Monday, January 27, 2014

യവ്തുഷെങ്കോ - നേർക്കു നേർ

Hemingway1


കോപ്പൻ ഹേഗൻ വിമാനത്താവളത്തിലെ കഫേയിൽ

ബിയറു കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ ചിലർ.

മടുപ്പിക്കുന്നത്ര മോടി കൂടിയതായിരുന്നു,

വെട്ടിത്തിളങ്ങുന്നതായിരുന്നു, സുഖപ്രദമായിരുന്നു സർവതുമവിടെ.

പെട്ടെന്നതാ, ഒരു കിഴവനവിടെ വന്നുകേറുന്നു-

സാധാരണമട്ടിൽ ഒരു പച്ച ജാക്കറ്റും തൊപ്പിയുമായി,

കടല്ക്കാറ്റു വാട്ടിയ മുഖവുമായി.

വന്നുകയറുകയായിരുന്നില്ലയാൾ,

അയാളവിടെ ആവിർഭവിക്കുകയായിരുന്നു.

ആളു തിങ്ങിയ മുറിയിലൂടൊരു ചാലു കീറി അയാൾ കയറിവന്നു,

അമരം വിട്ടിറങ്ങിവരുന്നൊരു നാവികനെപ്പോലെ,

മുഖത്തിനു വെളുത്ത നുര കൊണ്ടരികു വയ്ക്കുന്ന

കടല്പത പോലത്തെ താടിയുമായി.

പുതുമോടികളെ അനുകരിക്കുന്ന പഴമോടികൾക്കിടയിലൂടെ,

പഴമോടികളെ അനുകരിക്കുന്ന പുതുമോടികൾക്കിടയിലൂടെ

അയാൾ നടന്നുകേറിയപ്പോൾ

ആ പരുക്കത്തരവും ജയിച്ചവന്റെ നിശ്ചയദാർഢ്യവും

അയാൾക്കു ചുറ്റുമൊരു തിരയിളക്കിവിട്ടിരുന്നു.

പരുക്കൻ ഷർട്ടിന്റെ ചുളിഞ്ഞ കോളർ ഉയർത്തിവച്ച്

ബാറിൽ ചെന്നയാളാവശ്യപ്പെട്ടത് വെർമൂത്തും പെർണോയുമല്ല,

ഒരു ഗ്ളാസ്സ് റഷ്യൻ വോഡ്ക്ക;

ഒരു “വേണ്ട!” കൊണ്ടയാൾ സോഡയും വിലക്കി.

വെയിലേറ്റു കറുത്ത കൈത്തണ്ടകൾ നിറയെ മുറിപ്പാടുകളുമായി,

ഒച്ച കനത്ത ഷൂസുകളുമായി,

മുഷിഞ്ഞുനാറിയ ട്രൌസറുമായി,

അവിടെക്കൂടിയവരിൽ വച്ചേറ്റവും സ്റ്റൈൽ അയാൾക്കായിരുന്നു.

ആ നടത്തയുടെ ഘനപ്രതാപത്തിനടിയിൽ

തറയിടിയുകയാണെന്നു തോന്നിയിരുന്നു.

കൂട്ടത്തിലൊരാൾ ചിരിച്ചുകൊണ്ടു പറഞ്ഞു:

“നോക്കിയേ, ഹെമിംഗ് വേയെപ്പോലെതന്നെ!”

ആ കുറുക്കിയ ചേഷ്ടകളിലുണ്ടായിരുന്നു

ഒരു മുക്കുവന്റെ ആയാസമാർന്ന ചലനങ്ങൾ.

പരുക്കൻ പാറയിൽ നിന്നു ചെത്തിയെടുത്ത രൂപം പോലെ

അയാൾ നടന്നു;

വെടിയുണ്ടകൾക്കിടയിലൂടെ, നൂറ്റാണ്ടുകൾക്കിടയിലൂടെ

മനുഷ്യർ നടക്കുമ്പോലെ അയാൾ നടന്നു;

ട്രെഞ്ചിനുള്ളിലെന്നപോലെ മുതുകു കുനിച്ച്

ആളുകളെയും കസേരകളും തള്ളിമാറ്റി

അയാൾ നടന്നു...

ഹെമിംഗ് വേയുടെ തനിസ്വരൂപം തന്നെയായിരുന്നു അത്,

പിന്നീടു ഞാനറിഞ്ഞു അതു ഹെമിംഗ് വേ തന്നെയാണെന്നും.

1960


No comments: