Sunday, April 12, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -5



14. സതോഷോജി

ത്‌സുകി-നോ-വാ (ചന്ദ്രവലയം എന്നർത്ഥം) കടവത്ത്‌ പുഴയും കടന്ന് ഞങ്ങൾ പിന്നെയെത്തിയത്‌ സെ-നെ-യുവെ പട്ടണത്തിലാണ്‌. ഇവിടെനിന്ന് മൂന്നര മൈൽ നടന്നാൽ ഇടതുഭാഗത്തുള്ള മലയുടെ അടിവാരത്തായി സതോ എന്ന വീരയോദ്ധാവിന്റെ ഇടിഞ്ഞുപൊളിഞ്ഞ ഭവനഠിലെത്താം. ഐസുകാ ഗ്രാമത്തിലുള്ള സബാ തുറസ്സിലാണത്‌. ഞങ്ങൾ വഴി ചോദിച്ചുചോദിച്ചുപോയി. ഒടുവിൽ മാരുയാമാ(വട്ടക്കുന്ന്) എന്നു വിളിക്കുന്ന സ്ഥലത്തെത്തി. ആ വീരന്റെ വീടു നിന്നിരുന്നതിവിടെയാണ്‌. മലയുടെ അടിവാരത്തായി പടിപ്പുര തകർന്നുകിടക്കുന്നതു കണ്ടപ്പോൾ ഞങ്ങളുടെ നെഞ്ചു പൊട്ടിപ്പോയി.

അടുത്തുള്ള പഴയൊരമ്പലപ്പറമ്പിൽ ആ തറവാടിന്റെ കുഴിമാടങ്ങൾ അപ്പോഴും കാണാനുണ്ട്‌. സതോസഹോദരന്മാരുടെ യുവതികളായ ഭാര്യമാരുടെ ശവമാടങ്ങൾ കണ്ടപ്പോൾ എന്റെ അകം നൊന്തു. ഭർത്താക്കന്മാർ മരിച്ചുവീണപ്പോൾ അവരുടെ കനത്ത പോർച്ചട്ടയുമണിഞ്ഞ്‌ പോരിനു പോകാനുള്ള ഊറ്റം അവർ കാണിച്ചുവല്ലോ. സ്ത്രീകളായാലെന്താ, അവരുടെ ധൈര്യം മറവിയിൽപ്പെടാൻ പോകുന്നില്ല. ഞാൻ വിങ്ങിപ്പൊട്ടിപ്പോയി. നിങ്ങളെ കരയിപ്പിക്കുന്ന ഒരു കുഴിമാടം കാണാൻ ദൂരനാട്ടിലേക്കു പോകണമെന്നില്ല.

അമ്പലത്തിലെ ഈടിരിപ്പുകളിൽ യോഷിത്‌സുനേയുടെ വാളും അദ്ദേഹത്തിന്റെ ഭൃത്യൻ ബങ്കൈ മുതുകത്തു വഹിച്ചുകൊണ്ടുനടന്നിരുന്ന ചൂരൽ മെടഞ്ഞ കൂടയും കണ്ടു.

ഉത്സവനാളൂറ്റത്തോടെ കാട്ടാൻ
കടലാസുതോരണങ്ങൾക്കൊപ്പം
വാളും കൂടയും.


15. ഐസുക

അന്നു രാത്രി ഐസുകയിൽ തങ്ങി. അടുത്തുള്ള ഒരു ചുടുനീരുറവയിൽ കുളിയും കഴിച്ച്‌ ഞങ്ങൾ ഒരു സത്രത്തിൽച്ചെന്നു മുറിയെടുത്തു. വൃത്തികെട്ട ഒരു സ്ഥലം; അടിച്ചുവാരാത്ത മൺതറയിൽ പരുക്കൻ പുൽപ്പായകൾ വിരിച്ചിരിക്കുന്നു. ഒരു വിളക്കെടുക്കാനില്ലാത്തതിനാൽ നെരുപ്പോടിന്റെ മങ്ങിയ വെട്ടത്തിലാണ്‌ ഞങ്ങൾ കിടക്ക വിരിച്ചത്‌. പാതിരാത്രിയായപ്പോൾ ഇടിവെട്ടി മഴപെയ്തു; ഞങ്ങൾ കിടക്കുന്നതിനു നേരേ മുകളിലായി പുര ചോർന്നൊലിക്കാൻ തുടങ്ങി. അതിന്റെ കൂടെ കൊതുകിന്റെയും മൂട്ടയുറ്റെയും ആക്രമണം കൂടിയായപ്പോൾ ഒരുപോള കണ്ണടച്ചില്ല. പുറമേ പഴയൊരു വ്യാധി വീണ്ടും തല പൊക്കുകയും ചെയ്തു.

വല്ലവിധേനയും ആ രാത്രിയൊന്നു കഴിഞ്ഞുകിട്ടിയപ്പോൾ ഞങ്ങൾ കുതിരകളെ വാടകയ്ക്കെടുത്ത്‌ കോറി എന്ന പട്ടണത്തിലേക്കു യാത്ര തിരിച്ചു. ഇനിയും ആയിരക്കണക്കിനു മൈൽ പോകാനുള്ളപ്പോൾ അസുഖം ബാധിച്ചു കിടപ്പിലായിപ്പോകുമോയെന്നുള്ള ഭീതി എന്നെ അലട്ടാൻ തുടങ്ങി. എന്നാലും ഞാൻ സ്വയം ധൈര്യപ്പെടുത്തി: വിദൂരദേശത്തേക്കുള്ള ഈ യാത്രയ്ക്കു ഞാനൊരുങ്ങിപ്പുറപ്പെട്ടത്‌ സ്വന്തമായിട്ടുള്ളതൊക്കെ ഉപേക്ഷിച്ചും ജീവിതത്തിന്റെ നശ്വരതയെ നേരിൽക്കാണാനുറച്ചും തന്നെയാണല്ലോ. വഴിയരികിൽക്കിടന്ന് ഒരു യാചകനെപ്പോലെ മരിക്കേണ്ടിവന്നാൽ അതാണെന്റെ വിധിയെന്നു ഞാൻ സമാധാനിക്കുകയാണു വേണ്ടത്‌. അതോടെ എന്റെ മനക്ഷോഭം ഒന്നടങ്ങി; ഒക്കിഡോ കവാടം ഞാൻ കടന്നത്‌ ചുവടുറപ്പിച്ചുതന്നെയാണ്‌.

No comments: