Wednesday, April 8, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -2


6. നാസു

നാസു പ്രവിശ്യയിൽപ്പെട്ട കുരോബാനേ എന്ന ദേശത്ത്‌ എന്റെ ഒരു പരിചയക്കാരൻ താമസമുണ്ട്‌. പരന്നുകിടക്കുന്ന ഒരു പുൽമേടിനപ്പുറത്താണാ സ്ഥലം. അങ്ങകലെയായിക്കണ്ട ഒരു ഗ്രാമത്തിന്റെ ലക്ഷ്യം പിടിച്ച്‌ ഞങ്ങൾ പുൽമേടു മുറിച്ചുനടന്നു. പക്ഷേ അധികം ചെല്ലുന്നതിനു മുമ്പ്‌ മഴ പെയ്യാൻ തുടങ്ങി; ഇരുട്ടും വന്നുമൂടി. രാത്രിയിൽ ഒരു കൃഷിക്കാരന്റെ കളത്തിൽ തങ്ങിയിട്ട്‌ പിറ്റേന്നു കാലത്ത്‌ ഞങ്ങൾ വീണ്ടും യാത്രയായി. പുല്ലും വകഞ്ഞ്‌ അങ്ങനെ നടക്കുമ്പോൾ വഴിവക്കിലായി ഒരു കുതിര മേഞ്ഞുനിൽക്കുന്നതു കണ്ണിൽപ്പെട്ടു; ഒരു കൃഷിക്കാരൻ അരികത്തിരുന്നു പുല്ലരിയുന്നു. ഞങ്ങൾ അടുത്തുചെന്ന് വഴിചോദിച്ചു. ആൾ വെറുമൊരു നാട്ടുമ്പുറത്തുകാരനായിരുന്നെങ്കിലും ദാക്ഷിണ്യമുള്ളയാളായിരുന്നു. 'അയ്യയ്യോ!' തല ചൊറിഞ്ഞുകൊണ്ട്‌ അയാൾ പറഞ്ഞു. 'കുറേ വഴികൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്‌. നിങ്ങളെപ്പോലെ പുതിയൊരാൾക്ക്‌ വഴിപിണഞ്ഞുപോകും. ഒരു കാര്യം ചെയ്യൂ, എന്റെയീ കുതിരയെ കൊണ്ടുപൊയ്ക്കോളൂ. അവന്‌ ഈ വഴിയൊക്കെ നല്ല പരിചയമാണ്‌.'

അങ്ങനെ ഞങ്ങൾ ആ കുതിരപ്പുറത്തു കയറി യാത്ര തുടർന്നു. ഈ സമയത്ത്‌ രണ്ടു കൊച്ചുകുട്ടികൾ പിന്നാലെ ഓടിക്കൊണ്ടുവന്നു. അതിൽ പെൺകുട്ടിയുടെ പേര്‌ കസാനെ (രണ്ടിതള്‍ ) എന്നായിരുന്നു. അസാധാരണമെങ്കിലും ചേതോഹരമായിത്തോന്നി എനിക്കാപ്പേര്‌. അവളെക്കുറിച്ച്‌ സോറാ ഒരു കവിതയുമെഴുതി:

കസാനേ, നിനക്കു പേര്‌
രണ്ടിതളെന്നാണെങ്കിൽ

ചേരുമാപേരുതന്നെ
കാട്ടുപാടലപ്പൂവിനും.

അധികം ചെല്ലുന്നതിനു മുമ്പുതന്നെ ഞങ്ങൾ ഒരു കുടിയിരുപ്പിലെത്തിച്ചേർന്നു. ജീനിയിൽ ചെറിയൊരു പണക്കിഴിയും കെട്ടിത്തൂക്കി കുതിരയെ മടക്കി അയക്കുകയും ചെയ്തു.

7. കുരോബാനെ

കുരോബാനെ പട്ടണത്തിൽ സുരക്ഷിതരായി എത്തിച്ചേർന്നു. ജോബോജി എന്ന ചങ്ങാതിയെ പോയിക്കണ്ടു. ആൾ അക്കാലം കുരോബാനെ പ്രഭുവിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ വീടിനു കാവലാണ്‌. തീരെ പ്രതീക്ഷിച്ചിരിക്കാതെ ഞങ്ങളെ കണ്ടപ്പോൾ അയാളുടെ സന്തോഷം ഇത്രയെന്നു പറയാനില്ല. പകലു മുഴുവനും രാത്രി വൈകുവോളവും ഞങ്ങളിരുന്നു സംസാരിച്ചു. അയാളുടെ ഇളയ സഹോദരനായ തൊസൂയി തരം കിട്ടുമ്പോഴൊക്കെ എന്നോടു സംസാരിക്കാൻ വരും. ഒരുദിവസം അയാൾ എന്നെ തന്റെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എന്നെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

മറ്റൊരുദിവസം ഞങ്ങൾ പട്ടണത്തിനു പുറത്തേക്ക്‌ ഒരു യാത്ര പോയി. പഴയൊരു വേട്ടപ്പറമ്പിന്റെ അവശിഷ്ടങ്ങൾ ഞങ്ങളവിടെ കണ്ടു. പണ്ടുകാലത്ത്‌ കുതിരപ്പടയാളികൾ ഓടുന്ന നായ്ക്കൾക്കു മേൽ മുനയില്ലാത്ത കണകളെയ്ത്‌ അമ്പെയ്ത്തു പരിശീലിച്ചിരുന്നതിവിടെയാണത്രെ. അവിടെനിന്നു ഞങ്ങൾ നാസുവിലെ പേരുകേട്ട ഇഞ്ചിപ്പുൽപ്പാടവും താണ്ടി, തമാമോപ്രഭ്വിയുടെ പുരാതനമായ ശവമാടവും കണ്ട്‌ യുദ്ധദേവനായ ഹാച്ചിമാനെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ ദർശനത്തിനു പോയി. നാസുവിലെ യോജിയ്യി എന്ന വീരൻ ആഴക്കടലിൽ ഒഴുകിനടക്കുന്ന നൗകയുടെ പാമരത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒറ്റവിശറിയിന്മേൽ അമ്പെയ്തുകൊള്ളിക്കാനൊരുങ്ങുമ്പോൾ നെഞ്ചത്തു കൈവച്ചുകൊണ്ട്‌ പ്രാർത്ഥിച്ചത്‌ ഈ ദേവനോടാണത്രെ. ആ കഥ കേട്ട്‌ ഞങ്ങളുടെ ഉള്ളുവിങ്ങിപ്പോയി. ഇരുട്ടു വീണപ്പോൾ ഞങ്ങൾ തോസൂയിയുടെ വീട്ടിലേക്കു മടങ്ങി.

ഷൂഗെൻസമ്പ്രദായക്കാരുടെ കൊമ്യോ-ജി എന്നൊരു ക്ഷേത്രം അവിടെത്തന്നെയുണ്ടായിരുന്നു. അവരുടെ ആദിമാചാര്യന്റെ സമാധി അവിടെയാണ്‌; അദ്ദേഹത്തിന്റെ മെതിയടികൾക്കു മുന്നിൽ ഞാൻ സാഷ്ടാംഗം നമസ്കരിച്ചു.

മലകളിൽ വേനൽ മൂക്കുന്നു-
യാത്ര തുടങ്ങുന്ന ഞങ്ങൾക്ക്‌

ദിവ്യപാദുകങ്ങളേ,
തുണയാവണം.



8. ഉൻഗാൻജി

ഇതേ പ്രവിശ്യയിൽത്തന്നെയുള്ള ഉൻഗാൻജി എന്നു പേരായ ഒരു സെൻദേവാലയത്തിനു പിന്നിലുള്ള മലയിൽ എന്റെ ഗുരു ബുറ്റ്ച്ചോ കുറേക്കാലം ഒരാശ്രമം കെട്ടി താമസിച്ചിരുന്നു. ആശ്രമവളപ്പിലെ ഒരു പാറക്കല്ലിൽ പൈൻമരക്കരി കൊണ്ട്‌ താൻ ഇങ്ങനെയൊരു കവിതാശകലം കുറിച്ചിട്ടുള്ളതായി ഗുരു എന്നോടൊരിക്കൽ പറഞ്ഞിരുന്നു:

അഞ്ചടിച്ചതുരത്തിൽ
പുല്ലുമേഞ്ഞതെന്നാശ്രമം;
മഴച്ചാറലില്ലെങ്കിൽ
ഇതുമെനിക്കാഡംബരം.

ആശ്രമം ശേഷിപ്പുണ്ടോയെന്നറിയാൻ എനിക്കൊരാഗ്രഹം തോന്നി. അതിനാൽ ഞാൻ അങ്ങോട്ടു യാത്രയായി. കുറേ ചെറുപ്പക്കാരും എനിക്കൊപ്പം വന്നു. അവരുടെ പ്രസരിപ്പു നിറഞ്ഞ വർതമാനം കാരണം സ്ഥലമെത്തിയതറിഞ്ഞില്ല. പൈൻമരങ്ങളും ദേവതാരങ്ങളും മുറ്റിവളർന്നുനിൽക്കുന്ന ഇരുണ്ട കാടിനുള്ളിലൂടെ ഒരു വഴിത്താര പോകുന്നുണ്ട്‌. പന്നൽച്ചെടികൾ ഈറനിറ്റുന്നു. വേനൽത്തുടക്കമായിട്ടും കുളിരു മാറിയിട്ടില്ല. ഒരു പാലവും കടന്ന് ഞങ്ങൾ അമ്പലപ്പടിക്കലെത്തി. ആശ്രമം കാണാനുള്ള വ്യഗ്രതയോടെ ഞാൻ ക്ഷേത്രത്തിനു പിന്നിലുള്ള കുന്നിൽ അള്ളിപ്പിടിച്ചുകയറി. വലിയൊരു പാറയുടെ മുകളിൽ ഒരു ഗുഹാദ്വാരത്തിനോടു ചേർത്തുകെട്ടിവച്ചിരിക്കുകയാണ്‌ ചെറിയൊരു കുടിൽ. ചൈനയിലെ മിയാവോഭിക്ഷുവിന്റെ ആശ്രമത്തിനു മുന്നിലോ, അതല്ല ഫായുൻഭിക്ഷുവിന്റെ കല്ലറയ്ക്കു മുന്നിലോ ആണ്‌ ഞാൻ നിൽക്കുന്നതെന്ന് എനിക്കു തോന്നിപ്പോയി. അപ്പോൾത്തോന്നിയ ഒരു കവിത ഞാനാ കുടിലിന്റെ മരത്തൂണിൽ കോറിയിട്ടു:

നന്നായി മരംകൊത്തീ!
നീയീ മരം
തൊട്ടില്ലല്ലോ!

No comments: