എന്നു ചോദിച്ചുനടക്കുന്നതിനിടയിൽ സൂര്യൻ കുന്നുകൾക്കു പിന്നിൽ മറയുകയും ചെയ്തു.
പിന്നെ ഞങ്ങൾ നിഹോൺമാത്‌സുവിൽ വച്ച് വലത്തോട്ടു തിരിഞ്ഞ് കുറോസുകാഗുഹയും ഒന്നോടിച്ചുകണ്ട് ഫുകുഷിമായിലെത്തി രാത്രി അവിടെ തങ്ങി.
13. ഷിനോബു
അടുത്ത ദിവസം കാലത്ത് ഞങ്ങൾ ഷിനോബു എന്ന ഗ്രാമത്തിലേക്കു പോയി. അവിടെയുള്ള ഒരു കല്ലിന്മേൽ വിരിച്ചു ചായം പിടിപ്പിച്ചാണ് ഷിനോബു-സുരി എന്ന വിശേഷപ്പെട്ട തുണിത്തരം നിർമ്മിക്കുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ ഒരു കുന്നിനടിവാരത്ത് മണ്ണിൽ പാതി പൂണ്ടുകിടക്കുകയാണാ കല്ല്. ഞങ്ങൾക്കു വഴികാട്ടിയായി സ്വയംനിയുക്തനായിവന്ന കുട്ടി പറഞ്ഞതു പ്രകാരം പണ്ടത് കുന്നിന്റെ ഉച്ചിയിലായിരുന്നുവത്രെ. പക്ഷേ കല്ലു കാണാൻ വരുന്ന അന്യനാട്ടുകാർ ബാർലിച്ചെടികൾ നട്ടിരിക്കുന്നതു പറിച്ചെടുത്ത് കല്ലിന്മേലുരച്ച് ചായംപിടിപ്പിക്കൽ പരീക്ഷിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഈറപിടിച്ച് കല്ലുരുട്ടി താഴേക്കിട്ടുവത്രെ. അങ്ങനെ ഇപ്പോഴത് മണ്ണിൽ പുതഞ്ഞുകിടക്കുകയാണ്. ആ കഥ എനിക്കത്ര അവിശ്വസനീയമായി തോന്നിയതുമില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment