മരത്തിനുടപ്പിറന്നവളാണു മരം, അല്ലെങ്കിൽ അതിന്റെ നല്ല അയല്ക്കാരി. വന്മരം ചെറുമരത്തോടു കരുണ കാണിക്കും, വേണ്ടുമ്പോളതിനു തണലു നല്കും. ഉയരമുള്ള മരം ഉയരം കുറഞ്ഞതിനോടു കരുണ കാണിക്കും, രാത്രിയിൽ കൂട്ടിരിക്കാനായി അതൊരു കിളിയെ അയക്കുന്നു. ഒരു മരവും മറ്റൊരു മരത്തിന്റെ ഫലത്തെ ആക്രമിക്കാറില്ല; ഒരു മരം കായ്ച്ചില്ലെങ്കിൽ മറ്റു മരങ്ങൾ അതിനെ കളിയാക്കാറുമില്ല. ഒരു മരവും മറ്റൊരു മരത്തെ ആക്രമിക്കാറില്ല, മരംവെട്ടിയെ അനുകരിക്കാറില്ല. ഒരു മരം തോണിയാകുമ്പോൾ അതു നീന്താൻ പഠിക്കുന്നു. അതു വാതിലാകുമ്പോൾ രഹസ്യങ്ങൾ സൂക്ഷിക്കുന്നു. അതു കസേരയാകുമ്പോൾ ഒരിക്കൽ തനിക്കു മേലുണ്ടായിരുന്ന ആകാശത്തെ അതു മറക്കുന്നില്ല. മേശയാകുമ്പോൾ മരംവെട്ടിയാകരുതെന്ന് കവിയെ അതുപദേശിക്കുന്നു. മരം ക്ഷമയാണ്, ജാഗ്രതയാണ്. അതുറങ്ങാറില്ല, സ്വപ്നം കാണാറുമില്ല; സ്വപ്നം കാണുന്നവരുടെ രഹസ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുകയാണത്, വഴി നടക്കുന്നവരോടും ആകാശത്തോടും ബഹുമാനം കാണിച്ചുകൊണ്ട് രാവും പകലും കാവൽ നില്ക്കുകയാണത്. മുകളിലേക്കു കൈ കൂപ്പിക്കൊണ്ടൊരു പ്രാർത്ഥനയാണു മരം. കൊടുങ്കാറ്റത്തതൊന്നു കുനിയുമ്പോൾ കുലീനമായിട്ടാണതു കുനിയുന്നത്, ഉയരത്തിലേക്കുള്ള നോട്ടം വിടാതെ, ഒരു കന്യാസ്ത്രീയെപ്പോലെ. പണ്ടൊരു കവി പറഞ്ഞു: “കുട്ടികൾ ശിലകളായിരുന്നെങ്കിൽ.” അദ്ദേഹം പറയേണ്ടതിങ്ങനെയായിരുന്നു: “കുട്ടികൾ മരങ്ങളായിരുന്നെങ്കിൽ!”
No comments:
Post a Comment