Saturday, April 18, 2009

ബഷോ - വടക്കുദിക്കിലെ ഉൾനാടുകളിലേക്ക്‌ ഊടുവഴികളിലൂടെ -8


21. മത്‌സുഷിമ

മത്‌സുഷിമാദ്വീപുകളിലെ അതിശയദർശനങ്ങളെക്കുറിച്ച്‌ ആരൊക്കെ എന്തൊക്കെ പറഞ്ഞിരിക്കുന്നു! അതിൽക്കവിഞ്ഞൊരു പുകഴ്ത്തൽ സാധ്യമാണെങ്കിൽ ഞാൻ പറയുക, ഇത്രയും ഭംഗിയുള്ള മറ്റൊരിടം നിപ്പണിലുണ്ടാവില്ല എന്നായിരിക്കും. എന്നുതന്നെയല്ല, ചൈനയിലെ ടുങ്ങ്‌-ടിംഗ്‌ തടാകത്തിനും സീ തടാകത്തിനും കിടപിടിക്കുന്നതുമാണത്‌. മൂന്നര മൈൽ നീളത്തിലും വീതിയിലുമുള്ള ഒരുൾക്കടലിലാണ്‌ ഈ ദ്വീപുകളുടെ സ്ഥാനം.

ദ്വീപുകൾ എണ്ണിയാലൊടുങ്ങാത്തവയാണ്‌: ചിലത്‌ ആകാശത്തേക്കു കൈചൂണ്ടുന്ന വിരലുകൾ പോലെ; മറ്റു ചിലത്‌ തിരമാലകൾക്കു മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു; ചിലത്‌ ഒന്നിനു മേലൊന്നായി അട്ടിയിട്ടുകിടക്കുന്ന പോലെ; ചിലത്‌ കുഞ്ഞുങ്ങളെ ഒക്കത്തെടുത്ത അമ്മമാരെപ്പോലെ; മറ്റുചിലത്‌ പേരക്കുട്ടികളെ കൈപിടിച്ചുനടത്തുന്ന മുത്തശ്ശന്മാരെപ്പോലെ.

പൈൻമരങ്ങൾക്കാകട്ടെ എത്രയും കടുത്ത പച്ചനിറം. അവയുടെ ചില്ലകൾ നിലയ്ക്കാത്ത കടൽക്കാറ്റേറ്റ്‌ ചാരുതയാർന്ന രൂപങ്ങൾ കൈവരിച്ചിരിക്കുന്നു.എന്തിനു വിസ്തരിക്കണം, സുന്ദരിയായ ഒരു സ്ത്രീ ചമയങ്ങളണിഞ്ഞപോലെത്തന്നെ.

ദേവയുഗത്തിൽ പർവ്വതങ്ങളുടെ ദേവനാണോ ഇങ്ങനെയൊരു സൗൻദര്യസൃഷ്ടി നടത്തിയത്‌? ആ ഗംഭീരമായ ഐശ്വരഭാവനയെ വാക്കിലോ വരയിലോ പകർത്താൻ ആര്‍ക്കു കഴിയും?

ഞങ്ങൾ ചെന്നിറങ്ങിയ ഓജിമ കടലിലേക്കുന്തിനിൽക്കുന്ന ഒരു മുനമ്പാണ്‌. ഉൻഗോ എന്ന സെൻഗുരു ശിഷ്ടകാലം നയിച്ചതിവിടെയാണ്‌; അദ്ദേഹം ധ്യാനത്തിലിരിക്കാറുള്ള ശിലാഖണ്ഡവും ഞങ്ങൾ കണ്ടു. പൈൻമരങ്ങൾക്കിടയിൽ അവിടവിടെയായി ചെറുകുടിലുകൾ ചിതറിക്കിടക്കുന്നതും അവയിൽ നിന്ന് നേർത്തുനീലിച്ച പുകച്ചുരുളുകളുയരുന്നതും ഞങ്ങളുടെ കണ്ണിൽപ്പെട്ടു. ഏതുതരം ആൾക്കാരാണവയിൽ താമസമുണ്ടാവുക എന്നു ഞാൻ ആലോചിച്ചുനിന്നുപോയി. ഏതോ വശീകരണത്തിനടിപ്പെട്ടപോലെ ഞാൻ അതിലൊന്നിനു നേർക്കു നടക്കാനൊരുങ്ങുമ്പോളതാ, എന്നെത്തടയാനെന്നപോലെ ഇരുൾ വീണ കടലിനുമേൽ വെളിച്ചം വിതറിക്കൊണ്ട്‌ ചന്ദ്രൻ ഉദിച്ചുയരുകയും പകൽവെളിച്ചത്തിൽക്കണ്ടതിനെ അതു മാറ്റിമറിക്കുകയും ചെയ്തു.

ഉൾക്കടലിന്റെ കാഴ്ച കിട്ടുന്ന ഒരു സത്രത്തിൽ ഞങ്ങൾ മുറിയെടുത്തു. മുകളിലത്തെ നിലയിൽ എല്ലാ ജനാലകളും തുറന്നിട്ടുകൊണ്ട്‌ ഞാൻ ഉറങ്ങാൻ കിടന്നു. ഇരമ്പുന്ന കാറ്റിനും പായുന്ന മേഘങ്ങൾക്കുമിടയിൽ അങ്ങനെ കിടക്കുമ്പോൾ ഇതേവരെ പരിചയിച്ച ഒരു ലോകത്തിൽ നിന്നു ഭിന്നമായ മറ്റൊന്നിലാണു ഞാനിപ്പോളെന്ന് എനിക്കു തോന്നിപ്പോയി. സോറാ എഴുതി:

മത്‌സുഷിമാദ്വീപുകൾ
പറന്നുതീർക്കാൻ

കുഞ്ഞിക്കുയിലേ
നിനക്കു വേണം
കൊറ്റിച്ചിറകുകൾ!


പതഞ്ഞുയരുന്ന വികാരങ്ങളെ അടക്കി ഉറക്കം പിടിക്കാൻ ഞാൻ ശ്രമിച്ചുവെങ്കിലും അങ്ങനെ ശമിക്കുന്നതായിരുന്നില്ല എന്റെയുള്ളിലെ തിരയിളക്കം. ഒടുവിൽ ഞാൻ എഴുന്നേറ്റിരുന്ന് പുസ്തകമെടുത്ത്‌ യാത്രയ്ക്കിറങ്ങുമ്പോൾ സുഹൃത്തുക്കൾ എഴുതിത്തന്നയച്ച കവിതകളെടുത്തു വായിച്ചു: സോദോയുടെ ചീനക്കവിത, ഹരാ അൻടെകിയുടെ വാകാ, സമ്പുവിന്റെയും ജോകുഷിയുടെയും ഹൈകു- എല്ലാം മത്‌സുഷിമാമയം.

പതിനൊന്നാം തീയതി ഞങ്ങൾ സൂയിഗാൻ ക്ഷേത്രം സന്ദർശിച്ചു. വളരെക്കാലം മുമ്പ്‌, എന്നു പറഞ്ഞാൽ മുപ്പത്തിരണ്ടു തലമുറകൾക്കു മുമ്പ്‌, മക്കാബേയിലെ ഹെയ്ഷിരോ ചൈനയിൽ നിന്നു മടങ്ങിവന്ന ശേഷം സ്ഥാപിച്ചതാണീ ദേവാലയം. പിൽക്കാലത്ത്‌ സെൻഗുരുവായ മൻഗോ അതു വിപുലീകരിച്ചു. സ്വർണ്ണം പൊതിഞ്ഞ ചുമരുകളും അലങ്കാരങ്ങളുമായി ഭൂമിയിലെ സ്വർഗം പോലെ അതു വിളങ്ങിനിൽക്കുകയാണ്‌.

പക്ഷേ ഞാൻ തിരഞ്ഞത്‌ കെംബുട്സുവിന്റെ പുല്ലു മേഞ്ഞ ആശ്രമമായിരുന്നു.

2 comments:

the man to walk with said...

ishtaayi

വേറിട്ട ശബ്ദം said...

വളരെ നല്ല ശ്രമം തന്നെ ഇത്‌.അഭിനന്ദനങ്ങൾ.