Monday, April 13, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -6



16. കസാജിമ

അബുമിസിരി, ഷിരോയിഷി എന്നീ ദുർഗ്ഗനഗരങ്ങളും പിന്നിട്ട്‌ കസാഷിമാ പ്രവിശ്യയിലെത്തി ഞങ്ങൾ ഫ്യുജിവാരാ തറവാട്ടിൽപ്പെട്ട സനേകേതാപ്രഭുവിനെ അടക്കിയിരിക്കുന്നതെവിടെയാണെന്നന്വേഷിച്ചു. ദൂരെ വലതുഭാഗത്തായിക്കാണുന്ന കുന്നുകൾക്കടിയിലായി മിനോവ,കസാഷിമ എന്നീ ഗ്രാമങ്ങളുണ്ടെന്നും അവിടെച്ചെന്നാൽ 'വീഥികളുടെ ദേവനെ' പ്രതിഷ്ഠിച്ച ക്ഷേത്രം കാണാമെന്നും നാട്ടുകാർ പറഞ്ഞു. കുതിരപ്പുറത്തു പോകുമ്പോൾ ആ ദേവനെ മാനിക്കാതെ പോയതിനു ശിക്ഷയായിട്ടാണ്‌ സനേകത കുതിരപ്പുറത്തു നിന്നു വീണു മരിച്ചത്‌. ക്ഷേത്രത്തിനടുത്തായി അദ്ദേഹത്തിന്റെ കുഴിമാടം പുല്ലുമൂടിക്കിടപ്പുണ്ട്‌. ആ വഴി പോകണമെന്ന് എനിക്കു മനസ്സൂണ്ടായിരുന്നുവെന്ന് പറയേണ്ടല്ലോ. പക്ഷേ പുതുമഴ പെയ്ത്‌ ചെളി കുഴഞ്ഞുകിടക്കുന്ന വഴിയും എന്റെ ശാരീരികാവസ്ഥയും കൂടി എനിക്കു തടയിടുകയായിരുന്നു. മഴക്കുപ്പായത്തെയും കുടയെയും ഓർമ്മിപ്പിക്കുന്ന ആ നാട്ടുപേരുകൾ മഴക്കാലത്തിനെത്രയും യോജിച്ചവ തന്നെ.

മഴക്കാലത്തെ ചെളി കുഴഞ്ഞ വഴിയിലൂടെ
എത്രദൂരം നടക്കണം ഞാൻ

കസാജിമായിലെത്താൻ?


രാത്രിയിൽ ഞങ്ങൾ ഐവാനുമായിൽ തങ്ങി.


17. തകെകുമാ

തകേകുമായിലെ പേരുകേട്ട പൈൻമരം കണ്ണിൽപ്പെട്ടപ്പോൾ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പഴയകാലകവികൾ വർണ്ണിച്ചിരിക്കുന്നപോലെത്തന്നെ തറനിരപ്പിനു തൊട്ടുമുകളിലായി രണ്ടായി പിരിഞ്ഞുപോയിരിക്കുകയാണത്‌. എനിക്കപ്പോൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവി നൊയീനെ ഓർമ്മവന്നു. ആ പ്രവിശ്യയിൽ പുതുതായി വന്ന അധികാരി ആ പൈൻമരം മുറിച്ച്‌ നതോരി പുഴയിൽ പണിയുന്ന പാലത്തിന്റെ തൂണുകളാക്കിയത്രെ. 'പൈൻമരത്തിൻ പാടൊന്നുമില്ല' നൊയീൻ എഴുതുന്നു. പക്ഷേ ഓരോ തവണ വെട്ടിവീഴ്ത്തുമ്പോഴും അവിടെത്തന്നെ പുതിയതൊന്ന് പൊട്ടിമുളയ്ക്കുകയും ചെയ്യും. എന്റെ ഭാഗ്യത്തിന്‌ ആയിരം കൊല്ലത്തിനു ശേഷം ഇതാദ്യമായി പൈൻമരം അതിന്റെ പൂർവരൂപം പ്രാപിച്ചിരിക്കുന്നു. ഒരു പൈൻമരത്തിനുള്ളതായി സങ്കൽപ്പിക്കാവുന്ന ഏറ്റവും മനോഹരമായ രൂപം. ഞാൻ യാത്ര പുറപ്പെടുമ്പോൾ ക്യൊഹാകു ഇങ്ങനെയൊരു കവിതയാണു ചൊല്ലിയത്‌:

കാലം വൈകിയ ചെറിപ്പൂക്കളേ,
തകേകുമായിലെ പൈൻമരം

എന്റെ ഗുരുവിനെ കാണിക്കുമാറാകണം.


അതിനു മറുപടിയായി തകേകുമായിൽ നിന്നുകൊണ്ട്‌ ഞാൻ ഈ കവിതയെഴുതി:
ചെറി പൂത്തതിൽപ്പിന്നെ
മൂന്നു ചന്ദ്രന്മാരെ കണ്ടു ഞാൻ;

അതിന്നൊടുവിൽ
പൈൻമരവും കണ്ടു ഞാൻ.

18. സെൻഡായ്‌

അതോരിപുഴയും കടന്ന് ഞങ്ങൾ സെൻഡായ്‌ പട്ടണത്തിലെത്തി. ആളുകൾ പുരയിറയത്ത്‌ ഐറിസ്പൂക്കൾ തുക്കിയിടുന്ന വിശേഷദിവസമാണന്ന്. ഞങ്ങൾ ഒരു സത്രം തേടിപ്പിടിച്ച്‌ നാലഞ്ചു ദിവസത്തേക്കു മുറിയെടുത്തു.

സെൻഡായിയിൽ കെയ്മോൺ എന്നു പേരായി ഒരു ചിത്രകാരനുണ്ടായിരുന്നു. ആൾ ഒരു കവിയാണെന്നും കേട്ടിരുന്നതിനാൽ ഞാൻ അയാളെ തേടിപ്പിടിക്കാൻ പ്രത്യേകശ്രമം തന്നെ നടത്തി. പഴയകാലകവിതകളിൽ പരാമൃഷ്ടമായിട്ടുള്ള പല സ്ഥലങ്ങളും ഇന്നു വിസ്മൃതിയിലായിപ്പോയിട്ടുണ്ടെങ്കിലും മിക്കതും താൻ മനസ്സിലാക്കിവച്ചിട്ടുള്ളതായി അയാൾ പറഞ്ഞു. ഒരു ദിവസം അയാൾ ഞങ്ങളെയും കൂട്ടി ആ സ്ഥലങ്ങൾ കാണാൻ പോയി. പൂക്കാൻ തയാറായിനിൽക്കുന്ന പയർച്ചെടികൾ നിറഞ്ഞ മിയാഗി പാടത്തിലേക്കാണ്‌ ഞങ്ങൾ ആദ്യം പോയത്‌. ശരൽക്കാലത്ത്‌ അതെത്ര മനോഹരമായിരിക്കുമെന്ന് എനിക്കൂഹിക്കാവുന്നതേയുള്ളു. തമാദാ,യൊകോനോ,അസീലിയാ കുന്നുകൾ വെള്ളയരളിപ്പൂക്കളെക്കൊണ്ടു മൂടിയിരിക്കുന്നു. അവിടെ നിന്നു ഞങ്ങൾ പോയത്‌ സൂര്യപ്രകാശം കടന്നുചെല്ലാത്ത ഒരു പൈൻമരക്കാട്ടിലേക്കാണ്‌; എന്നും ഈറനിറ്റുന്ന ആ വനപ്രകൃതി പണ്ടുകാലത്തേ കവിതയ്ക്കു വിഷയമായിരിക്കുന്നു. ഒരു കവി എഴുതിയിരിക്കുകയാണ്‌:

ഹേ മനുഷ്യാ,
കാടു കാണാൻ പോകുമ്പോൾ

നിന്റെ പ്രഭുവിനൊരു കുട ചൂടിക്കൊടുക്കൂ!


സന്ധ്യയാകുന്നതിനു മുൻപ്‌ ഞങ്ങൾ മടങ്ങി; പോരുംവഴി ഭിഷഗ്വരന്മാരുടെ ദേവനായ യാകുഷിയുടെ ക്ഷേത്രത്തിലും ഒരു തെൻജിൻ വിഹാരത്തിലും കയറി.

പിരിയുമ്പോൾ കെയ്മോൺ താൻ വരച്ച മത്‌സുഷിമായിലേയും ഷിയോഗാമായിലേയും ദൃശ്യങ്ങൾ ഞങ്ങൾക്ക്‌ ഉപഹാരമായി നൽകി. കൂടെ ഐറിസ്‌നീലം മുക്കിയ വാറുകൾ പിടിപ്പിച്ച ഓരോ ജോഡി ചെരുപ്പും. അയാളുടെ യഥാർത്ഥപ്രകൃതി ആ വൈക്കോൽചെരുപ്പുകളിലാണു ഞാൻ കണ്ടെത്തിയത്‌.

കാലടികളിൽ ഐറിസ്‌ പൂത്ത പോലെ-
നീലവാറു കെട്ടിയ പാദരക്ഷകൾ!

No comments: