ചുവന്ന പകയുടെ ഗാനങ്ങൾ ഞാൻ പാടി,
മരത്തണലിൽ തളം കെട്ടിയ തടാകങ്ങളെക്കുറിച്ചു ഞാൻ പാടി;
എന്നിട്ടൊരാളു പോലുമെനിക്കു കൂട്ടായിട്ടുണ്ടായില്ല-
മനം മരവിച്ചവനായി, ഒറ്റയായി,
തന്നോടു തന്നെ പാടുന്ന ചീവീടിനെപ്പോലെ
എന്നോടു തന്നെ ഞാനെന്റെ പാട്ടുകൾ പാടി.
ഇന്നെന്റെ ചുവടുകൾ മറയുകയായി,
തളർച്ചയുടെ പൂഴിപ്പരപ്പിലവ പൂണ്ടുപോവുകയായി.
ക്ഷീണം കൊണ്ടെന്റെ കണ്ണുകളടയുന്നു,
എനിക്കു മടുത്തു, ആശ്വാസമണയ്ക്കാത്ത കടവുകൾ,
കടൽപ്രയാണങ്ങൾ, യുവതികൾ, തെരുവുകൾ.
അന്തിമസമുദ്രത്തിന്റെ വക്കത്തു നില്ക്കുമ്പോൾ
പരിചകളും കുന്തങ്ങളുമെനിക്കോർമ്മ വരുന്നില്ല.
ബിർച്ചുമരങ്ങളുടെ നിഴലത്തു കാറ്റും കൊണ്ടു ഞാനുറങ്ങുന്നു;
ഉറങ്ങുമ്പോളെനിക്കു കേൾക്കാം,
മറ്റൊരാളുടെ വിരലിൽ നിന്നിറ്റുവീഴുന്ന കിന്നരഗാനം.
ഇനി ഞാനനങ്ങില്ല:
എന്റെ ചിന്തകളും ചെയ്തികളും
ലോകത്തിന്റെ തെളിഞ്ഞ കണ്ണുകളെ കലുഷമാക്കരുതല്ലോ.
ആല്ബർട്ട് എഹ്റൈൻസ്റ്റൈൻ(1886-1950)- ഓസ്ട്രിയയിൽ ജനിച്ച ജർമ്മൻ എക്സ്പ്രഷനിസ്റ്റു കവി.
No comments:
Post a Comment