Monday, April 6, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ - 1


1. ആമുഖം

നിത്യതയുടെ പാതയിലെ യാത്രികരാണ്‌ ദിവസങ്ങളും മാസങ്ങളും; വന്നുപോകുന്ന വർഷങ്ങളും അതേവിധം. കടലിൽ തോണി തുഴഞ്ഞുപോകുന്നവരും കാലഭാരത്താൽ നിലം പറ്റുന്നിടത്തോളം കുതിരയെത്തെളിച്ചുപോകുന്നവരും ആയുസ്സിന്റെ ഓരോ നിമിഷവും യാത്രയിലത്രെ. വഴിയിൽക്കിടന്നു മരിച്ച പൗരാണികരും നിരവധി.

കാറ്റുപിടിച്ചോടുന്ന മേഘങ്ങൾ ഒരിക്കൽ എന്നിലെ സഞ്ചാരിയെ കുത്തിയിളക്കിവിട്ടു; അങ്ങനെ കടലോരം പറ്റി അലഞ്ഞുതിരിഞ്ഞുള്ള ഒരു യാത്ര കഴിഞ്ഞ്‌ ഞാൻ തിരിയെയെത്തിയത്‌ കഴിഞ്ഞ ശരൽക്കാലം ഒടുവോടുകൂടി മാത്രമാണ്‌. പുതുവർഷത്തിനു മുമ്പ്‌ സുമിദാപുഴയോരത്തുള്ള എന്റെ കുടിലിലെ മാറാലയടിക്കാനുള്ള നേരം കിട്ടിയെന്നു വേണമെങ്കിൽ പറയാം. അപ്പോഴേക്കും ആകാശത്തെ മൂടൽമഞ്ഞിലൊളിപ്പിച്ച്‌ വസന്തകാലത്തിന്റെ വരവായി. ഷിരിക്കാവാ അതിർത്തി കടക്കാനുള്ള പൂതി കൊണ്ട്‌ എനിക്ക്‌ ഇരിക്കപ്പൊറുതിയില്ലാതെയുമായി. ഈശ്വരന്മാർ എന്നെ ആവേശിച്ച്‌ അകം പുറം തിരിച്ചപോലെയായിരുന്നു. വഴിയോരക്കോവിലുകളിലിരുന്ന് ദേവന്മാർ എന്നെ മാടിവിളിക്കുകയാണ്‌. ഞാനെങ്ങനെ വീട്ടിനുള്ളിൽ ചടഞ്ഞുകൂടിയിരിക്കും.

അങ്ങനെ കീറിയ കാലുറകൾ തുന്നിയും വൈക്കോൽത്തൊപ്പിയുടെ തഴ മാറ്റിയും കാലുകളിൽ കുഴമ്പു തേച്ചുപിടിപ്പിച്ചും ഒരുക്കങ്ങൾ തുടങ്ങിയപ്പോൾത്തന്നെ ഞാൻ മത്‌സുഷിമാദ്വീപുകൾക്കു മേൽ ഉദിച്ചുയരുന്ന പൂർണ്ണചന്ദ്രനെ സ്വപ്നം കാണുകയുമായി. ഒടുവിൽ തൽക്കാലത്തേക്ക്‌ സമ്പുവിന്റെ വീട്ടിലേക്ക്‌ താമസം മാറ്റിയിട്ട്‌ ഞാൻ വീടു വിറ്റു. പഴയ വീടിന്റെ ഉമ്മറത്ത്‌ ഒരു മരത്തൂണിന്മേൽ ഒരു എട്ടുവരിക്കവിതയെഴുതിത്തൂക്കാൻ ഞാൻ മറന്നില്ല. തുടക്കം ഇങ്ങനെയായിരുന്നു:

ഒറ്റയ്ക്കൊരാൾ പാർത്ത
വാതിലിനു
പിന്നിൽ
ഇനി പാവകളുടെ മേളം.


2. പുറപ്പാട്‌

മാർച്ച്‌ ഇരുപത്തേഴാം തീയതി പുലർച്ചയ്ക്കാണ്‌ ഞാൻ യാത്ര തുടങ്ങിയത്‌. ഇരുട്ട്‌ തങ്ങിനിൽപ്പുണ്ടായിരുന്നു; വിളറിയ ചന്ദ്രക്കല മാഞ്ഞുകഴിഞ്ഞിരുന്നില്ല. ദൂരെ ഫ്യൂജിമലയുടെ മങ്ങിയ നിഴലും അരികത്തായി യുവെനോയിലേയും യനാക്കായിലേയും ചെറിപ്പൂക്കളും എനിക്കു യാത്ര വഴങ്ങുകയാണ്‌. ഈ കാഴ്ചകളൊക്കെ ഞാനിനി എന്നു കാണാൻ? എന്റെ ചങ്ങാതിമാർ തലേ രാത്രി ഒത്തുകൂടിയിരുന്നു; അവരും വഞ്ചിയിൽ ഞങ്ങളോടൊപ്പം വന്നു. സെൻജുകടവിൽ വച്ച്‌ തോണിയിറങ്ങുമ്പോൾപ്പക്ഷേ, മുന്നിലുള്ള മൂവായിരം മൈലിനെക്കുറിച്ചോർത്ത്‌ എന്റെ നെഞ്ചൊന്നു പിടഞ്ഞുപോയി. നഗരത്തിലെ വീടുകളും ചങ്ങാതിമാരുടെ മുഖങ്ങളും കണ്ണീരിന്റെ മൂടലിനുള്ളിലൂടെ ഒരു സ്വപ്നദൃശ്യം പോലെയേ എനിക്കു കാണാനായുള്ളു.

വസന്തം വിടചൊല്ലവെ
വിലാപിക്കുന്നു കിളികൾ,

ഈറനാണു മീൻകണ്ണുകൾ.


വിടപറയലിന്റെ ഓർമ്മയ്ക്കായി ഈ കവിതയുമെഴുതി ഞാൻ യാത്ര തുടങ്ങി; പക്ഷേ കാലുകൾ പിന്നോട്ടടിക്കുകയായിരുന്നു. എന്റെ ചങ്ങാതിമാരാകട്ടെ, കടവത്തു നിരന്നുനിന്ന് ഞങ്ങൾ കണ്ണിൽനിന്നു മറയുന്നതുവരെ യാത്രാമംഗളങ്ങൾ നേരുകയുമാണ്‌.


3. സോക്ക

അങ്ങു വടക്കുള്ള ഉൾനാടുകളിലേക്കു യാത്ര ചെയ്യാൻ ഈ പ്രായത്തിലാണൊരാൾക്കു പൂതി വന്നു! ലോകം ചുറ്റിവരുന്ന പോലെയാണത്‌! തലവെളുപ്പിക്കുന്ന ദുർഘടങ്ങൾ ഞാൻ നേരിടേണ്ടിവരുമെന്നതുറപ്പ്‌; പക്ഷേ കേട്ടറിവു മാത്രമുള്ള ദേശങ്ങൾ എനിക്കെന്റെ സ്വന്തം കണ്ണുകൾ കൊണ്ടു കാണാമല്ലോ. അന്നു സന്ധ്യയായതോടെ ഞങ്ങൾ സോക്കാഗ്രാമത്തിലെത്തി.

ഭാണ്ഡക്കെട്ടിന്റെ ഭാരം കാരണം എന്റെ തോളുകൾ ചുട്ടുനീറാൻ തുടങ്ങിയിരുന്നു. രാത്രിയിൽ മൂടിപ്പുതച്ചുറങ്ങാൻ ഒരു കടലാസ്സുചട്ട, പരുത്തി കൊണ്ടുള്ള ഒരു കിമോണോ, മഴയത്തു പിടിക്കാൻ ഒരു കുട, എഴുത്തുപകരണങ്ങൾ, ചങ്ങാതിമാർ സ്നേഹത്തോടെ തന്നുവിട്ട ചില ഉപഹാരങ്ങൾ ഇത്രയുമായിരുന്നു ഭാണ്ഡത്തിൽ. ഉടുത്ത മുണ്ടുമായി കൈവീശി നടക്കാനായിരുന്നു എനിക്കിഷ്ടമെങ്കിലും കുറേക്കാര്യങ്ങൾ എനിക്കു വലിച്ചെറിയാൻ പറ്റാത്തവയായിരുന്നു; ചിലത്‌ അവയുടെ ഉപയോഗം കൊണ്ടെങ്കിൽ മറ്റു ചിലത്‌ അവയോടുള്ള മമത കൊണ്ടും.


4. മുരോനൊയാഷിമ

യാഷിമായിലെ എരിയുന്ന കാവു കാണാൻ പോയി. എന്റെ തുണക്കാരനായ സോരാ പറഞ്ഞതു പ്രകാരം പൂക്കുന്ന മരങ്ങളുടെ അധിഷ്ഠാനദേവതയായ കൊനോഹനാ സകുയാ ഹിമേ ദേവിയെയാണിവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്‌. ഇതേ ദേവിയുടെ മറ്റൊരു പ്രതിഷ്ഠ ഫ്യൂജിമലയുടെ അടിവാരത്തുമുണ്ട്‌. തന്റെ ഗർഭത്തിൽക്കിടക്കുന്ന ശിശുവിന്റെ പിതൃത്വത്തെക്കുറിച്ച്‌ അപവാദം പരന്നപ്പോൾ ആ ദേവി ചുള്ളി മെടഞ്ഞ്‌. ചെളി തേച്ച ഒരറയ്ക്കുള്ളിൽ അടച്ചിരുന്ന് അതിനു തീകൊളുത്തിയത്രെ. അങ്ങനെ തീപ്പുര ഈറ്റില്ലമായ ആ ദേവശിശുവിന്‌ അഗ്നിജാതൻ എന്നു പേരുണ്ടായി; ഈ ക്ഷേത്രത്തിന്‌ തീപ്പുര എന്നർത്ഥത്തിൽ മുരോ-നൊയാഷിമ എന്ന പേരും വീണു. കവികൾ ഇവിടെ വന്നാൽ തീയും പുകയും വിഷയമായ കവിതകൾ എഴുതി സമർപ്പിക്കുന്ന ഒരു ചടങ്ങുണ്ട്‌. അതുപോലെ ഇവിടെയാരും കൊനോഷിരോ എന്ന പുള്ളിയുള്ള മീൻ കഴിക്കാറുമില്ല; പൊരിക്കുമ്പോൾ മനുഷ്യമാംസം കരിഞ്ഞ മണമാണതിന്‌.


5. നിക്കോ

മാർച്ച്‌ മുപ്പതാം തീയതി രാത്രി ഞങ്ങൾ നിക്കോ മലയുടെ അടിവാരത്തുള്ള ഒരു സത്രത്തിൽ തങ്ങി. താൻ അറിയപ്പെടുന്നത്‌ സത്യവാൻ ഗോസൈമോൺ എന്നാണെന്ന് സത്രമുടമ പറഞ്ഞു. ആളുകൾ അയാളെ വിളിക്കുന്നത്‌ അങ്ങനെയാണത്രെ. തന്റെ പേരു സാർത്ഥകമാക്കി നിർത്തുക എന്നതാണ്‌ അയാളുടെ ജന്മാഭിലാഷം. രാത്രിയിൽ നിശ്ചിന്തരായി ഉറങ്ങിക്കോളാൻ അയാൾ ഞങ്ങളോടു പറഞ്ഞു. ഈ ദുഷിച്ച ലോകത്ത്‌ രണ്ടു ഭിക്ഷാംദേഹികളെ തുണയ്ക്കാൻ ഏതൊരു ദേവനാണീ മനുഷ്യരൂപമെടുത്തു വന്നിരിക്കുന്നതെന്നു ഞാൻ ചിന്തിച്ചുപോയി. ഞാൻ അയാളെ സുസൂക്ഷ്മം നിരീക്ഷിച്ചു; ആൾ സൂത്രക്കാരനല്ലെന്നും വാശിയോടെയുള്ള ഒരുതരം സത്യസന്ധതയാണയാളുടെ ഗുണവിശേഷമെന്നും എനിക്കു ബോധ്യമായി. ഒരു സിദ്ധനു ചേർന്ന ആ നേരും നന്മയും നാമൊരിക്കലും അവജ്ഞയോടെ കാണരുത്‌. എന്തെന്നാൽ കണ്‍ഫൂഷൃസ് ഉപദേശിച്ചതരം പൂർണ്ണതയോടടുത്തുനിൽക്കുന്ന ഒന്നാണത്‌.

ഏപ്രിൽ പതിമൂന്നാം തീയതി ഞങ്ങൾ നിക്കോമല കയറി മുകളിലെ ക്ഷേത്രത്തിൽ പൂജകഴിച്ചു. ഈ മലയുടെ പഴയ പേര്‌ ഇരട്ട എന്നും കാട്‌ എന്നും അർത്ഥം വരുന്ന രണ്ടു ചൈനീസ്‌ അക്ഷരങ്ങൾ ചേർത്തുള്ള നി-കോ എന്നായിരുന്നു. പിൽക്കാലത്ത്‌ കുക്കായി എന്ന സന്യാസി ഇവിടെയൊരു ക്ഷേത്രം പണിതപ്പോൾ അത്‌ നിക്‌-കോ എന്നാക്കി: സൂര്യൻ എന്നും പ്രകാശം എന്നും അപ്പോൾ അർത്ഥം മാറി.ഒരായിരം കൊല്ലത്തിനിപ്പുറം വരാനുള്ളതു കാണാനുള്ള ദിവ്യദൃഷ്ടി കുക്കായിക്കുണ്ടായിരുന്നിരിക്കണം-ഇന്നാ ഗിരിവിഹാരം ഇന്നാട്ടിലെ സർവ്വക്ഷേത്രങ്ങളിലും വച്ചു പാവനമായതായി കൊണ്ടാടപ്പെടുന്നു; അവിടെനിന്നു പ്രസരിക്കുന്ന ധർമരശ്മിയാവട്ടെ, സർവ്വജനത്തിനും ശാന്തി നൽകി ലോകമെങ്ങും പരക്കുകയും ചെയ്യുന്നു. ഈ ക്ഷേത്രത്തെക്കുറിച്ച്‌ അധികമെന്തെങ്കിലും പറയുന്നത്‌ അതിന്റെ പാവനതയെ ധിക്കരിക്കലാവും.

ഹാ, ദിവ്യക്ഷേത്രമേ!
തെളിവെയിലിൽ
തളിരിലകൾ തിളങ്ങുന്നത്‌
ഞാൻ കണ്ടുനിൽക്കുന്നു.


ദൂരെ കുരാകാമിമല നിൽക്കുന്നത്‌ മൂടൽമഞ്ഞിനുള്ളിലൂടെ കാണാമായിരുന്നു. കാക്കക്കുടുമ എന്നാണാ പേരിന്റെ പൊരുളെങ്കിലും മഞ്ഞുവെളുത്തുനിൽക്കുകയാണത്‌. സോറാ ഇങ്ങനെയൊരു കവിതയെഴുതി:

മുടി പറ്റെവെട്ടി

ഉടയാട മാറ്റി

കാക്കക്കുടുമ ഞാൻ കേറി .


എന്റെ കൂട്ടുയാത്രക്കാരന്റെ ശരിക്കുള്ള പേർ കവായി സോഗോറോ എന്നായിരുന്നു; സോറാ എഴുത്തുപേരും. എന്റെ അയൽക്കാരനായ ഇദ്ദേഹം വെള്ളം കോരുക, വിറകു വെട്ടുക എന്നിങ്ങനെയുള്ള പണികൾ ചെയ്ത്‌ എനിക്കൊരു സഹായമായിരുന്നു. മത്‌സുഷിമായിലേയും കിതാഗാവയിലേയും കാഴ്ചകൾ കാണുക എന്നത്‌ അയാളുടെ എക്കാലത്തെയും വലിയൊരാഗ്രഹമായിരുന്നു; കൂടെ അലഞ്ഞയാത്രയുടെ ദുരിതങ്ങൾ എന്നോടൊപ്പം പങ്കിടാനും. അങ്ങനെ ഞാൻ യാത്രപുറപ്പെട്ട അന്നുകാലത്ത്‌ തല മുണ്ഡനം ചെയ്ത്‌, ഒരു പരിവ്രാജകനെപ്പോലെ കറുപ്പും ധരിച്ച്‌, തന്റെ പേരു പോലും സോഗോ(ജ്ഞാനി എന്നർത്ഥം) എന്നു മാറ്റി എന്നോടൊപ്പമിറങ്ങിയതാണയാൾ. അതുകൊണ്ടുതന്നെ അയാളുടെ കവിതയെ കുരാകാമിമലയുടെ വെറുമൊരു വർണ്ണനയെന്നല്ല പറയേണ്ടത്‌.

ക്ഷേത്രം വിട്ട്‌ ഒരറുനൂറടി നടന്നുകാണും, ഒരു വെള്ളച്ചാട്ടത്തിനടുത്തെത്തി. മലവരമ്പിലെ ഒരു ഗുഹയ്ക്കു മുകളിൽനിന്ന് എത്രയോ താഴ്ചയിലുള്ള ഒരു തടാകത്തിലേക്കെടുത്തുചാടുകയാണത്‌. പാറകൾക്കിടയിലിരുന്നാൽ വെള്ളച്ചാട്ടത്തിന്റെ പിൻകാഴ്ചയുമാവാം. അങ്ങനെ ഉരാമി-നോ-ടാകി (പിന്നിൽക്കണ്ട ജലപാതം) എന്ന് അതിനു പേര്‌.

ജലപാതത്തിനു പിന്നിൽ
ഒരു നിമിഷം-

വേനൽച്ചടങ്ങുകളിൽ
ഒന്നാമത്തേത്‌.

1 comment:

പാവപ്പെട്ടവന്‍ said...

കാറ്റുപിടിച്ചോടുന്ന മേഘങ്ങൾ ഒരിക്കൽ എന്നിലെ സഞ്ചാരിയെ കുത്തിയിളക്കിവിട്ടു;
വളരെ ഹൃദയമായ വരികള്‍ ഒഴുക്കുള്ള എഴുത്ത്
ആശംസകള്‍