Tuesday, January 28, 2014

എല്വാദ് - ഗബ്രിയേൽ പേരി

gabriel peri


ഒരു മനുഷ്യൻ മരിച്ചുപോയി
ജീവിതത്തിലേക്കു മലർക്കെത്തുറന്ന കൈകളല്ലാതെ
മറ്റൊരു കവചവുമില്ലാതിരുന്ന ഒരാൾ
ഒരു മനുഷ്യൻ മരിച്ചുപോയി
തോക്കുകൾ വെറുക്കപ്പെടുന്ന പാതയല്ലാതെ
മറ്റൊരു പാതയുമില്ലാതിരുന്ന ഒരാൾ
ഒരു മനുഷ്യൻ മരിച്ചുപോയി
മരണത്തിനെതിരെ മറവിക്കെതിരെ
യുദ്ധം തുടരുന്ന ഒരാൾ

അയാൾ ആഗ്രഹിച്ചതൊക്കെ
നാമാഗ്രഹിച്ചവയായിരുന്നു
ഇന്നും നാമാഗ്രഹിക്കുന്നവയും
ഹൃദയത്തിൽ കണ്ണുകളിൽ
ആഹ്ളാദം വെളിച്ചമാവണമെന്ന്
ഭൂമിയിൽ നീതി വേണമെന്ന്

നമ്മെ ജീവിക്കാൻ തുണയ്ക്കുന്ന വാക്കുകളുണ്ട്
വെറും സാധാരണവാക്കുകളുമാണവ
ഊഷ്മളത എന്ന വാക്ക് വിശ്വാസം എന്ന വാക്ക്
സ്നേഹം നീതി സ്വാതന്ത്ര്യം എന്ന വാക്ക്
കുട്ടി എന്ന വാക്ക് ദയ എന്ന വാക്ക്
ചില പൂക്കളുടെയും ചില പഴങ്ങളുടെയും പേരുകൾ
ധൈര്യം എന്ന വാക്ക് കണ്ടുപിടുത്തം എന്ന വാക്ക്
സഹോദരനെന്ന വാക്ക് സഖാവെന്ന വാക്ക്
ചില ദേശങ്ങളുടെയും ഗ്രാമങ്ങളുടെയും പേരുകൾ
സ്ത്രീകളുടെയും സ്നേഹിതരുടെയും പേരുകൾ
ഇനി നാം പേരി എന്ന പേരു കൂടി കൂട്ടിച്ചേർക്കുക
നമുക്കു ജീവിതം നല്കുന്നതിനൊക്കെയുമായിട്ടാണ്‌ പേരി മരിച്ചത്
നമുക്കയാളെ സ്നേഹിതൻ എന്നു വിളിക്കുക
വെടിയുണ്ടകളേറ്റു ചിതറിയതാണയാളുടെ നെഞ്ച്
എന്നാലും അയാൾ കാരണം നമുക്കന്യോന്യം നന്നായറിയാമെന്നായിരിക്കുന്നു
നമുക്കന്യോന്യം സ്നേഹിതൻ എന്നു വിളിക്കുക
അയാളുടെ പ്രത്യാശ ജീവിക്കുന്നു

1944

peloton


ഗബ്രിയേൽ പേരി(1902-1941) ഇടതുപക്ഷക്കാരനായ ഫ്രഞ്ചുരാഷ്ട്രീയപ്രവർത്തകൻ. നാസി അധിനിവേശകാലത്ത് കമ്മ്യൂണിസ്റ്റുസാഹിത്യം പ്രചരിപ്പിച്ചുവെന്ന പേരിൽ അറസ്റ്റു ചെയ്യപ്പെട്ടു; 1941 ഡിസംബർ 15ന്‌ വെടിവച്ചു കൊന്നു.


No comments: