സൌമ്യമായ ഒരു ചാറ്റമഴയിൽ ചെറുതായി നനഞ്ഞുകൊണ്ട് വിശേഷിച്ചെവിടെക്കുമല്ലാതെ നടന്നുപോകുമ്പോഴാണ് ന്യൂട്ടന്റെ ആപ്പിളിനോട് ഒരു സാദൃശ്യവുമില്ലാത്ത ഒരാപ്പിൾ മേഘങ്ങളിൽ നിന്ന് എന്റെ മേൽ വന്നു വീഴുന്നത്. ഞാൻ അതെടുക്കാൻ കൈ എത്തിക്കുമ്പോൾ എനിക്കതു തൊടാനോ കാണാനോ പറ്റിയില്ല. ഞാൻ മേഘങ്ങളെ സൂക്ഷിച്ചുനോക്കി; മേല്ക്കൂരകളിൽ കുത്തിയിരിക്കുന്ന ജലസംഭരണികളിൽ നിന്നകലേക്ക് വടക്കോട്ടു കാറ്റടിച്ചുപായിക്കുന്ന പഞ്ഞിക്കെട്ടുകൾ ഞാൻ കണ്ടു. താറിട്ട റോഡിലേക്കു കുത്തിയൊലിക്കുന്ന വെളിച്ചം ആളുകളുടെയും വണ്ടികളുടെയും അഭാവത്തിൽ ഇളിച്ചുകൊണ്ടൊഴുകിപ്പരന്നിരുന്നു; എന്റെ തട്ടിത്തടഞ്ഞുള്ള പുരോഗതി കണ്ടു കളിയാക്കിച്ചിരിക്കുകയാണതെന്നും തോന്നി. എനിക്കു മേൽ വന്നുവീണ ആ ആപ്പിൾ എവിടെപ്പോയി? ഞാനത്ഭുതപ്പെട്ടു. എന്റെ നിയന്ത്രണത്തിലല്ലാത്ത എന്റെ ഭാവന അതും തട്ടിയെടുത്തുകൊണ്ടോടിപ്പോയതാവാം. ഞാൻ പറഞ്ഞു: “അടുത്തടുത്ത മുറികളിൽ ഞങ്ങൾ ഒരുമിച്ചു താമസിക്കുന്ന വീട്ടിലേക്ക് അതിന്റെ പിന്നാലെ ഞാൻ പോകുന്നു.” അവിടെ മേശപ്പുറത്ത് ഒരു ഷീറ്റു കടലാസ്സിൽ പച്ചമഷിയിൽ ഇങ്ങനെ ഒരു വരി എഴുതിവച്ചിരിക്കുന്നതു ഞാൻ കണ്ടു: “മേഘങ്ങളിൽ നിന്ന് ഒരാപ്പിൾ എന്റെ മേൽ വീണു;” എന്റെ ഭാവന വിശ്വസ്ഥനായ ഒരു വേട്ടനായ ആണെന്നും ഞാനറിഞ്ഞു.
No comments:
Post a Comment