പതിനഞ്ചാം നൂറ്റാണ്ടിൽ ഇന്നത്തെപ്പോലെതന്നെ സൂര്യൻ എന്നും രാവിലെ ഉദിച്ചുയരുകയും എന്നും വൈകിട്ട് അസ്തമിക്കുകയും ചെയ്തിരുന്നു. അതികാലത്ത് ഇളവെയിലിന്റെ കതിരുകൾ മഞ്ഞുതുള്ളികൾക്കുമ്മ കൊടുക്കുമ്പോൾ മണ്ണിനൊരു പുതുജീവൻ കൈവരികയും ആശയുടെയും ആനന്ദത്തിന്റെയും ശബ്ദങ്ങൾ എങ്ങുമുയരുകയും ചെയ്തിരുന്നു; ഇതേ മണ്ണു തന്നെ തന്നെ രാത്രിയാവുന്നതോടെ മൌനത്തിലാവുകയും ഇരുട്ടിന്റെ വിഷാദത്തിൽ മുങ്ങിപ്പോവുകയും ചെയ്തു. ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും. ഇടയ്ക്കൊരിക്കൽ ഒരു കൊടുങ്കാറ്റുരുണ്ടുകൂടുകയും ഇടിയും മിന്നലുമായി മേഘങ്ങൾ പാഞ്ഞുനടക്കുകയും ചെയ്തുവന്നുവരാം; അറിയാതുറങ്ങിപ്പോയ ഒരു നക്ഷത്രം ആകാശത്തു നിന്നുരുണ്ടുവീണുവെന്നു വരാം; ഇനിയഥവാ, മഠത്തിനടുത്തു താനൊരു കടുവയെക്കണ്ടുവെന്ന് പേടിച്ചുവിളറിപ്പോയ ഒരു സന്ന്യാസി വിളിച്ചുകൂവിക്കൊണ്ടു വന്നുവെന്നും വരാം...ഇതോടെ കഴിഞ്ഞു. വീണ്ടും ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും.
മഠത്തിനുള്ളിൽ സന്ന്യാസിമാർ ജോലിയും പ്രാർത്ഥനയുമായി കഴിഞ്ഞു; വൃദ്ധനായ മഠാധിപൻ നന്നായി ഓർഗൻ വായിക്കുകയും ലത്തീനിൽ കവിതയെഴുതുകയും ഈണം കൊടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സിദ്ധിയെക്കുറിച്ചു പറയാതെവയ്യ. അദ്ദേഹത്തിന്റെ മുറിയിൽ നിന്ന് ഓർഗൻ സംഗീതത്തിന്റെ അലകൾ ഒഴുകിയെത്തുമ്പോൾ പ്രായാധിക്യത്താൽ ബാധിര്യത്തിന്റെ വക്കത്തെത്തിയ സന്ന്യാസിമാർ പോലും കണ്ണീരടക്കാതെ തേങ്ങിക്കരഞ്ഞുപോയിരുന്നു. ഒരു മരമോ കാട്ടുമൃഗമോ കടലോ പോലെ സർവസാധാരണമായതൊന്നിനെക്കുറിച്ചാണ് അദ്ദേഹം പാട്ടിൽ പറയുന്നതെങ്കിൽക്കൂടി ഒരു മന്ദഹാസമോ കണ്ണീരോ കൂടാതെ അതു കേട്ടിരിക്കുക അവർക്കസാദ്ധ്യമായിരുന്നു; ഓർഗനിൽ സ്പന്ദിക്കുന്ന അതേ സ്വരങ്ങൾ തന്നെയാണ് അദ്ദേഹത്തിന്റെ ആത്മാവിലും സ്പന്ദിക്കുന്നതെന്നു തോന്നിപ്പോകുമായിരുന്നു. ഉഗ്രരോഷമോ അത്യാഹ്ളാദമോ ആണു വിഷയമാകുന്നതെങ്കിൽ, ഭീഷണമോ മഹത്തോ ആയതിനെക്കുറിച്ചാണു പറയേണ്ടതെങ്കിൽ അത്യുത്കടമായ ഒരാവേശം അദ്ദേഹത്തെ പിടികൂടും, തിളങ്ങുന്ന കണ്ണുകളിൽ കണ്ണീരുരുണ്ടുകൂടും, മുഖം ചുവന്നുതുടുക്കും, ശബ്ദം ഇടിമുഴക്കം പോലെയായിരിക്കും, ആ പ്രചോദനത്താൽ മന്ത്രമുഗ്ധരായിരിക്കുകയാണു തങ്ങളെന്ന് കേട്ടിരിക്കുന്ന സന്ന്യാസിമാർക്കു തോന്നുകയും ചെയ്യും. ഉജ്ജ്വലവും അത്ഭുതജനകവുമായ ഈതരം മുഹൂർത്തങ്ങളിൽ അദ്ദേഹത്തിന് അവർക്കു മേലുള്ള സ്വാധീനം ഇത്രയെന്നു പറയാനില്ല: കടലിൽ പോയി ചാടാൻ പറഞ്ഞാൽ ആ ശാസന ശിരസ്സാ വഹിച്ചുകൊണ്ട് ഒരേ മനസ്സോടെ അവർ ഇറങ്ങിയോടും.
അദ്ദേഹത്തിന്റെ സംഗീതം, അദ്ദേഹത്തിന്റെ ശബ്ദം, അദ്ദേഹം ദൈവത്തിന്റെ മഹിമകൾ പാടുന്ന വരികൾ ഇതൊക്കെ ആ സന്ന്യാസിമാർക്കു നിരന്തരാനന്ദത്തിനുള്ള ഉറവകളായിരുന്നു. ആവർത്തനവിരസമായ ജീവിതം കാരണം ഇടയ്ക്കെപ്പോഴെങ്കിലും അവർക്കു മരങ്ങളോടും പൂക്കളോടും വസന്തത്തോടും ശിശിരത്തോടും മടുപ്പു തോന്നിയെന്നു വരാം, കടൽത്തിരകളുടെ താളമവർ കേട്ടില്ലെന്നു വരാം, കിളികളുടെ പാട്ടുകൾ ഇഷ്ടമായില്ലെനും വരാം; പക്ഷേ വൃദ്ധനായ മഠാധിപന്റെ സിദ്ധികൾ അന്നന്നത്തെ അപ്പം പോലെ അവർക്കെന്നും വേണ്ടതായിരുന്നു.
ഇരുപതു കൊല്ലം കടന്നുപോയി. ഒരു പകൽ മറ്റൊരു പകൽ പോലെയായിരുന്നു, ഒരു രാത്രി മറ്റൊന്നു പോലെയും. കാട്ടുജന്തുക്കളും കിളികളുമല്ലാതെ മറ്റൊരു ജീവി മഠത്തിനടുത്തെങ്ങും വന്നിരുന്നില്ല. വളരെവളരെ അകലെയായിരുന്നു ജനവാസമുള്ള ഏറ്റവുമടുത്ത സ്ഥലം; മഠത്തിൽ നിന്നവിടെയെത്താനോ അവിടെ നിന്നു മഠത്തിലെത്താനോ നൂറു മൈൽ വീതിയുള്ള ഒരു മരുഭൂമി കടക്കേണ്ടിയിരുന്നു. അതിനൊരുമ്പെടുന്നവർ ജിവിതത്തെ വെറുക്കുന്നവരായിരിക്കും, അതിനെ ത്യജിച്ചവരായിരിക്കും, ശവമാടത്തിലേക്കെന്നപോലെ മഠത്തിലേക്കു വരുന്നവരായിരിക്കും.
അപ്പോൾപ്പിന്നെ രാത്രിയിൽ ഒരാൾ വന്നു തങ്ങളുടെ പടിക്കൽ മുട്ടുമ്പോൾ സന്ന്യാസിമാർക്കുണ്ടായ അത്ഭുതത്തെക്കുറിച്ചു വിശേഷിച്ചു പറയണോ! അതോ ആ നഗരത്തിൽ നിന്നൊരാൾ, ജീവിതത്തെ സ്നേഹിച്ചുതീരാത്ത വെറുമൊരു പാപി! പ്രാർത്ഥന ചൊല്ലാനോ മഠാധിപന്റെ അനുഗ്രഹം വാങ്ങാനോ ഒന്നും അയാൾക്കു നേരമില്ല; അയാൾക്കു വേണ്ടത് ഭക്ഷണവും വീഞ്ഞുമാണ്. നഗരത്തിൽ നിന്ന് അയാൾ മരുഭൂമിയിൽ എത്തിപ്പെട്ടതെങ്ങനെ എന്ന ചോദ്യത്തിന് അയാളുടെ മറുപടി ഒരു നായാട്ടിന്റെ നീണ്ടകഥയായിരുന്നു; അയാൾ നായാട്ടിനു പോയതാണ്, കുടിച്ചതല്പം കൂടിപ്പോയി, അങ്ങനെ വഴിയും തെറ്റി. സന്ന്യാസം സ്വീകരിച്ച് ആത്മാവിനെ വീണ്ടെടുക്കുകയല്ലേ നല്ലതെന്ന നിർദ്ദേശത്തിന് ഒരു പുഞ്ചിരിയോടെ അയാൾ ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങളുടെ കൂട്ടത്തിൽ ചേരാൻ പറ്റിയ ആളല്ല ഞാൻ!”
കുടിയും തീറ്റയും ആവശ്യത്തിനായെന്നായപ്പോൾ അയാൾ കണ്ണു ചുരുക്കി സന്ന്യാസിമാരെ നോക്കിയിട്ടു പറഞ്ഞു: “നിങ്ങൾ യാതൊന്നും ചെയ്യുന്നില്ല, സന്ന്യാസിമാരേ. തിന്നാനും കുടിക്കാനുമല്ലാതൊന്നിനും നിങ്ങളെക്കൊണ്ടു കൊള്ളില്ല. ഇതാണോ ആത്മാവിനെ വീണ്ടെടുക്കാനുള്ള വഴി? ഒന്നാലോചിച്ചുനോക്കൂ: നിങ്ങളിങ്ങനെ തിന്നും കുടിച്ചും മോക്ഷം സ്വപ്നം കണ്ടും കഴിയുമ്പോൾ നിങ്ങളുടെ സഹജീവികൾ നശിച്ചുപോവുകയാണ്, നരകത്തിൽ പോയിവീഴുകയാണ്. നഗരത്തിൽ നടക്കുന്നതെന്താണെന്നു നിങ്ങളൊന്നു പോയിക്കാണണം! ചിലർ വിശന്നു ചാവുമ്പോൾ വേറേ ചിലർ കൈയിലുള്ള സ്വർണ്ണം എന്തു ചെയ്യണമെന്നറിയാതെ വ്യഭിചാരത്തിൽ ആണ്ടുമുങ്ങുകയും തേനിൽ കാലു പൂന്തിയ ഈച്ചകളെപ്പോലെ തുലഞ്ഞുപോവുകയുമാണ്. മനുഷ്യർക്കിടയിൽ നേരോ ദൈവവിശ്വാസമോ ഇല്ല. അവരെ വീണ്ടെടുക്കുക എന്നത് ആരുടെ ചുമതലയാണ്? പകലന്തിയോളം കള്ളും കുടിച്ചിരിക്കുന്ന എന്റെയോ? ഈ നാലു ചുമരുകൾക്കുള്ളിൽ മടിയും പിടിച്ചിരിക്കാനാണോ ദൈവം നിങ്ങൾക്കു സ്നേഹവും എളിമയും നിറഞ്ഞൊരു ഹൃദയവും ഈശ്വരവിശ്വാസവും നല്കിയത്?”
ആ കുടിയന്റെ ലക്കു കെട്ട വർത്തമാനം മര്യാദയില്ലാത്തതും അസഹ്യവുമായിയുന്നുവെങ്കിലും വൃദ്ധസന്ന്യാസിയെ അതു വല്ലാതെ സ്പർശിച്ചുകളഞ്ഞു. മറ്റു സന്ന്യാസിമാരെ ഒന്നു നോക്കിയിട്ട് മുഖമൊന്നു വിളറി അദ്ദേഹം പറഞ്ഞു: “സഹോദരന്മാരേ, അയാൾ പറയുന്നതു ശരിയാണ്! അറിവും മനോബലവുമില്ലാത്ത സാധുക്കളായ മനുഷ്യർ പാപത്തിലും അവിശ്വാസത്തിലും വീണു തുലയുമ്പോൾ ഇതൊന്നും നമ്മെ സംബന്ധിക്കുന്ന വിഷയമല്ലെന്നപോലെ നാം ഇരിക്കുന്നിടത്തു നിന്നനങ്ങാതിരിക്കുകയാണ്. എന്തുകൊണ്ടു ഞാൻ പോയി തങ്ങൾ മറന്ന ക്രിസ്തുവിനെക്കുറിച്ച് അവരെ ഓർമ്മിപ്പിച്ചുകൂടാ?”
നഗരവാസിയുടെ വാക്കുകൾ ആ വൃദ്ധനെ മറ്റെവിടെയ്ക്കോ കൊണ്ടുപോയിരിക്കുകയായിരുന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹം തന്റെ വടിയുമെടുത്ത് അന്തേവാസികളോടു യാത്രയും പറഞ്ഞ് നഗരത്തിലേക്കു തിരിച്ചു. അങ്ങനെ സന്ന്യാസിമാർക്ക് അദ്ദേഹത്തിന്റെ സംഗീതവും പ്രസംഗവും കവിതയുമൊക്കെ നഷ്ടമായി. അവർ ഒരു മാസം കാത്തു, പിന്നെയും ഒരു മാസം കൂടി; പക്ഷേ വൃദ്ധൻ മടങ്ങിവന്നില്ല. ഒടുവിൽ മൂന്നു മാസം കഴിഞ്ഞപ്പോൾ പരിചിതമായ ആ ഊന്നുവടിയുടെ ശബ്ദം കേൾക്കാറായി. അവർ അദ്ദേഹത്തെ കാണാനായി പാഞ്ഞുചെന്നു; ചോദ്യങ്ങൾ കൊണ്ടവർ അദ്ദേഹത്തെ പൊതിഞ്ഞു; പക്ഷേ അവരെ കണ്ടതിൽ സന്തോഷിക്കാതെ, ഒരു വാക്കു പോലും പറയാതെ തേങ്ങിക്കരയുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിനു വല്ലാതെ പ്രായാധിക്യം തോന്നിക്കുന്നുവെന്നും ആൾ ശരിക്കു മെലിഞ്ഞുപോയിരിക്കുന്നുവെന്നും അവർ ശ്രദ്ധിച്ചു; ക്ഷീണവും അഗാധമായ ശോകവും ആ മുഖത്തു കൊത്തിവച്ചിരിക്കുന്നു. വല്ലാതെ ഹൃദയം നൊന്തവനെക്കണക്കാണദ്ദേഹം കരയുന്നത്.
സന്ന്യാസിമാരും കരഞ്ഞുപോയി; എന്തിനാണദ്ദേഹം കരയുന്നതെന്നും എന്താണദ്ദേഹത്തിന്റെ മുഖം മ്ളാനമായിരിക്കുന്നതെന്നും അവർ ആവർത്തിച്ചാവർത്തിച്ചു ചോദിച്ചിട്ടും ഒരക്ഷരം മിണ്ടാതെ സ്വന്തം മുറിയിൽ പോയി അടച്ചിരിക്കുകയാണദ്ദേഹം ചെയ്തത്. അഞ്ചു ദിവസം ഒന്നും തിന്നാതെയും കുടിക്കാതെയും ഓർഗനിൽപ്പോലും ഒന്നു തൊടാതെയും അദ്ദേഹം അതിനുള്ളിൽ കഴിഞ്ഞു. സന്ന്യാസിമാർ വാതില്ക്കൽ വന്നു മുട്ടിയിട്ടും തന്റെ ശോകത്തിനുള്ള കാരണം തങ്ങളുമായി പങ്കു വയ്ക്കാൻ അവർ ആവർത്തിച്ചപേക്ഷിച്ചിട്ടും ഗഹനമായൊരു മൌനമേ മറുപടിയുണ്ടായുള്ളു. ഒടുവിൽ അദ്ദേഹം പുറത്തേക്കു വന്നു. സന്ന്യാസിമാരെയെല്ലാം ചുറ്റും വിളിച്ചുകൂട്ടി, കണ്ണീരിൽ കുതിർന്ന മുഖത്തോടെ, അറപ്പും ദുഃഖവും കലർന്ന ശബ്ദത്തിൽ ആ മൂന്നുമാസക്കാലം താൻ അനുഭവിച്ചതൊക്കെ അദ്ദേഹം അവരോടു പറഞ്ഞുതുടങ്ങി. മഠത്തിൽ നിന്ന് നഗരത്തിലേക്കുള്ള യാത്രയെക്കുറിച്ചു വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ സ്വരം പ്രശാന്തവും കണ്ണുകൾ മന്ദഹാസം നിറഞ്ഞതുമായിരുന്നു. വഴിയരികിൽ കിളികൾ പാടിയിരുന്നു, ചോലകളുടെ കളകളം കേട്ടിരുന്നു, അദ്ദേഹം പറയുകയായിരുന്നു, മധുരപ്രതീക്ഷകൾ മനസ്സു മഥിച്ചിരുന്നു. വിജയം സുനിശ്ചിതമായ ഒരു യുദ്ധത്തിലേക്കു മാർച്ചു ചെയ്തുപോവുകയാണു താനെന്ന് അദ്ദേഹത്തിനു തോന്നി. മനോരാജ്യം കണ്ടും മനസ്സിൽ കവിതകളെഴുതിയും അങ്ങനെ നടന്നുപോകവെ ഒടുവിൽ യാത്രാലക്ഷ്യം എത്തിയതു തന്നെ അദ്ദേഹം അറിഞ്ഞില്ല.
പക്ഷേ നഗരത്തെയും അവിടുള്ളവരെയും കുറിച്ചു പറയാൻ തുടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം വിറച്ചു, കണ്ണുകളിൽ മിന്നൽ പാറി, നെഞ്ചിൽ രോഷത്തിന്റെ കനലുകളെരിഞ്ഞു. നഗരത്തിലേക്കു ചെല്ലുമ്പോൾ അദ്ദേഹം കാണുന്നത് താനിന്നു വരെ ജീവിതത്തിൽ കണ്ടിട്ടില്ലാത്തതും മനസ്സിൽ കാണാൻ കൂടി ധൈര്യപ്പെടാത്ത സംഗതികളായിരുന്നു. ആയുസ്സിൽ ഇതാദ്യമായി, ഈ വാർദ്ധക്യമെത്തിയ കാലത്താണ് അദ്ദേഹം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നത്, എത്ര ശക്തനാണ് സാത്താനെന്ന്, എത്ര ആകർഷകമാണ് തിന്മയെന്ന്, എത്ര ദുർബലനും മനക്കരുത്തില്ലാത്തവനും വില കെട്ടവനുമാണ് മനുഷ്യനെന്നും. നിർഭാഗ്യമെന്നു പറയട്ടെ, അദ്ദേഹം ആദ്യം തന്നെ ചെന്നു കയറിയ സ്ഥലം പാപത്തിന്റെ താവളമായിരുന്നു. ഒരമ്പതോളം പേർ തിന്നും കുടിച്ചും പണം വാരിയെറിഞ്ഞും അവിടിരുപ്പുണ്ടായിരുന്നു. വെളിവുകെട്ടു പാടുകയാണവർ; ദൈവചിന്തയുള്ള ഒരാൾ ആലോചിക്കാൻ കൂടി ധൈര്യപ്പെടാത്ത അറയ്ക്കുന്ന വാക്കുകൾ ഉറക്കെ വിളിച്ചുപറയുകയാണവർ. അവരുടെ സ്വാതന്ത്ര്യത്തിനു വിലക്കുകളില്ല, അവരുടെ ആത്മവിശ്വാസത്തിനതിരില്ല, അവരുടെ ആനന്ദത്തിനിളപ്പവുമില്ല; അവർക്കു ദൈവത്തെയോ സാത്താനെയോ മരണത്തെയോ ഭയമില്ല; തങ്ങളുടെ മനസ്സു പറഞ്ഞതു പോലെയായിരുന്നു അവരുടെ പറച്ചിലും പ്രവൃത്തിയും; തങ്ങളുടെ തൃഷ്ണകൾ അടിച്ചുപായിച്ചിടത്തേക്കവർ പായുകയായിരുന്നു. തെളിഞ്ഞു നുരയുന്ന മദ്യം തടുക്കരുതാത്ത വിധം സ്വാദിഷ്ടവും സുരഭിലവുമായിരിക്കണം; കാരണം അതു നുകരുന്ന ഓരോരുത്തനും നിർവൃതി കൊണ്ടിട്ടെന്ന പോലെ മന്ദഹസിക്കുകയായിരുന്നു, വീണ്ടുമൊഴിക്കാൻ തിടുക്കപ്പെടുത്തുകയായിരുന്നു. മനുഷ്യന്റെ പുഞ്ചിരിക്ക് തിരിച്ചൊരു പുഞ്ചിരിയായിരുന്നു അതിന്റെ പ്രതികരണം; അവരതു കുടിക്കുമ്പോൾ ആഹ്ളാദത്തോടതു വെട്ടിത്തിളങ്ങുകയായിരുന്നു; എന്താസുരവിലോഭനമാണു തന്റെ മാധുര്യത്തിലൊളിഞ്ഞിരിക്കുന്നതെന്ന് അതിനറിയാമെന്ന പോലെയായിരുന്നു.
ഏങ്ങിയേങ്ങിക്കരഞ്ഞും കോപം കൊണ്ടെരിഞ്ഞും ആ വൃദ്ധൻ താൻ കണ്ടതൊക്കെ ഒന്നൊന്നായി വർണ്ണിച്ചുകൊണ്ടിരുന്നു. ആ കുടിയന്മാർക്കു നടുവിൽ ഒരു മേശപ്പുറത്ത്, അദ്ദേഹം പറഞ്ഞു, അർദ്ധനഗ്നയായ ഒരു സ്ത്രീ നില്പുണ്ടായിരുന്നു. ഇത്രയും വശ്യവും സുന്ദരവുമായ മറ്റൊന്ന് പ്രകൃതിയിലുണ്ടാവില്ല. നീണ്ട മുടിയും ഇരുണ്ട കണ്ണുകളും തടിച്ച ചുണ്ടുകളുമുള്ള ആ സർപ്പസന്തതി ചിരിക്കുമ്പോൾ മഞ്ഞു പോലെ വെളുത്ത പല്ലുകൾ ഇങ്ങനെ പറയുകയാണെന്നു തോന്നും: “എത്ര സുന്ദരിയാണ്, എത്ര ഗർവിതയാണു ഞാനെന്നു കണ്ടോളൂ!” പട്ടും കസവും മനോഹരമായ മടക്കുകളായി അവളുടെ ചുമലുകളിൽ നിന്നൂർന്നുകിടന്നിരുന്നു; പക്ഷേ ഒരുടയാടയ്ക്കുള്ളിലൊളിയാനുള്ളതല്ല അവളുടെ സൌന്ദര്യം; വസന്താഗമത്തിൽ മണ്ണടുക്കുകൾക്കിടയിലൂടെ പുതുനാമ്പുകൾ പുറത്തു വരുമ്പോലെ ആ മടക്കുകൾക്കിടയിലൂടെ വ്യഗ്രതയോടിരച്ചുകേറുകയാണത്. നാണം കെട്ട ആ പെണ്ണ് മദ്യം കഴിക്കുകയായിരുന്നു, പാട്ടുകൾ പാടുകയായിരുന്നു, നീളുന്ന കൈകളിലേക്കു ചെന്നുവീഴുകയായിരുന്നു.
രോഷത്തോടെ കൈകൾ വീശിക്കൊണ്ട് ആ വൃദ്ധൻ പിന്നെ കുതിരപ്പന്തയങ്ങളെക്കുറിച്ചും കാളപ്പോരുകളെക്കുറിച്ചും വിവരിച്ചു; നാടകശാലകളെക്കുറിച്ചും നഗ്നരായ സ്ത്രീകളെ നോക്കി ചിത്രം വരയ്ക്കുകയും കളിമണ്ണിൽ രൂപങ്ങൾ മെനയുന്നവരെക്കുറിച്ചും വർണ്ണിച്ചു. വാചാലതയോടെ, പ്രചോദനം കൊണ്ടിട്ടെന്നപോലെ, അദൃശ്യമായ ഏതോ സംഗീതോപകരണം വായിക്കുകയാണെന്നപോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം; സന്ന്യാസിമാർ ലഹരി പിടിച്ചിട്ടെന്നപോലെ ഓരോ വാക്കും വ്യഗ്രതയോടെ ഊറ്റിക്കുടിക്കുകയും ആനന്ദമൂർച്ഛ കൊണ്ടു കിതയ്ക്കുകയുമായിരുന്നു. പിശാചിന്റെ ചാരുതകളും പാപത്തിന്റെ സൌന്ദര്യവും നീചമായ സ്ത്രീരൂപത്തിന്റെ വശ്യതകളുമെല്ലാം വിസ്തരിച്ചു പറഞ്ഞതില്പിന്നെ സാത്താനിട്ടൊരു ശാപവും കൊടുത്തിട്ട് അദ്ദേഹം തിരിഞ്ഞ് തന്റെ മുറിയിൽ കയറി കുറ്റിയിട്ടു.
പിറ്റേന്നു കാലത്ത് അദ്ദേഹം തന്റെ മുറിയിൽ നിന്നു പുറത്തിറങ്ങി നോക്കുമ്പോൾ ആശ്രമത്തിൽ ഒരു സന്ന്യാസിയെപ്പോലും കാണാനുണ്ടായിരുന്നില്ല. അവരെല്ലാം നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു.
(1888)